കണ്ണാടി ഭാഗം - 3 (അവസാന ഭാഗം)
---------------------------------------------------------
അച്ഛാ... എന്താണിതൊക്കെ എനിക്കറിഞ്ഞേ പറ്റു. എനിക്കിനിയും ഈ ടെൻഷൻ താങ്ങാൻ കഴിയില്ല. കുറെ ദിവസമായി ഞാനിത് മനസ്സിൽ കൊണ്ട് നടക്കുന്നു. അച്ഛനറിയാം അവൾ ആരാണെന്ന്. എനിക്ക് അതറിഞ്ഞേ തീരൂ...
അച്ഛൻ ഋഷിയുടെ മുഖത്തേക്ക് നോക്കി. അൽപനേരം മൗനമായിരുന്നു. അത്രയും നേരം ഋഷി അക്ഷമനായി കാത്തിരുന്നു. അച്ഛൻ എല്ലാം തുറന്ന് പറയും എന്ന് തന്നെ അവൻ വിശ്വസിച്ചു. ഇനിയും ഒന്നും മറച്ചു വക്കാൻ കഴിയില്ലെന്ന് അച്ഛനും തോന്നിയിട്ടുണ്ടാവണം. അച്ഛൻ മെല്ലെ സംസാരിക്കാൻ തുടങ്ങി.
ആക്സിഡന്റിന് മുൻപ് നീ ബാന്ഗ്ലൂർ ആയിരുന്നു. നിനക്കത് ഓർമ്മയുണ്ടാവില്ല. കാരണം നീ ആ സമയത്തെ സംഭവങ്ങൾ എല്ലാം ആ ആക്സിഡന്റൊടെ മറന്നു പോയി. അതുകൊണ്ടാണ് നിനക്ക് ഇവളെയും ഓർത്തെടുക്കാൻ കഴിയാത്തത്.
---------------------------------------------------------
അച്ഛാ... എന്താണിതൊക്കെ എനിക്കറിഞ്ഞേ പറ്റു. എനിക്കിനിയും ഈ ടെൻഷൻ താങ്ങാൻ കഴിയില്ല. കുറെ ദിവസമായി ഞാനിത് മനസ്സിൽ കൊണ്ട് നടക്കുന്നു. അച്ഛനറിയാം അവൾ ആരാണെന്ന്. എനിക്ക് അതറിഞ്ഞേ തീരൂ...
അച്ഛൻ ഋഷിയുടെ മുഖത്തേക്ക് നോക്കി. അൽപനേരം മൗനമായിരുന്നു. അത്രയും നേരം ഋഷി അക്ഷമനായി കാത്തിരുന്നു. അച്ഛൻ എല്ലാം തുറന്ന് പറയും എന്ന് തന്നെ അവൻ വിശ്വസിച്ചു. ഇനിയും ഒന്നും മറച്ചു വക്കാൻ കഴിയില്ലെന്ന് അച്ഛനും തോന്നിയിട്ടുണ്ടാവണം. അച്ഛൻ മെല്ലെ സംസാരിക്കാൻ തുടങ്ങി.
ആക്സിഡന്റിന് മുൻപ് നീ ബാന്ഗ്ലൂർ ആയിരുന്നു. നിനക്കത് ഓർമ്മയുണ്ടാവില്ല. കാരണം നീ ആ സമയത്തെ സംഭവങ്ങൾ എല്ലാം ആ ആക്സിഡന്റൊടെ മറന്നു പോയി. അതുകൊണ്ടാണ് നിനക്ക് ഇവളെയും ഓർത്തെടുക്കാൻ കഴിയാത്തത്.
അന്ന് ഞാൻ നിന്നോട് പറയാതെയാണ് നിന്നെ കാണാൻ വന്നത്. അതുകൊണ്ടാണ് എനിക്കും ഇവളെ കാണേണ്ടി വന്നത്. ഇവളുടെ പേര് ഷെറിൻ എന്നാണ്. നീയും ഇവളും അടുപ്പത്തിൽ ആയിരുന്നു. എന്നോടോ നിന്റെ അമ്മയോടോ ഒരു വാക്ക് പോലും നീ ഇവളെപ്പറ്റി പറഞ്ഞിട്ടില്ല. എന്നിട്ടും നീ ഞങ്ങളെ ചതിച്ചു. ഇവളുമൊന്നിച്ച് നീ താമസം തുടങ്ങിയിരുന്നു. ഞാൻ വന്നപ്പോൾ കണ്ടത് നിന്റെ മുറിയിൽ നിന്നിറങ്ങി വരുന്ന ഇവളെയാണ്.
എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ഞാൻ വല്ലാതെ ക്ഷോഭിച്ചാണ് അന്നവിടെ നിന്നും ഇറങ്ങിയത്. ഞാൻ നാട്ടിലെത്തുന്നതിനു മുന്നേ നീയും ഇവളും കൂടി യാത്ര തുടങ്ങി. ഇങ്ങോട്ട് തന്നെ ആയിരുന്നിരിക്കണം. പക്ഷെ പാതിവഴിയിൽ അപ്രതീക്ഷിതമായാണ് വണ്ടി ആക്സിഡന്റ് ആയത്.
ഒരുപാട് ഈശ്വരനെ വിളിച്ചിട്ടാ നിന്നെ ഞങ്ങൾക്ക് തിരിച്ച് കിട്ടിയത്. അപ്പോഴും നിന്റെ കുറെ നാളത്തെ ഓർമ്മകൾ നിനക്ക് നഷ്ടമായി. ഇനിയും നീ പഴയതൊക്കെ ഓർത്ത് വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത് മോനെ...
അച്ഛൻ അത്രയും പറഞ്ഞു നിർത്തി. പക്ഷെ ഋഷിക്ക് എന്തൊക്കെയോ പിന്നെയും ചോദിക്കണം എന്നുണ്ടായിരുന്നു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്റെ ജീവിതത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ പോലും അവനായില്ല. പിന്നെയും പിന്നെയും ഓർത്തെടുക്കാൻ അവൻ ശ്രമിച്ചുകൊണ്ട് ഇരുന്നു.
തലക്കകത്ത് വല്ലാത്ത പെരുപ്പ് പോലെ തോന്നാൻ തുടങ്ങി. വണ്ട് മൂളും പോലെ വല്ലാത്ത അസ്വസ്ഥത. അത് വല്ലാതെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ അവൻ ചെവികൾ രണ്ടും പൊത്തി പിടിച്ചു. എന്നിട്ടും അവന് ആ മൂളൽ അനുഭവപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ബോധ രഹിതനായി നിലത്ത് വീണു.
ഉണർന്നപ്പോൾ ഋഷി മുറിയിൽ ആയിരുന്നു. അച്ഛനും അമ്മയും അവന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. വേദന നിറഞ്ഞ മുഖത്തോടെ അവർ അവനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
ഇപ്പൊ എങ്ങനെയുണ്ട് മോനെ?
അച്ഛന്റെ ചോദ്യത്തിന് തെല്ലുനേരം കഴിഞ്ഞാണ് ഋഷി മറുപടി പറഞ്ഞത്.
കുഴപ്പമില്ലച്ഛാ...
കൂടുതൽ എന്തെങ്കിലും അച്ഛൻ ചോദിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. പക്ഷെ അച്ഛൻ മിണ്ടാതെ ഇരുന്നതേ ഉള്ളു. അല്പനേരത്തെ മൗനത്തിനു ശേഷം ഋഷി ചോദിച്ചു.
അവൾ ഇപ്പോൾ ജീവനോടെ ഇല്ല... അല്ലെ അച്ഛാ...?
അച്ഛൻ ഋഷിയെ നോക്കിയിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. പക്ഷെ ആ മൗനത്തിൽ നിന്നും ഉത്തരം വ്യക്തമായിരുന്നു. പിന്നെ ഋഷി ഒന്നും ചോദിക്കുകയുണ്ടായില്ല. പക്ഷെ ചോദ്യങ്ങൾ പലതും അവന്റെ മനസ്സിൽ ബാക്കിയായിരുന്നു. ഒന്നിനും അവന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല.
ഓർമ്മകളെ വീണ്ടെടുക്കാൻ അവൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഇടയിലെപ്പോഴോ അവൻ വീണ്ടും മയക്കത്തിലേക്ക് വീണു. ആ മയക്കത്തിൽ ഋഷി ഒരിക്കൽ കൂടി അവളെ കണ്ടു..
ഋഷി...
ആ വിളി അവന്റെ നഷ്ടപ്പെട്ട് പോയ ഓർമ്മകളിൽ നിന്നാണ് എന്നവന് തോന്നി. ആ വിളിക്കായി കാതോർത്തു. പിറ്റേന്ന് അവൻ ഉണർന്നത് ഒരു നിലവിളിയോടെ ആയിരുന്നു. അവന്റെ നിലവിളി കേട്ട് അച്ഛനും അമ്മയും ഓടി വന്നു.
അച്ഛാ... അവൾ ഷെറിൻ...
അച്ഛാ... അവൾ ഷെറിൻ...
അവൻ പിച്ചും പേയും പറയുംപോലെ നിലവിളിച്ചുകൊണ്ടിരുന്നു. അച്ഛൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ....
അവൾ അച്ഛാ.. അവൾ വന്നത്... അച്ഛൻ..
അവ്യക്തമായി എന്തൊക്കെയോ പറയാൻ ഋഷി ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അതെന്താണെന്ന് വ്യക്തമാകുവാനോ മുഴുമിപ്പിക്കാനോ അവന് ആയില്ല. അതിനുമുമ്പേ അവന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു.
ആശുപത്രിയിൽ വച്ചാണ് ഋഷി സ്വബോധത്തിലേക്ക് വന്നത്. അവന്റെ മനസ്സ് ശാന്തമായിരുന്നു. ഓർമ്മകളെ തിരഞ്ഞ് അവന് അലയേണ്ടി വന്നില്ല. എല്ലാ ഓർമ്മകളും അവനിലേക്ക് തിരിച്ച് വന്നു കഴിഞ്ഞിരുന്നു.
തിരിച്ച് വീട്ടിൽ എത്തിയതിന് ശേഷവും ഋഷി മൗനിയായിരുന്നു. അച്ഛനും അമ്മയും ഒക്കെ തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ഉറക്കെ വിളിച്ചു പറയാൻ അവന്റെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല.
ദിവസങ്ങൾക്ക് ശേഷം അവൻ ഒരു യാത്രക്ക് തയ്യാറെടുത്തു. അത് അവളെത്തേടിയുള്ള യാത്രയായിരുന്നു. ഷെറിൻ... അവൾ ജീവനോടെ ഇല്ല. എങ്കിലും അവൻ അവളെ തേടി യാത്ര പോവുകയാണ്. അവളുറങ്ങുന്ന സ്ഥലത്തേക്ക്...
ആ യാത്ര പക്ഷെ തനിച്ചായിരുന്നില്ല. അച്ഛനെയും അമ്മയെയും അവൻ കൂടെ കൂട്ടിയിരുന്നു. അവളുടെ കല്ലറക്ക് മുൻപിൽ നിന്നുകൊണ്ട് അവൻ പറഞ്ഞു
ഇവൾ.. ഷെറിൻ... ഇവൾ എന്റെ കാമുകിയല്ല.
അച്ഛനും അമ്മയും അത്ഭുതത്തോടെ അവനെ നോക്കി.
ഷെറിൻ തേടി വന്നത് എന്നെയല്ല. അച്ഛനെയാണ്. അച്ഛനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ അവൾ എന്നെ തേടി വന്നതാണ്. ഞങ്ങൾ അന്ന് അച്ഛന്റെ അടുത്തേക്ക് തന്നെയാണ് വന്നുകൊണ്ടിരുന്നത്.
അച്ഛൻ അതിശയത്തോടെ മകനെ നോക്കി.
ഇവൾ... അച്ഛന്റെ അനന്തിരവൾ ആണ്. പണ്ടെങ്ങോ അച്ഛനെ വിട്ട് ഇഷ്ടപെട്ട ആളിന്റെ കൂടെ ഇറങ്ങിപ്പോയ അച്ഛന്റെ കുഞ്ഞനുജത്തിയുടെ മകൾ. ഷെറിന്റെ അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. അമ്മയും കൂടി നഷ്ടപ്പെട്ടപ്പോൾ അവൾക്ക് മറ്റു ആശ്രയങ്ങൾ ഇല്ലാതായി. അമ്മ പറഞ്ഞു കൊടുത്ത അറിവ് വച്ച് അവൾ അച്ഛനെ തേടി വന്നതാണ്. ഞങ്ങൾ അച്ഛന്റെ അടുത്തേക്ക് വരാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോളായിരുന്നു അച്ഛൻ വന്നത്.
ഞങ്ങളെ കണ്ട അച്ഛൻ തെറ്റിദ്ധരിച്ചു. ഒന്നും പറയാൻ സമ്മതിക്കാതെ ദേഷ്യപ്പെട്ട് അച്ഛൻ ഇറങ്ങിപ്പോയി. പലതവണ ഞാൻ വിളിച്ചു നോക്കിയതാണ് അന്ന്. പക്ഷെ അച്ഛൻ അന്ന് എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായിരുന്നില്ല. നേരിട്ട് കണ്ട് കാര്യങ്ങൾ പറയാനാണ് ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടത്. പക്ഷെ...
ഋഷി അച്ഛനെ നോക്കി. പെയ്യാൻ തയ്യാറായി നിൽക്കുന്ന കാർമേഘങ്ങളത്രയും അച്ഛന്റെ മുഖത്ത് പ്രകടമായിരുന്നു. ഒരക്ഷരം പോലും അദ്ദേഹം ഉരിയാടിയില്ല. ഏറെ നേരം പിടിച്ച് നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു പെയ്തൊഴിയൽ അനിവാര്യമെന്ന് തോന്നിയത് കൊണ്ട് ഋഷി തടഞ്ഞില്ല.
കുറച്ച് നേരത്തിന് ശേഷം അദ്ദേഹം സ്വയം ആശ്വസിച്ചു. കരച്ചിൽ നേർത്ത് നേർത്ത് ഒരു വിതുമ്പലിൽ ഒതുങ്ങി. ഒടുവിൽ അതൊരു നിർവികാരതയിലേക്ക് വഴിമാറികൊടുത്തു. ഋഷി അപ്പോളും ഒന്നും മിണ്ടാതെ നിന്നു.
തിരിഞ്ഞ് നടക്കുമ്പോൾ അവൻ ഒരിക്കൽക്കൂടി തിരിഞ്ഞ് നോക്കി. അവളെ ഒരിക്കൽക്കൂടി കണ്ടെങ്കിൽ എന്ന് ഋഷി ആഗ്രഹിച്ചു. പക്ഷെ ഒന്നും കാണാൻ സാധിച്ചില്ല. മനസ്സ് കൊണ്ട് അവൻ അവളോടായി പറഞ്ഞു.
ഒരാശ്രയത്തിനായി നീ എന്നെ തേടി വന്നു. നിനക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സഹോദരി... മാപ്പ്...
(അവസാനിച്ചു)
(അവസാനിച്ചു)
Samini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക