Slider

***ചെറിയ ചെറിയ വലിയ കാര്യങ്ങൾ ***

0
***ചെറിയ ചെറിയ വലിയ കാര്യങ്ങൾ ***
പുതിയ സെയിൽസ് മാനേജർ വന്നതിൽ പിന്നെ ഓഫീസിൽ പോകുന്നതു അഗ്നി കാവടി ആടുന്ന പോലെ ആയിരിന്നു.കുറച്ചു നാൾ മുൻപ് വരെ നമ്മുടെ കൂടെ ഉണ്ടായിരുന്ന പയ്യനാണ്. ഇപ്പോ ഒരു പ്രൊമോഷൻ കിട്ടി അതോടെ അംബാനിടെ അളിയൻ ആയി എന്നാ അവന്റെ തോന്നൽ. കേറിയ ഉടനെ അവന്റെ കുറെ തുഗ്ലക് പരിഷ്‌കാരങ്ങൾ. അതുപിന്നെ പറയണ്ടല്ലോ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രി കുടപിടിക്കും എന്നാണല്ലോ . മനസ്സിന്റെ സമാധാനം മുഴുവൻ നഷ്ടപ്പെട്ടാണ് അന്ന് വീട്ടിൽ വന്നു കയറിയത്.
ഭാര്യ പതിവില്ലാതെ നേരത്തെ ജോലികഴിഞ്ഞു വന്നു, ഒരു ചൂടൻ ചായ കൈയ്യിൽ തന്നു.ചായ കപ്പുമായി ബാൽക്കണി യിലേക്ക് വച്ചു പിടിച്ചു കാക്ക മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കാൻ അല്ല. കാരണം അനാവശ്യ ഡയലോഗ് അടിച്ചു വല്ലപ്പോഴും കൃത്യമായി കിട്ടുന്ന ചായ മിസ്സ്‌ ആകാൻ പറ്റില്ല, അത്രതന്നെ. എന്നും ബാൽക്കണി യിൽ നിന്നു ആത്മാവിന് പുകയും കൊടുത്തു ചായ കുടിക്കുന്നത് ഒരു ശീലം ആയിരുന്നു . അവിടെ നിന്നു നോക്കിയപ്പോൾ താഴെ കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നുതു കണ്ടു . ചെത്തിയ മടല് കൊണ്ട് ഉണ്ടാക്കിയ ബാറ്റ്. സ്റ്റമ്പ് ആയി ഉണ്ടായിരുന്നത് അവിടെ ഉള്ള ഒരു കുറ്റി.
കുട്ടിക്കാലത്തിന്റെ ഓർമ്മകൾ അവന്റെ മനസിലേക്ക് നുരഞ്ഞു പൊങ്ങി. കൊയ്ത്തു കഴിഞ്ഞ പാടത്തിൽ മടൽ കൊണ്ട് ബാറ്റ് ഉം വിക്കെറ്റ് ഉം ഒക്കെ ഉണ്ടാക്കി ഒരു വമ്പിച്ച ട്വന്റി- ട്വന്റി.ബെറ്റ് വച്ചു കളിക്കുന്ന ഇന്നിംഗ്സ് വേറെ യും. കൂട്ടത്തിൽ ഏറ്റവും ചെറുതിനെ ഫുൾ ടൈം അമ്പയറും ആകും. സ്കൂൾ വിട്ടു വരുന്നത് തന്നെ സച്ചിൻ ആണെന്ന ഭാവത്തിൽ ആയിരുന്നു അന്ന്.
ചായ കുടിച്ച കപ്പ്‌ ടേബിൾ ലേക്ക് വച്ചിട്ട് . നേരെ ഓടി കുട്ടികളുടെ അടുത്തേക്ക്. ഒരു ഓവർ ആ ടെന്നീസ് ബോൾ കൊണ്ട് എറിഞ്ഞപ്പോൾ മനസ്സിൽ നിന്നു സെയിൽസ് ടാർഗറ്റ് ഉം , ക്ലയന്റ് മീറ്റിംഗ് ഉം ഒക്കെ പോയി മറഞ്ഞു. ലാസ്റ്റ് ബോളിൽ ഒരു വിക്കെറ്റ് കൂടി വീണപ്പോൾ. ഞാൻ മണ്ണിൽ കിടന്നുരുണ്ടു.ടീഷർട് വലിച്ചു ഊരി ഡാൻസ് ചെയ്യാൻ ഒരുമ്പെട്ടപ്പോൾ ആണ് ഭാര്യ എന്റെ കണ്ണിൽപെട്ടത്. മുകളിൽ നിന്നു ഇതൊക്കെ നോക്കി കണ്ട അവൾ മൂക്കത്തു വിരൽ വച്ചു. ഇങ്ങേർക്ക് ഭ്രാന്തായോ അവൾ ഓർത്തു കാണും. പക്ഷെ അന്ന് രാത്രി ഉറങ്ങിയപ്പോൾ അവന്റെ മനസ്സ് ശാന്തമായിരുന്നു. ഒരു ആറാം ക്ലാസ്സ്കരന്റേത് പോലെ.....
നൈറ്റ്‌ ഷിഫ്റ്റ്‌ നു രണ്ടു ഡെത്ത് ഉം, ഒരു ഇന്റ്യൂബേഷൻ ഉം കഴിഞ്ഞു രോഗിയോടൊപ്പം തന്നെ ജീവച്ഛവം ആയിരുന്നു പ്രമീളയും. അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനായാണ് മെഡിസിനു ചേർന്നത്. പക്ഷെ പിന്നീട് അതൊരു പാഷൻ ആയി.
എന്നാൽ ഇന്ന് അത് തന്നെ കാർന്നു തിന്ന് തുടങ്ങി. ജോബ് സ്ട്രെസ്സ് വല്ലാതെ കൂടുന്നു. മാനേജ്മെന്റ്കളുടെ കച്ചവടം കണ്ടു മനസ്സും മടുത്തു തുടങ്ങി. കോഴിയേയും പശുവിനെയും വിൽക്കുന്നത് പോലെ ആൻജിയോപ്ലാസ്റ്റിയും, എൻഡോസ്കോപ്പിയും വിൽക്കുന്ന കാലമാണ്. കോട്ടും, സ്റ്റെത്തും വാരി പെറുക്കി വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങി.നശിച്ച മഴ എന്ന് തുണി നനച്ചിട്ടാലും മഴപെയ്യും എന്ന് മഴയെ ശപിച്ചു കൊണ്ട് അവൾ കാർഷെഡിലേക്കു വണ്ടി ഓടിച്ചു കയറ്റി.
നോക്കിയപ്പോൾ അതാ രമ്യ മോൾ പ്ലേ സ്കൂളിൽ നിന്നെത്തി എന്നിട്ടു ഉടുപ്പ് പോലും മാറാതെ അവളുടെ പൂച്ച കുട്ടിയുടെ കൂടെ മഴ നനഞ്ഞു കളിക്കുന്നു. വല്ല പനിയും പിടിപ്പിച്ചു കഴിഞ്ഞാല്ലേ ഈ പെണ്ണിന് സമാധാനം ആകുകയുള്ളു.ദേഷ്യം അണപൊട്ടി ഒഴുകി.
കാറിൽ നിന്നു ചാടി ഇറങ്ങി മുറ്റത്തുന്നു ഒരു കമ്പ് ഓടിച്ചെടുത്തു അവളെ തല്ലാൻ ഓങ്ങിയപ്പോൾ ഒരു ചെറു ചിരിയോടെ അവൾ ഒരു കടലാസു തോണി തനിക്കു നേരെ വച്ചു നീട്ടി. "എന്റേത് ഇതുവരെ മുങ്ങിയില്ല,അമ്മ ഒരെണ്ണം ഒഴുകി നോക്കിക്കേ". മഴവെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിൽ കടലാസ് തോണി ഒഴുക്കി വിടുകയാണ് അവൾ.
പെട്ടെന്ന് തന്റെ കുട്ടികാലം ഓർമ വന്നു പ്രമീളയ്‌ക്ക്. എത്ര കടലാസുതോണികളാണ് തറവാടിന്റെ ഉമ്മറത്തെ തോടിനു സമീപം ഒഴുകിയത്. മുത്തച്ഛൻ ആയിരുന്നു അന്ന് കൂട്ട്. അച്ഛൻ കാണാതെ കട്ടിയുള്ള കടലാസ് കൊണ്ട് തനിക്കു തോണി ഉണ്ടാക്കി തരും അതിൽ പേരെഴുതിയ ശേഷമേ താൻ ഒഴുകാറുണ്ടായിരുന്നുള്ളു അവൾ ഓർത്തു.
അന്ന് രമ്യ മോളുടെ കൂടെ നിന്നു മഴ നനഞ്ഞു പലവർണത്തിലെ ഒരുപാടു കടലുതോണികൾ ഒഴുക്കി. വീട്ടിൽ എത്തി കുളിച്ചു ചായ കുടിക്കാൻ തുടങ്ങിയപ്പോളേക്കും പ്രമീളയുടെ മനസ്സ് ശാന്തമായിരുന്നു. അന്നത്തെ ഡ്യൂട്ടിയുടെ ആഘാതം അവർ പാടെ മറന്നിരുന്നു.
കുടുംബകോടതിയിൽ നിന്നു ആദ്യത്തെ റൗണ്ട് ഉപദേശം കേട്ടു കൗണ്സിലിംഗ് എന്ന പ്രഹസന നാടകത്തിനു പോകുവാൻ മനസ്സ് കൊണ്ട് സമ്മതം പറഞ്ഞ ശേഷം ആണ് രാഹുൽ ഉം റ്റീനയും വെവ്വേറെ കാറുകളിൽ വീട്ടിലേക്കു എത്തിയത്. കൊച്ചിയിലെ ഫ്ലാറ്റ് ലേക്ക് കയറാൻ ഉള്ള പടവുകളിലേക്കു നടക്കുമ്പോൾ ആണ് മിന്നു മോളെ അവർ കണ്ടത്.
കാർപാർക് കിലെ പൊടി പിടിച്ച സൂസൻ ന്റെ കാറിന്റെ ചില്ലിനു മുകളിൽ അവൾ ചിത്രം വരയ്ക്കുക ആയിരുന്നു. അച്ഛനും, അമ്മയും, അവളും പിന്നെ വരാൻ പോകുന്ന കുഞ്ഞു വാവ യും. ഒരു കുഞ്ഞു വീടും അതിനടുത്തു ഒരു കുളവും ഉണ്ടായിരുന്നു.
അവരെ കണ്ടതും അവൾ ഓടിച്ചെന്നു എന്നിട്ടു കൊഞ്ചി ചോദിച്ചു "നമുക്ക് നമ്മുടെ ഗോൾഡൻ ഹൌസിൽ ഒരു പട്ടി കുട്ടി കൂടെ വേണം. അല്ലേ മമ്മ. ?".ടീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒരുനിമിഷത്തേക്കു അവർ രണ്ടാളും ഒന്നും മിണ്ടാനാവാതെ ഉരുകി നിന്നു. മനസിനു ഒരു ജീവൻ വീണപ്പോൾ രാഹുൽ നടന്നു ചെന്നു ചില്ലിൽ ഒരു പട്ടി കുട്ടിയെകൂടി വരച്ചു ചേർത്തു. എന്നിട്ടു തിരിച്ചു വന്നു ടീനയുടെ കൈയും പിടിച്ചു വീട്ടിലേക്കു പോയി.
വർഷങ്ങളായി പറഞ്ഞു തീർക്കാനാവാത്ത അവരുടെ പ്രശ്നങ്ങൾ. അവരുടെ തമ്മിൽ ചേരാത്ത സ്റ്റാറ്റസ്, ഈഗോ, പ്രൊഫഷണൽ പ്രൊഫൈൽ എന്ന് വേണ്ട ഉണ്ടായിരുന്ന എല്ലാപ്രശ്ങ്ങളും അലിഞ്ഞു ഇല്ലാതെ ആയി. ഒരിക്കലും ഒന്നിച്ചു ജീവിക്കാനാവില്ല എന്ന് ഉറപ്പിച്ച അവരുടെ മനസുകൾ എന്തിനു ആത്മാവിനെ തന്നെ പിടിച്ചു കുലുക്കാൻ ആ കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്കായി.
പലപ്പോഴും നമ്മളിലെ കുട്ടിത്തം നഷ്ടമാകുമ്പോൾ ആണ് ജീവിതത്തിൽ പ്രശ്നങ്ങൾ നിറയുന്നത്. നമ്മൾക്ക് സ്വന്തമായിരുന്ന ആ കുട്ടികളുടെ നൈർമല്യം അത് വിടാതെ, നശിക്കാതെ നോക്കുക. നിങ്ങളിലെ കുഞ്ഞിനെ സ്നേഹിക്കുക താലോലിക്കുക.അതാവും നാളെയുള്ള താഴ്ചകളിൽ നമ്മുടെ കരുത്ത്
***ജിയ ജോർജ് ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo