ഇന്ന് ഞാനെന്റെ ഓർമ്മകളെ കുറെദൂരം പിന്നോട്ടു പായിച്ചു.. തലച്ചോറിൽ ഒർമ്മകൾ മായാതെ നിൽക്കാൻ തുടങ്ങിയ കാലത്തുനിന്നും തുടങ്ങട്ടെ ഞാൻ.വയൽവരമ്പിലെ വൈദ്യതിയെത്താത്ത അനേകം വീടുകൾക്കിടയിലെ ഒരു വീട്ടിൽ ആണ് അച്ഛനും അമ്മയും ഞാനുംഅനിയനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.അമ്മയുടെ മുഖത്തെപ്പോഴും സന്തോഷവും ഭയവും ഇടകലർന്ന ഭാവമായിരുന്നു.അച്ഛന്റെ മദ്യപാനമായിരുന്നു ഈ ഭാവങ്ങൾക്ക് കാരണം.മദ്യപിക്കുമെങ്കിലും കുടുംബം നോക്കുന്ന വ്യക്തി.രാത്രി അച്ഛൻ വരാൻ വൈകിയാൽ അന്ന് ഉറപ്പാണ് വീട്ടിൽ കലഹം തന്നെ.ജനാലക്കരികിലെ കട്ടിലിൽ ഇരുന്നാൽ വരമ്പിലൂടെ നടന്ന് വരുന്നവരെ കാണാം ..അച്ഛന്റെ മെഴുകുതിരിവെട്ടം കണ്ണ്നട്ട് ഇരിക്കുകയാണമ്മ..ഞങ്ങളോട് അച്ഛൻ വന്നിട്ട് ഉറങ്ങാമെന്ന് അമ്മ ദയനീയമായി പറയുമെങ്കിലും ഞങ്ങളുടെ കുഞ്ഞികണ്ണുകൾക്ക് ഉറക്കത്തെ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നില്ല.പിന്നെ പാതിരാത്രിയിലെപ്പോഴോ പാത്രങ്ങൾ ഉടയുമ്പോൾ പാതിമയക്കത്തിൽ ഞങ്ങളറിയും അച്ഛനെത്തി.അമ്മ കട്ടിലിൽ തന്നെ തല കുനിച്ചിരിപ്പാണ്.കണ്ണീർതുള്ളികൾ ഇടക്കിടെ പൊഴിഞ്ഞു വീഴുന്നുണ്ട്..തെറിവിളയാട്ടം നടത്തി ലഹരിയിൽ ഉറഞ്ഞാടുകയാണച്ഛൻ..ഇടയ്ക്കിടെ ചോദ്യങ്ങളുയർത്തുന്നു.അമ്മയിൽ നിന്നും ഉത്തരം ലഭിക്കാതെ വന്നപ്പോൾ കരണം പൊട്ടുന്ന രീതിയിൽ മർദ്ദനം..ഇതുകണ്ട് ഞങ്ങൾ മുറിയുടെ ഒരുമൂലയിലേക്ക് പതുങ്ങി.പ്രതികരിക്കാനുള്ള പ്രായവും ശേഷിയുമില്ലായിരുന്നു ഞങ്ങൾക്ക്.മർദ്ദനം പിന്നെ കാലുകൊണ്ടായി. കണ്ടിരിക്കാനായില്ല ഞങ്ങൾക്ക്. ഓടിച്ചെന്ന് അമ്മയെ രണ്ടുപേരും കെട്ടിപ്പിടിച്ചു .അപ്പോൾ അച്ഛനു തല്ലാനായില്ല..എങ്കിലും കൈകൊണ്ട് കവിളടച്ച് ഒരു അടി..ഒരുതേങ്ങൽ അമ്മയിൽ നിന്ന് കേട്ടു.ഒപ്പം കവിളിലുടെ ചോരത്തുള്ളിയും ഒഴുകി.കമ്മൽ അടികൊണ്ട് ഒടിഞ്ഞിരിക്കുന്നു.കലികൊണ്ട് വിറയ്ക്കുന്ന അച്ഛന്റെ കാലിൽ പിടിച്ചു ഞങ്ങൾ കരഞ്ഞു.അതിന്റെ ഫലം തൊഴിച്ചെറിയലായിരുന്നു.ഞങ്ങൾ ദൂരെ തെറിച്ചു വീണപ്പോൾ വീണ്ടും അമ്മയെ തൊഴിക്കാനവസരം കിട്ടി .ഇത്തവണത്തെ തൊഴിക്ക് അമ്മ എഴുന്നേറ്റ് ഓടി.എവിടെയെങ്കിലും പോയ് രക്ഷപെടട്ടെ അല്ലെങ്കിൽ എവിടെയെങ്കിലും പോയ് മരിച്ചോട്ടെ എന്ന് ഞങ്ങളും വിചാരിച്ചു .ഇതിലും ഭേദം അതല്ലെ.പിന്നെ അച്ഛന്റെ കലിയടങ്ങി .നിദ്ര അച്ചനെ വിഴുങ്ങി.കുറെ കഴിഞ്ഞപ്പോൾ അമ്മവന്നു ഞങ്ങളെയും പുതപ്പിച്ചുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് മൂളിപ്പാട്ടും പാടി വാതിൽപടിയിലിരിക്കുന്ന അച്ഛനെയാണ്.അരികിൽ വീങ്ങിയ മുഖത്ത് പുഞ്ചിരിവരുത്തി ചായകപ്പുമായ് അമ്മയും.ഇപ്പം അച്ചനെപ്പോലെ സ്നേഹനിധിയായ ഒരാൾ വേറെ ഇല്ല എന്നു തോന്നും.മദ്യം ഉള്ളിൽ ചെന്നാൽ പഴയ പോലെ തല്ലും ബഹളങ്ങളും. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അച്ചനുവേണ്ടിയുള്ള കാത്തിരിപ്പും അമ്മയുടെ ദേഹം ഇഞ്ചപോലെ ചതഞ്ഞും ഭയന്നകണ്ണുകളോടെ ഞങ്ങളുടെയും ജീവിതം കടന്നുപോയി.ഞങ്ങൾ വളർന്നു.പ്രതികരണ ശേഷിയുള്ളവരായ് മാറിയപ്പോൾ അമ്മയ്ക്ക് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെ അളവും കുറഞ്ഞു.എങ്കിലും മദ്യത്തിന്റെ അളവ് അച്ചൻ കുറച്ചില്ല.ഞങ്ങൾ വിവാഹിതരായി.വിദേശത്ത് ജോലിക്കായ് പോയി..പിന്നെ വീട്ടു വിശേഷങ്ങൾ ഫോണിലൂടെ മാത്രം..അങ്ങനെയിരിക്കെ ഒരുദിവസം ഞെട്ടിക്കുന്നഒരു വാർത്ത വന്നു.അച്ഛൻ ആത്മഹത്യ ചെയ്തു.മദ്യപിച്ച് സ്വയം തീകൊളുത്തി.കേട്ടപ്പോൾ ആദ്യം വിഷമം തോന്നിയില്ല.പിന്നെ ചെറുപ്പത്തിൽ ഇടയ്ക്കിടെ മാത്രം കിട്ടിക്കൊണ്ടിരുന്ന അച്ഛന്റെ സ്നേഹം ഓർത്തപ്പോൾ മനസ് വിങ്ങി.മിഴികൾ ഈറനണിഞ്ഞു.അവസാനമായ് അച്ഛനെ കാണാൻ നാട്ടിൽ ചെന്നപ്പോൾ അച്ഛന്റെ മൃതദേഹത്തിനരുകിൽ അമ്മ നിർവികാരയായ് ഇരിക്കുന്നു.അമ്മയുടെ കണ്ണുകളെ അച്ഛൻ ഒരുപാടു കരയിപ്പിച്ചതുകൊണ്ടാവാം ഇന്ന് അച്ഛനു കൊടുക്കാൻ അവസാനതുള്ളി കണ്ണീർ അമ്മയ്ക്കില്ലാതെ പോയത്..ഇന്നും അച്ഛനെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ ..അച്ഛനോടുള്ള സ്നേഹത്തിന്റെ യോ വെറുപ്പിന്റെയോ സഹതാപത്തിന്റെയോ വിങ്ങൽ..
(മദ്യം തകർത്ത കുടുംബങ്ങൾക്കായ് എന്റെ ആദ്യ കഥ ഞാൻ സമർപ്പിക്കുന്നു)
(മദ്യം തകർത്ത കുടുംബങ്ങൾക്കായ് എന്റെ ആദ്യ കഥ ഞാൻ സമർപ്പിക്കുന്നു)
ജയൻ വിജയൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക