Slider

പ്രവാസ ജീവിതം: ഒരു വീട്ടമ്മയുടെ കണ്ണിലൂടെ

0
Image may contain: 1 person

രണ്ട് കുട്ടികളും അഞ്ച് പെട്ടികളുമായ് ആദ്യമായി അമേരിക്കയിൽ ലാന്റ് ചെയ്തപ്പൊ എനിക്കാദ്യം തോന്നിയത് '' ഇതല്ല... എന്റെ അമേരിക്ക ഇങ്ങനെയല്ല '' എന്നു പറയാനാണ് ..
എന്റെ സങ്കൽപത്തിലുള്ള അമേരിക്കയായിരുന്നില്ല അത്.. അംബരചുംബികളായുള്ള കെട്ടിടങ്ങളോ തിരക്കുള്ള റോഡുകളോ ഒന്നും തന്നെ കണ്ടില്ല.. അപ്പോളാണറിയുന്നത് അതൊക്കെയുള്ളത് ന്യൂയോർക്ക് , ചിക്കാഗോ മുതലായ വമ്പൻ നഗരങ്ങളിലാണ് ... ഇതൊരു പാവം കൊച്ചു പട്ടണമാണ് ... ഷാർലെറ്റ്...
ആദ്യം കാണാൻ വല്യ ലുക്കില്ലാത്ത ഞങ്ങളുടെ '' അമേരിക്ക" എന്നെ നിരാശപ്പെടുത്തി... വമ്പൻ കെട്ടിടങ്ങളുടെ മുന്നിൽ ചുമ്മാ നിന്ന് സെൽഫി എടുത്ത് എഫ് ബി യിൽ ഇടാനുള്ള എന്റെ സിമ്പിൾ മോഹത്തിനാണ് ഭംഗം വന്നത്! പിന്നെ പൊതു ഗതാഗത മാർഗങ്ങൾ വളരെ കുറവാണ്.. ബസ്, ലോക്കൽ ട്രെയിൻ മുതലായവ... അത് കൊണ്ട് തന്നെ കാറില്ലാതെ ഒരു നീക്കുപോക്കില്ല...
പിന്നെ കൊച്ച് പട്ടണമായതിന്റെ കുറച്ച് ഗുണങ്ങളുമുണ്ട്... റോഡിൽ തിരക്ക് കുറവായിരിക്കും, ട്രാഫിക് ബ്ലോക്കിൽ കിടക്കേണ്ട..ജീവിത ചെലവും താരതമ്യേന കുറവായിരിക്കും..
ഒരു ഡിസംബർ മാസമാണ് ഞങ്ങൾ എത്തിയത്.. നല്ല തണുപ്പായിരുന്നു... വീട്ടിൽ ഹീറ്റർ ഇടും ... എന്നാലും തണുപ്പാണ്.... ഇടക്ക് മഞ്ഞു പെയ്തു ... കാണാൻ നല്ല ഭംഗിയാണ് ... പക്ഷെ അനുഭവിക്കാൻ തീരെ രസമില്ലാ.. കുട്ടികളേം കൊണ്ട് പോയ് മഞ്ഞിൽ നിൽക്കുന്ന ഫോട്ടോയൊക്കെയെടുത്ത് അഞ്ച് മിനിട്ടിൽ തിരിച്ചെത്തി... വീട്ടിൽ ഹീറ്ററിന്റെ ചൂടിൽ ഇരുന്ന് ഫോട്ടോസ് എഫ് ബി യിൽ ഇട്ട് 'എന്ത് ഭംഗി', 'കൊതിയാവുന്നു ' മുതലായ കമന്റ്സ് ഒക്കെ കണ്ട് പുളകിതയായ് ഇരുന്നു....
പിന്നീടുള്ള കുറേ നാളുകൾ വല്യ രസകരമല്ലായിരുന്നു... പ്രത്യേകിച്ച് H4 വിസ ആയതിനാൽ ജോലി ചെയ്യാൻ പാടില്ല... നാട്ടിൽ ജോലിയുണ്ടായിരുന്ന ഞാൻ അവിടത്തെ ഓഫീസിനേയും കൂട്ടുകാരേയും ലഞ്ച് ടൈം ഗോസിപ്പുമൊക്കെ മിസ് ചെയ്യാൻ തുടങ്ങി...
രണ്ട് ചെറിയ കുട്ടികളെ നോക്കി കഷ്ടപ്പെട്ടു... ഒരു മിനിട്ട് വെറുതെയിരിക്കാൻ പറ്റില്ല... ഇത് തന്നെയാണ് ഒട്ടുമിക്ക ഭാര്യമാരുടേം അവസ്ഥ...
പ്രത്യേകിച്ച് അവിടെ തന്നെ പ്രസവമാക്കുന്നവർക്ക് വല്യ ബുദ്ധിമുട്ടാണ് .. മിക്കവരും ആ സമയത്ത് നാട്ടിൽ നിന്നും അച്ഛനമ്മമാരെ കൊണ്ട് വരും... പക്ഷെ ആറ് മാസത്തിൽ കൂടുതൽ ഒരു പ്രാവശ്യം നിൽക്കാൻ പാടില്ല... എന്നിരുന്നാലും കൊച്ച് അമേരിക്കൻ സിറ്റിസൺ ആകുമല്ലോയെന്നോർത്താണ് പലരും പ്രസവം അവിടെത്തന്നെ ആക്കുന്നത് !
ഇവിടുത്തെ മെഡിക്കൽ ബില്ലുകളും അക്രമമാണെന്ന് മനസിലാക്കുന്നത് ചെറിയ മോളുടെ കൈവിരൽ വാതിലിൽ ഇറുങ്ങിയിട്ട് എമർജൻസിയായിട്ട് ആശുപത്രിയിൽ പോകേണ്ടി വന്നപ്പോളാണ് . ഭാഗ്യത്തിന് എക്സേ റേ എടുത്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് വിട്ടു. മരുന്നൊന്നും ഇല്ല. പക്ഷെ ബിൽ വന്നപ്പോൾ കണ്ണ് തള്ളിപ്പോയി. നാട്ടിലെ ഒരു ലക്ഷം രൂപ . ഇൻഷുറൻസ് ഉള്ളോണ്ട് കയ്യിൽ നിന്നും ഇരുപതിനായിരമേ ആയുള്ളു. ഇതൊക്കെ കാണുമ്പോളാണ് കുറഞ്ഞ ചിലവിൽ മികച്ച ചികൽസ കിട്ടുന്ന നമ്മുടെ നാട്ടിലെ ആസ്പത്രികളോട് ഒരു മതിപ്പ് തോന്നുന്നത് .
ആയിടക്ക് എനിക്ക് ഏറ്റവും ദേഷ്യമുള്ള നമ്പറായിരുന്നു ഇരുപത്തെട്ട് ..എന്റെ കെട്ടിയോന്റെ ചീട്ടുകളി ഭ്രമം കാരണമായിരുന്നു അത്... വൈകിട്ട് ഓഫീസ് വിട്ടു വരുമ്പോൾ ട്രോഫികളെ (കുട്ടികളെ ) കൈമാറാം എന്നോർത്തിരിക്കുമ്പോളായിരിക്കും ഒരു ഇരുപത്തെട്ട് കളിക്കാൻ പോക്ക്!
തോറ്റാൽ കാതിൽ കുണുക്കൊക്കെ വെക്കുന്ന , അടി വരെ നടക്കാവുന്ന ആവേശഭരിതമായ കളിയാണെന്ന് പറയപ്പെടുന്നു .... 4 പേര് ഉണ്ടാകും... എനിക്കതിന്റെ വർണ്ണന കേൾക്കുമ്പോളേ രക്തം തിളക്കും...
പക്ഷെ ഇതൊക്കെയാണെങ്കിലും നാട്ടിൽ കൂട്ടുകുടുംബമായ് കഴിഞ്ഞിരുന്നപ്പോൾ അടുക്കളയിൽ കയറാതിരുന്ന ചേട്ടായി പല സഹായങ്ങളും ചെയ്തു... ഇവിടെ ആണുങ്ങൾക്ക് അടുക്കളയിലോ കുട്ടികളെ നോക്കാനോ സഹായിക്കാൻ മടിയില്ല....
പിന്നെ ഇവിടെ ഞാൻ കണ്ട എല്ലാ ഭാര്യമാരും വല്യ പാചക റാണികളാണ് .... എപ്പോളും വിരുന്നുകളും ഗെറ്റ് ടുഗതറുകളും പോട്ട് ലക്കുകളുമൊക്കെയാണ് ...ഓരോരുത്തരും ഒരോ വിഭവം പാചകം ചെയ്ത് കൊണ്ട് വന്ന് എല്ലാവരും കൂടി കഴിക്കുന്നതാണ് പോട് ലക്...
ആദ്യത്തെ പോട്ലക്കിന് ഞാൻ ടെൻഷനടിച്ച് മരിച്ചു.. കുക്കിങ്ങ് വല്യ പിടിപാടില്ലാത്ത എന്നെപോലുള്ള വീട്ടമ്മമാരുടെ ആത്മീയ ഗുരുവായ യുട്യൂബ് നോക്കി എന്തൊക്കെയോ ഉണ്ടാക്കി...എന്തായാലും എന്റെ കുക്കിങ്ങ് പരാക്രമം മൂലം ആർക്കും അത്യാഹിതം ഒന്നും സംഭവിച്ചില്ല!.. ....
പിന്നീട് മെല്ലെ മെല്ലെ എനിക്കിവിടത്തെ ജീവിതം ഇഷ്ടപെടാൻ തുടങ്ങി...ഇവിടെ എല്ലാ വീട്ടു പണികളും എളുപ്പമാണ്. ചിരകിയ തേങ്ങയൊക്കെ കിട്ടും, മീനൊക്കെ ക്ലീനായിട്ടാണ് കിട്ടുക. വാഷിങ്ങ് മെഷീന്റെ ഒപ്പം ഡ്രൈയറും ഉണ്ടാകും നമ്മൾ അലക്കിയ തുണികൾ വിരിച്ചുണക്കാൻ ഒന്നും മെനക്കെടേണ്ട. പിന്നെ പാത്രം കഴുകാൻ ഡിഷ് വാഷറുമുണ്ട്...
ഇവിടെയുള്ള ഇന്ത്യക്കാർ തമ്മിൽ നല്ല അടുപ്പമാണ് ..പ്രത്യേകിച്ചും മലയാളികൾ തമ്മിൽ....പാതിരാത്രിയാണെങ്കിലും അടുപ്പമുള്ള കൂട്ടുകാരുടെ വീട്ടിൽ സൊറ പറഞ്ഞിരിക്കുന്നതൊക്കെ വലിയ രസമാണ് ....
പിന്നെ കാലത്തിന്റെ എല്ലാ വകഭേദങ്ങളും അതിന്റെ സകല സൗന്ദര്യത്തോടെയും ഞാൻ കണ്ടത് ഇവിടെ വന്നിട്ടാണ്... മഞ്ഞ് മൂടിയ, ഇല പൊഴിയുന്ന ശിശിരവും, നിറയെ പൂക്കളും പച്ചപ്പുമുള്ള വസന്തവും, നല്ല ചൂടുള്ള നമ്മുടെ നാടിനെ ഓർമിപ്പിക്കുന്ന ഗ്രീഷ്മവും, പ്രകൃതി അതിന്റെ ഏറ്റവും മനോഹരങ്ങളായ വർണങ്ങളണിഞ്ഞ് നിൽക്കുന്ന ഹേമന്ദവുമെല്ലാം...
ഇവിടെ വരുമ്പോൾ എന്റെ ഏറ്റവും വലിയ ടെൻഷൻ കുട്ടികൾ എങ്ങനെ ഇംഗ്ലീഷ് പറയും, ഇവിടുത്തെ സായിപ്പൻ പിള്ളേരുടെ ഇംഗ്ലീഷ് അവർക്ക് മനസിലാവോ എന്നൊക്കെയായിരുന്നു... ഞങ്ങൾ വീട്ടിൽ മലയാളം മാത്രമാണ് പറയുന്നത് ... അത് കൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ 'ഉപ്പും മുളകും' കണ്ട് കൊണ്ടിരുന്ന പിള്ളേരെ നിർബന്ധിപ്പിച്ച് ഇംഗ്ലീഷ് പരിപാടി വെപ്പിക്കുമായിരുന്നു...
പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് സ്കൂളിൽ പോകാൻ തുടങ്ങിയതിൽ പിന്നെ രണ്ടും മണി മണി പോലെ ഇംഗ്ലീഷ് പറയാൻ തുടങ്ങി... ആദ്യം അഭിമാന പുളകിതയായെങ്കിലും പിന്നീട് ഞാൻ വീണ്ടും ഞെട്ടി... രണ്ടും മലയാളം പറയുന്നില്ല... തമ്മിൽ തമ്മിൽ ഇംഗ്ലീഷ് തന്നെ...
പിന്നീടാണ് ഞാൻ ദു:ഖ സത്യം മനസിലാക്കുന്നത് .. ഒരു ഇംഗ്ലീഷ് വാക്കില്ലാതെ ഒരു മുഴുവൻ വാചകം അവർക്ക് മലയാളത്തിൽ പറയാൻ പറ്റുന്നില്ല... വാക്കുകൾ സ്ഫുടവുമല്ല...
ഈശ്വരാ എന്റെ പ്രിയപ്പെട്ട മലയാളം! എന്റെ മക്കൾ കൈവിട്ട് പോകുമോ? മര്യാദക്ക് മലയാളം പറഞ്ഞില്ലെങ്കിൽ ഞാനൊരു മലയാളിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ഞാനവരെ നിർബന്ധിച്ച് മലയാളം പരിപാടികൾ കാണിക്കാൻ തുടങ്ങി...
പ്രവാസത്തിന്റെ ലാഭനഷ്ട കണക്കെടുപ്പ് നടത്തിയാൽ ലാഭത്തിനാണ് മുൻതൂക്കം... ഇവിടുത്തെ മലനീകരണമില്ലാത്ത അന്തരീക്ഷം, സ്വാതന്ത്ര്യം, മര്യാദയുള്ള ഡ്രൈവിങ്ങ് , വൃത്തിയുള്ള റോഡുകളും പൊതുയിടങ്ങളും, കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യമായ് നല്ല മൂല്യമുള്ള വിദ്യാഭ്യാസം.. അങ്ങനെ കുറേയേറേ ...
ഇതൊക്കെയാണെങ്കിലും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് ഇടക്കൊക്കെ നഷ്ടബോധം ഉണ്ടാക്കും... അമ്പലത്തിലെ ഉത്സവം വരുമ്പോൾ ,ആരുടെയെങ്കിലും കല്യാണം വരുമ്പോൾ ...ഏതെങ്കിലും ഗൃഹാതുരത്തമുയർത്തുന്ന പാട്ട് കേൾക്കുമ്പോൾ...അങ്ങനെയങ്ങനെ..
നാട്ടിലെ അതേ രുചികൾ ഉണ്ടാക്കാൻ ശ്രമിച്ചും , എല്ലാ വർഷവും നാട്ടിലേക്ക് പോയും , നാട്ടിലേക്കാൾ നന്നായി ഓണവും വിഷുവും ഇവിടെ ആഘോഷിച്ചുമൊക്കെ പ്രവാസികൾ ആ നഷ്ടബോധത്തിനെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും ... ഒന്നും നമ്മുടെ നാടിന്റെ തനിമക്ക് പകരം വെക്കാനാവില്ലന്നറിഞ്ഞു കൊണ്ട് തന്നെ !

by- deepthi prasanth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo