Showing posts with label ഷെരീഫ്ഇബ്രാഹിം. Show all posts
Showing posts with label ഷെരീഫ്ഇബ്രാഹിം. Show all posts

സൃഷ്ടി, സ്ഥിതി, സംഹാരം (കഥ)


ആഗ്രഹിക്കുന്നത് തെറ്റല്ല, അത്യാഗ്രഹം പാടില്ലെന്ന് മാത്രം. റിട്ടയേർഡ്‌ സർക്കാർ ഉദ്യോഗസ്ഥനായ രംഗനാഥിന്റെ മകൻ സുനിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനാവുക എന്നത്. സർക്കാർ ഉദ്യോഗത്തിന്റെ ഗുണങ്ങൾ മാത്രമേ മകന് മനസ്സിലാവുന്നത് എന്നത് കൊണ്ട് അതിന്റെ മറുവശവും രംഗനാഥ് മകനെ പറഞ്ഞു മനസ്സിലാക്കി. ഒരു പാട് ടെൻഷൻ ഉണ്ടാവും, മേലുദ്യോഗസ്ഥമാരുടെ പെരുമാറ്റം. എന്ത് പറഞ്ഞിട്ടും മകൻ അവന്റെ തീരുമാനത്തിന്നു ഒരു മാറ്റവുമില്ലെന്ന് മനസ്സിലായപ്പോൾ രംഗനാഥ് അവന് ചില ഉപദേശങ്ങൾ കൊടുത്തു. ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആളുകളെ അധികം നടത്തരുത്, ജോലി ഒരു പുണ്യമായി കരുതണം. രംഗനാഥ്‌ പറഞ്ഞതെല്ലാം സുനിൽ ശ്രദ്ധാപൂർവം കേട്ടു.
റിട്ടയേർഡ്‌ ആയി കഴിഞ്ഞപ്പോൾ കോളേജിൽ നിന്ന് ആരംഭിച്ച നാടകാഭിനയം തുടർന്ന്, രംഗനാഥ്, കൂട്ടത്തിൽ സ്വല്പം മിമിക്രിയും.
അവന് ഒരു സർക്കാർ ജോലി കിട്ടുവാനായി എല്ലാ അർത്ഥത്തിലും രംഗനാഥ്‌ ശ്രമിച്ചു. PSC ടെസ്റ്റിന് വേണ്ട കാര്യങ്ങളെല്ലാം സുനിലിനെ പറഞ്ഞു മനസ്സിലാക്കി.
അങ്ങിനെ സുനിലിന്ന് സർക്കാർ ഉദ്യോഗം ലഭിച്ചു. ഓഫീസ്സിൽ വരുന്നവർ സുനിലിനെ സാർ എന്ന് വിളിക്കുമ്പോൾ സുനിൽ അത് വിലക്കി. പ്രായമുള്ളവരോട് തന്നെ പേര് വിളിച്ചോളാനും തന്നെക്കാൾ പ്രായം കുറഞ്ഞവരോട് ചേട്ടാ എന്ന് വിളിച്ചോളാനും നിർദേശിച്ചു. നാട്ടുകാർക്കെല്ലാം സുനിലിനെ വളരെ ഇഷ്ടമായി, ചില ഓഫീസ് നിരങ്ങികളായ ഏജെന്റുമാര്ക്കൊഴികെ. പക്ഷെ അക്കൂട്ടർ ദേഷ്യമെല്ലാം പുറത്ത് കാണിച്ചില്ലെന്നു മാത്രം. അച്ഛൻ സുനിലിനെ കൊടുത്ത ഉപദേശങ്ങളെല്ലാം അവൻ കൃത്യമായി നടത്തി. രാത്രി വൈകിയും ചെയ്തു തീർക്കാനുള്ള ജോലികളെല്ലാം ചെയ്തു തീര്ക്കും. പരിശോദനക്ക് എവിടെയെങ്കിലും പോകണമെങ്കിൽ കഴിയുന്നതും അപേക്ഷകന്ന് സാമ്പത്തികനഷ്ടം ഇല്ലാത്ത രീതിയിലെ പോകൂ. അഞ്ചു രൂപ വർഷം നികുതി അടക്കാൻ ചില ഓഫീസർമാർ അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങുന്നു എന്നെല്ലാം കുറച്ചു നാളത്തെ ഓഫീസ് ജീവിതം കൊണ്ട് സുനിൽ മനസ്സിലാക്കി. ചുമട് കാൽപണം ചുമട്ടുകൂലി മുക്കാൽപണം എന്ന് പറയുന്ന പോലെ.
രാത്രി വീട്ടിൽ എത്തുമ്പോൾ ആദ്യമൊക്കെ അച്ഛൻ സുനിലിനോട് ഓഫീസ് കാര്യങ്ങളെല്ലാം ചോദിക്കും. മറുപടി കേൾക്കുമ്പോൾ മകനോട് എന്തെന്നില്ലാത്ത സന്തോഷം തോന്നും. പിന്നീട് അച്ഛൻ ചോദിക്കാതെ തന്നെ സുനിൽ അച്ഛനോട് എല്ലാം പറഞ്ഞു തുടങ്ങി.
അങ്ങിനെയിരിക്കെ ഒരു ദിവസം ഓഫീസിൽ ആരുമില്ലാത്ത സമയത്ത് ഓഫീസിന്റെ അടുത്ത് ഹോട്ടൽ നടത്തുന്ന ഷെക്കീർ ഒരു അപേക്ഷഫോമും കൂട്ടത്തിൽ അഞ്ഞൂറ് രൂപയും സുനിലിന്റെ കയ്യിൽ കൊടുത്തു.
'ഇതെന്താണ് ഈ അഞ്ഞൂറ് രൂപ?' ദേഷ്യം ഉള്ളിൽ വെച്ച് സുനിൽ ചോദിച്ചു.
'സാർ ഈ അപേക്ഷ ഒന്ന് പാസാക്കണം. പൈസ ഇനിയും വേണമെങ്കിൽ ആ ഇത്ത തരാൻ തയ്യാറാണ്. അവർക്ക് വളരെ അത്യാവശ്യമുള്ള ഒരു സർറ്റിഫികറ്റ് ആണ്'. ഷെക്കീർ മനസ്സ് തുറന്നു.
'ഷെക്കീർ ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ഷെക്കീറിന്നു എന്നെ പറ്റി അറിയാമല്ലോ? എന്നിട്ട് സുനിൽ തുടർന്നു 'ഈ അപേക്ഷ എല്ലാം ശെരിയാണെങ്കിൽ ഇപ്പോൾ തന്നെ സർട്ടിഫിക്കറ്റ് തരാം. എനിക്ക് ഒരു കൈക്കൂലിയും വേണ്ട. ശമ്പളം സർക്കാർ തരുന്നുണ്ട്. പിന്നെ ഈ പുണ്യ പ്രവത്തിക്ക് ദൈവം കൂലി തരും.
സുനിൽ അപേക്ഷ നോക്കി അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് കൊടുത്തു.
'സാറേ, സാർ വരുന്നതിന്നു മുമ്പുള്ള സാറന്മാരെല്ലാം ഇങ്ങിനെയുള്ള കാര്യത്തിന്നു വളരെ പ്രാവശ്യം നടത്തിക്കുമായിരുന്നു. തന്നെയല്ല, അവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കണോ വേണ്ടയോ എന്ന് തുടങ്ങി എല്ലാം എന്നോടാണ് ചോദിക്കാര്' ഇതായിരുന്നു ഷെക്കീറിന്റെ മറുപടി.
മനസു ഒരു കടിഞ്ഞാണില്ലാത്ത കുതിരയാണ്. എവിടെയാണ് നല്ലത് എന്ന് തോന്നിയാൽ അങ്ങോട്ടേക്ക് ചാടും. സുനിലിന്റെ വിവാഹം കഴിഞ്ഞു. സുനിത. അവളുടെ വാചകകസർത്തിൽ സുനിൽ ഒരു ചാഞ്ചാട്ടക്കാരനായി. ഒരു ഭാഗത്ത്‌ അച്ഛൻ. നീതിയുടെ മാര്ഗം മാത്രമുള്ള അച്ഛൻ. മറുവശത്ത് കാറ്റുള്ളപ്പോൾ തൂറ്റണം എന്ന് പറയുന്ന ഭാര്യയും ഇതൊക്കെ ചെയ്യാതവരാരാ എന്ന് ചോദിക്കുന്ന ഹോടെലുകാരൻ ഷെക്കീറും. ഒടുവിൽ അച്ഛൻ തോറ്റു.
അഞ്ചു വർഷം കൊണ്ട് നല്ലവൻ എന്ന് നാട്ടുകാർ വിളിച്ചിരുന്ന സുനിൽ, വെറും ഒരു മാസം കൊണ്ട് നാട്ടുകാർ 'കൈക്കൂലിയുടെ ആശാൻ' എന്ന് വിളിക്കാൻ തുടങ്ങി.
വിവരം കുറേശ്ശെ കുറേശ്ശെ രംഗനാഥ് അറിഞ്ഞു തുടങ്ങി. ആദ്യമൊന്നും അദ്ധേഹത്തിന്നു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷെ തെളിവ് സഹിതം വന്നപ്പോൾ അദ്ധേഹത്തിന്നു വളരെ ദു:ഖം തോന്നി. സുനിലിനെ വളരെയധികം ഉപദേശിച്ചു. പണത്തിന്റെ മായാജാലത്തിൽ അച്ഛന്റെ ഉപദേശങ്ങളെല്ലാം ജലരേഖകളായി മാറി.
പക്ഷെ അവന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ആര് വന്നാലും കൈക്കൂലി നൽകിയാൽ മാത്രമേ ഏതൊരുകാര്യവും ചെയ്തു കൊടുക്കൂ എന്നാ സ്ഥിതിയിലായി സുനിൽ.
ഒരു ദിവസം വളരെയധികം പ്രായമുള്ള, രോഗിയായ ക്ഷീണമുള്ള ഒരു മനുഷ്യൻ വന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഒട്ടനവധിപ്രാവശ്യം ഓരോ ഒഴികഴിവ് പറഞ്ഞ് നടത്തിച്ചു. പേപ്പർ എല്ലാം ശേരിയായിട്ടും കൈക്കൂലി കിട്ടാതെ സർട്ടിഫിക്കറ്റ് കൊടുക്കില്ലെന്ന് സുനിൽ.
'അനിയാ, എനിക്ക് തീരെ വയ്യ. ഇതൊന്നു കിട്ടിയാൽ എനിക്ക് പെൻഷൻ കിട്ടും' ആ വൃദ്ധൻ കേണപേക്ഷിച്ചു.
'ഞാനേതു വകയിലാണ് നിങ്ങളുടെ അനുജൻ ആവുക? എന്നെ സാർ എന്ന് വിളിച്ചാൽ മതി'. കുറച്ചു ശൌര്യത്തോടെ സുനിൽ പറഞ്ഞു.
'ക്ഷമിക്കണം സാറേ, പഠിപ്പോന്നും ഇല്ലാത്തത് കൊണ്ടാണ്' ആ വൃദ്ധൻ കരച്ചിലിന്റെ വക്കോളമെത്തി. എന്നിട്ടും സുനിലിന്റെ ആവശ്യത്തിന്നു മാറ്റമുണ്ടായില്ല. പിറ്റേന്ന് ആവശ്യപ്പെട്ട ആയിരത്തി ഇരുന്നൂറു രൂപയുമായി വരാമെന്ന് പറഞ്ഞു ആ വൃദ്ധൻ പോയി.
പിറ്റേന്ന് വൃദ്ധൻ പറഞ്ഞസമയത്ത് തന്നെ സുനിലിന്റെ ഓഫീസിൽ എത്തി. 'സാറേ ഇതിൽ ആയിരം രൂപയേയുള്ളൂ. ഇരുന്നൂറ് രൂപ കുറവുണ്ട്' ആ വൃദ്ധന്റെ വാക്ക് കേട്ടപ്പോൾ ക്രൂരനായ സുനിൽ മുഴുവൻ തുക കിട്ടിയാലേ സർട്ടിഫിക്കറ്റ് തരാൻ ഒക്കൂ എന്ന് പറഞ്ഞു.
പെട്ടെന്നാണ് അത് സംഭവിച്ചത്. കുറച്ചു ആളുകൾ സുനിലിന്റെ അടുത്ത് വന്നു പറഞ്ഞു 'ഞങ്ങൾ വിജിലൻസിൽ നിന്നാണ്. കൈക്കൂലി വാങ്ങിയ കേസിൽ നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു'.
കുറച്ച് നേരത്തേക്ക് ഭൂമി പിളർന്ന പോലെ സുനിലിന് തോന്നി. ദേഷ്യം മുഴുവൻ ആ വയസ്സനോടായി. 'താൻ എന്നെ ഒറ്റു കൊടുത്തു അല്ലെ' സുനിലിന്റെ സംസാരം കേട്ടപ്പോൾ ആ ഓഫീസർമാരിൽ ഒരാൾ പറഞ്ഞു 'നോക്കൂ സുനിൽ, അച്ഛനെ താൻ എന്ന് വിളിക്കരുത്'
'അച്ഛനോ, ഇയാളോ?'
ആ വൃദ്ധൻ നാടകവേഷം അഴിച്ചു മാറ്റി. അത് രംഗനാഥ് ആയിരുന്നു.
'അച്ഛാ........ മാപ്പ്.......മാപ്പ്'
-------------------------------
മേമ്പൊടി:
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ
കുണ്ടിൽ വീണ്‌ കിടക്കും മനുഷ്യനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

കഴുമരം (ചെറുകഥ)



അയാൾക്ക്‌ ജഡ്ജ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, എന്നിട്ട് ചോദിച്ചു 'നിങ്ങൾ ഈ കുറ്റം ചെയ്തിട്ടുണ്ടോ?'
'ഉവ്വ് സാർ'
'നിങ്ങൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ?'
'സാർ എന്നെ എന്ത് ശിക്ഷയാണ് തരുന്നതെങ്കിലും അത് എത്രയും വേഗത്തിൽ നടപ്പാക്കണം. അത് പോലെ എന്റെ ഒമ്പത് വയസ്സായ മകളെ എന്റെ വീട്ടുകാർക്കും എന്റെ ഭാര്യാവീട്ടുകാർക്കും കൊടുക്കരുത് സാർ'
അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
കുറച്ചു നേരം കോടതി, സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ധതയായിരുന്നു. 
ജഡ്ജി വിധി പറഞ്ഞു.
'നിങ്ങൾ നിങ്ങളുടെ ഭാര്യയെ മുൻകൂട്ടി തയ്യാർ ചെയ്ത പ്രകാരം കായലിൽ കൊണ്ട് പോയി മുക്കികൊന്ന കുറ്റം പ്രോസിക്ക്യൂഷന് സംശയാസ്പധമായി തെളിയീക്കാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ടും സാക്ഷികൾ ഇല്ലാത്ത ഈ കൊടും ക്രൂരതക്ക് സാഹചര്യതെളിവുകൾ വെച്ച് കൊണ്ടും പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടും ഇൻഡ്യൻ ശിക്ഷാനിയമം 302 പ്രകാരം മരണം വരെ തൂക്കികൊല്ലുവാൻ ഈ കോടതി വിധിച്ചിരിക്കുന്നു'
അയാൾ എല്ലാം നിസ്സംഗധയോടെ കേട്ടു.
അയാളുടെ ചിന്തകൾ വർഷങ്ങൾക്കു പിന്നോട്ട് പോയി.
ഒരേ ജാതിക്കാരായിരുന്ന താനും ജലജയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്; രണ്ടു പേരുടെയും വീട്ടുകാർക്ക് ആ വിവാഹത്തിന്നു എതിർപ്പായിരുന്നു എന്ന് മാത്രമല്ല, അത് നടക്കാതിരിക്കാൻ വളരെയധികം പരിശ്രമിച്ചു. തന്മൂലം രെജിസ്റ്റർ വിവാഹമാണ് നടന്നത് 
ആ നാട്ടിൽ അതൊരു സംസാരവിഷയമായിരുന്നു. അവരുടെ ദാമ്പത്യം എല്ലാവർക്കും ഒരു മാതൃകയായിരുന്നു.
അവർക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. 'ചിന്നു' എന്ന് വിളിക്കുന്ന ശാന്ത. ഇരുവീട്ടുകാരുടെയും എതിർപ്പും നിസ്സഹകരണവും കാരണം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആയാൾക്ക് ജോലിക്കായി മുംബായിലേക്ക് പോകേണ്ടി വന്നു.
ഇതിനിടെ അയാളുടെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവമുണ്ടായി. അയാൾക്ക് നാട്ടിൽ നിന്നൊരു കത്ത് വന്നു. ആരാണ് അയച്ചതെന്ന് എഴുതിയിട്ടുണ്ടായിരുന്നില്ല. ജലജ മറ്റു ചിലരുമായി അവിഹിതബന്ധം ഉണ്ടെന്നാണ് ആ കത്തിലെ ഉള്ളടക്കം.
അയാൾ കൂടുതലൊന്നും അന്വേഷിച്ചില്ല, ആലോചിച്ചില്ല. ആരെയും അറിയീക്കാതെ നാട്ടിലേക്ക് വണ്ടി കയറി. 
ഭാര്യയോട് ഇഷ്ടക്കെടൊന്നും കാട്ടിയില്ല. അന്ന് രാത്രിയിൽ അയാൾ ഭാര്യയോട് പറഞ്ഞു. 'നമുക്ക് കായലിൽ വഞ്ചിയിൽ പോകാം'
'ഈ പാതിരാവിലോ?' നിഷ്കളങ്ങതയോടെ ജലജ ചോദിച്ചു.
എന്നിട്ടും അവർ കുളിച്ചു യാത്രയായി. മകൾ നല്ല ഉറക്കത്തിലാണ്. അയാളുടെ നിർബന്ധപ്രകാരം ആ കുട്ടിയെ അവിടെ തന്നെ ഉറക്കാൻ വിട്ടു. അവളെ ഒറ്റയ്ക്ക് നിര്ത്തെണ്ടെന്നു ഭാര്യ പറഞ്ഞപ്പോൾ അയാൾ മറ്റൊന്നാണ് പറഞ്ഞത്. 'നമ്മുടെ വീടിന്റെ മുന്നിലുള്ള കായലിൽ വഞ്ചിയിൽ സവാരി ചെയ്തു ഇപ്പോൾ തന്നെ തിരിച്ചു വരാമല്ലോ' എന്നാണു.
ചന്ദ്രികാചര്ചിതമായ രാത്രി. അയാൾ വഞ്ചി തുഴയുകയാണ്. അവൾക്ക് ആ യാത്ര വളരെ ഇഷ്ടപ്പെട്ടു എന്ന് അയാൾ മനസ്സിലാക്കി. ചെറിയ ഓളങ്ങൾ യാത്രക്ക് ഹരം കൂട്ടി. കരിമീൻ ചാടുന്നത് നിലാവിൽ ജലജ കണ്ടു. നല്ല കരിമീൻ എന്ന് അവൾ പറയുകയും ചെയ്തു. ഇടയ്ക്കു അവൾ കൈ വെള്ളത്തിലേക്കിട്ട് മീനെ പിടിക്കാൻ നോക്കി. ഇതിനിടെ വഞ്ചി കുറച്ചധികം ദൂരം കരയിൽ നിന്നും യാത്ര ചെയ്തിരിക്കുന്നു. അവൾ അത് സൂചിപ്പിക്കുകയും ചെയ്തു.
'ചേട്ടാ, നമുക്ക് തിരിച്ചു പോകാം, മോള് തനിച്ചല്ലേ'
'കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നമ്മുടെ യാത്ര മംഗളമാകും.' അയാളുടെ മറുപടി അവൾക്ക് മനസ്സിലായില്ല. അവൾ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. ഈ ചേട്ടൻ അല്ലെങ്കിലും അങ്ങിനെയാ. തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ചേട്ടൻ. 'ചേട്ടാ നമുക്ക് നാളെ കുറച്ചു കരിമീൻ മേടിക്കണം'
അയാൾ അതിന്നും മറുപടി ഒന്നും പറഞ്ഞില്ല 
അയാൾ വഞ്ചി പതുക്കെ ആട്ടാൻ തുടങ്ങി. ജലജ പേടിച്ചു വിറച്ചു. ജലജ അയാളുടെ കയ്യിൽ ബലമായി പിടിച്ചു. അയാൾ ആ കൈ തട്ടിമാറ്റി അവളെ പുഴയിലേക്ക് ഒരൊറ്റതള്ളൽ. അവൾ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോയി. നീന്തൽ അറിയാത്ത ജലജ ശ്വാസം വലിക്കാൻ എങ്ങിനെയോ മുകളിലേക്ക് വന്നു. 'എന്റെ പോന്നു ചേട്ടാ, എന്നെ രക്ഷിക്കൂ' എന്ന് അവ്യക്തമായ സ്വരത്തിൽ ആവൾ പറയുന്നുണ്ടായിരുന്നു. 'നിനക്ക് ഞാനല്ലാതെ വേറെ ആണുങ്ങളെ വേണം' എന്ന് പറഞ്ഞു കൊണ്ട് വെള്ളത്തിന്നു മുകളിലേക്ക് വന്ന ജലജയെ അയാൾ വഞ്ചി തുഴയുന്ന പങ്കായം കൊണ്ട് തലയ്ക്കു ഒറ്റ അടി. അതോടെ അവൾ വെള്ളത്തിലേക്ക്‌ താഴ്ന്ന് പോയി..........
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ജയിലിൽ അയാളെ കാണാൻ അവരുടെ ബന്ധക്കാരനായ ഒരാൾ വന്നു. എന്നിട്ട് പറഞ്ഞു. 'എന്നോട് ക്ഷമിക്കണം. ഞാനാണ് നിങ്ങൾക്ക് ആ കത്തയച്ചത്. സത്യത്തിൽ, ജലജയെ പറ്റി എഴുതിയത് നുണയാണ്. .....' പിന്നെയും ആ ബന്ധക്കാരൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അയാൾ ആ ബന്ധക്കാരന്റെ മുഖത്തേക്ക് കാർപ്പിച്ചു തുപ്പി. ശേഷം അയാൾ ജെയിലിന്റെ കമ്പിയിൽ സ്വന്തം തലയിട്ടടിച്ചു. ഈ വിവരം കോടതിയിൽ പറയണമെന്ന് ആദ്യം അയാൾക്ക്‌ തോന്നി. പിന്നെ ആലോചിച്ചു, വേണ്ട എല്ലാ ശിക്ഷയും താൻ തന്നെ അനുഭവിക്കാം.
വധശിക്ഷക്ക് വിധിച്ചവരെ കിടത്തുന്ന കണ്ടംഡ് സെല്ലിൽ കിടന്നു കൊണ്ട് അയാൾ ഈ കഥ ഓര്ത്തു. 
*******************************
നാളെയാണ് തൂക്കിലേറ്റുന്ന ദിവസം. ജയിൽ അധികൃതർ വന്നു അയാളുടെ തൂക്കം നോക്കി. ഇതിനു കുറച്ചു ദിവസം മുമ്പും തൂക്കം നോക്കിയിട്ടുണ്ട്. രാത്രിയിൽ എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് അയാളോട് അന്വേഷിച്ചു. ഇതാണ് അവസാനത്തെ അത്താഴം. കരിമീൻ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. ജലജക്ക് ഏറ്റവും ഇഷ്ടപെട്ട, അവസാനമായി തന്നോട് ആവശ്യപ്പെട്ട കറി. ആരാച്ചാർ വന്ന് കയറിന്നു ബലം കിട്ടാൻ മെഴുക്കു പുരട്ടുമെന്നും തന്റെ തൂക്കത്തിലുള്ള വസ്തു കയറിൽ കൊളുത്തി ബലം പരിശോധിക്കുമെന്നും പറയുന്നത് കേട്ടു.
ഭക്ഷണം കൊണ്ട് വെച്ചു. പക്ഷെ ഒന്നും കഴിക്കാൻ തോന്നിയില്ല. അത് വരെയുണ്ടായ ആൽമധൈര്യം ചോർന്നു പോയ പോലെ.
പുലർച്ചെ നാല് മണിയോ അഞ്ചു മണിയോ ആയിട്ടുണ്ടാവും ജയിൽ അധികൃതരും ഡോക്ടറും കൂടെ അയാളെ തൂക്കിലേറ്റാൻ കൊണ്ട് പോയി. ഇനി നാളത്തെ പ്രഭാതം താൻ കാണില്ലായെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. പ്ലാറ്റ്ഫോമിൽ അയാളെ നിറുത്തി. ആരാച്ചാർ വന്നു. ജയിൽ അധികൃതർ കുറ്റപത്രവും കോടതി വിധിയും വായിച്ചുകേൾപ്പിച്ചു. ആരാച്ചാർ അയാളെ തലവഴി കറുത്ത തുണിയിട്ട് മൂടി. കഴുത്തിൽ തൂക്കുകയർ കെട്ടി. പെട്ടെന്ന് ആരാച്ചാർ ലിവർ വലിച്ചു...................

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

വൃദ്ധസദനത്തിലെ മരണം (കഥ)


അധികം വിസ്തൃതിയുള്ള സ്ഥലത്ത് ഒരു മൂന്ന് നിലയുള്ള പടുകൂറ്റൻ ബംഗ്ലാവ്. അതിന്ന് ചുറ്റും രണ്ടാൾ ഉയരത്തിലുള്ള കൂറ്റൻ മതിൽ. അകത്തേക്ക് വാഹനങ്ങൾ പോകാൻ ഒരു ഗേറ്റ്. പുറത്തേക്ക് പോകാൻ മറ്റൊരു ഗേറ്റ്. രണ്ടിലും സ്ഥിരമായി രണ്ട് കാവൽക്കാർ. പറമ്പ് നിറയെ പന്തലിട്ടിരിക്കുന്നു.
ഇന്ന് ആ വീട്ടിൽ ഒരു വിശേഷം നടക്കുകയാണ്. അത് കല്യാണമോ കല്യാണനിശ്ചയമോ അല്ല, പ്രത്യുത ആ വീട്ടുകാരന്റെ വാപ്പയുടെ മരണത്തിന്റെ ആവശ്യം നടക്കുകയാണ്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാർ, മതനേതാക്കന്മാർ, ജനസേവകർ, എന്ന് വേണ്ട ജീവിതത്തിന്റെ നാനാതുറകളിലുമുള്ള എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല, ബന്ധക്കാരെയും നാട്ടുകാരെയും വേറെയും. കല്യാണവീട്പോലെ പന്തലിലും പുറത്ത് റോഡിലും ലൈറ്റിട്ടു അലങ്കരിച്ചിട്ടുണ്ട്.
വീടിന്റെ പുറത്ത് മനോഹരമായി അലങ്കരിച്ചുണ്ടാക്കിയ സ്റ്റെജിൽ പുരോഹിതന്മാരും അവരുടെ ശിഷ്യൻമാരും ഉറക്കെ ദിക്കറുകൾ ചെല്ലുന്നു. ആ വീട്ടുകാരനായ റഹീം എല്ലാവരെയും ക്ഷണിച്ച് ഇരുത്തുകയാണ്. ഇഷ്ടം കൂടുതലുള്ളവരെയും നേതാക്കന്മാരെയും ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. പാവപ്പെട്ടവരെ ഒരു ഇളിച്ച ചിരിയോടെ കൈകൊടുക്കാതെ സ്വീകരിക്കുന്നുണ്ട്.
സദസ്സിൽ പലതരത്തിലുള്ള ചർച്ചകൾ. അപ്പോഴാണ്‌ മന്ത്രിയുടെ വരവ്. ഞങ്ങളൊക്കെ അസൂയയോടെ ഇതെല്ലാം നോക്കികാണുകയാണ്. റഹീം എല്ലാവരെയും വിട്ട് മന്ത്രിയെ സ്വീകരിക്കാൻ ചെന്നു. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് തനിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നു പറയാൻ ഉള്ള സമയം ഉപയോഗപ്പെടുത്തി, മന്ത്രി. ഞാനും സ്റ്റെജിൽ കയറി പ്രാർഥനയിൽ പങ്കെടുത്തു.
സമയം ഒത്തുവന്നപ്പോൾ ഞാൻ റഹീമിനോട് ചോദിച്ചു 'അല്ല റഹീമേ, നിങ്ങൾക്കും ഉപ്പാക്ക് വേണ്ടി പ്രാർഥിച്ചൂടെ?'
'അതിന്ന് അറബിയിൽ പ്രാർഥിക്കാൻ എനിക്കറിയില്ല' എന്നായിരുന്നു അവന്റെ മറുപടി
;റഹീമേ, അല്ലാഹുവിന്നു എല്ലാ ഭാഷകളും അറിയാം. എന്തിനേറെ നാം മനസ്സിൽ ചിന്തിക്കുന്നത് എന്താണെന്ന് പോലും അല്ലാഹുവിന്ന് അറിയാം'
അവൻ മറുപടി ഒന്നും പറയാതെ പോയി.
പന്തലിന്റെ ഒരു ഭാഗത്ത് അരിവിതരണം നടക്കുന്നുണ്ട്. ഒരു പാട് ആളുകൾ വളരെ ദൂരെനിന്ന്പോലും വന്ന് ലൈൻ നിൽക്കുന്നുണ്ട്. ലോറിയിൽ ഒരു പാട് ലോഡ് അരി ഇറക്കി കഴിഞ്ഞു. ഇപ്പോഴും ഇറക്കി കൊണ്ടിരിക്കുകയാണ്.
പെട്ടെന്നാണ് ഗയ്റ്റിന്നടുത്ത് വളരെയധികം പ്രായമുള്ള ഒരാൾ വാച്ച്മാനോട് എന്തോ സംസാരിക്കുന്നത് റഹീമിന്റെ ശ്രദ്ധയിൽപെട്ടത്.
റഹീം ഗയ്റ്റിന്നടുത്തെത്തി. ക്ഷീണം കാരണം നിൽക്കാൻ പോലും പറ്റാത്ത മനുഷ്യൻ. ഭക്ഷണം കഴിക്കാൻ വേണ്ടി അകത്ത് കടക്കാൻ യാചിക്കുകയാണ്. വാച്ച്മാന്റെ പിന്നിൽ റഹീം വന്ന് നിൽക്കുന്നത് വാച്ച്മാൻ കണ്ടില്ല.
'മോനെ, എന്നെ അകത്തേക്ക് ഒന്ന് കടത്തിവിടോ, എനിക്ക് വല്ലാത്ത വിശപ്പ്‌'.
'നിങ്ങൾ ഒന്ന് മാറി നിൽക്കൂ, ഇവിടെ വലിയ ആളുകൾ വരുന്നതാണ്' റഹീം മറുപടി കൊടുത്തു.
'മോനെ അവരേക്കാളോക്കെ വലിയവനാ ഞാൻ' അതായിരുന്നു ആ അദ്ധേഹത്തിന്റെ മറുപടി 
'എനിക്ക് നിങ്ങളോട് തർക്കിക്കാൻ സമയമില്ല, അകത്തു പോയി ഭക്ഷണം പാചകം ചെയ്യുന്ന മുറിയിൽ താഴെ ഇരുന്നു ഭക്ഷണം കഴിക്കണം. കഴിച്ച് കഴിഞ്ഞാൽ ഉടനെ പോണം' എന്ന് പറഞ്ഞ് റഹീം ആ വയസ്സനെ അകത്തേക്ക് കടത്തിവിടാൻ വാച്ച്മാനോട് പറഞ്ഞു.
ആളുകൾ പിന്നെയും വന്ന് കൊണ്ടിരിക്കുകയാണ്. ആ നാട്ടിൽ അതൊരു സംസാരവിഷയമാവും എന്ന് ഉറപ്പാണ്. പോലീസ് ഓഫീസർമാർ വന്നു. എന്തിനേറെ ഗൾഫിൽ നിന്ന് പോലും അറബികൾ വന്നു.
റഹീം അടുക്കളയിൽ ചെന്ന് നോക്കി. അവിടെ താഴെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ആ പ്രായമുള്ള ആൾ. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. റഹീമിന്റെ മകൻ ആ വയസ്സന് കുറച്ച് ബിരിയാണി ഇട്ടുകൊടുത്തു.
'മോനെ റഹീമേ, നിനക്കെന്നെ മനസ്സിലായോ?' ആ മനുഷ്യൻ ചോദിച്ചു.
'നിങ്ങൾ ആരായാലെന്താ? എനിക്ക് പണിയുണ്ട്' അതും പറഞ്ഞു റഹീം നടന്നു.
'നിനക്ക് നാല് വയസ്സുള്ളപ്പോൾ നിന്നെയും കൊണ്ട് ഞാൻ സൈക്ക്ളിൽ കയറ്റി കറങ്ങിയതും സൈക്കിൾ ഗട്ടറിൽ വീണ് നിന്റെ കാലിൽ മുറിവുണ്ടായി സ്റ്റിച്ച് ഇട്ടതും നിനക്ക് ഓർമ്മയുണ്ടോ?'
മുന്നോട്ട് വെച്ച റഹീമിന്റെ കാൽ പെട്ടെന്ന് നിന്നു. തിരിഞ്ഞു നോക്കി.
'ഞാൻ നിനക്ക് ഒന്നും ചെയ്തിട്ടില്ലയെങ്കിലും നീ മണിമാളിക പണിത് താമസിക്കുമ്പോൾ എന്നെ നീ വൃദ്ധസദനത്തിലാക്കിയില്ലേ? '
റഹീമിന്റെ മകൻ അയാൾക്ക്‌ വീണ്ടും ഭക്ഷണം കൊടുത്തു. വിശപ്പിന്റെ ആധിക്ക്യം കൊണ്ട് അയാൾ വാരിവലിച്ച് കഴിച്ചു.
'വൃദ്ധസദനത്തിൽ കൊണ്ടാക്കിയതിന്നു ശേഷം നീ ഒരു പ്രാവശ്യം പോലും എന്നെ കാണാൻ വന്നില്ല. ഇങ്ങിനെ ഒരു ബിരിയാണി കഴിക്കാൻ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ?' ഒന്ന് നിറുത്തി ആ മനുഷ്യൻ തുടർന്നു 'അന്ന് നിന്നെ കാണണമെന്ന് വളരെ ആഗ്രഹിച്ചു. നിന്നോട് വൃദ്ധസദനക്കാർ ആവശ്യപ്പെട്ടിട്ടും നീ കാണാൻ വന്നില്ല. ഇപ്പോൾ ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ നീ ലക്ഷങ്ങൾ ചിലവാക്കി ആവശ്യം നടത്തുന്നു. ആവശ്യത്തിന്നു ഉപകരിക്കാത്ത നീയെന്റെ ആവശ്യം നടത്തുന്നു എന്ന് കേട്ടപ്പോൾ നിന്റെ ബിരിയാണി തിന്നാനല്ല ഞാൻ വന്നത്. നിന്റെ അഹംഭാവം കാണാൻ. നിനക്ക് നല്ലത് വരട്ടെ'.
'ഉപ്പാ........................... മാപ്പ്...............' അത് പറയാനേ റഹീമിന്ന് കഴിഞ്ഞുള്ളു.
ഉപ്പാനെ എഴുനെൽപ്പിക്കാൻ അയാൾ കൈനീട്ടി. പക്ഷെ അവിടെ ആരെയും കണ്ടില്ല. ഭക്ഷണം കഴിച്ചു തീർന്ന പാത്രം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
റഹീമിന്റെ ഉപ്പ ഭക്ഷണം കഴിച്ച് (?) കഴിഞ്ഞ പാത്രം റഹീമിന്റെ മകൻ എടുത്ത് കൊണ്ട് പോകുന്നത് നിർവികാരതയോടെ റഹീം നോക്കി നിന്നു.
---------------------------------
മേമ്പൊടി:
ഈശ്വരനൊരിക്കൽ വിരുന്നിന്നു പോയി, രാജകൊട്ടാരത്തിൽ വിളിക്കാതെ
കന്മദഗോപുരവാതിലിന്നരികിൽ കരുണാമയനവൻ കാത്തു നിന്നു
അലങ്കാരദീപങ്ങൾ ആർത്തുചിരിച്ചു, അന്തപ്പുരമാകെ കോരിത്തരിച്ചു
വിഭവങ്ങളൊരുങ്ങി, വിദ്വാൻമാരോരുങ്ങി, വിലാസനൃത്തം തുടങ്ങി
ആടകൾചാർത്തിയ തൻമണിവിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു
മധുരപദാര്തങ്ങളായിരം വിളമ്പി, മദിരാചഷകം തുളുമ്പി
ഒരു പിടി ചോറിന്നായ് യാചിച്ചു ദൈവം, ചിരികൾ ഉയർന്നൂ സദസ്സിൽ
ഒരു കാവൽക്കാരൻ വാളോങ്ങി നിന്നൂ, ചിരിച്ചൂ പിൻവാങ്ങി ഭഗവാൻ

പാതാളം ടൂ കേരളം (നർമഭാവന)


'അല്ല രാമാ, നമുക്കൊന്ന് ഭൂമിയിൽ പോയി വിശേഷങ്ങളൊക്കെ അന്വേഷിക്കേണ്ടേ? മരിച്ചു പാതാളത്തിലെത്തി നാല്പത് വർഷം കഴിഞ്ഞപ്പോൾ തിരുമേനിക്കൊരു ആഗ്രഹം. ദൈവത്തിന്റെ സ്വന്തം നാട് ഒന്ന് കാണണമെന്ന്. എപ്പോഴും ഒരു സഹചാരി വേണമല്ലോ. രാമനാണെങ്കിൽ പാതാളത്തിലെത്തിയിട്ടു കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ. രണ്ടു പേരും കൂടെ പാതാള പാസ്പോർട്ടുമായി കേരള എംബസ്സിയിൽ ചെന്നു. സെക്കന്റ്‌ സെക്രട്ടറി ഒടക്ക് വേലായുധനെ കണ്ടു. പാസ്സ്പോർട്ടും വിസഫോമും പലവട്ടം തിരിച്ചും മറിച്ചും നോക്കി. എന്ത് പറഞ്ഞാണ് രണ്ടു വട്ടം കൂടെ നടത്തിക്കാൻ പറ്റുക എന്നാണ് മനസ്സിലിരിപ്പ്. ഒടുവിൽ കണ്ടുപിടിച്ചു. യൂറേക്കാ. എഴുതിയ മഷി നീല കളർ ആണ്. പുതിയ ഫോം കറുത്ത മഷിയിൽ പൂരിപ്പിച്ചു കൊണ്ട് വരാൻ ഉത്തരവിട്ടു. എംബസ്സിയുടെ അപ്പുറത്ത് കാദർക്കാടെ ചായക്കടയിൽ പൂരിപ്പിച്ചു കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് തിരുമേനി' രാമനെ അങ്ങോട്ട്‌ പറഞ്ഞയച്ചു.
പൂരിപ്പിച്ച ഫോം കൊടുത്തപ്പോൾ സെക്രടറി പറഞ്ഞു.
'തിരുമേനി, ഒരാഴ്ച്ചത്തെ വിസയേ പാസാക്കാൻ പറ്റൂ. അതും പെട്ടെന്ന് കിട്ടണമെങ്കിൽ ദൈവം തമ്പുരാൻ എന്ന വിജിലൻസ് ഓഫീസർ കാണാതെ ഒരു അഞ്ഞൂറ് പാതാള പണം തരണം'
'അയ്യോ. അങ്ങിനെ പറയരുത്. നോം ഇക്കൊല്ലം വിഷുവിന് ആരംഭിച്ച എയർ കേരള എന്ന ശകടത്തിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്. പണം ഒരു പ്രശ്നോം ഇല്ല.'
അത് കേട്ടപ്പോൾ സെക്രട്ടറിക്ക് വിഷുവും ഓണവും ഒന്നിച്ചു വന്നത് പോലെയുള്ള സന്തോഷം.
അതോടൊപ്പം തിരുമേനി ഒരു കാര്യം കൂടെ പറഞ്ഞു. 'നോം എല്ലാവരെയും കണ്ടു വരുമ്പോൾ ശ്ശി സമയം വേണം. അത് കൊണ്ട് ചുരുങ്ങിയത് ഒരു മാസത്തെക്കുള്ള വിസ വേണം'
'അപ്പോൾ ഒരു പ്രശ്നം. പണം അയ്യായിരം ആവും'
അതിന്നും തിരുമേനി തയ്യാർ. 
വിസ ശെരിയായി. തിരുമേനിയും രാമനും കൂടെ പാതാളം ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് തന്നെയെത്തി. 
ആദ്യം തന്നെകേട്ട വാർത്ത എയർ കേരള നാല് മണിക്കൂർ ഇരുപത് മിനിട്ട് ലേറ്റ് ആണെന്നായിരുന്നു. കേരളത്തിൽ എയർ ഫ്യൂവൽ അടിച്ചതിന്റെ പൈസ കൊടുക്കാത്തത് കൊണ്ടുള്ള പ്രശ്നം. മന്തിസഭ ഇടപെട്ട് ആ കണക്ക് എഴുതി തള്ളി യാത്ര പുറപ്പെടാൻ അർജെന്റ് മീറ്റിംഗ് കൂടുന്നത്രേ. ഈ കണക്കിന്റെ കാര്യം ഒരു കണക്കാ എന്ന് തിരുമേനി മനസ്സിൽ പറഞ്ഞു.
പറഞ്ഞ സമയത്ത് വീണ്ടും ഒരു വാർത്ത വന്നു. പാതാളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ കേരള AK 47 വീണ്ടും അഞ്ചു മണിക്കൂർ പത്തു മിനിറ്റ് ലേറ്റ് ആണ്.
നല്ല വിശപ്പ്‌. പുറത്ത് പോയി എന്തെങ്കിലും കഴിക്കാമെന്ന് വെച്ചാൽ യമകിങ്ങരന്മാർ സമ്മതിക്കില്ല. എയർ കേരളയുടെ ഒരു ആപ്പീസർമാരെയും കാണാനില്ല. 
ഒടുവിൽ ആ ശകടം വന്നെത്തി. അകത്ത് അടുത്തടുത്ത സീറ്റുകളിൽ തിരുമേനിയും രാമനും ഇരുന്നു. 
'എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ഇടണം'എയർ ഹോസ്റെസ്സിന്റെ ഉത്തരവ്.
'ഏയ്‌ പെമ്പ്രന്നോത്തി. ഈ ബെൽറ്റിന്റെ സ്ട്രാപ് പൊട്ടി കിടക്കുകയാണ്'
തിരുമേനിയുടെ മനസ്സ് സത്യം വിളിച്ചു പറഞ്ഞു.
എയർ ഹൊസ്റ്റെസ് കൊക്ക്പിറ്റിൽ ചെന്ന് ഒരു ചെറിയ കഷണം കയർ കൊണ്ട് വന്ന് തിരുമേനിയെ സീറ്റിൽ വരിഞ്ഞു മുറുക്കി കെട്ടി.
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു. ഫ്ലൈറ്റിൽ ഒരു കട്ടൻ ചായയും രണ്ട് മുറുക്കും കിട്ടി. 
വിഷുവിന് തുടങ്ങുമെന്ന് ഉറപ്പു പറഞ്ഞ എയർ കേരള പറഞ്ഞ പോലെ വിഷുവിന് തുടങ്ങി.
...............................എട്ട് വർഷം കഴിഞ്ഞിട്ടാണെന്ന് മാത്രം.
ഫ്ലൈറ്റ് വട്ടമിട്ടു പറക്കാൻ തുടങ്ങി. ലാന്റിംഗ് ആണെന്ന് ആ പെമ്പ്രന്നോത്തി പറഞ്ഞു. 
ആകെയുള്ള പെട്ടിയുമായി കസ്റ്റംസിലേക്ക് ചെന്നു. ഡ്യൂട്ടി അടച്ചു പുറത്തു കടന്നു.
'ഒരു അഞ്ഞൂറ് രൂപ താ' പുറത്തു നിന്ന ഒരു കപ്പട മീശ തിരുമേനിയോട് പറഞ്ഞു.
'എന്തിനാ അഞ്ഞൂറ്?' തിരുമേനിക്ക് അത്ഭുദം. 
'ദെന്തൂട്ടാ, ഈ കന്നാലിക്കു ഒന്നും അറിയൂലെ? അത് നിങ്ങൾ പെട്ടി കൊണ്ട് വന്നപ്പോൾ ഞങ്ങൾ നോക്കിയില്ലേ? അതിന്റെ നോട്ട കൂലിയാ'
തിരുമേനി പറയുന്നതിന്നു മുമ്പ് രാമൻ രൂപ കൊടുത്തു.
'ഇതേതാ സ്ഥലം?' തിരുമേനിയുടെ ചോദ്യത്തിന്ന് എയർപോർട്ടിൽ നിന്നും പുറത്തു വരികയായിരുന്ന പൈലറ്റ് ആണ് മറുപടി പറഞ്ഞത്.
'ഇത് തൃശ്ശൂരാ'
'ഞങ്ങൾ ടിക്കറ്റ്‌ എടുത്തത്‌ തിരുവനന്തപുരത്തെക്കല്ലേ?'
'അതൊക്കെ ശെരിയാ. പക്ഷെ ഞങ്ങൾ ഇഷ്ടമുള്ളിടത്ത് ഇറക്കും. ഇത് തന്നെ നിങ്ങളുടെ ഭാഗ്യം. മദ്രാസിൽ ഇറക്കാൻ നോക്കിയതാ. അവർ സമ്മതിക്കാത്തത് കൊണ്ടാണ് ഇവിടെ ഇറക്കിയത്. അധികം വേലയെടുക്കേണ്ട. കൂടുതൽ സംസാരിച്ചാൽ പിന്നെ പാതാളം കാണില്ല'.
ഒരു കാർ വാടകക്കെടുത്തു തിരുവനന്തപുറത്തേക്ക് വിട്ടു. ദേഹം മുഴുവൻ വേദനയെടുക്കുന്നു. റോട്ടിൽ നിറയെ കുഴികൾ. കാർ എറണാകുളത്ത് എത്തി. യാത്രാക്ഷീണം കൊണ്ട് തിരുമേനി ഒന്ന് മയങ്ങി. പുറത്ത് വലിയ ഒരു ശബ്ദം കേട്ടത് കൊണ്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. വിവരം അന്വേഷിച്ചു.
'തിരുമേനി, ഇനി നമുക്ക് പോകാൻ കഴിയില്ല. ഹർത്താലാണ്' ഡ്രൈവർ പറഞ്ഞു 
'ഹർത്താലോ, അതെന്തു മാരണമാണ്?'
'AKMS - ലെ ഒരാളെ പോലീസ് പിടിച്ചു. അദ്ധേഹത്തെ വിടാതെ ഹർത്താൽ തീരില്ല. തൊണ്ണൂറ്റിആറ് മണിക്കൂറാണ് ഹർത്താൽ.'
'എന്താണീ AKMS?' തിരുമേനി സംശയം ചോദിച്ചു.
'ആൾ കേരള മോഷണ സംഘം'
ടാക്സിക്കാരന് പണം കൊടുത്തു തിരുമേനിയും രാമനും ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തെത്തി. 
ബന്ധക്കാരുടെ വീടുകൾ സന്ദർശിക്കാൻ തുടങ്ങി. ഒരു വീട്ടിൽ ചെന്നപ്പോൾ ആ വീട്ടിലെ സ്ത്രീ ടീ വീ കാണുന്നു. കരയുകയും ചെയ്യുന്നു. 
'അല്ല ചേച്ചി ആരെങ്കിലും മരിച്ചോ?'രാമൻ ചോദിച്ചു.
'മരിച്ചാൽ ആരെങ്കിലും ഇന്നത്തെ കാലത്ത് കരയോ? ഇത് സീരിയലിന്റെ അയ്യായിരത്തി അറനൂറ്റി എഴുപതാം എപ്പിസോടാണ്. ഇപ്പോഴാണ് അമ്മക്ക് മകളെ തിരിച്ചറിഞ്ഞത്. ഇത്ര കാലം ആ കുട്ടി ആ വീട്ടിൽ ഒരു വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു. അതോർത്ത് കരഞ്ഞതാ'
'തിരുമേനി, ആ പോസ്റ്റ്‌ കണ്ടോ, ഒരു തോർത്ത്‌ വാങ്ങിയാൽ ഒരു വാഷിംഗ് മഷീൻ ഫ്രീ.'
ശെരിയാണ്. അല്ലെങ്കിലും എന്ത് ഫ്രീ കണ്ടാലും വാങ്ങുന്ന ഒരസുഖമുണ്ട് രാമനു. രാമൻ ചെന്ന് വില ചോദിച്ചു. തോര്ത്തിന്നു 4899 രൂപ വില. കടയിൽ കയറിയ അതെ വേഗതയിൽ രാമൻ തിരിച്ചിറങ്ങി.
കോളെജിലേക്ക് പോകേണ്ട സമയത്ത് കുട്ടികൾ കോളേജിൽ നിന്ന് പുറത്തു വരുന്നു. അവരിൽ ഒരാളോട് ചോദിച്ചു. എന്താ ഇന്ന് കോളേജ് ഇല്ലേ?'
അതിന്നു കിട്ടിയ പലരുടേയും മറുപടികൾ രസമായിരുന്നു. 
'അല്ല മൂപ്പില് ചായകളും വെള്ളങ്ങളും ഒക്കെ കഴിച്ചോ?' തിരുവനന്തപുരത്തുകാരൻ 
'കന്നാലി എവിടെന്നാ കുറ്റീം പറിച്ചു വരുന്നത്?' തൃശ്ശൂർക്കാരൻ 
'എടാ ഈ മൂപ്പിലെ എടുത്ത് പുറത്ത് ചാടിക്കോ' കണ്ണൂർക്കാരൻ 
'ജ്ജ് ഏടക്കാ മാണ്ട്ണൂണ്ണീ. നേരം വെളിച്ചാവുമ്പോ കുടിച്ചാണ്ടും പുടിച്ചാണ്ടും വരും. അന്റെ പൂതി പത്ത്മുഗ്ഗായിരം തട്ടാനല്ലേ?' മലപ്പുറത്തുകാരൻ.
'ഞങ്ങൾ പാതാളത്തിൽ നിന്നും വരികയാണ്' തിരുമേനി മറുപടി കൊടുത്തു.
'നുമ്മടെ നാട്ടുകാരനാ കേട്ടാ, എറണാകുളത്ത് വൈപ്പിനിലാണ് നുമ്മ വീട്. തിരുമേനി ഉദ്യോഗമണ്ടലിന്നടുത്ത പാതാളം എന്നാ സ്ഥലത്താണ് അല്ലെ'
' അതല്ല മക്കളെ, ഇന്നെന്താ മക്കൾക്ക്‌ ക്ലാസ് ഇല്ലേ?' തിരുമേനി ചോദിച്ചു. 
'ഞങ്ങൾ ABC എന്ന രാഷ്ട്രീയ സംഘടനയുടെ വിദ്യാർഥികളാണ്. XYZ എന്ന രാഷ്ട്രീയ സംഘടനയുടെ വിദ്യാർഥികൾ ഞങ്ങളെ തോണ്ടി. അത് കൊണ്ട് ഇന്ന് മുതൽ സമരമാണ്'.
'അല്ല, എന്നിട്ട് നിങ്ങൾ എങ്ങോട്ട് പോകുന്നു?' രാമന്റെ ചോദ്യം 
'ഞങ്ങൾ സിനിമക്ക് പോകുന്നു'.
'വീട്ടിൽ പോയി വല്ലതും പഠിച്ചൂടെ?'
'വീട്ടിൽ ചെന്നാൽ അച്ഛനും അമ്മയും എന്തെങ്കിലും പണി ചെയ്യാൻ പറയും. ഇതാകുമ്പോ സമയം പോയി കിട്ടുമല്ലോ'
'നിങ്ങളുടെയൊക്കെ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്നവരുടെ മക്കൾ ഈ കാളേജിൽ പഠിക്കുന്നുണ്ടോ? തിരുമേനിയുടെ ചോദ്യം 
'ഏയ്‌. അവരുടെ മക്കളൊക്കെ കേരളത്തിനു പുറത്താണ് പഠിക്കുന്നത്'
-----------------------------------
ഒരു മാസം കേരളത്തിൽ താമസിക്കാൻ വന്ന തിരുമേനിയും രാമനും ഒരാഴ്ച കൊണ്ട് യാത്ര മതിയാക്കി തിരിച്ചു പാതാളത്തിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി. 
'അല്ല രാമാ, എപ്പോഴും നുണ മാത്രം പറയുന്ന ആൾക്ക് ഹരിശ്ചന്ദ്രൻ എന്ന് പേരിട്ടാൽ എങ്ങിനെയിരിക്കും?'
'എന്താ ഇപ്പൊ തിരുമേനിക്ക് ഇങ്ങിനെ തോന്നാൻ കാരണം?'
അല്ല ആ ബോർഡ് ഒന്ന് വായിച്ചേ' എന്ന് പറഞ്ഞ് തിരുമേനി രാമനു ആ ബോര്ഡ് കാണിച്ചു കൊടുത്തു. രാമൻ ആ ബോര്ഡ് വായിച്ചു..........
'THANKS FOR YOUR VISIT. COME AGAIN TO GOD'S OWN COUNTRY'
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

ബുദ്ധിവരാൻ റിട്ടയേർഡ്‌ ആവണം (നർമഭാവന)


അല്പം നടത്തമൊക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയിട്ടെയുള്ളൂ. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. കയ്യിൽ ഒരു പാട് പേപ്പർ കട്ടിങ്ങുമായി ജബ്ബാർ ഹാജി എന്റെയടുത്തു വന്നു ഒരു ചോദ്യം 'എന്താണ് ഈ റിട്ടയെര്ട് എന്ന് പറഞ്ഞാൽ?'
ഞാൻ അതിന്റെയർത്ഥം ഹാജിയൊട് പറഞ്ഞു കൊടുത്തു.
ഉടനെ അദ്ദേഹം ഒരു കെട്ട് പേപ്പർ കട്ടിംഗ് എന്റെ കയ്യിൽ തന്ന് വായിക്കാൻ ആവശ്യപ്പെട്ടു.
ഞാൻ ആദ്യത്തെ പേപ്പർ വായിച്ചു. കേരളത്തിലെ റോഡുകൾ പൊട്ടി പൊളിയുന്നതിന്റെ കാരണം പ്രതിഭാതിക്കുന്നതായിരുന്നു, ആ ലേഖനം.
ബിറ്റുമെനും മെറ്റലും തമ്മിലുള്ള റേഷ്യോയും അത് ചൂടാക്കുന്നതിന്റെ അളവും കൃത്യമായി കോണ്ട്രാക്റ്റര്മാർ പാലിക്കാത്തതും മറ്റും മറ്റുമാണെന്നു സവിസ്തരം പ്രതിഭാദിക്കുന്നതായിരുന്നു ആ ലേഖനം. എനിക്കാ ലേഖനം വളരെ ഇഷ്ടപ്പെട്ടു.
ആ ലേഖനം എഴുതിയ ദേഹത്തെ ഒന്നനുമോധിക്കാൻ തോന്നി. ലേഖകന്റെ പേര് കണ്ടു പിടിച്ചു. ശ്രീ അലക്സാണ്ടെർ ജോസഫ്‌. ബ്രാക്കറ്റിൽ അദ്ധേഹത്തെ പരിചയപ്പെടുതുന്നുണ്ട്. റിട്ടയെരട് സുപ്പെരെണ്ടിംഗ് എഞ്ചിനീയർ, കേരള
അടുത്ത പത്രകട്ടിങ്ങിലെ ലേഖനം ശ്രദ്ധിച്ചു വായിച്ചു. പോലീസ് സ്റ്റെഷനിൽ സാധാരണക്കാർക്ക് പോലും കേറിചെല്ലാൻ പറ്റാത്ത അവസ്ഥയും പോലീസുകാർ ജനങ്ങളോട് എങ്ങിനെ പെരുമാറണമെന്നും ഡിപാര്ട്ട്മെന്റുകളിൽ രാഷ്ട്രീയകൈകടത്തലുകൾ തെറ്റാണെന്നും പോലീസുകാർ മുഖം നോക്കാതെ കാര്യങ്ങൾ ചെയ്യണമെന്നും ആ ലേഖനത്തിൽ സവിസ്തരം എഴുതിയിരിക്കുന്നു. ആ ലേഖകന്റെ പേര് കാണാൻ തിടുക്കം കൂടി. ശ്രീ നാരായണപിള്ള ഐ.പി.എസ്. ആ പേരിനു ശേഷവും ബ്രാക്കറ്റിൽ 'റിടയെര്ട്' എന്ന് കണ്ടു.
അത് പോലെ മറ്റൊരു ലേഖനത്തിൽ ആർ.ടീ. ഓ. ഓഫീസിലെ തൂണുകൾ പോലും കൈക്കൂലി വാങ്ങുന്നതിനെ പറ്റിയും അതിന്നുള്ള പരിഹാരവും നിര്ധേശിചിരിക്കുന്ന വ്യക്തിയെ ജബ്ബാർ ഹാജിക്ക് പരിചയമുണ്ട്. മൊയിദീൻകുഞ്ഞി, ട്രാഫിക് കമ്മീഷണർ (റിട്ടയെരട്)
പിന്നെയും ലേഖനങ്ങൾ ഒരു പാടുണ്ടായിരുന്നു. എല്ലാം ഇത്തരത്തിലുള്ള ഉപദേശങ്ങളും നിര്ദേശങ്ങളും ആയിരുന്നു. വനം കൊള്ളയെപറ്റിയും ആതു നേരിടേണ്ടതിനെ പറ്റിയും റിട്ടയേർഡ്‌ ഫോറെസ്റ്റ് ഉദ്യോഗസ്ഥനും വിദ്യാഭ്യാസം കച്ചവടചരക്കാക്കുന്നതിനെ പറ്റി റിട്ടയേർഡ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറും കൈക്കൂലിയുടെ മറ്റൊരു അവതാരമായ എലെക്ട്രിസിറ്റി വകുപ്പിനെ പറ്റി റിട്ടയെരട് എലെക്ട്രിക്കൽ ചീഫ് എൻജിനീയറും തുടങ്ങി പലതും ആ ലേഖനങ്ങളിൽ കണ്ടു. ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി ജബ്ബാർ ഹാജിയെ നോക്കി. എന്തോ ഒരു യുദ്ധം കീഴടക്കിയ സന്തോഷം ഹാജിയാർക്ക്.
കുറച്ചു നേരത്തെ മൌനതിന്നു വിരാമമിട്ടു കൊണ്ട് ഹാജിയാർ എന്നോട് ചോദിച്ചു 'അല്ല, ഞമ്മളറിയാണ്ട് ചോദിക്കാ, ഈ ആപ്പീസർമാർക്ക്‌ ജോലിയുള്ളപ്പോൾ ബുദ്ധി ഉണ്ടാവൂലെ? ഇക്കനക്കിന്നു എല്ലാവരും റിട്ടയെരട് ആവേണ്ടി വരും അല്ലെ?'
ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ ഹാജിയാരുടെ ചോദ്യത്തിന്റെ അർത്ഥത്തിന്റെ വലിപ്പം ഞാനോര്തു.
അധികം വൈകാതെ ഹാജിയാര് ആരോടെന്നില്ലാതെ ഒരു ചോദ്യം ചോദിച്ചു കൊണ്ട് യാത്ര പോലും ചോദിക്കാതെ പോയി
'ഇവര്ക്കൊക്കെ ബുദ്ധി വരാൻ റിട്ടയെര്ട് ആവണോ സാർ?'
ഇന്നും ഞാൻ ആ ചോദ്യത്തിന്നു ഉത്തരം അന്വേഷിക്കുകയാണ്. ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല. നിങ്ങൾക്ക് ഉത്തരം അറിയുമോ?????
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>



ബന്ധമെന്നപദത്തിനെന്തർത്ഥം? (കഥ) - ആദ്യഭാഗം


ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. നാളെ എന്റെ പെണ്ണ്കാണൽ ചടങ്ങ്. ഇത് എത്രാമത്തെ പെണ്ണ്കാണൽ ആണെന്ന് ഒരെത്തുംപിടിയും ഇല്ല. നാല്പതു വരെ എണ്ണം കണക്ക് കൂട്ടിയിരുന്നു. പിന്നെ എണ്ണൽ നിറുത്തി. വയസ്സ് ഇരുപത്തിഒമ്പത് കഴിഞ്ഞിട്ട് നാല് വർഷം ആയി. ഇപ്പോഴും കല്യാണം ആലോചിച്ചു വരുന്നവരോട് ഇരുപത്തിഒമ്പത് എന്നെ പറയൂ. ഇരുപത്തിഒമ്പതും മുപ്പതും തമ്മിൽ ഒരു വർഷത്തെ വ്യത്യാസമേയുള്ളൂവെങ്കിലും കേൾക്കുമ്പോൾ ഒരു അസ്കിത. എന്റെ അനുജത്തി ശ്രീവിദ്യക്ക് ഇരുപത്തിഒമ്പത് വയസ്സായി. അവൾ കാണാൻ കുറച്ചു വെളുത്തിട്ടാണ്‌. ഞാൻ കറുത്തിട്ടും. ഒന്ന് രണ്ട് കല്യാണങ്ങൾ ഒഴിഞ്ഞു പോയത്, എന്നെ പെണ്ണ് കാണാൻ വരുന്നവർ യാദ്രിശ്ചികമായി ശ്രീവിദ്യയെ കാണുന്നത് കൊണ്ടാണ്. അതിന്നു ശേഷം എന്നെ പെണ്ണ് കാണാൻ വരുന്ന സമയത്ത് ശ്രീവിദ്യയെ അടുത്ത വീട്ടിലേക്കു പറഞ്ഞയക്കും.ശിരസ്സു താഴ്ത്തി കാൽനഖം കൊണ്ട് വട്ടം വരക്കുന്നതൊക്കെ മടുത്തിരിക്കുന്നു. പഴുവിൽ അമ്പലത്തിൽ നിന്നും രാമായണപാരായണം കേൾക്കുന്നു. ഇവിടെ പളനി മുരുകൻ ആണ്. സമയം അഞ്ചുമണിയായി. അമ്പലക്കുളത്തിന്നടുത്ത ആലിന്റെ ചുവട്ടിൽ വെറുതെ ഇരുന്നു. ആലിന്റെ ചില പ്രത്യേകതകൾ പഠിച്ചത് ഓർത്തു. ആകാശത്തിലുള്ള ഒസോണ്‍ പാളികൾ ഭൂമിയിൽ വരുന്നത് ചില അസുഖങ്ങൾക്ക് കാരണമാണ്. ആ ഒസോണ്‍ പാളികളെ തടഞ്ഞു നിറുത്തുവാനുള്ള കഴിവ് ആലിന്നു ഉണ്ടത്രേ. അടുത്ത വീട്ടിലെ ജമീലു ഇത്താടെ ഭർത്താവ് ജബ്ബാര്ക്ക അച്ഛനോട് പറയുന്നത് കേട്ടതാണ്.
റോഡിലൂടെ നന്ദൻ മാഷ്‌ പോകുന്നത് കണ്ടു. എത്രയോ കുട്ടികളെ വിദ്യ അഭ്യസിപ്പിച്ച നന്ദൻ മാഷ്‌. സ്കൂളിൽ മാർക്ക് കുറയുന്നവരെ പഠിപ്പിക്കുന്ന മാഷ്. വിദ്യ അഭ്യസിപ്പിക്കൽ ഒരു പുണ്യമാണെന്ന് കരുതുന്ന യഥാർത്ഥ മാഷ്‌.
'കുട്ട്യേ, നീ എവിടാ? സന്ധ്യയായില്ലേ. വിളക്ക് വെക്കേണ്ടേ?' മുത്തശ്ശിയുടെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്.
ഞങ്ങൾ വളരെ വലിയ തറവാട്ടുകാരായിരുന്നു. ഇപ്പോൾ ക്ഷയിച്ചു. മുന്നോക്കക്കാരായത് കൊണ്ട് സംവരണവും ഇല്ല. സാമ്പത്തികസംവരണം ഉണ്ടായിരുന്നെങ്കിൽ പഠിക്കാമായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ ഇളയവനായ അച്ഛന് കിട്ടിയത് ചിതലെടുത്ത ഈ നാല്കെട്ടും. അച്ഛന്നും അമ്മയ്ക്കും മാറാത്ത അസുഖവും.
'കുട്ട്യേ, നെനക്ക് എന്താ ഒരു വിഷമം?' മുത്തശ്ശിയുടെ ചോദ്യത്തിന്നു ഒന്നും ഇല്ല എന്ന് മാത്രം മറുപടി കൊടുത്തു.
'പുരനിറഞ്ഞു നിൽക്കുന്ന പെണ്‍കുട്ടി വീട്ടിന്നു ശാപമാണ്' എന്ന് മുത്തശ്ശി പതുക്കെ പറഞ്ഞത് ഞാൻ കേട്ടിട്ടും കേൾക്കാത്ത പോലെ നിന്നു. ശെരിയല്ലേ ആ പറഞ്ഞത്.
മുത്തശ്ശിയുടെ ഇരു വശങ്ങളിലുമായിട്ടാണ് ഞാനും ശ്രീവിദ്യയും രാത്രിയിൽ ഉറങ്ങാറ്. ഞങ്ങൾക്ക് ഉറക്കം വരുന്നത് വരെ പഴയ കഥകളെല്ലാം മുത്തശ്ശി പറഞ്ഞു തരും. മുത്തശ്ശൻ മുത്തശ്ശിയെ പെണ്ണ് കാണാൻ വന്നതും ഒക്കെ. കേൾക്കാൻ എന്ത് രസമാണെന്നോ.
അച്ഛനും അമ്മയ്ക്കും കഷായം കൊടുത്തു. അമ്മക്ക് കുളിമുറിയിൽ പോകാൻ പിടിച്ചു കൊണ്ട് പോയി. അടുക്കളയിൽ നിന്ന് തന്നെ കിണറ്റിൽ നിന്നും വെള്ളം കോരാനുള്ള സൌകര്യമുള്ളത് കൊണ്ട് രാത്രിയിലും വെള്ളം കോരാൻ എളുപ്പമാണ്.
നേരം വെളുത്തു. ഒരു പുതുമയും തോന്നിയില്ല. മുത്തശ്ശി നീട്ടി വിളിച്ചു 'കുട്ട്യേ, നീ ഇത്രടം ഒന്ന് വന്നേ'
മുത്തശ്ശിയുടെ അടുത്ത് ചെന്നു. 'ഞാൻ നെന്നെയല്ല വിളിച്ചത്. ആ ശ്രീവിദ്യയെയാണ്' മുതശ്ശിക്ക് എല്ലാവരും കുട്ടിയാണ്. വിളികേട്ടു ശ്രീവിദ്യ മുത്തശ്ശിയുടെ അടുത്ത് ചെന്നു. ' നീ അവര് വരുമ്പോൾ പടിഞ്ഞാറെ ജമീലൂന്റെ വീട്ടില് പോണംട്ടാ' പതിവ് പല്ലവി മുത്തശ്ശി ആവർത്തിച്ചു. അതിനാണ് വിളിച്ചതെന്ന് ശ്രീദേവിക്ക് മുൻകൂട്ടി അറിയാം. ഇതെത്ര കേട്ടിരിക്കുന്നു. എന്റെ കല്യാണം കഴിയാൻ എന്നേക്കാൾ തെരക്ക് ശ്രീദേവിക്കാണ്. അത് പിന്നെ അങ്ങിനെയല്ലേ വരൂ. 'ട്യേ ഇത്രടം ഒന്ന് വന്നെ' ആ വിളി അമ്മയെയാണ്. അമ്മ കഷ്ടപ്പെട്ട് മുത്തശ്ശിയുടെ അടുത്തെത്തി. കുളിമുറിയിൽ വീണതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ലെന്ന് ആ നടപ്പ് കണ്ടാൽ അറിയാം. 'വരുന്നവർക്കുള്ളതൊക്കെ ഒരുക്കിയിട്ടുണ്ടല്ലോ?' അതും മുത്തശ്ശിയുടെ പതിവ് ചോദ്യം. എല്ലാം ശെരിയാക്കിയിട്ടുണ്ടെന്നും ജമീലു ഇത്ത ചിറ്റയെ അടുക്കളയിലും മറ്റും സഹായിക്കുന്നുണ്ടെന്നും അമ്മ മുത്തശ്ശിയെ പറഞ്ഞു മനസ്സിലാക്കി. അല്ലെങ്കിലും ആ ഇത്തയും ഇക്കയും എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിക്കാറുണ്ട്. അയൽവാസി പട്ടിണി കിടന്നിട്ടു മക്കത്തു പോയി ഹജ്ജ് ചെയ്തിട്ട് പുണ്യമില്ലെന്നു അവരുടെ വേദത്തിൽ പറയുന്നുണ്ടത്രേ. ജമീലു ഇത്താടെ ഭർത്താവ് ഗൾഫിലാണ്. ഒരു പാട് അറിവുണ്ട് ആ ഇക്കാക്ക്. അവരുടെ വേദത്തിൽ 6666 വാക്കുകൾ ഉണ്ട്, അത് പോലെ നമ്മുടെ വേദങ്ങളിലും 6666 ഉപനിഷത്തുകൾ ആണെന്ന് ആ ഇക്ക പറഞ്ഞു തന്നു.
'കുട്ട്യേ, ആ വെറ്റ്ല ചെല്ലം ഒന്നെടുത്തെ' ഞാൻ മുത്തശ്ശി പറഞ്ഞ പോലെ ചെയ്തു. കൂടാതെ മുത്തശ്ശിയുടെ കട്ടിലിന്നടിയിലുള്ള കോളാമ്പിയും മുത്തശ്ശിക്ക് കയ്യെത്താവുന്ന അടുത്തേക്ക് നീക്കി വെച്ച്. 'ടാ രാഘോ, നീ ജനുവിനോട് പറഞ്ഞില്ലേ' അച്ഛനോടാണ് ചോദ്യം.
രാഘവൻ എന്ന അച്ഛൻ, അച്ഛന്റെ അനുജൻ ജനാർധനനോട്‌ പെണ്ണ് കാണൽ ചടങ്ങ് പറഞ്ഞില്ലേ എന്നാണു ചോദ്യം 'ഉവ്വ് പറഞ്ഞു അമ്മെ എന്ന് കോലായിലുള്ള അച്ഛൻ മറുപടി കൊടുത്തു.
'ആ മുസ്ലിം പെണ്ണ് നമ്മുടെ വേലക്കാരത്തി ഒന്നും അല്ല, അവരെ പണിയെടുപ്പിച്ച് കഷ്ടപെടുത്തരുത്. കേട്ടോ കുട്ട്യേ'
'അവരോട് ഒരു പണിയും എടുക്കേണ്ടായെന്ന് പറഞ്ഞാലും ഇതെന്താ എന്റെ വീട് പോലെ തന്നെയാണ് എന്നാണു അവർ പറയുന്നത്'.
അമ്മയുടെ മറുപടി കേട്ടപ്പോൾ മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ല.
'ശ്രീദേവ്യേ, ഒന്ന് വന്നെ' ജമീലു ഇത്തയാണ്.
എന്താ ഇത്താ എന്ന് ചോദിച്ചു അടുക്കളയിലേക്കു ചെന്നു.
'നീ എന്താ സ്വർണം ഒന്നും ഇടാത്തേ'
'കുറച്ചു നാൾ കമ്പ്യൂട്ടർ പഠിപ്പിക്കാൻ ചെന്നപ്പോൾ കിട്ടിയ ശമ്പളത്തിൽ നിന്നും വീട്ടിലെ ചിലവും അച്ഛനും അമ്മയ്ക്കും മുതശ്ശിക്കും മരുന്ന് വാങ്ങിയതും കഴിച്ചു മിച്ചം വന്നത് എടുത്തു വാങ്ങിയ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ മോഹമായിരുന്ന ആലിലകണ്ണന്റെ ചിത്രമുള്ള ഒരു ലോകെറ്റും അത് ഇടാനുള്ള ഒരു മാലയും. അത് മാത്രമേ ഈ വീട്ടിൽ പൊന്നിൻതരിയായിട്ടുള്ളൂ എന്ന് ഞാൻ മറുപടി കൊടുത്തു.
'ശെരി, നീ വേഗം കുളിച്ചു ആ മാല ഇട്ടിട്ടു വാ, അവര് വരാറായി.' ജമീലു ഇത്ത പറഞ്ഞ പോലെ ഞാൻ ചെയ്തു.
കുളി കഴിഞ്ഞെത്തിയപ്പോൾ ജമീലു ഇത്ത എന്റെ കൈ പിടിച്ചു ഓരോ കയ്യിലും ഓരോ വള വീതം ഇട്ടു.
'ദേ, അവരിങ്ങെത്തി' അച്ഛന്റെ ശബ്ദം. മുത്തശ്ശി പെട്ടെന്ന് ശ്രീവിദ്യയെ പിന്നിലെ വാതിലൂടെ ജമീലു ഇത്താടെ വീട്ടിലേക്കു പറഞ്ഞയച്ചു.
കോലായിലേക്ക് നോക്കി. അവിടെ മനക്കലെ തിരുമേനിയും ഷാരത്ത് നിന്നും ഷാരടിയും വന്നിട്ടുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ ചെറുക്കനും വീട്ടുകാരും എത്തി. ആദ്യത്തെ കാഴ്ചയിൽ തന്നെ എനിക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടമല്ലല്ലോ വിഷയം. ചെറുക്കന്നും വീട്ടുകാര്ക്കും എന്നെ ഇഷ്ടപെടുമോ എന്നതാണല്ലോ നോക്കേണ്ടത്.
'മോളെ, ഈ ചായ അങ്ങോട്ട്‌ കൊണ്ട് കൊടുക്ക്‌' ജമീലു ഇത്താടെ നിർദേശം കേട്ടപ്പോൾ ട്രേയിൽ ചായയുമായി അവരുടെ അടുത്തേക്ക് ചെന്നു.
'അവർക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ സംസാരിചോട്ടെ' ചെക്കന്റെ അടുത്തുള്ള ആരോ ആരോടെന്നില്ലാതെ പറഞ്ഞു.
ചെറുക്കൻ എഴുനേറ്റു അകത്തോട്ട് വന്നു. ഞാനും കൂടെ ചെന്നു.
'എന്റെ പേര് ഗോകുൽ. എന്നെ ഇഷ്ടമായോ?'
പെരുത്ത്‌ ഇഷ്ടമായി എന്ന് പറയാനാണ് നാവ് പൊന്തിയത്. ശബ്ദം കുറച്ചു 'ഉം' എന്ന് മാത്രം പറഞ്ഞു
പിന്നെ എന്തൊക്കെയോ ചോദിച്ചു. ഒറ്റവാക്കിൽ എന്തൊക്കെയോ മറുപടിയും കൊടുത്തു.
അദ്ദേഹം സിറ്റിംഗ് റൂമിലേക്ക്‌ പോയി.
അദ്ദേഹത്തിന്റെ അടുത്തിരുന്ന ആളോട് അദ്ദേഹം എന്തോ സ്വകാര്യമായി പറയുന്നത് കണ്ടു.
'സാധാരണ പിന്നെ പറയാം എന്നാണല്ലോ എല്ലാ പയ്യന്മാരും അവരുടെ ബന്ധക്കാരും പറയാറ്. പക്ഷെ
ഗോകുലിന്ന് ശ്രീദേവിയെ ഇഷ്ടമാണെന്ന് പറയുന്നു. ഞാൻ ഗോകുലിന്റെ അളിയനാണ് ഗോപാലൻ നായർ'
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. ഗോകുൽ അകത്തേക്ക് കള്ളനോട്ടം നോക്കുന്നത് കണ്ടു. എന്നെയാണെന്ന് മനസ്സിലായി. ഞാൻ ചിരിച്ചു, അത് കണ്ടു ഗോകുലും ചിരിച്ചു.
അപ്പോഴാണ്‌ ഗോകുലിന്റെ മൊബൈൽ ഫോണ്‍ റിംഗ് ചെയ്തത്. ഒരു പാട് പ്രാവശ്യം ഹലോ എന്ന് ഗോകുൽ പറയുന്നത്‌ കേട്ടു. റേഞ്ച് ഇല്ലെന്നു തോന്നുന്നു. അല്ലെങ്കിലും വീടിന്റെ പുറത്തു പോയാലെ റേഞ്ച് കിട്ടൂ. ഗോകുൽ പുറത്തേക്കു നടന്നു.
ഫോണ്‍ വിളി കഴിഞ്ഞു ഗോകുൽ തിരിച്ചു വന്നു. അളിയനോട് എന്തോ പറഞ്ഞു. രണ്ടു പേരും കൂടെ വീണ്ടും പുറത്തേക്കു പോയി. അവർ തിരുമേനിയെ വിളിച്ച് എന്തോ പറഞ്ഞു. വന്നവരെല്ലാം യാത്ര പറഞ്ഞു പോയി. പോകുമ്പോൾ ഗോകുൽ എന്നെ നോക്കുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല.
അവർ പൊയതിന്ന് ശേഷം ബ്രോക്കർ, അച്ഛനുമായി സംസാരിച്ചു
പറയുന്നതിൽ വിഷമം തോന്നരുത്. വിഷമം തോന്നുകയില്ലെന്നറിയാം. ഗോകുൽ ഫോണ്‍ വിളിക്കുമ്പോൾ റേഞ്ച് ഇല്ലാത്തത് കൊണ്ട് പുറത്തു പോയിരുന്നല്ലോ, അപ്പോൾ അടുത്ത വീട്ടിൽ ഒരു കുട്ടിയെ കണ്ടു. അവനു വളരെയധികം ഇഷ്ടപ്പെട്ടു. അന്വേഷിച്ചപ്പോൾ ഇവിടെത്തെ ഇളയകുട്ടിയാണെന്ന് മനസ്സിലായി. അവനു ആ കുട്ടിയെ ആണ് ഇഷ്ടം. എന്തായാലും ഈ വീട്ടിലെ തന്നെ കുട്ടിയാണല്ലോ? ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.' കേട്ടപ്പോൾ ഭൂമി പിളരുന്ന പോലെ എനിക്ക് തോന്നി.
വീട്ടിൽ ചർച്ചക്ക് വന്നപ്പോൾ പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഒടുവിൽ ഞാൻ തന്നെ ജമീലു ഇത്താട് എന്റെ അഭിപ്രായം പറഞ്ഞു. 'ശ്രീദേവിയുടെ കല്യാണത്തിന്നു എനിക്ക് സമ്മതമാണ്. എനിക്ക് ഒരു വിഷമവും ഇല്ല. ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുത്.'
'മോളെ, നിനക്ക് വിഷമമില്ലെന്നു പറഞ്ഞാലും വിഷമമുണ്ടെന്നു ഞങ്ങൾക്കറിയാം. സാരമില്ല. അള്ളാഹു എന്തെങ്കിലും നല്ല മാർഗം കാണുന്നുണ്ടാവും.'
ശെരിയാണ് ആ വിശ്വാസമാണ് എന്നെ ജീവിപ്പിക്കുന്നത്‌. അല്ലെങ്കിൽ തന്നെ ഭഗവത് ഗീതയിൽ പറയുന്നുണ്ടല്ലോ 'സംഭവിച്ചതെല്ലാം നല്ലതിന്ന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്ന്, സംഭവിക്കാൻ പോകുന്നതും നല്ലതിന്ന്' എന്ന്.
അവർക്ക് ഡിമാന്റ് ഒന്നും ഇല്ലെന്നു പറഞ്ഞാലും എന്തെങ്കിലും സ്വർണം ഇടാതെ എങ്ങിനെയാ ശ്രീവിദ്യയെ പറഞ്ഞയക്ക്യ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടപ്പോൾ എന്റെ കയ്യിലുള്ള ആലിലക്കണ്ണന്റെ ലോക്കറ്റും മാലയും ഞാൻ തന്നെ ശ്രീവിദ്യയുടെ കഴുത്തിലിട്ടു.
'വേണ്ട ചേച്ചി, അത് ചേച്ചി മോഹിച്ചിട്ടു വാങ്ങിയതല്ലേ?'
'അത് സാരമില്ല, നിനക്കാണത് ഇപ്പോൾ വേണ്ടത്' എന്ന് പറഞ്ഞു ഞാൻ നിർബന്ധിച്ചു അവളുടെ കഴുത്തിൽ മാലയിട്ടു.
'എന്റെ കല്ല്യാണം കഴിഞ്ഞാലും ഈ കടം ഞാൻ വീട്ടും'
'വേണ്ട മോളെ, ഇത് കടമല്ല, എന്റെ കടമയാണ്. നമ്മൾ തമ്മിൽ കണക്കു പറയാവുന്ന ബന്ധമല്ലല്ലോ?'
അങ്ങിനെ ശ്രീവിദ്യയുടെ കല്യാണം കഴിഞ്ഞു. ഒരു മാസ്സത്തിന്നു ശേഷം ശ്രീവിദ്യയും ഗോകുലും ഗൾഫിലേക്ക് പോയി. ഇതിനിടെ ശ്രീവിദ്യ ഗൾഫിൽ വെച്ച് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു എന്നറിഞ്ഞു. ശേഷം അവർ നാട്ടിൽ വന്നിട്ടില്ല. വീട്ടുചിലവിന്ന് പണം ഉണ്ടാക്കാനും എന്റെ മാനസിക സമാധാനത്തിന്നും വേണ്ടി കമ്പ്യൂട്ടർ പഠിപ്പിക്കുന്ന ജോലിക്ക് വീണ്ടും പോയി തുടങ്ങി.
>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

പഴയൊരു കുറ്റാന്വേഷണം (നർമഭാവന)


((( ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജീവിക്കാനിരിക്കുന്നവരോ ആയ ആരുമായി ബന്ധമില്ല. അങ്ങിനെ തോന്നുന്നുവെങ്കിൽ യാദൃശ്ചികം മാത്രം. ഇതിലെ ജബ്ബാർ ഞാനല്ല, ആരാന്റമ്മയാണെ സത്യം. 1960 കാലഘട്ടത്തിലെ കഥയാണ്‌)
അതിശയിപ്പിക്കുന്ന ഒന്നായിരുന്നു വർഗീസേട്ടൻ ഇസ്മായിൽകുട്ടിയോട് പറഞ്ഞത്... തന്റെ വീട്ടിൽ ചോറ് തിളച്ചു വരുമ്പോൾ അതിൽ നിറയെ പുഴുക്കൾ ഉണ്ടാവുന്നു. സാത്താന്റെ വേല ആണിതെന്നാണ് മഷിനോട്ടക്കാർ പറഞ്ഞത്. ഇസ്മായിൽകുട്ടിയുടെ അഭിപ്രായം അറിയാനാണ്‌ വർഗീസേട്ടൻ വന്നത്.
ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആലോചിക്കുകയാണ്. കൂടെ മകൻ ജബ്ബാറും.
നടക്കുന്നതിനിടയിൽ ഇസ്മായിൽകുട്ടി ജബ്ബാറിനോട്‌ ചോദിച്ചു..'നമുക്ക് ആ വഴിക്കൊന്ന് അന്വേഷിച്ചാലോ?'
ഏത് വഴിയെന്ന് അറിയാത്ത 10 വയസ്സായ ജബ്ബാർ അത് സമ്മതിച്ചു.
'അപ്പോൾ വർഗീസെ, നാളെ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വരും. വരുന്ന വിവരം ആരോടും പറയരുത്. ഞങ്ങൾക്ക് ആ പരിസരം ഒന്ന് പരിശോധിക്കണം. എന്റെ വാല് ജബ്ബാറും ഉണ്ടാവും. ഞങ്ങൾക്ക് ചായ വേണം. എനിക്ക് കുറച്ചു തെരുപ്പ്‌ ബീഡിയും'.
വർഗീസേട്ടൻ പോയപ്പോൾ ഉപ്പാട് ജബ്ബാർ ചോദിച്ചു.. 'ഉപ്പ പറഞ്ഞില്ലേ.. ആ വഴിയിലൂടെ അന്വേഷിക്കാമെന്ന്. അതേതാ വഴി?'
'അതൊക്കെ പുളുവടിച്ചതാ' എന്നായിരുന്നു ഇസ്മായിൽകുട്ടിയുടെ മറുപടി.
പിറ്റേന്ന് പറഞ്ഞ പോലെ വർഗീസേട്ടന്റെ വീട്ടിലേക്ക് ഇസ്മായിൽകുട്ടിയും ജബ്ബാറും കൂടെ പോയി.
'വർഗീസെ ഇവിടെ ഉള്ളവരെ എല്ലാം വിളിക്കൂ'. ഇസ്മായിൽകുട്ടിയുടെ വാക്ക് കേട്ടപ്പോൾ വർഗീസിന്റെ അമ്മച്ചി മേരി, ഭാര്യ അന്നം, പിന്നെ എട്ട് വയസ്സായ മകൻ ഷിന്റോ, പിന്നെ അടുക്കള സഹായത്തിനെത്തിയ ലിസ്സി....... എല്ലാവരും വന്നു. അമ്മച്ചി ചാരുകസേരയിലും മറ്റുള്ളവർ എഴുനേറ്റ് നിന്നു. ലിസ്സി അടുക്കള വാതിലിന്നടുത്തും.
'ഇവിടെ ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത്?' സീഐഡികളുടെ അന്വേഷണം ആരംഭിച്ചു.
'ലിസ്സിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.. അന്നം സഹായിക്കും' വർഗീസാണ് മറുപടി പറഞ്ഞത്.
'അന്നയുണ്ടാക്കുന്ന ഭക്ഷണം ഞാൻ കഴിക്കാറില്ല. തീരെ സ്വാദ് ഇല്ല' അമ്മച്ചിയുടെ വാക്കിൽ അമ്മായിമ്മപ്പോരിന്റെ മണം.
'ജബ്ബാറേ, ആ പുഴുവിന്റെ ഡമ്മി കൊണ്ട് വാ' ഇസ്മായിൽകുട്ടി പറഞ്ഞപോലെ ജബ്ബാർ പുഴുവിന്റെ ഡമ്മി കൊണ്ട് കൊടുത്തു. അതെടുത്ത് അടുക്കളയുടെ ജനൽവഴി അടുപ്പിൽ വെച്ചിട്ടുള്ള കലത്തിലേക്ക്‌ ഇസ്മായിൽകുട്ടി എറിഞ്ഞു. പക്ഷെ, നിരാശയായിരുന്നു ഫലം.
'ജബ്ബാറേ, അടുപ്പിൽ നിന്നും അടുക്കള വാതിൽ വരെയുള്ള ദൂരം അളക്കൂ'
ജബ്ബാർ അളന്നിട്ടു പറഞ്ഞു - ആറടി പതിനാലു ഇഞ്ച്.
അന്നയുടെ വീടെവിടെയാ എന്ന ഇസ്മായിൽകുട്ടിയുടെ ചോദ്യത്തിന് പോക്കൊത്തുംകടവിൽ എന്നവൾ മറുപടി കൊടുത്തു.
'ലിസ്സി ഇങ്ങോട്ട് വരൂ' അടുക്കള വാതിലിന്നടുത്ത് നിൽക്കുകയായിരുന്ന ലിസ്സി അവരുടെ അടുത്ത് വന്നപ്പോൾ ഇസ്മായിൽകുട്ടി ചോദിച്ചു 'മോൾക്ക്‌ കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കാൻ പറ്റുമോ?' ഉവ്വെന്നു ലിസ്സി പറഞ്ഞപ്പോൾ അതുണ്ടാക്കാൻ ഇസ്മായിൽകുട്ടി ആവശ്യപ്പെട്ടു.
അവൾ അടുക്കളയിലേക്കു പോയപ്പോൾ അവളെപ്പറ്റി വര്ഗീസിനോട് അന്വേഷിച്ചു. അവൾ രണ്ടു വയസ്സ് മുതൽ ഒരു കന്യാസ്ത്രീ മഠത്തിൽ വളരുന്ന കുട്ടിയാണെന്നും നല്ല ദൈവഭയമുള്ളവളാണെന്നും മറ്റു കാര്യങ്ങളും വർഗീസ്‌ പറഞ്ഞു.
അവൾക്ക് എത്രയാണ് ശമ്പളം കൊടുക്കുന്നത്? ജബ്ബാർ ചോദിച്ചു.
'അങ്ങിനെയൊന്നുമില്ല. അമ്പു പെരുന്നാളിന്നു അവൾക്കു കുറച്ചു പൈസ കൊടുക്കും. പിന്നെ ഈ വീട്ടിലെ ഒരു അംഗത്തെ പോലെയാണവൾ. ഇനി അവളുടെ കല്യാണം ആവുമ്പോൾ എന്തെങ്കിലും പൊന്ന് കൊടുക്കണം.' അന്നയാണതു പറഞ്ഞത്.
അവൾക്കെത്ര വയസ്സായി എന്ന ചോദ്യത്തിന് 28 എന്ന് മറുപടി കൊടുത്തു അന്ന.
പെട്ടെന്നാണ് ഇസ്മായിൽകുട്ടി പുറത്തേക്കു ഓടിയത്. കൂടെ ജബ്ബാറും ഓടി. എല്ലാവരും പകച്ചു നിൽക്കുമ്പോൾ ഒരാളെയും പിടിച്ചു കൊണ്ട് ഇസ്മായിൽകുട്ടി അകത്തേക്ക് വന്നു.
'ഇതാരാ?' എന്ന ചോദ്യത്തിന് പറമ്പ് കിളക്കുന്ന മൂസക്കയാണെന്ന് വർഗീസ്‌ മറുപടി കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ സീഐഡീകൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ തെങ്ങിൽ കയറി കള്ള് ചെത്തുന്നത് ശ്രദ്ധയിൽ പെട്ടു. അയാളെയും ചോദ്യം ചെയ്യാൻ വിളിച്ചു.
എല്ലാവരോടുമായി ഇസ്മായിൽകുട്ടി പറഞ്ഞു... നാളെ കാലത്ത് പത്തു മണിക്ക് ഇവിടെ നിങ്ങളെല്ലാം ഉണ്ടാവണം. എനിക്ക് നിങ്ങളെ .....' ഇസ്മായിൽകുട്ടി പറയുന്നതിന് ഇടയിൽകയറി ജബ്ബാർ പറഞ്ഞു 'നമ്മൾക്ക്" 'അതെ ഞങ്ങൾക്ക് നിങ്ങളെ ചോദ്യം ചെയ്യണം'
'അള്ളാ, നാളെ വരാൻ പറ്റില്ല. നാളെ എനിക്ക് പൊഞ്ഞനം വേല കാണാൻ പോണം' മൂസയാണത് പറഞ്ഞത്
'ആ വേല കയ്യിലിരിക്കട്ടെ. എന്റെ ചോദ്യം കഴിഞ്ഞിട്ട് വേലയ്ക്കു പോയാൽ മതി.'
അവർ സമ്മതിച്ചു.
'പിന്നെ ഒരു കാര്യം. ഞാൻ നാളെ വരുമ്പോൾ നുണ പരിശോധനായന്ത്രം കൊണ്ട് വരും. അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ നുണയാണെങ്കിൽ ആ മെഷീൻ അത് പറയും. കേട്ടോ'. ജബ്ബാറിന്റെ വാക്ക്കേട്ടപ്പോൾ മൂസക്ക പറഞ്ഞത് ഇങ്ങിനെയാണ്‌ 'ഞങ്ങൾ നുണ പറയുകയാണെന്ന് നുണ പറയുന്ന യന്ത്രം പറഞ്ഞാൽ ആ യന്ത്രം നുണ പറയുകയാണെന്ന് ഞങ്ങൾ പറയും'
അവരതിന് മറുപടി കൊടുത്തില്ല.
പിറ്റേന്ന് എല്ലാവരും കൃത്യസമയത്ത് തന്നെ എത്തി. അധികം വൈകാതെ തന്നെ ഒരു ബീഡി വലിച്ചു പുക വിട്ടു കൊണ്ട് ഇസ്മായിൽകുട്ടി പറഞ്ഞു...'പുഴുവിനെ കൊണ്ട് വന്നിട്ട ആളെ മനസ്സിലായി. ഇനി അതിന്റെ കാരണം സത്യമായി പറഞ്ഞാൽ ഐപീശീ തൊണ്ണൂറ്റി നാല്പത്തേഴു സെക്ഷൻ ഏഴു പ്രകാരം നിങ്ങൾക്ക് മാപ്പ് സാക്ഷിയാകാം.'
തികഞ്ഞ നിശബ്ധത. മൂസക്ക പേടിച്ചു വിറക്കുകയാണ്. വേലയ്ക്കു പോകാൻ പറ്റില്ല. ആകെ പ്രശ്നം.
'അപ്പോൾ നിങ്ങളാരും സത്യം പറയില്ല അല്ലെ മൂസക്കാ?' ജബ്ബാറാണത് ചോദിച്ചത്
കൈ പിന്നിൽ കെട്ടി ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പെട്ടെന്ന് ഇസ്മായിൽകുട്ടി ലിസ്സിയോടു ചോദിച്ചു.
'ലിസ്സി നിനക്കീ ഐഡിയ പറഞ്ഞ ആളെ എനിക്കറിയാം. അത് നീ പറയുന്നതാണ് ശെരി. അതിന്റെ കാരണവും നീ തന്നെ പറയുക'
അവൾ പൊട്ടി കരഞ്ഞു കൊണ്ട് ആ സത്യം പറഞ്ഞു.
അവൾക്കു വടക്കെലെ സണ്ണിയുമായി ഒരടുപ്പം. ഭക്ഷണത്തിൽ ഇങ്ങിനെ ചെയ്‌താൽ അവളെ അവളുടെ വീട്ടിലേക്കോ മഠത്തിലെക്കോ കൊണ്ട് ആക്കുമെന്നും അല്ലാതെ ഈ വീട്ടിൽ നിന്നാൽ ഒരിക്കലും അവർ കല്യാണം നടത്തി കൊടുക്കില്ലെന്നും മരണം വരെ അവിവാഹിതയായി വേലക്കാരി ആയി ജീവിക്കേണ്ടി വരുമെന്നും അവളെ ഉപദേശിച്ചത് സണ്ണിയാണെന്നും അവൾ തുറന്നു പറഞ്ഞു.
അങ്ങിനെ കുറ്റം നടത്തിയ ആളെ പിടിച്ച സന്തോഷത്തിൽ എല്ലാവരും നിൽക്കുകയാണ്. അപ്പോൾ വർഗീസേട്ടൻ എല്ലാവരും കേൾക്കെ ഇങ്ങിനെ പറഞ്ഞു. ‘ജബ്ബാറിന്റെ ഉപ്പയായി ജനിച്ചതാണ് ഇസ്മായിൽകുട്ടിയുടെ ഭാഗ്യം’.
തെങ്ങിൽ കയറി കള്ള് ചെത്തുന്നതിനിടക്ക് ഈ സംഭവം കണ്ടത് തന്നോട് പറഞ്ഞ ചെത്തുകാരനോട് ചെവിയിൽ നന്ദി പറഞ്ഞു സീഐഡികൾ സ്ലോമോഷനിൽ പുറത്തേക്കു പോയി.
----------------------------------------------
മേമ്പൊടി:
എല്ലാ കുറ്റവാളികളും എന്തെങ്കിലും ഒരു തെളിവ് അവരറിയാതെ ഇട്ടുപോകും.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

നുറുങ്ങ് ചിന്തകൾ


ചിലരുടെ വാളില്‍ ഞാനിങ്ങിനെ കാണാറുണ്ട്‌. "എനിക്ക് 5000 ഫ്രണ്ട്സ് തികയാറായി. അത് കൊണ്ട് പുതിയ ആളുകള്‍ക്ക് ചേരാന്‍ വേണ്ടി എന്റെ ഫ്രണ്ട്സില്‍ നിന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന തരത്തിലുള്ള കുറച്ചാളുകളെ അണ്‍ഫ്രണ്ട് ആക്കുന്നു". എന്ന്.
എനിക്കങ്ങിനെ എഴുതാന്‍ കഴിയില്ല. കാരണം നാലഞ്ചു വര്‍ഷം മുമ്പ് ഞാനീ ഫേസ്ബുക്കില്‍ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ തകൃതിയായി ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാറുണ്ടായിരുന്നു. അതിന്റെ പേരില്‍ പലപ്പോഴും എന്റെ അക്കൗണ്ട്‌ ദിവസത്തേക്കും ആഴ്ചയിലും ബ്ലോക്ക് ആവാറുണ്ടായിരുന്നു. എന്നെ അറിയാത്ത ഒരുപാടാളുകള്‍ അന്ന് എന്റെ ഫ്രണ്ട് ആയി ചേര്‍ന്നു. അങ്ങിനെ നൂറു ഫ്രണ്ട്സ് ആയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അഞ്ഞൂറ് ആയപ്പോള്‍ എന്റെ സന്തോഷത്തിനു ആക്കം കൂടി.. ആയിരം ആയപ്പോള്‍ ഞാന്‍ നിലത്തൊന്നുമല്ല നിന്നത്. ഇപ്പോള്‍ 4864 ഫ്രണ്ട്സ് ആയി. ഫൈക് id ആണെന്നുറപ്പായവരെ ഞാന്‍ ഫ്രണ്ട് ആക്കാറില്ല. അപ്പോള്‍ അയ്യായിരം കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഫ്രണ്ട്സിനെ ചേര്‍ക്കാന്‍ കഴിയില്ലല്ലോ എന്ന് കരുതി ആദ്യം എഴുതിയ പോലെ എന്നെ ഞാന്‍ പോലും അറിയാത്ത കാലത്ത് എന്‍റെ അപേക്ഷ സ്വീകരിച്ചു എന്നെ ഹൃദയത്തില്‍ വെച്ച് സ്വീകരിച്ചവരെ ഞാനെങ്ങിനെ മറക്കും. ശെരിക്കും പറഞ്ഞാല്‍ അന്നൊക്കെ എന്റെ റിക്വസ്റ്റ് പ്രകാരം എന്റെ ഫ്രണ്ട്സ് ആയവരാണ്‌ എന്നെ ഈ നാലാളറിയുന്ന നിലക്ക് എത്തിച്ചത്. പുതിയ ആളുകള്‍ക്ക് ചേരാന്‍ വേണ്ടി അവരെ വെട്ടി പുറത്താക്കുക എന്നത് എന്നെ ഞാന്‍ തന്നെ വെട്ടിമാറ്റുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവരാണെന്റെ എല്ലാം. പണ്ട് കിടന്ന കിടക്ക മറക്കുന്നവനല്ല ഞാന്‍. ഇനി അവരോടു ഒഴിഞ്ഞു പോകാന്‍ ഞാന്‍ പറയില്ല. ഒഴിഞ്ഞു പോകരുതെന്നേ ഞാന്‍ പറയൂ. പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ആളുകളെ മറക്കുന്ന സ്വഭാവം എനിക്കില്ല. എന്റെ അരോചകമായ, ആവര്‍ത്തനവിരസതയുള്ള രചനകള്‍ വായിച്ചിട്ടും എന്നെ സഹിക്കുന്ന അവരെ ഞാന്‍ മറക്കുകയോ? ഒരിക്കലുമില്ല.
SHERIFF IBRAHIM, Darussalam, Thriprayar

മുഖലക്ഷണം (ജീവിതാനുഭവം)


ആയിരത്തിതൊള്ളായിരത്തി അറുപത്തേഴിൽ, ഞാനന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു. ഞാനും എന്റെ കൂട്ടുകാരൻ മുഹമ്മദാലിയും കൂടി തൃപ്രയാർ ഏകാദശി കാണാൻ കാട്ടൂർ നിന്ന് കരാഞ്ചിറ, കിഴുപ്പിള്ളിക്കര, നളന്ദ ഹൈസ്കൂൾ, മൂത്തേടത്തറ, പെരിങ്ങോട്ടുകര വഴി തൃപ്രയാറിലേക്ക് നടന്നാണ് രാത്രിയിൽ വന്നത്. രാത്രിയിൽ വീട്ടിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് മാത്രമല്ല, പുറത്തേക്കു നോക്കുന്നത് പോലും എനിക്ക് അന്ന് പേടിയാണ്. പക്ഷെ മുഹമ്മദാലി നേരെ മറിച്ചു നല്ല ധൈര്യവാനാണ്.
ഞങ്ങൾ തൃപ്രയാർ പാലം കടന്നു അമ്പലത്തിന്റെ അടുത്തുകൂടെ പടിഞ്ഞാട്ടു നടക്കും, വീണ്ടും കിഴക്കോട്ടു നടക്കും. കയ്യിൽ അധികം പൈസയില്ല. ഉമ്മ തന്ന ഒരു രൂപയും കുറച്ചു അണകളും മാത്രം. 
അങ്ങിനെ നടക്കുമ്പോൾ പോളിടെക്നിക്ക് ജങ്ക്ഷനിൽ കുറച്ചു സ്ത്രീകൾ തത്തയെകൊണ്ട് ചീട്ടു എടുപ്പിച്ചു ലക്ഷണം പറയുന്നത് കണ്ടു. അവരുടെ എല്ലാവരുടെയും മുന്നിൽ ഒരു പാട്ടവിളക്കിന്റെ പ്രകാശമാണ്. എനിക്ക് ആ വർഷം പത്താംക്ലാസ് പാസ്സാവുമൊ എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഒരു അണയാണ് (ഇന്നത്തെ ഏകദേശം അഞ്ചു പൈസ) ചാർജ്. ഞാൻ അവരുടെ മുന്നിൽ ചമ്രംപിടഞ്ഞു ഇരുന്നു. 
എന്നോട് ആ മൂക്കുത്തിയിട്ട സ്ത്രീ പേര് ചോദിച്ചു.
ശറഫു എന്ന എന്റെ മറുപടി കേട്ടപ്പോൾ തത്തക്കൂടിന്റെ വാതിൽ തുറന്നു തത്തയോട് ആ സ്ത്രീ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു 'സറപു സാമിക്ക് നല്ല ഒരു ചീട്ടെട്' 
നിരത്തി വെച്ച ചീട്ടുകളിൽ നിന്ന് ആ തത്ത ഓരോന്നും അതിന്റെ ചുണ്ടുകൊണ്ട് എടുക്കുകയും പിന്നെ താഴെ ഇടുകയും ചെയ്തിട്ട് ഒടുവിൽ ഒരു കാർഡ് എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
ആ കാർഡ് തുറന്നു നോക്കിയിട്ട് ആ സ്ത്രീ പറഞ്ഞു 'നോക്ക് കടവുൾ നിങ്ങളുടെ എല്ലാം ശേരിയാക്കും'
പിന്നെ എന്തൊക്കെയോ ആ സ്ത്രീ പറഞ്ഞു കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ല ഒടുവിൽ ഞാൻ ചോദിച്ചു 'ഞാൻ ഇക്കൊല്ലം പാസ്സാവുമോ?' തീർച്ചയായും പാസ്സാവുമെന്ന് കേട്ടപ്പോൾ എന്റെ നിർബന്ധത്തിന്നു വഴങ്ങി മുഹമ്മദാലിയും ഇതേ പോലെ ചെയ്തു. അവനും പാസ്സാവുമെന്നു ആ സ്ത്രീ പറഞ്ഞു. 
സമാധാനമായി. അങ്ങിനെ വീണ്ടും ഞാൻ എഴുനേറ്റപ്പോൾ തൊട്ടടുത്ത്‌ ഇരുന്ന് മുഖലക്ഷണം പറയുന്ന ഒരാൾ ഞങ്ങളോട് മുഖലക്ഷണം പറയട്ടെ എന്ന് ചോദിച്ചു. ഞങ്ങളുടെ കയ്യിൽ ഇനി അധികം പൈസ ഇല്ലാത്തത് കൊണ്ടും ജയിക്കുമെന്ന് അറിഞ്ഞത് കൊണ്ടും ഞാൻ ആ മനുഷ്യനോടു മുഖലക്ഷണം പറയണ്ട എന്ന് പറഞ്ഞു.
'പൈസ തരേണ്ട, ഞാൻ ഒരു ലക്ഷണം പറയാം. നിങ്ങളുടെ ജീവിതത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് നിങ്ങളുടെ ബന്ധത്തിൽപെട്ട ഒരു സ്ത്രീ ഗൂടോത്രം ചെയ്തത് കൊണ്ടാണ്'
അതാരാണെന്ന് പറയോ എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റ ഞാൻ വീണ്ടും ഇരുന്നു.
'അതിന്ന് അമ്പതു കാശ് ദക്ഷിണ വെക്കണം' എന്ന് അയാളുടെ മറുപടി 
കരിമ്പ് വാങ്ങാനും ഊഞ്ഞാൽ ആടാനും വെച്ച പൈസ അയാൾക്ക്‌ കൊടുത്തു.
അയാൾ തമിഴും മലയാളവും ഒക്കെ കൂടി കലർത്തി ഒരുത്തിലും തൊടാതെ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ഞങ്ങളോട് മുടിഞാച്ചു എന്നും പറഞ്ഞു.
ഞങ്ങൾ ഒന്നും പറയാതെ ഏകാദശി കാഴ്ചകൾ കണ്ടു വീട്ടിലേക്ക് തിരിച്ചു പോയി.
വീട്ടിൽ ഉമ്മ കാത്തു നിൽക്കുകയാണ്, ഉറങ്ങാതെ. ഭക്ഷണം കഴിക്കുന്നതിന്നിടയിൽ കാക്കാലത്തി പറഞ്ഞതും മുഖലക്ഷണം നോക്കി പറഞ്ഞതും എല്ലാം ഉമ്മാട് വിശദമായി പറഞ്ഞു.
'അതെന്തായാലും ഉപ്പാടെ അകന്ന ബന്ധത്തിൽ പെട്ട (ആ സ്ത്രീയുടെ പേര് പറഞ്ഞിട്ട്) ആ സ്ത്രീയായിരിക്കും'
ഉമ്മാടെ സംശയം തീർന്നു.
.'ഇതൊക്കെ വിശ്വസിക്കുന്നതെ തെറ്റാ' ഇതായിരുന്നു ഉപ്പാടെ അഭിപ്രായം 
അല്ലെങ്കിലും ഉപ്പ അങ്ങിനെയാ. ഇക്കാര്യത്തിലൊന്നും ഒരു വിശ്വാസവുമില്ല. എനിക്കും ഉമ്മാക്കും ഇതൊക്കെ വലിയ വിശ്വാസമാണ്.
'എന്റെ മോന് എത്ര സൂപ്പ് കൊടുത്തതാ. എന്നിട്ടും അവൻ വണ്ണം വെക്കാത്തത് ആ സ്ത്രീയുടെ കൈവിഷം കാരണമാണ്.'
'അതെ ശറഫൂന്ന് ഇനി ആനയെ സൂപ്പ് വെച്ച് കൊടുത്താലും അവൻ വണ്ണം വെക്കൂല' ഉപ്പാടെ തമാശയിൽ കലർന്ന മറുപടി.
ഇങ്ങനെയൊക്കെയാണെങ്കിലും ഏതെങ്കിലും മുസ്ലിം സിദ്ധന്റെ അടുത്ത് പോയി ഒന്ന് കൂടെ നോക്കിക്കണമെന്നു ഉമ്മാക്ക് നിർബന്ധം. ഞാനും മുഹമ്മദാലിയും ഉമ്മയും കൂടെ പാലപ്പെട്ടിയിലുള്ള ഒരു സിദ്ധന്റെ അടുത്ത് പോയി. ഒരു ഇടവഴിയിലൂടെ കടന്നു, പിന്നെ ചില പറമ്പുകളിലൂടെ നടന്നു സിദ്ധന്റെ വീട്ടിലെത്തി. അവിടെ ഒരു മുറിയിലാണ് സിദ്ധൻ ഇരിക്കുന്നത്. പുറത്തു ഒരു മേശയും കസേരയും. അത് വരുന്ന ആളുകൾക്ക് ടോക്കെൻ കൊടുക്കുന്ന ആളാണ്‌. വരുന്നവർക്ക് ഇരിക്കാൻ രണ്ടു ബെഞ്ചുകൾ. ഞങ്ങൾ ആ ബെഞ്ചുകളിൽ ഒന്നിൽ ഇരുന്നു. ഞങ്ങളുടെ അടുത്തിരുന്ന ഒരു സ്ത്രീ ഉമ്മാട് വന്നതിന്റെ ഉദ്ദേശം ചോദിച്ചു. അവരും സിദ്ധനെ കാണാൻ വന്നതാണത്രേ. ഉമ്മ വിവരം പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുഖം കഴുകട്ടെ എന്ന് പറഞ്ഞു സിദ്ധന്റെ വീട്ടിലേക്ക് പോയി. കുറച്ചു സമയത്തിന്നു ശേഷം മുഖം കഴുകി തിരിച്ചു വന്നു.
അവർ ഉമ്മയുമായി ഒരു പാട് കാര്യങ്ങൾ സംസാരിച്ചു.അവർക്ക് വലിയ ഒരു അസുഖം വന്നു പല ഡോക്ടർമാരേയും കാണിച്ചിട്ടും മാറാതെ ഈ സിദ്ധനാണ് അസുഖം മാറ്റിയതു. സിദ്ധൻ മന്തിരിച്ചൂതിയിട്ടു മഷിനോട്ടം നടത്തിയിട്ടാണ് കാര്യങ്ങൾ പ്രവചിക്കുക. എന്നിട്ട് ഒരു പിങ്ക് കടലാസ്സിൽ മരുന്ന് എഴുതിത്തരും. പതിനൊന്നു കരിവേപ്പില, പതിനൊന്നു കുരുമുളക്, പിന്നെ പതിനൊന്നു (ആ പേര് ഇപ്പോൾ ഓർമയില്ല), ഇത് വെള്ളത്തിലിട്ടു പതിനൊന്നു ദിവസം കഴിക്കണം. ഈ കടലാസ് ഒരു കാര്യവുമില്ലെന്നു ഇരിഞ്ഞാലക്കുടയിലെ ഒരു രോഗി പറഞ്ഞപ്പോൾ ഉടനെ ആ എഴുത്തെല്ലാം മാഞ്ഞു പോയി. അത് പോലെ ഇത് നല്ല കാര്യമാണെന്ന് പറഞ്ഞ ചിറക്കലെ ഒരു പെണ്ണിന് ലോട്ടെറിയിൽ ഒന്നാം സമ്മാനം കിട്ടി. എന്ന് തുടങ്ങി ഒരു പാട് കാര്യങ്ങൾ ആ സ്ത്രീ ഉമ്മയോട് പറഞ്ഞു. ഞാനും മുഹമ്മദാലിയും സിദ്ധന്റെ റൂമിന്റെ അടുത്ത് ചെന്നു. ഒരു പതിനാറു, പതിനെട്ടു വയസ്സായ ഒരു പെണ്‍കുട്ടിയെ മുന്നിലിരുത്തി സിദ്ധൻ വടിയെടുത്ത് അടിച്ചിട്ട് ചോദിക്കുകയാണ് 'നീ പോകുമോ' എന്ന്. കുറെ അടികിട്ടിയപ്പോൾ ആ പെണ്‍കുട്ടി പോകാം എന്ന് പറഞ്ഞു. എനിക്ക് പേടിയായി. എന്നെയും ഇത് പോലെ അടിക്കുമോ. ഇത് ഭ്രാന്ത് മാറാൻ വേണ്ടി അടിക്കുകയാണെന്നും ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കുകയാണ്. നമ്മളെ അടിക്കുകയൊന്നുമില്ലെന്നും മുഹമ്മദാലി പറഞ്ഞു.
ഞങ്ങളെ അകത്തേക്ക് വിളിച്ചു. സിദ്ധൻ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. താഴെ വിരിച്ച പായയിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു. പ്രകാശം കുറഞ്ഞ ഒരു വിളക്ക്, കുന്തിരിക്കത്തിന്റെ മണവും പുകയും. ഷർട്ടിന്റെ മുകളിലൂടെ ഒരു പച്ച പുതപ്പാണ് സിദ്ധന്റെ വേഷം.
'നിങ്ങൾ പരീക്ഷ പാസ്സാവുമൊ എന്നറിയാനാണ് വന്നത് അല്ലെ?'
സിദ്ധന്റെ ചോദ്യം കേട്ടപ്പോൾ ഉമ്മ എന്നെ ഞോണ്ടി. 'നമ്മൾ വന്ന വിവരം അദ്ധെഹതിന്നു അല്ലാഹു അറിയീച്ചു കൊടുത്തത് കണ്ടോ' എന്നാണു ആ ഞോണ്ടലിന്റെ അർത്ഥം.
അദ്ദേഹം എന്റെ മുഖത്ത് നോക്കി എന്തോ ചൊല്ലിക്കൊണ്ടു പറഞ്ഞു 'പരീക്ഷ പാസ്സാവും. പക്ഷെ മാർക്ക് കുറച്ചു കുറവായിരിക്കും'
ഓ. സന്തോഷമായി. മാർക്ക് കുറഞ്ഞാലും പാസ്സാവുമല്ലോ. അടുത്തതായി മുഹമ്മദാലിയുടെ മുഖത്ത് നോക്കിയിട്ട് സിദ്ധൻ പറഞ്ഞു 'നിങ്ങൾ പാസ്സാവും എന്ന് മാത്രമല്ല, ഫസ്റ്റ് ക്ലാസ്സ്‌ കിട്ടുകയും ചെയ്യും. എനിക്ക് ഫസ്റ്റ് ക്ലാസ് കിട്ടിയില്ലെങ്കിലും മുഹമ്മദാലിക്കു കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ഞാൻ ഇരിക്കുമ്പോൾ ഉമ്മ സിദ്ധാനോട് ചോദിച്ചു 'ഞങ്ങൾക്ക് ബീവിയെ അയച്ചത് ഒരു സ്ത്രീയാണെന്ന് അറിഞ്ഞു. അതിനെ പറ്റി ഒന്ന് അറിയണമെന്നുണ്ട്'
അത് ചെയ്തത് നിങ്ങളുടെ ഭർത്താവിന്റെ ബന്ധക്കാരിയല്ല, മറിച്ച് നിങ്ങളുടെ ബന്ധക്കാരാണ് എന്നു സിദ്ധൻ പറഞ്ഞു.
ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി. 
പരീക്ഷയുടെ റിസൾട്ട്‌ നാളെ വരും. രാത്രിയിൽ ഒരു പോള കണ്ണടച്ചില്ല. അന്നൊക്കെ പത്രം വരുന്ന സ്ഥലങ്ങൾ കുറവായിരുന്നു. പത്രക്കെട്ട് വരുന്ന കാട്ടൂർ അങ്ങാടിയിലേക്ക് സുബഹി നിസ്കരിച്ചു പുറപ്പെട്ടു. അതിന്ന് മുമ്പ് ജീവിതത്തിൽ സുബഹി ശെരിയായ സമയത്ത് നിസ്കരിച്ചിട്ടില്ല. രാത്രിയായിട്ടും റിസൾട്ട്‌ അറിയാനുള്ള ചിന്തയിൽ മറ്റൊരു പേടിയും തോന്നിയില്ല.
പത്രം എടുത്തു. കയ്യിലുള്ള ടോർച്ചെടുത്ത്‌ നമ്പർ നോക്കി. എന്റെ നമ്പർ 10364 ആണ്. മുഹമ്മദാലിയുടെ നമ്പർ അവൻ എനിക്കും മറ്റാർക്കും പറഞ്ഞു തന്നിട്ടില്ല. പേപ്പറിലൂടെ കണ്ണോടിച്ചു . 10360 1 2 3 4. അള്ളാഹുവേ ഞാൻ പാസ്സായിരിക്കുന്നു, ഫസ്റ്റ് ക്ലാസ്സും ഉണ്ട്.
വേഗം വീട്ടിലേക്ക് ചെന്നു. ഉമ്മ എന്നെ കാത്തു നിൽക്കുന്നുണ്ട്. ഉപ്പ ചാരുകസേരയിൽ കിടക്കുന്നു. എന്നെ കണ്ട ഉടനെ ഉമ്മ ചോദിച്ചു 'മോൻ പാസ്സായില്ലേ?'
'പാസ്സായി എന്ന് മാത്രമല്ല ഫസ്റ്റ് ക്ലാസ്സും ഉണ്ട്'
'കണ്ടോ ദിവ്യൻ പറഞ്ഞത് ശേരിയായില്ലേ? ഉമ്മാടെ ചോദ്യം ഉപ്പയോടായിരുന്നു 
ഉപ്പ മറുപടി ഒന്നും പറഞ്ഞില്ല.
നേരം വെളുത്ത് തുടങ്ങി. അകലെ നിന്ന് മുഹമ്മദാലി വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഉപ്പാനെ കണ്ടപ്പോൾ അവൻ പേടിച്ചു മാറിനിന്നു. അല്ലെങ്കിലും അവന് എന്റെ ഉപ്പാനെ ബഹുമാനവും പേടിയുമാണ് 
'മുഹമ്മദാലി നീ ജയിച്ചോ?' ഉപ്പാടെ ചോദ്യം 
'ഇല്ല ഞാൻ തോറ്റു'
----------------------------------------------------------
മേമ്പൊടി:
(നബിയെ) പറയുക, ആകാശഭൂമിയിലുള്ള അദൃശ്യകാര്യങ്ങൾ അല്ലാഹുവിന്നല്ലാതെ ആർക്കും അറിയുകയില്ല (വിശുദ്ധ ഖുറാൻ)
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo