Slider

വിദ്യ എന്ന അഭ്യാസം

0
വിദ്യ എന്ന അഭ്യാസം
('പഠിപ്പ് ഒരു വിനോദം ' എന്ന ശീര്‍ഷകത്തില്‍ നല്ലെഴുത്തില്‍ പ്രസിദ്ധീകരിച്ച എന്റെ രചനയ്ക്ക് ഒരനുബന്ധം )
സ്കൂൾ ബസ്സിലെ 'കിളി' ഓരോ കുട്ടിയേയും എണ്ണിയെണ്ണി കയറ്റുന്നതും ബസ്സിൽ നിന്ന് തൂക്കിയെടുത്ത് അമ്മമാരുടേയോ മുത്തശ്ശന്മാരുടേയോ കയ്യിലേക്ക്എറിഞ്ഞുകൊടുക്കുന്നതും ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ മട്ടിൽ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടാണ്. ഇവിടെയിറക്കേണ്ടത് നാല് മത്തങ്ങയും ഒരു ചാക്ക് മുളകും; അവിടെ വഴുതിനങ്ങ കൊട്ട രണ്ട് , ഉള്ളി ചാക്ക് ഒന്ന് ..അങ്ങനെ.. രോഡരുകിൽ ഏറ്റു വാങ്ങാൻ നിൽക്കുന്നവർ എറിയുന്ന കോട്ടയും ചാക്കും താഴെ വീഴാതെ ചാടിപ്പിടിക്കും
ആ വിദ്യ ഞാനും വശമാക്കിയിരുന്നു. നന്ദുവും അവന്റെ ബാഗും വെള്ളക്കുപ്പിയും റോഡുവക്കിൽ വീഴാതെ വിദഗ്ധമായി പിടിച്ചെടുക്കാൻ ഇപ്പോൾ എനിക്ക് പറ്റും
ഷോപ്പിങ്ങിന്റെ കാരിബാഗുകൾ വീട്ടുകാരിയെ ഏൽപ്പിക്കുന്ന യാന്ത്രികയതോടേയാണ് ഞാൻ നന്ദുവിനേയും അവന്റെ സ്കൂൾ ഭാണ്ഡവും അനാമികക്ക് കൈമാറിയിരുന്നത് . വാങ്ങിയ സാധനങ്ങളുടെ കണക്കു നോക്കുന്ന ശ്രദ്ധ അവളുടെ മുഖത്ത് പ്രകടമായിമായിരിക്കും .
വാട്ടർ ബോട്ടിൽ ഒന്ന്, ഹോം വർക്ക് പുസ്തകം മൂന്ന്, ഡയറിയിൽ രക്ഷാകർത്താവിനുള്ള നിർദ്ദേശങ്ങൾ എന്തൊക്കെ? . ഉച്ചഭക്ഷണത്തിന്റെ പാത്രത്തിൽ ബാക്കി വന്ന എച്ചിൽ എത്ര? എന്തുകൊണ്ട് ?
നന്ദുവിന്റെ മുറിക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. വർണ്ണപ്പകിട്ടുള്ള ബലൂണുകളും കാർട്ടൂണുകളിൽ നിന്ന് ഇറങ്ങിവന്ന ഡോറയും മൊട്ടു- പത്തലുമാരും, ച്ഛോട്ടാ ഭീമും ,ഡിസ്നിലോകത്തെ ചെവി നീണ്ടവരും മൂക്കു കൂര്‍ത്തവരും-- ചുവർ-കടലാസ്സിൽ നിന്ന് പുറത്തേക്ക് ഒഴുകിവരുന്ന ഒരു മായാലോകമാണത്.
നന്ദുവിന്റെ ഉയരത്തിന് പാകത്തിൽ 'കസ്ടമൈസ്' ചെയ്ത ഒരു എഴുത്തുമേശയും അതിന്റെ ഉയരത്തിനൊപ്പിച്ച ഇരിപ്പടവും ഒരു മൂലയിൽ ഒതുങ്ങിക്കിടക്കുന്നു. പുസ്തകങ്ങളും ലാപ്ടോപ്പും ചിട്ടചെയ്തു വെച്ചിരിക്കുന്ന ഷെല്ഫ് അച്ചടക്കം കൊണ്ട് അടക്കം വന്ന ഒരു കുട്ടിയുടെ വെടുപ്പിന്റേയും വൃത്തിയുടേയും ചതുരമാനങ്ങളാണ് . വിവരത്തിന്റെ സാങ്കേതിക ഭാഷ പഠിപ്പിക്കുന്ന ആ പുസ്തകശേഖരം നന്ദുവിന്റെ കണ്ണുകളെ പതുക്കെ പതുക്കെ ഇടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട് . അവൻ ധരിക്കുന്ന കണ്ണടയുടെ കട്ടി കൂടെ കൂടെ കൂടുന്നുണ്ടെന്ന് ഞാൻ അൽപ്പം വേദനയോടെ മനസ്സിലാക്കുന്നുണ്ട്.
പഠനമേശയുടെ എതിർവശത്ത് ചുവരിനോടടുപ്പിച്ചിട്ടിരിക്കുന്ന ചിത്രപ്പണികളുള്ള കട്ടിലിന് രണ്ടു തട്ടുകളുണ്ട്. താഴേത്തട്ടിൽനിന്ന് മുകളിലേക്കും പിന്നെ താഴേക്കും കയറിയിറങ്ങി കളിക്കാൻ പാകത്തിനുള്ള കോണി നന്ദുവിന്റെ വിരസത നീക്കാനുള്ളതാണ്. പഠിച്ച് മുഷിയുമ്പോൾ കട്ടിലിൽ കയറിയും ഇറങ്ങിയും കോണിപ്പടിമേൽ ഇരുന്നും വിരസത മാറ്റാം
.പഠനവും വിനോദവും ഇടവിട്ടുനടത്തണമെന്ന് രഞ്ജിത്തിനും അനാമികക്കും നിർബ്ബന്ധമാണ്. വിനോദം ഒരു 'സാൻഡ്വിച്ച്' ആണ് . നന്ദു അതു വേണ്ടവിധം തിന്നുന്നില്ലേയെന്ന് വാതിൽ പഴുതിലൂടെ നിരീക്ഷിക്കൽ അനാമികയുടെ ഒരു പ്രധാന ജോലിയാണ്.
പൊതുവിനോദം എന്ന ഇനത്തിൽ ഡിസ്നി ജൂനിയര്‍-സീനിയര്‍ , മോട്ടു-പത്തലു, ഛോട്ടാ ഭീം ,ഡോറയുടെ സാഹസങ്ങൾ എന്നീ കാർട്ടൂൺ പരമ്പരകൾ അത്താഴത്തിനു അരമണിക്കൂർ മുൻപ് കാണുന്നത് കുട്ടികളുടെ മനസ്സിന് ഉല്ലാസം നല്കാൻ നല്ലതാണെന്ന് സ്കൂൾ കൗൺസല്ലർ അനാമികയെ ധരിപ്പിച്ചിട്ടുണ്ട്. മിസ്റ്റർ മേക്കർ എന്നും കാണുന്നത് കൈവേലയിൽ നൈപുണ്യം നേടാൻ നല്ലതാണ് . ഔഷധസേവയുടെ കാർക്കശ്യത്തോടെ ഈ ചടങ്ങുകളെല്ലാം എന്നും പാലിക്കപ്പെടുന്നുവെന്ന് അനാമിക ഉറപ്പു വരുത്തുന്നു.
ഭീകരരൂപികളായ രാക്ഷസന്മാരുടെ അട്ടഹാസങ്ങളോ മാംസക്കൊതിയോ തീണ്ടാത്ത, ഇഷ്ടത്തിനനുസരിച്ച് നീളുകയും കുറുകയും ചെയ്യുന്ന നിഴലാട്ടം നന്ദുവിനും ഇഷ്ടമാണ് .അതുകൊണ്ട് അവന്റെ അത്താഴം പലപ്പോഴും അനുവദിക്കപ്പെട്ട സമയത്തിന്റെ പരിമിതിയിൽ ഒതുങ്ങാറില്ല. നിഴലാട്ടത്തിന്റെ മാന്ത്രിക വിസ്മയം അവനെ വിളമ്പിവെച്ച അത്താഴത്തോടൊപ്പം ഉടലോടെ പൊക്കി ടി വി യുടെ മുൻപിൽ പ്രതിഷ്ഠിക്കുന്നത് സാധാരണമാണ്. (നിഴലാട്ടത്തിനൊപ്പം അവനും നീളുകയും കുറുകുകയും ചെയ്യന്നുവെന്നത് എന്റെ ഒരു തോന്നൽ മാത്രമാണോ, എന്തോ !)
എന്റെ തലമുറയിലെ ഊണു എന്ന ആഘോഷം അവനു ഒരു തരം പെറുക്കി തിന്നൽ മാത്രമാണു . “ഒന്നിച്ചിരുന്നുണ്ണണം. സാമ്പാറിന്റെ എരിവും , ഉപ്പേരിയിലേ ഉപ്പും പുളീശ്ശേരിയിലെ പുളിയും പറഞ്ഞാസ്വദിച്ചുണ്ണണം ." എന്നൊക്കെ. ഒരിക്കൽ ഞാൻ പറഞ്ഞത് പാർവതിയെ വല്ലാതെ ചൊടിപ്പിച്ചു ."മദ്യപിച്ചും കണ്ണില്കണ്ടതൊക്കെ വലിച്ചുവാരിത്തിന്നും അർദ്ധരാത്രിക്ക് വീട്ടിലെത്തി കട്ടിലിന്റെ ഒരു ഭാഗത്ത് വളഞ്ഞുകുടികിടന്നു നല്ലകാലം കഴിച്ചയാളാണ് ഒന്നിച്ചുണ്ണുന്നതിന്റെ മഹത്വം വിളമ്പുന്നത്.! പച്ചയുള്ളിയും മദ്യവും വമിച്ച നാറ്റം ഇപ്പോഴും മുക്കുന്ന് പോയിട്ടില്ല .ഓക്കാനം വരുന്നു “
അത്താഴത്തിന് ശേഷം നന്ദു സ്വതന്ത്രനാണ്. അവൻ ആ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് പാർവതിയെ മുട്ടിയുരുമ്മിക്കിടന്നുകൊണ്ടാണ്., കുരങ്ങുണ്ണിരാമനും തൂശിപ്പിള്ളയും, ഉണ്ണിയെ പിടിക്കാൻ നടക്കുന്ന രാക്ഷസിയും എല്ലാ രാത്രികളിലും പ്രത്യക്ഷപ്പെടുമെങ്കിലും പാര്‍വതിക്കും നന്ദുവിനും വിരസത അനുഭവപ്പെടാറില്ല. നന്ദുവിന്റെ സംശയങ്ങളും തമാശ ചോദ്യങ്ങളും ഓരോ ദിവസവും മാറി മാറിക്കൊണ്ടിരിക്കും. കഥ പറച്ചിലിനിടയിൽ അവൻ ഓർമ്മിച്ചെടുക്കുന്ന സ്‌കൂൾ തമാശകൾ പലപ്പോഴും കഥയുമായി കുടിക്കുഴഞ്ഞ് ഒരു അവിയലാകുന്നതും അപൂർവമല്ല.
പകല്‍ മുഴുവന്‍ പിടിച്ചിരുത്തുന്ന വാട്സ് ആപ്പില്‍ നിന്നും ഫെയ്‌സ് ബുക്കിൽ നിന്നും വ്യത്യസ്തമായ ആ മനുഷ്യസമ്പർക്ക പരിപാടി പാർവതിയും ശരിക്ക് ആസ്വദിക്കുന്നുണ്ടാവാം
നന്ദുവിനെ സ്കൂളിൽ 'അപ്ഡേയ്റ്' ചെയ്യുന്ന തൊഴിൽ വളരെ കൃത്യമായി ഞങ്ങൾ മൂന്നുപേർക്കിടയിൽ വിഭജിക്കപ്പെട്ടിട്ടുണ്ട്. കുളിപ്പിക്കുന്നതും പ്രാതൽ കൊടുക്കുന്നതും മുത്തശ്ശി പാർവ്വതി; പുസ്തകം ഒതുക്കുന്നതും ഉച്ചഭക്ഷണം ഒരുക്കുന്നതും സ്കൂൾ വേഷം കെട്ടിക്കുന്നതും അമ്മ അനാമിക ; അസ്സൈന്റ്മെന്റ്റ് സപ്പോർട്ട് ബൈ മുത്തശ്ശനായ ഞാൻ . എല്ലാത്തിനും ഒരു മേൽനോട്ടം മാത്രമാണ് രണ്ജ്ജിതിനു ചെയ്യാനുള്ളത്.
തന്റേതാണു ഏറ്റവും മുഖ്യമായ പങ്ക് എന്ന് ഞങ്ങൾ മൂന്നുപേരും അഭിമാനിച്ചിരുന്നു. എങ്കിലും അല്പം മുന്‍തൂക്കം അനാമികക്ക് തന്നെയായിരുന്നു.നന്ദുവിന്റെ ഓരോ ചലനത്തിന്റേയും താളക്രമം സ്കൂളിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നതാണെന്ന് ഉറപ്പു വരുത്തേണ്ടത് അവളാണ്. അദ്ധ്യാപക -രക്ഷാകർത്ര് യോഗങ്ങളിൽ കുട്ടിയുടെ ഓരോ ചാഞ്ചല്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റ് അമ്മമാരുടെയൊപ്പം അവളും പതറിപ്പോവുക പതിവാണ്.
അതുകൊണ്ട് ഞാനെഴുതിക്കൊടുക്കുന്ന അസ്സൈന്മെന്റ്കൾ വളരെ നിഷ്ക്കർഷയോടെ പരിശോധിക്കുക അവളുടെ പതിവാണ്..ദേശഭക്തിയെക്കുറിച്ച് ഞാനെഴുതിക്കൊടുത്ത ഒരു ഖണ്ഡിക ഒരിക്കൽ അദ്ധ്യാപികയെ ചൊടിപ്പിച്ചത്രെ. "സുജലയും സുഫലയുമാണു നമ്മുടെ മാത്രുഭൂമി." എന്ന വാചകത്തിന് ശേഷം "എല്ലാവർക്കും ജലവും ഫലവും സുലഭമാകണം " എന്ന ഒരു കുസൃതിയും കൂടി ഞാനെഴുതി ചേർത്തു. കുട്ടികളെ വഴി തെറ്റിക്കുന്ന അത്തരം കസർത്തുകൾ ആവർത്തിക്കരുതെന്ന ചുവന്ന മഷിയിൽ കുറിച്ചിട്ട ഒരു ഭീഷണിയോടെയായിരുന്നു അന്ന് നന്ദു പുസ്തകം തിരിച്ചുകൊണ്ടുവന്നത്.
ഇനി വരുന്ന തലമുറക്ക് അനുസരണയാണാവശ്യം എന്നാണ് രഞ്ജിത്തിന്റെ മാനേജ്മെന്റ് പ്രമാണം ഭരണം തിരുത്താനുമുള്ള ജനകീയ പ്രക്ഷോഭങ്ങളെല്ലാം ലോക വിപണിക്ക് ശല്യമാണ്.
. നന്ദുവിന്റെ സ്‌കൂളിൽ വിമോചന സമരങ്ങളില്ല. ഭാരതമാതാവിനു ജയ് വിളിക്കുന്ന അവസരത്തിൽ മാത്രമാണ് എല്ലാ കുട്ടികളും ഒന്നിച്ച് ശബ്ദമുയർത്തുന്നത്. പ്രതിഷേധം അവരുടെ വിദ്യാഭ്യാസ പരിപാടിയിൽ ഇല്ല.
"അതെല്ലാം പഴം കഥകൾ .ഇന്നത്തെ കോർപരേറ് സി.ഇ ഓ മാർ വെറും മേനേജർമാരല്ല. ലോകത്തിലെ അസമത്വത്തെ കുറിച്ചും മനുഷ്യരുടെ ദുരിതങ്ങളെക്കുറിച്ചും അവർ ബോധവാന്മാരാണ്. അതുകൊണ്ട് ആതുരസേവനവും നീതിനിർവഹണവും അവർതന്നെ ഏറ്റെടുക്കുന്നു. ബിൽഗേറ്റിനെ നോക്കൂ തന്റെ ബിസിനസ് സാമ്രാജ്യം മുഴുവൻ മറ്റുള്ളവരെ ഏൽപ്പിച്ച് സമൂഹനന്മക്കായി അയാൾ ഇറങ്ങ്ങ്ങിതിരിച്ചില്ലേ? എന്തിന്, നമ്മുടെ അമൃതാനന്ദമയിയും സായി ബാബയും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളല്ലേ ചെയ്യുന്നത്? പുട്ടപ്പർത്തിയിലെ ജലവിതരണ സംവിധാനം സായിബാബയുടെ സംഘടനയാണ് കൊണ്ടു നടത്തുന്നത് . " ഇടതടവില്ലാത്ത അവന്റെ വാക്പാടവം എന്നെ ഒന്നമ്പരപ്പിച്ചു. പക്ഷെ തോൽക്കില്ലെന്നൊരു വാശി എനിക്കുമുണ്ട്.
"പണ്ടു തിരുവിതാംകൂർ മഹാരാജാവ് തന്റെ രാജ്യം മുഴുവൻ സാക്ഷാൽ ഭഗവാൻ അനന്തപത്മനാഭസ്വാമിക്ക് അടിയറവെച്ചു. ഭരിക്കുന്നത് പത്മനാഭസ്വാമി , മഹാരാജാവ് ഒരു ദൈവദാസൻ മാത്രം. ദൈവത്തിന്റെ നാടിനെ കയ്യടക്കാൻ ഏതു ശത്രുവും മുതിരില്ല എന്ന രാജാവിന്റെ കണക്കുകൂട്ടൽ നീ പറഞ്ഞ ബിൽഗേറിന്റെ കണക്കുകൂട്ടൽ പോലെ ഒരു ബിസിനസ്സ മേനേജ്മെന്റ് ആയിരുന്നു.
പിന്നെ അമൃതാനന്ദമയിയും സായിബാബയും . അവരും ബിസ്സിനസ്സ് സി ഇ ഓ മാർ തന്നെ.ആൾ ദൈവത്തിന്റെ പരിവേഷവും ജീവകാരുണ്യ പ്രവർത്തനവും അവരെ വെല്ലുവിളികൾക്ക് അതീതരാക്കുന്നു”
കാര്യത്തിൽ മാത്രം ഊന്നുന്ന അവന്റെ മേനേജ്മെന്റ് പ്രമാണത്തിനു ഞാൻ പറഞ്ഞതൊന്നും അത്ര സാരമായി തോന്നിയില്ല. അച്ഛൻ വീണ്ടും പഴം കഥ പറയുന്നുവെന്ന് മാത്രമേ അവനു തോന്നിയിരിക്കുകയുള്ളു.
"ദൈവമെന്നോ സി ഇ ഓ എന്നോ എന്തു വേണമെങ്കിലും വിളിക്കാം നിങ്ങളുടെ ജനാധിപത്യ ഭരണത്തേക്കാൾ എത്രയോ ഭേദമാണ് അവരുടെ ഭരണം. ഇന്ന് നമൂടെ ജീവിതം അനായാസമായത് നിങ്ങളോക്കെ പൊരുതിയ സമരങ്ങൾ കൊണ്ടല്ല. അവരുടെ കാരുണ്യ പ്രവര്‍ത്തനം കൊണ്ടാണ്" .
ആരുടേയോ കാരുണ്യംകൊണ്ട് ജീവിക്കുന്നതിലും എത്രയോ മെച്ചപ്പെട്ടതാണ് ജനാധിപത്യത്തിന്റെ ദുരിതങ്ങൾ എന്ന് ഞാൻ പറഞ്ഞില്ല. "നിങ്ങളുടെ ജനാധിപത്യം"അവന്റെ ഉള്ളിനുള്ളിൽ നിന്നു വന്നതാണ് . സി ഇ ഒ മാർക്ക് ആ ജനാധിപത്യം കാലഹരണപ്പെട്ട ഒരു ചരിത്രമാണ്.

paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo