Slider

എന്റെ ദൈവം

0
എന്റെ ദൈവം
കൽഭിത്തികൾക്കുള്ളിൽ
ഇരുട്ടിൽ മറഞ്ഞിരിക്കുന്നവനല്ല.
നക്ഷത്രങ്ങൾക്കപ്പുറത്തൊരു
ലോകത്തു നിന്നും
ഹൃദയങ്ങളെ തേടി വന്ന
ഈ ഭൂമിയും ആകാശവും
നിറഞ്ഞു നിൽക്കുന്ന
സുതാര്യവും മനോഹരവുമായ
ഒരു നിലനിൽപ്പാണവൻ.
എന്റെ ദൈവത്തിന്റെ
ആയുധങ്ങളുടെ മൂർച്ഛയിൽ
രക്തം പുരളാറില്ല.
മുറിവുകളിൽ മരുന്നു പുരട്ടി
കണ്ണുനീരിനെ പുഞ്ചിരിയാക്കി
ആത്മാവിൽ അഗ്നി തെളിയിച്ച്
ഇരുട്ട് കീറി വരുന്ന
ഒരു വലിയ പ്രകാശമാണവൻ.
എന്റെ ദൈവം വിശ്വാസിയുടെ
മടിശീലയുടെ കനം നോക്കാറില്ല.
രാജാവെന്നോ പ്രജയെന്നോ
വേർതിരിവുകളെ ഭേദിച്ച്
വൈരുദ്ധ്യങ്ങളെ ഏകീകരിപ്പിക്കുന്ന
ന്യായാധിപനാണ് അവൻ.
എന്റെ ദൈവം തലച്ചോർ
പണയത്തിൽ സ്വീകരിക്കാറില്ല.
ഉൾക്കാഴ്ച്ചയിൽ നേരും നെറിയും
പഠിപ്പിക്കുന്ന ഗുരുവാണവൻ.
എന്റെ ദൈവം മഷിക്കുപ്പിയിലെ
വിഷം കൊണ്ട് അക്ഷരങ്ങളെ
കറുപ്പിക്കാറില്ല .
ചുണ്ടുകൾ നിശബ്ദമാകുമ്പോഴും
ഹൃദയത്തിന്റെ നൂറു നാവുകളാൽ
സാന്ത്വനം പെയ്യിക്കുന്ന
മന്ത്രമാണവൻ.
എന്റെ ദൈവം
യുദ്ധവിജയം ആശംസിക്കാറില്ല.
പൈശാചികതയെ ത്യാഗം കൊണ്ട്
ശുദ്ധീകരിക്കുന്ന വർഷമാണവൻ.
പല മുഖങ്ങൾ പല രൂപങ്ങൾ
ഒരാത്മാവ് - സ്നേഹം
എന്റെ ദൈവം സ്നേഹമാണ്
എന്റെ മതം സ്നേഹത്തിന്റേതും

Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo