നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുരതരം ഈ സംഗമം

Image may contain: 2 people

ഞങ്ങളുടെ കുടുംബത്തിൽ രണ്ടുമാസത്തിൽ ഒരിക്കൽ കുടുംബാംഗങ്ങൾ ഒത്തു ചേരാറുണ്ട്. ഈ ഒത്തു ചേരൽ മിക്കവാറും രാത്രികാലങ്ങളിൽ ആണ് ഉണ്ടാവുക..
പതിനാറു കുടുംബങ്ങൾ ആണ് ഈ കുടുംബസംഗമത്തിൽ അംഗങ്ങൾ. തവണവ്യവസ്ഥയിൽ ഓരോ കുടുംബത്തിന്റെയും വീട്ടിൽ വെച്ചാണ് സംഗമം നടക്കുന്നത്. ചെറിയ തോതിലുള്ള കലാപരിപാടികളും, ചർച്ചകളും വൈകിട്ടുള്ള ഭക്ഷണം എന്നിവയാണ് കാര്യപരിപാടികൾ..
ഈ ഒത്തുകൂടൽ യഥാർത്ഥത്തിൽ മൂന്ന് തലമുറകളുടെ സംഗമം കൂടിയാണ്... നാനാ ഭാഗത്തു നിന്നുള്ള അംഗങ്ങൾ വൈകുന്നേരം സംഗമം നടത്തുന്ന വീട്ടിൽ എത്താൻ തുടങ്ങും...
ഇത്തവണ പുതുശ്ശേരിയിൽ സാവിത്രി ചേച്ചിയുടെ വീട്ടിലായിരുന്നു പരിപാടി.. ഞങ്ങൾ അഞ്ചു മണിക്ക് പുറപ്പെട്ടു പുതുശ്ശേരിയിൽ ഞായറാഴ്ച ചന്തയായതിനാൽ റോഡുകൾ എല്ലാം ബ്ലോക്ക്‌ ആയിരുന്നു. ഞങ്ങളുടെ കാറുകൾ വഴിയറിയാതെ നട്ടം തിരിയുമ്പോഴാണ് സാവിത്രി ചേച്ചിയുടെ ഇളയ മകൻ അതു വഴി വന്നത്...
വന്നത് ഏതായാലും സൗകര്യമായി...
പിന്നീട് അവന്റെ പിറകിൽ ആയി നിരനിരയായി യാത്ര തുടർന്നു...
വീടെത്തി...
എല്ലാവരും വീട്ടിലേക്കു......
മുകളിലെ നിലയിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നു..
അർദ്ധ വൃത്താകൃതിയിൽ കസേരകൾ നിരത്തിയിട്ടിരിക്കുന്നു.
ഒരോരുത്തരും കസേരകളിൽ സ്ഥാനം പിടിച്ചു.
സ്ത്രീജനങ്ങളുടെ കലപിലക്കു ഇടയിൽ, പുരുഷകേസരികളുടെ രാഷ്ട്രീയ ചർച്ചകളും, കുഞ്ഞുങ്ങളുടെ ഓട്ടപ്രദക്ഷിണവും അവിടമാകെ ഉത്സവഛായ പകർന്നു..
കുടുംബത്തിൽ അടുത്ത് നടന്ന രണ്ടു വിവാഹനിശ്ചയങ്ങളായിരുന്നു ചർച്ച വിഷയം .
സമയം കടന്നു പോയി... എല്ലാകുടുംബങ്ങളും വന്നപ്പോൾ ഔധ്യോഗികമായി ആതിഥേയരായ സാവിത്രിചേച്ചിയും ദേവേട്ടനും മക്കളും അതിഥികളെ സ്വാഗതം ചെയ്തു. പിന്നെ കുട്ടികളുടെ കലാപരിപാടി.... ഇത്തവണയും പതിവ് തെറ്റിച്ചില്ല.. അമേയ ഫ്യൂഷൻ പാട്ടുമായി വന്നു ഏവരുടെയും പ്രശംസ നേടി. പിന്നെ തുടങ്ങി ഭാവി പരിപാടിയുടെ രൂപരേഖ ചമക്കൽ...
ഇത്തവണയും വേക്കെഷനിൽ ടൂർ പോകുന്നതിനെ പറ്റി ചർച്ച ചെയ്തു... ചർച്ച മുന്നാറിലേക്ക്‌ പോകുന്നതിനെ പറ്റി തുടങ്ങുമ്പോഴേക്കും പ്രമിള ചേച്ചി കൈ പൊക്കി തന്റെ സന്നദ്ധത പ്രകടിപ്പിച്ചു. എല്ലായിപ്പോഴും വിനോദസഞ്ചാരത്തിനുള്ള ചർച്ചകളിലും സ്ഥലം തിരഞ്ഞെടുപ്പിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമീള ചേച്ചിയുടെ ശുഷ്‌കാന്തി ഏവരിലും ചിരി പടർത്തി.
ഈ കുടുംബയോഗത്തിന്നു എല്ലാ തവണയും കോയമ്പത്തൂരിൽ നിന്നും പങ്കെടുക്കാൻ വേണ്ടി മാത്രം വരുന്ന പ്രതിലയും സജീഷും മക്കളും യഥാർത്ഥത്തിൽ കുടുംബകെട്ടുറപ്പിന് മുൻ‌തൂക്കം നൽകുന്നവരാണ്...
പ്രതിലയുടെ ജീൻസ്സും കുർത്തയും സ്ത്രീജനങ്ങൾക്കിടയിൽ ചർച്ചയായി... അടുത്ത തവണ ഷോർട് ടോപ് ഇടാനുള്ള പ്രചോദനവും അവൾക്കു ഞങ്ങൾ നൽകി... ഓണത്തിനടയിൽ പുട്ട് കച്ചവടം പോലെ പ്രമീള ചേച്ചി ചുരിദാർ ബിസിനസ് നടത്തി... ഏതായാലും ചുരിദാർ കണ്ട ഞാനും രണ്ടെണ്ണത്തിനു ഓർഡർ കൊടുത്തു.
ഇതിന്റെ ഇടയിൽ വിനിതയും മുകേഷും ഇത്തവണ പത്താം ക്ലാസ്സിൽ പഠിക്കുന്ന തങ്ങളുടെ മകൻ ആദിയുടെ ഉപരിപഠനവുമായി ബന്ധപെട്ട് ഹയർ സെക്കന്ററി അധ്യാപകനായ വേണുവേട്ടന്റെ അടുത്ത് സംശയം ദൂരികരിക്കുന്നതായി കണ്ടു... വേണുവേട്ടന്റെ ഉദാഹരണസഹിതമുളള മറുപടിയിൽ ആദിയുടെ മാതാപിതാക്കൾ സംതൃപ്തരായി.
കുറേ കാലത്തിനു ശേഷം അർച്ചനയെയും മോളെയും കാണാനും പറ്റി. കുടുംബത്തിലെ മൂത്ത ആളായ മോഹനേട്ടന്റെ മകളാണ് അർച്ചന.. വിവാഹിതയായി അവൾ ചെന്നൈയിൽ താമസിക്കുന്നു. ചെന്നൈയിൽ സ്ഥിരതാമസം ആയതിനാൽ അവളെ കാണുന്നത് വിരളമാണ്. ഈ തവണ അത് സാധിച്ചു. അർച്ചനയുടെ അമ്മ ഗീതചേച്ചി പതിവ് സരസമായ വാക്യങ്ങളോടെ കാര്യങ്ങൾ പറഞ്ഞു ഞങ്ങളിലെ ചിന്തകളെ ഉത്തേജിപ്പിച്ചു... ഗീതചേച്ചിയുടെ സ്വതേസിദ്ധമായ യുക്തിയോട് കൂടിയുള്ള സംസാരം ഞങ്ങളെ സംബന്ധിച്ചിടത്തോളം രസാവഹമായ കാര്യമാണ്.
ചറപറമ്പിൽ നിന്നും വന്ന സൗമ്യയും ജിന്ഷയും ഷീജഏടത്തിയമ്മയും സംസാരത്തിൽ മുഴുകിയപ്പോൾ ആശ മക്കളുടെ പിറകെ ഓടി നടന്നു.. കളപെട്ടിയിൽ നിന്നും വന്ന പ്രിയചേച്ചി ഞങ്ങളോട് തമാശ പറയാൻ കൂടിയപ്പോൾ റീനചേച്ചി ഒരു ചിരിയിൽ എല്ലാം ഒതുക്കി നല്ലൊരു കേൾവിക്കാരിയായി... കേൾക്കാനും ആളു വേണ്ടേ ?എറാമംഗലത്തിൽ നിന്നും വന്ന രാജാമണിചേച്ചിയും ബിന്ദുചേച്ചിയും സുജാതയും പരിചയം പുതുക്കി നടന്നു.
കുഞ്ഞുങ്ങൾക്കു ആദ്യം ഭക്ഷണം നൽകി തുടങ്ങി... ഗോതമ്പു പൊറോട്ട, ഇടിയപ്പം, ചിക്കൻ കറി, മിക്സ് വെജിറ്റബിൾ കറി, ഇഷ്ട്ടു, മധുര കേസരി... ഇത്രയും ആയിരുന്നു വിഭവങ്ങൾ.. കുഞ്ഞുങ്ങൾ കഴിച്ചു തുടങ്ങുമ്പോഴേക്കും മുതിർന്നവരൂ കഴിച്ചു തുടങ്ങി.. ബുഫേ രീതി ആയതു കൊണ്ട് ആർക്കും ബുദ്ധിമുട്ട് ഇല്ല... ഇഷ്ടമുള്ളത് എടുത്തു കഴിക്കുകയും ചെയ്യാം...
ഭക്ഷണം കഴിഞ്ഞു വീണ്ടും ചർച്ചകൾ ഉഷാറായി.. ഇത്തവണ പ്രളയമായി വിഷയം.
പ്രദീപിന്റെയും ചെന്തെട്ടന്റെയും വിത്യസ്ത രാഷ്ട്രീയ അഭിരുചികൾ പരസ്പരം കൂട്ടിമുട്ടി.. മറ്റുള്ളവർ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞു..
ഇത്തവണയും പ്രകാശേട്ടന്റെ യുക്തിവാദം തലപൊക്കി... ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനമായിരുന്നു അടുത്ത ചർച്ച . പ്രകാശേട്ടന്റെ യുക്തിസഹിതമുള്ള വാക്ചാതുര്യത്തിൽ ഉത്തരം കിട്ടാതെ എല്ലാവരും വലഞ്ഞു. അടുത്തത് പ്രദീപിനു ചെന്തേട്ടന്റെ രാഷ്ട്രീയ നിലപാടിനോടായിരുന്നു വിയോജിപ്പ്. അങ്ങിനെ തുടർന്നു അവർ അവരുടെ സംവാദം.... വെള്ളപൊക്കത്തിൽ തന്റെ സുഹൃത്തിനു നേരിടേണ്ടി വന്ന ദുരന്തവും മുകേഷ് വിവരിച്ചു. ഇതിലൊന്നും ഞങ്ങൾക്ക് പങ്കില്ല എന്ന മട്ടിൽ സുജിത്തും ശ്രീജോയും ഭക്ഷണത്തിൽ ശ്രദ്ധിച്ചു..

കുഞ്ഞു മക്കൾ ഇതൊന്നും വക വെക്കാതെ ഓടി കളിക്കുക ആയിരുന്നു.. കളിക്കാൻ സൗകര്യമുള്ള വസ്ത്രങ്ങൾ ഇട്ടു എല്ലാവരും വന്നപ്പോൾ തൃതീയ മാത്രം പാവാടയിൽ തപ്പി തടഞ്ഞു. ഷാൻ തന്റെ കുറുമ്പുകൾക്ക് ഒരു ശമനവും വരുത്തിയില്ല.. ധനഞ്ജയ് ഉണ്ണികുട്ടന്റെ പുറകിൽ നടന്നു അവനെ കൊഞ്ചിച്ചു..അമേയ അഭിനവിന്റെ പിറകിലും നടന്നു.. കുമാരിമാരായ ദിയയും അഭയയും അനഘയും നിവേദിതയും നീതുവും അനിലയും, അഖിലയും തങ്ങളുടെ ലോകത്ത് മുഗ്ദരായിരുന്നു... അവർ സെൽഫിഎടുത്തും സ്വകാര്യം പറഞ്ഞും ചിരിച്ചും സമയം ഉപയോഗിച്ചു. യുവ തലമുറയായ നിഖിലും, വൈശാഖും, വൈഷ്‌ണവും ദർശനയും സൂരജും അശ്വജിത്തിന്റെ നേതൃത്വത്തിൽ നീതിയുക്തമായ ചർച്ചയിൽ ആയിരുന്നു.
ലച്ചു മുൻവശത്ത് മുടി വെട്ടി ആട്ടം കാണിച്ചു നടന്നപ്പോൾ ശ്രീകുട്ടി അത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ നടന്നു. കുടുംബത്തിൽ വിദേശത്ത് ജോലിയുള്ള വൈശാഖിനു ലീവ് കഴിയാറായതും അവനു പറ്റിയ വിവാഹാലോചനകളും കൊണ്ട് വരുവാനും സാവിത്രിചേച്ചി ഞങ്ങളോട് ആവശ്യപെട്ടു.
കുടുംബയോഗത്തിന് വന്ന മുതിർന്ന തലമുറ അവരുടെ ലോകത്ത് വ്യാപൃതരായിരുന്നു... കാലയവനിക്കുള്ളിൽ മറഞ്ഞു പോയ സഹയാത്രികരെയും കൂടപിറപ്പുകളെയും ഓർത്തു അവർ തങ്ങളുടെ സാനിധ്യം അറിയിച്ചു...
അങ്ങിനെ യോഗത്തിന്റെ അവസാന ഘട്ടത്തിൽ പ്രവേശിച്ചു... അടുത്ത യോഗം പ്രദീപിന്റെ വീട്ടിൽ ആണെന്ന് അറിയിപ്പ് ഉണ്ടായി. അടുത്ത തവണ വീണ്ടും കാണാം എന്ന വാക്ദാനത്തോടെ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിയുമ്പോൾ രാത്രി ഒരുപാട് കഴിഞ്ഞിരുന്നു... പറയാൻ ബാക്കി വെച്ച വിശേഷങ്ങൾ വീണ്ടും കാണുമ്പോൾ പറയാം എന്ന പ്രതീക്ഷയോടെ മുതിർന്നവരും.... തുടങ്ങി വെച്ച കളി വീണ്ടും കളിക്കാം എന്ന മോഹത്തോടെ കുഞ്ഞുങ്ങളും.... മടങ്ങി തുടങ്ങി.... വീണ്ടും കാണാം എന്ന് ആശംസിച്ചു കൊണ്ട്..... വീണ്ടും ഒരു കുടുംബ സംഗമതിന്നു തിരി തെളിയുന്നതും കാത്ത്....
സ്മിത പ്രകാശ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot