.............."പ്രഹസന ബന്ധങ്ങൾ".................
പണ്ടൊക്കെ മനുഷ്യന്റെ ശരീരത്തിലായിരുന്നു കുഷ്ഠം കാണപ്പെട്ടിരുന്നത്. അതിപ്പോൾ മാറി മനുഷ്യന്റെ മനസ്സിലേയ്ക്ക് ചേക്കേറിയിരിക്കുന്നു...
നല്ല സൗഹൃദങ്ങൾ വേണ്ടെന്നുവച്ചു പേരും പ്രശസ്തിയും തേടി പോകുമ്പോൾ മറക്കരുത് "തലമറന്ന് എണ്ണ തേക്കരുതെന്ന " കാർന്നോൻമാര് പറഞ്ഞ പഴഞ്ചൊല്ലുകൾ...
മറ്റൊരാളുടെ മനസ്സു വിഷമിപ്പിച്ചിട്ട് എന്തു നേടിയിട്ടെന്തു കാര്യം ശാശ്വതമായിട്ടതൊക്കെ കാണുമെന്ന് വ്യർത്ഥമായി ചിന്തിക്കാനേ സാധിക്കു. നിന്നെ കൈപ്പിടിച്ചു നടത്തിയ അമ്മയെ സ്വതന്ത്ര്യമായിട്ടു നടക്കാറാകുമ്പോൾ തള്ളിമാറ്റുന്നതിന് തുല്യമാണ് കൂടപ്പിറപ്പല്ലെങ്കിലും അതിനേക്കാൾ കൂടുതൽ സ്നേഹവും, കരുതലും, വാത്സല്യവും, തരുന്ന ചില ജ്യേഷ്ടത്തിക്കു തുല്യമായവരെ തള്ളിപ്പറയുന്നത്...
മുതിർന്നവർ പറയാറില്ലെ " വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന്" എത്ര അർത്ഥവത്തായ കാര്യമാണത്. എഴുതാനുള്ള കഴിവ് ശരിക്കുമൊരു സരസ്വതി കടാക്ഷമാണ് അതുള്ളിൽനിന്നും പടിയിറങ്ങി പോകാനും അധികകാലമൊന്നും വേണമെന്നില്ല. ഓർത്താൽ നന്ന്...
നമ്മൾ കാരണം മറ്റൊരാളിന്റെ കണ്ണിൽ നിന്നും നീര് പൊടിഞ്ഞാൽ ചിലപ്പോളതിന് നമ്മുടെ വംശത്തെവരെ കരിച്ചു കളയാനുള്ള ശക്തിയുണ്ടാകും...
ദൈവദത്തമായി ലഭിച്ച കഴിവുകൾ നശിപ്പിക്കാൻ രണ്ടുകാലിൽ നടക്കുന്ന ഒരുവനെകൊണ്ടും സാധിക്കില്ല. മറ്റുള്ളവരെ കാണിക്കാൻ, അല്ലെങ്കിൽ ആകർഷിക്കാൻ ആട്ടിൻതോലെടുത്തണിഞ്ഞിട്ടു ഒരു കാര്യവുമില്ല. നമ്മളുടെ കാലശേഷം നമ്മളെ മറ്റുള്ളവർ ഒരിക്കലെങ്കിലുമൊന്നു ഓർമ്മിക്കണമെങ്കിൽ ജീവിച്ചിരിക്കുന്ന സമയത്ത് കാമ്പുള്ള കാര്യങ്ങൾ എന്തെങ്കിലുമൊന്നു ചെയ്തിരിക്കണം...
പ്രശസ്തിയുടെ പടവുകൾ ചവിട്ടികയറേണ്ടത് മറ്റുള്ളവരുടെ തലയിൽ ചവിട്ടിതാഴ്ത്തി കൊണ്ടാകരുത്. നീയൊരു നല്ല മനുഷ്യനാണെങ്കിൽ മറ്റുള്ളവരുടെ മനസ്സുംകൂടി കാണാൻ ശ്രമിക്കണം. നീ അകറ്റി കളഞ്ഞത് മാണിക്യത്തെയാണെന്നുള്ള തിരിച്ചറിവ് നിന്നിൽ തീർത്താൽ തീരാത്ത കുറ്റബോധമുണ്ടാക്കും എന്നത് തീർച്ചയാണ്...
ഒന്നു നഷ്ടപ്പെടുത്തിയാലേ മറ്റൊന്നു നേടാൻ കഴിയു എന്നു പറയുമ്പോളും നമ്മളറിയണം നഷ്ടപ്പെടുത്തുന്നതിന്റെയും നേടിയെടുക്കുന്നതിന്റെയും മൂല്യവും വിലയും. ഒരസുഖം വന്നാൽ തീരാവുന്നതേയുള്ളു ഇന്നലെവരെയുള്ള സന്തോഷങ്ങൾ...
വിഷമിച്ചിരിക്കുന്ന മനസ്സുകണ്ടിട്ട് സരസ്വതിദേവിയുടെ കണ്ണുകൾപോലുമീറനായിരിക്കുന്നു. ഭാവനകൾ കൂടുക്കൂട്ടിയിരുന്ന നന്മമരത്തിൽ നിന്നും സമയമാകാതേ പച്ചിലകൾ പൊഴിയാൻ ഞങ്ങളനുവദിക്കില്ല. ഒരുപാടൊരുപാട് പൂക്കാലങ്ങൾ സമ്മാനിക്കാൻ കിടക്കുമ്പോൾ എന്തിനു നീ തേങ്ങി പിൻമാറാൻ ശ്രമിക്കുന്നു...
തൂലിക കൈയ്യിൽ ഭദ്രമായിട്ടിരിക്കുമ്പോൾ മഷിതീരാതേ നോക്കിയാൽമാത്രംമതി. ദൈവീകാംശം തൊട്ടുതലോടുന്ന നിർമ്മലകരങ്ങൾക്ക് ശക്തിചോർന്നു പോകില്ലൊരിക്കലും...
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെവേണം എന്നു കരുതി നമ്മുടെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ല. ചതിക്കുത്തരം മുറിപ്പത്തലുതന്നെയാണ്...
ഉപ്പാളമെത്തില്ല ഉപ്പിലിട്ടതെന്ന സത്യം തിരിച്ചറിയാത്ത വിഡ്ഡികളെക്കുറിച്ചോർത്ത് നമുക്ക് ചിരിക്കാം മനസ്സുതുറന്ന്...
ഒന്നോർത്തുകൊള്ളുക ആണായാലും, പെണ്ണായാലും സൗഹൃദങ്ങൾക്ക് ഒരതിർവരമ്പുവച്ചോണം അല്ലെങ്കിൽ ലക്ഷ്മണരേഖ ഭേദിച്ചങ്ങ്കേറും മനസ്സിലേയ്ക്ക് എന്നിട്ടൊരു ദിവസം മുഖത്താട്ടിയേച്ചിറങ്ങി പോകും. സൗഹൃദത്തിന്റെ തണലിൽ ഉണ്ടുറങ്ങീടുന്ന എല്ലാ സൗഹൃദങ്ങൾക്കുമുള്ള ഒരു ചെറിയതാക്കീതാണിത്...
അപ്പം തിന്നാൽമതി കുഴിയെണ്ണണ്ടാരും ഇനിയതല്ല കുഴിയെണ്ണിയെ അപ്പം തിന്നത്തുള്ളു എന്ന് നിർബന്ധമുള്ളവർ സ്വയമൊരു കുഴിയെടുത്തോളണമാദ്യം......
.........................
📝 മനു
✒.........................


No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക