Slider

കോലങ്ങൾ

0
കോലങ്ങൾ
**********************************************************************************
"എന്റെ കളരി പരമ്പര ദൈവങ്ങളെ അനർത്ഥമായല്ലോ" .
കാവിലെ തറവാട്ടമ്മ കുഞ്ഞാത്തോൽ നിലവിളി തുടങ്ങി.നിസ്സഹായനായി തന്റെ മോനെ കാത്തുകൊള്ളാൻ രവിയുടെ പിതാവ് കേശവനും ഉറക്കെക്കരഞ്ഞ് ഭഗവതിയോടു കേണപേക്ഷിച്ചു.
ആകാശത്തേക്കുയരുന്ന പുകച്ചുരുളുകൾ വായുവിൽ കറുത്ത രുപം വരച്ചു കൊണ്ടിരുന്നു .ഒറ്റനോട്ടത്തിൽ ഒരു വൃത്തത്തെ അഗ്നി വിഴുങ്ങിയതാണെന്നേ തോന്നൂ. പതിനാറു കോൽ പന്തങ്ങളിലും തീ ആളിപടർന്നു .രവി മുന്നോട്ടും പിറകോട്ടും ഓടി നോക്കി .ശരീരത്തിൽ ചുട്ടുപൊള്ളുന്ന ലാവ ആരോ കോരി ഒഴിച്ച പോലെ മാംസം അടർന്നു തുടങ്ങി.കോൽ പന്തങ്ങളുടെ കെട്ടു പൊട്ടി താഴെ പതിച്ചപ്പോൾ എടുത്തു ചാടി .പാതി പ്രജ്ഞയിൽ മലർന്നു വീണു . മുകളിൽ അവ്യക്തമായി ചുവപ്പും വെളുപ്പും കൊടി തോരണങ്ങൾ ഒപ്പം മുറുകി തുടങ്ങിയ മേളവും ...
അഗ്നി രൗദ്ര ഭാവം പൂണ്ട് ഇരുട്ടിനെ വിഴുങ്ങി കീഴടങ്ങിയതുപോലെ ശമിച്ചിരിക്കുന്നു .
"ആശുപത്രിയിലേക്കെടുക്കേണ്ടല്ലോ ? ചാത്തു വൈദ്യരെ വിളിക്കട്ടെ കേശവാ "
.കുഞ്ഞാത്തോൽ കേശവനോട് ചോദിച്ചു .അയാൾ ഒന്നും പ്രതികരിച്ചില്ല.അല്ലേലും പ്രതികരിച്ചിട്ടു കാര്യമില്ല.കീഴാളന്മാർക്ക് അനുസരിച്ചല്ലേ ശീലം .ആശുപത്രിയിൽ നിന്നും മടക്കിയത് വരെ വൈദ്യർ ഭേദമാക്കിയിട്ടുണ്ട്. ഇനിയൊരു അനർത്ഥം സംഭവിച്ചു കൂടാ.. തന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കുഞ്ഞാത്തോൽ വൈദ്യനെ വിളിക്കാൻ ഏർപ്പാടാക്കി.വെള്ളമുണ്ടും തോർത്തും കെട്ടിയ സഹായികൾ ചുറ്റും നിരന്നു നിന്നു.
"നിഷ്ഠകളൊക്കെ മുറക്ക് ചെയ്തില്ലേ കേശവാ?." തറവാട്ടിലെ മൂത്ത കാരണവർ നെഞ്ചിലെ വെളുത്ത രോമക്കൂട്ടിൽ കൈവെച്ചുകൊണ്ട് ചോദിച്ചു.
കേശവന്റെ മനസ്സ് പിടഞ്ഞു. വന്നു ഭവിച്ച വിപത്തിൽ മനംനൊന്ത ആ വൃദ്ധൻ ഓർമ്മകളിലെവിടേയോ വിശകലനത്തിലായിരുന്നു.
************************************************************************
" കേശവനില്ലേ".
പുതിയ കാവിലെ സമിതിക്കാരൊപ്പം കാരണവർ അപ്പു തിരുമേനിയും ഉണ്ടായിരുന്നു . വനജ തയ്യൽ നിർത്തി അച്ഛനെ വിളിച്ചു.
" ഇറയത്തേക്ക് കയറി ഇരുന്നാട്ടെ .ആരൊക്കെയാ ഇത്. "
കേശവൻ ഉള്ള ബെഞ്ചും കസേരയും ഓലമേഞ്ഞ ഇറയത്തേക്ക് നീക്കിയിട്ടു.
"വിരോധം ഒന്നും തോന്നരുത് .വിളിപ്പാടകലെ ആയിട്ടും ഒരു തെയ്യം കേശവന് കെട്ടാൻ കഴിഞ്ഞില്ലല്ലോ .ഇത്തവണ രാമു പണിക്കർക്ക് തീരെ വയ്യ. കാലാകാലങ്ങളായി അവരല്ലേ തെയ്യം കെട്ടിയത് .കൺഠാകർണ്ണനാണു കേശവന്റെ മികവിനെ പറ്റി കേട്ടിട്ടുണ്ട് .ഒപ്പം രവിയും ഉണ്ടല്ലോ".
കാരണവർ പറഞ്ഞു നിർത്തി .
സന്തോഷമേ ഉളളൂ വിരോധമില്ലെങ്കിൽ രവി കെട്ടട്ടെ.അവൻ രണ്ടു തവണ കെട്ടിയിട്ടുണ്ട് ൨൦ വർഷത്തോളം നൂറോളം തെയ്യങ്ങൾ മകൻ കെട്ടിയിട്ടുണ്ട്.ഞാനിപ്പോ നിർത്തി തുടങ്ങി . കേശവൻ കാരണവരോടായി പറഞ്ഞു.
സമ്മതം തന്നെ. കാരണവർ ദക്ഷിണ കൊടുത്തു.
വിളിപ്പാട്ടകളെയാണ് പുതിയകാവ് .കളരിപ്പറമ്പ് ദൈവങ്ങൾക്കൊപ്പം ഉപാസനാമൂർത്തി കൺഠാകർണ്ണൻ ആണ് .
മൈനപെണ്ണ് സ്കൂൾ വിട്ടു വന്നു പുളിമരത്തിൽ കയറാൻ തുടങ്ങി .മൈന കുട്ടി ഇവിടെ വാ പുതിയകാവിൽ ഇത്തവണ നിന്റച്ഛനാ തെയ്യം കെട്ടണത് .സന്തോഷായോ .കേശവൻ മൈനയെ വിളിച്ചു.
ഞാൻ കണ്ടിട്ടുണ്ട് ആ തെയ്യം തീപ്പന്തം വെച്ച് കെട്ടില്ലേ .നമുക്കത് വേണ്ട .മൈന പേടിയോടെ പറഞ്ഞു .എന്തിനാ അച്ഛാച്ച ഇങ്ങനെ തീ വെച്ച് കളിക്കുന്നേ.ശിവഭഗവാന്റെ കൺഠ ത്തിൽ നിന്നും ഉടലെടുത്ത
കൺഠാകര്ണ്ണന് ഭൂമിയിലേക്ക് പോവാൻ ശിവഭഗവാൻ കൊടുത്ത വേഷമാണ് മോളെ .തെയ്യം കെട്ടുമ്പോ ആ വേഷം കെട്ടേണ്ടേ എന്നാലേ ദൈവമാവൂ .
ദാരികാസുരനെ വധിച്ച ഭദ്രകാളിയുടെ വസൂരി മാറ്റാനാണ് ശിവഭഗവാൻ കൺഠാകർണ്ണനെ സൃഷ്ടിച്ചത് . ഭൂമിയിൽ എത്തിയ കണ്ഠകർണ്ണന്റെ വേഷത്തെ പരിഹസിച്ച കാശിരാജാവിനും വസൂരി വന്നു എന്നാണ് ഐതിഹ്യം .കൺ ഠാ കർണ്ണ പ്രീതിക്കാണ് തെയ്യം കെട്ടുന്നത് .കീഴാളന്മാരായ നമ്മൾ ദൈവത്തോടടുത്തു നിൽക്കുന്നു.അതുകൊണ്ട് ദൈവം കാത്തോളും .അയാൾ നെടുവീപ്പിട്ടു ..
*******************************************************************
കുട്ടിയിലൂടെ ഭഗവതി കാട്ടിത്തന്നല്ലോ ദൈവമേ ..
കേശവന്റെ മനസ്സ് പിടഞ്ഞു. വേഷവിധാനങ്ങളൊക്കെ ചിട്ടയോടെ തന്നെയാ ചെയ്തത് .പതിനാറു കോൽപ്പന്തങ്ങളും അരക്കു ചുറ്റും കെട്ടിയത് കേശവൻ തന്നെ.മുഖത്തെഴുത്തും കണ്ണിനു ചുറ്റും കറുത്ത ചായത്തിൽ വസൂരിക്കായി വെളുത്തകുത്തും ഇട്ടത് അയാൾ തന്നെ.
തോറ്റം പുറപ്പാടിലേ അനർത്ഥം കണ്ടതാ കുഞ്ഞാത്തോലെ ..കാരണവർ വീണുകിടക്കുന്ന സാധുവിനു മുന്നിൽ നിന്നും പറഞ്ഞു. തോറ്റം ചൊല്ലിയ സ്ത്രീക്ക് തലകറക്കം ഉണ്ടായത്രേ .
കത്തുന്ന കോൽപ്പന്തത്തിൽ വെളിച്ചം പോരെന്ന് പറഞ്ഞു നാട്ടുകാരായ സഹായികൾ എണ്ണ പകർന്നപ്പോൾ ഉള്ളു പിടഞ്ഞിരുന്നു. പ്രതികരിക്കാൻ തോന്നാത്തതിൽ സ്വയം ശപിച്ചു.ബലഹീനത കീഴാളർക്ക് പറഞ്ഞിട്ടുള്ളതല്ലേ. തന്റെ മകനെ രക്ഷിക്കാൻ കേശവൻ ഭഗവതിയോടു മനസ്സിൽ കേണുകൊണ്ടിരുന്നു
.
ഇനീപ്പോ വീട്ടിലേക്കെടുക്കുക വൈദ്യർ അവിടെ എത്തിക്കോളും .
തെയ്യം കാണാൻ കുറച്ചുപേരെ ഉണ്ടാവൂ .കുട്ടികളും സ്ത്രീകളുമൊക്കെ വർഷത്തിലൊരിക്കൽ റോഡിനിരുവശവും ഉയർന്നു പൊങ്ങുന്ന വഴി വാണിഭക്കാരുടെ ഷെഡിലേക്കും പടർന്നു പന്തലിച്ച ആൽമരത്തിന്റെ ചോട്ടിലെ കൈനോട്ടക്കാരന്റെ അടുത്തും ആയിരിക്കും.
ആരോ പരന്ന മരപ്പലക കൊണ്ട് വന്നു. വേപ്പില നിരത്തി രവിയെ അതിലേക്ക് കിടത്തി.മുന്നിലും പിന്നിലും ചൂട്ടയുമായി ഈരണ്ടു പേരും കട്ടിൽ താങ്ങി സഹായികളും വീട്ടിലോട്ടു പുറപ്പെട്ടു.
മൈനപ്പെണ്ണ് കയ്യിൽ വള അണിഞ്ഞോണ്ടിരിക്കുക ആയിരുന്നു .അച്ഛന്റെ കട്ടിൽ കണ്ടതും നിലവിളിച്ചു വീട്ടിലേക്കോടി .
ചെങ്കല്ല് ഒതുക്കിയ ഗോവണി ചവിട്ടി ചൂട്ടുകാരും സഹായികളും രവിയുടെ വീട്ടു നടയിലെത്തി .ചൂട്ടയുടെ വെളിച്ചത്തിൽ നടയിലെ കടലാസ് ചെടികൾ നിഴൽ ചിത്രം വരച്ചു.
******************************************************************
ചാത്തു വൈദ്യരും സഹായി അമ്പുവും അടുക്കിയ ചെങ്കൽ കോണി കയറി ഓല മേഞ്ഞ ഇറയത്തേക്ക് കയറി . മൈനപ്പെണ്ണ് തോളിൽത്തൂക്കിയ പിഞ്ഞിയ തോർത്തിൽ കണ്ണു തുടച്ചു.
ഇറയത്ത് ചിതലുകൾ ചാല് തീർത്ത് ദ്രവിച്ചു തുടങ്ങിയ മരമേശയിൽ രക്തവർണ്ണാങ്കിതമായ ആടയുടെ ശേഷിപ്പുകളും പാതി കത്തിയ കുരുത്തോല യും ചിതറിക്കിടന്നിരുന്നു. മരുന്ന് നിറച്ച സഞ്ചി കാലിളകിയ ബെഞ്ചിൽ ഇറക്കിവെച്ച് അമ്പുവും വൈദ്യരും അകത്തേക്ക് നടന്നു.
വടക്കേമുറിയിൽ നിന്ന് വനജയുടെ തേങ്ങലും
ഇടവിട്ടുള്ള രവിയുടെ ഞെരക്കവും ഹാർമോണിയം പെട്ടി തുറന്ന് വെച്ച പോലെ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരുന്നു.
പാതിവെന്ത ഉടലിന്റെ മണം ആ കുഞ്ഞു മുറിയെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.
മൈനപ്പെണ്ണ് കരിപിടിച്ച് തൂങ്ങിയാടുന്ന വയറിൽ ഘടിപ്പിച്ച സ്വിച്ചിട്ടു. ഇരുളടഞ്ഞ മുറിയിൽ ചെറിയ എൽ ഇ ഡി ബൾബ് വലിയ പ്രകാശം പരത്തി.
അവൾ മുന്നിലുള്ള മരക്കസേര വകഞ്ഞു മാറ്റി വടക്കേമുറിയിൽ നിന്ന് അമ്മയെ വിളിച്ചു.
വൈദ്യരെ കണ്ടതും വനജയുടെ നിലവിളി അധികമായി .
വൈദ്യർ മരക്കസേരയെടുത്ത് കട്ടിലിനു സമീപം ഇട്ടു കസേരയിലമർന്നിരുന്നു.
മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷത്തിലെന്ന പോലെ അർദ്ധബോധത്തിൽ വേദന കടിച്ചമർത്തി ദയനീയമായി രവി വൈദ്യരെ നോക്കി.
തോലിളകി അടർന്ന കൈകാലുകളിലും ഇടുപ്പിലും വൈദ്യർ തൈലം പുരട്ടി .പൊള്ളലേറ്റ ഇടത്തെല്ലാം വൈദ്യർ തന്റെ മാന്ത്രിക മരുന്നു പുരട്ടിക്കൊണ്ടിരുന്നു.
രവിയെ ചെരിച്ചു കിടത്തുമ്പോൾ ഇളകി നീങ്ങുന്ന കൃഷ്ണമണികളിലെ ദയനീയ ഭാവം വൈദ്യർക്ക് മനസ്സായി.
"ഭയപ്പെടാനൊന്നുമില്ല. പൂർണ്ണമായും സുഖപ്പെടും."
ചാത്തു വൈദ്യർ രവിയുടെ ചായം തേച്ച മുഖത്ത് തട്ടി സമാധാനിപ്പിച്ചു.
കണ്ണിനു ചുറ്റും വരച്ച കറുത്ത ചായത്തിലെ വസൂരിയെ സൂചിപ്പിക്കുന്ന വെളുത്ത കുത്തുകൾക്കിടയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.
"നീറ്റൽ ശകലം കൂടി പിന്നെ കുറഞ്ഞോളും ."
മുഖത്തെ ചായം തുടക്കാനുള്ള തൈലം വൈദ്യർ അവർക്കു നൽകി പറഞ്ഞു .
വടക്കേ കാവിലപ്പോൾ അടുത്ത തെയ്യത്തിനുള്ള തോറ്റംപാട്ടിനൊപ്പം മേളവും മുറുകിത്തുടങ്ങിയിരുന്നു.
(കവിതാസഫൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo