Slider

വിധവ.

0

കണ്ണടച്ചാലും തുറന്നാലും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, അവളുടെ മനസ്സിൽ ആ രൂപം മാത്രം.
ഉടലെടുത്ത സ്നേഹം പോലെ ആ ഒരു രൂപം.!!!
അതെ.,
അവൾക്കയാളോട് പ്രണയമാണ്. ഇപ്പോഴും എപ്പോഴും.
ഒരു നല്ല പാട്ട്, ഒരു നല്ല ചിത്രം, മഴ, ചുവന്നു തുടുത്ത സന്ധ്യകൾ.
കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് ഇഷ്ടങ്ങൾ പങ്കുവെച്ച അസ്തമയങ്ങൾ,
വൃശ്ചികക്കുളിരിന്റെ പുലരികൾ, മഞ്ഞിന്റെ നനുത്ത മറവിൽ ഒളിച്ചുകളിക്കുന്ന.,
ഒരുമിച്ചു നടന്നുതീർത്ത വഴിത്താരകൾ, ആശ്വാസ നിശ്വാസങ്ങൾ പങ്കുവെച്ച വഴിയമ്പലങ്ങൾ.
എല്ലാം ഒരിക്കൽ കൂടെ ആവാഹിച്ചെടുത്തൊരു ദീർഘനിശ്വാസമെടുത്തവൾ മിഴികൾ ഇറുക്കെയടച്ചു. ഒരു വെളിച്ചം കണ്ണിൽ തെളിഞ്ഞു.
മനസ്സിലും.
പിന്നെ കണ്ണ് തുറന്നു ഇരുട്ടിലേക്ക് നോക്കി. അധികം വൈകാതെ ഇരുൾ മാറി തുടങ്ങി. മങ്ങിയ ചിത്രങ്ങൾ തെളിമയാർന്നുവന്നു.
അവൾ എന്റെ പ്രിയ കൂട്ടുകാരി.
കണ്ണടച്ച് തുറക്കും നേരം കൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവൾ. നക്ഷത്രങ്ങൾ തിളങ്ങിയിരുന്ന അവളുടെ കണ്ണുകളിലിപ്പോൾ പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന നിരാശയുടെ കാർമേഘങ്ങൾ മാത്രം.
എത്ര പെട്ടെന്നാണ് അവൾ എല്ലാവർക്കും അന്യയായത്.
കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും അവളാണെന്ന് പറഞ്ഞു പാടി പുകഴ്ത്തിയവരെല്ലാം ഏതോ അന്യഗ്രഹ ജീവിയെ പോലെയാണവളെ കാണുന്നത് . ജന്മനാളിന്റെ മഹത്വം കൊണ്ട്., കണി കാണുന്നത് ഐശ്വര്യമാണ് എന്നും പറഞ്ഞു ഒന്നാം തീയതി വീട്ടിലേക്കു ക്ഷണിച്ചവർക്ക് ഇന്ന് അവളാണ് ഏറ്റവും വലിയ ദുശ്ശകുനം.
പട്ടടയിലെ തീ കെട്ടടങ്ങും മുൻപ് തന്നെ ഉപദേശവുമായി ബന്ധുക്കളുടെ തിരക്ക്. ഒരു അപരാധിയെ കണ്ടത്പോലെയാണ് അവരിൽ പലരുടെയും സംസാരം.
ഒന്നിനോടും പ്രതികരിക്കാതെ., നിർവികാരതയോടെ ഇരിക്കുന്ന അവളുടെ രൂപം എന്നിലുണ്ടാക്കിയ വേദന പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
അപ്പോൾ അവളുടെ ഉള്ളിലെ ചിന്തകളുടെ ആഴം എനിക്കൂഹിക്കാവുന്നതേ ഉള്ളൂ.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഇരുവശത്തും ചേർത്തു പിടിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ, എന്ത് പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.
ഒരുവേള ഞാൻ വെറുതെയെങ്കിലും ചിന്തിച്ചുപോയി. ഇവർ തമ്മിൽ ഇടക്കെങ്കിലും ഒന്ന് പിണങ്ങിയിരുന്നെങ്കിലെന്ന്. ഒരുപക്ഷെ, വേദനയുടെ ആഴത്തിൽ അതവൾക്കൊരു പിടിവള്ളി ആയേനെ.
പ്രാരാബ്ധങ്ങൾക്കിടയിലും താങ്ങും തണലുമായി പരസ്പരം സ്നേഹിച്ചു സ്നേഹിച്ചു അവർ അവരുടെ ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്തിനാണിങ്ങനെയൊരു ക്രൂരത. അവളും ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നുണ്ടാകും.
നിറങ്ങളിൽ നിന്നവളെ അകറ്റിനിർത്തി,
കാഴ്ചകൾ അവൾക്കന്യമാക്കി,
ചിരികൾ അവളിൽനിന്നെന്നേക്കുമായി വേർപെടുത്തി,
ചുറ്റുപാടും നിന്ന് പൊട്ടിച്ചിരിക്കുന്ന,
ജരാനരകൾ ബാധിച്ച സമൂഹം.
ഇനി എപ്പോഴാണതിനൊരു മാറ്റം വരിക?
അവളൊന്നു പൊട്ടിക്കരഞ്ഞാൽ, അവളിൽ എരിയുന്ന നെരിപ്പോടൊന്നു പൊട്ടിച്ചിതറിയാൽ തീരാവുന്നതേ ഉള്ളൂ ഇവിടം.
പക്ഷെ അങ്ങനെയൊന്നും അവൾ ചിന്തിക്കില്ല.
തിരികെ നടക്കുമ്പോൾ,
"ഇനിമുതൽ അവളെ പിന്തുടരുന്ന കപടസദാചാരത്തിന്റെ അനേകം കണ്ണുകളായിരിക്കുന്നു എന്റെ മനസ്സിൽ."
By: 
Resmi Gopakumar Moothedath 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo