ഈ അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ് , നായാട്ട്, നിഴൽ , ഓപ്പറേഷൻ ജാവ . ഈ സിനിമകൾക്ക് എനിക്ക് തോന്നിയ പ്രധാന സാമ്യം ഇവയൊന്നും തന്നെ നായകനെ ചുറ്റിപറ്റി മാത്രം വളരുന്ന ( അല്ലെങ്കിൽ വളർത്തുന്ന ) സിനിമകൾ അല്ല എന്നതാണ് . ഇവയിൽ കടന്നു വരുന്ന ഒരു ചെറിയ കഥാപാത്രത്തിനു പോലും വ്യക്തമായ സ്‌പേസും, ഐഡന്റിറ്റിയും നൽകിയാതായി കാണാം .അത് കൊണ്ട് തന്നെ കണ്ടിറങ്ങുമ്പോൾ പ്രധാന കഥാപാത്രത്തെക്കാൾ സിനിമയാണ് നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുക .
മേൽപ്പറഞ്ഞ സിനിമകളിൽ ഏറ്റവും ഇഷ്ടം ഏതൊന്നു ചോദിച്ചാൽ അർത്ഥ ശങ്കയ്ക്കിടയില്ലാതെ പറയും "ഓപ്പറേഷൻ ജാവ" യെന്ന് .
അതിനുള്ള പ്രധാന കാരണം മറ്റു രണ്ടു സിനിമകൾക്ക് പിറകിൽ സ്റ്റാറുകളും , പരിചയ സമ്പന്നരായ സംവിധായകരടക്കമുള്ള പിന്നണി പ്രവർത്തകർ അണിനിരക്കുമ്പോൾ, ജാവ തികച്ചും ഒരു പുതു നിരയുടെ സിനിമയാണ് .
അച്ചടക്കമുള്ള സ്‌ക്രിപ്പിറ്റിന്റെ പിൻബലത്തിൽ നടത്തിയ 'ഈ ഓപ്പറേഷന്റെ " വിജയം , കൈയ്യടക്കമുള്ള പുതു ഡോക്ടർമാർ ( സംവിധായകർ) കളത്തിലിറങ്ങാൻ പുറത്ത് അവസരം കാത്തിരിപ്പുണ്ട് എന്നതിന്റെ തെളിവാണ് . അവരാവും ഇനി മലയാള സിനിമയുടെ തലവര മാറ്റി എഴുതാൻ പോകുന്ന മേജർ സർജൻമാർ !!
ഇനി ഓപ്പറേഷൻ ജാവയുടെ ഓപ്പറേഷനിലേക്ക്.
അതിനു മുന്പ് രണ്ടു വരി .
2007 ലാണ് ഞാൻ കുവൈറ്റിൽ എത്തപെട്ടത് ( ഇതും ജാവയുമായി എന്ത് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ ബന്ധമുണ്ട് .. ഒരൽപം ക്ഷമിക്കുക ) . ഉറ്റവരോ ഉടയവരോ , സഹായിക്കാൻ ഇല്ലാതിരുന്ന ദിനങ്ങൾ . പച്ചവെള്ളം കുടിച്ചു ,ഒരു പാട് ജോലി തെണ്ടി മരുഭൂമിയുടെ ചൂടറിഞ്ഞ നാളുകൾ .. അവസാനം വളരെ തുച്ഛമായ ശബളത്തിന് ഒരു ട്രാൻസലേറ്റർ സെന്ററിൽ ടൈപ്പിസിറ്റ് ആയി ജോലികിട്ടി . രാവിലെ 7 മണിക്ക് ജോലിക്ക് കയറിയാൽ രാത്രി പത്ത് മണി വരെ ജോലിയോട് ജോലി തന്നെ .
തൊട്ടടുത്ത് കുവൈറ്റിലെ ലേഡീസ് യൂണീവേഴ്സിറ്റിയിൽ നിന്നും പിടിപ്പത് പണി വരും ( ഇവിടെ നമ്മുടെ നാട്ടിലെപോലെ എല്ലാ കുട്ടികളും നോട്ട് എഴുതി എടുക്കാറില്ല , ആരെങ്കിലും ഒരാൾ എഴുതും. അത് വാങ്ങി മറ്റുകുട്ടികൾ ഞങ്ങളുടെ അടുത്ത് വന്നു ടൈപ്പ് ചെയ്യിക്കും , സോഫ്റ്റ് കോപ്പിയുമായി മടങ്ങും. ) . ഒരു മലയാളി ആയിരുന്നു ആ സെന്ററിന്റെ ഇൻച്ചാർജ്ജ് . ജോലി ഇഷ്ടപ്പെട്ടാൽ അവിടെ സ്ഥിരപ്പെടുത്തമെന്നും , ശബളം കൂട്ടി തരാമെന്നും വാക്ക് പറഞ്ഞു ഉറപ്പിച്ചു . ശരിക്കുപറഞ്ഞാൽ പട്ടിയെപ്പോലെ പണി ചെയ്തു . രാത്രി ആവുമ്പോൾ കണ്ണിൽ നിന്നും പൊനീച്ച പറക്കും . ഉറങ്ങാൻ കണ്ണടച്ചാലും കംപ്യുട്ടറിന്റെ വെളിച്ചം കണ്ണിൽ കെടാതെ കറങ്ങും. തുച്ഛമായ ശബളം... മിച്ചമില്ലാത്ത ജീവിതം .അങ്ങിനെ രണ്ടു മാസം കടന്നു പോയി .
ഒരു ദിവസം രാവിലെ ജോലിക്ക് പോവാൻ തയ്യാറായി നിന്നപ്പോൾ , ഇൻച്ചാർജ്ജുള്ള മലയാളിയുടെ ഫോൺ വന്നു . "ഇവിടെ ലീവിന് പോയവൻ തിരിച്ചു വന്നു , അതിനാൽ ഇനി നിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു വെച്ചു ." കണ്ണ് നിറഞ്ഞു പോയി അങ്ങിനെ ഒന്ന് പെട്ടന്ന് കേട്ടപ്പോൾ . ശരിക്ക് പറഞ്ഞാൽ അതൊരു ലീവ് വേക്കൻസി ആണെന്നുള്ള കാര്യം എന്നിൽ നിന്നും ഒളിച്ചു വെക്കുകയായിരുന്നു അവർ .
ജോലി പോയതിനോടൊപ്പം അത്രയും നാൾ എന്നെ പറ്റിക്കുകയായിരുന്നു എന്നത് ഏറെ വേദനിപ്പിച്ചു. അവർ തന്ന യൂണിഫോം, പിറ്റേന്ന് അലക്കി തേച്ചു തിരിച്ചു കൊടുത്ത് ആ സ്ഥാപനത്തിന്റെ പടി ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞു, തൊണ്ട ഇടറിപ്പോയി ...!!! മുന്നിൽ ഭാവി, മരൂഭൂമി പോലെ ശൂന്യമായിരുന്നു !!. നിനച്ചിരിക്കാതെ ജോലിയിൽ നിന്നും നീക്കം ചെയ്യപെടുന്നവന്റെ കഠിന വേദന എന്തെന്ന് അറിഞ്ഞവനാണ് ഞാൻ ... അതറിഞ്ഞവർ തന്നെയാവും ബഹുഭൂരിപക്ഷം പ്രവാസികളും .
സിനിമ അവർക്ക് കൂടെ സമർപ്പിച്ചിരുന്നെങ്കിലെന്ന് അതുകൊണ്ടാവാം ഞാൻ കഠിനമായി ആഗ്രഹിച്ച് പോയതും .
ഇനി സിനിമയിലേക്ക് വരാം .
ഈ സിനിമ കാണുന്നത് വരെ സൈബർ സെൽ എന്നത് , ഓഫീസിൽ ഇരുന്നു കമ്പ്യൂട്ടറിൽ സേർച്ച് അടിച്ചു ഫയൽ കണ്ടുപിടിക്കുന്നത് പോലെ ലാഘവമായി പ്രതികളെ പിടിക്കുന്ന ഏർപ്പാട് ആണെന്നായിരുന്നു എന്റെ ചിന്ത. ഒപ്പം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ഇത്രമാത്രം ബോധവാനുമായിരുന്നില്ല താനും . സിനിമയിലെ ബാങ്ക് മാനേജരെപ്പോലെയാണ് അധിക പേരും , ഓ .ടി. പി ചോദിച്ചാൽ ഓർക്കാതെ കൊടുത്തു പോകുന്നവർ തന്നെയാണ് .
കഥയും , തിരക്കഥയും , സംവിധാനവും.
സൈബർ കുറ്റ കൃത്ത്യങ്ങളെക്കുറിച്ചു ബോധവാൻമാർ ആവേണ്ടതിലേക്ക് നമ്മെ ഉപദേശിക്കുന്നുണ്ട് , അല്ലെങ്കിൽ നയിക്കുന്നുണ്ട് ഈ സിനിമ . അവയൊക്കെ തന്നെ വെറും ഉപദേശങ്ങൾ ആയി പ്രേക്ഷകന് തോന്നാത്ത വിധത്തിൽ കഥയിൽ "ലയിപ്പിച്ചു" ചേർത്ത് വെച്ചിട്ടും ഉണ്ട് . അത് കൊണ്ട് തന്നെ ഒട്ടും ബോറടിക്കുന്നില്ല എന്ന് മാത്രമല്ല ചിരിച്ചും രസിച്ചും നമ്മൾ അവ ആസ്വദിച്ചു- ഉൾക്കൊണ്ടു മുൻപോട്ട് പോവും . അതാണ് കഥയും , തിരക്കഥയും , സംവിധാനവും ഒരുക്കിയ നവാഗതനായ തരുൺ മൂർത്തി ( ശരിക്ക് പറഞ്ഞാൽ ത്രിമൂർത്തി ) യുടെ കഴിവ് .. നമിക്കുന്നു ബ്രോ .
കഥയിൽ കടന്നു വരുന്ന ഒരു ചെറിയ കഥാപത്രത്തിന് പോലും സിനിമയിൽ സ്‌പേസും , ഐഡന്റിറ്റിയും നൽകിയിട്ടുണ്ട് . അത് കൊണ്ട് തന്നെ രണ്ടു സീനിൽ കടന്നു വരുന്ന കെ സ് ആർ ടി സി ഡ്രൈവർ പോലും മനസിൽ തങ്ങി നിൽക്കും .
അഭിനേതാക്കളെ കഥാപത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ച മിടുക്കു മുതൽ, സീനുകളുടെ തുടർച്ചയും , ചടുലതയും നിലനിർത്താൻ കാണിച്ച മിടുക്കും എടുത്ത് പറയേണ്ടതാണ് . കൂടുതൽ പറയണമെന്നുണ്ട് പക്ഷെ സ്ഥല സമയ പരിമിതി അനുവദിക്കുന്നില്ല .
സൈബർ കുറ്റങ്ങൾ കണ്ടു പിടിക്കാൻ നിയോഗിക്കപ്പെട്ടവർ പോലും അത്തരം കുറ്റങ്ങൾ ലാഘവത്തോടെ ചെയ്യുന്നു എന്ന ദുരന്ത സത്യം , ഭാവിയിൽ സൈബർ ക്രൈമുകൾ സമൂഹത്തെ എത്രമാത്രം വരിഞ്ഞു മുറുക്കും എന്നതിന്റെ ചൂണ്ടു പലകയാണ് . സണ്ണി ലിയോണിന്റെയും , സരിതയുടെയും ക്ലിപ്പ് ചോദിക്കുന്ന പോലീസ് കാരനും , തുണ്ടുകൾ, പ്രോഗ്രാം ഫയലിൽ ഒളിപ്പിച്ചാൽ കണ്ടു പിടിക്കാൻ കഴിയില്ല എന്ന സംശയം തീർക്കുന്ന സൈബർ സെൽ ഉദ്യോഗസ്ഥനും വിള തിന്നുന്ന വേലികൾ തന്നെ !!
ഇങ്ങനെ പറഞ്ഞു പോയാൽ ഇത് എവിടെയും അവസാനിക്കാതെ പോകും എന്നതിനാൽ ഇനി ഷോർട്ട് ആക്കാം
അഭിനയതാക്കൾ
പ്രധാന അഭിനയതാക്കൾ മാത്രമല്ല ,ഒന്ന് വന്ന് മിന്നിമറിയുന്നവർ പോലും മിന്നി തിളങ്ങുന്നുണ്ട് . ലൂക്ക്മാനെയും, ബാലു വര്ഗ്ഗീസിനെയും കമ്പയർ ചെയ്താൽ ഒരു പൊടിക്ക് ലൂക്ക് മാൻ മുന്നിൽ ആണെന്ന് പറയാം . പ്രത്യേകിച്ച് പെങ്ങൾ മരിച്ചത് ആ കുഞ്ഞിനോട് പറയുന്ന സീൻ.
ബാലു വര്ഗ്ഗീസും കട്ടക്ക് നിന്നെങ്കിലും , സംഭാഷങ്ങളുടെ മോഡുലേഷനിൽ കുറച്ചു പിറകിലാണ് കക്ഷി , ഒപ്പം എല്ലാ സിനിമകളിലും കാണുന്ന പതിവ് വിക്കി... വിക്കിയുള്ള സംഭാഷണ ശൈലി എത്ര അടക്കിപ്പിടിച്ചിട്ടും ചിലയിടങ്ങളിൽ പുറത്ത് ചാടുന്നത് കാണാം .
നായികയായി വന്ന കുട്ടി ഒരു പുതുമുഖത്തിന്റെ പതർച്ച ഇല്ലാതെ ചെയിതു , പ്രത്യേകിച്ച് "ആ മുഖത്ത് " അടിക്കുന്ന സീനിൽ . എന്നാൽ ബൈക്കിൽ പോവുമ്പോൾ അവനുമായി വാക്ക് തർക്കം ഉണ്ടാവുന്ന ഭാഗത്ത് കുറച്ചു അതിരു കടന്ന എക്സ്പ്രെഷൻ കൈയ്യിൽ നിന്ന് ഇട്ടു കളഞ്ഞതായി തോന്നി .
അത് പോലെ എടുത്ത് പറയേണ്ടതാണ് , ബിനു പപ്പുവിന്റെ പോലീസ് ഓഫീസർ . അദേഹത്ത്തിന്റെ പ്രണയവും , കല്യാണവും , മനോഹരമായി തന്നെ പറഞ്ഞു വെച്ചിരിക്കുന്നു . എല്ലാ സീനുകളിലും അദ്ദേഹം മികച്ചു നിൽക്കുമ്പോൾ തന്നെ ജോണി ആന്റണിയെ ഓഫീസിൽ വെച്ച് ചോദ്യം ചെയുന്ന സീനിൽ സംഭാഷണം ഡെലിവറി ചെയ്തിടത്ത് കുറച്ച് ആത്മവിശ്വാസക്കുറവും , കൃത്രിമത്വവും തോന്നി .
വിനായകൻ മുതൽ ബഷീർ ആയി അഭിനയിച്ച അലക്സാണ്ടർ വരെ കഴിവ് കൊണ്ട് മിഴിവേകി . എന്നാൽ വിനായകന്റെ ഭാര്യയായി വന്ന കഥാപാത്രത്തിന് ഒരു സംഭാഷണം പോലും നൽകാതെ മാറ്റി നിർത്തിയത്തിനോടുള്ള നീരസം മറച്ചു വെക്കുന്നില്ല .
പശ്ചാത്തല സംഗീതത്തിലെ സംഗീതം
ജെയ്ക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതം സിനിമയുമായി ഇഴകി ചേർന്ന് നിൽക്കുന്നതിനാൽ ഒരിടത്ത് പോലും അലോസരമാവുന്നില്ല എന്ന് മാത്രമല്ല , ത്രില്ലെർ , ക്രൈ സിനിമകളിൽ നിലവിൽ കോപ്പി പേസ്റ്റ് ചെയ്‌പ്പെടുന്ന രാക്ഷസിനിലെ ബേക്ക് ഗ്രൗണ്ട് സ്ക്രോരിനോളം മികച്ചതുമാണ്. അഭിനന്ദനങ്ങൾ ..
ഫയിസ് സിദ്ധിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ ചിത്രസംയോജനവും
ഈ ചിത്രത്തിന്റെ ഏറിയ ഭാഗവും ഷൂട്ടിംഗ് നിർവഹിക്കപ്പെട്ടിട്ടുള്ളത് രാത്രിയിൽ ആണ് . അത് കൊണ്ട് തന്നെ ഏതൊരു ഛായഗ്രഹകനും വെല്ലുവിളിയും ആണ് . പക്ഷെ രാത്രി കാഴ്ച്ചകൾ തീവ്രവും , സുവ്യക്തവുമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട് ഛായാഗ്രഹൻ .
കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ട് വരുന്ന സീൻ കേമറ, ആ പരിസരത്ത് നിന്ന കാഴ്ച്ക്കാരന്റെ കാഴ്ചപോലെയാണ് സീൻ നമ്മുക്ക് കാണിച്ചു തരുന്നത് . ഒരിടത്ത് പോലും സിനിമയിൽ കേമറയുടെ സാന്നിധ്യം നമ്മെ ശല്യപ്പെടുത്തുന്നില്ല . അത്ര മനോഹരമായി ആംഗിളുകൾപോലും തിരഞ്ഞെടുത്തിട്ടുണ്ട് .
ചിത്രസംയോജനം അധവാ എഡിറ്റിംഗ്
ഷൂട്ട് ചെയ്ത ഭാഗങ്ങൾക്ക് ജീവൻ വെക്കുന്നത് എഡിറ്റിങ് ടേബിളിൽ ആണെന്ന് കേട്ടിട്ടുണ്ട് . അത് തികച്ചും അന്വർത്ഥമാക്കുന്ന രീതിയിൽ ആണ് ഇതിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫ് നിർവഹിച്ചിട്ടുള്ളത് .
കൂട്ടിൽ നിന്നും നായ കുരയ്ക്കുന്ന സീനിൽ നിന്നും സ്‌ക്രീനിൽ ബ്ലാക്ക് ഇട്ട് , കണ്ണടച്ചു നിൽക്കുന്ന വിനായകൻ കണ്ണ് തുറക്കുന്ന സീനിലേക്ക് കൊണ്ട് വരുന്ന ഒരു മാന്ത്രിക എഡിറ്റിംഗ് ഉണ്ടലോ അതൊന്നു മതി ഈ മഹാന്റെ വിരുത് തിരിച്ചറിയാൻ . എഡിറ്റിങ്ങ് ടേബിളിൽ ഇനിയും പുതു ജന്മങ്ങൾ പിറന്നു വീഴട്ടെ .
ഇനി കുറച്ചു കുറ്റം പറച്ചിൽ
നായികയുടെ അച്ഛന്റെ ഡബ്ബിങ് ആവശ്യപ്പെടുന്നതിലും കൂടുതൽ ദയനീയത ഇട്ടുകളഞ്ഞതും , ആ കൗമാരക്കാരന്റെ അച്ഛൻറെയും അമ്മയുടെയും , ചലനങ്ങൾ മുതൽ സംഭാഷങ്ങങ്ങൾ വരെ വേണ്ട രീതിയിൽ സംവിധായകൻ ശ്രദ്ധിക്കാതെ പോയതും , ഫ്ലാറ്റിൽ നടക്കുന്ന കൊലപാതകത്തിലേക്ക് കഥ മാറുമ്പോൾ വേണ്ടത്ര ലിങ്ക് ഇല്ലാതെ "ഒരു ചാട്ടമായി" തോന്നുന്നതും കുറ്റങ്ങൾ ആയി പറയാം .
മേല്പറഞ്ഞതൊന്നും വലിയ കുറ്റങ്ങൾ അല്ല . കുഞ്ഞിനെ കണ്ണെഴുതി പൊട്ടു തൊടുവിച്ചാൽ , കണ്ണ് തട്ടാതിരിക്കാൻ കവിളിൽ കുത്തുന്ന കറുപ്പ് പോലെ ഒരു ചെറിയ പൊട്ട് . അത്ര കണ്ടാൽ മതി
ഡാറ്റയാണ് ഇന്നില്ലെ ഏറ്റവും വലിയ വിലപ്പനചരക്കെന്നും , പഠിക്കാത്തവന്റെ ക്രൈം തെരുവിലും
പഠിച്ചവന്റെ ക്രൈം ഓൺലൈനിലുമാണെന്ന് അടിവര ഇടുന്നുണ്ട് ഈ സിനിമ . ഒപ്പം ഇന്ന് വരെ ആരും പറയത്തവരുടെ ( താൽക്കാലിക ജീവനക്കാരുടെ , തൊഴിൽ അന്വേഷകരുടെ ) ജീവിതം കൂടെ വ്യകത്മായി ചേർത്ത് വെച്ചപ്പോൾ ..... ഓപ്പറേഷൻ സക്സസ് ..
ചുരുക്കത്തിൽ ഓപ്പറേഷൻ ജാവ ...ഓപ്പറേഷൻ സക്സസ് ..
മനോജ് കുമാർ കാപ്പാട് - കുവൈറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക