Slider

... കല്യാണം മുടങ്ങുന്ന വഴികൾ... (നർമ്മഭാവന )

0
... കല്യാണം മുടങ്ങുന്ന വഴികൾ... (നർമ്മഭാവന )
പെണ്ണുകാണാൻ പോയ കാര്യം കൂട്ടുകാരോട് പങ്കുവച്ച് വളരെ
സന്തോഷത്തോടെയാണ് വീട്ടിലേക്ക് വന്നത് . മുറിയിലേക്ക് കയറിയ ഉടനെ ബെഡിലേക്ക് കരണം കുത്തിയൊരു മറിച്ചിൽ കുറച്ചു നേരം ചുമരിലെ ക്ലോ്ലോക്കിലേക്ക് തുറിച്ചു നോക്കി ... സമയം 8 pm .
എണീറ്റ്
നേരേ അടുക്കളയിലേക്ക് നടക്കുമ്പോൾ അച്ഛനെന്നെ കണ്ട ഭാവം പോലും നടിച്ചില്ല .. അനിയത്തിയൊരു ആക്കിയ ചിരി ..
കറിക്കരിഞ്ഞുക്കൊണ്ടിരിക്കുന്ന അമ്മയോട് അമ്മാ എന്ന് ഈണത്തിലൊരു വിളി ,
പക്ഷേ അമ്മ അത് കേട്ട ഭാവം പോലും നടിച്ചില്ല .
എന്ത് പറ്റി എന്ന് ചിന്തിച്ച് അല്പനേരം ഫ്രിഡ്ജും ചാരി നിന്നു. വീണ്ടും വിളിച്ചു. അമ്മേ .... ആ വിളി ഒരു പിച്ചക്കാരന്റെ ശബ്ദത്തിൽ ഈണത്തിൽ തന്നെ വിളിച്ചു .
" കൊമ്മാ ... മിണ്ടിപോകരുത് നീ ,
നിന്റെ ഒരു അമ്മാ ..
അമ്മയുടെ മുഖത്തെ ഭാവമാറ്റങ്ങൾക്കണ്ട് ഞാനന്തംവിട്ടു നിന്നു .
" എന്താ അമ്മേ... ആ വിളിക്ക് ഈണമുണ്ടായില്ല ... കാരണം അമ്മയുടെ ഭാവം അപ്പോൾ രൗദ്രമായിരുന്നു. കയ്യിൽ കറിക്കത്തിയും .
" നിനക്കെന്താ ഇത്ര വലിയ
വിരഹം ,
" ങേ ... വിരഹോ ... ഹെ
ഒന്നും മനസിലായില്ല ! ഞാൻ നേരത്തേ വീട്ടിലെത്താതിനാണോ ??
" അതൊന്നുമല്ലെഡാ ഫേസ് ബുക്കാ പ്രശ്നം .
" ങേ ...!!
ഹാളിൽ നിന്നും അച്ഛന്റെ ഡോൾബി ശബ്ദം .
" അതേ ... ഏട്ടന്റെ ഫേസ്
ബുക്കാ പ്രശ്നം .
അനിയത്തിയാണ് അത് പറഞ്ഞ് അടുക്കളയിലേക്ക് രംഗ പ്രവേശനം നടത്തിയത് ,
" എന്തൊക്കയാ ഈ പറയ്‌ന്നത് നിക്കൊന്നും മനസ്സിലാവുന്നില്ല ?
" കവികൾക്കൊന്നും മനസ്സിലാകില്ല കവികൾ എപ്പോഴും സങ്കല്പ ലോകത്തല്ലെ ജീവിക്കുന്നത് ?
അച്ഛന്റെ പുച്ഛം നിറഞ്ഞ വാക്കുകൾ
അതോടെ എന്റെ പകുതി ചാർജും പോയി ഫ്രീഡ്ജിന്റെ അരുകിൽ നിന്നും മാറി ഞാൻ ചുമരും ചാരി നിന്നു ..
ഏട്ടനിടെക്കൊന്നു പാളി നോക്കി എന്നെ നോക്കി കണ്ണിറുക്കി ..കലങ്ങിയ വെള്ളത്തിൽ നിന്നും മീൻ പിടിക്കുന്ന സ്വഭാവാ .. ആ കണ്ണിറുക്കലിൽ നിന്നും എന്റെ അക്കൗണ്ടിൽ നിന്നും ഒരു മുപ്പതിനായിരം ചുളുവിൽ അടിച്ചു മാറ്റാനുള്ള സൈക്കോളജിക്കൽ തന്ത്രം എനിക്ക് മനസ്സിലായി.
"ആരാടാ നിന്നെ വഞ്ചിച്ച് കളഞ്ഞത് ? ഇത്ര വിരഹമെഴുതാൻ .
"അമ്മേ ... കവി എഴുതുന്ന സൃഷ്ടികളൊന്നും കവിയുമായി ബന്ധപ്പെടുത്തി കാണരുത്.
" ഒരു പലചരക്ക് കടയിലേക്കു പോലും ബില്ലെഴുതാനറിയാത്ത നീയാണോഡാ
കവി ...!
അച്ഛന്റെ ആ വാക്കുകൾ എന്റെ ചെവി തുളച്ചു കൊണ്ട് ഹൃദയത്തിലേക്ക് പതിച്ചു .
" അച്ഛാ ... ഈ പുതു തലമുറ ഇന്ന് ഒരുപാട് ഭാവനസമ്പത്തുള്ളവരാ .. ഞങ്ങൾ പുതു തലമുറ .അച്ഛനറിയോ സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ പുതിയൊരു സമൂഹത്തേയും സംസ്കാരത്തേയും വാർത്തെടുക്കും .
" ഉം വാർത്തെടുക്കും വാർത്തെടുക്കും .
അമ്മയോട് ഉപ്പേരി വറവെടുക്കാൻ പറഞ്ഞിട്ട് അച്ഛൻ എന്നെയൊന്നു പുച്ഛഭാവത്തിൽ നോക്കി .
" അച്ഛാ ഞാനെന്റെ ഭാവനകളാണ് എഴുതുന്നത് .
" നിന്റെയൊരു ഭാവന .
ആ ചന്ദ്രൻ മാഷിന്റെ മോള് ഫേസ് ബുക്കിൽ ഒന്നു തുറന്നെഴുതിയതാത്രെ .ഇപ്പോഴും മൂത്ത് നരച്ച് വീട്ടിലിരിപ്പാണ് .
നീയെന്തിനാ ലോകത്തിലെ എല്ലാ കാര്യത്തിലും പ്രതികരിക്കാൻ പോകുന്നത് ?
പ്രത്യേകിച്ച് രാഷ്ട്രീയ കാര്യത്തിൽ ?
ആ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ലൈവിൽ വന്ന് തെറി വിളിച്ച് പ്രതികരിച്ചത് ?
അതിന്റെ ചുവട്ടിൽ വന്ന കമന്റുകളും വായിച്ചു ... നിന്നെ പിന്നെ കണ്ടോളാം നിന്നെ എടുത്തോള്ളാം വെറും പോർവിളികൾ ..
മാറ് കാണിച്ച ആ വാരികയിലെ സ്ത്രിക്കെതിരെ തെറി വിളിച്ച് പ്രതികരിച്ചത് ?
നമ്മുടെ പഞ്ചായത്ത് പൈപ്പിൽ വെള്ളമില്ലാത്തതിന് ?
നിനക്കെവിടുന്നാ ഈ സ്വഭാവം കിട്ടിയത് .ഞാൻ നിന്നെ ഇങ്ങനെയല്ലല്ലോ വളർത്തിയത് ?
പ്രതികരിക്കണം അതിനൊരു ഭാഷയുണ്ട് ഒരു രീതിയും.
24 മണിക്കൂറും നാല് ഇഞ്ച് മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന നിങ്ങൾക്ക് സമൂഹത്തേ കുറിച്ച് വല്ലതുമറിയോ ?
അടച്ചിട്ട മുറിക്കുള്ളിലിരുന്നു മൊബൈലിൽ മാത്രമല്ലെ നിങ്ങളുടെയൊക്കെ പ്രതികരണം ? നൂറോ ഇരുന്നൂറോ MB തീർന്നാൽ തീർന്നു ആ പ്രതികരണം .
അച്ഛൻ കത്തികയറുകയായിരുന്നു .. അടുക്കള നിശബ്ദമാണ് ... കാലിന് ചുവട്ടിലൂടെ നടക്കുന്ന കുഞ്ഞി പൂച്ചയുടെ ഇടയ്ക്കുള്ള മ്യാവ് എന്ന കരച്ചിലും കേൾക്കാം .
ചുമരും ചാരി നിന്ന ഞാൻ അച്ഛനെ ദയനീയമായി നോക്കി .
അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി .
" നീ എന്റെ മുറിയിലേ ഷെൽഫിലെ പുസ്തകങ്ങൾ ഏതെങ്കിലും ഒന്ന് വായിച്ചിട്ടുണ്ടോ ...? ആദ്യം നാടിനെയും സമൂഹത്തേയും അറിയണം ... അങ്ങനെ നല്ല അറിവുകൾ ഉണ്ടാകണം ധാരാളം വായിക്കണം .
" അച്ഛന്റെ ഷെൽഫിൽ കിടക്കുന്ന പുസ്തകത്തിലെ വാക്കുകൾ കടിച്ചാൽ പൊട്ടാത്തതാണ് .. അതിന്റെയൊക്കെ അർത്ഥമറിയണമെങ്കിൽ ഡിഷ്ണറി മറിച്ച് നോക്കണം .
" എഴുതിക്കോ ... കഥയും കവിതയും പക്ഷേ വായിക്കുന്ന വായനക്കാരന് കവിതയുടെ ആത്മാവ് അറിയാൻ കഴിയണം .
പിന്നെ ഇവിടെ എഴുതുന്ന എനിക്കു തന്നെ എന്താണ് എഴുതുന്നതെന്ന് അറിയില്ല പിന്നെയാ ആത്മാവ് (ആത്മഗതം)
അടുക്കള ഒരു കോടതി മുറി പോലെയായി ... വാദങ്ങളും ചോദ്യങ്ങളും പ്രതിക്കൂട്ടിൽ തലകുനിച്ച്‌ കവിയായ ഞാനും ..എനിക്കു വേണ്ടി എപ്പോഴും വാദിക്കുന്ന ഏട്ടൻ വക്കീല് എന്തോ അടുക്കളയിലേക്ക് വന്നില്ല ... കാരണം രണ്ട് ദിവസം മുൻപ് മുപ്പതിനായിരം എന്നോട് കടം ചോദിച്ചിരുന്നു അത് കൊടുക്കാത്തതിലാവും ... ഒരു നോട്ടത്തിൽ മാത്രം ഏട്ടൻ സപ്പോർട്ട് അറിയിച്ചത് ...
ജഡ്ജിയമ്മ വറവെടുക്കുന്ന ചട്ടിയിൽ ചട്ടകം കൊണ്ട് രണ്ടടി അനിയത്തി ചട്ടിയിലേക്ക് പാളി നോക്കി ... നിശബ്ദം .
അച്ഛന്റെ പോക്കറ്റിൽ നിന്നും
കീപാഡ് നഷ്ടപ്പെട്ട ദാരിദ്യ്രം പിടിച്ച മൊബൈൽ അവശതയോടെ കരഞ്ഞു ..
മൊബൈലെടുത്തു വന്ന നമ്പറിലേക്ക് അച്ഛൻ സൂക്ഷിച്ചു നോക്കി പിന്നെ അമ്മയോട് പറഞ്ഞു. ഇവൻ പെണ്ണുകാണാൻ പോയ വീട്ടിൽ നിന്നാ ...
അടുക്കളയിലെ നിശ്ശബ്ദതയ്ക്ക് കുറച്ചു കൂടി കട്ടി കൂടി ...
" ലൗഡ് സ്പീക്കറിടു അച്ഛാ ... അനിയത്തി പറഞ്ഞു.
എല്ലാവരുടെയും ചെവികൾ അച്ഛന്റെ കയ്യിലെ മൊബൈലേക്ക് വട്ടം പിടിച്ചു ...
" ഹലോ ...
അച്ഛൻ എക്സ്ട്രാ വിനയത്തോടെ സംബോധന ചെയ്തു .
മറുത്തലയ്ക്കൽ നിന്നും ഗംഭീര പുരുഷശബ്ദം ...
" ഹലോ ... നിങ്ങടെ മോൻ കണ്ട് പോയ പെൺകുട്ടിയുടെ അച്ഛനാ...
" ഓ ... പറയു .
മോനേ ഇഷ്ടമായി ലെ .. ആ പറഞ്ഞോളു .
വിനയത്തോടെ അച്ഛൻ ഒരു ചിരിയും ചിരിച്ചു.
" അതേയ് ഒന്നും തോന്നരുത് ഈ ബന്ധത്തിന് ഞങ്ങൾക്ക് താത്പര്യമില്ല ...
മോനെക്കുറിച്ച് ഞങ്ങളന്വേഷിച്ചു . എന്റെ മോളെ ഒരു വിധവയാക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല .
അതോടെ
സംഭാഷണം നിലച്ചു ... അച്ഛൻ പിന്നെയും രണ്ട് മൂന്ന് ഹലോ ഹലോ പറഞ്ഞു .
വീണ്ടും കനത്ത നിശബ്ദയിൽ അടുക്കള.
തലകുനിച്ചു കഴുത്തൊടിഞ്ഞ പോലെ അടുക്കള ചുമരും ചാരി ഞാൻ നിന്നു .. എല്ലാവരുടെയും കണ്ണുകളും എന്നെ തുറിച്ചു നോക്കി ... അടുപ്പിലേക്ക് ഒരു മൊന്ത വെള്ളമൊഴിച്ച് കത്തിജ്വലിക്കുന്ന കണ്ണുകളുമായി അമ്മ എന്നെയൊന്നു നോക്കി തറയിലാഞ്ഞു ചവിട്ടി രംഗം വിട്ടു. അനിയത്തിയും പോയി .
അച്ഛൻ എന്റെ അടുത്ത് വന്ന് പറഞ്ഞു .ഡാ ഇപ്പോ ചെറുക്കനെ കുറിച്ചന്വേഷിക്കാൻ വീട്ടിലും നാട്ടുകാരോടും ചോദിക്കുന്ന സംബ്രാദായമൊന്നും ഇല്ല .ചെറുക്കന്റെ സോഷ്യൽ മീഡിയ ഒന്നു പരിശോധിച്ചാൽ മതി ...
കവിക്ക് മനസ്സിലായോ ...?
വാ പൊളിച്ചു നിന്ന എന്നെയും നോക്കി അച്ഛനും കടന്നു പോയി ... അടുക്കളയിൽ ഒറ്റപ്പെട്ടു ചിന്താഭാരത്തോടെ ഞാൻ നിന്നു. എന്റെ കാലിൽ കുഞ്ഞി പൂച്ച ഒന്നു ഉരസി പിന്നെ ഒന്നു കരഞ്ഞു പുറത്തേ ഇരുട്ടിലേക്കിറങ്ങി പോയി ...
ദു:ഖഭാരത്താൽ മുറിയിലേക്ക് നടക്കുമ്പോൾ ഹാളിൽ പേപ്പറിൽ എന്തോ കണക്ക് കൂട്ടുന്ന ഏട്ടൻ പറഞ്ഞു ...
" നീ വിഷമിക്കാതിരി എല്ലാം ശരിയാക്കാം നമുക്ക്‌ . ഞാൻ ചോദിച്ച മുപ്പതിനായിരം ...?
" എട്ടാ തല കത്തുമ്പോൾ മല കത്തുന്ന കാര്യം പറയല്ലേ ,
റൂമിലെത്തി ബെഡിലേക്ക് പതിയെ കിടന്നു മുകളിലേക്ക് നോക്കി .
പോക്കറ്റിൽ കിടന്ന മൊബൈൽ അവജ്ഞയോടെ എടുത്തു ഫേസ് ബുക്കിലേക്ക് കടന്നു .അവളുടെ പ്രൊഫൈൽ തിരഞ്ഞെടുത്തു. അവളെ കണ്ടപ്പോൾ ഒന്നു റിക്വസ്റ്റ് കൊടുത്തു ഉടനടി അവൾ എന്റെ റിക്വസ്റ്റും സ്വീകരിച്ചു. അവളുടെ പച്ചവെളിച്ചം കത്തുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ പേജിലേക്കോടി എല്ലാം അരിച്ചുപെറുക്കി നോക്കി . സെൽഫികൾ വെറും വെറും സെൽഫികൾ ... അഹങ്കാരഭാവമുള്ള സെൽഫികൾ ...
ഞാൻ വേഗമവളുടെ ഇൻബോക്സിലേക്ക് ചാടി ... പച്ച വെളിച്ചത്തിന് ചുവട്ടിൽ അല്പ നേരം
ചിന്തിച്ചു നിന്നു .. പിന്നെ വീറോടെ ടൈപ്പി ...
" പ്രതികരിക്കും ..
അതിവേഗതയിൽ ആ സന്ദേശം പാഞ്ഞു അവളുടെ പച്ചവെളിച്ചത്തിലേക്ക് ,
" ആരോട് ? എന്തിന് ? താനാരാടോ ...?? താൻ പ്രതികരിച്ചോ അതിന് ഞാനെന്ത് വേണം ? നട്ടപാതിരായ്ക്ക് പെണ്ണുങ്ങളുടെ ഇൻബോക്സിലേക്ക് പ്രതികരിക്കാൻ വന്നേക്കുന്നു ... പോടോ ....
മറുപടി വായിച്ചപ്പോൾ എന്നിലെ വീറും വാശിയും സടകുടഞ്ഞെണീറ്റു ... ഉരുളക്കുപ്പേരിപോലെ മറുപടി കൊടുക്കാനൊരുങ്ങി ടൈപ്പുമ്പോൾ അവളെന്നെ ബ്ലോക്കി പച്ചവെളിച്ചവുമണഞ്ഞു ..
വീറോടെ ഞാൻ അവളുടെ ഫേസ്ബുക്കിലേക്കോടി അവിടെയും അവൾ വാതിലടച്ചു. ബ്ലോക്കി ...
കയ്യിലെ മൊബൈൽ ബെഡിലേക്കെറിഞ്ഞു തലയിണയിൽ രണ്ടടി പിന്നെ വലിച്ചു കീറി ഞാൻ ചീറി ... മുറിയിൽ നിറഞ്ഞു പറക്കുന്ന പഞ്ഞിക്കെട്ടുകൾ .... അതുപോലെ എന്റെ ചിന്തകളും .
പിന്നെ ശാന്തനായി നിദ്രയെ കാത്തു കിടന്നു പക്ഷേ വന്നില്ല ഉറക്കവും എവിടെയോ ബ്ലോക്കിലായി കിടക്കുകയായിരുന്നു...

...മുരളിലാസിക...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo