Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 6)

0


ഇത് ഞങ്ങളുടെ കഥ(ഭാഗം 6)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നമുക്ക് രമയുടെ വീട്ടിലേക്ക് പോകാം ..
നീരജ് പോയ വഴിയേ നോക്കി രമ കുറച്ചു സമയം കൂടി അവിടെ തന്നെ നിന്നു...
വിലപ്പെട്ടതെന്തോ കൈവന്നു എന്ന് കരുതിയത് സമയത്ത് ഒരിക്കലും പ്രതീക്ഷിക്കാതെ അത് എങ്ങോ നഷ്ടപ്പെട്ടതുപോലെ....
രമ മെല്ലെ വീട്ടിലേക്ക് തിരിച്ചു വന്നു.
വല്ല്യമ്മ ഉമ്മറത്തു തന്നെ നോക്കി നിന്നിരുന്നു.
' ആ കുഞ്ഞ് പോയോ മോളെ....'
'ഉം... പോയി...'
'നല്ല മോൻ. .... എന്റെ മോൾക്ക് നല്ല ചേർച്ചയുണ്ട്...'
'വല്ല്യമ്മ വെറുതെ ഓരോന്ന് ചിന്തിക്കേണ്ട.. ആ സാറ് എന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ല.... വെറുതെ വീടൊന്ന് കാണാൻ വന്നതാ. ..'
'ആ... എന്നാലും അവന്റെ ഉള്ളിൽ എന്തോ ഉണ്ട്.. എനിക്ക് ഉറപ്പാ... എന്റെ മോൾക്ക് നല്ലതെ വരൂ..'
ഗദ്ഗദത്തോടെ വല്ല്യമ്മ വീണ്ടും പറഞ്ഞു തുടങ്ങി. ..
'എന്ത് മാത്രം ദുഃഖം അനുഭവിച്ചതാ എന്റെ മോള് ഈ പ്രായത്തിനിടയിൽ.. എല്ലാം ഈശ്വരൻ കാണുന്നുണ്ട്. .. എന്റെ മോള് അത്ര നല്ല കുട്ടിയല്ലേ... ആർക്കാ എന്റെ മോളെ ഇഷ്ടാവാണ്ടിരിക്കാ...?'
'വെറുതെ എന്നെ കരയിക്കാതെ വല്ല്യമ്മേ...
ഇഷ്ടം....
എന്നിട്ടല്ലെ എന്റെ അച്ഛനും അമ്മയും എന്നെ ഇവിടെ തനിച്ചാക്കി പോയത്... '
'മോള്... വിഷമിക്കേണ്ട. ..എല്ലാം ശരിയാവും...'
'ഇല്ല.... എനിക്കറിയാം... ശാപം കിട്ടിയ ജന്മാ എന്റേത്... അല്ലെങ്കിൽ ഈശ്വരൻ എനിക്ക് ഈ ഗതി വരുത്തില്ലായിരുന്നു....'
'മോള് കരയേണ്ട... ദൈവം ഇഷ്ടം തോന്നുന്നവരെ ഒരുപാട് പരീക്ഷിക്കും.. പക്ഷേ ഒരിക്കലും ഉപേക്ഷിക്കില്ല...'
'മതി..... എനിക്ക് ഒന്നും കേൾക്കേണ്ട. ... എല്ലാം എന്റെ ശാപമാണ്... എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമായിരുന്നോ... എനിക്ക് ഈ ഗതി വരുമായിരുന്നോ....?'
അവൾ സങ്കടത്തോടെ തേങ്ങിക്കരഞ്ഞു.
'മോള് ഇപ്പോൾ അതൊന്നും ഓർക്കേണ്ട... എല്ലാം കഴിഞ്ഞില്ലെ. .. പ്രാർത്ഥിക്ക്... നല്ലപോലെ പ്രാർത്ഥിക്ക്... എല്ലാം ശരിയാവും...'
രമ മിഴികൾ തുടച്ച് അകത്തേക്ക് കടന്നു പോയി. ...
അല്പം കഴിഞ്ഞ് അവിടെ നിന്നും ചില ഈരടികൾ കേൾക്കുമാറായി...
"കരുണാ ചെയ്വാനെന്തൂ താമസം കൃഷ്ണാ..
കഴലിണ കൈ തൊഴുന്നേൻ...."
ശോക നെർഭരമായ ആ നിമിഷങ്ങളിൽ ആരോരുമില്ലാത്ത ഒരു യുവതിയുടെ കദനങ്ങൾ അവിടെ സംഗീതമായൊഴുകി...
* ** * * *
ഏതോ ഒരു മായാ വലയത്തിൽ അകപ്പെട്ട നിലയിലായിരുന്നു നീരജിന്റെ മനസ്സ്...
രമയുടെ വീട്ടിൽ നിന്നും പോന്നെങ്കിലും തന്റെ കാറിനരികെ നിന്ന് കൈകൾ വീശി യാത്ര പറയുന്ന രമയുടെ മുഖം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല...
എന്തൊക്കെയോ പറയണം എന്ന് കരുതിയാണ് പോയത്.. പക്ഷേ എല്ലാം കൈവിട്ടുപോയി. ..
മുമ്പൊന്നും ഇതുപോലെ ഒരു അവസ്ഥ നേരിട്ടിട്ടില്ലാത്തതിനാലാകാം...
അതിനിടയിൽ ഒരു ആക്സിഡന്റ്....
അതാണ് ആ മൂഢൊക്കെ നശിപ്പിച്ചത്... സമയവും പോയി.... ഛെ....
രമ എന്തു കരുതിക്കാണുമോ എന്തോ...
പറയാമായിരുന്നു തനിക്ക് അവളെ ഒരുപാട് ഇഷ്ടമാണെന്ന്...
തന്നെ അവൾക്ക് ഇഷ്ടപ്പെടാതെ വരുമോ..
നീരജ് തന്റെ മുഖം കണ്ണാടിയിലുടെ നോക്കി..
ചാഞ്ഞും ചരിഞ്ഞും....
ഏയ്... ഇല്ല...
അവൾക്കിനി മറ്റെന്തെങ്കിലും അഫെയർ..
ഏയ്....
രമ അങ്ങനെ ഒന്നും ആയിരിക്കില്ല...
അങ്ങനെ സ്വയം ചോദിച്ചും പറഞ്ഞും അയാൾ അന്ന് ഫ്ലാറ്റിലേക്ക് പോകാതെ നേരെ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു....
ഏതായാലും അമ്മയോട് ഇക്കാര്യം സൂചിപ്പിക്കണം..
അമ്മയ്ക്ക് സന്തോഷമാവാതിരിക്കില്ല...
കാർ ടൗണിലൂടെ ചെമ്പുക്കാവിലുള്ള നീരജിന്റെ വീട്ടിലേക്ക് നീങ്ങി.
പതിവില്ലാതെ നീരജിനെ നേരത്തെ വീട്ടിൽ കണ്ടതിനാൽ അമ്മയ്ക്ക് സന്തോഷമായി.
അമ്മയെ കണ്ടതും നീരജ് അമ്മയുടെ താടിയിൽ ഒരു നുള്ളുകൊടുത്തു...
'അമ്മച്ചീ....'
'ഉം.... വേണ്ട വേണ്ട.. വല്ലപ്പോഴും ഉള്ള നിന്റെ ഒരു പുന്നാരം. ..'
'അത് ശരി... വല്ലപ്പോഴുമോ..? ആഴ്ചയിൽ നാലു ദിവസം ഞാൻ ഇവിടെ വരുന്നില്ലേ... എന്നിട്ടാ വല്ലപ്പോഴും....'
'ഉവ്വ്... നാലു ദിവസം.... രാത്രി ആവുമ്പൊ വന്ന് നേരം വെളുക്കുമ്പം പോകും.. ഒന്നു കണ്ണു നിറയെ കാണാൻ കൂടി കഴിയില്ല... അതിനെങ്ങനെയാ.. അച്ഛനും മോനും ബിസിനസ്സ് അല്ലേ വലുത്....'
'അത് ജീവിതത്തിന്റെ ഒരു ഭാഗം അല്ലെ അമ്മെ....?'
'ഈ സമ്പാദിച്ചു കൂട്ടുന്നത് മുഴുവൻ ആർക്കാ... രണ്ടു മൂന്നു തലമുറയ്ക്ക് വേണ്ടത് നേടി കഴിഞ്ഞു... നേരത്തെ കാലത്തെ എന്റെ കണ്ണടയും മുമ്പ് നീ ഒന്നു വിവാഹം കഴിച്ചു കാണാൻ ആഗ്രഹമുണ്ട്... അതിനെങ്ങനെയാ... ഇപ്പോഴും കൊച്ചു ചെറുക്കനാന്നാ വിചാരം...
'ദേ. .. തൊടങ്ങി.... ഈ അമ്മ... അമ്മ പോയി അമ്മേടെ മോന് വേഗം ഒരു ഗ്ലാസ് ജൂസ് എടുത്തു കൊണ്ടു വന്നേ...'
'ഓ.... അമ്മ അത് മറന്നു. .. മോൻ വാ....'
അമ്മ അടുക്കളയിലേക്ക് പോയതിനു പുറകിലായി നീരജും ഒരു മൂളിപ്പാട്ടുമായി കൂടെ നടന്നു. ..
ജൂസ് എടുക്കുന്നതിനിടയിൽ അമ്മ ചോദിച്ചു. ..
'വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ... നിനക്കെന്താ പതിവില്ലാത്തവണ്ണം ഒരു സന്തോഷം. ..?'
'അതൊക്കെ ഒണ്ട്... '
'പറയെടാ മോനെ.... അമ്മയും കൂടി അറിയട്ടെ....'
'അത് കേട്ട് അമ്മ ഞെട്ടരുത്...'
'അതെന്താടാ അത്ര വലിയ കാര്യം...'
'വാ... അമ്മ ഇവിടെ ഇരിക്ക്...'
നീരജ് അമ്മയേയും കൂട്ടി ഡൈനിംഗ് ടേബിളിന്റെ ഇരു വശത്തായി അഭിമുഖമായി ഇരുന്നു..'
'എന്താടാ... നിനക്ക്.... നിന്റെ മനസ്സിൽ ആരോ കടന്നു കൂടിയതുപോലെ തോന്നുന്നല്ലോ....'
'ശ്ശോ.... ഈ അമ്മേടെ ഒരു കാര്യം... അമ്മയ്ക്ക് എങ്ങനെ മനസ്സിലായി...?'
'അപ്പോൾ ശരിയാ അല്ലേ...?'
'ഉം....'
'ആരാ മോനെ.... പറയ്...'
'അത്........ ഞാൻ പറയാം... അമ്മ എതിരൊന്നും പറയരുത്.... അച്ഛനോട് പറഞ്ഞു സമ്മതിപ്പിക്കുകയും വേണം....'
'അതൊക്കെ ഞാൻ ഏറ്റു.... നീ പറയ്....'
'നീരജ് രമയെക്കുറിച്ച് അമ്മയോട് പറഞ്ഞു. പക്ഷേ ആ രാത്രിയിലെ സംഭവം മനപ്പൂർവം മറച്ചു വെച്ചു.
അമ്മയ്ക്ക് അത് ചിലപ്പോൾ ഉൾക്കൊള്ളാൻ ആവില്ലെന്ന് നീരജിനു തോന്നി. ..
വിവരങ്ങൾ അറിഞ്ഞപ്പോൾ അമ്മ പറഞ്ഞു.
'പണവും പ്രതാപവുമൊന്നും ഇല്ലെങ്കിലും വേണ്ട. എന്റെ മോനെ നല്ലപോലെ സ്നേഹിക്കുന്ന ഒരു തറവാട്ടിൽ പിറന്ന കുട്ടിയാവണം എന്നേ എനിക്കുള്ളൂ... എന്റെ മോന് ഇഷ്ടമായ സ്ഥിതിക്ക് ആ കുട്ടി ഏതായാലും സുന്ദരി ആയിരിക്കും എന്ന് അമ്മയ്ക്ക് അറിയാം... ഞാൻ ഇക്കാര്യം അച്ഛനോട് പറയാം ഇന്നു തന്നെ. ..'
'അയ്യോ... ഇന്ന് വേണ്ട അമ്മെ.... ഞാൻ രമയോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ..'
'അത് ശരി... അവിടെ വരെ പോയിട്ട് ഒന്നും പറയാതെ പോന്നോ... നീ നിന്റെ അച്ഛന്റെ പേര് കളയുമല്ലോടാ...'
'ആഹാ.... അത് ശരി.... അപ്പോൾ അങ്ങനെ ഉണ്ട് ചില ഫ്ലാഷ് ബാക്ക് അല്ലേ....'
ചെറിയ ഒരു നാണം കലർന്ന ചിരിയോടെ അമ്മ പറഞ്ഞു....
'പോട ചെറുക്കാ.... ഞാൻ ചുമ്മാ പറഞ്ഞതാ... നമുക്ക് ഒരു കാര്യം ചെയ്യാം. ഒന്നുകൂടി രമയെ പോയി കണ്ടാലോ..?
'അച്ഛൻ....'
'ആദ്യം അവൾക്ക് സമ്മതമാണോ എന്ന് അറിയേണ്ടെ... എന്നിട്ട് അച്ഛനോട് പറയാം..'
അല്പനേരത്തെ മൗനത്തിന് ശേഷം അമ്മ പറഞ്ഞു.
മോൻ ഒരു കാര്യം ചെയ്യ്. അടുത്ത ഞായറാഴ്ച നമുക്ക് അവിടെ വരെ ഒന്നു പോകാം... മറ്റൊന്നും വേറെ എറ്റെടുക്കേണ്ട...'
'ഉം...'
ആ സംഭാഷണം അവിടെ അവസാനിച്ചു. ....
സന്തോഷത്തോടെ പറഞ്ഞു തുടങ്ങിയ കാര്യം എന്തുകൊണ്ടോ സീരിയസ് മൂഢിലെത്തിയതുപോലെ....
മനസ്സ് സന്തോഷിക്കേണ്ട സമയത്ത് എന്തേ ഈ വിഷാദം...
അയാൾ മൂഢ് മാറ്റാനായി വേഗം റുമിൽ പോയി ഡ്രസ് ചെയ്ഞ്ചു ചെയ്ത് നല്ല ഒരു കുളി പാസ്സാക്കാൻ തീരുമാനിച്ചു. ..
ബാത്ത് റൂമിൽ കയറി ഷവർ നല്ലപോലെ തുറന്ന് അതിന് താഴെ നിന്നു....
വെള്ളത്തിന്റെ തണുപ്പ് അയാളുടെ ചിന്തകളേയും തണുപ്പിച്ചു...
ചിന്തകൾ സ്വപ്നങ്ങളായി ചിറകടിച്ചുയർന്നു...
ഇതുവരെ ഇല്ലാത്ത ഒരനുഭൂതി...
* * * * *
ഇന്ന് ഞായറാഴ്ച. ...
ഇന്നാണ് നീരജും അമ്മയും രമയെ കാണുവാൻ പോകുന്നത്....
രമയ്ക്ക് ഒരു സസ്പെൻസ് ആയിരിക്കണം ഈ യാത്ര എന്നതിനാൽ ആ നാലഞ്ച് ദിവസവും ഒരിക്കൽ പോലും അയാൾ രമയെ വിളിച്ചില്ല...
കാണാതിരിക്കുമ്പോൾ സ്നേഹം കൂടും എന്നല്ലേ പറയുക..
അമ്മയെ കാണുമ്പോൾ രമയ്ക്ക് സന്തോഷമാവാതിരിക്കില്ല.... അതുറപ്പാണ്.....
അച്ഛനോട് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതിട്ട് വരാം എന്നാണ് അമ്മ പറഞ്ഞത്...
ഭക്തി മാർഗ്ഗം മനസ്സിൽ മാത്രം സൂക്ഷിക്കുന്ന വ്യക്തി ആയിരുന്നതിനാൽ അദ്ദേഹം അധികവും ഇത്തരം യാത്രകളിൽ നിന്നും ഒഴിഞ്ഞു നില്ക്കുകയാണ് പതിവ്...
സേതുലക്ഷി.... അമ്മ..... നിർബന്ധിക്കാറുമില്ല..
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞതിനാൽ നീരജ് അന്ന് പാന്റ്സിനു പകരം വെളുത്ത ധോത്തിയാണ് ഉടുത്തിരുന്നത്...
രണ്ടോ മൂന്നോ ഷർട്ടുകൾ മാറി മാറി ഇട്ടുനോക്കി തൃപ്തി വരാതെ അവസാനം ഒരു ബ്ലാക്ക് ചെക്ക് ഷെർട്ടാണ് നീരജ് സെലക്ട് ചെയ്തത്.....
കണ്ണാടിയിൽ പല തവണ നോക്കി സ്വയം ഒരു ആത്മവിശ്വാസം വരുത്തിയാണ് അയാൾ ഇറങ്ങിയത്...
ഇളം നീലയിൽ ചുവന്ന ബോർഡറുള്ള കാഞ്ചീപുരം സാരിയും അത്യാവശ്യത്തിനു മാത്രം ആഭരണങ്ങളുമായി സേതുലക്ഷിയും ഒരുങ്ങി ഇറങ്ങി. .....
നീരജിന്റെ ഡ്രസ്സുകണ്ട് അമ്മ പറഞ്ഞു. ....
'നീ ഈ ബ്ലാക്ക് ഷർട്ടാണോ ഇടുന്നത്... വേറെ ഒന്നും ഇല്ലേ...?'
'ഇതാ അമ്മേ ഒരു ലുക്ക്...'
'അതൊക്കെ ശരിയാ. .. എന്നാലും ഒരു നല്ല കാര്യത്തിന് പോകുമ്പോൾ ബ്ലാക്ക് നല്ലതല്ല മോനെ.....'
'അതൊന്നും സാരമില്ല അമ്മെ. .... ഇത് മതി..'
'ഉം..... എന്നാ അങ്ങനെ....'
അച്ഛനോട് യാത്ര പറഞ്ഞ് അവർ യാത്ര പുറപ്പെട്ടു....
കാർ തൃശ്ശൂർ നഗരവും കടന്ന് കിലോമീറ്ററുകൾ താണ്ടി ശ്രീ ഗുരുവായൂരപ്പന്റെ തിരുനടയിൽ എത്തി...
അകത്തേക്ക് കയറാതെ തന്നെ കിഴക്കെ നടയിൽ നിന്ന് രണ്ടു പേരും ഭഗവാനോട് പ്രാർത്ഥിച്ചു.
സേതുലക്ഷി കൈയിലുള്ള പേർസിൽ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീരജിനെ ഉഴിഞ്ഞ് ആ ഭണ്ഡാരത്തിൽ ഇട്ട് തൊഴുതു തിരിച്ചു നടന്നു.
മനസ്സിൽ എന്തോ ഒരു ആശ്വാസം. ..
നല്ലതു മാത്രം സംഭവിക്കണെ എന്ന പ്രാർത്ഥനയോടെ അവർ രമയുടെ വീട് ലക്ഷ്യമാക്കി യാത്രയായി.
കാർ വെളിയിൽ നിർത്തി അവർ രണ്ടുപേരും അകത്തേക്ക് കയറി. ....
ടൗണിൽ നിന്നു മാറി തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു ശാന്തമായ ഇടത്തേക്ക് വന്നതിനാൽ സേതുലക്ഷിയുടെ മനസ്സ് ഒന്നു തണുത്തു. ..
നല്ല അന്തരീക്ഷം...
നീരജ് അമ്മയേയും കൂട്ടി അകത്തേക്ക് നീങ്ങുമ്പോൾ അകത്തു നിന്നും പാട്ടിന്റെയും നൃത്തത്തിന്റേയും അലയൊലികൾ അവരെ എതിരേറ്റു....
"അലൈപായൂതേ.... കണ്ണാ. ..
എൻ മനമിതിൽ അലൈപായൂതേ.....
ഉന്നാനന്ദ മോഹന വേണുഗാനമതിൽ
അലൈപായൂതേ.... കണ്ണാ....... ആ......"
മറ്റേതോ ഒരു ലോകത്ത് എത്തിയതുപോലെ...
അന്ന് ഞായറാഴ്ച ആയിരുന്നതിനാൽ കുറച്ചു കുട്ടികൾക്ക് രമ വീട്ടിൽ നൃത്തം പഠിപ്പിച്ചിരുന്നു....
പുറത്തു നിന്നും ആരോ വരുന്നതുപോലെ തോന്നി രമ വെളിയിലേക്ക് ഇറങ്ങി വന്നു.
വാതിൽക്കൽ എത്തിയതും നീരജിനേയും അമ്മയേയും അവിചാരിതമായി കണ്ടതോടെ പെട്ടെന്ന് രമയ്ക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു രൂപവുമില്ലാതായി...
അരയിൽ ചുറ്റി കെട്ടിയ സാരി കുടഞ്ഞ് നീരെയാക്കി മുടഞ്ഞിട്ട കേശഭാരം പുറകിലേക്കിട്ട് വേഗം അവരുടെ അരികിലേക്ക് വന്നു.
സേതുലക്ഷി തന്റെ ഭാവി മരുമകളെ അകലെ നിന്നേ നല്ലതുപോലെ കണ്ടു....ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് രമയെ ഇഷ്ടമായി....
സേതുലക്ഷി മനസ്സിൽ മന്ത്രിച്ചു. .......
'വെറുതെയല്ല.... എന്റെ മോൻ വീണു പോയത്.... പെണ്ണായി പിറന്നാൽ ഇങ്ങനെ പിറക്കണം..... എന്റെ മോന് ഈ കുട്ടി മതി....'
'വരൂ..... സാർ......'
രമ അവരുടെ അരികിലെത്തി പറഞ്ഞു. .
'ഇത് അമ്മയാണ്...... '
'ഞാൻ ഊഹിച്ചു..... വരൂ അമ്മെ.... അകത്തേക്ക് ഇരിക്കാം...'
അവരെ രണ്ടു പേരേയും അകത്തേക്ക് ക്ഷണിച്ചിരുത്തി രമ പറഞ്ഞു. ..
'ഒരു നിമിഷം. .. ഞാൻ ആ കുട്ടികളെ ഒന്നു പറഞ്ഞയച്ചിട്ടു വരാം. '
'ശരി മോളെ...'
ശ്രുതിയും ലയവും താളവും രാഗവും നാദവും നൂത്തവും സമ്മിശ്രമായി ഒരു തിരമാലപോലെ അവളുടെ മനസ്സിൽ ഉയർന്നു താഴ്ന്നു. .....
ഒരു ചിത്രശലഭം പോലെ പാറി പറന്ന് അവൾ അകത്തേക്ക് നീങ്ങുന്നത് നീരജ് കണ്ണിമയനക്കാതെ നോക്കിയിരുന്നു...
ഒരു പുതിയ ജീവിതത്തിന്റെ അലയൊലികൾ അയാളുടെ മനസ്സിലും മുഴങ്ങുന്നുണ്ടായിരുന്നു...
(തുടരും )...
****മണികണ്ഠൻ അണക്കത്തിൽ**** 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo