Slider

എന്റെ നീനാ

0

"എന്റെ നീനാ.. അവരൊന്ന് വന്ന് നിന്നെ കണ്ടോട്ടെ.. പെണ്ണുകാണാൻ വരുന്നല്ലേ ഉള്ളു.. കല്യാണം ഉറപ്പിക്കുംന്ന് പറഞ്ഞില്ലല്ലോ.. പിന്നെ നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ.."
തന്നെ സമാധാനിപ്പിക്കാൻ അമ്മ ഓരോന്ന് പറഞ്ഞെങ്കിലും അവൾക്ക് അതൊക്കെ കേട്ടപ്പോൾ വിഷമം പിന്നെയും കൂടി..
" അമ്മക്ക് അറിയാവുന്നതല്ലേ എന്റെ ആഗ്രഹങ്ങൾ.. ഒരു ജോലി ആയിട്ടേ ഞാൻ കല്യാണത്തെ പറ്റി പോലും ചിന്തിക്കു.. കുറച്ചു കാലം കൂടി ഒരു സ്വതന്ത്ര പക്ഷിയെ പോലെ ഞാൻ ഇവിടെ ഇങ്ങനെ നടക്കുന്നത് അമ്മക്ക് ഇഷ്ടവുന്നില്ലാ ല്ലേ.. ??""
അവളുടെ വാക്കുകൾ അമ്മയെയും വിഷമിച്ചു...അവളുടെ ഹൃദയസ്പന്ദനം ആ അമ്മക്ക് അല്ലാതെ വേറെ ആർക്കാ മനസിലാവുന്നത്..
അമ്മ മെല്ലെ അവളോട്‌ പറഞ്ഞു..
" മോളെ.. നിനക്കിഷ്ടായില്ലെങ്കി നമുക്ക് ഇത് നടത്തണ്ട..നീ കൂടി കേട്ടതല്ലേ പയ്യനെ പറ്റി ഓരോരുത്തർ പറഞ്ഞ അഭിപ്രായങ്ങൾ.. ഇന്നത്തെ കാലത്ത് ഇങ്ങനത്തെ നല്ല പയ്യനെ കിട്ടുന്നുവെച്ച.. അതൊരു ഭാഗ്യം തന്നെയാ കുട്ടീ.. പോരാത്തതിന് നല്ല ജോലിയും.. അവർ വന്ന് ഒന്ന് കണ്ടിട്ട് പോട്ടെ.. ചിലപ്പോ എല്ലാം നല്ലതിനാണെങ്കിലോ.. '"
അമ്മയുടെ വാക്കുകൾ അവളെ ഒന്ന് സ്വാന്ത്വനപെടുത്തിയെങ്കിലും ആ മനസ്സിൽ പിന്നെയും കുറെ ആശങ്കകൾ ഉണ്ടായിരുന്നു..
എങ്ങാനും എല്ലാർക്കും ഇഷ്ടായിട് കല്യാണം പെട്ടെന്ന് നടത്തിയാലോ.. ??
പ്രണയവിവാഹത്തോട് ഒട്ടും താല്പര്യമില്ലാത്ത കുട്ടിയാണ് അവൾ.. അവള്കുറപ്പുണ്ട്‌ അവളുടെ വീട്ടുകാർ അവൾക് കൊണ്ടുവരുന്ന ആൾ അത് എന്ത്കൊണ്ടും വളരെ മികച്ചത് ആയിരിക്കുമെന്ന്..
എന്നാലും മനസിൽ എവിടെയോ ഒരു തേങ്ങൽ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആൾ.. ആളുടെ ഭൂതകാലവും സ്വഭാവവും ഒന്നും അറിയില്ല.. അങ്ങനെ ഒരാളെ എങ്ങനെ സ്വീകരിക്കും. ??
തന്നെ പറ്റി ആ ചേട്ടനും ഒന്നും തന്നെ അറിയാൻ വഴിയില്ല.. തന്റെ കഴിവുകളും കുറവുകളും ഒന്നും തന്നെ അറിയാതെ.. കുടുംബ പശ്ചാത്തലവും സാമ്പത്തിക നിലയും ഒകെ നോക്കി മാത്രം തന്നെ കല്യാണം കഴിക്കാൻ തയ്യാറായി ആണ് ആ ചേട്ടൻ വരുന്നതെങ്കിലോ ??
ചിന്തകൾ പലതും അവളിലൂടെ മിന്നിമറഞ്ഞ് പോയി.. പലതരം ആശങ്കകളും..
ചെക്കന്റെ അമ്മാവൻ അവർ വരുന്ന ദിവസം കൂടി വിളിച്ചുപറഞ്ഞതോടെ ഹൃദയമിടിപ്പിന് ആക്കം കൂടി.
എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് പറഞ്ഞ് ആലോചന എങ്ങനേലും മുടക്കണം എന്നാരുന്നു അവളുടെ ആഗ്രഹം. അങ്ങനെ ചെക്കനെ പറ്റി കാര്യമായ റിസർച്ച് തന്നെ നടത്തി.. എന്നിട്ടും ആലോചന മുടക്കാൻ തക്ക കുറ്റങ്ങളൊന്നും അവൾക്ക് കിട്ടിയില്ല..
ഇനിയിപ്പോ എല്ലാം വരുന്നിടത്തു വെച്ച് കാണാം.. അവൾ മനസ്സിലോർത്തു..
ആരും അറിയാതെ അവൾ മനസ്സിൽ മൗനമായി പ്രാർത്ഥിച്ചു.. ദൈവമേ ഇപ്പോ എനിക്ക് കല്യാണം ഒന്നും വേണ്ട..
അങ്ങനെ ആ ദിനം വന്നെത്തി.. അവളുടെ ആദ്യത്തെ പെണ്ണുകാണൽ...ഉറക്കം ഉണർന്നത് മുതൽ അവൾ ആകെ ടെൻഷനിൽ ആയിരുന്നു... അവളുടെ ടെൻഷൻ കണ്ടിട്ടാവാം വീട്ടുകാരും അസ്വസ്ഥനായിരുന്നു..
അവസാനം അവരങ്ങ് എത്തി.. വീട്ടുകാർ തമ്മിൽ പരിചയപ്പെട്ടു കഴിഞ്ഞായിരുന്നു അവളുടെ എൻട്രി.. അവൾ അവർക്കു മുന്നിൽ വന്ന് നിന്നു..എല്ലാരും അവളെ തന്നെ മാറിമാറി നോക്കുന്നു.. അവരുടെ ഓരോ ചോദ്യത്തിനും വിറയാർന്ന സ്വരത്തോടെ അവൾ മറുപടി പറഞ്ഞു.
അവസാനം പെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടേൽ പറഞ്ഞോളൂ എന്ന് പറഞ്ഞ് എല്ലാരും പതിയെ മാറിത്തന്നു.
അങ്ങനെ അവർ സംസാരിച്ചു തുടങ്ങി.. വെറും നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ ടെൻഷൻ എവിടെയോ പോയ്മറഞ്ഞു..
വളരെ സൗഹൃദത്തോടെ ഉള്ള ആ ചെറുപ്പക്കാരന്റെ സംസാരം അവൾക് ഇഷ്ടമായി.. ജീവിതത്തെ ഒരുപാട് ലക്ഷ്യബോധത്തോടെ കാണുന്ന അയാളോട് അവൾക് തെല്ലു ബഹുമാനം തോന്നി.
അവൾ അവളുടെ സ്വപ്‌നങ്ങൾ.. മോഹങ്ങൾ എല്ലാം തുറന്നു പറഞ്ഞു..
പാതിവഴിയിലെത്തിയ അവളുടെ ചില മോഹങ്ങളെ പറ്റി കേട്ടപ്പോൾ.. 
" മോഹങ്ങൾ ഒരിക്കലും കൈവിടരുത്.. അവയാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്... " എന്ന ചെക്കന്റെ വാക്കുകൾ കേട്ടപ്പോൾ അവളുടെ ആനന്ദത്തിന് അതിരുകൾ ഇല്ലായിരുന്നു..
നിറം മങ്ങിയ അവളുടെ ചില സ്വപ്നങ്ങൾക്ക് ഏഴഴകുള്ള മഴവില്ലിന്റെ തിളക്കം വന്നപോൽ അവൾക് തോന്നി.
മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെ.. 'സോൾമേറ്റ്'... 
സ്നേഹത്തിന്റെ ഒരു രാജകുമാരൻ തന്നെ തേടി വരുമെന്നവൾ ആഗ്രഹിച്ചിരുന്നു.. ആ രാജകുമാരനെ നേരിൽ കണ്ടപോൽ തോന്നി ആ നിമിഷം..
സംസാരം കഴിഞ്ഞപോൾ അവളുടെ വീട്ടുകാരുടെ കണ്ണ് അവൾക് നേരെ ആയിരുന്നു.. അവളുടെ സന്തോഷം കണ്ടപ്പോൾ അവർക്ക് ആശ്വാസം ആയി.
ചെക്കനും കൂട്ടരും പോയി കഴിഞ്ഞപ്പോൾ അവർ ആദ്യം തിരക്കിയത് അവളുടെ മറുപടി ആയിരുന്നു.. എല്ലാർക്കും ചെക്കനേം വീട്ടുകാരേം ഇഷ്ടായിരുന്നു.. അവളുടെ മറുപടി ആയിരുന്നു അന്തിമ തീരുമാനം.. അവൾക്കും ഇഷ്ടായെന്നു കേട്ട അവളുടെ വീട്ടുകാരുടെ മുഖത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കും പോലെ തോന്നി...
വൈകിട്ട് ചെക്കനും വീട്ടുകാർക്കും ഇഷ്ടായെന്ന് വിളിച്ചറിയിച്ചപ്പോൾ അവൾ ആകെ സന്തോഷിച്ചു.. അന്ന് അവൾക്ക് ഉറങ്ങാനായില്ല.. 
മനസിൽ ചലനമറ്റു കിടന്ന ചില മോഹങ്ങൾ മൊട്ടിട്ടു.. ചില സ്വപ്നങ്ങളും ..
ആ പൂ മൊട്ടുകളെ ലക്ഷ്യം വെച്ച് ഒരു ചിത്രശലഭം പാറിനടന്നു..
പിറ്റേന്ന് പുലരിമുതൽ അവൾ ആകെ ഉല്ലാസവതിയായിരുന്നു..പൊടിപിടിച്ച് കിടന്ന അവളുടെ ഡയറി അക്ഷരപ്പൂവുകൾ കൊണ്ട് നിറഞ്ഞു.. പ്രയാസമേറിയ സമവാക്യങ്ങൾ പോലും മനോഹരമായ ഒരു കഥയിലെ കഥാപാത്രങ്ങൾ പോലെ മനസ്സിൽ പതിഞ്ഞു.. വിരസമായ പാഠഭാഗങ്ങൾ ഒരു കവിതപോൽ മാധുര്യമുള്ളതായി..
കല്യാണമേ വേണ്ടെന്നു പറഞ്ഞവളുടെ മാറ്റം കണ്ട് അവളുടെ അമ്മ ആശ്ചര്യപ്പെട്ടു..
ദിവസങ്ങൾ കടന്നുപോയി.. പെട്ടെന്നാണ് അവളെ ഞെട്ടിച്ചു കൊണ്ട് അവർക്ക് ജാതകപൊരുത്തം ഇല്ലാന്ന് അവൾ അറിഞ്ഞത്. 
അവൾക്കാകെ സങ്കടമായി..
ജാതകപ്പൊരുത്തം പോലും ഇല്ലാത്ത ആളെയാണോ സോൾമേറ്റ് ആയി കണ്ടത് ??... ആരുടെയോ പരിഹാസസ്വരം..
അവൾ ഓർത്തു.. 'അല്ല.. ഈ ജാതകപ്പൊരുത്തം ഒകെ ഉണ്ടെങ്കിലേ.. സോൾമേറ്റുകൾ ആകാവൂ എന്നുണ്ടോ ?? സോൾമേറ്റ് എന്നാൽ ഹൃദയങ്ങൾ തമ്മിലുള്ള പൊരുത്തമല്ലേ.. ??
അവൾ അമ്മയോട് ചെന്ന് ചോദിച്ചു..
" അമ്മേ.. ഈ ജാതകം ചേരാതെ കല്യാണം കഴിച്ചാൽ എന്താ കുഴപ്പം.. മരിച്ചു പോകുമോ ??.."
അവളുടെ ചോദ്യം കേട്ട് അമ്മ പൊട്ടിച്ചിരിച്ചു.. " അങ്ങനൊന്നുല്ല മോളെ.. ഞാനും നിന്റെ അച്ചനും ജാതകം ഒന്നും നോക്കാതെയാ കല്യാണം കഴിച്ചേ.. എന്നിട്ട് ഇതുവരെ കുഴപ്പം ഒന്നുല്ല.. ദൈവം സഹായിച് നല്ല മക്കളെയും കിട്ടി.. അതൊക്കെ ഓരോ വിശ്വാസം ആണ്.. മനഃപൊരുത്തം ആണ് പ്രധാനം. നിനക്ക് ആ ചെക്കനോട് അത്രമേൽ മനഃപൊരുത്തം തോന്നുന്നെങ്കിൽ നമുക്ക് ജാതകം നോക്കണ്ട.. അച്ഛൻ വരുമ്പോൾ ഞാൻ പറയാം "..
ആ വാക്കുകൾ കേട്ട് അവളുടെ കണ്ണ് നിറഞ്ഞു..തന്റെ സന്തോഷങ്ങൾക്ക് ഇത്രമേൽ വിലകല്പിക്കുന്ന വീട്ടുകാരോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടം തോന്നി അവൾക്ക്. പെണ്മക്കൾ ഭാരമാണെന്ന് പറയുന്ന ചിലരോട് സ്വന്തം മാതാപിതാക്കളെ ചൂണ്ടിക്കാട്ടണം എന്ന് അവൾക് തോന്നി.. ഇന്ന് പെണ്മക്കൾ ആർക്കും ഭാരമല്ല.. മറിച്ചു അഭിമാനമാണ്.. ഓരോ പെൺകുട്ടിയും അവരുടെ മാതാപിതാക്കൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്..
പിന്നീടാണ് അവളുടെ ഹൃദയം അവളോട്‌ ഒരു കാര്യം മന്ത്രിച്ചത്‌.. " എന്റെ നീനാ.. നീ എന്ത് വിഡ്ഢിത്തം ആണ് ഈ പറയുന്നത്.. ആ ചെക്കൻ നിന്നെ മറന്ന് കാണും.. സോൾമേറ്റ് എന്നൊക്കെ ഒരാൾക്ക് മാത്രം തോന്നേണ്ട ഒന്നല്ല.. നിനക്ക് അവനോട്‌ തോന്നിയ ബഹുമാനവും ഇഷ്ടവുമാണ് നിന്നെ കൊണ്ട് അങ്ങനെ തോന്നിച്ചത്.. ചിലപ്പോ നിന്റെ സ്വപ്നങ്ങൾക്ക് നിറമേകാൻ ദൈവം അയച്ചതാകും ആ ചെക്കനെ.. അത്ര പോസിറ്റീവ് എനർജി ഉണ്ട് ആ മനുഷ്യന്.. "
അവൾക്ക്‌ മനസിലായി അത് സത്യമാണെന്ന്.. അപ്പോഴും അവളുടെ മനസ്സിൽ ആ ശലഭം ചലിക്കുന്നുണ്ടായി.. അവൾ അവളുടെ സ്വപ്നങ്ങൾക് പിന്നാലെ പറന്നു..
അങ്ങനെ അവളുടെ ജീവിതത്തിലെ ഒരു ചെറിയ സ്വപ്നം പൂവണിഞ്ഞപ്പോൾ അവൾ ആദ്യം ഓർത്തത് ആ നല്ല മനുഷ്യനെയാണ് .. അതിന്റെ നന്ദിയും സന്തോഷവും മുഖപുസ്തകത്തിൽ കൂടി അവൾ അറിയിച്ചു.. പക്ഷെ മറുപടി ഒന്നും കിട്ടിയില്ല..
പിന്നീടൊരു ദിവസം അവളെ ഞെട്ടിച്ചുകൊണ്ട് ആ ചേട്ടന്റെ മറുപടി അവളെ തേടിയെത്തി.. അവൾക്ക് ഒരുപാട് സന്തോഷമായി. 
അന്ന് മുതൽ അവർ നല്ല സുഹൃത്തുക്കളായി..അവിടെ ഒരു സൗഹൃദം പൂവിട്ടു.. തുടർന്നുള്ള അവരുടെ സംഭാഷങ്ങളിലും അവളിൽ ആരോ മന്ത്രിച്ചു.. ' സോൾമേറ്റ്.. '
അവൾ തിരിച്ചറിഞ്ഞു.. ... സോൾമേറ്റ് എന്നാൽ ആത്മ മിത്രം എന്നാണ് അർത്ഥം.. അത് പ്രണയിനികൾക്ക് ഇടയിൽ മാത്രമല്ല സുഹൃത്തുക്കൾക്ക് ഇടയിലും ഉണ്ടാകും... ആദ്യം കണ്ടപ്പോൾ മുതൽ തനിക്ക് തോന്നിയത് ആ സൗഹൃദം തന്നെ ആകാം....
അവളുടെ സന്തോഷത്തിനു കാരണം ആ സോൾമേറ്റ് ആണെന്ന് മനസിലാക്കിയ അവളിൽ പൂവിട്ട സ്വപ്നങ്ങളും.. വിരിയാൻ കൊതിക്കുന്ന മോഹത്തിൻ പൂമൊട്ടുകളും ഒരേ സ്വരത്തിൽ മന്ത്രിച്ചു..
" ദൈവമേ...അവളെ ഇത്രമേൽ സന്തോഷിപ്പിക്കുന്നെങ്കിൽ ആ സൗഹൃദം എന്നെന്നും മായാതെ കാക്കണേ.. "
രചന - മൃദുല മുരളി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo