
ഞാൻ 10 ലോ മറ്റോ പഠിക്കുമ്പോൾ ആണ് അയാളെ ആദ്യായിട്ട് കാണണേ.പല്ലു മുഴുവൻ പുറത്തു കാണിച്ചു കൊണ്ടുള്ള ചിരി ആണ് അയാളുടെ ഹൈലൈറ്റ്.ക്ലോസപ്പ്കാർ കണ്ട അപ്പൊ പിടിച്ചു പരസ്യത്തിൽ നിർത്തും അജാതി ചിരി. സ്കൂളിൽ പോകുന്ന വഴി ഒരു മാർക്കറ്റ് ഉണ്ട് അവിടെ എവിടെയോ ആണ് അയാൾക്ക് ജോലി.ചിലപ്പോ കാണാം വല്യ ചാക്ക് സൈക്കിളിലിൽ വെച്ച് പോകുന്നത് ,എത്ര കഷ്ട്ടപാട് ആണേലും എന്നെ കാണുമ്പോ പതിവുള്ള ക്ലോസപ്പ് ചിരി പാസ്സാക്കും . പറയാൻ ആണേൽ എനിക്ക് ഇയാളെ ഒരു പരിചയവും ഇല്ലാ പിന്നെ എനിക്ക് മാത്രം എന്താ ഈ സ്പെഷ്യൽ ചിരി? അയാളോട് നേരിട്ട് ചോയ്ക്കാൻ എന്തോ അന്ന് ധൈര്യം കിട്ടീല്ല.
കാലം കടന്നു പോയി ഇടയ്ക്കു എപ്പോളോ ഒക്കെ അയാളെ കാണാറുണ്ടായിരുന്നു , അയാളുടെ ആ ചിരിക്കു മാത്രം ഒരു മാറ്റവും ഇല്ലാ,പ്രായത്തിന്റെ അവശതകൾ ഒട്ടുള്ള ആ മുഖത്തെ ചിരി ഇപ്പോളും 916 ആണ്. പിന്നെ നാട് വിട്ടു പല സ്ഥലത്തും പോകേണ്ടി വന്നു.നാട്ടിൽ വല്ലപ്പോഴും വരും പോകും.. അങ്ങനെ ഇരിക്കെ ഇന്നു ഞാൻ അയാളെ വീണ്ടും കണ്ടു,അയാൾ ഒരുപാട് ക്ഷീണിച്ചു,നടക്കാൻ ഒക്കെ ബുദ്ധിമുട്ടു പക്ഷെ ആ അവസ്ഥയിലും എന്നെ കണ്ടപ്പോൾ പഴയ ചിരി പാസ് ആക്കാൻ മറന്നില്ല ചിരിയുടെ മാറ്റ് ഒട്ടൊന്നു കുറഞ്ഞു മുൻവരിയിലെ 2 പല്ലുകൾ പോയിട്ടുണ്ട്, ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ചിരി.
ഇന്നു 'അമ്മ കൂടെ ഉള്ള ധൈര്യത്തിൽ അയാളോട് ഒന്ന് മിണ്ടാൻ തീരുമാനിച്ചു. എന്നെ അറിയുമോ എന്നു ഞാൻ അയാളോട് ചോദിച്ചു പലപ്പോഴും നോക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ടെലും എനിക്ക് ഒരു പരിചയവും തോന്നുന്നില്ല എന്ന് ഞാൻ അയാളോട് പറഞ്ഞു. ഒരു ചിരിയോടെ ആണ് അയാൾ മറുപടി പറഞ്ഞത് "മോൾ എന്നെ മറന്നിട്ടുണ്ടാവും പണ്ട് മോൾ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്നു പോവുമ്പോ ബോയ്സ് സ്കൂളിന്റെ മുന്നിൽ വെച്ച് കാലിൽ കുപ്പി ചില്ലു കേറിയത് ഓർക്കണുണ്ടോ? അന്ന് ഞാനാ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടോയി ഡ്രസ്സ് ചെയ്യിപ്പിച്ചേ,മോൾ അന്ന് ചെറിയ കുട്ടി അല്ലെ ഒക്കെ മറന്നു പോയിട്ടുണ്ടാവും" അയാൾ പറഞ്ഞു നിർത്തി.
എന്റെ മനസ്സിൽ പഴയ ആ കുപ്പിച്ചില്ലു കഥ തെളിഞ്ഞു വന്നു. സൈക്കിൾ വാങ്ങി തരാത്ത വാശിയിൽ അച്ഛനോട് പിണങ്ങി അന്ന് സ്ഥിരം പോകുന്ന വാനിൽ പോകാൻ കൂട്ടാക്കാതെ നടന്നു പോയതാരുന്നു ഞാൻ.കുപ്പിച്ചില്ലു നന്നായി കാലിൽ തറഞ്ഞു കയറിയിരുന്നു. അത് വലിച്ചൂരാൻ പോലും സമ്മതിക്കാതെ വലിയവായിൽ നിലവിളിച്ചു നിന്ന എന്നെ നോക്കി ആളുകൾ കൂട്ടം കൂടി നിന്നു. അപ്പോളാണയാൾ കടന്നു വന്നത് . എന്റെ എതിർപ്പ് വക വെയ്ക്കാതെ തറഞ്ഞു നിന്ന കുപ്പിച്ചില്ലു പതിയെ വലിച്ചൂരി , ചീന്തി ഒഴുകിയ ചോര അയാളുടെ കയ്യിലുണ്ടായിരുന്ന തോർത്തുകൊണ്ട് തുടച്ചു മാറ്റി എന്നെ ആശുപത്രിയിൽ കൊണ്ടുപോയി വീട്ടിലും വിളിച്ചറിയിച്ചു. വീട്ടുകാർ വരുന്നത് വരെ ആ മനുഷ്യൻ ആശുപത്രിയിൽ എനിക്ക് കാവൽ നിന്നിരുന്നു. കാലിലെ മുറിവ് ഉണങ്ങിയപ്പോൾ എനിക്ക് സൈക്കിളും കിട്ടി. അന്ന് എന്നെ പൊക്കി ആശുപത്രിയിൽ കൊണ്ടോയ ആ ചേട്ടനെ ഞാൻ നിഷ്കരുണം മറന്നല്ലോ.
ഇനി എവിടെ വെച്ച് കണ്ടാലും ചിരിക്കാം ന്നു ഞാൻ വാക്കും നൽകി.പോകും മുൻപ് ചേട്ടന് ഞാൻ എന്തേലും തരട്ടെ ന്നു ചോദിച്ചപ്പോൾ അതേ ചിരി മുഖത്ത് " തരണം ന്നു നിർബന്ധം ആണേൽ മോൾ ദാ അവിടുന്നു എനിക്ക് കപ്പലണ്ടി വാങ്ങി തന്ന മതി എനിക്കതു ഒരുപാടിഷ്ട്ടാ" ചൂടുള്ള കപ്പലണ്ടി കയ്യിൽ വെച്ച് കൊടുത്തു ഞാൻ പോകാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു ഇനി എന്നെ കാണുമ്പോ ഒന്ന് ചിരിക്കണേന്നു ,മറന്നു പോകല്ലേന്ന്. ഇല്ല മറക്കില്ല ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്ന മുഖങ്ങളുടെ കൂട്ടത്തിൽ ഇനി ഈ മുഖവും ഉണ്ടാവും.
ചിലർക്ക് ദാ ഇത്രയും മതി. ഒരു ചെറിയ ചിരി അല്ലെങ്കിൽ കുശലം പറച്ചിൽ അതിലവർ തൃപ്തരാണ്. അതിൽ കവിഞ്ഞു കൂടുതലൊന്നും അവർ പ്രതീക്ഷിക്കുന്നില്ല .
By: Anjali Kini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക