Slider

അഘോര - ഹൊറർ നോവൽ - ഭാഗം 3

0


രചന : അജ്മല്‍ സികെ
വാല്യക്കാരിയുടെ പരദൂഷണവും ഏഷണിയും കലപിലാ സംസാരവും കേട്ട് രസിച്ച് വയലിലെ ഒറ്റ വരമ്പിലൂടെ നടന്നു നീങ്ങുമ്പോഴാണ് ശ്രീദേവി അത് കണ്ടത്. ദൂരെ നിന്നും ആരോ നടന്നു വരുന്നു. രണ്ടോ മൂന്നോ ആവര്‍ത്തി നോക്കേണ്ടി വന്നു അവള്‍ക്ക് അത് തന്റെ പ്രേമഭാജനം മഹി തമ്പുരാനാണെന്ന് തിരിച്ചറിയാന്‍. അവളുടെ മാത്രമല്ല പ്രദേശത്തെ തരുണീ മണികളുടെ സ്വപ്‌നകുമാരനാണ് മഹി. ചന്ദനത്തിന്റെ നിറവും, ആകാരവടിവും..താളത്തിലുള്ള ചുവട് വെച്ചുള്ള നടപ്പും.. സ്ഥായിയായ് മുഖത്ത് വിരിയാറുള്ള പുഞ്ചിരിയും ഏത് പെണ്‍കുട്ടിയുടേയും മനം കവരും.. തന്നെ കാണുമ്പോഴൊക്കെ ഒരു പുഞ്ചിരി മഹി സമ്മാനിക്കാറുണ്ട്... ആ ചിരിയില്‍ തന്നോടുള്ള പ്രണയം മറച്ചു വെച്ചിട്ടുണ്ടെന്ന് അവള്‍ക്ക ഇടക്കൊക്കെ തോന്നിയിട്ടുമുണ്ട്... പക്ഷെ ഇതുവരെ സാധാരണ കുശലാന്വേഷണങ്ങള്‍ക്ക് ഉപരിയായ് കൂടുതലൊന്നും ഇതുവരെ പുള്ളിക്കാരന്‍ അവളോടാരാഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
പക്ഷെ പതിവായ് കാണാറുള്ള ആ പുഞ്ചിരി ഇന്ന് മുഖത്ത് കാണ്മാനില്ല.. എണ്ണയിട്ട് ചീകി ഒതുക്കി സുന്ദരമാക്കി വെക്കാറുള്ള അവന്റെ കേശം കുളിച്ചിട്ട് ദിവസങ്ങളായെന്ന പോലെ ജഡപിടിച്ച് ഇഴചേര്‍ന്ന് കിടക്കുന്നു. ഇത്ര ചെറിയ പ്രായത്തിലേ പടു കിളവന്‍ ആയത് പോലെ ചുവട് തെറ്റി മുഖം കുനിച്ചുള്ള നടപ്പ് കണ്ടപ്പോള്‍ മറ്റാരേയോ പോലെ തോന്നിപ്പിച്ചു അവള്‍ക്ക്. മഹി അരികിലെത്തുമ്പോള്‍ അവിടമാകെ മനം മടുപ്പിക്കും പോല്‍ ദുര്‍ഗന്ദം പരന്നു. നര വീണ താടിരോമങ്ങളും വിളറി വരണ്ട മുഖവുമായി എന്തൊക്കെയോ ചിന്തിച്ച് പിറുപിറുത്ത് കൊണ്ട് ഭ്രാന്തനെ പോലെ അവള്‍ക്കരികിലൂടെ അയാള്‍ കടന്നു പോയി.. കടന്നു പോകുന്നതിനിടെ മഹിയുടെ കൈകള്‍ അവളുടെ കൈകളില്‍ അറിയാതെയെന്നോണം ഉരസി.. അഗ്നിയില്‍ കൈയ്യിട്ടത് പോലെ അവളുടെ തൊണ്ടയില്‍ നിന്ന് ഒരു ആര്‍ത്തനാദം വെളിയില്‍ വന്നു. അവന്റെ കൈകള്‍ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ വാല്യക്കാരി ശ്രീദേവിയെ തിരിഞ്ഞു നോക്കി...
'തമ്പുരാട്ടി എന്തു പറ്റി... മഹി തിരുമേനി വല്ല കുറുമ്പും കാണിച്ചോ.. തിരുമേനി അത്തരത്തിലൊരാളല്ലല്ലോ'
വാല്ല്യക്കാരി അവള്‍ക്കരികിലേക്ക് ഓടിയെത്തിയിരുന്നു.
' ഹേയ് ഒന്നുല്ല്യാ... കാലില്‍ എന്തോ കുത്തിക്കയറി '
മഹിയുടെ കൈകള്‍ തന്റെ കൈകളില്‍ ഉരസിയത് മനപ്പൂര്‍വ്വം അവള്‍ വാല്യക്കാരിയുടെ മുമ്പില്‍ മറച്ചു വെച്ചു. ഇല്ലെങ്കില്‍ അവള്‍ ഇതും നാടു മുഴുവന്‍ പറഞ്ഞു പരത്തു ശ്രീദേവി മനസ്സിലോര്‍ത്തു. എങ്കിലും അവള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. മഹി എന്തേ... തന്നെ കണ്ടിട്ടും കാണാത്ത പോലെ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പുലബി കൊണ്ട് നടന്നു പോയത്... തന്റെ കരച്ചില്‍ കേട്ടിട്ടും ഒന്നു തിരിഞ്ഞു പോലും നോക്കിയതേയില്ല. തിരുമേനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെയൊന്നുമുണ്ടാവില്ല. എന്തായാലും വീട്ടിലെത്തിയാലുടന്‍ അച്ഛനെ ഈ കാര്യമറിയിക്കണം. അവള്‍ മനസ്സിലുറപ്പിച്ചു.
.................
ഇതേ സമയം ആലോചനയില്‍ മുഴുകി നടന്നു നീങ്ങുകയായിരുന്നു മഹി. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. മനസ്സ് സങ്കര്‍ഷഭരിതമാകുമ്പോള്‍ ഒറ്റക്ക് ഈ വയല്‍ വരമ്പിലൂടെ ഒരു നടത്തവും കാപ്പിനരികില്‍ (കാപ്പ് : വയലില്‍ ഏറ്റവും ആഴം കൂടിയ വെള്ളക്കെട്ട്) കൂറേ നേരം ഇരിക്കലും പതിവാണ്. വെള്ളക്കെട്ടിലേക്ക് കല്ലെറിഞ്ഞ് ചിന്തകളില്‍ അഭിരമിച്ച് ആ ഇരുത്തം നീണ്ടുപോയി. സൂര്യന്‍ അസ്തമിച്ചതും ചുറ്റിലും ഇരുട്ട് പരന്നതും.. അവനറിഞ്ഞതേയില്ല.
വെള്ളക്കെട്ട് അസ്വാഭാവികമെന്നോണം ഇളകാന്‍ ആരംഭിച്ചപ്പോഴാണ്... അവന്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. ചുറ്റിലും പരന്ന ഇരുട്ടും ഭീതീജനകമായ നിശ്ശബ്ദതയും അവനെ പരിഭ്രാന്തനാക്കി. ഇപ്പോള്‍ സന്ധ്യയോടടുക്കും തോറും അവനില്‍ അകാരണമായി ഭയം രൂപപ്പെടും. സന്ധ്യമയങ്ങിയതിന് ശേഷമാണ് തന്റെ ഓര്‍മ്മയില്‍ ഇല്ലാത്ത പല അസ്വാഭാവികതകളും അരങ്ങേറുന്നത്. വീണ്ടും ശബ്ദമുയര്‍ന്നപ്പോള്‍ അവന്‍ പുരികക്കൊടി ഉയര്‍ത്തി അങ്ങോട്ട് ഉറ്റു നോക്കി. വെള്ളകെട്ടില്‍ നിന്ന് വലിയ കുമിളകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.. ഇനി വല്ല മുതലയോ നീര്‍നായയോ മറ്റോ ആവുമോ.... ഇരുന്നിടത്ത നിന്ന് എഴുന്നേറ്റ് ജാഗ്രതയോടെ ഓടാന്‍ തയ്യാറായി അവന്‍ നിവര്‍ന്നു നിന്നു. കാപ്പിലേക്ക് ഉറ്റു നോക്കി... ചെറിയ നിലാവെളിച്ചത്തില്‍ അവന്‍ കണ്ടു. വെള്ളകെട്ടില്‍ നിന്ന് പുല്ലുകള്‍ വകഞ്ഞു മാറ്റി എന്തോ ഒന്ന് കയറി വരുന്നു. ഭയത്തിന്റെ തീക്കനലുകള്‍ അവന്റെ ഞെരമ്പുകളിലൊന്നാകെ പടര്‍ന്നു കയറി. കാളയുടെ വലിപ്പവും... ചെന്നായയുടെ മുഖവുമായി ഒരു ഭീകര സത്വം... വലിയ ചെവികളും.... പുറത്തേക്ക് തള്ളി നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളും ചോര തുള്ളികള്‍ ഇറ്റി വീഴുന്ന നാവുമായി അത് വെള്ളകെട്ടില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തേക്ക് വന്നു. ഭീമാകാരമായ അതിന്റെ ഉടലിലെ രോമക്കാടുകളിലെ ജലകണികകള്‍ അത് കുടഞ്ഞ് തെറിപ്പിച്ചു. ഉടലിന് ചുറ്റും ഒരു നീലവെളിച്ചമുള്ളത് പോലെ അവന് അനുഭവപ്പെട്ടു. ഇടക്കിട് അറ്റം മുറിഞ്ഞു പോയ അതിന്റെ വാലുകള്‍ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുന്നുണ്ട്. മുന്‍ കാലുകള്‍ മടക്കി പിന്‍ കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തി വെച്ച് അത് അവന് അഭിമുഖമായി നിന്നു. ഏത് നിമിഷവും അത് തന്റെ മേലേക്ക് ചാടി വീഴുമെന്നും തന്നെ കടിച്ചു കീറുമെന്നും അവന് തോന്നി..... ശ്വാസമെടുക്കാന്‍ പോലും മറന്ന് അവന്‍ പ്രതിമ കണക്കേ നിന്നു . ശരീരമാകെ വിയര്‍ത്തു കുളിച്ച് മഹി അടിമുടി വിറച്ചു. ആ സത്വത്തിന്റെ ചുവന്നു തുടുത്ത കണ്ണുകളിലെ നോട്ടം തന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുന്ന പോലെ അവന് തോന്നി. ആ കണ്ണുകളിലെ തീക്ഷണത അവന്റെ സര്‍വ്വ നാഡികളേയും തളര്‍ത്തുന്നത് പോലെ. അടിവെച്ച് പതിയെ ആ ജന്തു അരികിലേക്കടുക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ ധൈര്യം സംഭരിച്ച് അവന്‍ പിന്തിരിഞ്ഞോടി.. വയലിലെ ഒറ്റയടിപാതയിലൂടെ വീണും ഉരുണ്ടും വീണ്ടും എഴുന്നേറ്റും പിറകിലേക്ക് നോക്കാതെ അവന്‍ ഓടിക്കോണ്ടിരുന്നു. പുല്ലുകള്‍ വകഞ്ഞു മാറ്റി ആ ജന്തു തനിക്ക് പിന്നാലെ ഓടിയടുക്കുന്നുണ്ടെന്നും പിന്തുടരുന്നുണ്ടെന്നും തൊട്ടുപിറകില്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന കാലടി ശബ്ദത്തില്‍ നിന്ന് അവന് മനസ്സിലായി. ദൂരെയൊരു വെളിച്ചം കണ്ടതും അടിവയറ്റില്‍ ആശ്വാസത്തിന്റെ ഒരു നുറുങ്ങു വെട്ടം തെളിഞ്ഞത് പോലെ... ആ വെട്ടം ലക്ഷ്യമാക്കി അവന്‍ കുതിച്ചു.
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo