Slider

MAN FROM LOUISIANA - Part 2

0
Image may contain: one or more people and text

Part 2
കോസ്റ്റാ കഫേ. 4:30 PM
ഇരുട്ടിൽ വാൾട്ടറുടെ മൊട്ടത്തല തിളങ്ങുന്നുണ്ടായിരുന്നു. ആറര അടിയോളം ഉയരമുള്ള ആ മനുഷ്യൻ പ്രൊഫസ്സർക്കു സമീപം ഒരു മഹാ മേരു പോലെ നിലയുറപ്പിച്ചു.
“പപ്പാ...” സ്റ്റെല്ല ചാടിയെണീറ്റു. “ ഇത് മി. ലർക്കിൻ. എന്റെ ഫിസിക്സ്...”
“ഗോ ഹോം സ്റ്റെല്ല!” വാൾട്ടർ തന്റെ സ്വതവേയുള്ള ഘന ഗംഭീരമായ സ്വരത്തിൽ ആജ്ഞാപിച്ചു. അവൾക്കു പറയാനുള്ളതൊന്നും കേൾക്കാൻ അയാളൊരുക്കമല്ലെന്നു വ്യക്തം.
“ഗോ സ്റ്റെല്ല!” ഒരിക്കൽ കൂടി അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന് തീപ്പൊരി പാറി.
പിന്നെ ഒരു നിമിഷം പോലും നില്ക്കാൻ സ്റ്റെല്ലക്കായില്ല. അവൾ തന്റെ ബാഗും മറ്റുമെടുത്ത് തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
“തിരിഞ്ഞു പോലും നോക്കണ്ട. നിന്നെ ഞാൻ വീട്ടിലെത്തിയിട്ട് കാണുന്നുണ്ട്. പൊയ്ക്കോ!” പുറകിൽ നിന്ന് പപ്പയുടെ ശബ്ദം മുഴങ്ങി.
തുടർന്ന് വാൾട്ടർ പ്രൊഫസർക്കെതിർവശത്തായി ആ സോഫയിൽ അമർന്നിരുന്നു.
“മി. ലെവിൻ...” പ്രൊഫസ്സറുടെ ശബ്ദം ഇടറിയിരുന്നു. “താങ്കൾ ഉദ്ദേശിക്കുന്ന പോലൊന്നുമല്ല . സ്റ്റെല്ലക്ക് ... എന്തൊക്കെയോ ഫാമിലി പ്രോബ്ലംസ് ഉള്ള പോലെ തോന്നി...അതൊന്നു ഡിസ്കസ്സ് ചെയ്യാൻ...”
“ഞാൻ എന്താ ഉദ്ദേശിച്ചതെന്ന് തനിക്കെങ്ങനെ മനസ്സിലായി ?”
“അല്ല... ആരായാലും തെറ്റിദ്ധരിക്കുമല്ലോ.”
“എനിക്ക് തെറ്റിദ്ധാരണയൊന്നുമില്ല.”
“ഓക്കേ...ഗുഡ്! എങ്കിൽ പിന്നെ നമുക്ക് ഓരോ കോഫി കുടിച്ച് പിരിയാം.”
“സ്റ്റെല്ല പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയാണെന്ന് തനിക്കറിയില്ലേ ?”
“എനിക്കറിയാം... പക്ഷേ അതിനിവിടെ എന്തു പ്രസക്തി ? ഞാൻ ആ കുട്ടിയുമായി ഒരു അഫയർ ഉണ്ടാക്കാൻ വന്നതല്ലല്ലോ.”
“പിന്നെന്തിനാ നീ ഇങ്ങനൊരു സ്ഥലത്തേക്ക് അവളെ കൂട്ടിക്കൊണ്ട് വന്നത് ? എന്തെങ്കിലും സംസാരിക്കാനായിരുന്നെങ്കിൽ, കോളേജിൽ അതിനുള്ള സൗകര്യമില്ലേ ? കൗൺസിലിങ്ങിനാണെങ്കിൽ, അതിനു വേറേ ഡിപ്പാർറ്റ്മെന്റില്ലേ ? ഫിസിക്സ് പ്രൊഫസ്സർക്ക് അതിലെന്തു കാര്യം ?”
“മര്യാദക്ക് സംസാരിക്കണം. ഇങ്ങനത്തെ കാര്യങ്ങളൊക്കെ സംസാരിക്കുമ്പോ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ നന്നായി ആലോചിച്ചിട്ടു വേണം.”
“അതേ... പ്രത്യാഘാതങ്ങൾ നീ അനുഭവിക്കാൻ പോകുന്നതേയുള്ളൂ. ഞാൻ ഇത് തന്റെ കോളേജിൽ റിപ്പോർട്ട് ചെയ്യും. തന്റെ ജോലി പോകും. പോലീസ് അറസ്റ്റ് ചെയ്യും. എന്റെ മോൾ എന്തു മൊഴിയാണോ പോലീസിനു കൊടുക്കുന്നത്, അതനുസരിച്ച് നീ ചിലപ്പോ ആജീവനാന്തം ജയിലിലും പോകും.”
“ഭീക്ഷണിയാണോ ?” പ്രൊഫസ്സറുടെ മുഖം വക്രിച്ചു. “താൻ സ്റ്റെല്ലയെ ഉപദ്രവിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളും സാക്ഷികളും എന്റെ കയ്യിലുണ്ട്. അവൾ തന്നെ ഇത് പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. ആരാ ജയിലിൽ പോകുന്നതെന്ന് നമുക്ക് കാണാം .”
വാൾട്ടർ മറുപടിയൊന്നും പറയാതെ പ്രൊഫസ്സറൂടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അയാളുടെ ഉള്ളിൽ ഒരു അഗ്നി പർവ്വതം പുകയുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ആവി പാറുന്ന കോഫിയുമായി വെയ്റ്ററെത്തി.
“കഴിക്കൂ മി. ലെവിൻ. ഞാൻ തന്റെ മോൾക്കു വേണ്ടി പറഞ്ഞതാ. കപ്പുച്ചിനോ.” പ്രൊഫസ്സർ ആ കപ്പ് വാൾട്ടർക്കു നേരേ നീക്കി വെച്ചു. “വെറുതേ ഇല്ലാത്ത കാര്യത്തിന് നമ്മൾ തമ്മിൽ ഒരു പ്രശ്നം വേണ്ട!”
അടുത്ത നിമിഷം, വാൾട്ടർ മുൻപോട്ട് കുതിച്ച് പ്രൊഫസ്സറുടെ മുടിക്കുത്തിനു പിടിച്ച് പുറകോട്ട് മലർത്തി പിടിച്ചു.
“ഞാൻ എന്റെ മോളേ ഉപദ്രവിക്കുന്നുണ്ടെന്ന്! അല്ലേടാ നായേ ? നിന്റെ മോൾക്ക് സ്റ്റെല്ലയേക്കാൾ പ്രായമില്ലേടാ നാണമില്ലാത്തവനേ! എന്റെ മോൾടെ മേൽ നീ കണ്ണു വെച്ചിട്ടുണ്ടെങ്കിൽ നീ ഓർത്തോ, അതു നിന്റെ നാശത്തിനാ! ഞാൻ ആരാണെന്നോ, എനിക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്നോ നീയറിയാൻ പോകുന്നതേയുള്ളൂ.”
അതും പറഞ്ഞ് അയാൾ മേശ മേലിരുന്ന ചൂടൻ കോഫി എടുത്ത് പ്രൊഫസ്സറുടെ പാന്റിന്റെ മുൻഭാഗം വലിച്ച് പിടിച്ച് ഉള്ളിലേക്കൊഴിച്ചു.
“പ്രായപൂർത്തിയാകാത്ത പെൺപിള്ളേരെ കാണുമ്പോ ഇനി മേലിൽ നിനക്ക് വേണ്ടാത്തതൊന്നും തോന്നരുത്.”
അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. പ്രൊഫസ്സർ ഉറക്കെ അലറിപ്പോയി.
കോഫീ ഷോപ്പിലുണ്ടായിരുന്നവരുടെയെല്ലാം ശ്രദ്ധ അങ്ങോട്ടേക്കായി.
“ഇനി ഒരു പ്രാവശ്യം കൂടി ഈ ഒരു വിഷയത്തിൽ നമ്മൾ തമ്മിൽ ഇടപെടേണ്ടി വന്നാൽ... ” വാൾട്ടർ തന്റെ മുഖം അയാളുടെ മുഖത്തോടടുപ്പിച്ചു “... കൊന്നു കളയും നിന്നെ. നായിന്റെ മോനെ!”
വേദന സഹിക്കാനാവാതെ പ്രൊഫസ്സർ അപ്പോഴും ഞെരങ്ങിക്കൊണ്ടിരുന്നു
“ഗെറ്റ് ഔട്ട്!! ബോത്ത് ഓഫ് യൂ!!” ഷോപ്പിന്റെ മാനേജർ ഓടിയെത്തി. “എന്തു പ്രശ്നമാണെങ്കിലും പുറത്തു വെച്ച് തീർത്തോണം. ”
“ഞാൻ പൊയ്ക്കോളാം.” വാൾട്ടർ നിവർന്നു “ഇയാൾക്ക് ഇനി നടക്കണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടായിരിക്കും.” ഒരു ചെറു ചിരിയുണ്ടായിരുന്നു അയാളുടെ മുഖത്ത്.
പുറത്തേക്കെത്തി ട്രക്കിൽ കയറിയതും, അയാൾ കൈവെള്ളയിലേക്കു നോക്കി. പ്രൊഫസ്സറുടെ നരച്ചു തുടങ്ങിയ ഏതാനും മുടിയിഴകൾ താൻ പിഴുതെടുത്തിരിക്കുന്നു! അയാൾ ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പുവരുത്തി ശ്രദ്ധയോടെ ആ മുടി നാരുകൾ തന്റെ പേഴ്സിലെ ഒരു അറയിലേക്കിട്ടു.
തിരിച്ച് വീട്ടിലേക്ക് പോകാൻ വാൾട്ടർക്ക് തോന്നിയില്ല. സ്റ്റെല്ലയുമായി വീണ്ടും ഒരു വഴക്കിന് അയാൾക്ക് താല്പ്പര്യമുണ്ടായിരുന്നില്ല.
എന്നാലും, താൻ അവളെ ഉപദ്രവിക്കുന്നുണ്ടെന്ന് സ്റ്റെല്ല പറഞ്ഞിരിക്കുമോ ? അയാൾ ആകെ ചിന്താകുഴപ്പത്തിലായി. അല്പ്പം സ്ട്രിക്റ്റ് ആണ് താൻ. പക്ഷേ ഒരിക്കൽ പോലും അവളെ ദേഹോപദ്രമവേല്പ്പിച്ചിട്ടില്ല . കുട്ടിയായിരുന്നപ്പോൾ പോലും.
സ്റ്റെല്ലെക്ക് തന്നെ വെറുപ്പായിരിക്കണം. അയാൾക്ക് ആകെ വല്ലായ്മ തോന്നി. ഈ ലോകത്ത് താൻ ഏറ്റവും വിലമതിക്കുന്ന സ്വത്താണവൾ. തന്റെ ജീവനേക്കാളും എത്രയോ മടങ്ങ് ! സ്റ്റെല്ലക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ ഒരു മൃഗമായി മാറിയേക്കുമെന്നു വരെ അയാൾ ഭയന്നു.
അന്നു രാതി എട്ടു മണി വരെ അയാൾ ഒരു ബാറിൽ ചിലവഴിച്ചു. വളരെ സമയമെടുത്താണ് അയാൾ മൂന്നു ബിയറുകൾ അകത്താക്കിയത്. ഒപ്പം കുറേയേറേ കപ്പലണ്ടിയും. മനസ്സാകെ ചിന്താകുലമായിരുന്നു. പ്രൊഫസ്സറോട് ചെയ്തത് അല്പ്പം കൂടിപ്പോയെന്ന് അയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. എന്നാലും, സ്വന്തം മോളെക്കാളും പ്രായം കുറവാണ് സ്റ്റെല്ലക്ക്. എന്നിട്ടും അയാൾ അവളെ... ഓർത്തപ്പോൾ വാൾട്ടർ പല്ലു ഞെരിച്ചു.
എട്ടരയോടു കൂടി വാൾട്ടർ വീട്ടിലെത്തുമ്പോൾ ഒരു പോലീസ് വാഹനം വീട്ടുമുറ്റത്തു കാത്തു കിടക്കുന്നുണ്ടായിരുന്നു.
അതയാൾ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. നേരെ നടന്ന് അയാൾ സ്വീകരണ മുറിയിലേക്കു കയറി.
“ഹേയ് മി. ലെവിൻ.” ഒരു പോലീസ് ഓഫീസർ ഹസ്ത ദാനവുമായി മുൻപോട്ടു വന്നു. “ ഞാൻ ഓഫീസർ ബോബ്. എനിക്കു നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.”
“എന്നെ അറസ്റ്റു ചെയ്യുന്നോ ?”
“ഇല്ല. പരാതിയൊന്നും കിട്ടിയിട്ടില്ല. എങ്കിലും, ഇന്ന് വൈകിട്ട് കോസ്റ്റാ കഫേയിൽ വെച്ച് നടന്നതെന്താണെന്ന് ഒന്നു പറഞ്ഞു തരണം. ഒത്തിരി സാക്ഷികളുണ്ട്. ഞങ്ങൾക്ക് കേസെടുക്കാതിരിക്കാനാവില്ല.”
“പരാതിയില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ മെനക്കെടുന്നേ ? എനിക്കൊന്നും പറയാനില്ല.”
“യു സീ മി. ലെവിൻ. പ്രൊഫസർ ലർക്കിൻ ഹോസ്പിറ്റലിലാണ്. താങ്കൾ അയാളുടെ രഹസ്യഭാഗത്ത് ചൂടു കോഫി ഒഴിച്ചത് കണ്ട ധാരാളം പേരുണ്ട്. സീ സീ ടീ വി യിലും ഉണ്ട്. അയാൾ കേസെടുക്കാൻ തീരുമാനിച്ചാൽ നിങ്ങൾ കുടുങ്ങും. യൂ വിൽ ബി ഇൻ സീരിയസ് ട്രബിൾ.”
“ആയ്ക്കോട്ടെ. അപ്പൊ നോക്കാം. നിങ്ങൾ ഇപ്പൊ പോകൂ. എനിക്ക് ഉറങ്ങാൻ സമയമായി.”
“നിങ്ങൾക്ക് എപ്പൊഴെങ്കിലും എന്നോട് സംസാരിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ, ഈ നംബറിൽ വിളിക്കണം. ” പോലീസുകാരൻ ഒരു കാർഡ് എടുത്തു നീട്ടി. വാൾട്ടർ അതു വാങ്ങി, അലക്ഷ്യമായി കോഫീ ടേബിളിലേക്കിട്ടു.
പോലീസുകാരൻ പോയതും അയാൾ നേരെ സ്റ്റെല്ലയുടെ മുറിയിലേക്കു ചെന്നു.
ബെഡിൽ അയാളുടെ വരവും പ്രതീക്ഷിച്ചെന്നവണ്ണം ഇരിപ്പുണ്ടായിരുന്നു സ്റ്റെല്ല . നേർത്ത നൈറ്റ് ഗൗണിൽ ഒരു കൊച്ചു മാലാഖയേപ്പോലെ തോന്നിച്ചു അവൾ. അയാൾ അകത്തേക്ക് കാലെടുത്തു വെച്ചതും അവൾ ചാടിയെണീറ്റു.
“പപ്പ പറയാൻ പോകുന്നതെന്താന്നെനിക്കറിയാം. അയാം റിയലി സോറി പപ്പ !”
“ങ്ഹേ ? എന്തിനാ സോറി ?” വാൾട്ടർ അമ്പരന്നു.
“രാവിലെ ഞാൻ വല്ലാതെ അപ്സെറ്റ് ആയിരുന്നു. പപ്പയോട് വഴക്കു കൂടിയല്ലേ പോയത്. കോളേജി ചെന്നപ്പോ പ്രൊഫസറെ കണ്ടു. അദ്ദേഹം പറഞ്ഞു ഇന്നു വൈകിട്ട് പേഴ്സണൽ ആയി ഒന്നു കാണണമെന്ന്. അപ്പൊ എനിക്ക് അതൊരു നല്ല ഐഡിയ ആയി തോന്നിയെങ്കിലും, പിന്നെ അവിടെ ചെന്നപ്പോഴാ അയാൾക്ക് വേറേ എന്തോ ഉദ്ദേശമാണെന്ന് മനസ്സിലായത്. എന്റെ അടുത്തു വന്നിരുന്നതും, കവിളത്തു തട്ടീതും ഒക്കെയായപ്പോ എനിക്കു മനസ്സിലായി അയാൾ ശരിയല്ലെന്ന്. പപ്പാ കൃത്യ സമയത്തു തന്നെ വന്നതുകൊണ്ട് എനിക്ക് ഒഴിവായി പോരാൻ പറ്റി.” തല കുനിച്ചു പിടിച്ചാണ് അവളുടെ സംസാരം.
“പപ്പാ ഒരു ദുഷ്ടനാണെന്നു തോന്നുന്നുണ്ടോ മോൾക്ക് ?”
“ഏയ്!” അവൾ വീണ്ടും തല കുനിച്ചു. “ചെലപ്പോ പപ്പാ അനാവശ്യമായി സ്ട്രിക്റ്റ് ആണെന്നു തോന്നിയിട്ടുണ്ട്. എന്നെ എപ്പോഴും സംശയമാണ്. ഇന്നുവരെ സ്നേഹത്തോടെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല എന്നോട്. ഒന്നും വാങ്ങിത്തന്നിട്ടില്ല. ഒരുമിച്ച് ഒരു ട്രിപ്പ് പോലും പോയിട്ടില്ല. വല്ലാത്തൊരു യാന്ത്രിക ജീവിതം. ചെലപ്പൊ മടുത്തു പോകും.”
അയാൾ മുൻപോട്ട് ചെന്ന് അവളുടെ തലമുടിയിൽ തലോടി. “എന്റെ കുട്ടി. നിനക്കറിയില്ല ഞാൻ അനുഭവിച്ചതൊന്നും. നഷ്ടപ്പെട്ടു പോയതാ നിന്നെ എനിക്ക്, എന്നിട്ടും ഞാൻ തിരിച്ചു പിടിച്ചു. ആ കഥയൊന്നും നിനക്കറിയില്ല. എന്റെ ജീവിതം ഞാൻ ചെകുത്താന് അടിയറവു വെച്ചു. നിനക്കു വേണ്ടി. ആരെങ്കിലും നിന്നെ ഒന്നു നുള്ളി നോവിച്ചാൽ പോലും എനിക്ക് സഹിക്കില്ല. കൊന്നു കളയും ഞാനവനെ.“
”പപ്പ അയാൾടെ മേലേക്ക് ചൂടു കോഫി ഒഴിച്ചെന്നു പറഞ്ഞു ആ പോലീസുകാരൻ.“ ഒരു ചെറു ചിരിയുണ്ടായിരുന്നു സ്റ്റെല്ലയുടെ മുഖത്ത്.
”പിന്നെ! അവനെ ഞാൻ പിന്നെന്താ ചെയ്യേണ്ടത് ? എന്തായാലും, ഇനി അവൻ നിന്റെ അടുത്തു വരുമ്പോ ഒന്നു മടിക്കും. അഥവാ ഇനി അയാൾ വരികയാണെങ്കിൽ ഉടനെ എന്നെ അറിയിക്കണം.“
”ഓക്കേ പപ്പ. ഞാൻ കിടക്കട്ടെ. ഗുഡ് നൈറ്റ്!“
”ഗുഡ് നൈറ്റ് സ്റ്റെല്ല!“ അയാൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ച് പുറത്തേക്കു നടന്നു.
“ഇങ്ങനെ ഇടക്കൊക്കെ ഒന്നു വന്നു മിണ്ടിയാൽ മതി പപ്പാ. നമ്മൾ തമ്മിലുള്ള ഈ അകലം കുറയും.” പതിഞ്ഞ സ്വരത്തിൽ അവൾ മന്ത്രിച്ചതയാൾ കേട്ടു.
***** ***** ***** *****
പിറ്റേന്നു രാവിലെ പ്രൊഫസ്സർ സ്റ്റീവ് ലർക്കിൻ ഹോസ്പിറ്റൽ വിട്ട് വീട്ടിലേക്കു തിരിച്ചു. അന്ന് ജോലിക്കു പോകാനാവില്ലെന്നയാൾക്കറിയാമായിരുന്നു . നല്ല വേദനയും പുകച്ചിലുമുണ്ട്. ഭാഗ്യത്തിന് കാര്യമായ ടിഷ്യൂ ഡാമേജ് ഉണ്ടായില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
തന്റെ വീടിനടുത്തേക്കെത്തിയപ്പോഴേക്കും അയാൾക്കെന്തോ പന്തികേടു തോന്നി. കോളേജ് പ്രിൻസിപ്പാളിന്റെ കാർ വീട്ടുമുറ്റത്തു കിടക്കുന്നു. പ്രിൻസിപ്പാളും തനിക്ക് പരിചയമില്ലാത്ത മറ്റു ചിലരും അവിടെ മാറി നിന്ന് സംസാരിക്കുന്നുണ്ട്.
കാർ നിർത്തി പുറത്തേക്കിറങ്ങിയ പ്രൊഫസ്സർ അമ്പരപ്പോടെ പ്രിൻസിപ്പളിനടുത്തേക്കു നീങ്ങി.
“പ്രൊഫസ്സർ!” പ്രിൻസിപ്പൽ എർവിങ്ങ് ഷെപ്പേർഡ് അയാളുമായി ഹസ്തദാനം നടത്തി. “അത്യാവശ്യമായി നമുക്കൊന്ന് സംസാരിക്കണം. ഒരല്പ്പം പേഴ്സണൽ ആണ്.”
“വരൂ സർ നമുക്കെന്റെ ഓഫീസിലേക്കിരിക്കാം.” അയാൾ അദ്ദേഹത്തെ വീടിനുള്ളിലേക്കു ക്ഷണിച്ചു.
“നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടല്ലേ ?” പ്രിൻസിപ്പലിന്റെ മുഖത്ത് ചെറു ചിരിയുണ്ടായിരുന്നു.
“ആഹ്...ഒന്നും പറയണ്ട സർ...”
“ഇതെന്തു പറ്റിയതാ ?”
“കോഫി തട്ടി മറിഞ്ഞു വീണതാ സർ. ഇന്നലെ കോസ്റ്റായിൽ വെച്ച്. ”
“ഉം.” പ്രിൻസിപ്പൽ ഒന്നിരുത്തി മൂളി. “ഒറ്റക്കേ ഉണ്ടായിരുന്നുള്ളോ കോസ്റ്റയിൽ ?”
“സാർ...?”
“മിസ്. സ്റ്റെല്ല ലെവിൻ എന്നൊരു സ്റ്റുഡന്റുമായാണ് താനവിടെ പോയതെന്നാണല്ലോ കേൾക്കുന്നത് ?”
“അത്... സർ...”
“വ്യക്തമായി പറയണം. തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതല്ല ഇവിടത്തെ മെയിൻ പ്രശ്നം. ആ കുട്ടി അണ്ടർ ഏജ് ആണ്. പ്രായപൂർത്തി ആയിട്ടില്ല. താൻ ഇനി ബാക്കിയുള്ള ജീവിതം അഴിക്കുള്ളിൽ ചിലവഴിക്കേണ്ടി വരും. സോ നന്നായി ആലോചിച്ചു മാത്രം മറുപടി പറയൂ.”
പ്രൊഫസ്സർ ഒന്നു നടുങ്ങി.
“പറയൂ മി. ലർക്കിൻ” പ്രിൻസിപ്പൽ അയാളുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്ക്കുകയാണ്.
പ്രൊഫസ്സർ ലർക്കിൻ ഒരു നിമിഷം കണ്ണടച്ചു നിന്നു. അതി ഹീനമായ ഒരു പദ്ധതി അയാളുടെ മനസ്സിൽ രൂപപ്പെടുത്തുകയായിരുന്നു.
“സർ...” അയാൾ മുഖമുയർത്തി “ ആ പെൺകുട്ടിയെ അവളുടെ പപ്പ സെക്ഷ്വലി ഉപദ്രവിക്കാറുണ്ട്!! ”
“വാട്ട്!!” പ്രിൻസിപ്പാളിന്റെ മുഖം വിളറിപ്പോയി.
“യെസ് സർ. ആ കുട്ടി അതിനേപ്പറ്റി കൂട്ടുകാരിയോട് പറയുന്നത് ഞാൻ കേട്ടു. ഉടനെ തന്നെ കൗൺസിലറുമായി ബന്ധപ്പെടാൻ ഞാൻ പറഞ്ഞതാണ്. പക്ഷേ ആ കുട്ടിക്ക് അതിനു മടി. സോ, ഞാൻ പറഞ്ഞു വൈകിട്ട് നമുക്ക് പേഴ്സണൽ ആയി കണ്ട് സംസാരിക്കാമെന്ന്. അങ്ങനെയാണ് ഞങ്ങൾ കോസ്റ്റായിലെത്തിയത്. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് മി. ലെവിൻ - ആ കുട്ടിയുടെ പപ്പ - അവിടെയെത്തുകയും എന്നെ...”
“ഓക്കേ! ” പ്രിൻസിപ്പൽ ആലോചനയിലായി . “ഇതു വളരെ ഗൗരവകരമായ ഒരു കേസാണ്. താനെന്താ എന്നിട്ട് ഈ വിവരം എന്നോട് മറച്ചു വെച്ചത് ?”
“ആ കുട്ടിയുടെ ഐഡന്റിറ്റി സൂക്ഷിക്കണമല്ലോ.”
“ഉം...ലെറ്റ് അസ് കോൾ ദ പോലീസ്. താൻ പറഞ്ഞത് സത്യമാണെങ്കിൽ ഇനി ഒരു നിമിഷം പോലും വൈകാൻ പാടില്ല. സോറി മി. ലർക്കിൻ. താങ്കളെ ഞാൻ തെറ്റിദ്ധരിച്ചു.” പ്രിൻസിപ്പൽ വീണ്ടും ഹസ്തദാനത്തിനായി കൈ നീട്ടി.
“പെട്ടെന്ന് പോലീസിനെ വിളിക്കണ്ട സർ. ഞാനാദ്യം ആ കുട്ടിയെ ഒന്നു കണ്ട് വിശദമായി സംസാരിച്ചതിനു ശേഷം...”
“താനെന്താടോ ഈ പറയുന്നത് ? സെക്ഷ്വൽ അബ്യൂസ് എന്നു കേട്ടാൽ ഉടനെ തന്നെ നമ്മൾ പോലീസിലറിയിച്ചിരിക്കണം എന്നാണ് നിയമം. താൻ അതു വകവെക്കാതെ ആ കുട്ടിയെയും വിളിച്ചു കൊണ്ട് കാപ്പി കുടിക്കാൻ പോയി. ഇനീം അതു തന്നെ ചെയ്യാനാ പ്ലാൻ ? താൻ ചുമ്മാതിരി. ഞാൻ പോലീസിനു വിളിക്കട്ടെ. ആ കാർന്നോരെ എത്രയും പെട്ടെന്ന് അകത്താക്കണം.”
***** ***** ***** *****
രാവിലെ കോളേജിലേക്കിറങ്ങിയതായിരുന്നു സ്റ്റെല്ല. കാറിനുള്ളിൽ കയറിയിരുന്നതും കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി വരുന്ന പോലീസ് വാഹനങ്ങൾ കണ്ട് അമ്പരന്നു പോയി അവൾ.
പുറത്തേക്കിറങ്ങിയതും, ഒരു മദ്ധ്യവയസ്കയായ ഒരു ഉദ്യോഗസ്ഥ ഓടിയെത്തി അവളുടെ കയ്യിൽ പിടിച്ചു.
“മിസ്. സ്റ്റെല്ല! ദയവായി ഞങ്ങളോടൊപ്പം വരണം.”
“എന്താ സംഭവം ?” പാവം സ്റ്റെല്ലക്കൊന്നും മനസ്സിലായില്ല.
അപ്പോഴേക്കും, മുൻ വാതിൽ തകർത്ത് അകത്തു കയറിയ പോലീസ് സംഘം വാൾട്ടറെ അറസ്റ്റ് ചെയ്തിരുന്നു.
“വാട്ട് ഈസ് ഗോയിങ്ങ് ഓൺ ?” അയാൾക്കും ഒന്നും മനസ്സിലായില്ല.
തുടർന്ന് അറസ്റ്റു ചെയ്യുന്ന ഓഫീസർ ചാർജ്ജ് എന്താണെന്ന് വിശദമാക്കിയപ്പോഴാണ് വാൾട്ടർ നടുങ്ങിപ്പോയത്. തന്റെ ഹൃദയം നിലച്ച പോലെ തോന്നി അയാൾക്ക്.
ഇതെന്താണിവരീ പറയുന്നത് ? അയാൾ ആകെ തകർന്നു പോയി.
തുടർന്ന് അവരെ രണ്ടു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
ഏതാണ്ട് 11 മണിയോടെ നടപടികൾ ആരംഭിച്ചു. രണ്ട് ഓഫീസർമാരാണ് വാൾട്ടറെ ചോദ്യം ചെയ്യാനെത്തിയത്.
“മി. ലെവിൻ. താങ്കൾ പൊതുവേ ഒരു ദേഷ്യക്കാരനാണല്ലേ ?”
“അതേ.”
“ഓഹോ...മകളോടും അങ്ങനെ തന്നെയാണോ ?”
“അതേ.”
“അവളെ താങ്കൾ ഉപദ്രവിക്കാറുണ്ടോ ? ”
“ഇല്ല.”
“അവൾ അങ്ങനെയല്ലല്ലോ പറഞ്ഞത് ?”
“പിന്നെങ്ങനെയാണവൾ പറഞ്ഞത് ?”
“ഞങ്ങൾക്കു കിട്ടിയ റിപ്പോർട്ടനുസരിച്ച് താങ്കൾ സ്റ്റെല്ലയെ സെക്ഷ്വലി ഉപയോഗിക്കുന്നുണ്ട് എന്നെ സ്റ്റെല്ല തന്നെ കൂട്ടുകാരികളോട് പറഞ്ഞിട്ടുണ്ട്. ”
ആ വാക്കുകൾ തന്റെ ഹൃദയം തുളച്ച് കയറിപ്പോയതായി തോന്നി വാൾട്ടറിന്.
“ആ പറഞ്ഞതിന് യാതൊരു അടിസ്ഥാനവുമില്ല.” അയാളുടെ തൊണ്ടയിടറി “ എന്റെ മോളെ ഞാൻ...”
“എന്തായാലും, മിസ്. സ്റ്റെല്ലയെ മെഡിക്കൽ ചെക്കപ്പിനായിട്ട് കൊണ്ടു പോകുകയാണ്. ഇപ്പൊഴല്ലെങ്കിൽ പിന്നെയായാലും, സത്യം വെളിയിൽ വരും.”
“വരട്ടെ...” വാൾട്ടർ രണ്ടു കണ്ണും ഇറുക്കിയടച്ചു. ലോകത്തൊരു അച്ഛനും ഈ ഗതി വരരുതേ എന്നയാൾ പ്രാർത്ഥിച്ചു.
പതിയെ പതിയെ അയാളുടെ ഉള്ളിൽ ഒരു മുഖം തെളിഞ്ഞു വന്നു.
പ്രൊഫ. സ്റ്റീവ് ലർക്കിൻ!
“നീ തീർന്നെടാ... തീർന്ന്!” അയാൾ പല്ലുകൾ ഞെരിച്ചു.
(തുടരും...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo