
മഴമുകിലുകൾ ഉരുണ്ട് കൂടിയ രാത്രിയിൽ, അയ്യപ്പന്റമ്പലത്തിനു മുന്നിലെത്തിയപ്പോൾ നടയടച്ചിരുന്നിട്ടും കാറിന്റെ ചില്ല് താഴത്തി വലതു കൈപ്പത്തി നെഞ്ചോട് ചേർത്ത് വച്ച് ഞാനയ്യപ്പനെ വിളിച്ചു.
ആ വിളിയിൽ എന്റെ വേദനയും, നിരാശയും, അപേക്ഷയുമെല്ലാം അടങ്ങിയിരുന്നു.
അമ്പലത്തിന്റെ തൊട്ടടുത്ത ഇരുനിലക്കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രേം പുതുതായ് തുടങ്ങിയ ഓഫീസിലേക്കാണ് എന്റെ കണ്ണുകൾ പാഞ്ഞതെന്ന് കരുതി പ്രേം പരിഹസിച്ചു പറഞ്ഞു,
" നീ അങ്ങോട്ട് നോക്കുകയേ വേണ്ട, ഈ ജന്മത്ത് നിനക്കിനി പടി കയറാനാ, എന്റെ ഓഫീസ് കാണാനോ കഴിയില്ല."
ഞാനന്നേരം എന്നെ മറന്നു പോയിരുന്നു.
ഞാൻ തുള്ളിച്ചാടി നടന്നിരുന്ന പെൺകുട്ടിയായിരുന്നുവെന്നും, നർത്തകിയായിരുന്നുവെന്നതും മറന്നു.
സ്കൂളിലും, കോളേജിലും, മൂന്നാമത്തെയും, നാലാമത്തെയും നിലകളിലേക്ക് ഓടിക്കയറിയിരുന്ന് പഠിച്ചവളായിരുന്നുവെന്നും മറന്നു.
സ്പോർട്സിലും, എൻ.സി.സി യിലും ശോഭിച്ചവളായിരുന്നുവെന്നതും മറന്നു.
എല്ലു നുറുങ്ങുന്നതിനേക്കാൾ വേദനയനുഭവിച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീ ആണെന്നതും ഓർത്തില്ല.
എന്നെ ഞാൻ തീർത്തും മറന്നിരുന്നത് കൊണ്ട്, പ്രേമിന്റെ ഓഫീസ് നിൽക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കെന്നല്ല, ഒരു കെട്ടിടത്തിന്റെയും രണ്ടാം നിലയിലേക്ക് പടികൾ കയറുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നില്ല.
നടന്നു തീർക്കാൻ ഒരുപാട് ദൂരം മുന്നിലുണ്ടായിരിന്നിട്ടും,
കിതപ്പില്ലാതെ കുറച്ചു ദൂരം നടക്കുന്നതു പോലും എന്റെ സ്വപ്നത്തിലില്ലായിരിന്നു.
കിതപ്പില്ലാതെ കുറച്ചു ദൂരം നടക്കുന്നതു പോലും എന്റെ സ്വപ്നത്തിലില്ലായിരിന്നു.
മഞ്ഞയിൽ പർപ്പിൾ നിറത്തിലെ പുക്കളുള്ള ഷിഫോൺ സാരിയുടുത്ത്,വെയിൽ ചാഞ്ഞ ഇട വഴിയിലൂടെ മകളുടെ കൈ പിടിച്ച് നടക്കണമെന്നുള്ളത് തീരാമോഹം മാത്രമാണെന്ന് ഞാനുറപ്പിച്ചിരുന്നു.
പ്രസവശേഷം മൂന്നാം മാസത്തിൽ എന്നെ ആക്രമിച്ചവശയാക്കിയ 'പെരിപാർട്ടം കാർഡിയോ മയോപ്പതി ' എന്ന രോഗത്തിന്റെ പിടിയിലമർന്ന് പ്രതീക്ഷയെല്ലാം അസ്തമിച്ചവളുടെ ഇരുട്ട് മാത്രമായിരുന്നു എന്റെ മനസ്സിലത്രയും.
അതുകൊണ്ട് തന്നെ പ്രേമിന്റെ പരിഹാസം എന്നിൽ ചലനമുണ്ടാക്കിയില്ല.
പക്ഷേ ആ ആറടി രണ്ടിഞ്ചിൽ നിന്നുയർന്ന അട്ടഹാസത്തിന്റെ ഉലച്ചിലിൽ പെട്ട് കാർ മറിഞ്ഞ് പോകുമോ എന്ന് ഭയന്ന് ഞാനെന്റ ശ്വാസമായ ഏഴ് വയസ്സുകാരി മകളെ നെഞ്ചോടടക്കിപിടിച്ചു.
കാറിൽ നിന്നും കുഞ്ഞ് മകളുടെ കൈ പിടിച്ച് പ്രേമിന്റെ വീട്ടിലേക്ക് കയറുമ്പോൾ മഴമുകിലുകൾ വിതുമ്പി വീണ തുളളികൾ സാന്ത്വനിപ്പിക്കാനെന്നോണം എന്റെ നെറുകയിൽ മുത്തമിട്ടു.
പ്രേമിന്റെ വീട്ടിലെ വെളിച്ചം കയറാത്ത, കർട്ടനിടാത്ത, അടുക്കളയോട് ചേർന്ന മുറിയിലിരിക്കുമ്പോൾ, അടുക്കളയിൽ നിന്ന് ചട്ടുകം കൈയ്യിൽ പിടിച്ചു കൊണ്ട് പ്രേമിന്റെയമ്മ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളിൽ നോക്കാതെ പറഞ്ഞു
"ഭാര്യ മരിച്ച ഭർത്താവിന് വേറെ കെട്ടാം.പക്ഷേ ഇതുപോലെ ശവം പോലിരിക്കുന്ന ഭാര്യയുള്ള ഭർത്താവാണ് ദുരിതമനുഭവിക്കുന്നത്. "
മുറിയിലെ അലമാരിയിൽ നിന്ന് ഷീറ്റും എടുത്ത് പുറത്തേക്ക് പോകുമ്പോൾ മദ്യത്തിന്റെയും, ഉള്ളിയുടെയും, സിഗരറ്റിന്റെയും നാറ്റം പരത്തി പ്രേം പുച്ഛത്തോടെ പറഞ്ഞു,
"വെറുതേ...ഒരു ഭാര്യ"
എന്റെ അച്ഛന്റെ കൈയ്യിൽ നിന്ന് പണമെടുക്കാനുള്ള എ ടി എം കാർഡ് മാത്രമായിരുന്നു ഞാൻ പ്രേമിന് .
കാർഡിടുന്ന ഉടനെ പണം വരാത്തപ്പോഴൊക്കെ അയാളുടെ ഉരുക്കു കൈകളും, കാലുകളും എന്നിലാഞ്ഞ് പതിച്ചു കൊണ്ടേയിരുന്നു.
എന്റെ കണ്ണിൽ നിന്നുമൊലിച്ചിറങ്ങിയ രക്തത്തിന്മേൽ അയാളുടെ മദ്യത്തിന്റെ നാറ്റമുള്ള തുപ്പൽ ചിതറി വീണു.
അമ്മേ എന്നു വിളിച്ചു കരഞ്ഞ കുഞ്ഞിനോടയാൾ ചോദിച്ചു,
" ഈ പാഴിനെയാണോടീ....നീ അമ്മയെന്ന് വിളിക്കുന്നത്? "
അന്നേരം, ഇനി ഒരിക്കലും വിജയിക്കാൻ കഴിയാത്തവളെപ്പോലെ തല കുമ്പിട്ട് ഞാനിരുന്നു.
ഹൃദയം തകർന്ന്,കണ്ണീർ വറ്റിപ്പോയതു കൊണ്ട് പുറത്തേക്ക് എത്താനാവാതെ നിലവിളി എന്റെയുള്ളിൽ കുരുങ്ങിക്കിടന്നു.
പ്രേമിന്റെ അഭിനയമികവ് കൊണ്ട് അയാളിലെ കൗശലക്കാരനെ പലർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
ഇരുൾ മൂടിയേക്കാമായിരുന്ന എന്റെ ജീവിതത്തിലെ നിലാവെട്ടമായിരുന്നു എന്റെ മകൾ.
എന്റെ അച്ഛനുമമ്മയും മെഴുകുതിരി പോലെ സ്വയം ഉരുകി എന്റെയും മകളുടെയും ജീവിതത്തിൽ വെളിച്ചം പരത്തി ഞങ്ങളെ അവരുടെ ഹൃദയത്തോട് ചേർത്ത് വച്ചു.
എന്നിലേക്ക് പ്രകാശം പരന്നപ്പോൾ എന്നിലെ ഞാൻ ഉണർന്നു തുടങ്ങി, എന്നെ അറിഞ്ഞു തുടങ്ങി.
എന്നെ ആഴത്തിൻ മുറിവേൽപ്പിക്കാൻ പ്രാപ്തിയുള്ള ,എനിക്ക് നേരെ പാഞ്ഞ് വന്ന വിഷയമ്പുകൾ ഒടിച്ചു കളയാൻ തക്ക കരുത്താർജ്ജിച്ചു.
കണ്ണടച്ചു തുറക്കും വേഗത്തിൽ വർഷങ്ങൾ ഓടി മറഞ്ഞു.
ഇന്ന് ടെക്സ്റ്റൈൽ ഷോപ്പിലെ നാലാം നിലയിലേക്ക് ലിഫ്റ്റിലല്ലാതെ നടന്നു കയറി, എന്റെ സുന്ദരിയായ മകൾക്ക് വേണ്ടി പിസ്ത നിറത്തിലുള്ള ഗൗൺ തിരഞ്ഞെടുക്കുമ്പോൾ, മഴമുകിലുകൾ നിറഞ്ഞ ആ പഴയ രാത്രിയെക്കുറിച്ച് വെറുതെ ഓർത്തു.
ഞാനെന്റെ മനസ്സിലേക്ക് നോക്കി .പ്രേം ഏൽപ്പിച്ച മുറിവുകൾ ഉണങ്ങാതെ നിൽപ്പുണ്ട്.
ചില മുറിവുകൾ ഉണങ്ങില്ല, എങ്കിലും അതിജീവനത്തിനു ശേഷി തരാനുള്ള കെല്പ് അവയ്ക്കുണ്ടാവും.
പക്ഷേ, മുറിവേല്പിച്ചയാളോട് പൊറുക്കാൻ കഴിയില്ല.
അന്ന് നടയടച്ചിരുന്നിട്ടും ശ്രീ അയ്യപ്പൻ എന്റെ വിളി കേട്ടിരുന്നു.
പരിഗണിക്കപ്പെടുമ്പോൾ ഉണങ്ങിയ ചില്ലകളും തളിർത്തു തുടങ്ങും.
അഞ്ജലി രാജൻ
4/8/2018.
4/8/2018.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക