ജീവിതത്തിന് ഏറ്റവും നിറം കൂടുതലുള്ള കാലം പഠനസമയം ആണല്ലോ. സ്കൂളും കോളേജ് ഉം എല്ലാം. അസൂയയും കുശുമ്പും ഒന്നുമില്ലാതെ, നിഷ്കളങ്കമായ സ്നേഹം പകുത്തുനൽകി, ജീവിതം ആഘോഷമാക്കിയ ഒരു സ്കൂൾകാലം ആയിരുന്നു എന്റേതും.
സ്കൂൾ പുസ്തകത്തിലെ മറക്കാനാവാത്ത ഒരു ഏടാണ് ഇവിടെ പകർത്തുന്നത്.. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. സ്കൂൾ കലോത്സവം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച. പതിവുപോലെ ലോങ്ങ് ബെൽ അടിക്കുന്നതിന്റെ തൊട്ടുമുന്നേ ആണ് ഞാൻ ക്ലാസ്സിൽ എത്തിയത്. അന്ന് അസംബ്ലിയിൽ എനിക്ക് ഫേവറിറ്റ് scientist നെ കുറിച്ച് പറയാനുണ്ട്. അതും മനസ്സിൽ ഉരുവിട്ടാണ് ക്ലാസ്സിലേക്ക് ഇടതുകാൽ വെച്ച് കയറിയത്.
ഏ..!!
ഇതെന്താപ്പൊ കഥ..!!
ഇതെന്റെ ക്ലാസ് തന്നെ ആണോ..!!
ശോകം അടിച്ചിരിക്കുന്നു പ്രതീഷും സനിലും രാഹുലും അനുവും സ്വാതിയും ഒക്കെ.. ഇവറ്റോൾക്കിത് എന്ത് പറ്റി. അല്ലെങ്കി ടോം ആൻഡ് ജെറി കാർട്ടൂൺ പോലെ ആണല്ലോ 7A.
ഞാൻ 3Kg ബാഗ് അൺലോഡ് ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നു.
"എന്താടി കാര്യം..?!"
"അപ്പൊ നീയൊന്നും അറിഞ്ഞില്ലേ.. ?!" അനു അവളുടെ ചുരുണ്ട സ്പ്രിങ് മുടി തലോടിക്കൊണ്ട് ചോദിച്ചു.
"ഇല്യാടി. ന്തുട്ടാണ്..?!"
എന്റെ മുഖ്യശത്രു രാഹുൽ പറഞ്ഞുതുടങ്ങി.
"എടി, ഇന്ന് രാത്രി 7.30ന് ഭൂമിയിൽ ഉൽക്ക വീഴും. എല്ലാവരും കത്തിചാമ്പലാവും. ഭൂമിയിൽ പിന്നൊന്നും ബാക്കി ഉണ്ടാവില്ല.."
"അതായത് നമുക്കിനി ഈ ഒരു പകൽ കൂടിയേ ബാക്കിയുള്ളൂ.." സനിൽ അവന്റെ പ്രായത്തിന് ചേരാത്തൊരു നെടുവീർപ്പോടെ പറഞ്ഞു.
"സത്യാന്നാടി തോന്നണെ. എന്റെ ചേച്ചിയും പറഞ്ഞു." ക്ലാസ്സിലെ ബെസ്റ്റ് സ്റ്റുഡന്റ് പ്രതീഷ് ഉം പിന്താങ്ങി.
ഒരു നിമിഷം അന്തംവിട്ട് നിന്നു ഞാൻ. ഉൽക്കയോ..?! അതെന്തൂട്ട് സാധനാ..?!
ആദ്യം കരുതി രാഹുലും സ്വാതിയും സനിലും ഒക്കെ പറ്റിക്കാവുംന്ന്. പ്രതീഷും അതിനൊപ്പം ഉള്ളതുകൊണ്ട് വിശ്വസിക്കാതെ തരമില്ല. അവനങ്ങനെ ഞങ്ങളുടെ കൂടെ ഉഡായിപ്പിനൊന്നും കൂടാറില്ലായിരുന്നു.
നെഞ്ച് തകർന്ന് ഞാൻ ബെഞ്ചിൽ പോയിരുന്നു. ആ ഉൽക്കപ്പേടിയിൽ പഠിച്ച scientist ഉം എന്നെ കൊഞ്ഞനംകുത്തി അസ്സെംബ്ലിക്ക് നാണം കെടുത്തി. അന്നത്തെ ജോഷിമഷിന്റെ കണക്കുക്ലാസ്സും ലോട്സ് ഓഫ് നിർവികാരത ആയിരുന്നു. മാഷ് ഓരോ കണക്കും ബോർഡിൽ ചെയ്യുമ്പോൾ എന്റെ ചിന്ത "ഓ എന്നാത്തിനാ മാഷേ ഇനി ഈ
+ഉം -ഉം ഒക്കെ. എല്ലാ കണക്കുകൂട്ടലും ഇന്നത്തോടെ തീരാൻ പോവല്ലേ. പിന്നെ എന്നാത്തിനാ ഹോം വർക്ക് ഒക്കെ" ഇതൊക്കെ ആയിരുന്നു.
+ഉം -ഉം ഒക്കെ. എല്ലാ കണക്കുകൂട്ടലും ഇന്നത്തോടെ തീരാൻ പോവല്ലേ. പിന്നെ എന്നാത്തിനാ ഹോം വർക്ക് ഒക്കെ" ഇതൊക്കെ ആയിരുന്നു.
അന്നത്തെ ഒരു പീരിഡ് ഉം ശ്രദ്ധിച്ചില്ല. എന്തിനാപ്പോ ശ്രദ്ധിച്ചിട്ട്..! ഞാൻ അകാലചരമം പ്രാപിക്കാൻ പോവല്ലേ. നാളെ മുതൽ സയൻസ് ഉം ഇല്യ, മാക്സ് ഉം ഇല്ല, ഉൽക്ക മാത്രം.
4 മണിക്ക് ലോങ്ങ് ബെൽ അടിച്ചപ്പോ ഞാൻ എല്ലാരേമൊന്ന് നോക്കി. ഗേറ്റ് ന്റെ അവിടെ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് സ്കൂളും ഒന്ന് നോക്കി. ഹാ.. വിധി..
കാഞ്ഞിരക്കോട് എത്തിപ്പൊ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ ചില്ലറക്കും തേൻനിലാവ് വാങ്ങി കഴിച്ചു. ദിവസേന ഒരു രൂപക്ക് മുട്ടായി വാങ്ങാനേ വീട്ടിന്ന് അനുവാദം ഉള്ളു. ഇനീപ്പോ നാളേക്ക് എടുത്ത് വെച്ചിട്ട് കാര്യമൊന്നും ഇല്ലല്ലോ. അങ്ങനെ ഓരോന്നാലോചിച്ച് ആടിത്തൂങ്ങി വീട്ടിൽ എത്തിയപ്പോഴുണ്ട്, യൂണിഫോം പോലും മാറ്റാതെ മുറ്റത്തിരുന്ന് കളിക്കുന്നു അനിയത്തി വാവ. സാധാരണ യൂണിഫോം മാറ്റാത്തതിന് ഞാനവളെ ചീത്തപറയാറുള്ളതാ. അന്ന് ഞാനൊന്നും പറഞ്ഞില്ല. കളിക്കട്ടേ. അവസാനത്തെ കളിയല്ലേ..
ബാഗ് അഴിച്ചുവെച്ച് ഞാൻ അടുക്കളയിൽ പോയി കുത്തിയിരുന്ന്. എന്റെ തിരുമോന്തയിലെ മ്ലാനത കണ്ടിട്ടാവണം, അമ്മ ചോദിച്ചു,
"ഇന്നെന്താണാവോ..?!"
"എന്താ..?!"
"അല്ല, എന്നും എന്തെങ്കിലുമൊക്കെ ഉണ്ടാവൂലോ മോന്ത വീർപ്പിക്കാൻ..!"
"ഉം"
"എന്താടി..?"
"അത്.... അമ്മേ.... ഉൽക്ക.....!"
"ഉൽക്കയോ..?!"
ഞാനന്ന് ക്ലാസ്സിൽ ഉണ്ടായ ഉൽക്ക ചർച്ചയും അസംബ്ലി ക്ക് നാണംകെട്ടതും ഒക്കെ അമ്മയോട് പറഞ്ഞു. എല്ലാം കേട്ടത്തിന് ശേഷം അമ്മ പറഞ്ഞു
"അങ്ങനെ പെട്ടന്നൊരു ദിവസം ഭൂമി ഇല്യാതാവൊന്നും ഇല്ല. ഇതൊക്കെ എന്റെ കുട്ടിക്കാലം തൊട്ട് കേൾക്കുന്നതാ. എന്നിട്ട് വല്ലതും ഉണ്ടായോ..!!"
"അപ്പൊ ഉൽക്ക വീഴില്ലേ..?!"
"ഇല്ലാന്ന് പറഞ്ഞില്ലേ പെണ്ണേ.."
ഞാൻ പരോൾ കിട്ട്യ പ്രതിയെപ്പോലെ തുള്ളിച്ചാടി, തിരിഞ്ഞുനോക്കുമ്പോളുണ്ട്, പിന്നിൽ വാവ നിൽക്കുന്നു. മുഖത്തൊരു അന്തംവിട്ട ലുക്ക്. ഞങ്ങൾതമ്മിൽ 5 , 6 വയസ്സിന് വ്യത്യാസം ഉള്ളതുകൊണ്ട് പണ്ടേ ഞാനവളെ വല്യ മൈൻഡ് വെക്കാറില്യ. പരമപുച്ഛം..
"വഴീന്ന് മാറിനിക്കെടി.."
അവള് അനുസരണയുള്ള ആട്ടിന്കുട്ടിയെ പോലെ വഴിമാറിത്തന്നു. ഇതെന്ത് പറ്റി..! സാധാരണ ഞാൻ പറയുന്നതൊന്നും കേൾക്കാറില്ലല്ലോ..! ഞാനവളെ ഒന്ന് നോക്കിപ്പേടിപ്പിച്ചിട്ട് ചായ കുടിക്കാൻ പോയി.
ക്ലാസ് കഴിഞ്ഞ് വന്നാൽ അമ്മ എന്തെങ്കിലും കുഞ്ഞുകുഞ്ഞ് പണികൾ തരും. ചെടി നനക്കുക, റൂം വൃത്തിയാക്കുക, ടവൽ കഴുകുക അങ്ങനെയൊക്കെ. അതൊക്കെയായി തിരക്കായപ്പോൾ ഞാൻ ഉൽക്കക്കാര്യം പെട്ടന്നങ്ങ് മറന്നു.
അന്നൊക്കെ രാത്രി അരമണിക്കൂർ പവർ കട്ട് ഉണ്ടല്ലോ. ആ സമയത്ത് ഞങ്ങൾ എല്ലാവരും കൂടി പുറത്തിരുന്ന് സംസാരിക്കും. അന്ന് പവർ കട്ട് ന്റെ നേരത്ത് നോക്കിയപ്പോൾ വാവയെ കാണാനില്ല..!വികൃതി ആയതോണ്ടും ചെറുതായോണ്ടും എല്ലാവരും പേടിച്ചു. പോരാത്തതിന് കിണർ മുറ്റത്ത് തന്നെ ആണ്.
നോക്കിയപ്പോൾ കക്ഷി ഉണ്ട്, ഒരു റൂമിൽ കട്ടിലിൽ വെള്ളത്തുണി ഒക്കെ പുതച്ച്, കയ്യിൽ കുരിശും കൊന്തയും ഒക്കെ പിടിച്ച് കിടക്കുന്നു. ലൈക് ഡെഡ്ബോഡി.
ചോദിച്ചപ്പോ പറയാ, ഉൽക്ക വീണ് നമ്മളെല്ലാവരും മരിക്കൂലെ, അതിനുവേണ്ടി ആദ്യമേ റെഡി ആയി കിടന്നതാണെന്ന്..!!
"ഹോ, എന്തെല്ലാം കാര്യമുള്ള കാര്യങ്ങൾ ഈ വീട്ടിൽ പറയുന്നു. ആവശ്യല്യാത്തത് മാത്രമേ കേൾക്കൂ, കുട്ടിപ്പിശാശ്.."
ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പഴേ അമ്മ പറയുന്നത് കേട്ടു . "അതെങ്ങനെയാ, എവിടുന്നേലും എന്തെങ്കിലുമൊക്കെ കേട്ടോണ്ട് വന്നോളും, കൊച്ചിനെ പേടിപ്പിക്കാൻ.. പ്രോത്സാഹനസമ്മാനം എനിക്ക്..
ദിൽന..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക