Slider

ഒരു കല്യാണാലോചനകഥ (PART – 2)

0
കല്യാണാലോചനകഥയിൽ നീതുവിന്റെയും റോബിൻറെയും കാര്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ താൽപര്യമുണ്ടെന്ന് വായനക്കാരിൽ പലരും അറിയിച്ചിരുന്നു.ആ കഥയുടെ രണ്ടാം ഭാഗം തുടരുകയാണ്.
ഒരു കല്യാണാലോചനകഥ (PART – 2)
************************************************
നീതുവിന്റെ മറുപടികേട്ട് റോബിൻ ചിരിച്ചു.
ആ മറുപടി ആസ്വദിച്ചെന്നോണം , റോബിൻ നീതുവിനോട് ചോദിച്ചു, "എല്ലാം മുട്ടയിടുന്ന കോഴികളാണെല്ലേ".
പിന്നില്ലേ, ഓരോ കോഴിയും ദിവസം ഒന്നോ രണ്ടോ മുട്ടയിടും. നീതു ആവേശത്തിൽ മറുപടി പറഞ്ഞു.
ന്ദേ , ഒരു കോഴി , രണ്ടു മുട്ടയിടുമോ? റോബിന്റെ കണ്ണ് തള്ളി.
(ശ്യോ ! പെട്ടു) അങ്ങനെയല്ല , ഒന്നേ ഇടുകയുള്ളു ട്ടോ, പെട്ടെന്ന് പറഞ്ഞപ്പോൾ എണ്ണം കൂടിപ്പോഴതാ , സോറി.
ആട്ടെ, നീതു വായിക്കുമോ?
പിന്നല്ലാതെ, ഞാൻ നന്നായി വായിക്കുന്ന കൂട്ടത്തിലുള്ള ആളാ. (സ്ഥിരമായി, ബാലരമേം,ബോബനും മോളിയും വായിക്കുന്നതാണല്ലോ ,ആ പരിചയത്തിൽ നീതു മറുപടി കൊടുത്തു.)
ആഹാ കൊള്ളാം. ഞാനും വായിക്കുന്ന കൂട്ടത്തിലുള്ള ആളാണ്, അതിരിക്കട്ടെ, വായിക്കുന്ന ആളാണെന്നല്ലേ നീതു പറഞ്ഞത്. ജിം കോബ്ബെർട്ടിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ?
അതാരപ്പ , ഈ ജിം? നീതു ആലോചിച്ചു.
ഇല്ല എന്ന് മറുപടി പറഞ്ഞു.
ഫ്രാൻസിസ് കാഫ്കയെ കുറിച്ച് കേട്ടിട്ടുണ്ടോ?
ആ...ആ ആളെ എനിക്കറിയാം..നീതു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.
നമ്മുടെ അസ്സീസിയിലെ ഫ്രാൻസിസ് പുണ്യാളനല്ലേ? ആ പുണ്യാളനെക്കുറിച്ചുള്ള പുസ്തകം വായിച്ചിട്ടുണ്ട്.
ന്ദേ…. ! റോബിൻ ചിരിച്ചു പോയി.
ഇതെന്താ ഇത്ര ചിരിക്കാൻ? നീതു ആലോചിച്ചു.
അതൊക്കെ പോട്ടെ, നീതുവിനു ആരെ അറിയാം?
എനിക്ക് ടോംസിനെ അറിയാം. നല്ല എഴുത്തുകാരനല്ലേ.
അതാരാ ടോംസ്?
ഇത്ര വലിയ വായനക്കാരനാണെന്നു പറഞ്ഞിട്ട് ടോംസ് -നെ അറിയില്ലേ? നീതു ചോദിച്ചു.
ഇല്ല.
"ബോബനും മോളിയുടെയും" സ്രഷ്ടവാണ് ആ മഹാൻ. നീതു ഗമയിൽ പറഞ്ഞു.
അല്ലാ, റോബിൻ എന്തിനാണ് ചിരിക്കുന്നെ? നീതു ചോദിച്ചു.
ഓ ഒന്നുമില്ല. ഇപ്പോൾ എനിക്ക് മനസിലായി ടോംസ് ആരാണെന്നു,
നീതുവിന് വല്ലതും ഉണ്ടാക്കാൻ അറിയുമോ?
എന്ത് ?
തിന്നാൻ വല്ലതും ഉണ്ടാക്കാൻ അറിയുമോ എന്നാ..
ഓ ..അതാണോ..അത് എനിക്കറിയാം. (അടുക്കളയിൽ 'അമ്മ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചിട്ടുണ്ട് , ആ ഓർമ്മയിൽ നീതു മറുപടി പറഞ്ഞു)
ഹാവൂ ആശ്വാസം..റോബിൻ ദീർഘനിശ്വാസം വിട്ടു.
മേരിചേച്ചി അഡ്രസ് ചോദിച്ചതും, റോബിനുമായി നടന്ന സംഭാഷണങ്ങളും എല്ലാം നീതു അവളുടെ വീട്ടിൽ അറിയിച്ചിട്ടുണ്ടായിരുന്നു.
ഏതായാലും, രണ്ടു ദിവസം കഴിഞ്ഞപ്പോൾ , റോബിന്റെ 'അമ്മ നീതുവിന്റെ വീട്ടിലേക്കു വിളിച്ചു, റോബിനു നീതുവിനെ വിവാഹം ആലോചിക്കാൻ .. താൽപര്യമുണ്ടെന്ന് അറിയിച്ചു.
പിന്നീട് പെണ്ണ് കാണലും, ബന്ധുക്കൾ അങ്ങോട്ടും ഇങ്ങോട്ടും പോകലും, എല്ലാം മുറ പ്രകാരം നടന്നു.
ഒടുവിൽ , വിവാഹം ഉറപ്പിക്കുകയും ചെയ്തു.
വിവാഹത്തിന് ഏകദേശം ഒരു മാസത്തോളം സമയം ഉണ്ടായിരുന്നു.
അതിനിടയ്ക്ക് എല്ലാ ദിവസവും കൃത്യം പത്തു മിനിറ്റ് , എന്ന കണക്കിൽ പരസ്പരം മനസിലാക്കാനും സമയം കണ്ടെത്തി.
അപ്പോയേക്കും, നീതു റോബിനെയും, റോബിൻ നീതുവിനെയും ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.
ഓഫീസിൽ അവരെ രണ്ടുപേരെയും കുറിച്ച് "ചക്കിക്കൊത്ത ചങ്കരൻ " എന്ന് രഹസ്യമായും, പരസ്യമായും പറയാൻ തുടങ്ങിയിരുന്നു.
അങ്ങനെ , വിവാഹം പ്രമാണിച്ചു ഓഫീസിൽനിന്നും ലീവ് എടുത്ത് നീതു വീട്ടിൽ വന്നു.
അന്ന് വൈകുന്നേരം , നീതു കുളി കഴിഞ്ഞു , അടുക്കളയിൽ ,കസേര വലിച്ചിട്ടു, മനോരാജ്യത്തിൽ മുഴുകികൊണ്ട് , "കടലിനക്കരെ പോണോരെ ...എന്ന് ഉറക്കെ പാടിക്കൊണ്ടിരിക്കുകയാണ്. പാട്ടു മുറുകുന്നതിനിടയിൽ, ഓഹോ....ഹോ…..ഹോ...ഓഹോ..ഹോ...ഹോ…എത്തിയപ്പോൾ അതുവരെ ഈ പാട്ടു സഹിച്ചിരുന്നു കേട്ട, നീതുവിന്റെ അനിയത്തി, ഗീതു, ,
എന്റെ ചേച്ചീ.... ഇതെന്താ ... ആംബുലൻസ് പോകുന്ന പോലെയുണ്ടല്ലോ."
അപ്പോഴാണു, വിവാഹിതയാവാൻ പോകുന്ന നീതുവിന് , ഉപദേശം കൊടുക്കുന്ന കാര്യം അമ്മച്ചി ഓർത്തതു.
എല്ലാ അമ്മമാരെയും പോലെ തന്നെ അമ്മച്ചി ,നീതുവിനോട് ഭർതൃ വീട്ടിൽ ചെല്ലുമ്പോൾ പാലിക്കേണ്ടതായാ കാര്യങ്ങൾ, നീതുവിനോട് പറഞ്ഞു കൊടുത്തു.
ഉപദേശത്തിന്റ അവസാനത്തിൽ , അമ്മച്ചി നീതുവിനോട്, എന്റെ പൊന്നു മോളെ , പ്രധാനമായും മോളോട് എനിക്കൊരു കാര്യം പറയാനുള്ളത്, അബദ്ധത്തിൽ പോലും നീ അവിടെ ചെല്ലുമ്പോൾ പാടരുത് എന്നാണ്. നീ എനിക്ക് വാക്കു തരണം.
എന്റെ അമ്മച്ചീ, ഞാൻ നന്നായി പാടുന്നതല്ലേ. പിന്നെ എന്താ പ്രശ്നം.
നീ നന്നായി പാടുന്ന കാര്യം നിനക്കും, എനിക്കും, ഗീതുവിനും അറിയാം. കൂടുതൽ പേരെ നീ കേൾപ്പിക്കേണ്ട.
ഓ.. ശരി.
അങ്ങനെ ആ സുദിനം വന്നെത്തി.
പള്ളിയിലെ ചടങ്ങുകൾക്കുശേഷം, നീതു റോബിന്റെ ഭാര്യയായി ചുമതല ഏറ്റെടുത്തു. ശേഷം, അന്ന് വൈകുന്നേരം, മുറിയിൽ രണ്ടു പേരും മാത്രമുള്ളപ്പോൾ , റോബിൻ നീതുവിനോട് പറഞ്ഞു, നീതുവിന്റെ സംസാരം കേട്ടപ്പോൾ ,ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു,
എന്താ ? നീതുവിന് ജിജ്ഞാസ ആയി.
നീതുവിന്റെ സ്വരം നല്ലതാണെന്നു., പള്ളിയിലൊക്കെ പാടാറുണ്ടായിരിക്കും അല്ലെ.
ഏയ് ..അങ്ങനൊന്നുമില്ല..
എന്നാ ശരി. നീതു ഒരു പാട്ടു പാടിക്കെ..
പക്ഷെ , എനിക്ക് പാടാൻ അറിയില്ല. ..അമ്മച്ചിക്ക് കൊടുത്ത വാക്ക് നീതു ഓർത്തു.
എന്നാലും പാടുന്നേ ...ഞാൻ ഒന്ന് കേൾക്കട്ടെ..
ഒടുവിൽ നിർബന്ധം സഹിക്കാനാവാതെ , നീതു പണ്ട് ഹോസ്റ്റലിൽ താമസിച്ചപ്പോൾ പാടിയ പാട്ടു ഓർമ്മ വന്നു. തരക്കേടില്ല എന്ന സർട്ടിഫിക്കറ്റ് റൂം മേറ്റ്സ് തന്നിട്ടുണ്ട്. എന്നാ ൽ ആ പാട്ടു പാടിയേക്കാം.
ഹെന്റെ പൊന്നമ്മച്ചീ ... എന്നോട് ക്ഷമിക്കണേ. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നീതു പാടുവാൻ തുടങ്ങി.
അല്പം കഴിഞ്ഞു നീതു റോബിനെ നോക്കിയപ്പോൾ, ഉയർന്നു വരുന്ന കോട്ടുവായയെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു റോബിൻ അപ്പോൾ..
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo