Slider

***കൂട്ടുകാരൻ ****

0

***കൂട്ടുകാരൻ ****
രാവിലെ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് മീനൂ ഉറക്കമുണർന്നു വന്നത്. അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നിരിക്കുന്നു. അമ്മയുടെ അടുത്ത് നിന്ന് മീനു സാകൂതം അപ്പുറത്തേക്ക് നോക്കി.. ഏകദേശം തന്റെ അമ്മയുടെ പ്രായമുള്ള ഒരാൻറി.. അതിനിടെ രണ്ടു വിടർന്ന കണ്ണുകൾ അപ്പുറത്തെ വീട്ടിൽ ജനലുകൾക്കിടയിൽ നിന്ന് തന്റെ നേർക്ക് നീണ്ടു വന്നത് അവൾ കണ്ടു..
"എന്റെ മോളാണ് മീനാക്ഷി . നാലാം ക്ലാസിലാ പഠിക്കുന്നേ.. "അമ്മ പുതിയ ആന്റിക്ക് പരിചയപ്പെടുത്തുകയാണ് തന്നെ. അവൾ പല്ലുതേക്കാനുള്ള ഉമിക്കരിയുമെടുത്ത് അപ്പുറത്തേക്ക് പോയി..
സ്കൂളിലേക്ക് പോകുന്ന വഴി അടുത്ത വീട്ടിലേക്ക് അവൾ നോക്കി.. താൻ മുൻപ് കണ്ട വിടർന്ന കണ്ണുകൾ അവൾ വീണ്ടും കണ്ടു.. അവളെ കണ്ടതും ആ കണ്ണുകൾ ചിമ്മിയടഞ്ഞു..
വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന വഴിയും അവളാ ജനലുകളിലേക്ക് നോക്കി.. എന്നാൽ ആ ജനൽ പാളികൾ അടഞ്ഞുകിടന്നിരുന്നു..
"വില്ലേജാഫീസിലെ പുതിയ ക്ലർക്കാ.. അങ്ങ് വടക്കൂന്ന് സ്ഥലം മാറി വന്നതാ.. ഒരു മോനുണ്ട് നമ്മുടെ മീനൂന്റെ പള്ളിക്കൂടത്തിൽ ചേർക്കണം എന്നു പറയുന്നു അവര് " അമ്മ രാത്രി കിടക്കുന്നതിന് മുൻപ് അച്ഛനോട് പറയുന്നത് മീനൂ കേട്ടു ..
പിറ്റേന്ന് രാവിലെ സ്ക്കൂളിലേക്ക് അവൾ പോകുമ്പോൾ "മീനൂട്ടീ ഞങ്ങളും വരുന്നുണ്ടെന്ന് "പറഞ്ഞ് പുതിയ ആന്റിയും മകനും കൂടെ വന്നു .. അപ്പോഴാണ് ആ വിടർന്ന കണ്ണുളുള്ള അവനെ അവൾ കാണുന്നത് ..
തന്നേക്കാൾ ഒരിത്തിരി പൊക്കം കൂടുതൽ കാണും.. ഇരു നിറം.. കുസൃതി നിറഞ്ഞ കണ്ണുകൾ. അവളെ നോക്കിയതും അവനെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു . അവൾ തിരിച്ചും പുഞ്ചിരിച്ചു..
"മീനൂ ഇത് അപ്പു. മീനൂന്റെ പള്ളിക്കൂടത്തിലാ ഇവനെയും ചേർക്കുന്നത് .. ഇവനെ കൂടി നോക്കണേ"
ആന്റിയുടെ വാക്കുകൾ കേട്ട് മീനൂ തലയാട്ടി.. സ്കൂളിലെത്തിയതും മീനൂ
തന്റെ ക്ലാസിലേക്ക് പോയി.. അപ്പുവും ആന്റിയും ഓഫീസ് റൂമിലേക്കും. ആദ്യത്തെ പിരിയഡ് ടീച്ചർ പഠിപ്പിച്ച് കൊണ്ടിരിക്കവേയാണ് പുതിയ കുട്ടിയെയും കൊണ്ട് ഹെഡ് മാസ്റ്റർ വന്നത്.. അപ്പു. അവൻ മടിച്ച് മടിച്ച് ക്ലാസിലേക്ക് കയറി.. എല്ലാ കുട്ടികളുടേയും കണ്ണ് അവനിലായിരുന്നു .. അവന്റെ
കണ്ണുകളുടക്കിയത് മീനുവിന്റെ മുഖത്തും .. അവളെ കണ്ടതും അവന്റെ മുഖത്തെ പരിഭ്രമം ആശ്വാസമായി മാറി..
വൈകിട്ട് അപ്പുവിനെ കൂട്ടാൻ ആന്റി വന്നിരുന്നു.. അന്ന് പോകുന്ന വഴി സ്കൂളിലെ കൊച്ചു കാര്യങ്ങളൊക്കെ പറഞ്ഞ് മീനുവും അപ്പുവും കൂട്ടായി കഴിഞ്ഞിരുന്നു...
എന്നും സ്കൂളിലേക്കുള്ള യാത്ര അവർ എന്നും ഒന്നിച്ചായി.. പഠിത്തവും കളിയും എല്ലാം രണ്ടു പേരും ചേർന്നായി.. അവധി ദിവസങ്ങളിൽ വീടിനടുത്തുള്ള സമപ്രായക്കാരായ എല്ലാ കൂട്ടുകാർക്കും മീനു അപ്പുവിനെ പരിചയപ്പെടുത്തി .. അവരിൽ ഒരാളായി മാറി അപ്പുവും. എന്നും കളി കഴിഞ്ഞ് അമ്മ ഉണ്ടാക്കി തന്ന കവുങ്ങിൻ പാളയിൽ മീനുവും കൂട്ടുകാരിയും അപ്പുവിനെ നടുക്കിരിത്തൂം .. മറ്റു കൂട്ടുകാരെല്ലാം കൂടി പാളവണ്ടി വലിക്കും ..
"പാള കൊണ്ട് വണ്ടി കെട്ടി ..
വണ്ടി നിറയെ ഭാരം കേറ്റി
അപ്പൂനെ നടുക്കിരുത്തി..
വലിയേ വലി വലിയേ "
''മീനൂട്ടി ഡ്രൈവവറായി
നന്ദൂട്ടി കണ്ടക്ടറായി
അപ്പൂനെ നടുക്കിരുത്തി..
വലിയേ വലി വലിയേ ...''
എന്ന് മീനൂ താളത്തിൽ പാടുമ്പോൾ കൂട്ടുകാർ ഏറ്റു പാടും..
കൊത്തൻ കല്ലു കളിക്കാനും .. അപ്പൂപ്പൻ താടി പറത്താനും .കണ്ണാരം പൊത്തിക്കളിക്കാനും അവൾ അപ്പുവിനെ കൂട്ടി.. മുൻപ് ഇതുപോലെ കളിക്കൂട്ടുകാർ ഇല്ലാതിരുന്ന അപ്പുവിന് എല്ലാം അത്ഭുതമായിരുന്നു .. വെള്ളത്തിൽ ഇറങ്ങാൻ പേടിയായ അപ്പുവിനെ തോട്ടിലിറങ്ങി തോർത്ത് കൊണ്ട് കോരി മീൻ പിടിക്കാൻ പഠിപ്പിച്ചത് .. മണ്ണിര ചൂണ്ടയിൽ കോർത്ത് പള്ളത്തി പിടിക്കാൻ ... ബ്ലാത്തി മരത്തിൽ ഉണ്ടാകുന്ന ചെറിയ പുളിയുള്ള ബ്ലാത്തിക്കാ ഉപ്പും കൂട്ടി തിന്നാൻ പഠിപ്പിച്ചത് എല്ലാം മീനുവായിരുന്നു ..
തെങ്ങും തടിപ്പാലം കടക്കാൻ അപ്പുവിന് ഭയമായിരുന്നു .. മീനൂ കൈ പിടിച്ച് നടത്താമെന്നു പറഞ്ഞാലും അവന് എന്നും പേടിയാണ്. പാലം കടക്കാൻ പാലത്തിൽ വട്ടം രണ്ടു കാലുമിട്ടിരുന്ന് നിരക്കി നിരക്കി പോരാനും മീനു അവനെ പഠിപ്പിച്ചു...
തേങ്ങയുടെ തൊണ്ട് ചീയാനിട്ടിരിക്കുന്ന മടൽക്കുഴിയിലെ ആമ്പൽപ്പൂവ് വിടർന്ന് നിൽക്കുന്നത് കാണാൻ അപ്പുവിന് വലിയ ഇഷ്ടമായിരുന്നു .. അതിലെ ചീഞ്ഞ മണം വകവെച്ച് ആ അമ്പൽപ്പൂവ് മീനു അവന് പറിച്ച് കൊടുക്കുമ്പോൾ ആ മുഖം ആമ്പൽപ്പൂ പോലെ വിടരും .
ആമ്പലിന്റെ തണ്ട് ഒടിച്ച് മാലയാക്കി അവൻ മീനുവിന്റെ കഴുത്തിൽ ഇട്ടു കൊടുക്കും.. അവൾ തിരിച്ചും..മണ്ണപ്പം ചുട്ടു കളിക്കുമ്പോഴും കഞ്ഞിയും കൂട്ടാനും വച്ചു കളിക്കുമ്പോഴും എന്നും അമ്മയും അച്ഛനും മീനുവും അപ്പുവും ആയിരിക്കും.
അമ്പലത്തിലെ ഉത്സവത്തിനും പള്ളിയിൽ നേർച്ചക്കഞ്ഞി വയ്ക്കാനും പോയപ്പോൾ മീനൂ അപ്പുവിനെ കൂടെ കൂട്ടി. ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോഴേക്കും അവരുടെ കുഞ്ഞു മനസ്സുകളിൽ സൗഹൃദത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയിരുന്നു ...
പതിവുപോലെ അന്നും കളി കഴിഞ്ഞ് സന്ധ്യക്ക് മുൻപേ മീനുവും കൂട്ടുകാരും കൂടി കുളിക്കാൻ കായലിലേക്ക് പോയി.. അപ്പു എന്നത്തേയും പോലെ കരയിൽ കാഴ്ചക്കാരനായി ഇരുന്നു .. കൂട്ടുകാർ എല്ലാവരും നീന്താൻ വിളിച്ചെങ്കിലും അവൻ വെള്ളത്തിലിറങ്ങാൻ കൂട്ടാക്കിയില്ല..
" അയ്യേ!!! നീയിത്ര പേടിത്തൊണ്ടനാണോ അപ്പൂ ?നിനക്ക് ഇത്രയായിട്ടും നീന്താനറിയില്ലേ .നീ നീന്താൻ പഠിച്ചില്ലേ നിന്നെ ഞങ്ങൾ കളിക്കാൻ കൂട്ടൂല്ല .മീനൂട്ടിയും നിന്നോടിനി മിണ്ടില്ല. മീനൂട്ടി നിന്നോടുള്ള കൂട്ടും
നിർത്തും. "
എന്ന് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ അപ്പുവിനെ കളിയാക്കിയത് മീനുവിന് ഇഷ്ടമായില്ല. അത് കേട്ട് മറ്റുള്ളവരും ശരിവച്ചു..
അപ്പുവിന്റെ മുഖം മാറി.. ചുണ്ടുകൾ വിതുമ്പി വിറയാർന്നു. ആ വിടർന്ന കണ്ണുകൾ കണ്ണുനീർ തടാകങ്ങളായി.. മീനുവിന് എന്തെങ്കിലും പറയാൻ കഴിയും മുമ്പേ
"നിങ്ങള് നോക്കിക്കോ ഞാൻ നിങ്ങളേക്കാൾ നന്നായി നീന്താൻ പഠിക്കും. അല്ലേ മീനൂട്ടീ .."
എന്ന് പറഞ്ഞ് അവൻ എഴുന്നേറ്റ് വീട്ടിലേക്ക് ഓടി.. മീനൂ കുളി കഴിഞ്ഞ് അപ്പുവിന്റെ വീട്ടിൽ ചെന്ന് അവനെ തിരക്കിയപ്പോൾ "എന്താന്നറിയില്ല മീനൂ അവൻ കിടന്നൂ " എന്ന് ആന്റി പറഞ്ഞതു കേട്ട് അവൾ വിഷമത്തോടെ തിരിച്ചു പോന്നൂ..
പിറ്റേന്ന് അവധിയായതിനാൽ മീനൂ താമസിച്ചാണ് എഴുന്നേറ്റത്. മുറ്റത്ത് വരുമ്പോഴേക്കും അപ്പുവിന്റെ വീട്ടു മുറ്റത്ത് ഒരു ആൾക്കൂട്ടം കണ്ടു.. എന്താന്നറിയാൻ പോകാൻ തുടങ്ങുമ്പോഴേക്കും ആരുടെയോ സംസാരം അവൾ കേട്ടു ..
"ആ കുഞ്ഞ് എന്തിനാ വെള്ളത്തിലിറങ്ങിയത് എന്നറിയില്ല .. അതിന് വെള്ളം കണ്ടാൽ തന്നെ പേടിയാ.. കക്കാവാരി വരുന്നവരാ കണ്ടത് ഈറ്റകരകന്റെ ഇടക്ക് അടിഞ്ഞ് കിടക്കണത്. ആശുപത്രിയിൽ കൊണ്ടു പോയിട്ടുണ്ട് .. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകുന്നേരം കിട്ടുമായിരിക്കും."
"ഞാനും നിങ്ങളേക്കാൾ നന്നായി നീന്താൻ പഠിക്കും അല്ലേ മീനൂട്ടീ " എന്ന അപ്പുവിന്റെ വാക്കുകൾ മീനുവിന്റെ കാതുകളിൽ വന്നലച്ചു.
അന്ന് വൈകുന്നേരം അപ്പുവിന്റെ ജീവനറ്റ ശരീരവും കൊണ്ട് എല്ലാവരും വീട്ടിലെത്തുമ്പോഴും, ആ വീട്ടിൽ നിന്നും ഹൃദയം പൊട്ടിയുള്ള തേങ്ങലുകൾ ഉയരുമ്പോഴും ,ആ കവുങ്ങിൻ പാള കൊണ്ടുള്ള പാള വണ്ടിയിൽ ഇരുന്ന് മീനൂ ഉറക്കെ പാടുന്നുണ്ടായിരുന്നു ..
"പാള കൊണ്ട് വണ്ടി കെട്ടി ..
വണ്ടി നിറയെ ഭാരം കേറ്റി ...
അപ്പൂനെ നടുക്കിരുത്തി..
വലിയേ വലി വലിയേ... "

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo