Slider

* * *അവൾ * * *

0
* * *അവൾ * * *
അവൾ സ്വയം നോക്കി പുളകം കൊണ്ടു.. അവൾ ചിന്തിച്ചു.എത്ര മനോഹരിയാണ് ഞാൻ .. എന്നെപ്പോലെ സുന്ദരി ആരെങ്കിലും കാണുമോ ഈ ലോകത്ത് .... മനോഹരമായ ഇളം റോസാപ്പൂവിന്റെ നിറം.. തന്നെ ഒന്നുകൂടി ഉൾപ്പുളകത്തോടെ നോക്കി... അവളുടെ കൈകളിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണ വളയിലെ ആ അലുക്കുകൾ അവളെ ഒന്നുകൂടി മനോഹരിയാക്കി ...
പെട്ടന്നാണ് അവൾ ഒരു കാൽപ്പെരു മാറ്റം കേട്ടത്.. ആരൊക്കെയോ തന്റെ മുറിയിലേക്ക് കടന്നു വരുന്നു .. അവർ രണ്ടു പേരുണ്ടായിരുന്നു .. അവർ അവളുടെ അടുത്തെത്തി.. രണ്ടു പേരും കുറച്ച് നേരം അവളെ നോക്കി നിന്നു.. അതിലൊരാൾ അവളുടെ മേനിയഴകുകളിൽ തൊട്ടു തലോടി.. ആ പരുപരുത്ത കൈ വന്ന് സ്പർശിച്ചപ്പോൾ അവൾക്ക് ഈർച്ച തോന്നി...
"ആഹാ എന്ത് ഭംഗിയാണ് കാണാൻ" എന്ന അയാളുടെ പ്രശംസ അവൾക്ക് അരോചകമായി തോന്നി..
"ഇന്ന് തന്നെ കൈമാറ്റം ചെയ്യണം... അവർ കാത്തിരിക്കുന്നുണ്ടാവും "
എന്ന അടുത്തയാളിന്റെ ശബ്ദം അവളെ ഞെട്ടിച്ചു.. അവരിലൊരാൾ വന്ന് അവളുടെ രണ്ടു കൈകളും ചേർത്ത് കെട്ടി .. ഒരു കറുത്ത തുണികൊണ്ട് അവളെ മുഴുവനായി മൂടി.. അവൾക്ക് ഒന്നും കാണാൻ വയ്യെന്ന അവസ്ഥയായി.. അലറി വിളിക്കണമെന്നുണ്ട്.. പക്ഷെ തന്റെ ശബ്ദം ആര് കേൾക്കാൻ ...
അവർ അവളെ എടുത്ത് എങ്ങോട്ടോ കൊണ്ടു പോയി .. പിന്നീട് എവിടെയോ കൊണ്ടു പോയി ഇരുത്തി.. അവരുടെ കാലടി ശബ്ദം അകന്നകന്ന് പോകുന്നത് അവൾ അറിഞ്ഞു.. ഞാനിതെവിടെയാണ്.. അവൾ ശ്രദ്ധിച്ചു. ആരുടെയോ അടക്കിപ്പിടിച്ച സംസാരങ്ങളും നേർത്ത തേങ്ങലുകളും അവൾ കേട്ടു .. തനിക്ക് ചുറ്റും തന്നെ പ്പോലെ തന്നെ മാറ്റാരൊക്കെയോ ഉണ്ടെന്ന് അവൾക്ക് തോന്നി...
പെട്ടന്ന് എല്ലാം ഒന്ന് അടിയുലഞ്ഞു.. അവൾ ഒരു വശത്തേക്ക് ചരിഞ്ഞു വീണൂ.. ഒരു ഹോണടി ശബ്ദവും. എതോ വാഹനത്തിനകത്താണ് താനെന്നവൾക്ക് മനസ്സിലായി. എവിടെയേക്ക് ,എങ്ങോട്ട് എന്നറിയാത്ത .. ദിക്കറിയാത്ത ഒരു യാത്ര..
മണിക്കൂറുകളോളം സഞ്ചരിച്ച് ആ വാഹനത്തിന്റെ യാത്ര എവിടെയോ അവസാനിച്ചു. അതിന്റെ വാതിലിന്റെ പാളികൾ തുറക്കുന്ന ശബ്ദം കേട്ടു .. അവൾക്ക് പരിചിതമായ ആ പാദ ശബ്ദം വീണ്ടും അവളുടെ കാതുകളിൽ വന്നലച്ചു ..
അതിലൊരാൾ പുഷ്പം പോലെ അവളെ കോരിയെടുത്ത് പുറത്തിറങ്ങി.. എതോ കെട്ടിടത്തിനുള്ളിലേക്ക് കയറി.. പതുപതുത്ത ഒരു സോഫയിലേക്ക് അവളെ കൊണ്ടുവന്നു ചാരിയിരുത്തി...
പരിചയമില്ലാത്ത മറ്റാരുടെയൊക്കെയോ ശബ്ദം അവൾ കേട്ടു തുടങ്ങി .. ആരോ വന്ന് അവളെ മൂടിയിരുന്ന കറുത്ത തുണി മാറ്റി.. അവളുടെ കൈകളിലെ കെട്ടഴിച്ച് സ്വതന്ത്രയാക്കി... അവൾ ചുറ്റിനും നോക്കി... തന്നെ പോലെ തന്നെ ഒത്തിരി സുന്ദരിമാർ . തന്നേക്കാൾ നിറം കുറഞ്ഞവർ കൂടിയവർ.. തന്നേക്കാൾ പൊക്കം കുറഞ്ഞവർ കൂടിയവർ.. എല്ലാവരുടെയും ഭാവം ഒന്നു തന്നെ ഭീതി ..
മൂന്നാലു പേർ തന്റെ ചുറ്റിനും നിൽക്കുന്നു .. എല്ലാ കണ്ണുളും തന്റെ മിനുത്ത മേനിയിലാണെന്ന് അവൾക്ക് മനസിലായി..
വെളുത്ത് പൊക്കമുള്ള മിനുമിനുത്ത കൈയുള്ള ഒരാൾ വന്ന് അവളെ മെല്ലെയൊന്നു തൊട്ടു തലോടി... ആ കൈ തട്ടി മാറ്റണമെന്ന് അവൾക്ക് തോന്നിയെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല.
എന്നിട്ട് മറ്റുള്ളവരോട് അയാൾ ചോദിച്ചു..
"വിലയിടണ്ടേ?"
അവിടെയുള്ള എല്ലാവരിലും മനോഹരിയായതുകൊണ്ടാവാം അവൾക്ക് അവർ ഏറ്റവും കൂടുതൽ വിലയിട്ടു .. അവളെ അവൾക്കായുള്ള മുറിയിലേക്ക് കൊണ്ടു പോയി .. അവിടുന്ന് നോക്കിയാൽ മറ്റുള്ളവരെ അവൾക്ക് കാണാമായിരുന്നു ..
പലരും വന്നു പോയി.. എല്ലാവരും അവളെ വിസ്മയത്തോടെ നോക്കി.. പലരുടെയും മുൻപിൽ അവൾ പ്രദർശിപ്പിക്കപ്പെട്ടു.... മിനുത്തതും പരുത്തതും ആയ കൈകൾ അവളുടെ മേനിയെ തൊട്ടും തലോടിയും കടന്നു പോയി. ഇങ്ങനെയുള്ള ഇടങ്ങളിൽ വിലപേശലോ ഒന്നും നടക്കാത്തതിനാലാവാം അവളെ മാത്രം...
അവളുടെ കൂടെ ഉണ്ടായിരുന്ന പലരും ഓരോരുത്തരും വില കൊടുത്ത് കൊണ്ടു പോകുമ്പോൾ അവൾ വിങ്ങുന്ന ഹൃദയവുമായി നിന്നു..
അങ്ങനെ ഒരു ദിവസം അങ്ങോട്ട് ഒരാൾ കയറി വന്നു.. വെള്ളാരം കണ്ണുകളും നുണക്കുഴികളും ചിരിക്കുമ്പോൾ മുത്തു പോൽ തിളങ്ങുന്ന പല്ലുമുള്ള ഒരു യുവ കോമളൻ... ആ ചന്ദന നിറമുള്ള കുർത്തയിലും ഇളം നീല ജീൻസിലും അവൻ വളരെ സുന്ദരനായിരുന്നു ...
അവനെ കണ്ടതും അവളുടെയുള്ളിൽ അതുവരെയില്ലാത്ത ഒരു സന്തോഷം അലയടിച്ചു.. അവളുടെ മനസ് മന്ത്രിച്ചു.. ഇവനാകും തന്നെ സ്വന്തമാക്കുന്നത് ...അവൾ പ്രാർത്ഥിച്ചു. അവൻ തന്റെയടുത്തേക്ക് വരണമേ എന്ന് .. തന്നെ ഒന്നു നോക്കണമേ എന്ന് ..അവൻ മറ്റുള്ള എല്ലാവരെയും നോക്കി.. അവസാനം മെല്ലെ നടന്ന് അവളുടെ അടുത്തെത്തി.. അവന്റെ കണ്ണുകൾ തിളങ്ങി ..
"മനോഹരം'' അവൻ പറഞ്ഞു.. അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ ഭാവം തുടിച്ചു നിന്നു.. അവൻ മെല്ലെ അവളുടെ അടുത്തുവന്നു.. അവളെ ആകമാനം ഒന്നു നോക്കി.. അവന്റെ നോട്ടം കണ്ട് അവൾക്ക് തെല്ല് നാണം തോന്നി... അവളും പ്രണയ പരവശയായി ..
അവൻ കൈകളുയർത്തി അവളെ ഒന്നു തൊട്ടു .. ആ ഒരു മൃദുസ്പർശനം മതിയായിരുന്നു അവളുടെ മൃദുല വികാരങ്ങളെ തൊട്ടുണർത്തി അവളെ തരളിതയാക്കാൻ ...
അവന്റെ ആ വെള്ളാരം കണ്ണുകളിലെ ആ പ്രണയഭാവം അവൾ നോക്കി ആസ്വദിച്ചു .. എതോ ഓർമ്മയിലെന്ന വണ്ണം അവൻ പുഞ്ചിരിച്ചപ്പോൾ ആ കവിളിലെ നുണക്കുഴികൾ വിടർന്നു ..
അവളുടെ ആഗ്രഹം പോലെ തന്നെ പറഞ്ഞ വില നല്കി അവൻ അവളെ സ്വന്തമാക്കി. അവളുടെ കൈകൾ അവന്റെ കൈക്കുള്ളിലാക്കി അവൻ നടന്നു ... കൂടെ അവളും.. അവളെ അവന്റെ കാറിൽ കയറ്റി അവർ യാത്രയായി.. ആ യാത്രയിലുടനീളം അവൾ ആ വെള്ളാരം കണ്ണുകളിൽ തന്നെ നോക്കിയിരുന്നു ..
അവന്റെ വീടെത്തിയതും അവൻ അവളെയും കൂട്ടി വാതിൽക്കൽ എത്തി.. കോളിംഗ് ബെൽ അടിച്ച് കാത്തു നിന്നു.. ഒരു സുന്ദരിയായ പെൺകുട്ടി വന്ന് കതക് തുറന്നതും
"ദിയാ നിനക്കൊരു സമ്മാനമുണ്ട് "എന്ന് ആ പെൺകുട്ടിയോട് അവൻ പറഞ്ഞു.
അവൾ ദിയയെ നോക്കി.. ദിയയുടെ കണ്ണുകളിലും അവന്റെ കണ്ണുകളിൽ കണ്ട അതേ ഭാവം .. പ്രണയം..
ദിയയുടെ കൈകളിൽ അവളെയേൽപ്പിക്കുമ്പോൾ അവന്റെ നുണക്കുഴി കവിളിൽ ആ പെൺകുട്ടിയുടെ ചുണ്ടുകൾ പതിഞ്ഞിരുന്നു..
അവളെയും കൂട്ടി ദിയ അവളുടെ കിടപ്പറയിൽ ചെന്നു .... കൂടെ അവനും .... അവളെ മെല്ലെ തുറന്ന് ദിയ തന്റെ ചെറിയ മണി പേഴ്സും മേക്കപ്പ് സാധനങ്ങളും അവളുടെയുള്ളിൽ വച്ച് അടച്ച് ... അവളെ ദിയ തന്റെ തോളിൽ തൂക്കി ഭംഗി നോക്കുമ്പോഴും ... ദിയയുടെ തോളിൽ
ചാഞ്ഞും ചരിഞ്ഞും കിടന്ന് അവളവന്റെ വെള്ളാരം കണ്ണുകളിലെ പ്രണയം ആസ്വദിക്കുകയായിരുന്നു ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo