"നിനക്ക് എന്നും അവിടെ പോയി കിടന്നാലേ ഉറക്കം വരുകയുള്ളോ രാഖി? ഇവിടെ കിടന്നാലെന്താണ്? വയസ്സറിയിച്ച പെണ്ണാണ് നീ അതോർമ്മ വേണം. എത്ര പറഞ്ഞാലും ഈ പെണ്ണിന്റെ തലയിൽ കയറില്ല എന്ന് വെച്ചാൽ ഞാനെന്താണ് ചെയ്യുന്നത്?കിടന്നു വായിട്ടലക്കാനല്ലേ എനിക്ക് കഴിയൂ?".
തൊട്ടപ്പുറത്ത് താമസിക്കുന്ന ചെറിയമ്മയുടെ വീട്ടിൽ കിടന്നുറങ്ങാൻ പോകാൻ തുടങ്ങുന്ന രാഖിയോടായിരുന്നു അവളുടെ അമ്മയുടെ ചോദ്യം.
"അവിടെ കിടന്നാൽ നല്ല സുഖമായി ഉറങ്ങാം. നല്ല മെത്തയുമാണ്, ഇവിടെ തറയിൽ കിടക്കണ്ടേ? അതും വെറും നിലത്ത് ഷീറ്റ് വിരിച്ച്. അവിടെ ഫാനിനു നല്ല കാറ്റുമുണ്ട്, ഇവിടുത്തെ ഫാനിന്റെ കൂട്ട് കട കട ശബ്ദവുമില്ല,എത്ര ദിവസമായി അമ്മയോട് പറയുന്നു നല്ലൊരു ഫാൻ മേടിച്ചിടാൻ, അതെങ്ങനാ എന്ത് പറഞ്ഞാലും പൈസയില്ല എന്നല്ലേ മറുപടി. പിന്നെ അച്ഛന്റെ കൂർക്കം വലിയും, രണ്ട് വിരലുകൾ കൊണ്ട് ചെവി പൊത്തിയാലും കേൾക്കാം."
"എടി അധികപ്രസംഗി, വായടക്കെടി..എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം, നിനക്ക് വയസ്സ് പതിനാലായില്ലേ? ഇനിയെങ്കിലും അന്യ വീട്ടിൽ പോയുള്ള നിന്റെ കിടപ്പു മതിയാകണം, നീ അവിടെ പോയി കിടക്കുന്നത് അവർക്ക് വലിയ ഇഷ്ടമാണെന്നാണോ നിന്റെ വിചാരം? ബന്ധുക്കളായി പോയത് കൊണ്ട് എതിർത്തൊന്നും പറയുന്നില്ലെന്നേ ഉള്ളു."
"അതിനു ഞാൻ രേണുവിന്റെ മുറിയിൽ അല്ലെ കിടക്കുന്നത്? അവിടെ അവൾക്ക് മാത്രമായിട്ടു ഒരു മുറിയുള്ളത് കൊണ്ടല്ലേ? അല്ലാതെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും മുറിയിൽ അല്ലല്ലോ, ഇവിടെ നമുക്ക് മൂന്ന് പേർക്കും കൂടെ ഒരു മുറിയല്ലേ ഉള്ളു, അവിടെ കിടക്കാനാണ് എനിക്കിഷ്ടം.", രാഖി അറുത്തുമുറിച്ച് പറഞ്ഞു.
"ഞാനെന്ത് പറഞ്ഞാലും അതനുസരിക്കാതിരിക്കുന്നത് നിന്റെ ശീലമാണല്ലോ, അമ്മമാർ പറയുന്നത് കേൾക്കാൻ പഠിക്കണം ആദ്യം, അതെങ്ങനാ എന്ത് പറഞ്ഞാലും കുറെ ന്യായങ്ങൾ ഉണ്ടല്ലോ നിനക്ക് നിരത്താൻ, എന്തെങ്കിലും ചെയ്യ്. അവർ ഇനി അവിടെ കിടക്കേണ്ട എന്ന് പറയുന്നത് വരെ നീ അവിടെ കിടക്ക്, അടിച്ചു വളർത്തേണ്ട കാലമൊക്കെ കഴിഞ്ഞു, അനുസരിച്ചാൽ നിനക്ക് കൊള്ളാം, ഇതെന്നല്ല, എല്ലാം, പിന്നീട് അയ്യോ അമ്മ പറഞ്ഞത് കേൾക്കാമായിരുന്നു എന്ന് ഇരുന്നു പ്രയാസപ്പെടരുത് പറഞ്ഞേക്കാം."
"ഇതിലെന്താണ് അമ്മ ഇത്രയ്ക്ക് പ്രയാസപ്പെടാൻ ഉള്ളത്?, ഞാനവിടെ കിടന്നുറങ്ങുന്നു, രാവിലെ ഇങ്ങു വരുന്നു, അത്ര അല്ലെ ഉള്ളു?. ഞാൻ പോകുന്നു അവർ കതകടയ്ക്കുന്നതിനു മുൻപേ", രാഖി അമ്മയുടെ വാക്കുകൾ കേൾക്കാതെ അപ്പുറത്തെ വീട്ടിലേക്കു ഓടി. ഗേറ്റ് തുറന്നാൽ നേരെ എതിരെ കാണുന്നതാണ് രാഖിയുടെ ചെറിയമ്മയുടെ വീട്. രാഖി എപ്പോഴും ആ ഇരുനില വീടിനെ ചായം പൂശാത്ത തന്റെ മൂന്നു മുറികൾ മാത്രമുള്ള വീടുമായി താരതമ്യം ചെയ്യാറുണ്ട്, "എത്ര ഭംഗിയുള്ള വീടാണ് രേണുവിന്, അവൾ ഭാഗ്യവതിയാണ്, തനിക്ക് എന്നെങ്കിലും ഇത് പോലെ ഒരു വീട് സ്വന്തമാകുമോ?". രാഖിയേക്കാൾ ഒരു വയസ്സ് കൂടുതൽ ആണ് രേണുവിന് എങ്കിലും അവൾ രേണുവിനെ പേര് തന്നെ ആണ് വിളിക്കുന്നത്.
അമ്മയുടെ സ്ഥിരമുള്ള എതിർപ്പിനെ തെല്ലും വക വെയ്ക്കാതെ രാഖി എന്നും ഉറങ്ങാൻ അവിടെ തന്നെ പൊയ്ക്കൊണ്ടിരുന്നു. അവളുടെ ചെറിയമ്മയ്ക്ക് അതിനോട് വലിയ യോജിപ്പൊന്നുമില്ലായിരുന്നു, രേണുവിന് കിടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടും, പക്ഷെ അവളുടെ ചെറിയച്ഛന് അത് വലിയ ഇഷ്ടമായിരുന്നു അവൾ അവിടെ കിടക്കുന്നതിനോട്. ഇടയ്ക്ക് പകൽ എപ്പോഴെങ്കിലും കണ്ടാൽ അവളോട് പറയും, "രാഖി, ഇന്നിവിടെ വന്ന് കിടന്നോടി.", അത് അവൾക്ക് വലിയ സന്തോഷമായിരുന്നു, അവൾ കരുതിയിരുന്നത് ജീവിതത്തിന്റെ സന്തോഷം അടങ്ങിയിരിക്കുന്നത് ഇത്തരം സുഖഭോഗങ്ങളിൽ ആണെന്നാണ്.
രേണുവിനെ അവളുടെ അച്ഛൻ കുറെയേറെ കൊഞ്ചിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് രാഖിയ്ക്ക്. രാഖിയും ഒറ്റ മോളാണ് അവളുടെ അച്ഛനും അമ്മയ്ക്കും, പക്ഷെ അവളുടെ അച്ഛൻ കാർക്കശ്യക്കാരനാണ്, "രാഖി" എന്നല്ലാതെ "മോളെ" എന്നൊന്നും അവളെ വിളിക്കാറില്ല, പക്ഷെ രേണുവിനെ "രേണു മോളെ, രേണുകുട്ട" എന്നൊക്കെ അല്ലാതെ ചെറിയച്ഛൻ വിളിച്ചു കേട്ടിട്ടില്ല. അത് കൊണ്ടും കൂടിയാണ് രാഖിയുടെ മനസ്സിൽ രേണു ഭാഗ്യവതി ആണെന്ന ചിന്ത വേരുറച്ച് പോയത്.
രേണുവിന്റെ മുറി മുകളിലത്തെ നിലയിലും അവൾടെ അച്ഛന്റെയും അമ്മയുടെയും മുറി താഴെയുമാണ്. രേണുവിന്റെ മുറി പൂട്ടാൻ ഒരിക്കലും ചെറിയമ്മ സമ്മതിക്കാറില്ല.
അന്നും പതിവ് പോലെ രാഖി അവിടെ കിടക്കാൻ പോയി. കിടന്നതേ അവൾ ഉറക്കം പിടിച്ചു. ഇടയ്ക്കെപ്പോഴോ അവൾക്ക് തന്റെ ശരീരത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുകൾ പാതി തുറന്നു നോക്കുമ്പോൾ ജനാലയിൽ കൂടി ഉള്ളിലേക്കു വന്ന നിലാവെളിച്ചത്തിൽ അവൾ കണ്ടത് ഒരു കൈ തന്റെ നെഞ്ചിന്റെ ഭാഗത്തും, മറ്റേ കൈ തന്റെ കാലുകളുടെ ഇടയിലും വെച്ചു കൈകൾ വെച്ച ഭാഗത്തു തന്നെ ആർത്തിയോടെ നോക്കുന്ന അവളുടെ ചെറിയച്ഛനെ ആണ്.
വല്ലാത്തൊരു നടുക്കം അവളുടെ മനസ്സിനെ ബാധിച്ചു എങ്കിലും സമചിത്തതയോടെ പെരുമാറാൻ അവളുടെ ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു, ഒരു ചെറിയ ചുമ ചുമച്ചു അവൾ പതിയെ തിരിഞ്ഞു കിടന്നു, അവളുടെ തൊട്ടടുത്ത് രേണു ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്നു, അതിനിടയിൽ ഒളികണ്ണാൽ അവൾ കണ്ടു മുറിയിൽ നിന്ന് പുറത്തേക്ക് പായുന്ന ചെറിയച്ഛനെ. ആ രാത്രി അവൾക്ക് പിന്നീട് ഒട്ടും ഉറങ്ങാനോ കണ്ണുകൾ അടയ്ക്കാനോ സാധിച്ചില്ല, കണ്ടതും അറിഞ്ഞതും വിശ്വസിക്കാനാകാതെ ആകെ ഒരു മരവിപ്പായിരുന്നു. ശരീരം ചുട്ടുപൊള്ളുന്നത് പോലെ തോന്നി അവൾക്ക്. എന്നാലും സ്വന്തം അച്ഛനെ പോലെ കരുതിയ ആൾ...എല്ലാവർക്കും പ്രിയങ്കരനായ ഒരു കുടുംബസ്‌നേഹി... ചെറിയച്ഛനെ കണ്ട് പഠിക്കണം ഒരു കുടുംബം എങ്ങനെയാ നോക്കേണ്ടത് എന്ന് ബന്ധുക്കളിൽ മിക്കവരും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്, അങ്ങനെ ഒരാൾ ഇത് പോലെ പെരുമാറിയത് ഓർത്ത് മരവിപ്പോടെ അവൾ കിടന്നു.
സ്നേഹം പുരട്ടിയ വാക്കുകൾക്ക് പുറകിൽ ഈ നികൃഷ്ട മനസ്സായിരുന്നു എന്ന് വിറയലോടെ അവൾ ഉൾക്കൊണ്ടു. ഇടയ്ക്ക് മുറ്റം അടിച്ചു വാരാൻ ഒക്കെ ചെറിയച്ഛൻ അവളെ വിളിക്കാറുണ്ട്, അവൾ മുറ്റം അടിച്ചു തീരുന്നത് വരെ അവളെ തന്നെ നോക്കി അവളുടെ ചെറിയച്ഛൻ നിൽക്കാറുമുണ്ട്, കുനിഞ്ഞു നിന്ന് അതൊക്കെ ചെയ്യുമ്പോൾ അയാളുടെ കണ്ണ് ഉറപ്പായും അവളുടെ ശരീരത്തിനുള്ളിലായിരുന്നിരിക്കും എന്ന് അറപ്പോടെ അവൾ മനസിലാക്കി. കുറെ ഏറെ ചിന്തിച്ച് അവൾ നേരം വെളുപ്പിച്ചു, ചെറിയ വെളിച്ചം വീണതും അവൾ എണീറ്റ് വീടിന്റെ മുൻവാതിൽ തുറന്നു അത് ചേർത്തടച്ചു അവൾ സ്വന്തം വീട്ടിലേക്ക് പോയി.
വീട്ടിലേക്ക് കയറി അമ്മയ്‌ക്ക് മുഖം കൊടുക്കാതെ അവൾ വേഗം മുറിയിൽ ചെന്ന് ഷീറ്റ് തറയിൽ വിരിച്ചു കിടന്നു, ചുട്ടു പൊള്ളികൊണ്ടിരുന്ന അവളുടെ ശരീരം തണുക്കാൻ തുടങ്ങിയത് അപ്പോഴായിരുന്നു. ഉറക്കം കണ്ണുകളെ മൂടുമ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു, "എന്താടി സപ്രമഞ്ചത്തിൽ ഉറങ്ങിയിട്ടും നിനക്ക് മതിയായില്ലേ, ഇനി ഉറങ്ങിയാൽ എപ്പോ എണീക്കാനാ?സ്കൂളിൽ പോകണ്ടേ?.
"ഞാനിന്നു പോകുന്നില്ല, നല്ല തലവേദന, ഒന്നുറങ്ങട്ടെ.", പാതിമയക്കത്തിൽ അവൾ മറുപടി പറഞ്ഞു.
സംഭവിച്ചതൊന്നും അവൾ ആരോടും പറഞ്ഞില്ല, ചില സത്യങ്ങൾ പറയാൻ പാടില്ല, പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല, ഇനി വിശ്വസിച്ചാലോ ഭൂമികുലുക്കത്തെക്കാൾ ഭയാനകമായിരിക്കും അതേല്പിക്കുന്ന ആഘാതം, താനായിട്ടു ആരുടേയും ബന്ധങ്ങൾ ശിഥിലമാക്കിക്കൂടാ. രാഖി അതിശയിച്ചു, തനിക്ക് ഒട്ടും പക്വതയില്ലെന്നാണ് അമ്മ പറയുന്നത്, പക്ഷെ ഈ കാര്യത്തിൽ തനിക്കെങ്ങനെ ഇത്രയും പക്വമായി ചിന്തിക്കാൻ കഴിഞ്ഞു.
അന്ന് രാത്രി ചെറിയമ്മയുടെ വീട്ടിൽ പോകാതെ തങ്ങളുടെ മുറിയിൽ ഷീറ്റ് വിരിച്ചു കിടക്കാൻ തുടങ്ങിയ രാഖിയോട് അമ്മ ചോദിച്ചു , "എന്താടി നീ അപ്പുറത്ത് പോകുന്നില്ലേ?" .
"ഇല്ല, ഞാനിവിടെ കിടക്കുന്നെ ഉള്ളു."
"മ്മ്? എന്ത് പറ്റി സ്വയം തന്നെ തോന്നാൻ.. പോകണ്ട..ഇവിടെ കിടക്കാം എന്ന്?".
"ഓ അതോ, കുറച്ച് ദിവസമായിട്ടു അവിടെ ഭയങ്കര പാറ്റ ശല്യം, ഉറക്കത്തിനിടയിൽ വലിയ വലിയ പാറ്റ പറന്നു വന്നു കാലിലൊക്കെ കടിക്കുന്നു. അമ്മയ്ക്കറിയാമല്ലോ എനിക്ക് പാറ്റയെ പേടിയാണെന്ന്, ഞാനിനി ഇവിടെയെ കിടക്കുന്നുള്ളു."
"അപ്പൊ ഒരു പാറ്റ വേണ്ടി വന്നു നിനക്ക് അമ്മ പറഞ്ഞത് അനുസരിക്കാൻ, എന്തായാലും നന്നായി, അല്ലെങ്കിലും പെണ്പിള്ളേര് സ്വന്തം വീട്ടിൽ കിടന്നുറങ്ങണം, ശരി ഞാൻ പോയി കതകടച്ചു വരാം.", കതകടയ്ക്കുന്നതിനിടയിൽ ചെറിയച്ഛൻ ഗേറ്റിനടുത്തു വന്ന് "രാഖി വരുന്നില്ലേ?" എന്ന് ചോദിക്കുന്നതും, "ഇല്ല അവൾ ഇവിടെയെ കിടക്കുന്നുള്ളു രേണുവിന്റെ അച്ഛാ" എന്ന് നിഷ്കളങ്കമായി അമ്മ മറുപടി പറയുന്നതും കേട്ട്, ചോദ്യം ചോദിച്ച ആളോട് ദേഷ്യവും, അറപ്പും, വെറുപ്പും..ഉത്തരം പറഞ്ഞ ആളോടും ആളെ കുറിച്ചോർത്തു സ്നേഹവും, സങ്കടവും ഒരു പോലെ രാഖിയ്ക്ക് വന്നു.
അമ്മ പറഞ്ഞത് നേരത്തെ കേട്ടിരുന്നുവെങ്കിൽ തനിക്കിപ്പോൾ സങ്കടപെടേണ്ടി വരില്ലായിരുന്നു എന്നവൾ ചിന്തിച്ചു, അമ്മ പറഞ്ഞത് കേൾക്കാത്തതോർത്ത് പിന്നീട് പ്രയാസപ്പെടേണ്ടി വരരുത് എന്ന് എപ്പോഴും പറയുന്നത് ഈ കാര്യത്തിൽ സത്യമായി. തന്നെ പുറമേ സ്നേഹം കൊണ്ട് മൂടാത്ത അച്ഛനും അമ്മയുമുള്ള ഈ വീടാണ് സ്വർഗ്ഗവും സുരക്ഷിതവും.
രേണുവിനോടുള്ള ചെറിയച്ഛന്റെ സ്നേഹത്തിന്റെ ഭാവം ഏത് തരത്തിലുള്ളതാണെന്നു ഓർക്കാൻ അവൾ ആ സമയം ആഗ്രഹിച്ചില്ല, അതിനി ഏത് തരത്തിൽ ഉള്ളതാണെങ്കിലും തനിക്കതിൽ ഒന്നും ചെയാൻ കഴിയുകയില്ല എന്ന സത്യവും അവൾക്ക് അറിയാം.
അവൾക്ക് മനസിലായി ഭാഗ്യ നിർഭാഗ്യങ്ങൾ ഇരിക്കുന്നത് ജീവിതത്തിലെ സുരക്ഷിതത്വത്തിൽ ആണെന്ന്, അങ്ങനെ നോക്കുമ്പോൾ താൻ ആണ് രേണുവിനെക്കാളും ഭാഗ്യവതി, പക്ഷെ രേണു അവിടെ സുരക്ഷിത ആയിരിക്കുമോ എന്നോർത്തു അവൾക്ക് കിട്ടിയ ഭാഗ്യത്തിൽ തെല്ലും സന്തോഷം തോന്നിയില്ല രാഖിക്ക്.
എന്നിരുന്നാലും ചില പൊയ്മുഖങ്ങൾ അഴിഞ്ഞു വീണല്ലോ എന്ന സമാധാനത്തിൽ അവൾ ആ വിശാലമായ തറയിൽ നീണ്ടു നിവർന്നു കിടന്നു. കട്ടിലിൽ കിടന്ന് ഉറങ്ങുന്ന അച്ഛന്റെ കൂർക്കം വലി ശബ്ദം അവൾക്കപ്പോൾ ഒട്ടും അരോചകമായി തോന്നിയില്ല.
മഹാലക്ഷ്‌മി മനോജ്
Excellent writing by Mahalekshmi Manoj, the writing was kept simple but it sticked to the subject, a burning issue was addressed so beautifully. Well done.
ReplyDelete