Slider

#പുത്തനച്ചി പുരപ്പുറം തൂക്കും

0
#പുത്തനച്ചി പുരപ്പുറം തൂക്കും
കല്യാണം കഴിഞ്ഞ് കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് നാലാമത്തെ ആഴ്ച,പുത്തനച്ചി പുരപുറം തൂക്കും എന്ന വാചകം അന്വർത്ഥമാക്കും വിധം ഞാൻ വീടിൻ്റെ മുകളിൽ.,
എന്ത് പറയാനാ വരാനുള്ളത് വഴിയിൽ തങ്ങുമോ, ടെറസിൻ്റെ മുകളിൽ നാലുഭാഗത്തായ് ഉള്ള പൈപ്പിൽ ചപ്പുചവറു കുടുങ്ങിയതു കാരണം വെള്ളം കെട്ടി കിടക്കുവായിരുന്നു.ചപ്പുചവറ് തൂത്ത് വാരിക്കളയാൻ കെട്ടിയോനെ സഹായിക്കാൻ കേറീതാ,
ഇപ്പൊ പണി കിട്ടിയ ഡിങ്കനെ പോലെ നിക്കുവാ..
" ടീ , നീ ആകാശം നോക്കി നിക്കാതെ ആ ഏണി ടെ പടിയിലോട്ട് കാല് വെയ്.."
"നിങ്ങക്കവിടെ കിടന്ന് പറഞ്ഞാ മതി, കാലെടുത്ത് പടിയിലോട്ട് വെക്കാൻ നോക്കുമ്പോ തലകറങ്ങുവാ മനുഷ്യാ. "
"നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ എൻ്റെ പിന്നാലെ വലിഞ്ഞു കേറണ്ടാ ന്ന്,. കേറിയ പോലെ താഴോട്ടിറങ്ങ്"
"ഏണിയിലൂടെ താഴേക്കിറങ്ങാൻ പേടിയാ "
"നീ ഈ ഏണിയിലൂടെ അല്ലേ മോളീലോട്ട് കയറിയെ "
"മുകളിലോട്ട് കയറാൻ കോണിപ്പടി ഉണ്ടേൽ ഇപ്പൊ വല്ല കുഴപ്പവും ഉണ്ടായിരുന്നോ"
"എന്നാ ഏണിപ്പടി വാർപ്പൊക്കെ കഴിഞ്ഞ് മോളിറങ്ങിയാമതി 'എന്നെക്കൊണ്ടോരോന്ന് പറയിക്കണ്ട.."
ചക്കരേ മോളേ തേനേന്നൊക്കെ വിളിച്ചതാ ഇത്രേം ദിവസം ഞാനായിട്ടാ വിളി മാറ്റിക്കും ന്നാ തോന്നണെ,ഈശ്വരാ..
"മനുവേട്ടാ , മുറുകെ പിടി ഞാനിറങ്ങുവാണെ "
"നീ ഒന്നിറങ്ങുന്നുണ്ടോ നീതു, അമ്മ അമ്പലത്തീന്ന് വരുന്നേന് മുന്നെ ഇറങ്ങീലെ ഇന്ന് നിൻ്റെ ചീട്ട് കീറും. നിന്നോട് പോകുമ്പഴേ അമ്മ പറഞ്ഞതാ മോളിലോട്ട് കേറണ്ടാന്ന്."
" അമ്മയൊന്നും പറയില്ല പേടിപ്പിക്കല്ലേ ...
101 ലേക്ക് വിളിച്ചാലോ?
എനിക്ക് ഇറങ്ങാൻ വയ്യ "
.
"കളിക്കാതെ ഇറങ്ങ് അവൾടെ ഒരു 101, അമ്മ വന്നാ പിന്നെ എവിടേക്കും വിളിക്കേണ്ടി വരില്ല"
"എന്താടാ നീ സൺഷൈഡിലേക്ക് നോക്കി പിറുപിറുക്കണെ ,. നീതു എവിടെ?"
"അമ്മേ, ഞാൻ മോളിലാ"
"നീയെന്താ അവിടെ,കയറണ്ടാന്ന് ഞാൻ പറഞ്ഞതല്ലെ.. വെള്ളം കെട്ടി കിടന്ന് അവ്ടെ മൊത്തം വഴുക്കലാ. നോക്കി വേഗം താഴെയിറങ്ങ്.. "
"ഇറങ്ങാൻ പറ്റണില്ല അമ്മെ"
"ശ്ശൊ,. എടാ മനു ആരേലും കാണനേനു മുന്നെ അവളെ താഴെയിറക്ക് "
"ടീ.. നീ താഴോട്ടിറങ്ങുന്നുണ്ടോ"
"ഡാ പതുക്കെ പറയ്"
അമ്മേ ഇങ്ങ് മാറി നിൽക്ക് , അവൾക്കിറങ്ങാൻ പറ്റണില്ലേ അവിടിരിക്കട്ടെ "
"നാട്ടാര് കാണുലോ ഈശ്വരാ,
മോളെ അമ്മ പിടിച്ചിട്ട്ണ്ട് ധൈര്യായ് ഇറങ്ങ്, "
"ആരും പിടിക്കണ്ടാ,ഞാൻ കേറിയ പോലെ ഇറങ്ങിക്കോളാം.. ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാ"
ഒരു പ്രഖ്യാപനവും നടത്തി പറശ്ശിനിക്കടവ് മുത്തപ്പനേം വിളിച്ച് രണ്ടും കൽപ്പിച്ച് ഞാനിറങ്ങാൻ തുടങ്ങി.
"നോക്കിയിറങ്ങ്
മെല്ലെ.
ഹൊ...!"
ആരും കണ്ടിട്ടില്ല നീതു നീ കൊള്ളാലോടി മോളെ എൻ്റെ മനസെ ന്നോട് പറഞ്ഞ പോലെ തോന്നിയെനിക്ക് .
"രണ്ടാളും പേടിച്ചോ,ഞാൻ ഒന്നു കളിപ്പിച്ചതല്ലേ. സാഹസം എനിക്ക് പണ്ടേ ഒരു വീക്ക്നസാ"
"ഉവ്വുവ്വേ.."
"ദാ ഈ വെള്ളം കുടിക്ക്.. കഷ്ടപ്പെട്ട് പുരപ്പുറം തൂക്കാനിറങ്ങിത്തിരിച്ചതല്ലേ,
പുത്തനച്ചി പുരപ്പുറം തൂക്കുംന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പഴാ കണ്ടെ അല്ലെ അമ്മെ"
"നീ പോടാ ,അവൾക്കൊരബദ്ധം പറ്റീതല്ലേ മോള് പോയ് കുളിക്ക് മൊത്തം അഴുക്കാ..."
"അമ്മേ ഞാനൊരു ഫയറിംഗ് പ്രതീക്ഷിച്ചു മോശായിപ്പോയമ്മേ "
"ആരും കണ്ടിട്ടില്ല ,ഇനി ചിരിച്ച് നാട്ടുകാരെ അറിയിക്കല്ലേ മനു ഏട്ടാ.
അമ്മേ, മോന് അമ്മായിഅമ്മ പോര് കാണാനുള്ള പൂതിയാ "
"ആരും കണ്ടിട്ടില്ല ഞാനും എൻ്റെ അമ്മേം മാത്രെ കണ്ടുള്ളു നീതൂ ,ഞങ്ങളെ കണ്ടുള്ളു. "
"ഒന്നു പോ മനുവേട്ടാ,ഒരബദ്ധം ഏത് ബുദ്ധിമതിക്കും പറ്റും"
"അത് ബുദ്ധിമതിക്ക്.നിന്നെ പോലുള്ള പൊട്ടിക്കാളിക്കൊക്കെ "
ഈ സംസാരം മതിയാക്കിപ്പിക്കാൻ ഒറ്റ വഴി മാത്രെ ഉള്ളു.,സ്കൂട്ടാവുക .
"ഞാൻ കുളിക്കട്ടെ.,കുളിച്ചിട്ട് വേണം ഭക്ഷണം കഴിക്കാൻ ഭയങ്കര വിശപ്പ്.."
ഒരു ചളിപ്പും ഇല്ലാതെ ഞാൻ അകത്തേക്ക് ,അല്ല പിന്നെ എന്നോടാ കളി.
ജിഷ രതീഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo