Slider

വിമൽ എന്റെ ആത്മാർത്ഥ സുഹൃത്താണ്

0

വിമൽ, അവനാണെന്റെ ആത്മാർത്ഥ സുഹൃത്ത്.
ഇപ്പോൾ അവൻ എന്റെ കൺമുമ്പിൽ മരിച്ചുകൊണ്ടിരിക്കയാണ്.
ഞാനാണ് അവന് പായസത്തിൽ വിഷം ചേർത്ത് കൊടുത്തത്.
ഭാഗ്യവാൻ,മധുരം നുണഞ്ഞ് കൊണ്ടുള്ള മരണം.
ഞാൻ ഇന്ന് ജോലിക്ക് പോയില്ല.
അല്ലെങ്കിലും കുറച്ച് മാസങ്ങളായി ഞാൻ ലീവെടുക്കുന്നത് കൂടുതലാണ്. 
മാനസിക സംഘര്ഷങ്ങള് തന്നെ കാരണം.
എന്റെ അച്ഛൻ ഞാൻ നന്നേ ചെറുപ്പം ആയിരുന്നപ്പോൾ മരിച്ചു.
എനിക്ക് മൂത്തത് രണ്ട് ചേച്ചിമാർ ഉണ്ട്.
അമ്മക്ക് വയ്യാതായ ഒരു ദിവസം,
ഞാൻ പഠിപ്പ് നിർത്താൻ തീരുമാനിച്ചു. 
പഠിക്കാൻ പുറകിലായിരുന്നതിനാൽ പഠിപ്പ് നിർത്തുക എന്നത് എനിക്കോ വീട്ടിലുള്ളവർക്കോ ഒരു ബുദ്ധിമുട്ട് ആയി തോന്നിയില്ല.
പണിക്ക് പോയി.
ചേച്ചിമാർ രണ്ട് പേരും നന്നായി പഠിച്ചു. 
പതിയെ ജീവിതം പച്ച പിടിച്ചു.
വീട് പുതുക്കി പണിതു. 
രണ്ട് പേരെയും കല്യാണം കഴിപ്പിച്ച് അയച്ചു.
അക്കാലങ്ങളിലെല്ലാം മാനസികമായും സാമ്പത്തികമായും പിന്തുണക്കാൻ ഒരു സഖിയും ഉണ്ടായിരുന്നു. 
അവരുടെ കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ സ്വത്തിന്റെ പേരിൽ വീട്ടിൽ തർക്കങ്ങൾ ഉണ്ടായി. 
രണ്ട് പേരും ഒറ്റക്കെട്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒന്നും നേരെ ആയില്ല.
സഹോദര ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്നേ. 
പക്ഷെ അതിനേക്കാൾ വിഷമിപ്പിച്ചത് എന്റെ കൂടെ കാണും എന്ന്‌ കരുതിയ അമ്മ അവരോടൊപ്പം ചേർന്ന് എന്നെ തള്ളിപ്പറഞ്ഞപ്പോളാണ്.
അമ്മയോട് എനിക്കിന്നും സ്നേഹമാണെങ്കിലും അത്തരം ബന്ധങ്ങളിലൊന്നും എനിക്കിന്ന് വിശ്വാസമില്ല.
എന്റെ കൂടെ സഖി ഉണ്ടായിരുന്നു എന്തിനും.
പെട്ടെന്നൊരുനാൾ അവൾ വന്ന് പറഞ്ഞു.
എന്റെ കല്യാണം ഉറപ്പിച്ചു. 
ചെക്കൻ യൂകെയിലാണ്.
പഴയതൊക്കെ പറഞ്ഞ് വന്ന് 
അവളെ ശല്യം ചെയ്യരുത്.
ഒരുപാട് കാലം താടി വളർത്തി കള്ള് കുടിച്ച് കഞ്ചാവ് വലിച്ച് നടന്നു.
ഒരു സുഹൃത്താണ് പിന്നെ എന്നെ നേരെയാക്കി എടുത്തത്.
വിമൽ.
ഞാൻ ഗള്ഫിലോട്ട് പോന്നു.
ഒരു ഹോട്ടലിൽ ജോലി. 
വിമലിന് നല്ല ജോലിയാണ്.
വിവാഹം കഴിച്ചിട്ട് ഇല്ല.
ഗൾഫിൽ വന്ന് രണ്ടാം തവണ ലീവിന് പോയപ്പോൾ ഞാൻ വിവാഹിതനായി.
എനിക്ക് ആരും ഉണ്ടായിരുന്നില്ല. 
ഒരു കൂട്ട് വേണമായിരുന്നു.
ശരണ്യ.
എന്റെ പ്രാണൻ.
എന്റെ എല്ലാമെല്ലാം.
ഭ്രാന്തമാണ്‌ അവളോടുള്ള സ്നേഹം. 
സ്വാർത്ഥനായിരുന്നു അവളുടെ കാര്യത്തിൽ. 
അവളോടുള്ള സ്നേഹത്തിൽ. 
അതിൽ നിന്നുള്ള സംശയങ്ങൾ.
നല്ല വെളുത്ത കുട്ട്യാ അവൾ.
നല്ല സുന്ദരി. 
ഞാൻ കറുത്തിട്ടാ. 
വിമൽ എന്നേലും നിറം ഉണ്ടാകും. 
നന്നായി സംസാരിക്കും. 
ഇംഗ്ളീഷൊക്കെ സംസാരിക്കുന്നത് കേൾക്കണം. 
ഇവിടെ അവന് കുറെ ഗേൾഫ്രണ്ട്സുണ്ട്. 
ഇടക്ക് റൂമിൽ കൊണ്ട് വരും.
കുറെ വായിക്കും അവൻ. 
കവിത കഥ എഴുതും.
അവരെപ്പോഴാ അടുത്തത് എന്ന്‌ എനിക്കറിയില്ല. 
നാല്‌ മാസമായി അവളെന്നെ ഒഴിവാക്കാൻ തുടങ്ങിയിട്ട്.
പല പല കാരണങ്ങൾ.
സംസാരിക്കില്ല പഴയ പോലെ. 
സംസാരിച്ചാൽ തന്നെ വഴക്കിലേക്ക് എത്തും. 
കുറെ നേരെയാക്കാൻ നോക്കി. 
നടന്നില്ല. 
വിമലും ശ്രമിച്ചു.
പിന്നെ ഒരിക്കൽ പറഞ്ഞു അവൾക്കൊരാളെ ഇഷ്ട്മാണെന്ന്.
അയാൾ വിളിക്കാൻ കാത്തിരിക്കയാണെന്ന്. 
അയാളോടൊപ്പം പോകാൻ. 
ആരാണെന്ന് പറഞ്ഞില്ല.
ഇന്ന് അവളുടെ പിറന്നാൾ ആണ്.
കാലത്ത് ഞാൻ വിമലിനോട് പറഞ്ഞു ഞാൻ ജോലിക്ക് പോകുന്നില്ല ഇന്ന്.
ഉച്ചക്ക് പുറത്ത് നിന്ന്‌ കഴിക്കണ്ട.
ഇങ്ങോട്ട് വന്നോളൂ. 
അവളെ വിളിച്ചു.
നല്ലൊരു ദിവസമായ ഇന്ന് അവൾ ആ പേര് പറഞ്ഞു. 
വിമൽ. 
ഞാൻ ചോറും കറിയും പായസവും ഉണ്ടാക്കി. 
ഉച്ചക്ക് കാണാതെയായപ്പോൾ ഞാൻ വിഷം കലക്കിയ കറി ഒഴിച്ച് കളഞ്ഞു. 
രാത്രി അവൻ നേരം വൈകിയപ്പോൾ ഒന്നുറപ്പായി അവൻ ഡിന്നർ കഴിച്ചേ വരൂ. 
അതിനാൽ പായസത്തിൽ വിഷം ചേർക്കാം.
അതാകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് കുടിപ്പിക്കാല്ലോ.
കൊല്ലാൻ തീരുമാനിച്ചാൽ വഴികൾ താനേ കണ്ടെത്തും. 
ദൈവം എന്റെ കൂടെ ആയിരുന്നു 
അതുകൊണ്ടാണ് അവൻ ഇന്ന് മൊബൈൽ എടുക്കാൻ മറന്നത്. 
അവൻ വന്ന് മൊബൈൽ എടുക്കുന്നതിന് മുൻപ് കുടിപ്പിച്ചിരിക്കണം. 
മൊബൈൽ ഓൺ ആക്കിയാൽ അവളുടെ മെസ്സേജ് ഉണ്ടാകും. 
അവൾ പറയാതിരിക്കില്ല. 
വന്നപാടെ ഞാൻ ഉദ്ദേശിച്ച പോലെ നടന്നു.
അവൻ ഒറ്റ വലിക്ക് കുടിച്ചു.
പിന്നേം ഉണ്ടായിരുന്നു തടസങ്ങൾ. 
അത് ശരീരത്തിൽ കേറി പിടിക്കാൻ ഉറങ്ങാതിരിക്കണം.
അതിനും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു.
ഞാൻ അവനോട് പറഞ്ഞു. 
"ടാ ഞാൻ അവളെ വിളിച്ചു.
ഒന്നും ശരിയായില്ല.
ശരിയാകുകയും ഇല്ല" 
"ആ പേര് പറഞ്ഞോ"എന്ന്‌ ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞു.
"നീ എന്ത് തീരുമാനിച്ചു" എന്ന്‌ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. 
"ആൽമഹത്യ ചെയ്യാൻ"
അവൻ കളിയാക്കി. 
ധൈര്യം തരാൻ നോക്കി. 
അവൾ പോയാൽ വേറെ ഒരാൾ വരുമെന്ന്.
ഞാൻ അവനെ എല്ലാം ഓർമിപ്പിച്ചു.. 
"അമ്മ സഹോദരിമാർ കാമുകി ഇപ്പോൾ ഭാര്യ. 
ഇനി ഏത് ബന്ധത്തിലാണ് ഞാൻ വിശ്വസിക്കേണ്ടത്. 
പ്രേതീക്ഷിക്കേണ്ടത്. 
ജീവിതത്തിൽ എന്ത് സുഖമാണ് ഞാൻ പ്രേതീക്ഷിക്കേണ്ടത്.
നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം എന്റെ കൈയിലുണ്ട്.
അതുകൊണ്ട് തന്നെയാ വിഷം കഴിച്ചത്"
അവൻ ഞെട്ടി.
ആംബുലൻസ് വിളിക്കാമെന്ന്. 
ഞാൻ പറഞ്ഞു "ഇന്ന് അല്ലേൽ നാളെ. 
നീ ഇല്ലാത്തപ്പോൾ.
നിനക്ക് ഇപ്പോൾ ചെയ്യാവുന്നത് ഒരൊറ്റ കാര്യമാണ്.
ഉറങ്ങാതെ എനിക്ക് കൂട്ടിരിക്കുക. 
സുഹൃത്ത് ബന്ധമെങ്കിലും സന്തോഷിക്കട്ടെ"
അവൻ കൂട്ടിരുന്നു. 
മൊബൈൽ എടുത്ത് കൊണ്ട് വന്നു.
നെറ്റ് ഓൺ ആക്കി.
മെസ്സേജുകൾ തുരുതുരെ വരുന്നുണ്ട്. 
അവന്റെ മുഖഭാവം മാറുന്നുണ്ട്. 
ഒരു സെക്കൻഡിൽ താഴെ നീണ്ട് നിന്ന ഒരു നോട്ടം എന്റെ മുഖത്തേക്ക് എറിഞ്ഞു. 
എന്റെ ചിരിയിൽ. 
അവൻ ഒരുതവണ മരിച്ചു. 
പതിയെ പതിയെ എനിക്ക് കാണം. 
അവനിലൂടെ ഞാനെന്ന മരണം കയറിപ്പോകുന്നത്. 
കാൽവിരലുകൾ ഞരമ്പുകൾ കൈവിരലുകൾ. 
കൈ തളർന്നു.
മൊബൈൽ താഴെ വീണു. 
പിറന്നാൾ സമ്മാനത്തിന് നന്ദി അറിയിച്ച് കൊണ്ട് അവളുടെ നഗ്ന ഫോട്ടോ തെളിഞ്ഞ് നിന്നു. 
ഞാനെന്ന മരണം അവന്റെ കഴുത്തിലൂടെ തൊണ്ടയിലൂടെ വെളുത്ത പതയും പിന്നീട് ചോരയുമായി പുറത്ത് വന്നു.
കണ്ണുകൾ അടയുന്നതിന് മുൻപ് അവന്റെ ചെവിയിൽ ഞാൻ പറഞ്ഞു. 
"വിമലേ...
ആത്മാർത്ഥസുഹൃത്തിനേക്കാളുപരി, നീയെനിക്ക് സഹോദരനെപ്പോലെയായിരുന്നു..
അത്രക്ക് ഇഷ്ടമായിരുനടാ നിന്നെ 
സ്വപ്‌നം കാണുമ്പോൾ അവൾക്കൊപ്പം എന്റെ കുടുംബത്തിൽ ഞാൻ ചേർത്തിരുന്നു നിന്നെ.. 
എനിക്കും അവൾക്കും സഹോദരനായി.. 
അത്രക്കും സ്നേഹമായിരുന്നു നിന്നെ"
അവൻ മരിച്ചു.. 
കണ്ണുകൾ അടഞ്ഞു.. 
അവന്റെ മൊബൈൽ എടുത്ത്,
ശരണ്യ ഐ ലവ് യു എന്ന്‌ അയച്ചു. 
ഭക്ഷണം കഴിക്കാനിരുന്നു.
പായസത്തിന് നല്ല മധുരമുണ്ടായിരുന്നു. 
ഇനി ഈ രാത്രി ഉറങ്ങാതെ ഇരിക്കണം...

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo