അപ്രതീക്ഷിതമായാണ് ആ പഴയ സുഹൃത്തിനെ കണ്ടു മുട്ടിയത്.
((ഒരു കാലത്ത് ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.))
തികച്ചും ഔപചാരികമായൊരു സൗഹൃദ സംഭാഷണം.
സുഹൃത്ത്: കുറെ കാലമായല്ലോ കണ്ടിട്ട്. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ങാ. ഇങ്ങനെ പോണു. സുഖമായിരിക്കുന്നു. അവിടെയോ? കുട്ടികളൊക്കെ?
അവരൊക്കെ പഠിക്കുന്നു. സഞ്ജു എൻട്രൻസ്നു ശ്രമിക്കുന്നു.ഇളയവൻ ഇപ്പൊ പത്തിലായി. എക്സാം ആണ് അടുത്ത മാസം. അവിടെ? മക്കൾ?
അവരും പഠിക്കുന്നു. കുഴപ്പമില്ല. രണ്ടാളും സുഖമായിരിക്കുന്നു.
ഓക്കേ.
എങ്ങോട്ടു പോവുന്നു?
ദേ ... ഈ ഷോപ് വരെ. ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങണം.
അപ്പൊ ശരി. നടക്കട്ടെ. കാണാം.
.................
ഓർക്കാൻ ഒരുപാടുണ്ടായിരുന്നു.
ഒരു വീട് പോലെ കഴിഞ്ഞവർ.
ഒരു പനി വന്നാൽക്കൂടി ഇടക്കിടക്ക് വിളിച്ചന്വേഷിക്കുന്നവർ.
വിശേഷവിധിയായി വീട്ടിലെന്തെങ്കിലും ഉണ്ടാക്കിയാൽ രണ്ടു പാത്രത്തിൽ ആക്കി പങ്കുവെക്കുന്നവർ.
ഒരേ മനസ്സായിരുന്നവർ.
........................
പക്ഷെ കാലം കരുതിവെച്ചതു മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ബിസിനസ് തകർച്ച. കടം ചോദിക്കുമെന്ന് പേടിച്ച് തിരിഞ്ഞകലുന്ന മുഖങ്ങൾ. വിരിയാത്ത സൗഹൃദ പുഞ്ചിരികൾ.
ഒപ്പത്തിനൊപ്പം നിൽക്കാൻ പലയിടത്തും സാധിച്ചില്ല.
പലപ്പോഴും നാല് ചുവരുകൾക്കുള്ളിൽ ചുരുണ്ടിരിക്കേണ്ടി വന്നു.
അതെ,
എന്നും, എവിടെയും, എപ്പോഴും, നായകൻ പണം തന്നെ. വില്ലനും.
അടുപ്പങ്ങളൊക്കെ അകലങ്ങളിലേക്ക് വഴിപിരിഞ്ഞു.
.........................
എങ്കിലും ഇപ്പോൾ വലിയൊരു ശാന്തതയാണ്. അടിച്ചുവാരിയ മുറ്റത്ത് ചാണകം തെളിച്ചു ശുദ്ധമാക്കിയപോലൊരു നിർവൃതി.
സന്തോഷം സ്വസ്ഥം സമാധാനം.!
ഇന്ന് കഞ്ഞിക്ക്, വീട്ടിലുണ്ടായ കായകൊണ്ടുള്ള ഉപ്പേരിയും, ചമ്മന്തിയും കൂടാതെ ഉണക്കമാന്തൾ വറുത്തതും വേണം.
കയ്യിലിരിക്കുന്ന ഉണക്കമീൻ പാക്കറ്റ് ഒന്നൂടെ മുറുക്കിപിടിച്ചു.
By
Resmi Gopakumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക