Slider

ദയാഹർജി

0
ദയാഹർജി
വൃക്ഷങ്ങൾക്ക് ഭ്രാന്ത് പിടിക്കും
കന്നിമഴയത്ത്
ശിഖരങ്ങളിൽ പാർക്കാനെത്തും
കൊടുങ്കാറ്റുപോലെ,
എന്റെ സങ്കടക്കടലിൽ
ബഡവാഗ്നിയിൽ
തിളച്ചലറിയുയരുന്ന
തിരമാലകളിൽ
എനിക്ക്
പതച്ചു നിൽക്കാൻ
ഒരൊറ്റക്കാൽപ്പുണ്യം?
നൊമ്പരങ്ങളുടെ
പകലിരവുകൾ
എരിച്ചൊടുക്കാൻ
ഒരൊറ്റക്കണ്ണ്?
പ്രപഞ്ചത്തിൻ മധുരം
പിഴിഞ്ഞൊഴുകുന്നത്
തൊട്ടു തിലകമണിയാൻ
ഒരൊറ്റ വിരൽ?
എവിടെ?
ഇടിമിന്നലുകളാൽ ഗർഭം മുറ്റിയ
കൊടുങ്കാറ്റുകൾ, പേമാരികൾ
എവിടെ?
എന്നെ നഗ്നനാക്കൂ,
മനുഷ്യനാക്കൂ...
എന്നിട്ട്,
സ്നേഹത്തിന്റെ
ഒരു തുള്ളികുടിനീരിറ്റിച്ച്
എന്റെ ജീവനെടുത്തേക്കൂ
ജാതിയില്ലാത്ത, മതമില്ലാത്ത
ഭ്രൂണാവസ്ഥയിലേക്ക്
എനിക്ക്
തിരിച്ചു പോകണം.
എൻ നാവിൽ പൂക്കുന്ന,
എഴുത്തു വിരൽ ചുരത്തുന്ന
അക്ഷരങ്ങളെ തെരയാൻ
വെടിയുണ്ടകളിലേറി വരുന്നവരെ,
ഉരുക്കാണിയടിച്ച്
തിളയ്ക്കുമെൻ നാവിനെ തളച്ചേക്കുക.
ഉയിരറുത്തെടുത്താലും
പതഞ്ഞുപൊന്തുന്ന
മനുഷ്യ സ്നേഹമാണെന്നക്ഷരങ്ങൾ.

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo