Slider

വിധി തന്ന നിധി

0
വിധി തന്ന നിധി
============
ജോലി കഴിഞ്ഞു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് സതീശന്റെ മൊബൈൽ ശബ്‌ദിച്ചത് ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ അയാൾ കയ്യെത്തിച്ചു മൊബൈൽ എടുത്തു നോക്കി. ഭാര്യയുടെ മെസ്സേജ് വാട്സാപ്പിൽ വന്നതിന്റെ ശബ്ദമാണ് കേട്ടത്... ഇവൾ ഇങ്ങിനെയാണ് മെസ്സേജ് അയച്ചു കൊണ്ടേ ഇരിക്കും ഇപ്പോൾ എടുത്തു നോക്കണ്ട റീഡ് ചെയ്തതിന്റെ അടയാളം അവിടെ കിട്ടും പിന്നെ മറുപടി കൊടുത്തില്ലെങ്കിൽ വേറെ ഒരു നൂറു ചോദ്യത്തിനും ഉത്തരം കൊടുക്കേണ്ടി വരും. ഇഷ്ടം കൂടിയിട്ടാണ്. ഇഷ്ടം കൊണ്ടുള്ള സ്വാർത്ഥത. അല്ലെങ്കിൽ തന്നെ അവൾക്ക് താനും തനിക്ക് അവളും മാത്രമല്ലേയുള്ളൂ. ഒരു കുഞ്ഞിക്കാൽ കാണാനുള്ള അദമ്യമായ ആഗ്രഹത്തിനോടുവിൽ അവൾ തന്റെ മകളും താൻ അവളുടെ മകനുമായി. പെട്ടെന്ന് മുമ്പിലേക്ക് കയറിവന്ന ലോറിയിൽ നിന്ന് വെട്ടിച്ചൊഴിച്ചു മറ്റുന്നതിനിടയിൽ സതീശന്റെ ചിന്ത മുറിഞ്ഞു.
സതീശൻ കോയമ്പത്തൂരിൽ ഒരു തുണിക്കടയിൽ മാനേജർ ആയി ജോലി നോക്കുന്നു. ആഴ്ച്ചയുടെ അവസാനദിവസം തൃശൂരുള്ള വീട്ടിലേക്ക് വരും. ഇന്നും പതിവുപോലെ വീട്ടിലേക്ക് വരികയാണ്. ഇനിയങ്ങോട്ട് കുറച്ചു ദൂരം വാഹന സഞ്ചാരം അധികമില്ലാത്ത റോഡാണ്. അതിനോടനുബന്ധിച്ചു ചില കോളനികൾ ഉണ്ട്. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ തിങ്ങിപ്പാർക്കുന്ന ഇടം. കൂലിപ്പണിക്കാർ മുതൽ കൂലിത്തല്ലുകാർ വരെ. സതീശന് അവിടെത്തുമ്പോൾ ചെറിയ ഉൾക്കിടിലമാണ്. കാരണം ചിലപ്പോൾ വണ്ടി തടഞ്ഞു നിർത്തി കയ്യിലുള്ള പണം കത്തി കാട്ടി വാങ്ങിയെടുക്കും. ദൂരെ നിന്നെ കണ്ടു റോഡിലെങ്ങും ആരുമില്ല. കോളനീയിലേക്ക് തിരിയുന്ന റോഡിന്റെ അടുത്തേക്ക് ഇരുന്നൂറ് മീറ്റർ ദൂരം മാത്രമുള്ളപ്പോൾ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു. ഏകദേശം മൂന്ന് വയസ്സുള്ള ഒരു പെൺകുഞ്ഞു കോളനി റോഡിൽ നിന്നും വന്ന് പ്രധാന പാതയിലേക്ക് കയറി തന്റെ കാറിന് അഭിമുഖമായി ഓടി വരുന്നു.
കാറിന്റെ അടുത്തെത്താറായതും പെട്ടെന്ന് പുറകിലൂടെ ഓടി വന്ന അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ ആ കുട്ടിയെ പിടികൂടി. കുട്ടിയെ പിടികൂടിയതും അയാൾ കയ്യിലിരുന്ന ചൂരൽ വടി അന്തരീക്ഷത്തിൽ വീശി കുട്ടിയുടെ തുടകളിൽ ആഞ്ഞടിച്ചു. ഒപ്പം ആക്രോശിച്ചു..
" നായേ ... കൊന്ന് പോട്ടിടുവേൻ... "
" അമ്മേ... അയ്യോ... തല്ലല്ലേ.. തല്ലല്ലേ... " ആ കുട്ടിയുടെ അലറികരച്ചിൽ കാറിന്റെ ഗ്ലാസ്സുകൾ ഉയർത്തി വെച്ചിരുന്നിട്ടു കൂടി സതീശന്റെ കാതുകളിൽ എത്തി. ആ കാഴ്ച്ച കാണാൻ കരുത്തില്ലാതെ സതീശൻ കണ്ണുകൾ ഇറുക്കിയടച്ചു.
ആ കുട്ടിയുടെ വാവിട്ടുള്ള അലറി കരച്ചിൽ അകന്നകന്നു പോയപ്പോൾ സതീശൻ മെല്ലെ കണ്ണുകൾ തുറന്നു. ആ കുട്ടിയെ അയാൾ വലിച്ചു കൊണ്ടു പോകുന്നത് സതീശന് കാണാൻ സാധിച്ചു. തന്റെ കുഞ്ഞു ശരീരം കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ കണ്ടപ്പോൾ സതീശന്റെ മനസ്സൊന്ന് നൊന്തു.
പെട്ടെന്ന് തലച്ചോറിലേക്ക് എന്തോ രശ്മികൾ പാഞ്ഞു. ആ കുട്ടിയുടെ ശുദ്ധമായ മലയാളം.. അയാളുടെ തമിഴിലുള്ള ശകാരം...
വീണ്ടും അയാൾ ആ കുട്ടിയെ തല്ലുന്നത് കണ്ടപ്പോൾ സതീശൻ സ്വയമറിയാതെ ഡോർ തുറന്ന് പുറത്തിറങ്ങി. ആ കുട്ടിയുടെ തല്ലല്ലേ തല്ലല്ലേ എന്ന നിലവിളികൾ ഏതൊരാളിന്റെയും ഹൃദയം തകർക്കാൻ പോന്നവയായിരുന്നു. മാത്രമല്ല സമീപകാലത്ത് കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോകൾ ഒരുപാട് കണ്ടു മനം നൊന്തതിന്റെയോ സ്വന്തമായി ഒരു കുട്ടി ഇല്ലാത്തതിനാലോ എന്താണെന്നറിയില്ല പ്രതികരിക്കാനാണ് സതീശന് തോന്നിയത്.
അയാൾ കോളനീയിലേക്കുള്ള വഴിയിലേക്ക് എത്തുന്നതിന് മുമ്പായി അയാളുടെ പുറകിലെത്തിയ സതീശൻ കാലുകളുയർത്തി അയാളുടെ പുറത്തു ആഞ്ഞു ചവിട്ടി. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ അയാൾ മുമ്പിലുള്ള പൊന്തക്കാട്ടിലേക്ക് മറിഞ്ഞു വീണു. അതേസമയം തന്നെ സതീശൻ കുട്ടിയെ എടുത്ത് ഓടിവന്നു വണ്ടിയിൽ കയറി. അയാളുടെ നിലവിളി ശബ്ദം കേട്ടു മറ്റുള്ളവർ ഓടി വരുന്നതിന് മുമ്പേ സതീശൻ വേഗത്തിൽ കാർ ഓടിച്ചു.
പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിൽ ഭയന്നു പോയ കുട്ടി വീണ്ടും കരയാൻ തുടങ്ങിയിരുന്നു.
" മോള് കരയണ്ടാട്ടോ.. അങ്കിൾ മോളെ ഒന്നും ചെയ്യില്ല."
ആ കുട്ടി ഒന്നും മനസ്സിലാകാതെ സതീശന്റെ മുഖത്തേക്ക് നോക്കി ഏങ്ങലടിച്ചു കൊണ്ടിരുന്നു.
" ന്നെ തല്ലും.... ന്നെ തല്ലും..." ആ കുട്ടി ഏങ്ങലിന്റെ ഇടയിലൂടെ വിക്കി വിക്കി പറഞ്ഞു കൊണ്ടിരുന്നു.
സതീശൻ കാർ നിർത്തി ആ കുട്ടിയെ എടുത്ത് മടിയിൽ ഇരുത്തി തലമുടിയിൽ തഴുകി. " മോളെ ഇനിയാരും തല്ലില്ല ട്ടോ.. കരയണ്ട.. " ആ കുട്ടിയ്ക്ക് എന്തോ വിശ്വാസം വന്നത് പോലെ തോന്നി. എങ്കിലും ഏങ്ങലുകൾ ഇടവിട്ട് വന്നു കൊണ്ടിരുന്നു. " എന്താ മോളുടെ പേര് ".
" അ..മ്മു... " ആ കുട്ടി എങ്ങുന്നതിന്റെ ഇടയിലൂടെ വിക്കി വിക്കി പറഞ്ഞു..
" അതാരാ അമ്മൂന്റെ.. "
" മാമൻ... "
" അപ്പൊ അമ്മൂന്റെ അച്ഛനും അമ്മയുമോ..."
" മ്മൂന് ച്ഛ മ്മ ഇല്ല.. മാമൻ ന്നെ തല്ലും... ന്നെ തല്ലും... "ആ കുട്ടി വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
" അമ്മു എന്റെ കൂടെ പോരുന്നോ... അമ്മൂനെ ഒരിക്കലും തല്ലില്ല.. എന്നും മിട്ടായി വാങ്ങി തരാം.. പുതിയ പുതിയ ഉടുപ്പ് വാങ്ങി തരാം.. കൊറേ കൊറേ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാം.. എന്റെ കൂടെ പോരുന്നോ..."
അമ്മു സതീശന്റെ മുഖത്തേക്ക് നോക്കി. അമ്മുവിന് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു. എങ്കിലും മിട്ടായി, കളിപ്പാട്ടങ്ങൾ എന്നതൊക്കെ അമ്മുവിനെ മോഹിപ്പിച്ചെന്നു തോന്നുന്നു. അടിക്കില്ല എന്നത് കൂടിയായപ്പോൾ അമ്മു തലയാട്ടി.
സതീശൻ അമ്മുവിനെ മടിയിൽ നിന്നിറക്കി സീറ്റിൽ ഇരുത്തി സീറ്റ് ബെൽറ്റ് ധരിപ്പിച്ചു. വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോകുമ്പോഴും ഇനിയെന്തെന്നോ താൻ എന്തിനാണ് ഇങ്ങിനെയൊക്കെ ചെയ്തതെന്നോ സതീശന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. അമ്മുവിനെ ഒന്ന് പാളി നോക്കിയപ്പോൾ അമ്മു വഴിയരികിലൂടെ കടന്ന് പോകുന്ന കാഴ്ചകൾ അത്ഭുതത്തോട് കൂടി നോക്കിയിരിക്കുകയാണ്. ഇടയ്ക്ക് സംശയത്തോട് കൂടി സതീശനെ നോക്കുന്നുണ്ട്. നോക്കുമ്പോഴൊക്കെ സതീശൻ ചിരിച്ചു കാണിക്കും. അതിടയ്ക്കിടെ ആവർത്തിച്ചപ്പോൾ അമ്മുവും തിരിച്ചു ചിരിക്കാൻ തുടങ്ങി.
വഴിയരികിൽ കണ്ട കടയുടെ അടുത്ത് ചേർത്ത് നിർത്തി കാറിൽ നിന്നിറങ്ങാതെ തന്നെ കടയിൽ നിന്നും കുറച്ചു മിട്ടായികളും ചോക്കളേറ്റുകളും വാങ്ങി അമ്മുവിന് നീട്ടി ആദ്യമൊന്ന് മടിച്ചെങ്കിലും പെട്ടെന്ന് തന്നെ അമ്മു അത് വാങ്ങി. അമ്മുവിനുള്ളതാ കഴിച്ചോ എന്ന ശബ്ദം കേട്ടതിനൊപ്പം അത് കഴിക്കാനും ആരംഭിച്ചു.
കാർ പിന്നെയും ഓടിക്കൊണ്ടിരുന്നു. ഇപ്പോൾ അമ്മു ഉറങ്ങിയിരിക്കുന്നു. ചെറിയൊരു പുഞ്ചിരി അമ്മുവിൻറെ മുഖത്തു ഇപ്പോഴുണ്ട്. അത് വീക്ഷിച്ചപ്പോൾ സതീശന് ഒരു വാത്സല്യം തോന്നി. കയ്യെത്തിച്ചു കാറിന്റെ ഡാഷ് തുറന്ന് മൊബൈലെടുത്ത് ഭാര്യ രുഗ്മയ്ക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്‌തു " നിനക്കൊരു സർപ്രൈസുണ്ട്.... കാത്തിരിക്കുക.. ഞാൻ വന്നു കൊണ്ടിരിക്കുന്നു "
സെന്റ് ബട്ടണിൽ വിരലമർത്തിയ ശേഷം സതീശൻ മൊബൈൽ സൈലന്റ് മോഡിൽ ആക്കി ഡാഷിലേക്ക് തന്നെ വെച്ചു. അല്ലെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങും എന്താ എന്താ എന്നുള്ള ചോദ്യവും വിളിയും. ഒരു പെണ്ണിനും സഹിക്കാൻ പറ്റുന്ന ഒന്നല്ല ആകാംക്ഷ എന്നത് സതീശന് നല്ലത് പോലെ അറിയാം.
പ്രതീക്ഷിച്ചത് പോലെ തന്നെ വീടിന്റെ ഗേറ്റ് തുറന്നപ്പോഴേ കണ്ടു സിറ്റൗട്ടിൽ കാത്തിരിക്കുന്ന രുഗ്മയെ. കാർ പാർക്ക് ചെയ്യുമ്പോളേ ഓടി വന്നു. ഡോർ തുറന്ന് പുറത്തിറങ്ങിയ സതീശനെ അടിമുടി നോക്കി. പ്രത്യേകിച്ചൊന്നും കയ്യിലില്ല. അപ്പോഴും മറുവശത്തെ സീറ്റിലേക്ക് നോക്കിയില്ല അവൾ. അവിടെ പ്രത്യേകിച്ചു ഒന്നുമില്ലല്ലോ. പുറത്തിറങ്ങിയ സതീശൻ അവളോടൊന്നും മിണ്ടാതെ മറുവശത്തേക്ക് പോയപ്പോഴാണ് അവളും നോക്കിയത്.
" ഇതാരാ സതീശേട്ടാ ഈ കുട്ടി " ആ ചോദ്യത്തിൽ എല്ലാ അമ്പരപ്പുമുണ്ടായിരുന്നു. സതീശൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടക്കുന്നതിനെ അനുഗമിക്കുമ്പോഴും രുഗ്മയുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങളായിരുന്നു. ' സതീശേട്ടന്റെ കുട്ടി ' എന്ന ചിന്തയിലെത്തിയതും എന്തിനെന്നറിയാതെ രുഗ്മയുടെ മിഴികൾ നിറഞ്ഞു. അമ്മുവിനെ ബെഡിൽ കിടത്തി തിരിഞ്ഞ സതീശൻ കണ്ടതും ആ നിറഞ്ഞൊഴുകുന്ന മിഴികളായിരുന്നു. ചേർത്തു പിടിച്ചതും രുഗ്മ വിങ്ങിപ്പൊട്ടി കരഞ്ഞു. കരച്ചിലിടയിലൂടെ രുഗ്മ പറഞ്ഞു
" സാരമില്ല സതീശേട്ടാ നമ്മുടെ മോളായി വളർത്താം നമുക്കിവളെ. സതീശേട്ടൻ ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കേണ്ട. ഇവളെ അന്വേഷിച്ചു ആരും വരില്ല എന്നൊരു ഉറപ്പ് മാത്രം തന്നാൽ മതിയെനിക്ക്. സതീശേട്ടന്റെ മോൾ എന്റെയും മോളാണ്. " ഇപ്പോൾ അമ്പരന്നത് സതീശനാണ്.
" നീയെന്ത് ഭ്രാന്തൊക്കെയാണ് ഈ പുലമ്പുന്നത്. ഞാനെല്ലാം പറയാം ഞാനൊന്ന് കുളിക്കട്ടെ." എന്നിട്ടും രുഗ്മ പിടി വിട്ടില്ല കരച്ചിൽ നിർത്തി എന്ന് മാത്രം.
ആ വാശിക്ക് മുമ്പിൽ സതീശൻ കീഴടങ്ങി. വന്ന വഴിയിൽ സംഭവിച്ചതെല്ലാം വള്ളി പുള്ളി തെറ്റാതെ സതീശൻ രുഗ്മയോട് പറഞ്ഞു. എല്ലാം കേട്ട രുഗ്മ അമ്മുവിനെ നോക്കിക്കൊണ്ട് സതീശനോട് ചോദിച്ചു. " ഇത് തെറ്റായിപ്പോയില്ലേ സതീശേട്ടാ എത്രയൊക്കെയായാലും ഇത് തട്ടിക്കൊണ്ട് വന്നത് പോലെയായില്ലേ "
അതിന് മറുപടിയായി സതീശൻ പറഞ്ഞ ന്യായം ഏതൊരാളെയും ചിന്തിപ്പിക്കാൻ പോന്നതായിരുന്നു.
" രുക്കൂ... ഈ ചോദ്യത്തിന് ഞാൻ എന്തുത്തരം പറഞ്ഞാലും ന്യായമാവില്ല. പക്ഷേ അത്തരമൊരു രംഗത്തിന് സാക്ഷിയാകേണ്ടി വരുന്ന മനസ്സാക്ഷിയുള്ള ആരും ചെയ്യുന്നതെ ഞാൻ ചെയ്തുള്ളൂ. നിനക്കും അറിയുന്നതല്ലേ സോഷ്യൽ മീഡിയയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വരുന്നത്. എത്രയോ വീഡിയോസ് കണ്ട് എന്തിനാണ് ഇവർ ഇത്ര ക്രൂരമായി പെരുമാറുന്നത്. അവർക്ക് വേണ്ട എന്നുണ്ടെങ്കിൽ നമുക്ക് തന്നു കൂടേ എന്ന് നീ തന്നെ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചിരിക്കുന്നു. ഇന്ന് ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതും അത്തരമൊരു രംഗമാണ്. അത് മാത്രമല്ല മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി ശുദ്ധ മലയാളത്തിലും ഉപദ്രവിക്കുന്ന ആൾ തമിഴിലും സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നി. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന്റെ വാർത്തകൾ വായിച്ചതാണ് എന്റെ ഓർമ്മയിൽ വന്നത്. അമ്മുമോൾ പറഞ്ഞത് നീയും കേട്ടതല്ലേ അവൾക്ക് അച്ഛനും അമ്മയുമില്ല എന്ന്. ഇത്ര ക്രൂരമായ രീതിയിൽ ആർക്കാ രുക്കൂ ഒരു പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നുക. കൊന്നു കളയുമോ എന്ന് വരെ ഞാൻ പേടിച്ചു. അപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ശരിയും തെറ്റും വരും വരാഴികകളുമൊന്നും ചിന്തിച്ചില്ല. എനിക്കങ്ങിനെയാണ് തോന്നിയത്." സതീശന്റെ സംസാരം കേട്ടു കൊണ്ടിരുന്ന രുഗ്മ ആ ഭാഗം മനസ്സിൽ കണ്ടത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു. സതീശന്റെ മുഖം കണ്ടപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ രുഗ്മയ്ക്ക് തോന്നിയില്ല.
കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞു അടുക്കളയിൽ പാത്രമൊതുക്കി വെയ്ക്കൽ കഴിഞ്ഞു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ സതീശൻ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുറകിലൂടെ ചെന്ന രുഗ്മ വാതിൽക്കൽ നിന്നു.
" നമുക്കവളെ നമ്മുടെ മോളായി വളർത്തിയാലോ സതീശേട്ടാ.." പരിസരം വിസ്മരിച്ചു ഏതോ ഗഹനമായ ചിന്തയിൽ മുഴുകി നിന്നിരുന്ന സതീശൻ ഒന്ന് ഞെട്ടി. " ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്. ചിലപ്പോൾ എന്റെയും നിന്റെയും പ്രാർത്ഥന കേട്ട് ഈശ്വരൻ നമുക്ക് തന്ന നിധിയാണ് അമ്മുമോളെങ്കിലോ. " സതീശന്റെ പ്രതികരണത്തിന് മറുപടിയായി രുഗ്മ സതീശനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. അവളുടെ തലമുടിയിൽ തഴുകിക്കൊണ്ടു സതീശൻ തുടർന്നു. " കോയമ്പത്തൂരിൽ ഞാൻ വാങ്ങിയ വീടിന്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. നമുക്കങ്ങോട്ട് മാറാം. അവിടെ എല്ലാവരുടെയും മുമ്പിൽ ഇവൾ നമ്മുടെ മോളായിരിക്കും. ഇവിടെ തുടർന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് നമ്മൾ ഉത്തരം പറയേണ്ടി വരും " രുഗ്മ സമ്മതഭാവത്തിൽ മൂളുക മാത്രമേ ചെയ്തുള്ളൂ.
പിറ്റേ ദിവസം വൈകുന്നേരം കോയമ്പത്തൂരിലേക്ക് തിരിച്ചു പോകുന്ന സതീശന്റെ കൂടെ രുഗ്മയും അമ്മുമോളുമുണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ ഒരു അപരിചിതത്വം ഉണ്ടായിരുന്നെങ്കിലും ഒരുപാട് വർഷങ്ങളുടെ പരിചയം പോലെ അമ്മുമോൾ അവരോട് ഇണങ്ങിയത് വളരെ പെട്ടെന്നായിരുന്നു. പാവം കുട്ടി ഒരുപക്ഷെ അവളുടെ ഓർമ്മയിൽ ഇത്രയും സ്നേഹം ആരും അവൾക്ക് കൊടുത്തിട്ടുണ്ടാകില്ല അതായിരിക്കണം സതീശനും രുഗ്മയും അവൾക്ക് അത്രമേൽ പ്രിയപ്പെട്ടവരായത്. മാസങ്ങൾ കടന്നു പോയി ഇപ്പോൾ അമ്മുമോൾ അവരുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇരുവരുടെയും വീട്ടുകാർ അവരുമായുള്ള ബന്ധം അറുത്തു മാറ്റിയത് കാരണം വീട്ടുകാർക്ക് പോലുമറിയാത്ത ആ രഹസ്യം സതീശനും രുഗ്മയും മറന്നു പോയിരുന്നു. ഇന്നവർക്ക് അമ്മു സ്വന്തം മോളാണ്.
അന്നും പതിവ് പോലെ ജോലി കഴിഞ്ഞു വന്ന സതീശൻ രുഗ്മയും അമ്മുവുമൊത്തു കുസൃതികളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടത്. ചുണ്ടിലെ ചിരി മായാതെ തന്നെ സതീശൻ ഫോണെടുത്ത് നോക്കി. രജീവനാണ് പഴയ സഹപാഠി. തുറന്നു നോക്കിയപ്പോൾ പഴയ കുറച്ചു കൂട്ടുകാരുമൊത്തുള്ള ഫോട്ടോസ് ടൈം ലൈനിൽ ഇട്ടിട്ടുണ്ടെന്നും ലൈക്ക് കൊടുക്കണമെന്നുമുള്ള അഭ്യർത്ഥന. സതീശന് ചിരിയാണ് വന്നത്. ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയാത്തവനാണ് കൊല്ലത്തിൽ ഒരിക്കലാണ് തുറക്കുക കൂടുതലും എന്തെങ്കിലും ഷെയറിംഗ് ആണ് ചെയ്യുക ഇപ്പോൾ ആദ്യമായിട്ടെങ്ങോ ആണ് ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് അത് തന്നെ കാണിക്കാനാണ് ഈ ലൈക്ക് ചോദ്യം. ആ ചിരിയോട് കൂടിയാണ് പ്രൊഫൈൽ എടുത്തതും സ്ക്രോൾ ചെയ്തു ലൈക്ക് കൊടുത്തതും. അറിയാതെ കൈ കൊണ്ട് സ്ക്രോൾ ചെയ്തു താഴേക്ക് നോക്കിയ സതീശൻ പെട്ടെന്ന് സ്‌തബ്‌ദനായി.
അതിൽ അമ്മുമോളുടെ ഫോട്ടോ. കാണ്മാനില്ല എന്ന തലക്കെട്ടോട് കൂടി തന്നെ. സതീശൻ വേഗം പോസ്റ്റ് ചെയ്ത തീയതി നോക്കി. ഒമ്പത് മാസം മുമ്പാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
സതീശൻ പകച്ച മുഖവുമായി തളർന്നിരുന്നു. അമ്മുവിന്റെ എന്തോ കുസൃതി കണ്ടു ചിരിയോടെ തലയുയർത്തി നോക്കിയ രുഗ്മയ്ക്ക് സതീശന്റെ ഇരിപ്പ് കണ്ടു എന്തോ പന്തികേട് തോന്നി. എന്താ സതീശേട്ടാ എന്ന ചോദ്യത്തിന് മറുപടിയും കൂടി കിട്ടാതായപ്പോൾ രുഗ്മ സതീശന്റെ അടുത്തു വന്നു മൊബിലിലേക്ക് നോക്കിയത്. രുഗ്മയും അത് കണ്ട് തളർന്നിരുന്നു. അമ്മുമോൾ മാത്രം തറയിലിരുന്നു കളിപ്പാട്ടങ്ങളോട് കൂടി കളിച്ചു കൊണ്ടിരുന്നു.
" ഇല്ല സതീശേട്ടാ ഞാനെന്റെ മോളെ ആർക്കും വിട്ടു കൊടുക്കില്ല. എന്റെയാ.... അവൾ എന്റെയാ.. " രുഗ്മ ഒരു ഭ്രാന്തിയെ പോലെ ഇരുന്ന് പുലമ്പി. സതീശൻ ഒന്നും പറയാതെ രുഗ്മയെ നോക്കി.
" കൊടുക്കാമെന്ന് പറയല്ലേ സതീശേട്ടാ... നമുക്ക് ദൈവം തന്ന നിധിയല്ലേ അവൾ..." പറയുന്നതിനൊപ്പം രുഗ്മ സതീശന്റെ നെഞ്ചിലേക്ക് വീണു. താഴെയിരുന്ന അമ്മുമോൾ രുഗ്മയുടെ കരച്ചിൽ കണ്ടു ചിണുങ്ങാൻ തുടങ്ങിയിരുന്നു.
" ഇല്ല രുഗ്മേ നമ്മൾ ഇവളെ ആർക്കും വിട്ടു കൊടുക്കാൻ പോകുന്നില്ല. ഇവൾ നമ്മുടെ മോൾ തന്നെയാ.." സതീശൻ രുഗ്മയെ നെഞ്ചോട് ചേർത്തുകൊണ്ടു പറഞ്ഞു. അപ്പോഴേക്കും അമ്മുമോളും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു. സതീശൻ അവരെ രണ്ടു പേരെയും ഇരു കൈ കൊണ്ടും കെട്ടിപ്പിടിച്ചു. ഒരിക്കലും ആരും വിടുവിച്ചു കൊണ്ടുപോകാൻ സമ്മതിക്കാത്തത് പോലെ....
" അമ്മേ വിശക്കുന്നു " എന്ന അമ്മുമോളുടെ ശബ്ദമാണ് അവരെ മൂവരെയും അതിൽ നിന്നും വിടുവിച്ചത്. പിന്നീട് രാത്രി വരെ പ്രത്യക സംഭവങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും സതീശന്റെയും രുഗ്മയുടെയും മനസ്സിൽ ഒരു ഭീതി കടന്നു കൂടിയിട്ടുണ്ടായിരുന്നു. അതേ ഭീതി തന്നെയായിരുന്നു പരസ്പരം കൂട്ടി മുട്ടിയ മിഴികളും പങ്ക് വെച്ചിരുന്നത്...
രാത്രി അമ്മുമോൾ ഉറങ്ങി കഴിഞ്ഞിട്ടും ഉറങ്ങാതെ ബാൽക്കണിയിൽ നിൽക്കുന്ന സതീശന്റെ അടുത്തേക്ക് രുഗ്മയെ നയിച്ചതും അതേ ഭീതി തന്നെയായിരുന്നു. പക്ഷേ അപ്പോഴേക്കും രുഗ്മ മനസ്സിൽ ചിലത് ഉറപ്പിച്ചിരുന്നു. അതാണ് സതീശനോട് മുഖവുര ആവശ്യമായി വന്നതും.
" സതീശേട്ടാ.. ഞാനൊരു കാര്യം പറയട്ടെ ...? "
സതീശൻ മുഖം തിരിച്ചു നോക്കി. രുഗ്മ സതീശന്റെ മുഖത്ത് നോക്കാതെ തുടർന്നു.
" നമുക്ക് അമ്മുവിനെ തിരിച്ചു കൊടുത്താലോ. .? " സതീശന്റെ മറുപടിയൊന്നും കേൾക്കാതായപ്പോൾ രുഗ്മ തുടർന്നു.
" വെറും ആറു മാസം കൊണ്ട് നമുക്കിത്ര വേദന തോന്നുന്നുണ്ടെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ തൊട്ട് അവർ കാത്തിരുന്നു കയ്യിൽ കിട്ടിയിട്ട് നഷ്ടപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന വേദന എത്ര ഭീകരമായിരിക്കുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ... നമുക്ക് സന്തോഷിക്കാൻ ദൈവം കുറച്ചു സമയം തന്നതാണെന്നു കരുതാം... അല്ലെങ്കിലും അമ്മുമോളുടെ കാര്യത്തിൽ നമുക്കെന്താണ് അവകാശം. അവൾ അച്ഛന്റെയും അമ്മയുടെയും കൂടെ വളരട്ടെ.." പറഞ്ഞപ്പോഴേക്കും രുഗ്മ കരഞ്ഞു പോയിരുന്നു. ആ കരച്ചിൽ തന്റെ നെഞ്ചിലേക്ക് ഏറ്റു വാങ്ങി രുഗ്മയെ ചേർത്തു പിടിച്ചു സതീശൻ പറഞ്ഞു.
" ഞാനും അത് തന്നെയാണ് ചിന്തിച്ചിരുന്നത്. അവളെ തിരിച്ചേല്പിക്കണം. നിന്നോട് എങ്ങിനെ അവതരിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. ഇവിടെയും ഒരേപോലെ ചിന്തിച്ചു നീയെന്നെ അത്ഭുതപ്പെടുത്തി രുഗ്മേ... എവിടെയായാലും അവൾ നമ്മുടെ മോളല്ലേ.. പക്ഷേ ഒരു കാര്യം എപ്പോ വേണമെങ്കിലും വന്നു കാണാനുള്ള അനുവാദം ആ നിബന്ധനയിലെ ഞാൻ അവളെ തിരികെ ഏൽപ്പിക്കൂ... " പറഞ്ഞു തീർന്നപ്പോഴേക്കും സ്വയമറിയാതെ സതീശന്റെ മിഴികളും നിറഞ്ഞിരുന്നു.
പിറ്റേദിവസം കമ്പനിയിൽ നിന്ന് ലീവെടുത്ത് രുഗ്മയെയും അമ്മുമോളേയും കൂട്ടി സതീശൻ അമ്മുമോളുടെ അഡ്രസ്സും തേടി യാത്ര പുറപ്പെട്ടു. യാത്രയിൽ സതീശനും രുഗ്മയും നിശ്ശബ്ദരായിരുന്നു. ഇടയ്ക്കിടെ രുഗ്മ അമ്മുമോളെ ചേർത്തു പിടിച്ചു ഉമ്മകൾ കൊടുക്കുന്നുണ്ടായിരുന്നു. ആ പോസ്റ്റിൽ കൊടുത്തിരുന്ന അഡ്രസ്സ് തേടിപ്പിടിച്ചു അവിടെത്തിയപ്പോൾ സതീശനും രുഗ്മയ്ക്കും കാണാൻ സാധിച്ചത് പൂട്ടിക്കിടക്കുന്ന വീടാണ്.

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് രുഗ്മയോടും അമ്മുമോളോടും വണ്ടിയിലിരിക്കാൻ ആവശ്യപ്പെട്ടിട്ടാണ് സതീശൻ അയൽ വീട്ടിലേക്ക് അന്വേഷിക്കാൻ പോയത്. തിരികെ വന്ന സതീശൻ ഒന്നും മിണ്ടാതെ കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നത് കണ്ടപ്പോഴാണ് രുഗ്മ അമ്പരന്നത്. എന്താ സതീശേട്ടാ എന്താ എന്താ ഉണ്ടായേ അവരെവിടെ എന്നീ ചോദ്യങ്ങൾക്ക് പറയാം എല്ലാം പറയാം ആദ്യം നമുക്കിവിടെ നിന്നും പോകാം എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ മടിയിലിരുന്നു ഉറങ്ങിയ അമ്മുമോളെ ഒന്നുകൂടി ചേർത്തു പിടിച്ചു രുഗ്മ ഇരുന്നു.
കുറച്ചുദൂരം ഓടികഴിഞ്ഞു റോഡരികിൽ തന്നെയുള്ള ഒരു അനാഥാലയത്തിന്റെ മുമ്പിൽ സതീശൻ വണ്ടി നിർത്തി. എന്നിട്ട് രുഗ്മയെ നോക്കി പറഞ്ഞു
" അമ്മുമോൾ ഇനി നമ്മുടെ മോളാണ് രുഗ്മാ.. ഈ ഭൂമിയിൽ അവൾക്കിനി അവകാശികൾ നമ്മൾ മാത്രമേ ഉള്ളൂ." അത് അവിശ്വനീയതയോടെയും അതിലേറെ അമ്പരപ്പോടെയുമാണ് അവൾ കേട്ടത്.
" അവർ എന്തിയേ ? " രുഗ്മയ്ക്ക് അപ്പോഴും അതായിരുന്നു അറിയേണ്ടത്.. രുഗ്മ അനാഥാലയത്തിലേക്കും സതീശന്റെ മുഖത്തേക്കും മാറി മാറി നോക്കി...
" പറയാം അതിനുമുമ്പ് നമുക്കൊരിടം വരെ പോണം. നീ മോളെ ഉണർത്തി ഇറങ്ങി വാ " പറയുന്നതിനൊപ്പം സതീശൻ ഡോർ തുറന്നു പുറത്തിറങ്ങി.. രുഗ്മ അമ്മുമോളെ ഉണർത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അനാഥാലയത്തിലേക്ക് നടക്കാനാഞ്ഞ രുഗ്മയെ അമ്പരപ്പിച്ചു സതീശൻ അവരെയും വിളിച്ചു റോഡ് മുറിച്ചു കടന്നു നടന്നത് നേരെ എതിർവശത്തുള്ള സെന്റ്. ആന്റണിസ് ചർച്ചിലേക്കായിരുന്നു.
പള്ളി സെമിത്തേരിയിൽ എത്തി അവർ നിന്നു. അവിടെയുള്ള അവർ രണ്ടു കുഴിമാടങ്ങൾക്ക് മുമ്പിൽ... രുഗ്മ ഒന്നും മനസ്സിലാവാതെ ചോദിച്ചു
" എന്താ ഉണ്ടായത് സതീശേട്ടാ ഒന്ന് പറയ് " രുഗ്മയുടെ എല്ലാ ആകാംക്ഷയും ആ ചോദ്യത്തിൽ നിറഞ്ഞു നിന്നിരുന്നു. സതീശൻ രുഗ്മയെ നോക്കി ഒരു ദീർഘ നിശ്വാസം വിട്ടു അയൽവാസിയിൽ നിന്നും താനറിഞ്ഞ കഥ രുഗ്മയോട് പറയാനാരംഭിച്ചു...
അമ്മുമോളുടെ അച്ഛൻ ബാബുവും അമ്മ ഷൈലയും വിവാഹിതരായി കഴിഞ്ഞാണ് അവിടെ താമസിക്കാൻ എത്തിയത്. അയൽവക്കകാരുമായി അധികം സഹകരണമില്ലാതിരുന്ന അവരിൽ ചില ദുരൂഹതകൾ നാട്ടുകാർക്ക് തോന്നിയിരുന്നു. ഇന്നേവരെ അവരെ അന്വേഷിച്ചു ഒരു ബന്ധുക്കളും വന്നിട്ടില്ല എന്നും ആ അയൽവാസി എടുത്തുപറഞ്ഞു. താമസമാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞില്ലാതിരുന്നതിൽ രണ്ടുപേരും ദുഃഖിതരായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അവർക്ക് ഒരു കുഞ്ഞുണ്ടാകുന്നത്. ഷൈല ഗർഭിണിയായതിന് ശേഷം ആ വീട്ടിൽ സന്തോഷമായിരുന്നു അത്രേ. പക്ഷേ വിധി ക്രൂരമായിരുന്നു. അമ്മുമോളെ പ്രസവിച്ച ഉടനെ നിലക്കാത്ത രക്തസ്രാവം ഷൈലയെ ഈ ലോകത്തു നിന്നും വിട പറയിപ്പിച്ചു. ബാബു തളർന്നു പോയെങ്കിലും അമ്മുമോൾക്ക് വേണ്ടി ജീവിച്ചു. അയൽവക്കങ്ങളിൽ അതിന് ശേഷമാണ് ബാബു മിണ്ടിതുടങ്ങിയത്. പക്ഷേ രണ്ടേകാൽ വയസ്സുള്ളപ്പോൾ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന അമ്മുമോളെ കാണാതാകുകയായിരുന്നു. ആ നാട് ഒന്നടങ്കം ബാബുവിന്റെ കൂടെ ചേർന്ന് തേടിയെങ്കിലും ക‌ണ്ടെത്താനായില്ല. മകളെ നഷ്ടപ്പെട്ടതോട് കൂടി ബാബു ആകെ തകർന്നു പോയിരുന്നു. പോലീസ് സ്റ്റേഷനിൽ കുറെയേറെ കയറിയിറങ്ങിയിട്ടും കണ്ടെത്താനാകാതെ ഇരുന്നതിൽ നിരാശയുണ്ടായിരുന്നു. പല രാത്രികളിലും ബാബു ഷൈലേ, അമ്മുമോളേ എന്നൊക്കെ വിളിച്ചു ഉറക്കെ സംസാരിക്കാറുണ്ടായിരുന്നത്രെ. അങ്ങിനെ ആറു മാസങ്ങൾക്ക് ശേഷം ഒരു പ്രഭാതത്തിൽ നാട്ടുകാർ കണ്ടത് വീടിന് പുറകിലെ മാവിൽ തൂങ്ങി നിൽക്കുന്ന ബാബുവിനെയാണ്.
സതീശൻ ഇത് പറഞ്ഞവസാനിച്ചപ്പോൾ രുഗ്മയുടെ കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സതീശൻ ഒന്നും മിണ്ടിയില്ല. കുറച്ചുനേരത്തെ നിശബ്ദതയിൽ കാറ്റ് മാത്രം ഇടതടവില്ലാതെ ജോലി ചെയ്തു. രുഗ്മ സതീശന്റെ അടുത്തേക്ക് നടന്നു വന്നു പിന്നിലൂടെ സതീശന്റെ തോളിലേക്ക് തല ചായ്ച്ചു... സതീശൻ ആ കുഴിമാടങ്ങളിലേക്ക് നോക്കി പറഞ്ഞു
" ചിലപ്പോൾ ഇവരുടെ ആത്മാവ് ആയിരിക്കും ഇവളെ നമ്മുടെ കയ്യിൽ എത്തിച്ചത്. " ബാബുവിന്റെയും ഷൈലയുടെയും കുഴിമാടത്തിൽ മെഴുകുതിരി കത്തിക്കുമ്പോൾ അമ്മുമോൾ മാത്രം ഒന്നും മനസ്സിലാകാതെ സതീശനെയും രുഗ്മയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. രുഗ്മ അവളുടെ അടുത്ത് മുട്ടു കുത്തിയിരുന്നു അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു ആ കുഴിമാടങ്ങളുടെ നേരെ തൊഴീപ്പിച്ചു. ഒപ്പം മനസ്സിൽ ഒരു പ്രതിജ്ഞയും എടുക്കുകയായിരുന്നു. ഇനിയുള്ള എല്ലാ വർഷവും ഇതേ ദിവസം ഇവിടെ വന്ന് അമ്മുമോളെ നിങ്ങളെ കാണിക്കും എന്ന പ്രതിജ്ഞ. അതേ സമയം അവരെ തഴുകി കടന്ന് പോയ കുളിർകാറ്റ് ബാബുവിന്റെയും ഷൈലയുടെയും ആത്മാക്കളുടെ സന്തോഷമായി സതീശനും രുഗ്മയ്ക്കും തോന്നി. കാരണം നട്ടുച്ചയ്ക്ക് വീശുന്ന ആ കാറ്റ് അത്രയ്ക്കും കുളിരുള്ളതും സുഗന്ധമുള്ളതുമായിരുന്നു.
ശുഭം
ജയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo