അധികം വിസ്തൃതിയുള്ള സ്ഥലത്ത് ഒരു മൂന്ന് നിലയുള്ള പടുകൂറ്റൻ ബംഗ്ലാവ്. അതിന്ന് ചുറ്റും രണ്ടാൾ ഉയരത്തിലുള്ള കൂറ്റൻ മതിൽ. അകത്തേക്ക് വാഹനങ്ങൾ പോകാൻ ഒരു ഗേറ്റ്. പുറത്തേക്ക് പോകാൻ മറ്റൊരു ഗേറ്റ്. രണ്ടിലും സ്ഥിരമായി രണ്ട് കാവൽക്കാർ. പറമ്പ് നിറയെ പന്തലിട്ടിരിക്കുന്നു.
ഇന്ന് ആ വീട്ടിൽ ഒരു വിശേഷം നടക്കുകയാണ്. അത് കല്യാണമോ കല്യാണനിശ്ചയമോ അല്ല, പ്രത്യുത ആ വീട്ടുകാരന്റെ വാപ്പയുടെ മരണത്തിന്റെ ആവശ്യം നടക്കുകയാണ്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാർ, മതനേതാക്കന്മാർ, ജനസേവകർ, എന്ന് വേണ്ട ജീവിതത്തിന്റെ നാനാതുറകളിലുമുള്ള എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല, ബന്ധക്കാരെയും നാട്ടുകാരെയും വേറെയും. കല്യാണവീട്പോലെ പന്തലിലും പുറത്ത് റോഡിലും ലൈറ്റിട്ടു അലങ്കരിച്ചിട്ടുണ്ട്.
വീടിന്റെ പുറത്ത് മനോഹരമായി അലങ്കരിച്ചുണ്ടാക്കിയ സ്റ്റെജിൽ പുരോഹിതന്മാരും അവരുടെ ശിഷ്യൻമാരും ഉറക്കെ ദിക്കറുകൾ ചെല്ലുന്നു. ആ വീട്ടുകാരനായ റഹീം എല്ലാവരെയും ക്ഷണിച്ച് ഇരുത്തുകയാണ്. ഇഷ്ടം കൂടുതലുള്ളവരെയും നേതാക്കന്മാരെയും ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. പാവപ്പെട്ടവരെ ഒരു ഇളിച്ച ചിരിയോടെ കൈകൊടുക്കാതെ സ്വീകരിക്കുന്നുണ്ട്.
സദസ്സിൽ പലതരത്തിലുള്ള ചർച്ചകൾ. അപ്പോഴാണ് മന്ത്രിയുടെ വരവ്. ഞങ്ങളൊക്കെ അസൂയയോടെ ഇതെല്ലാം നോക്കികാണുകയാണ്. റഹീം എല്ലാവരെയും വിട്ട് മന്ത്രിയെ സ്വീകരിക്കാൻ ചെന്നു. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് തനിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നു പറയാൻ ഉള്ള സമയം ഉപയോഗപ്പെടുത്തി, മന്ത്രി. ഞാനും സ്റ്റെജിൽ കയറി പ്രാർഥനയിൽ പങ്കെടുത്തു.
സമയം ഒത്തുവന്നപ്പോൾ ഞാൻ റഹീമിനോട് ചോദിച്ചു 'അല്ല റഹീമേ, നിങ്ങൾക്കും ഉപ്പാക്ക് വേണ്ടി പ്രാർഥിച്ചൂടെ?'
'അതിന്ന് അറബിയിൽ പ്രാർഥിക്കാൻ എനിക്കറിയില്ല' എന്നായിരുന്നു അവന്റെ മറുപടി
;റഹീമേ, അല്ലാഹുവിന്നു എല്ലാ ഭാഷകളും അറിയാം. എന്തിനേറെ നാം മനസ്സിൽ ചിന്തിക്കുന്നത് എന്താണെന്ന് പോലും അല്ലാഹുവിന്ന് അറിയാം'
അവൻ മറുപടി ഒന്നും പറയാതെ പോയി.
പന്തലിന്റെ ഒരു ഭാഗത്ത് അരിവിതരണം നടക്കുന്നുണ്ട്. ഒരു പാട് ആളുകൾ വളരെ ദൂരെനിന്ന്പോലും വന്ന് ലൈൻ നിൽക്കുന്നുണ്ട്. ലോറിയിൽ ഒരു പാട് ലോഡ് അരി ഇറക്കി കഴിഞ്ഞു. ഇപ്പോഴും ഇറക്കി കൊണ്ടിരിക്കുകയാണ്.
പെട്ടെന്നാണ് ഗയ്റ്റിന്നടുത്ത് വളരെയധികം പ്രായമുള്ള ഒരാൾ വാച്ച്മാനോട് എന്തോ സംസാരിക്കുന്നത് റഹീമിന്റെ ശ്രദ്ധയിൽപെട്ടത്.
റഹീം ഗയ്റ്റിന്നടുത്തെത്തി. ക്ഷീണം കാരണം നിൽക്കാൻ പോലും പറ്റാത്ത മനുഷ്യൻ. ഭക്ഷണം കഴിക്കാൻ വേണ്ടി അകത്ത് കടക്കാൻ യാചിക്കുകയാണ്. വാച്ച്മാന്റെ പിന്നിൽ റഹീം വന്ന് നിൽക്കുന്നത് വാച്ച്മാൻ കണ്ടില്ല.
'മോനെ, എന്നെ അകത്തേക്ക് ഒന്ന് കടത്തിവിടോ, എനിക്ക് വല്ലാത്ത വിശപ്പ്'.
'നിങ്ങൾ ഒന്ന് മാറി നിൽക്കൂ, ഇവിടെ വലിയ ആളുകൾ വരുന്നതാണ്' റഹീം മറുപടി കൊടുത്തു.
'മോനെ അവരേക്കാളോക്കെ വലിയവനാ ഞാൻ' അതായിരുന്നു ആ അദ്ധേഹത്തിന്റെ മറുപടി
'എനിക്ക് നിങ്ങളോട് തർക്കിക്കാൻ സമയമില്ല, അകത്തു പോയി ഭക്ഷണം പാചകം ചെയ്യുന്ന മുറിയിൽ താഴെ ഇരുന്നു ഭക്ഷണം കഴിക്കണം. കഴിച്ച് കഴിഞ്ഞാൽ ഉടനെ പോണം' എന്ന് പറഞ്ഞ് റഹീം ആ വയസ്സനെ അകത്തേക്ക് കടത്തിവിടാൻ വാച്ച്മാനോട് പറഞ്ഞു.
ആളുകൾ പിന്നെയും വന്ന് കൊണ്ടിരിക്കുകയാണ്. ആ നാട്ടിൽ അതൊരു സംസാരവിഷയമാവും എന്ന് ഉറപ്പാണ്. പോലീസ് ഓഫീസർമാർ വന്നു. എന്തിനേറെ ഗൾഫിൽ നിന്ന് പോലും അറബികൾ വന്നു.
റഹീം അടുക്കളയിൽ ചെന്ന് നോക്കി. അവിടെ താഴെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ആ പ്രായമുള്ള ആൾ. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. റഹീമിന്റെ മകൻ ആ വയസ്സന് കുറച്ച് ബിരിയാണി ഇട്ടുകൊടുത്തു.
'മോനെ റഹീമേ, നിനക്കെന്നെ മനസ്സിലായോ?' ആ മനുഷ്യൻ ചോദിച്ചു.
'നിങ്ങൾ ആരായാലെന്താ? എനിക്ക് പണിയുണ്ട്' അതും പറഞ്ഞു റഹീം നടന്നു.
'നിനക്ക് നാല് വയസ്സുള്ളപ്പോൾ നിന്നെയും കൊണ്ട് ഞാൻ സൈക്ക്ളിൽ കയറ്റി കറങ്ങിയതും സൈക്കിൾ ഗട്ടറിൽ വീണ് നിന്റെ കാലിൽ മുറിവുണ്ടായി സ്റ്റിച്ച് ഇട്ടതും നിനക്ക് ഓർമ്മയുണ്ടോ?'
മുന്നോട്ട് വെച്ച റഹീമിന്റെ കാൽ പെട്ടെന്ന് നിന്നു. തിരിഞ്ഞു നോക്കി.
'ഞാൻ നിനക്ക് ഒന്നും ചെയ്തിട്ടില്ലയെങ്കിലും നീ മണിമാളിക പണിത് താമസിക്കുമ്പോൾ എന്നെ നീ വൃദ്ധസദനത്തിലാക്കിയില്ലേ? '
റഹീമിന്റെ മകൻ അയാൾക്ക് വീണ്ടും ഭക്ഷണം കൊടുത്തു. വിശപ്പിന്റെ ആധിക്ക്യം കൊണ്ട് അയാൾ വാരിവലിച്ച് കഴിച്ചു.
'വൃദ്ധസദനത്തിൽ കൊണ്ടാക്കിയതിന്നു ശേഷം നീ ഒരു പ്രാവശ്യം പോലും എന്നെ കാണാൻ വന്നില്ല. ഇങ്ങിനെ ഒരു ബിരിയാണി കഴിക്കാൻ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ?' ഒന്ന് നിറുത്തി ആ മനുഷ്യൻ തുടർന്നു 'അന്ന് നിന്നെ കാണണമെന്ന് വളരെ ആഗ്രഹിച്ചു. നിന്നോട് വൃദ്ധസദനക്കാർ ആവശ്യപ്പെട്ടിട്ടും നീ കാണാൻ വന്നില്ല. ഇപ്പോൾ ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ നീ ലക്ഷങ്ങൾ ചിലവാക്കി ആവശ്യം നടത്തുന്നു. ആവശ്യത്തിന്നു ഉപകരിക്കാത്ത നീയെന്റെ ആവശ്യം നടത്തുന്നു എന്ന് കേട്ടപ്പോൾ നിന്റെ ബിരിയാണി തിന്നാനല്ല ഞാൻ വന്നത്. നിന്റെ അഹംഭാവം കാണാൻ. നിനക്ക് നല്ലത് വരട്ടെ'.
'ഉപ്പാ........................... മാപ്പ്...............' അത് പറയാനേ റഹീമിന്ന് കഴിഞ്ഞുള്ളു.
ഉപ്പാനെ എഴുനെൽപ്പിക്കാൻ അയാൾ കൈനീട്ടി. പക്ഷെ അവിടെ ആരെയും കണ്ടില്ല. ഭക്ഷണം കഴിച്ചു തീർന്ന പാത്രം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
റഹീമിന്റെ ഉപ്പ ഭക്ഷണം കഴിച്ച് (?) കഴിഞ്ഞ പാത്രം റഹീമിന്റെ മകൻ എടുത്ത് കൊണ്ട് പോകുന്നത് നിർവികാരതയോടെ റഹീം നോക്കി നിന്നു.
---------------------------------
മേമ്പൊടി:
ഈശ്വരനൊരിക്കൽ വിരുന്നിന്നു പോയി, രാജകൊട്ടാരത്തിൽ വിളിക്കാതെ
കന്മദഗോപുരവാതിലിന്നരികിൽ കരുണാമയനവൻ കാത്തു നിന്നു
അലങ്കാരദീപങ്ങൾ ആർത്തുചിരിച്ചു, അന്തപ്പുരമാകെ കോരിത്തരിച്ചു
വിഭവങ്ങളൊരുങ്ങി, വിദ്വാൻമാരോരുങ്ങി, വിലാസനൃത്തം തുടങ്ങി
ആടകൾചാർത്തിയ തൻമണിവിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു
മധുരപദാര്തങ്ങളായിരം വിളമ്പി, മദിരാചഷകം തുളുമ്പി
ഒരു പിടി ചോറിന്നായ് യാചിച്ചു ദൈവം, ചിരികൾ ഉയർന്നൂ സദസ്സിൽ
ഒരു കാവൽക്കാരൻ വാളോങ്ങി നിന്നൂ, ചിരിച്ചൂ പിൻവാങ്ങി ഭഗവാൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക