
ദൂരെ യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ എന്റെ പ്രധാന പേടി സീറ്റ് എവിടെ കിട്ടുമെന്നാണ്. ലോവർ ബർത്ത് കിട്ടണേയെന്നു സകല ദൈവങ്ങളെയും വിളിച്ചാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാറ്.
അപ്പർ ബർത്തിൽ വലിഞ്ഞു കയറുക വല്ലാത്ത പാടുപിടിച്ച ഒരു പരിപാടിയാണ്. അതിലൊക്കെ പുറമെ എനിക്ക് വല്ലാത്ത പേടിയും. വല്ല അപകടോം പറ്റിയാൽ വേഗം ചാടി പുറത്തിറങ്ങാൻ പറ്റൂല്ലാലോ എന്ന ചിന്ത. പിന്നെ ഇടയ്ക്കിടയ്ക്ക് ചുമ്മാ വെറും ചുമ്മാ ടോയ്‌ലെറ്റിൽ പോകാനുള്ള ശങ്കയും തോന്നും. ഇത്യാദി അവസ്ഥകളൊക്കെ ഉള്ളതുകൊണ്ട് ലോവർ ബർത്ത് വല്ല വിധേനെയും കൺഫേം ചെയ്തേ ഞാൻ വണ്ടി കയറാറുള്ളൂ.
അന്നത്തെ യാത്ര തത്ക്കാൽ ടിക്കറ്റ് എടുത്തായിരുന്നു. സൈഡ് ലോവർ സീറ്റും കിട്ടി. പെട്ടിയും സാമാനങ്ങളും ഭദ്രമായി വെച്ച്, ബാഗിൽ നിന്നുമൊരു ബുക്കുമെടുത്തു വായിച്ചുകൊണ്ടിരുന്നപ്പോൾ നിദ്രദേവത എന്നെ ഉറക്കത്തിലേക്കു ക്ഷണിച്ചു. പാതിയുറക്കത്തിൽ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നതു. ഉറക്കം ഇടയ്ക്കു വെച്ച് തടസ്സപ്പെട്ട മുഷിച്ചിലിൽ ഞാൻ കണ്ണുകൾ പതുക്കെ തുറന്നു. ചുരിദാർ ധരിച്ചൊരു രൂപമതാ മുന്നിൽ നിൽക്കുന്നു.
"കുട്ടിയ്ക്ക് താഴെയാ സീറ്റ്?"ചുരിദാർ ധാരി ചോദിച്ചു.
സീറ്റ് എവിടെയാണ് എന്ന് ചോദിക്കാൻ എന്റെ ഉറക്കം കളഞ്ഞ അവരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.
"ആം താഴെയാ" ഒരൊഴുക്കൻ മട്ടിൽ ഞാനവർക്ക് മറുപടി കൊടുത്തു.
"ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ സീറ്റ് എടുക്കുവോ? എന്റേത് അപ്പർ ബർത്ത് ആണ്, ഒന്ന് സഹായിക്ക്വോ?"
"നിയ്ക്കു മാറാൻ ബുദ്ധിമുട്ടാണ്, സോറി"
അറുത്തുമുറിച്ചു പറഞ്ഞു അവരുടെ മുഖത്തേക്ക് നോക്കുവാൻ മിനക്കെടാതെ ഞാൻ ഫോൺ കയ്യിലെടുത്തു തോണ്ടുവാൻ തുടങ്ങി. ഞാൻ പതിയെ ഇടംകണ്ണിട്ടു നോക്കി അവർ അവിടെ തന്നെ നിൽപ്പുണ്ട്. അപ്പോളാണ് ഞാൻ അവരെ ശരിക്കും ശ്രെദ്ധിക്കുന്നത്. അപേക്ഷിക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന അവരുടെ ചുരിദാർ ഷാളിന്റെ അറ്റം പിടിച്ചൊരു പെൺകുട്ടി നിൽപ്പുണ്ട്. എട്ടോ ഒൻപതോ വയസ്സുണ്ടാവും അവൾക്കു.
അറുത്തുമുറിച്ചു പറഞ്ഞു അവരുടെ മുഖത്തേക്ക് നോക്കുവാൻ മിനക്കെടാതെ ഞാൻ ഫോൺ കയ്യിലെടുത്തു തോണ്ടുവാൻ തുടങ്ങി. ഞാൻ പതിയെ ഇടംകണ്ണിട്ടു നോക്കി അവർ അവിടെ തന്നെ നിൽപ്പുണ്ട്. അപ്പോളാണ് ഞാൻ അവരെ ശരിക്കും ശ്രെദ്ധിക്കുന്നത്. അപേക്ഷിക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന അവരുടെ ചുരിദാർ ഷാളിന്റെ അറ്റം പിടിച്ചൊരു പെൺകുട്ടി നിൽപ്പുണ്ട്. എട്ടോ ഒൻപതോ വയസ്സുണ്ടാവും അവൾക്കു.
"മോളേം കൊണ്ട് മുകളിൽ കേറാൻ വയ്യാത്തോണ്ടാ ചോയ്ച്ചേ."
ആ സ്ത്രീ എന്നോട് സംസാരിക്കുന്നതിനിടയ്ക്കു അവരുടെ മകൾ പെട്ടെന്ന് ബഹളം ഉണ്ടാക്കുവാൻ തുടങ്ങി. അവളുടെ തന്നെ മുടി വലിച്ചു പറിച്ചു അമ്മയുടെ കയ്യിൽ മാറ്റിയും മറ്റുമവൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരുവിധം അവളെ ആശ്വസിപ്പിച്ചു സീറ്റിൽ ഇരുത്തിയപ്പോളേക്കും ആ സ്ത്രീ നന്നേ ക്ഷീണിച്ചിരുന്നു.
അവരുടെ ആ മകൾക്കു ഓട്ടിസം ആണ്. മകളെയും കൊണ്ട് ഇതുപോലെ ട്രെയിൻ യാത്ര വളരെ ബുദ്ധിമുട്ടാണ്. അവളുടെ സ്വഭാവം എപ്പോളാണ് മാറുകയെന്നു പറയുവാൻ കഴിയില്ല. ഇതു ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടുള്ള യാത്രയാണ്. രണ്ടുപേരും കൂടി എങ്ങനെ ഈ സീറ്റിൽ കിടക്കും ഞാൻ അവരോട് ചോദിച്ചു.
"എനിക്ക് ഒറക്കമൊന്നും ഉണ്ടാവില്ല കുട്ടി, ന്റെ മോളുറങ്ങുന്നതും നോക്കി അവൾക്കു കാവലായി ഞാൻ അവളോട് ചേർന്നിരിക്കും. കണ്ണൊന്നടച്ചാൽ ഒന്ന് ശ്രെദ്ധ മാറിയാൽ പിന്നെ എന്താ ഉണ്ടാവണെന്നു പറയാൻ പറ്റൂല്ല. ചിലപ്പോ ഇവൾ തനിച്ചെവിടെലും ഇറങ്ങി നടക്കും, അതോണ്ട് കണ്ണടയ്ക്കാണ്ട് ഞാനിവൾക്കു കാവലിരിക്കും."
ബാഗും മറ്റുമെടുത്തു അവരുടെ സീറ്റിലേക്ക് മാറുമ്പോൾ ആ മകൾ പിന്നെയും ബഹളമുണ്ടാക്കുവാൻ തുടങ്ങിയിരുന്നു. അവളുടെ ഉപദ്രവങ്ങൾ സഹിച്ചുകൊണ്ട് അവളെ ഒന്നടക്കിയിരുത്തുവാൻ ആ 'അമ്മ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. രാത്രി എപ്പോഴോ ടോയ്‌ലെറ്റിൽ പോകുവാൻ ഇറങ്ങിയപ്പോളും കണ്ടു മകളുറങ്ങുന്നതും നോക്കി അവൾക്കു കാവലിരിക്കുന്ന ആ അമ്മയെ.
ബർഫി സിനിമ റിലീസ് ചെയ്ത സമയം എറണാകുളം ഒബ്‌റോൺ മാളിലെ തിയേറ്ററിൽ കാണാൻ പോയത് ഞാനിന്നും ഓർക്കുന്നു. എന്റെ അടുത്ത സീറ്റിലൊരമ്മയും മകളുമായിരുന്നു. ആ മകളും ഇതേ പോലെ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. ഇടയ്ക്കു അസ്വസ്ഥയാകുന്ന ആ മകളെ ചേർത്ത് പിടിച്ചു ആ സിനിമ കാണുമ്പോൾ ആ 'അമ്മ ഇടയ്ക്കു വിതുമ്പുന്നുണ്ടായിരുന്നു. സിനിമയിൽ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിനും അതെ രോഗാവസ്ഥയായിരുന്നു. സിനിമ കഴിഞ്ഞിറന്പോൾ സംസാരത്തിനിടയ്ക്കു പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു,
"തെറ്റും ശരിയുമേതെന്നു തിരിച്ചറിയാൻ കഴിയാത്ത ഈ അവസ്ഥയിൽ അവൾ വളരുന്നത് കാണുമ്പോൾ നെഞ്ചിൽ തീയാണ്, അത് പോലുള്ള ലോകത്തല്ലേ ജീവിക്കുന്നത്. ഞാൻ ഉള്ളിടത്തോളം കാലം അവൾക്കൊന്നും സംഭവിക്കാതെ നോക്കാം അത് കഴിഞ്ഞാൽ എന്താവുമെന്നാ"
എല്ലാ പെൺകുട്ടികളും കടന്നു പോകുന്ന വളര്ച്ചയുടെ ഓരോ ഘട്ടവും കടന്നുപോകുമ്പോളും അത് തിരിച്ചറിയാനാവാതെ ജീവിക്കേണ്ടി വരുന്ന ആ പെൺകുട്ടിയുടെ അമ്മയുടെ ഹൃദയത്തിന്റെ വിങ്ങൽ ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാലും തന്റെ അവസാന ശ്വാസം വരെ മകൾ സുരക്ഷിതയായിരിക്കുമെന്നു പറയുമ്പോൾ അവരുടെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു.
ചിലപ്പോൾ അങ്ങനെ ഇരിക്കുമ്പോൾ എന്റെ 'അമ്മ എന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ പറയാറുണ്ട്.
"നിങ്ങളൊക്കെ ജനിച്ചിട്ട് ആദ്യത്തെ അഞ്ചാറു മാസം ശരിക്കൊന്നുറങ്ങാനും കൂടി പറ്റിയിട്ടുണ്ടാരുന്നില്ല, ഉറങ്ങുമ്പോഴും കണ്ണ് തുറന്നിരിക്കണം. വളർന്നു മര്യാദയ്ക്ക് വല്ലോം മിണ്ടാൻ തുടങ്ങുന്ന പ്രായം ആവണ വരെ ഒരേ ആധിയായിരുന്നു. ഇൻജെക്ഷൻ ഒക്കെ എടുക്കണ ദിവസം പിന്നെ നോക്കണ്ട കയ്യിലെ ചൂടുപറ്റിയാലേ ഉറങ്ങു, നിലത്തു കിടത്തിയാൽ അപ്പൊ കരയും"
'അമ്മ ഉറങ്ങാതെ കാവലിരുന്നതിന്റെ ഫലമായി ലഭിച്ചതാണ് ഞാനിന്നു അനുഭവിക്കുന്ന ഓരോ നിമിഷങ്ങളും. ചിലപ്പോ ഞാൻ അമ്മയെ ശുണ്ഠി പിടിപ്പിക്കാൻ ചോദിക്കാറുണ്ട്,അമ്മയുടെ ഉറക്കം കളഞ്ഞതിനു പകരം ഞാൻ എന്ത് തരണമെന്ന്,
"ഒന്നും വേണ്ടാ എന്റെ കുട്ടിയേ നിങ്ങളൊക്കെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്ന് കേട്ടാ മാത്രം മതി"
അതിൽ പരം ഒരായ്മ്മക്ക് എന്താണ് വേണ്ടത്. ഇന്നും ചിലപ്പോൾ എന്തെങ്കിലും വയ്യായ്ക ഒക്കെ ഉള്ള ദിവസങ്ങളിൽ രാത്രി വൈകിയും അമ്മയെ വിളിക്കുമ്പോളും ആദ്യത്തെ ബെല്ലിനു ഫോൺ എടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് അമ്മയിതുവരെ ഉറങ്ങിയില്ലേയെന്നു,
"നിനക്കവിടെ വയ്യാന്നു കേൾക്കുമ്പോൾ ഞാനിവിടെ സുഖായിട്ട് എങ്ങനെയാ ഉറങ്ങുക അഞ്ചു"
അതെ അവർ ഉറങ്ങാതെ തള്ളിനീക്കിയ ദിവസങ്ങൾ സമ്മാനിച്ചതാണ് നമ്മളിന്ന് സുഖമായി ഉറങ്ങുന്ന ഓരോ രാത്രികളും..
By Anjali Kini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക