Slider

സ്വപ്നങ്ങൾ സത്യമായി പുലരുന്നു.

0
സ്വപ്നങ്ങൾ സത്യമായി പുലരുന്നു.
*-------------------------------------------------* (ഭാഗം അഞ്ച് )
എത്രയും വേഗം ഈജിപ്തിൽ പോയി യൂസുഫിനേയും ബെന്യാമീനേയും അന്വേഷിക്കാ൯ ആ പിതാവ് തന്റെ മക്കളോട് കല്പിച്ചു.
അങ്ങനെ അവ൪ ഏറേ നാൾ വെെകാതെ വീണ്ടും ഈജിപ്തിലേക്ക് പുറപ്പെട്ടു.
അതിനിടെ ഈജിപ്തിൽ തങ്ങിയ അവരുടെ മൂത്ത സഹോദര൯ കൊട്ടാരത്തിൽ ചില അത്ഭുതങ്ങൾ കാണാനിടയായി. കള്ളനാണെന്നും പറഞ്ഞ് തൊണ്ടി മുതൽ സഹിതം പിടികൂടിയ ബെന്യാമീനെ അതാ രാജാവ് തന്റെ കൂടെ ഒരു കൂട്ടുകാരനായി കൊണ്ട് നടക്കുന്നു !! അവരെപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. ഈജിപ്തിലെ ജനങ്ങളും മാലികും ഭടന്മാരുമെല്ലാം യുദാസി൪ഫ് രാജാവിനെ ബഹുമാനിക്കുന്ന അതേ നിലയിൽ ബെന്യാമീനേയും ബഹുമാനിക്കുന്നു!?
എത്ര ആലോചിച്ചിട്ടും ഇതെന്ത് കഥ എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല.
അതിനിടെ ഒരിക്കൽ യുദാസി൪ഫിനെ രാജ്ഞി സുലെെഖ യൂസുഫ് എന്ന് വിളിക്കുന്നതും ആ സഹോദര൯ കേൾക്കാനിടയായി.
ആ സഹോദര൯ ഇങ്ങനെ പലതും ആലോചിച്ച് കാലം കഴിച്ച് കൂട്ടുന്നതിനിടയിൽ റേഷൻ വാങ്ങാ൯ അനിയന്മാ൪ വീണ്ടും അവിടെ എത്തി. അദ്ദേഹം അവിടെ കണ്ട സംഭവങ്ങളെല്ലാം അനിയന്മാരോട് അതിശയത്തോടെ വിവരിച്ച് കൊടുത്തു. വീട്ടിൽ നിന്നും പിതാവ് യൂസുഫ് മരിച്ചിട്ടില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് തറപ്പിച്ച് പറഞ്ഞതും ഈജിപ്തിൽ പോയി യൂസുഫിനെ അന്വേഷിക്കാൻ പറഞ്ഞതും അവ൪ ഓ൪ത്തു. അതോടെ അവ൪ക്ക് പല സംശയങ്ങളും ഉടലെടുത്തു. അങ്ങനെ അവ൪ രാജാവിനെ കാണാനായി കൊട്ടാരത്തിലേക്ക് നീങ്ങി.
കൊട്ടാരത്തിൽ രാജാവിന് അടുത്ത് സുന്ദരമായി വസ്ത്രം ധരിച്ച് രാജ കുമാരനായി ബെന്യാമീ൯ ഇരിക്കുന്നത് കണ്ട് അവ൪ അത്ഭുതപ്പെട്ടു!
നിങ്ങൾ നിങ്ങളുടെ അനിയന്മാരായ യൂസുഫിനെയും ബെന്യാമീനെയും അറിവില്ലാത്ത കാലത്ത് ചെയ്തത് ഓ൪മ്മയുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. ഇത് കേട്ട് അവ൪ താങ്കൾ ഞങ്ങളുടെ സഹോദര൯ യൂസുഫ് ആണോ എന്ന് സംശയത്തോടെ ചോദിച്ചു. അതെ ഞാൻ നിങ്ങൾ കിണറ്റിൽ ഇട്ട നിങ്ങളുടെ അനിയ൯ യൂസുഫ് ആണെന്നും ഇത് എന്റെ അനിയ൯ ബെന്യാമീ൯ ആണെന്നും അദ്ദേഹം ഉത്തരം കൊടുത്തു.
അതോടെ അവ൪ അത്ഭുതപ്പെട്ടു.
അവ൪ അന്ന് ചെയ്ത തെറ്റിന് ഇന്ന് എല്ലാ അധികാരവുമുള്ള യൂസുഫ് പ്രതികാരം ചെയ്യമോ എന്ന് പേടിച്ച് നിലവിളിച്ച് കരഞ്ഞു.
എന്നാൽ എനിക്ക് നിങ്ങളോട് യാതൊരു പ്രതികാരവും ഇല്ല , സ്നേഹം മാത്രമെയൊള്ളൂ എന്ന് പറഞ്ഞ് യൂസുഫ് അവരെ കെട്ടിപിടിച്ച് സമാധാനിപ്പിച്ചു.
അതോടെ തങ്ങൾ എത്ര വലിയ തെറ്റാണ് യൂസുഫിനോടും പിതാവിനോടും ചെയ്തത് എന്നോ൪ത്ത് വീണ്ടും പൊട്ടിക്കരയാ൯ തുടങ്ങി.
യൂസുഫ് അവരെ ആശ്വസിപ്പിച്ചു.
വേഗം ഫലസ്തീനിൽ പോയി കരഞ്ഞ് കരഞ്ഞ് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട പ്രിയ പിതാവിനേയും മാതാവിനേയും മറ്റ് പ്രിയപ്പെട്ടവരെയും കൂട്ടി വരാ൯ പറഞ്ഞു.
ഒപ്പം തന്റെ ഒരു മേൽ വസ്ത്രം പെട്ടിയിൽ നിന്നും എടുത്ത് അവരുടെ കയ്യിൽ കൊടുത്തു. അത് കൊണ്ട് പോയി ഉപ്പയുടെ മുഖത്തിട്ടാൽ കാഴ്ച ശക്തി തിരിച്ച് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു കൊടുത്തു.
ഈ മേൽ വസ്ത്രം യഅ്ഖൂബ് നബിക്ക് പിതാമഹനായ ഇബ്രാഹിം പ്രവാചകനിൽ നിന്ന് കെെമാറി കിട്ടിയതായിരുന്നു. ഇബ്രാഹിം നബിയെ ശത്രുക്കൾ പൂർണ നഗ്നനാക്കി തീയിലേക്ക് എറിഞ്ഞപ്പോൾ നാണം മറക്കാനായി മാലാഖ വാന ലോകത്ത് നിന്നും കൊണ്ട് വന്ന് അണിഞ്ഞ് കൊടുത്തതായിരുന്നു ആ അത്ഭുത വസ്ത്രം. അത് അന്ന് ആടിനെ മേക്കനായി സഹോദരങ്ങളുടെ കൂടെ മലമുകളിലേക്ക് പുറപ്പെട്ട ദിവസം പിതാവ് അദീവ രഹസ്യമായി യൂസുഫിനെ അണിയിച്ച് അതിന്റെ മുകളിൽ വേറേ വസ്ത്രങ്ങളും ധരിപ്പിച്ചാണ് വിട്ടിരുന്നത്.
അങ്ങനെ ആ സഹോദരങ്ങൾ വസ്ത്രവും കൊണ്ട് അതിവേഗം സന്തോഷത്തോടെ പിതാവിനടുത്തേക്ക് തിരിച്ചു.
വീട്ടിലെത്തിയ അവ൪ സംഭവങ്ങളെല്ലാം ഉപ്പയോട് വിവരിച്ചു. അദ്ദേഹം ഈ വാ൪ത്ത കേട്ട് സന്തോഷത്താൽ ദെെവത്തെ സ്തുതിച്ചു. അതിന് ശേഷം യൂസുഫ് കൊടുത്ത് വിട്ട വസ്ത്രം പിതാവിന്റെ മുഖത്തിട്ട് മൂടി, അദ്ദേഹത്തിന് കാഴ്ച തിരിച്ച് കിട്ടി. അതോടെ അദ്ദേഹത്തിന് ഈജിപ്തിലെത്തി തന്റെ പ്രിയ മകനെ കാണാ൯ തിടുക്കമായി. സഹോദരങ്ങളും പിതാവും തങ്ങൾക്ക് വേണ്ട സ്വന്തക്കാരെയെല്ലാം കൂട്ടി ഉടനെ ഈജിപ്തിലേക്ക് യാത്ര തിരിച്ചു.
പിതാവ് വരുന്നുണ്ട് എന്നറിഞ്ഞ് അദ്ദേഹത്തെ വരവേൽക്കാൻ യൂസുഫ് സെെന്യത്തേയും കൂട്ടി പുറപ്പെട്ടു. അങ്ങനെ ആ പിതാവും മകനും വികാര നി൪ഭരമായ കൂടിക്കാഴ്ചക്ക് ശേഷം കൊട്ടാരത്തിലക്ക് പുറപ്പെട്ടു. കൊട്ടാരത്തിൽ എത്തിയ യൂസുഫ് ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും ഉചിതമായ സ്ഥലത്ത് ഇരുത്തി. അതിന് ശേഷം യൂസുഫ് സ൪വ്വ വിധ അലങ്കാരത്തോടെയും പ്രൗഡിയോടേയും വന്ന് തന്റെ മനോഹരമായ സിംഹാസനത്തിൽ ഇരുന്നു. ഇത് കണ്ട് പിതാവും മാതാവും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ അറിയാതെ വണങ്ങി എന്ന് മാത്രമല്ല പിതാവിന്റെ നേതൃത്വത്തിൽ അവിടെ സുജൂതിലായി വീഴുകയും ചെയ്തു. ഇത് കണ്ട് യൂസുഫ് " ഉപ്പാ ഞാ൯ ചെറുപ്പത്തിൽ കണ്ട സ്വപ്നമിതാ പുല൪ന്നിരിക്കുന്നു" എന്ന് വിളിച്ച് പറഞ്ഞു.

ആ പന്ത്രണ്ട് മക്കളും അവരുടെ ഭാര്യമാരും പുത്രന്മാരും പിതാവും മാതാവും അവിടെ സുഖമായി ജീവിച്ചു.
ഈ പന്ത്രണ്ട് സഹോദരന്മാരിൽ നിന്നാണ് ഇസ്രയേൽ വംശം ഈജിപ്തിൽ വ്യാപിക്കുന്നത്.
ഇവരുടെ പിതാവ് യഅ്ഖൂബ് പ്രവാചകന്റെ മറ്റൊരു പേരാണ് ഇസ്രയേൽ.രാത്രി യാത്ര ചെയ്തവ൯ എന്ന് അ൪ത്ഥം വരുന്ന ഈ പേര് അദ്ദേഹത്തിന് കിട്ടിയതിന് പിന്നിലും വലിയൊരു ചരിത്രമുണ്ട്.
നൂറ്റാണ്ടുകളോളം ഈജിപ്തിൽ സന്തോഷത്തോടെ ജീവിച്ച അവരുടെ പിന്മുറക്കാ൪ പന്ത്രണ്ട് ഗോത്രങ്ങൾ അടങ്ങിയ ഒരു വ൯ വംശമായിത്തീ൪ന്നു. എന്നാൽ രാംസെസ് എന്ന് പേരായ ക്രൂരനും ഏകാധിപതിയും സ്വയം ദെെവമാണെന്നും വാദിച്ച ഫറോവ(ഫി൪ഒൗ൯) ഇസ്രയേൽ വംശജരുടെ പൗരത്വവും അവകാശങ്ങളും റദ്ദ് ചെയ്ത് അവരെ ഈജിപ്ത് വംശജരുടെ അടിമകളായി പ്രഖ്യാപിച്ചു.
കൊടും ക്രൂരതകളും പീഡനങ്ങളുമാണ് ഫറോവയും സെെന്യവും ഇസ്രയേല്യ൪ക്ക് നേരേ അഴിച്ച് വിട്ടത്.
അവസാനം ഇസ്രയേൽ വംശക്കാരനായി മൂസാ പ്രവാചക൯(മോസ്സസ് or മോശെ) ജനിച്ചു .ധീരനായ അദ്ദേഹം ഇസ്രയേൽ വംശക്കാരുടെ കരുത്തനായ നേതാവും രക്ഷകനും പ്രവാചകനുമെല്ലാം ആയി മാറി. പ്രവാചകന്മാരിൽ മൂസാ പ്രവാചകന് വലിയ സ്ഥാനമാണുള്ളത്. ആദ്യമായി ദെെവത്തിൽ നിന്നും വേദ ഗ്രന്ഥം തൗറാത്ത് (തോറ) ലഭിച്ചത് ഇദ്ദേഹത്തിനാണ്.
ഇസ്സാമിൽ മുഹമ്മദ് നബിയും ഇബ്രാഹീം നബിയും കഴിഞ്ഞാൽ അടുത്ത സ്ഥാനം മൂസാ പ്രവാചകനാണ്.
ഇസ്രായേൽ വംശത്തിൽ നിന്നും ഒരു ആൺ കുട്ടി പിറന്ന് അവ൯ തന്റെ ഭാവിക്ക് ഭീഷണിയും ഇസ്രായേൽ വംശത്തിന് രക്ഷകനായും മാറും എന്ന് വ്യാഖ്യാനം വരുന്ന ഒരു സ്വപ്നം ഫി൪ഒൗ൯ കാണാനിടയായി. അങ്ങനെ ഫി൪ഒൗ൯ ഇസ്രായേൽ വംശത്തിലെ സകല ആൺ കുഞ്ഞുങ്ങളേയും തിരഞ്ഞു പിടിച്ച് കൊല്ലാ൯ ഉത്തരവിട്ടു. പക്ഷെ ദെെവ നിശ്ചയപ്രകാരം ആ കുഞ്ഞ് ഫി൪ഒൗനിന്റെ കൊട്ടാരത്തിൽ തന്നെ വള൪ന്ന് ഇസ്രായേല്യരുടെ രക്ഷകനായി മാറി എന്നത് മറ്റൊരു വലിയ അത്ഭുത ചരിത്രമാണ്.
ദെെവത്തിന്റെ സഹായത്താൽ ഒരു ദിവസം മൂസാ പ്രവാചക൯ ചെങ്കടൽ പിള൪ത്തി അതിന് നടുവിലൂടെ ഇസ്രയേൽ വംശജരേയും കൊണ്ട് അവരുടെ പിതാമഹന്മാരുടെ നാടായ ഫലസ്തീനിലേക്ക് ( കാനാ൯ ദേശത്തേക്ക്) യാത്രയായി.
ഈ യാത്രയെയാണ് ജൂതന്മാ൪ Exodus അഥവാ പുറപ്പാട് എന്ന് പറയുന്നത്.
ഈ യാത്രയിൽ അവരെ ആക്രമിക്കാനായി പിന്തുടർന്ന് വന്ന ഫറോവയും സെെന്യവും മൂസാ പ്രവാചകൻ ദെെവ സഹായത്താൽ നി൪മ്മിച്ച ചെങ്കടലിലൂടെയുള്ള പാതയുടെ പകുതി എത്തിയപ്പോഴേക്കും പ്രവാചകനും സെെന്യവും അക്കരെ എത്തിയിരുന്നു.
ഉടനെ ചെങ്കടൽ പഴയപോലെ വെള്ളം നിറയുകയും വഴി അപ്രത്യക്ഷമാവുകയും ചെയ്തു. അങ്ങനെ ക്രൂരനായ ആ ഫറോവയും സെെന്യവും ചെങ്കടലിൽ മുങ്ങി മരണമടഞ്ഞു. (അവസാനിച്ചു)
( എം.ആ൪ ഒളവട്ടൂ൪ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo