നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവിഹിതം I Jaya Manoj Bhaskaran


കല്യാണിയമ്മ 62 ..
കടന്നുവന്നോളൂ , ഇരിക്കൂ.
ഈ ഇരിക്കുന്ന നിങ്ങളുടെ ഭർത്താവ് ഗംഗാധരൻ പിള്ള 66, പിന്നെ നിങ്ങളുടെ രണ്ട് പെണ്മക്കൾ.. അവർ തന്നിരിക്കുന്ന പരാതി എന്തെന്നാൽ നിങ്ങൾ രാജശേഖരൻ (65 വയസ്സ് ) എന്ന ആളുമായി കുറെ നാളുകളായിട്ട് അവിഹിത ബന്ധത്തിൽ ആയിരുന്നെന്നും അതിനെ ചോദ്യം ചെയ്ത രാത്രിയിൽ അതായത് രണ്ട് ആഴ്ചകൾക്ക് മുൻപ് നിങ്ങൾ അയാളുമായി ഒളിച്ചോടി എന്നുമാണ് . ഇപ്പോൾ നിങ്ങൾ വിവാഹമോചനവും ആഗ്രഹിക്കുന്നു.. നേരാണോ ?
അതേ സാറേ.. നേരാണ്
നിങ്ങൾ ഇപ്പൊ 62 വയസ്സായ ഒരു സ്ത്രീയല്ലെ,ഒന്നുമല്ലെങ്കിലും ആ പ്രായത്തിനെയെങ്കിലും ബഹുമാനിച്ചുകൂടെ ? നാണം തോന്നുന്നില്ലേ? ഇങ്ങനെ പോകണമായിരുന്നെങ്കിൽ കുറേക്കൂടെ നേരത്തെ ആയികൂടായിരുന്നോ ? നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നതെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ശ്രീ ഗംഗാധരൻ പിള്ളയ്ക്ക് എന്താണ് പറയാനുള്ളത് ?
സാറേ .. ഇവള് തോന്ന്യാസം നടക്കാൻ തുടങ്ങിയിട്ട് കുറേകാലമായി.. ഇപ്പൊ മറ്റവന്റെ കൂടെ പൊറുതീം തുടങ്ങി. എനിക്കും മക്കൾക്കും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോ.
പിന്നെ വിവാഹമോചനം ഞാൻ കൊടുക്കാം. പക്ഷെ അതിന്റെ പേരും പറഞ്ഞ് പൈസയോ വീടോ ഞാൻ കൊടുക്കത്തില്ല.. അവളാണ് വീട് പണിഞ്ഞത് പക്ഷെ എന്റേം കൂടെ പേരിലാണ് വീടിപ്പോൾ... ഇവിടം വിറ്റ് വേറെ എവിടെയെങ്കിലും ഞാൻ പോകും. അതാണ് എന്റെ തീരുമാനം.
മക്കൾക്ക് എന്താണ് പറയാനുള്ളത് ?
എന്തു പറയാനാ സാറേ...
ഞങ്ങടെ ഭർത്താക്കൻമാരുടെ വീട്ടിൽ ഇപ്പൊ ആട്ടും തുപ്പും തുടങ്ങി.. സമൂഹത്തിൽ തലയുയർത്തി പിടിച്ച് നടക്കാൻ വയ്യാതായി. ഇവര് ഞങ്ങളുടെ അമ്മയാണ് എന്നോർക്കാൻപോലും ഇപ്പൊ അറപ്പാണ്. അത്രയ്ക്ക് വെറുപ്പാണ് ഞങ്ങൾക്ക് ഈ സ്ത്രീയോട്.. കുറെ കാലമായി സാറേ അങ്ങേരുടെ കൂടെ കൂടീട്ട്..
ഞങ്ങൾക്കും അതുതന്നെയാ ചോദിക്കാനുള്ളത് ഈ മുതുക്കാകാലം വരെ നോക്കിയിരിക്കേണ്ട ആവശ്യം എന്തായിരുന്നു? പണ്ടേ പൊയ്ക്കൂടായിരുന്നോ?
കല്യാണിയമ്മ എല്ലാം കേട്ടല്ലോ... ഇനി നിങ്ങൾക്ക് പറയാനുള്ളത് എന്താണ്?
സാറേ.. എനിക്ക് 19 തികയുന്നതിന് മുൻപായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ ഞാൻ പാറമടയിൽ കല്ലുപൊട്ടിക്കുന്ന ജോലിക്ക് പോകാൻ തുടങ്ങിയതാ.ഇയാൾ അവിടെ ലോഡ് ചെയ്തുകൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവർ ആരുന്നു.. ഒരു വർഷം തികയുന്നതിനു മുൻപ് ഒരു ആക്‌സിഡന്റിൽ പെട്ട് ഇയാളുടെ നടുവും കയ്യും ഒടിഞ്ഞു.. അന്ന് നിർത്തിയതാണ് ജോലിക്കുപോക്ക്.
നേരം പരുപരാന്ന് വെളുക്കുമ്പോ ഞാൻ വീട്ടിലെ ജോലിയൊക്കെ ഒതുക്കി പാറമടയിൽ പോകും. ദിവസകൂലിയാണ് അവിടെ.. വൈകിട്ട് കൊണ്ടുവരുന്ന പൈസ അടിയും തൊഴിയും തന്ന് ഇയാൾ കള്ളുകുടിക്കാൻ മേടിച്ചോണ്ട്പോകും . എന്നിട്ടും ഞാൻ വീട് വെച്ചു സാറേ.. കടങ്ങൾ ഒന്നുമില്ലാതെ 8 പവന്റെ സ്വർണവും നൽകി രണ്ട് പെമ്പിള്ളാരേം കെട്ടിച്ചുവിട്ടു. ഞാനൊരിക്കലും ഒന്നിനും കണക്കുപറഞ്ഞിട്ടില്ല സാറേ .
വീട്ടിൽ എന്നും അടിയും വഴക്കും ആരുന്നു... പിന്നെ എന്റെ അവിഹിതത്തെ പറ്റി പറഞ്ഞ മക്കൾ അച്ഛന്റെ കാര്യം പറഞ്ഞ് കേട്ടില്ല.. കള്ളുകുടി മാത്രമല്ല സാറേ വീട്ടിൽ പ്രായപൂർത്തിയായ പെണ്മക്കളുടെ മുൻപിലൂടെ പെണ്ണുങ്ങളെ കൊണ്ടുവരുമായിരുന്നു... അവർക്ക് ഞാൻ ദിവസം മുഴുവൻ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന പൈസ എന്നെ കാൺകെ എടുത്തുകൊടുക്കും.. ചോദിച്ചാലോ തടഞ്ഞാലോ അപ്പൊ അടികിട്ടും..
നിങ്ങളുടെ അച്ഛനെ പറ്റി ഈ പറഞ്ഞത് ശെരിയാണോ ?
സാറേ ആണുങ്ങളായാൽ ഇത്തിരി കുടിക്കും.. അത് സാധാരണമല്ലേ.. ഞങ്ങൾ രണ്ടുപേരുടെയും ഭർത്താക്കന്മാർ ഇടയ്ക്കിടെ കുടിക്കാറുണ്ട്.. വഴക്കും അടിയുമൊക്കെ എല്ലായിടത്തും ഇല്ലേ... ആണുങ്ങൾ ഇങ്ങനെ ചെയ്തുന്നു കണ്ട് പെണ്ണുങ്ങളും അങ്ങനെ തുടങ്ങിയാൽ ?
നിങ്ങൾ രണ്ട് ആഴ്ച മുൻപ് രാത്രിയിൽ മറ്റൊരാളുമായി ഒളിച്ചോടി എന്ന് പറയുന്നത് സത്യമാണോ ?
സാറേ.. ഞങ്ങൾക്ക് പാറമടയിൽ നിന്നും ദിവസേന 500 രൂപ കിട്ടുമാരുന്നു. കുറെ കാലം മുൻപ് അത് കൂട്ടി 600 ആക്കി.. ഇരുപത് വർഷമായിട്ട് അവിടത്തെ സൂപ്പർവൈസർ ആണ് ശേഖരൻ സാർ. അദ്ദേഹത്തിന് എന്റെ കഥകൾ എല്ലാമറിയാം. മിക്കവാറും ഉച്ചയ്ക്ക് കഴിക്കാൻ എനിക്ക് ഒന്നും കാണില്ല. അപ്പൊ സാറ് എന്തെങ്കിക്കും മേടിച്ചുതരും അങ്ങനെ അദ്ദേഹത്തിന്റെ വിഹിതത്തിലുള്ള ഭക്ഷണം പങ്കുവെച്ചതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അവിഹിത ബന്ധം ഉണ്ടായി എന്നിവരൊക്കെ പറഞ്ഞ് തുടങ്ങി.
പിന്നെ ഞാൻ സാറ് പറഞ്ഞതനുസരിച്ച് അറുനൂറിൽ നിന്ന് 100 രൂപ സാറിനു നൽകി. അതൊരു പോസ്റ്റ്‌ ഓഫീസിൽ അടക്കാൻ തുടങ്ങി. ഈയിടെ അതിന്റെ കാലാവധി കഴിഞ്ഞപ്പോ നല്ലൊരു തുക കിട്ടി.. ആദ്യം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നെ ഈ വൃദ്ധ മനസ്സിന്റെ അതിമോഹം എന്നുതന്നെ കൂട്ടിക്കോളൂ എനിക്ക് ഒരു ജോഡി മൊട്ടു കമ്മൽ മേടിക്കാൻ തോന്നി.. പിന്നൊന്നും ഓർത്തില്ല ഞാൻ പോയി മേടിച്ചു..
കല്യാണം കഴിഞ്ഞ ഒരാഴ്‌ചയാണ് ഞാൻ ജീവിതത്തിൽ ആകെ ഒരു മാലയും കമ്മലും ഇട്ടിട്ടുള്ളത്.
വീട്ടിൽ ചെന്നപ്പോ വഴക്കായി.. അയാൾ പറഞ്ഞു.. ഇത്‌ നിന്റെ മറ്റവൻ തന്നതല്ല എങ്കിൽ ഊരി രണ്ടുമക്കൾക്കും ഓരോന്ന് കൊടുക്കാൻ.. അവരും വീട്ടിൽ ഉണ്ടാരുന്നു ഞാൻ കൊടുത്തില്ല സാറേ... ഇയാൾ എന്റെ കാത് വലിച്ചുകീറി കമ്മൽ എടുത്ത് പിള്ളേർക്ക് കൊടുത്തു.. ചോര ഒഴുകുന്നത് കണ്ടപ്പോൾ ഞാൻ അയല്പക്കത്തുപോയി പഞ്ഞിവെച്ചു കെട്ടി.
കല്ലുപൊട്ടിച്ച് ഈ കൈകൾക്കും ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ഈ കാലുകൾക്കും കല്ലിന്റെ കൊട്ട തലയിൽ ചുമന്ന് ഈ ഉച്ചിക്കും ഭയങ്കര ഉറപ്പാണ് സാറെ.ഒടുവിലായിട്ട് ഇയാൾ മുഖത്തടിക്കുമ്പോൾ ചോര പൊടിയുമെങ്കിലും തലയ്ക്ക് അടിച്ചാൽ നോവാതെയായി . പക്ഷെ അന്ന് ചെവിയിൽ നിന്ന് വീണ ചോരയ്ക്ക് വിയർപ്പുമണമായിരുന്നെന്ന് ഇവർക്ക് മനസിലായില്ല.
എന്തോ തിരികെ ആ വീട്ടിലേക്ക് പോകാൻ തോന്നിയില്ല.. സാറിന്റെ കൂരയിൽ പോയി ഞാൻ ഇവിടെ നിന്നോട്ടെയെന്ന് ചോദിച്ചു.. സാറ് സമ്മതിച്ചു...
സാറിനറിയാമോ രണ്ട് ആഴ്ചകളായിട്ട് ഞാൻ ജോലിക്ക് പോകുന്നില്ല. കോഴി കൂവുമ്പോ ഉണരുന്നില്ല. ചാരായത്തിന്റെയോ ശർദിലിന്റെയോ നാറ്റമില്ലാത്ത കിടക്കയിൽ കിടക്കുന്നു. വേദനയ്ക്കുള്ള ഗുളിക മറന്ന രാത്രികൾ.
ഇപ്പൊ സാറ് ഉച്ചക്ക് ഊണിനു വരുമ്പോഴേയ്ക്കും ഞാൻ എല്ലാം പാകം ചെയ്ത് കാത്തിരിക്കും. ഞങ്ങൾ ഒരുമിച്ച് ഉണ്ണുന്നു ഉറങ്ങുന്നു.. തിണ്ണയിലൊരു കൃഷ്ണ വിഗ്രഹം ഉണ്ട് സന്ധ്യക്ക്‌ അവിടെ തിരികൊളുത്തുന്നു.. എനിക്ക് ഇതെല്ലാം പുതിയ അനുഭവങ്ങൾ ആണ് സാറേ
പിന്നെ സാറ് ആദ്യം ചോദിച്ചില്ലെ ഇത്രയും പ്രായമായ നിങ്ങൾക്ക് നാണമില്ലേ ? പിന്നെ സമൂഹത്തിന് എന്ത് സന്ദേശമാണ് ഞാൻ നൽകുന്നതെന്നൊക്കെ...
ഇല്ല സാറെ എനിക്ക് ഇപ്പൊ നാണമില്ല.
എനിക്ക് വിവാഹമോചനം വേണം.. എന്നിട്ട് എനിക്ക് ജീവിക്കണം.62 വയസ്സുള്ള വൃദ്ധ നിങ്ങളുടെ കാഴ്ച.. എനിക്കിപ്പോ 19 തികയുന്നതേയുളൂ എന്നാണ് എന്റെ മനസ്സ് പറയുന്നത്.
പിന്നെ എനിക്ക് ആർക്കും കൊടുക്കാൻ ഒരു സന്ദേശവുമില്ല.. എനിക്കും ആരും തന്നിട്ടില്ല..
ഒരു കാര്യം മാത്രം പറയാം.. ജീവിതം മറ്റാർക്കും, മറ്റൊന്നിനും വേണ്ടി മാറ്റിവെക്കരുത്.... തിരികെയെടുക്കാൻ ചെല്ലുമ്പോഴേക്കും അതിന്റെ തിരിയണഞ്ഞിട്ടുണ്ടാവും തീർച്ച.
വരട്ടെ സാറേ... നമസ്കാരം.

Jaya... 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot