ഇത്തവണ 101 ഡിഗ്രി പനിയുമായാണ് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയത്. നാട്ടിൽ പോകുന്ന ഉത്സാഹത്തിൽ എന്തുട്ട് പനി.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ശരീരത്തിന് നല്ല ചൂടും പിന്നെ വിറയലും. സ്റ്റേഷനകത്തുള്ള എമർജൻസി കെയറിൽ കാണിച്ചു, യാത്ര വേണ്ട എന്ന് വെക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർ, എനിക്ക് എങ്ങനേലും നാട്ടിൽ പോയെ പറ്റൂന്നു ഞാനും, ഈ പനിയും കൊണ്ട് ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ, എങ്ങനേലും നാട്ടിൽ എത്തിപ്പറ്റിയാൽ മതി, പനി മാറണ വരെ അമ്മേടെ അടുത്ത് നിക്കാം. കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുമ്പോ ഇടയ്ക്കിടയ്ക്ക് ചൂട് നോക്കാൻ 'അമ്മ നെറ്റിയിൽ കൈതൊട്ടുവെയ്ക്കുന്നതും, നിർബന്ധിച്ചു കഞ്ഞി കുടിപ്പിക്കുന്നതുമൊക്കെ ഓർത്താ പിന്നെ പോവാണ്ട് ഇരിക്കാൻ പറ്റുവോ. അങ്ങനെ ഇഞ്ചക്ഷനും എടുത്തു, കഴിക്കാനുള്ള മരുന്നും തന്നു ഡോക്ടർ എന്നെ യാത്രയാക്കി. ബാഗും സാമാനങ്ങളും പെറുക്കി ഞാൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു.
സമ്മർ വെക്കേഷന് പ്രമാണിച്ചു ട്രെയിനുകൾ എല്ലാം ഫുൾ ആണ്. ഒരു മാസം മുന്നേ ബുക്ക് ചെയ്തിട്ടും എനിക്ക് കിട്ടിയത് ആർഎസി ടിക്കറ്റ് ആണ്, ആർസി ടിക്കറ്റ് ഒക്കെ അങ്ങ് കൺഫേം ആയിക്കോളുംന്ന ധാരണയിൽ ഞാൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു(അങ്ങനെ കൺഫേം ആയ ചരിത്രമിണ്ടേ) . സാമാനങ്ങൾ ഒക്കെ ഒതുക്കി വെച്ച് ഞാൻ സീറ്റിലേക്കിരുന്നു അല്ല വീണുന്നു പറയുന്നതാവും ശരി. ക്ഷീണവും മേലുവേദനയുമൊക്കെ കൊണ്ട് ശരീരം തളരുന്നപോലെ തോന്നി. കാലു നീട്ടിയൊന്നു കിടന്നാൽ കൊള്ളാമെന്നുണ്ട്, എതിർ സീറ്റിന്റെ അവകാശി ഇനിയും വന്നിട്ടില്ല. അതൊരു സ്ത്രീയാകണമേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
കാലൊന്നു നീട്ടി കണ്ണടച്ച് അധിക നേരമായില്ല ഒരു എസ്ക്യൂസ് മി വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്, എതിർ സീറ്റിന്റെ അവകാശി ആണ്, ഒരു വനിതാ രത്‌നം തന്നെ, കാലു നീട്ടി പരസ്പരം അഡ്ജസ്റ്റ് ചെയ്തു ഇരിക്കാമല്ലോ എന്ന സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോളാണ് അവർ സീറ്റ് നേരെയിട്ടു ഇരിക്കാമെന്നു പറഞ്ഞത്. മനസ്സിൽ അല്പം മുൻപ് പൊട്ടിയ ലഡ്ഡു ധാന്നു പറയണ നേരം കൊണ്ട് തവിടുപൊടിയായ വിഷമത്തിൽ ഇരുന്നുറങ്ങാൻ ഞാനൊരു ശ്രമം നടത്തി. നിദ്രാദേവത കടാക്ഷിക്കുന്നില്ലായെന്നു കണ്ടപ്പോൾ ബാഗിൽ നിന്ന് മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന ബുക്കെടുത്തു വായന തുടങ്ങി.
അങ്ങനെ പനിയുടെ ക്ഷീണം മറന്നു നാലപ്പാട്ടു തറവാട്ടിലങ്ങനെ സ്വച്ഛന്ദം വിഹരിച്ചു പൂത്ത നീര്മാതളത്തിന്റെ ഭംഗിയും നുകർന്ന് നിൽക്കുമ്പോളാണ് എതിർവശത്തിരിക്കുന്ന വനിതാരത്നം ഒന്ന് മുരടനയ്ക്കിയത്.
വനിതാരത്നം : വായിക്കുവാണോ?
അല്ല തിരുവാതിര കളിക്കുവാണ് ന്നു പറയാൻ തോന്നിയെങ്കിലും അതേയെന്ന മറുപടി നൽകി ഞാൻ പതിയെ ബുക്കിൽ തല പൂഴ്ത്തി.
വര(വനിതാരത്നം): നല്ല പോലെ വായിക്കുന്ന കൂട്ടത്തിൽ ആണല്ലേ ?
ഞാൻ: ആം
വര : എഴുതുവോ ഇയാൾ ?
ഞാൻ : ആം കുറച്ചു വല്ലപ്പോഴും ഒക്കെ
വര : എന്ത് കഥയൊക്കെയാ എഴുതുന്നത്
ഞാൻ : അങ്ങനെ ഒന്നുമില്ല എനിക്ക് ചുറ്റുമുള്ളവരുടെ എന്റെ അങ്ങനെ ഒക്കെ
വര : എഴുതിയത് വല്ലതുമുണ്ടോ ഒന്ന് വായിക്കാൻ ?
ഓൺലൈൻ ഗ്രുപ്പുകളിൽ പോസ്റ്റ് ചെയ്ത ചിലതൊക്കെ ഞാനവർക്ക് വായിക്കാൻ കൊടുത്തു.
വര : ഇയാൾ നല്ലോണം എഴുതുന്നുണ്ടല്ലോ
ഞാൻ ശകലം ഒന്ന് പൊങ്ങുന്നു
വര : ഞാൻ ഒരു കഥ പറഞ്ഞ എഴുതുവോ?
ഇതെന്തുട്ടൂ വട്ടാണുന്നുള്ള ഭാവത്തിൽ ഞനവരെയൊന്നു നോക്കി,
വര : എന്തെ പറയട്ടെ, ഇത് വേറെ ആരുടേം കഥയല്ല എന്റെ തന്നെ കഥയാ പറയട്ടെ ?
എന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവർ പറഞ്ഞു തുടങ്ങി. ഇനിയുള്ളത് അവർ എന്നോട് പറഞ്ഞ കാര്യങ്ങളാണ്,
" എനിക്ക് ഒരു വയസ്സുള്ളപ്പോളാണ് എന്റെ അച്ഛൻ മരിക്കുന്നത്. അമ്മയും അച്ഛനും പ്രേമിച്ചു കല്യാണം കഴിച്ചതാണ്. അമ്മയ്ക്ക് ആകെ കൂടിയുള്ളത് പ്രായം ചെന്ന അമ്മമ്മയായിരുന്നു, അമ്മേടെ അച്ഛനും അമ്മയും ചെറുതിലെ മരിച്ചു. അച്ഛന്റെ കുടുംബം സാമാന്യം ഭേദപ്പെട്ട ഒന്നാരുന്നു. അമ്മയെ കല്യാണം കഴിച്ചെപ്പിന്നെ വീട്ടിൽ കേറ്റിയില്ല. അച്ഛൻ മരിച്ചെപ്പിന്നെ 'അമ്മ ഒരുപാട് ബുദ്ധിമുട്ടി , പല വീട്ടിലും രാവോളം പണിയെടുത്തു ഉണ്ണാതേം ഉറങ്ങാതെയുമാണ് എന്നെ വളർത്തിയത്. ഒന്നിനും ഒരു കുറവുമില്ലാരുന്നു.
പക്ഷെ വളരുന്നതിനിടയിൽ എപ്പോഴോ ഞാൻ അമ്മയെ വെറുത്തു തുടങ്ങി, ഒന്നിനും കൊള്ളാത്ത കണ്ട വീടുകളിൽ പണിയെടുക്കുന്ന അമ്മയെ കാണുന്നതേ ദേഷ്യമായി തുടങ്ങി. 'അമ്മ ഉണ്ണാതെ എനിക്കായി മാറ്റിവെച്ച ചോറ് അരിശം മൂത്തു ഞാനെറിഞ്ഞു കളഞ്ഞപ്പോഴും, മുഷിഞ്ഞു പിഞ്ഞി തുടങ്ങിയ സാരീ മാറ്റി പുതിയതൊന്ന് വാങ്ങുവാൻ മിനക്കെടാതെ എനിക്കായി വാങ്ങിയ പുതിയകുപ്പായം ഞാൻ വെട്ടിമുറിച്ചുകളഞ്ഞപ്പോളും ഒക്കെ 'അമ്മ നിശബ്ദം പറഞ്ഞതല്ലാതെ എന്നെ ഒന്ന് നുള്ളി നോവിച്ചില്ല.
അങ്ങനെ ഇരിക്കുമ്പോളാ അച്ഛന്റെ ചേച്ചി ഒരു ദിവസം അന്വേഷിച്ചു വരുന്നത്. മക്കളില്ലാത്ത അവർ എന്നോട് സ്നേഹം കാണിച്ചു തുടങ്ങി. അമ്മയെക്കുറിച്ചു വേണ്ടാത്ത പലതും എന്നോട് പറഞ്ഞു, അമ്മയെ അങ്ങനെ ഞാൻ വല്ലാതെ വെറുത്തു തുടങ്ങി. ഒരിക്കൽ എന്തോ പറഞ്ഞു വന്ന അമ്മയെ ദേഷ്യം മൂത്തു ഞാൻ തള്ളിയിട്ടു അമ്മയുടെ നെറ്റി പൊട്ടി ചോരയൊഴുകിയുട്ടു പോലും ഞാൻ തിരിഞ്ഞു നോക്കിയില്ല. അവസാനം അമ്മയെ വേണ്ടായെന്നു പറഞ്ഞു അച്ഛന്റെ ചേച്ചിക്കൊപ്പം ഞാൻ ഇറങ്ങിപ്പോയപ്പോൾ 'അമ്മ വാവിട്ടു കരഞ്ഞു. ഒടുവിൽ എന്നെ വിട്ടുകിട്ടാൻ 'അമ്മ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അമ്മയോടൊപ്പം പോവാൻ എന്നെ ഉപദേശിച്ച പോലീസുകാരനോട് അമ്മയൊരു വേശ്യയാണ് ദുഷിച്ച സ്ത്രീയാണ്‌യെന്നു ഒരു മനസ്സലിവും ഇല്ലാതെ ഞാൻ വിളിച്ചു കൂവിയപ്പോഴും 'അമ്മ നിശബ്ദം കണ്ണീർവാർത്തു. ഒടുവിൽ എന്റെ മോൾ ഇഷ്ടമുള്ളവരുടെ കൂടെ പോയി ജീവിച്ചോ എന്ന് പറഞ്ഞു വിതുമ്പിക്കരഞ്ഞപ്പോളും എന്റെ മനസ്സലിഞ്ഞില്ല. അന്ന് കണ്ടതാണ്
പിന്നെ ഞാൻ അമ്മയെ കണ്ടിട്ടില്ല അച്ഛന്റെ ചേച്ചിടെ കൂടെ അവരുടെ ആർഭാടം നിറഞ്ഞ വീട്ടിലെ ജീവിതത്തിൽ അമ്മയെനിക്കൊരു ആവശ്യമായി തോന്നിയില്ല "
പിന്നെ ഞാൻ അമ്മയെ കണ്ടിട്ടില്ല അച്ഛന്റെ ചേച്ചിടെ കൂടെ അവരുടെ ആർഭാടം നിറഞ്ഞ വീട്ടിലെ ജീവിതത്തിൽ അമ്മയെനിക്കൊരു ആവശ്യമായി തോന്നിയില്ല "
അവരതു പറഞ്ഞു നിർത്തിയപ്പോൾ എന്റെ നെഞ്ചിനൊരു ഭാരം അനുഭവപ്പെട്ടു. എന്റെ അമ്മയെ ഒന്നുകാണാൻ മനസ്സ് കൊതിച്ചു. മുന്നിലിരിക്കുന്ന സ്ത്രീയെ ഞാൻ വല്ലാണ്ട് വെറുത്തു.
" പക്ഷെ അമ്മയുടെ ദുഃഖം എത്രമാത്രമായിരുന്നുന്നു കാലം എനിക്ക് കാണിച്ചു തന്നു," അവർ പിന്നെയും സംസാരിച്ചു തുടങ്ങി
"പ്രസവിച്ചു മൂന്നാം മാസത്തിൽ എന്റെ മോനെ ഈശ്വരൻ തിരിച്ചു വിളിച്ചു, മൂന്നുമാസത്തെ ബന്ധം മാത്രമുണ്ടായിരുന്ന എന്റെ മോൻ പോയപ്പോഴുള്ള സങ്കടം എനിക്ക് ഇന്നും സഹിക്കാൻ പറ്റുന്നില്ല, അപ്പൊ അത്ര കഷ്ട്ടപ്പെട്ടു എന്നെ വളർത്തി വലുതാക്കിയ എന്റെ 'അമ്മ എത്ര വേദന തിന്നു കണ്ണും ഞാൻ എല്ലാം ഇട്ടെറിഞ്ഞു പോയപ്പോൾ ?? 'അമ്മ ഇപ്പോ ഉണ്ടോന്നു പോലും അറിയില്ല ഒന്ന് കാണണം അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു കരയണം എനിക്ക് "
വല്ലാതെ കിതച്ചാണവർ പറഞ്ഞു നിർത്തിയത്.
" നിങ്ങളുടെ കുഞ്ഞിന് അങ്ങനെ ഒരു അവസ്ഥ വന്നില്ലാരുന്നുവെങ്കിൽ, കുഞ്ഞു ഇപ്പോളും ജീവനോടെയുണ്ടായിരുന്നെങ്കിൽ നിങ്ങൾ ആ അമ്മയെ ഒന്ന് ഓർക്കുമായിരുന്നോ ?" എനിക്കിതവരോട് ചോദിക്കാതെയിരിക്കുവാൻ കഴിഞ്ഞില്ല.
" ആ 'അമ്മ ഇപ്പൊ ജീവനോടെയില്ലെങ്കിലോ നിങ്ങൾക്ക് ജീവിതത്തിൽ മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുവോ ?"
തലയും കുമ്പിട്ടിരുന്ന അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല. എനിക്ക് എന്തോ പിന്നീടവരുടെ മുഖത്ത് നോക്കാൻ തോന്നിയില്ല. നോക്കുമ്പോഴൊക്കെ മകളാൽ വേശ്യയെന്ന് വിളിക്കപ്പെട്ട ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ അമ്മയുടെ കരച്ചിൽ ചെവിയിൽ മുഴങ്ങുന്നത് പോലെ തോന്നി.
ഇരുന്നെപ്പോഴോ ഉറങ്ങിപ്പോയി. ട്രെയിൻ എറണാകുളം സ്റ്റേഷൻ വിട്ടപ്പോളാണ് പിന്നെ ഞാൻ എഴുന്നേറ്റത്. എതിർവശത്തു സീറ്റ് ശൂന്യമായിരുന്നു. അവരെപ്പോഴോ ഇറങ്ങി. അവർ അമ്മയെ കാണുമോ എന്നറിയില്ല, പക്ഷെ കണ്ടാൽ അവർ ആ മകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ് കാരണം അവരൊരു അമ്മയാണ്.....
ഇതൊരു കഥയല്ല ഒരു യഥാർത്ഥ ജീവിതമാണ്, ഒരല്പം മാറ്റം വരുത്തി എഴുതിയെന്നു മാത്രം
By: Anjali Kini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക