Slider

കാലംനല്കിയ ശിക്ഷ - ചെറുകഥ

0
Image may contain: 1 person

വൃദ്ധമന്ദിരത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ദിവസങ്ങള്‍ മാത്രം ആയുസ്സ് വിധിച്ചിരിക്കുന്ന അയാളുടെ പാതിയടഞ്ഞ കണ്ണുകള്‍ ആരെയോ അന്വേഷിക്കുന്നുണ്ടായിരുന്നു…
ഏതുനിമിഷവും മരണത്തിന്‍റെ കറുത്തനിഴല്‍ തന്നെ തേടിയെത്തും
‘അതിനു മുന്നേ മക്കളെയും, ഭാര്യയുമൊന്നു കാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....!!’
‘മക്കളുടെ അച്ഛായെന്നുള്ള വിളി ഒരിക്കല്‍ക്കൂടി കേള്‍ക്കുവാന്‍ അയാളുടെ മനസ്സ് വല്ലാതെ കൊതിച്ചു...
‘ആര്‍ക്കും തന്നെ വേണ്ടാതായിട്ട് നാളുകള്‍ കുറേ ആയിരിക്കുന്നു..’.
‘’സമൂഹത്തിന്‍റെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന അവര്‍ക്കെവിടെയാ സമയം...’’
സ്വന്തം ജീവന്‍റെ ഭാഗമായി കരുതിയിരുന്ന ഭാര്യയും തന്നെ മറന്നിരിക്കുന്നു.....
ആ മിഴികള്‍ രണ്ടും കവിഞ്ഞൊഴുകി,
പെട്ടന്നു ഹൃദയത്തിന്‍റെ അഗാധത്തില്‍ നിന്നും ഒരു ശബ്ദം മുഴങ്ങി... എവിടെയോ കേട്ടുമറന്ന ശബ്ദം...
ഓര്‍മയുടെ ആഴപ്പരപ്പില്‍ ആ ശബ്ദത്തിന്‍റെ ഉടമയെ തിരയവേ
മനസ്സിലൂടെ ഒരു മുഖം മിന്നിമറഞ്ഞു
‘’മോനേ ഹരിക്കുട്ടാ,’’
വീണ്ടും അതേ സ്വരം.
..
അതൊരു തേങ്ങലായി മനസ്സില്‍ നിറഞ്ഞുനിന്നു
പാതിമരിച്ച അയാളുടെ മനസ്സിന്‍റെ കോണിലെവിടെയോ മരിക്കാതെ കിടന്ന ആ മുഖത്തിന്‍റെ ഉടമയെത്തേടി ഒരിക്കല്‍ക്കൂടി തിരിച്ചുയാത്രയായി....
വര്‍ണ്ണ പകിട്ടാര്‍ന്ന തന്‍റെ ബാല്യകാലം....
‘’താനും, സഹോദരി മണിക്കുട്ടിയും,’’
തനിക്ക് എട്ടുവയസ്സുള്ളപ്പോഴായിരുന്നു
ക്ഷണിക്കാത്ത അഥിതിയായി കടന്നുവന്ന മരണം അച്ഛന്‍റെ ജീവനപഹരിച്ചത്...
, പെട്ടന്നുണ്ടായ ഒരു നെഞ്ചുവേദന അതിനെത്തുടര്‍ന്നു ഹോസ്പിറ്റലിലേക്കു പോയ അച്ഛന്‍റെ ജഡമായിരുന്നു പിന്നീട് തങ്ങള്‍ കാണുന്നത്
, അന്ന് അനിയത്തി മണിക്കുട്ടിക്ക്‌ പ്രായം ആറുവയസ്സ്,
ഞങ്ങളെ മാറോടണച്ചു വാവിട്ടു കരയുന്ന അമ്മ...
അച്ഛന്‍റെ മരണശേഷം അമ്മയായിരുന്നു തങ്ങള്‍ക്കെല്ലാം, പലരും ഒരു രണ്ടാം വിവാഹത്തിനു നിര്‍ബന്ധിച്ചിട്ടും മക്കളുടെ ഭാവിയെക്കരുതി അമ്മയതിനു മുതിര്‍ന്നില്ല പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി ജീവിക്കുന്ന യുവതിയായ സ്ത്രീ..
.
ചുറ്റുവട്ടത്തുനിന്നും കാമാര്‍ത്തമായ കഴുകന്‍ കണ്ണുകള്‍ അമ്മയ്ക്കു ചുറ്റും വട്ടമിട്ടിരുന്നു,
അവരെയെല്ലാം അമ്മ ആട്ടിയോടിച്ചു
, പിന്നിട് തനിക്ക് വശമുണ്ടായിരുന്ന തയ്യല്‍പ്പണിയിലൂടെയായിരുന്നു അമ്മ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം. കണ്ടെത്തിയിരുന്നത്....
രാവും പകലും കഠിനാദ്ധ്വാനം ചെയ്തു
പ്രശസ്തമായ സ്കൂളിലയച്ചു മക്കളെ പഠിപ്പിച്ചു...
അവര്‍ക്ക് നല്ല ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നതിനുവേണ്ടി അവര്‍ പട്ടിണിക്കിടന്നു മുണ്ടു മുറുക്കിയുടുത്തു....
മക്കള്‍ വളരുമ്പോള്‍ തനിക്ക്‌ താങ്ങും തണലുമാകുമെന്ന് ആ മാതൃഹൃദയം സ്വപനം കണ്ടിരിക്കണം,
പഠിക്കാന്‍ മിടുക്കരായിരുന്ന താനും മണിക്കുട്ടിയും, ഉന്നതവിജയത്തോടെയായിരുന്നു കലാലയത്തിന്‍റെ ഓരോ പടവുകളും താണ്ടിയിരുന്നത്,
അദ്ധ്വാനത്തിലൂടെ സമ്പാദിച്ചിരുന്ന ഓരോ ചില്ലിയും മക്കള്‍ക്കുവേണ്ടിയായിരുന്നു അമ്മ ചിലവഴിച്ചിരുന്നത്...
സ്വന്തം ആരോഗ്യവും ജീവിതവും നൊന്തുപ്പെറ്റ മക്കള്‍ക്ക് വേണ്ടി ഹോമിച്ചവള്‍...
, അമ്മയുടെ ത്യാഗത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഫലം...
താന്‍ പഠിച്ചു വക്കിലായി,
മണിക്കുട്ടി കോളേജു അദ്ധ്യാപികയും ആയി.....
നഗരത്തിലെ പ്രശസ്തനായ വക്കീലിന്‍റെ കീഴില്‍ പ്രാക്ടിസ് ചെയ്യുന്ന സമയത്തായിരുന്നു അയാളുടെ മകളുമായി പരിചയത്തിലായത് ആ പരിചയം പ്രണയമായി വളര്‍ന്നു..
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴും അമ്മയെതിര്‍ത്തില്ല, മക്കളുടെ സന്തോഷമായിരുന്നു അമ്മയ്ക്കു വലുത്, സ്വന്തം ആരോഗ്യം മറന്നുള്ള കഠിനാദ്ധ്വാനം ഇതിനോടകം അവരെ ഒരു നിത്യരോഗിയാക്കി മാറ്റിയിരുന്നു...
ഇതിനോടകം പേരും, പ്രശസ്തിയുമുള്ള ഒരു വക്കീലായി താന്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു...
, തീര്‍ത്തും വയ്യാതെയായപ്പോള്‍ ശേഷിച്ചകാലം തന്‍റെ ഹരിക്കുട്ടനോടൊപ്പം കഴിയണം എന്നാഗ്രഹത്തോടു കൂടിയായിരുന്നു അമ്മ ഗ്രാമത്തിലെ കൊച്ചു വീട്ടില്‍നിന്നും പട്ടണത്തിലുള്ള മകന്‍റെ അടുത്തേക്കു കൂടുമാറിയത്‌...
എന്നാല്‍ പട്ടണപരിഷ്കാരിയായ തന്‍റെ ഭാര്യക്ക് ഭതൃമാതാവുമായി ഒത്തുപോകുവാന്‍ വളരെ പ്രയാസമായിരുന്നു, ശരിക്കും പറഞ്ഞാല്‍ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു അമ്മയ്ക്ക് മകന്‍റെ വീട്ടില്‍ ലഭിച്ചിരുന്നത്...
എന്നിട്ടും യാതോരു പരാതിയോ.പരിഭവമോ കൂടാതെ അവരെല്ലാം സഹിച്ചു...
എല്ലാം താന്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു,
തന്നെ കാണുവാന്‍ സമൂഹത്തിലെ ഉന്നതന്‍മാര്‍ പലരും വീട്ടില്‍ വന്നുപോയിരുന്നു,
അവര്‍ക്കുമുന്നില്‍ വേലക്കാരിക്കു സദൃശമായി നില്ക്കുന്ന അമ്മ ഒരപശകുനമായി തോന്നാന്‍ തുടങ്ങിയിരുന്നു...
സമ്പത്തും പ്രശസ്തിയും എന്നെ മറ്റൊരു മനുഷ്യനാക്കുകയായിരുന്നു.. അമ്മയുടെ വിയര്‍പ്പിന്‍റെ ഫലമാണു ഇപ്പോഴനുഭവിക്കുന്ന എല്ലാ സുഖ സൌകര്യങ്ങള്‍ക്കും കാരണമെന്ന സത്യം പാടേ മറന്നുകൊണ്ടായിരുന്നു പിന്നീടുള്ള തങ്ങളുടെ ജീവിതം,
അമ്മയെ എങ്ങനെയെങ്കിലും ഒഴിവാക്കണം അതായിരുന്നു പിന്നീടുള്ള മനസ്സിലെ ചിന്ത മുഴുവനും ഭാര്യയുടെ സമര്‍ദ്ദം കൂടിയായപ്പോള്‍ ആ ചിന്തകള്‍ക്ക് ശക്തികൂടി.....
അങ്ങനെയായിരുന്നു അനിയത്തി മണിക്കുട്ടിയുടെ അടുക്കല്‍ അമ്മയെ കൊണ്ടുപോയി ആക്കുവാന്‍ തീരുമാനിച്ചത് കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ച് കൂട്ടികൊണ്ടു പൊയ്ക്കോളാം എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു അവള്‍ അമ്മയെ കൂടെ നിറുത്തുവാന്‍ തയ്യാറായത്.....
വാസ്തവത്തില്‍ നൊന്തുപെറ്റ അമ്മയെ സഹോദരിയുടെ അടുക്കലാക്കിയിട്ടു ഞാന്‍ രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ കഴിയവേ അവിടെയും ആ പാവത്തിനു നേരിടേണ്ടിവന്നതു കഷ്ടപ്പാടിന്‍റെ പരമ്പരകളായിരുന്നു,
‘’മകനു വേണ്ടാത്ത അമ്മയെ മകള്‍ക്കെന്തിനാണ്....?’’
എന്ന ചിന്താഗതിയായിരുന്നു മണിക്കുട്ടിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കും,
ശരിക്കും പറഞ്ഞാല്‍ അവിടെയും അവര്‍ക്ക് ഒരു വേലക്കാരിയുടെ റോള്‍ത്തന്നെയായിരുന്നു...
കൂടാതെ കുത്തുവാക്കുകള്‍ വേറെയും.....
തീര്‍ത്തും ആവശയായപ്പോള്‍ തങ്ങള്‍ മക്കള്‍ ഒത്തുകൂടിയെടുത്ത തീരുമാനമായിരുന്നു, അമ്മയെ വൃദ്ധമന്ദിരത്തിലേക്ക് നടതള്ളുവാന്‍
‘’ഒരു തരത്തില്‍ പറഞ്ഞാല്‍ ശല്യം ഒഴിവാക്കല്‍’’...
അതിനുശേഷം ഒരിക്കല്‍ പോലും താനോ മണിക്കുട്ടിയോ ആ വൃദ്ധമന്ദിരത്തിന്‍റെ പടി ചവിട്ടിയിരുന്നില്ല....
.
, അമ്മയുടെ രോഗാവസ്ഥ പറഞ്ഞു പലതവണ അധികൃതര്‍ എന്നെയും, മണിക്കുട്ടിയേയും മാറിമാറി വിളിച്ചിരുന്നു... ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു രോഗിയാണു അമ്മയെന്നറിഞ്ഞിട്ടും, താനോ, സഹോദരിയോ പോയി കാണുവാന്‍ കൂട്ടാക്കിയില്ല, സ്വന്തം ജീവിതത്തിലെ തിരക്കുകളായിരുന്നു കാരണങ്ങളായി പറയുവാനുണ്ടായിരുന്നത്‌.... പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ഒരു തുള്ളി തീര്‍ത്ഥജലം ലഭിക്കാതെ
നൊന്തുപെറ്റ മക്കളെ അവസാനമായി ഒരുനോക്കു കാണുവാനുള്ള ഭാഗ്യം ലഭിക്കാതെ ആ ആത്മാവ് യാത്രയായി നിത്യമായ അനന്തതയിലേക്ക്..
.ഹരിശങ്കറിന്‍റെ കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകിയിറങ്ങി
കുറ്റബോധംകൊണ്ടു അയാളുടെ മനസ്സ് തേങ്ങി,
ശരീരത്തിന്‍റെ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ട തനിക്കും വിധിക്കപ്പെട്ടിരിക്കുന്നതു പരിമിതമായ ദിവസങ്ങള്‍ മാത്രമാണ്...
, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ,,,,
നൊന്തുപ്പെറ്റ മാതാവിനു മകന്‍ നിഷേധിച്ചത്, വിധി തനിക്കും നിഷേധിച്ചിരിക്കുന്നു.
അയാള്‍ വല്ലാതെ കിതച്ചു....
ശ്വാസമെടുക്കുവാന്‍ വല്ലാതെ പ്രയാസപ്പെട്ടു
, ഹൃദയ താളത്തിന്‍റെ വേഗത വര്‍ദ്ധിച്ചു
പിന്നെ അതു നേര്‍ത്തുനേര്‍ത്തുവന്നു
ചുറ്റും കൂരിരുട്ട്...
ഇരുട്ടിലൂടെ ഒരു നിഴല്‍ തന്‍റെ ബെഡ്ഡിനരികിലേക്കു നടന്നടുക്കുന്നു..
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു, ഒപ്പം ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരിയും, ആ നിഴല്‍രൂപത്തെ അയാള്‍ തിരിച്ചറിഞ്ഞു...
, മരണത്തിലും സ്വന്തം പുത്രനെ മാറോടണക്കാന്‍ ഓടിയെത്തുന്ന അമ്മയുടെ ആത്മാവ്........!!
അമ്മേ... അയാള്‍ നീട്ടി വിളിച്ചു.
..
എന്നാല്‍ ശബ്ദം പുറത്തേക്ക് വന്നില്ല
ആ ശരീരം ഒന്നു ഉയര്‍ന്നുപൊങ്ങി
പിന്നെയെല്ലാം നിശ്ചലം
... അപ്പോള്‍ മകനെയോര്‍ത്തു തേങ്ങുന്ന പാവം ഒരാത്മാവിന്‍റെ രോദനം ആ മുറിയില്‍ നിറഞ്ഞുനിന്നിരുന്നു.....
..........................................................................................................
സിബി നെടുംചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo