Slider

ആദ്യാക്ഷരങ്ങൾ ••••••••••••••••••••••••••••••••••

0
ആദ്യാക്ഷരങ്ങൾ
••••••••••••••••••••••••••••••••••
സന്ധ്യാനേരത്ത്‌ ചന്ദനമഴയിൽ
നനഞ്ഞിരിക്കുമ്പോളാ പെട്ടെന്നൊരു നുള്ള്‌ കിട്ടിയത്‌. പിടഞ്ഞു പോയി.
കറുത്തമ്മയുടെ മുഖം പോലെ കരുവാളിച്ച മുഖവും ഓങ്ങിയ കൈയ്യുമായി നോക്കുമ്പോ മോന്റെ മോളാ.
"ആശീ നിന്റെ കൈ വല്ലാതെ നീളുന്നുണ്ട്‌ കേട്ടാ,എന്തൊരു ചൂടാ"
"അച്ചമ്മയെ എത്ര നേരായി വിളിക്കുന്നു,
കേൾക്കണ്ടെ" അവൾ പേടിയോടെ കൊഞ്ചിക്കൊണ്ട്‌ പറഞ്ഞു.
ഓങ്ങിയ കൈകൾ കൊണ്ട്‌ മോളെ വാരിയെടുത്ത്‌ മടിയിലിരുത്തി.
ശരിയാ ഈ ഒടുക്കത്തെ സീരിയൽ തുടങ്ങിയാൽ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയൂല.
"എനിക്ക്‌ ഇതൊന്ന് നോക്കി ശരിയിട്ടു താ"
സ്ലേറ്റിലെഴുതിയത്‌ ഉയർത്തിക്കാട്ടി അവൾ പറഞ്ഞു.
"അമ്മയോട്‌ പറ മോളെ"
"അമ്മ വയറു വേദനയായി കിടക്കുന്നെ കാണുന്നില്ലേ?"
അപ്പൊളാ അത്‌ ശ്രദ്ധിച്ചേ ശരിയാ അവൾ ഇരുന്ന കസേര കാലിയാ.
"പെട്ടോ ഈശ്വരാ"
"പഠിക്കുന്നത്‌ ഒന്നിലാണെങ്കിലും വാശി പത്തിലാ"
ഇത്‌ ഇപ്പൊ എന്ത്‌ പറഞ്ഞ്‌ ഒന്ന് ഒഴിവാകും. മുഖം ടി വിക്ക്‌ മുന്നിലേക്ക്‌ തിരിച്ചപ്പോ താടിയിൽ പിടിച്ച്‌ തിരിച്ചത്‌ ആദ്യം ശ്രദ്ധിക്കാതെ ഒഴിഞ്ഞു മാറിയെങ്കിലും രണ്ടാമത്തേതിനു ശക്തി കൂടിയപ്പോ പറഞ്ഞു
"മോൾ ഇവിടെ ഇരിക്ക്‌, അച്ചമ്മ അടുപ്പ്‌ ഒന്ന് ഊതിയിട്ട്‌ വേഗം വരാം"
കുറച്ച്‌ നേരം അടുപ്പിനടുത്ത്‌ മാറി നിന്നപ്പോഴാണു സാരിയിൽ ഒരു പിടുത്തം, നോക്കുമ്പോ അങ്ങേ തലക്കൽ കുഞ്ഞുമോൾ വാരിയെടുത്ത്‌ മെല്ലെ പറഞ്ഞു
"അച്ചമ്മക്ക്‌ എഴുതാനറീല്ല മുത്തേ"
"ആശീ.... അവളുടെ അമ്മയുടെ വിളി കേട്ടതും അവൾ ഊർന്നിറങ്ങി..
"എഴുതാനല്ലല്ലൊ ശരിയിടാനല്ലേ പറഞ്ഞേ" പോകുന്ന വഴിക്കൊരു ചെറിയ നുള്ളും കൂടി തന്ന് കെറുവിച്ചവൾ അകത്തേക്കോടി..
കാതങ്ങൾ ഒരു പിടി പിന്നിലേക്കോടി...
അച്ചമ്മ പഴയൊരു കൊച്ചുമോളായി.....
"അമ്മേ അമ്മക്കിന്ന് പണിയില്ലല്ലൊ? ഞാൻ സ്കൂളിൽ പോയ്ക്കോട്ടേ" അവൾ കെഞ്ചി
സമ്മതം കിട്ടിയതും അവളുടെ മനസ്സ്‌ തുള്ളിച്ചാടി.
അമ്മ പണിക്ക്‌ പോയാൽ കൂടെ പിറന്ന രണ്ടെണ്ണത്തിനെയും രണ്ട്‌ പശുവിന്റെയും നാലാടിന്റെയും തള്ളക്കോഴീന്റെം കുട്ട്യോളുടെയും ഒക്കെ കാവൽക്കാരി ഇവളാ..
രാവിലെ തന്നെ വെള്ളം നിറക്കലും പാത്രം കഴുകലും കാലികൾക്ക്‌ വെള്ളം കൊടുക്കലും കോഴികളെ പുറത്തിറക്കി കൂട്‌ വൃത്തിയാക്കി കൂട്ടിലേക്ക്‌ കയറ്റലും ഒക്കെയായി പുറത്തെ ജോലികളൊക്കെ ഒതുക്കി പെട്ടെന്നവൾ ഒരുങ്ങാൻ തുടങ്ങി.
ചട്ടിയിലെ കരിയെടുത്ത്‌ കണ്ണെഴുതി പൊട്ട്‌ കുത്തി, മുടി രണ്ടായി പിന്നിയിട്ട്‌, എണ്ണയൊലിക്കുന്ന മുഖം ഒന്ന് കൂടി മിനുക്കി.
അവളുടെ മനസ്സ്‌ പോലെ അതും വെട്ടി തിളങ്ങി.
പുസ്തകങ്ങളും സ്ലേറ്റും ഉപ്പുമാവിനുള്ള പിഞ്ഞാണവും ഒരു സഞ്ചിയിലാക്കി അവൾ വേഗം ഓടിയിറങ്ങി. അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടിലെ കുട്ട്യോളൊക്കെ പോയിരിക്കുന്നു.
എല്ലാ ദിവസവും സ്കൂളിൽ പോവാത്ത അവളെ ആരാ കാത്തു നിൽക്കുന്നെ?
എന്നും അവരുടെ കൂടെ ഇങ്ങനെ ഒരുങ്ങി ഇറങ്ങി സ്കൂളിൽ പോകാൻ അവൾക്കും ഭയങ്കര കൊതിയാരുന്നു.
തെങ്ങിൻ തോപ്പ്‌ കഴിഞ്ഞ്‌ ഒരു വയലും മുറിച്ച്‌ നടന്ന് ഇത്തിരി ചെമ്മൺ റോഡും കടന്നാൽ സ്കൂളാണു. അവൾ വേഗം കൂട്ടി. തെങ്ങിൻ തോപ്പിൽ കെട്ടിയ കറുമ്പിക്ക്‌ അവൾ പോകുന്നത്‌ ഇഷ്ടായില്ല. അതിനോട്‌ ഇന്ന് മിണ്ടാനും പറയാനും ആരും ഇല്ലാത്ത ദേഷ്യം അത്‌ മുരണ്ട്‌ തീർത്തു. കേട്ടിട്ടും കേൾക്കാതെ അവൾ വേഗം നടന്നു.
വയലിൽ നിന്ന് റോഡിലേക്കെത്തിയപ്പോൾ അകലെ നിന്നെ കണ്ടു കുട്ടികൾ കൂട്ടമായി സ്കൂളിൽ പോകുന്നത്‌. അവളും അവരിലലിഞ്ഞു.
സമപ്രായക്കാരെല്ലാം മൂന്നിലും നാലിലും ആയി.
അവൾ മാത്രം ഒന്നാം ക്ലാസ്സിലെ പിന്നിലെ ബഞ്ചിലും.
ആദ്യത്തെ മലയാളം ടീച്ചറുടെ ക്ലാസ്സ്‌ കഴിഞ്ഞു കണക്ക്‌ മാഷ്‌ ക്ലാസ്സിൽ വന്നേ ഉള്ളൂ.
അപ്പൊളാണു സ്കൂൾ മുറ്റത്ത്‌ ഒരാടിന്റെ ശബ്ദം. കുട്ടികളൊക്കെ മുറ്റത്തേക്ക്‌ നോക്കി കലപില കൂട്ടുന്നതിനിടയിലാ മാഷ്‌ പുറത്ത്‌ നിന്ന് തന്നെ വിളിച്ചേ.
നോക്കുമ്പോ അമ്മ ആടിന്റെ കയറും പിടിച്ച്‌ സ്കൂൾ മുറ്റത്ത്‌.
"വലിയ വീട്ടിൽ തേങ്ങ പറിക്കാൻ ആളു വന്നിട്ട്‌ വിളിച്ചിനു നീ ഇതിനെയും കൊണ്ട്‌ വീട്ടിലേക്ക്‌ പോയ്ക്കോ മക്കൾ ഇപ്പോ എണീക്കും വാതിൽ പാതിയേ ചാരീട്ടുള്ളൂ" ന്നും പറഞ്ഞ്‌ ആടിന്റെ കയർ തനിക്ക്‌ നേരെ നീട്ടി.
നായയെ പേടിച്ചിട്ടാ അമ്മ ആ കുഞ്ഞാടിനെയും കൊണ്ട്‌ വന്നേ.
മാഷിന്റെ മുഖത്തേക്കൊന്ന് നോക്കി പുസ്തകസഞ്ചിയും എടുത്ത്‌ ആടിനെയും കൊണ്ട്‌ വിങ്ങുന്ന മനസ്സുമായി വീട്ടിലേക്ക്‌ മടങ്ങി.
മിക്കദിവസങ്ങളും ഇത്‌ തന്നെ അനുഭവമായതിനാൽ വലിയ വിഷമമൊന്നും തോന്നിയില്ല.
തുടർ ദിവസങ്ങളും അങ്ങിനെ തന്നെ..
ഇടക്ക്‌ സ്കൂളിൽ പോകും. അപൂർവ്വമായേ മുഴുവൻ ദിവസവും ക്ലാസ്സിൽ ഇരിക്കാൻ പറ്റിയിട്ടുള്ളൂ.
അതിനിടയിലൊരു ദിവസം ഇത്‌ പോലെ ആടിനെയും തെളിച്ച്‌ പുസ്തക സഞ്ചിയുമയി വീട്ടിലേക്ക്‌ വരുമ്പോൾ ചെറിയൊരു മഴയുണ്ടായിരുന്നു.
വീടിനടുത്തെത്തിയപ്പൊളാ ആ കാഴ്ച കണ്ടത്‌ . മുറ്റത്തെ കുളിർമാവിന്റെ ഒരു വലിയ കൊമ്പ്‌ അടർന്ന് വീടിന്റെ മേലെ വീണിരിക്കുന്നു. ഓല മേഞ്ഞ ആ വീട്‌ മുക്കാൽ ഭാഗവും നിലത്തെത്തിയിരിക്കുന്നു. ആടിന്റെ കയറും വിട്ട്‌
"ഊയീ എന്റെ മക്കളേ" ന്നും അലറി വിളിച്ച്‌ അവൾ വീടിന്റെ ഉള്ളിലേക്ക്‌ വല്ല വിധേനയും ഓടിക്കയറി. ഒച്ച കേട്ട്‌ ഓടി വന്ന അടുത്ത വീട്ടിലെ പ്രായമായ ഒരു അമ്മൂമ്മയും അവളും കൂടി
അനിയനെയും അനിയത്തിയെയും എങ്ങനെയൊക്കെയോ പുറത്തെടുത്തു. രണ്ടാൾക്കും ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ലെങ്കിലും അവൾ പഠിക്കാനുള്ള മോഹവും പുസ്തക സഞ്ചിയും എന്നെന്നേക്കുമായി അവർക്ക്‌ വേണ്ടി കളഞ്ഞു..
"അച്ചമ്മേ"
ദീർഘനിശ്വാസവുമായി തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകളിൽ രണ്ട്‌ അഗ്നിപൂക്കൾ അടർന്നു വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു.
കൊച്ചുമോൾ അച്ചമ്മയുടെ കൈയും പിടിച്ച്‌ ഉമ്മറത്തെ അരഭിത്തിയിൽ കൊണ്ടിരുത്തി.
മടിയിൽ കയറി ഇരുന്ന അവൾ കൈയ്യിലൊരു സ്ലേറ്റ്‌ പെൻസിൽ പിടിപ്പിച്ച്‌ അവളുടെ കുഞ്ഞുകൈകളിലൂടെ ആ സ്ലേറ്റിൽ എഴുതിച്ചു...
"അ..."
"പറയച്ചമ്മേ" "അ.... ച്ച... മ്മ...
രണ്ട്‌ തുള്ളികൾ ആ കുഞ്ഞു മൂർദ്ധാവിൽ അറിയാതെ പൊഴിഞ്ഞു വീണു.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo