Slider

സ്റ്റെല്ല ആരോക്യ മേരി

0
Image may contain: 1 person, selfie, closeup and indoor

**************************
അങ്ങനെ പെട്ടെന്ന് ഒരു ദിവസം സ്റ്റെല്ല ആരോക്യ മേരിയുടെ വരവ് നിലച്ചു.
അതൊരു വെള്ളിയാഴ്ച്ച ആയിരന്നു...!!
ഞാൻ സ്റ്റെല്ലയെ ആദ്യമായി കണ്ടതും ഒരു വെള്ളിയാഴ്ച തന്നെയായിരുന്നല്ലൊ,
ശരിക്കു പറഞ്ഞാൽ എനിക്ക് ആശ്വാസം തോന്നുകയാണ് വേണ്ടത്, ഒരു ശല്യം ഒഴിഞ്ഞു കിട്ടിയെന്നോർത്തു മറ്റു പലരെയും പോലെ സന്തോഷിക്കേണ്ടതാണ്. ഇനി അവളുടെ ചോദ്യങ്ങൾക്കു ഉത്തരങ്ങൾ പറയാൻ മെനക്കെടേണ്ടല്ലോ എന്നോർത്ത് സമാധാനം കൊള്ളുകയാണ് വേണ്ടത്.
എന്നിട്ടും എനിക്കനുഭവപെട്ടതു ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ എന്തോ ഒന്ന് പെട്ടെന്നു നഷ്ടപ്പെടുമ്പോൾ ഉണ്ടായ ഒരു തരം ശൂന്യതയാണ്.
തമിഴ് ക്രിസ്ത്യൻ സമൂഹം കൂടുതലുള്ള ഈ നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയ ശേഷമാണ്‌ ഞാൻ സ്റ്റെല്ലയെ പരിചയപ്പെട്ടത് .
ഞാൻ ജോലിയിൽ പ്രവേശിച്ചതിന്റെ പിറ്റേന്ന് ഉണങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധവും കൊലുസിന്റെ അകമ്പടിയോടും കൂടി അവൾ എന്റെ സീറ്റിനു മുന്നിൽ വന്നു നിന്നു...പരിഭ്രമത്തോടെ എന്നെ നോക്കി ചോദിച്ചു.
'' ഇന്ത സീറ്റില്‍ മുന്നാടി ഇരുന്ന സാര്‍ എങ്കേ..?''
അപ്പോഴാണ് അവളുടെ കയ്യിലെ അപേക്ഷ കൈപ്പറ്റിയ രസീതിലെ പേര് എന്റെ ശ്രദ്ധയിൽ പെട്ടത്..
സ്റ്റെല്ല ആരോക്യ മേരി !
തോളിൽ ഒരു നീണ്ട സഞ്ചിയും കയ്യിൽ ഒന്നര വയസ്സുള്ള കുഞ്ഞുമായി നിൽക്കുന്ന ഈ എല്ലിൻകൂടത്തിനു ഇത്ര മനോഹരമായി പേരിട്ടത് ആരാണെന്ന ഒരു കുസൃതി ചോദ്യമാണ് പെട്ടെന്ന് മനസ്സിൽ തോന്നിയത്. പിന്നെ അവളുടെ കണ്ണിലെ ദൈന്യത കണ്ടു മെല്ലെ പറഞ്ഞു
'' ആ സർ ട്രാൻസ്ഫർ ആയി പോയി.. ഇനി ഇവിടെ ഞാനാണ്.''
ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായോ എന്നറിയില്ല.. പക്ഷെ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ അവൾ ചോദിച്ചു..
"എന്നാ മാഡം.. എനക്ക് വീട് കിടക്കുമാ.. "
അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ മുതിർന്നപ്പോഴേക്കും അടുത്ത സീറ്റിലെ മറിയം ഫിലിപ്പ് ഉച്ചത്തിൽ പറഞ്ഞു
"മാഡം ഇന്ന് വന്നിട്ടേയുള്ളു.. നോക്കട്ടെ.. നീ പോയി നാളെ വാ.. "
അവൾ ദയനീയതയോടെ എന്നെ ഒന്ന് കൂടി നോക്കി.. പിന്നെ തിരിഞ്ഞു നടന്നു.
ഞാനും സ്റ്റെല്ലയുമായുള്ള ബന്ധം അവിടെ തുടങ്ങി..!!
ദിവസവും രാവിലെ എന്റെ സെക്ഷന് മുന്നിലെ വരാന്തതയിൽ ഒരു കാൽ ഇളകിയ നീണ്ട ബെഞ്ചിൽ അവൾ എന്റെ വരവും കാത്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ ഓഫീസിൽ കയറിയിറങ്ങുന്ന അവൾ എന്റെ സഹജീവനക്കാർക്ക് അപരിചിതയല്ലന്ന സത്യം ഞാൻ പെട്ടെന്ന് തന്നെ മനസ്സിലാക്കി.
ഓഫീസ് ഗേറ്റിന്റെ പടി കടക്കുമ്പോൾ തന്നെ അവൾ മിക്കവാറും ദിവസങ്ങളിൽ ഉടുത്തിരുന്ന വലിയ മഞ്ഞ പൂക്കളുള്ള ഇളം നീല സാരി എന്നെ അസ്വസ്തതയോടെ വരവേറ്റു..
"സ്ഥലത്തിനും വീടിനുമുള്ള അപേക്ഷയാണ്... കൊല്ലം രണ്ടായി പാവം കയറി ഇറങ്ങുന്നു. കെട്ടിയവൻ മരിച്ചിട്ടു മൂന്ന് കൊല്ലമായി.. "മറിയം ഫിലിപ്പ് വിശദീകരിച്ചു.
അഞ്ഞൂറോളം അപേക്ഷകളിൽ നിന്നും ഒരിക്കൽ വാശിയോടെ ഞാൻ സ്റ്റെല്ലയുടെ പകുതി കീറിയ അപേക്ഷ തിരഞ്ഞെടുത്തു. 
വെറും 250 രൂപയുടെ മാസ വരുമാനമുള്ള "എ പി എൽ " റേഷൻ കാർഡിന്റെ നിറം മങ്ങിയ കോപ്പി അപേക്ഷയോടൊപ്പം ഇരുന്നത് എന്നെ നോക്കി കൊഞ്ഞനം കുത്തി എന്റെ അസ്വസ്ഥതകൾക്ക് ആക്കം കൂട്ടി.
അൻപതു രൂപ പോലും മാസ വരുമാനമില്ലാത്ത ഈ എല്ലിൻകൂടത്തെ ദാരിദ്ര്യ രേഖക്ക് മുകളിൽ തള്ളി വിട്ട സർക്കാർ ഫലിതത്തെ മനസ്സാ ശപിച്ചു.
അർഹതയില്ലാത്തവരുടെ കൂട്ടത്തിലേക്കു അവളുടെ അപേക്ഷ മാറ്റാൻ പലതവണ മുതിർന്നെങ്കിലും അതിനു കഴിയാതെ സ്റ്റെല്ലയുടെ സ്വപ്നങ്ങൾക്കു ഞാൻ വെറുതെ നിറങ്ങൾ പകർന്നു കൊണ്ടേയിരുന്നു.
എന്നിട്ടും ഒരു ദിവസം ദൈന്യത നിറഞ്ഞ ആ കണ്ണുകളിലേക്കു നോക്കാൻ കഴിയാതെ അവളുടെ കഴുത്തിൽ കിടക്കുന്ന കറുത്ത ചരടിലെ വെള്ളി കുരിശിലേക്ക് നോക്കി ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു, എനിക്കറിയാവുന്ന തമിഴിൽ.
"സ്റ്റെല്ലാ.. ഉങ്കളുടേതു എ പി എൽ കാർഡ് അല്ലവാ .. ബി പി എൽ കാർഡുകാർക്കു മട്ടും വീട് കിടക്കും.. "
എ പി എൽ, ബി പി എൽ വാക്കുകളുടെ അർത്ഥം പിടികിട്ടാത്ത കണ്ണുകളിൽ കണ്ണീരിന്റെ ഉറവ പൊട്ടിയത് പെട്ടെന്നായിരുന്നു.
പിന്നീട് പല തവണ സ്റ്റെല്ല തന്റെ ദയനീയ കഥകൾ എന്നോട് പറയുമായിരുന്നു.
മരിച്ചു പോയ ഭർത്താവിന്റെ, ഏതോ പേരറിയാത്ത രോഗം കാർന്നു തിന്നുന്ന 
തന്റെ ശരീരത്തിന്റെ , മഴക്കാലത്തു ചോർന്നൊലിക്കുന്ന തന്റെ കൂരയുടെ...!!
ഒടുവിൽ ഗത്യന്തരമില്ലാതെ ഒരു അന്‍പത് രൂപ കയ്യിൽ വച്ചു കൊടുത്തു അവളുടെ മോഹങ്ങൾക്ക് വീണ്ടും ജീവൻ വെപ്പിച്ചു കൊണ്ടു പറയും.
'' എല്ലാം ശരിയാവും സ്റ്റെല്ലാ ഞാന്‍ നോക്കട്ടെ..''
അപ്പോൾ കണ്ണ് തുടച്ചു ചിരിച്ചു കൊണ്ടവൾ മൊഴിയും "കടവുൾ ഉങ്കളെ കാപ്പാത്തും "
ദിനം പ്രതി ആവർത്തിക്കുന്ന ഈ രംഗങ്ങൾക്കു ശേഷം ഇളം നീല സാരി കണ്ണിൽ നിന്നു മറയുമ്പോൾ "ഇവറ്റകളെയൊന്നും ഇങ്ങനെ കാശു കൊടുത്തു ശീലിപ്പിക്കരുത് "എന്ന മറിയം ഫിലിപ്പിന്റെ കമെന്റ് കേട്ടില്ലെന്നു നടിച്ചു ഞാൻ മുന്നിലെ ഫയലുകളിലേക്കു മുഖം പൂഴ്ത്തി.
വിശാലസുന്ദരമായ ഈ ഭൂമിയിൽ സ്റ്റെല്ലക്കു വേണ്ടത് ഒരു തുണ്ട് ഭൂമിയും ഒരു കൊച്ചു കൂരയും മാത്രം. അവൾക്കറിയില്ല കൈക്കൂലിയുടേയും ശുപാര്‍ശകളുടെയും ലോകത്തു അവൾ തനിച്ചാണെന്ന്.
ആർത്തലച്ചു പെയ്യുന്ന ഒരു മഴ ദിവസം ഞാന്‍ കണ്ടു. നിറഞ്ഞൊഴുകുന്ന തോടിനരികിൽ ഓലയും തുണിയും കൊണ്ടു മറച്ച തന്റെ കൂരക്കുള്ളിൽ സ്റ്റെല്ലയും കുഞ്ഞും.
ആ ചിത്രം പലപ്പോഴും എന്റെ സ്വപ്നത്തിൽ വന്നു എന്റെ രാത്രികളെ മുറിപ്പെടുത്തി. ''എന്നാച്ച് മാഡം, എന്റെ കാര്യം ശരിയായോ"പകുതി മലയാളത്തിലും പകുതി തമിഴിലുമായി സ്റ്റെല്ല എന്റെ മുൻപിലേക്ക് എറിയുന്ന ഈ ചോദ്യത്തിന് ദിനംപ്രതി ഓരോ ഉത്തരങ്ങൾ ഞാൻ കണ്ടെത്തി കൊണ്ടിരുന്നു.
അങ്ങനെ സ്റ്റെല്ലയുടെ വരവും പോക്കും എന്റെ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് ഒരു ദിവസം പ്രതീക്ഷിക്കാതെ അവളുടെ വരവ് നിന്നത്. ആശ്വാസത്തിന് പകരം ആശങ്കയാണ് മനസ്സിൽ കയറിക്കൂടിയത്.
"അവിടം വരെ ചെന്നൊന്നു അന്വേഷിച്ചാലോ ആനന്ദേട്ടാ "എന്ന ചോദ്യത്തിന് "വേറെ പണിയില്ലേ നിനക്ക്.. ആ പൊല്ലാപ്പ് ഒഴിഞ്ഞു കിട്ടി എന്ന് സമാധാനിക്കാതെ... വെറുതെ ഓരോന്നിൽ ചെന്ന് തലയിടണ്ട "എന്ന പ്രതീക്ഷിച്ച മറുപടിയും കിട്ടി.
എന്നിട്ടും സ്റ്റെല്ലയുടെ രൂപം മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിച്ചപ്പോഴൊക്കെ ബി പി എൽ കാരുടെ കൂട്ടത്തിൽ സ്ഥാനം തെറ്റി കിടന്ന പകുതി കീറി അറ്റം ദ്രവിച്ച അവളുടെ അപേക്ഷ എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു.
ഒടുവിൽ ഇനി അവൾ ഒരിക്കലും വരില്ലെന്ന് തീർച്ചയാക്കി ഞാൻ ആ അപേക്ഷ ഒരു പഴയ അലമാരയിൽ വെച്ച് പൂട്ടി എന്നെന്നേക്കുമായി സ്റ്റെല്ലയെ മനസ്സിൽ നിന്നും ഇറക്കി വിടാൻ തീരുമാനിച്ചു.
പക്ഷെ, പലപ്പോഴും നമ്മുടെ മനസ്സ് അനുസരണക്കേട്‌ കാട്ടുന്ന ഒരു കുട്ടിയെ പോലെയാണല്ലോ.
ഇളം നീലസാരിയും, ഉണങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധവും വെള്ളികൊലുസും രാത്രിയിൽ വാശിയോടെ എന്റെ സ്വപ്നങ്ങളിൽ വന്നു.. തമിഴ് കലർന്ന മലയാളത്തിൽ എന്റെ നേർക്കു ചോദ്യങ്ങളെറിഞ്ഞു.
നഗരത്തിലെ തിരക്കിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോകുന്നുടത്തൊക്കെ ഇളം നീല സാരി ചുറ്റിയ കറുത്ത് മെലിഞ്ഞ രൂപത്തെ എന്റെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു.
ഒരു പത്ര വാർത്തയിൽ ബസ്സ്റ്റാൻഡിൽ ഒരു തമിഴ് യുവതി മരിച്ചു കിടക്കുന്നതായും അവളുടെ കുട്ടിയെ ഒരു അനാഥാലയം ഏറ്റെടുത്തതായും കണ്ടു അത് സ്റ്റെല്ല ആവരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.
വര്‍ഷം ഒന്ന് കഴിഞ്ഞു അവള്‍ വന്നില്ല.
പതിയെ പതിയെ അവൾ മനസ്സിൽ നിന്നും മായാൻ തുടങ്ങിയപ്പോഴാണ് ഒരു ദിവസം രാവിലെ ഓഫീസ്സ് ഗേറ്റ് കടക്കുമ്പോൾ വീണ്ടും ഞാൻ ആ വിളി കേട്ടത്.
"മാഡം... "
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെല്ല.. !!
ഉള്ളിൽ ഒരു ആശ്വാസമഴ പെയ്‌തിറങ്ങി. അപ്പോഴവള്‍ ഉടുത്തിരുന്നത് ചുവപ്പിൽ സ്വർണ ബോർഡറുള്ള സിൽക്ക് സാരിയായിരുന്നു.. മെലിഞ്ഞ ശരീരം അല്പം വണ്ണം വെച്ചിരുന്നു.. അവളുടെ തലയിലെ മുല്ലപ്പൂക്കൾക്കു വാടാത്ത പൂക്കളുടെ സുഗന്ധമായിരുന്നു...
"മാഡം സുഖം തന്നെയല്ലേ.. "
"സ്റ്റെല്ലാ നീ എവിടെയായിരുന്നു...?
നിനക്കെന്താ പറ്റിയത്.. "
അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു. 
ഒരു രാത്രി രോഗം മൂർച്ഛിച്ച അവളെ ആരൊക്കെയോ ചേർന്നു ആശുപത്രിയിലാക്കി. പിന്നീട് അവളുടെ മാമൻ വന്നു അവളെ തിരുപ്പൂരിലേക്കു കൂട്ടികൊണ്ടു പോയെന്നും . മാമന്റെ കൂടെ ബേക്കറിയിലേക്കു മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന ഒരു കമ്പനിയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നും.
എന്നിട്ട് തുണി സഞ്ചിയിൽ നിന്ന് ഒരു പൊതിയെടുത്തു അവൾ എന്റെ നേരെ നീട്ടി
"കൊഞ്ചം ജിലേബിയാണ് മാഡം.. ഉങ്കൾക്കാക.. "
ഒന്നും പറയാൻ കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു ...!
"സ്റ്റെല്ലാ.. നിന്റെ അപേക്ഷ.. "
"വേണ്ട മാഡം.. എനക്ക് തെരിയും.. അതൊക്കെ പെരിയ ആളുകൾക്ക് മട്ടും കിടക്കും... എനക്ക് കിടക്കാതെ... നാൻ വന്നത് ഉങ്കളെ പാർക്കര്തുക്കു മട്ടും.. മാഡത്തെ മറക്ക മുടിയാത്... മാഡം എനക്ക് കടവുൾ മാതിരി...പോട്ടെ.. മാഡം.. "
അതും പറഞ്ഞു ഒരു ചിരിയും സമ്മാനിച്ചു വെള്ളി കൊലുസും കിലുക്കി സ്റ്റെല്ല തിരിഞ്ഞു നടന്നു..
ചിലരൊക്കെ അങ്ങിനെയാണ്.. നമ്മുടെ ജീവിതത്തിൽ യാദൃശ്ചികമായി കടന്നു വന്നു കുറെ തിരിച്ചറിവുകളും പാഠങ്ങളും നൽകി കടന്നു പോകുന്നു.
സ്റ്റെല്ല എന്റെ ജീവിതത്തിലേക്ക് വന്നതും അതേ പോലെയാണ്.....
അവൾക്ക് ഒന്നും നൽകാൻ എനിക്കു കഴിഞ്ഞില്ല.... അവളുടെ ആഗ്രങ്ങൾക്കു മുന്നിൽ ഞാൻ നിസ്സഹായയായിരുന്നു.. അവളുടെ മോഹങ്ങൾക്ക് വെറും വാക്കുകൾ കൊണ്ടു നിറം പകരാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ...! എന്നിട്ടും എന്റെ നേരെ വെച്ച് നീട്ടിയ ജിലേബി പൊതിയിൽ അവൾ ഒളിപ്പിച്ചു വെച്ചത് എന്നോടുള്ള നിഷ്കളങ്ക സ്നേഹമായിരുന്നു.
ചിലപ്പോഴൊക്കെ നമ്മുടെ ചില വാക്കുകൾ ചെറിയ പ്രവർത്തികൾ മറ്റുള്ളവർക്കു ആശ്വാസവും സാന്ത്വനവും നൽകുന്നു നമ്മളറിയാതെ തന്നെ, മുന്നോട്ടു 
ജീവിക്കാനുള്ള ഊർജം പോലെ...
സ്റ്റെല്ല എന്നെ പഠിപ്പിച്ചു പോയ പാഠവും അതായിരുന്നു...തിരിച്ചറിവിന്റെ പുതിയ ജീവിത പാഠങ്ങള്‍...!!
ശ്രീകല മേനോൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo