Showing posts with label ശരത് മംഗലത്ത്. Show all posts
Showing posts with label ശരത് മംഗലത്ത്. Show all posts

#ഗൗരി

ഇഴഞ്ഞു നീങ്ങുന്ന ബസ്സിന്റെ വിൻഡോയിലൂടെ ഗൗരി അലസമായി ആകാശത്തേക്കു നോക്കി.
നഗരത്തിന്റെ ആകാശക്കാഴ്ച്ച പലപ്പോഴും തല ഉയർത്തി നിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാൽ ഭാഗീകമായി പോകുന്നു.
ട്രാഫിക്ക് ബ്ലോക്ക് കാരണം ബസ്സിന്റെ ചലനം വീണ്ടും പതുക്കെയായി. 30 മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂറോളം എടുക്കാറുണ്ട്.
ചിലപ്പോൾ തോന്നും കാഴ്ച്ചകൾ കണ്ട് ഇറങ്ങി നടക്കാമെന്ന്. നഗരത്തിലെ ഈ സായാഹ്നങ്ങളെല്ലാം പുതിയ കാഴ്ച്ചകളാണ് എന്നും സമ്മാനിക്കുക.
പുതിയ മുഖങ്ങൾ , പുതിയ കാഴ്ച്ചകൾ..!!
ബസ്സിന്റെ വേഗം വീണ്ടും കുറഞ്ഞപ്പോൾ ഗൗരി അക്ഷമയോടെ വാച്ചിലേക്ക് നോക്കി. ആറര കഴിഞ്ഞു.
വലത്തേ തോളിൽ ഒരു മൃദു സ്പർശം. അടുത്തിരിക്കുന്ന സ്ത്രീയുടെ കുഞ്ഞാണ്.
ഗൗരി നോക്കിയപ്പോൾ അവൾ മുൻവരിയിലെ
രണ്ടു പാൽപല്ല് കാണിച്ചു പുഞ്ചിരിച്ചു .
ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ആ പുഞ്ചിരിയിൽ ഒതുങ്ങിയ പോലെ...!! വാത്സല്ല്യത്തോടെ ഗൗരി അവളുടെ കവിളിൽ
തലോടി.
നഗരത്തിരക്കുകളിൽ നിന്നും മാറി അൽപ്പം അകലെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റായിട്ടാണ് അവളുടെ താമസം. ഈ നഗരത്തിലെ പ്രശസ്തമായ സ്ഥാപനത്തിൽ ജോലി ലഭിച്ചിട്ട്
ഒരു മാസത്തോളമാകുന്നു.
കൂടണയാനുള്ള വെമ്പൽ കാണാം നിരത്തിലെ ഓരോ മുഖങ്ങളിലും ....!!
ബസ്സിന്റെ ചലനം നിലച്ചു. മുന്നിൽ ഏതോ പാർട്ടിയുടെ പ്രകടനം പോകുന്നത് കാണാം. ബസ്സ് നിർത്തിയതിനു സമീപത്ത്
നിൽക്കുന്ന വലിയ മരത്തിന്റെ താഴെയുള്ള
തറയിലിരുന്നൊരാൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു.
മുഷിഞ്ഞ വസ്ത്രങ്ങളും , നീണ്ടു
വളർന്ന തലമുടിയും..പ്രജ്ഞയിൽ ഇരുൾ വീണൊരാളാണെന്ന് അടയാളപ്പെടുത്തുന്നു.
ഏത് അബോധാവസ്ഥയിലും തിരിച്ചറിയപ്പെടുന്ന ഒരേയൊരു വികാരം വിശപ്പ് മാത്രമാണെന്ന് ഗൗരിയോർത്തു.
ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ തന്റെ മുന്നിലെ ഭക്ഷണ പൊതിയിൽ മാത്രം ശ്രദ്ധ
ചെലുത്തിയിരുന്നയാൾ ഒരു വേള മുഖമുയർത്തിയപ്പോൾ ഗൗരി നടുങ്ങി പോയി.
കണ്ണിലിരുട്ട് കയറും പോലെ...!!
ബസ്സ് പതുക്കെ ചലിച്ചു തുടങ്ങിയിരുന്നപ്പോൾ,
അവൾ പിടഞ്ഞെണീറ്റ് ഡോറിനടുത്തേക്ക് ചെന്നു.
'' ഇവിടെ സ്റ്റോപ്പില്ല പെങ്ങളെ ''
ബസ്സ് ക്ലീളനറുടെ വാക്കുകളിൽ നീരസം. കുറച്ചു ദൂരം കൂടി പോയ ശേഷം ബസ്സ് നിന്നു. അയാളെ കണ്ട ഭാഗത്തേക്ക് ഓടുകയായിരുന്നു.
അവിടെയെത്തുമ്പോഴേക്കും അവൾ കിതക്കുന്നുണ്ടായിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ആ മരച്ചുവട്ടിൽ അയാൾ ഉണ്ടായിരുന്നില്ല.
'' ഒരു കവിത കൂടി ഞാനെഴുതി വെക്കാം
എന്റെ കനവിൽ നീയെത്തുമ്പോളോമനിക്കാൻ
ഒരു മധുരമായെന്നുമോർമ്മ വെക്കാൻ, ചാരു-
ഹൃദയാഭിലാഷമായി കരുതി വെക്കാൻ''
ശൂന്യമായ മനസ്സോടെ തിരികെ നടക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് ഇമ്പമുള്ള ശബ്ദത്തിൽ കേട്ടൊരു കവിത വീണ്ടും കാതിൽ മുഴങ്ങും പോലെ .....!!
ഒരുപാടാരാധനയോടെ നോക്കി കണ്ടിരുന്നൊരു വദനം കൺമുൻപിൽ വീണ്ടും
തെളിഞ്ഞ പോലെ....!!
കലാലയത്തിന്റെ ഇടനാഴികളെ മുഖരിതമാക്കിയ മുദ്രവാക്യം വിളി അവിടമാകെ പ്രതിധ്വനിക്കും പോലെ....!!
ചില കാഴ്ച്ചകൾ സന്തോഷം നൽകും, ചിലത് ദുഃഖവും... മറ്റ് ചിലതോ..? ഒരു തരം നിർവ്വികാരതയും......!!

ചക്രവ്യൂഹം

Image may contain: 1 person

ഹിരണ്വതി നദിയുടെ മീതെയുള്ള നഭസ്സിന്റെ , നിടിലത്തിലണിഞ്ഞ സിന്ദൂരം പതിയെ മാഞ്ഞു പോയി.
തമസ്സിന്റെ പുതപ്പെടുത്ത് മേലാകെ മൂടിയതു കൊണ്ടാവാമത്..
ചുടലയിൽ കത്തിത്തീർന്നതിന്റെ ശേഷിപ്പായി കാണുന്ന അസ്ഥിച്ചീളു പോലെ ചന്ദ്രക്കല മാനത്തു തെളിഞ്ഞു .
തമ്പേറടിയുടെ ശബ്ദം ഘനീഭവിച്ചു കിടക്കുന്ന നിശബ്ദതയെ ഭേദിച്ചു.
ശിബിരങ്ങളിലേക്ക് അണഞ്ഞു
കൊണ്ടിരുന്ന കൗരവപടയാളികളുടെ വദനങ്ങളിൽ താത്കാലിക ജയത്തിന്റെ സന്തോഷം പ്രകടമാണ്.
അങ്ങനെയെങ്കിലും ഹിരണ്വതി നദിക്കു സമാന്തരമായി കെട്ടിയുണ്ടാക്കിയ ശിബിരങ്ങളിലൊന്നിൽ മ്ലാനവദനനായി ഒരാളുണ്ടായിരുന്നു .
ചിന്തകൾ ചിലന്തിവലയിലകപ്പെട്ട ചെറുപ്രാണിയെന്ന പോൽ പുറത്തു കടക്കാനാകാതെ ഉഴറുന്നത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
വേദനകളും, പരിഹാസങ്ങളും , അപമാനങ്ങളും ഈ സൂര്യപുത്രനു പുതുമയല്ല, പക്ഷെ ഇതങ്ങനെയല്ലല്ലോ..!!
കുറ്റബോധത്തിന്റെ ശൽക്കങ്ങൾ എത്ര തൂത്തു കളഞ്ഞിട്ടും മാഞ്ഞു പോകാതെ ഹൃദയ ഭിത്തിയിൽ അള്ളിപ്പിടിച്ച് നിൽക്കുന്നു.
യുദ്ധനിയമങ്ങൾ കാറ്റിൽ പാറിയ ദിനം. അതിനും നിദാനമായത് സൂതപുത്രനായ ഈ
ഹതഭാഗ്യൻ.
കേവലം പതിനാറു വയസ്സുള്ള സഹോദര
പുത്രനായ അഭിമന്യുവിന്റെ വില്ല് പുറകിൽ നിന്നും എയ്തു തകർത്തത് ഗുരു ദ്രോണരുടെ വാക്കുകൾ കാരണമാണെങ്കിലും അതിനും മുൻപേ ആ യുദ്ധ നിപുണതയിൽ അടി പതറിയതിന്റെ നീരസ്സം മനസ്സിൽ അല
തല്ലിയിരുന്നുവോ..?
ഇപ്പോഴും വ്യക്തമാകുന്നില്ല ഒന്നും. പക്ഷെ
ഒന്നറിയാം. കുറ്റബോധത്താൽ തപിക്കുന്നുണ്ട് ഉള്ളം.
വേണമെങ്കിൽ ചിന്തിക്കാം ഗർഭാവസ്ഥയിലെ കുറിക്കപ്പെട്ടു കഴിഞ്ഞതായിരുന്നു അർജ്ജുന പുത്രനായ അഭിമന്യുവിന്റെ മരണം.
അതു കൊണ്ടല്ലെ സുഭദ്രാ സമേതനായ അർജ്ജുനനോട് ചക്രവ്യൂഹത്തെ പറ്റി പരാമർശിച്ചു കൊണ്ടിരുന്ന ഭഗവാൻ കൃഷ്ണൻ, അവർ ഉറക്കമായപ്പോൾ ആ സംഭാഷണം അവസാനിപ്പിച്ചത്.
ഗർഭാവസ്ഥയിലായിരുന്ന അഭിമന്യു അത് ഹൃദിസ്ഥമാക്കിയെന്ന് സകല ചരാചരങ്ങളുടേയും
കാരണഭൂതനായവന് അറിയാതിരിക്കില്ലല്ലോ..?
യുദ്ധ തന്ത്രങ്ങൾ മെനയുമ്പോൾ പതിമൂന്നാം ദിനം കൊണ്ട് ഇത് അവസാനിപ്പിച്ച് രാജ്യഭരണം
സ്വന്തമാക്കണമെന്നുള്ള ദൃഢമായ തീരുമാനത്തിലായിരുന്നു ദുര്യോധനനും, ശകുനിയും, ജയദ്രഥനും, ദ്രോണരും.
അതിനു വേണ്ടി അന്നേ ദിവസം ചക്രവ്യൂഹം തീർക്കാൻ നിർദ്ദേശം കൊടുത്തു. അതോടൊപ്പം
തന്നെ അർജ്ജുനനേയും കൃഷ്ണനേയും അടർക്കളത്തിലെ മറ്റൊരു ഭാഗത്തേക്ക്
 മാറ്റാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു.
അർജ്ജുനൻ ഒഴികെയുള്ള പാണ്ഡവരെ ഒരു ദിവസത്തേക്ക് തടഞ്ഞു നിർത്താനുള്ള വരം പരമശിവനിൽ നിന്നും സ്വായത്തമാക്കിയത് പ്രയോഗിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ജയദ്രഥൻ.
അതിനു പുറകിൽ മറ്റൊരു കഥയുണ്ട് . അടങ്ങാത്ത പ്രതികാരത്തിന്റെ അഗ്നിയെരിയുന്ന കഥ.
വനവാസകാലത്ത് പാഞ്ചാലിയെ ദ്രോഹിച്ച ജയദ്രഥനെ പാണ്ഡവർ മുച്ചൂടും നാണം കെടുത്തിയാണ് വിട്ടയച്ചത്. നൂറ്റവരുടെ
ഒരേയൊരു സഹോദരിയായ ദുശ്ശളയുടെ
ഭർത്താവായ ജയദ്രഥൻ, തനിക്കേറ്റ അപമാനത്തിന്
പകരം ചോദിക്കാൻ ഒരു അവസരം വന്ന സന്തോഷത്തിലായിരുന്നു.
രാവേറെ ചെന്നിരുന്നു അന്നത്തെ ഗൂഢാലോചനകൾ അവസാനിക്കുമ്പോൾ..!!
യുദ്ധത്തിന്റെ പതിമൂന്നാം ദിനം.
പൂർവ്വാംബരത്തിന്റെ യോനിയിൽ നിന്നും പിറവി കൊണ്ട ബാലാർക്കൻ പതിയെ വളർന്നു കരുത്തനായി.
യുദ്ധകാഹളം മുഴങ്ങി. അവിടമാകെ ഖഡ്ഗങ്ങളുടെ ശീൽക്കാരങ്ങളുതിർന്നു. മുറിവേറ്റവന്റേയും, പ്രാണൻ പോകുന്നവന്റെയും ആർത്തനാദങ്ങളും മുഴങ്ങി.
ദ്രോണരുടെ നേതൃത്വത്തിൽ കൗരവർ പാണ്ഡവ പക്ഷത്തെ പതിനായിരങ്ങളെ കൊന്നൊടുക്കി. യുദ്ധം തങ്ങളുടെ വരുതിയിലാക്കാൻ പാർത്ഥൻ അശ്രാന്തം പരിശ്രമിച്ചു.
ഒരു പത്മം കൂമ്പി അടയുന്നതു പോലെ സേനയെ വിന്യസിച്ച് (ചക്രവ്യൂഹം ) ധർമ്മപുത്രരെ ബന്ധിതനാക്കി വിജയം തങ്ങളുടേതാക്കാൻ
ദ്രോണർ നിർദ്ദേശിച്ചു.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു, ചക്രവ്യൂഹത്തിലേക്ക് കടന്നു വന്നത് അർജ്ജുന പുത്രനായ അഭിമന്യുവായിരുന്നു. കൂട്ടിന് തേരാളിയായ സുമിത്രനും.
ധീരനായ ആ യുവാവിന്റെ അസാമന്യമായ മെയ്വഴക്കത്തിന് മുന്നിൽ കൗരവ പ്രമുഖൻമാർ അടിപതറുന്ന കാഴ്ച്ച കൺമുന്നിൽ കണ്ടുതുടങ്ങി.
ശകുനിയുടെ സഹോദരൻമാരേയും, ബൃഹൽബലനേയും നിഷ്പ്രയാസം വധിച്ച അഭിമന്യു മറ്റ് കൗരവരുടെ നേരെ തിരിഞ്ഞു. ഒരു വേള ആ യുദ്ധ നിപുണതയിൽ താനും അടി പതറിയപ്പോഴാണ്, ദ്രോണർ കൽപ്പിച്ചത് ഒളിയമ്പെയ്ത് ആ വില്ലു തകർക്കാൻ.
ധർമ്മ യുദ്ധത്തിൽ അധർമ്മം പ്രവർത്തിക്കാൻ ഗുരു മുഖത്തു നിന്നു തന്നെയുര ചെയ്തപ്പോൾ അന്തരംഗം വ്രണിതമായി.
ധീരനായ കർണ്ണൻ എന്ന പുകൾപെറ്റ താൻ അധർമ്മം പ്രവർത്തിച്ചു. അഭിമന്യുവിന്റെ വില്ലിന്റെ ഞാൺ തകർത്തു. കുരുക്ഷേത്ര യുദ്ധത്തിലെ നീതിക്ക് ആദ്യമേറ്റ കളങ്കം.
തെളിഞ്ഞു നിന്ന ഗഗനം കാർമേഘാ-
വൃതമായി . ദുന്ദുഭികൾ മുഴങ്ങി. പ്രകൃതി പോലും
അധർമ്മം കണ്ടു പിണങ്ങിയ പോലെ.
അതേ സമയം ശല്ല്യർ തേരാളിയായ സുമിത്രനെ ഗദ കൊണ്ട് വധിച്ചു. നിരായുധനായങ്കിലും അഭിമന്യുവിന്റെ മുഖത്ത് ഇരമ്പിയാർക്കുന്നു- ണ്ടായിരുന്നു ധൈര്യത്തിന്റെ അലകടൽ.
തേരും , തേരാളിയും നഷ്ടമായിട്ടും അഭിമന്യുവിനോടെതിർത്തു നിൽക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു കൗരവ പ്രമുഖർ.
നിലത്തു നിന്ന് വാളും പരിചയുമായി തനിക്കു
നേരെ വന്നവരെയെല്ലാം കാലപുരിക്ക് അയക്കുകയായിരുന്നു ആ കൊച്ചു ധീരൻ.
പെട്ടന്നാണതുണ്ടായത് ഒളിയമ്പിനാൽ
ദ്രോണർ അഭിമന്യുവിന്റെ വാളും , പരിചയും
തെറിപ്പിച്ചു കളഞ്ഞു .
നിരായുധനായ ആളോട് യുദ്ധം പാടില്ല എന്ന
തന്റെ അഭ്യർത്ഥന കേൾക്കാതെ ദ്രോണരും മറ്റ്
കൗരവരും അഭിമന്യുവിനെ വളഞ്ഞു. ദുശ്ശാസ്സനന്റെ വാൾ കരഹസ്തമാക്കി തേർചക്രം
പരിചയാക്കി അഭിമന്യു അവരെ എതിരിടുന്നത്
താൻ സാകൂതം കണ്ടു.
ജയദ്രഥന്റെ പിന്നിൽ കൂടിയുള്ള ആക്രമണത്തിൽ ഒരു നിമിഷം അടിപതറിയ അഭിമന്യു തന്റെ അരികിലുണ്ടായിരുന്ന ദുശ്ശാസ്സന പുത്രൻ ഭരതനെ മൃതപ്രായനാക്കിയിരുന്നു. പക്ഷെ അപ്പോഴേക്കും ജയദ്രഥന്റെ ഖഡ്ഗം ആ ശരീരത്തെ നിണപങ്കിലമാക്കി. ചേതനയറ്റ ആ ദേഹം പതിയെ നിലത്തേക്ക് വീണു.
ഘനശ്യാമ വാരിധത്തിൽ നിന്നും ഉയിർ കൊണ്ട മഴമുത്തുകൾ ഭൂമിയിൽ നിപതിച്ചു.
പ്രകൃതിയുടെ അശ്രുകണം പോലെ.
ശിബിരത്തിലെ താത്ക്കാലിക ശയ്യയ്യിൽ
നിദ്രയെ കാത്തു കിടക്കുമ്പോഴും കർണ്ണ ചിത്തത്തിൽ നിന്നും ആ ധീര മരണം മാഞ്ഞു
പോയിരുന്നില്ല, ഒപ്പം കുരുക്ഷേത്ര യുദ്ധത്തിൽ അധർമ്മത്തിന്റെ കാവൽക്കാരനാകേണ്ടി വന്നല്ലൊ എന്ന വ്യഥയും...!!
അപ്പോൾ കുരുക്ഷേത്രയുദ്ധ ഭൂമിക്ക് മുകളിലായി കാണുന്ന നിശാംബരത്തിൽ ഒരു നക്ഷത്രം തെളിഞ്ഞു , തേജോമയമാർന്നൊരു നക്ഷത്രം!!!
രചന - ശരത് മംഗലത്ത്.

കഥഃ അഘോരി


കഥഃ അഘോരി
രചനഃ ശരത് മംഗലത്ത്
★★★ ★★★
ബനാറസ്. ലോകത്തിലെ ഏറ്റവും പ്രാചീനമായ
നഗരങ്ങളിലൊന്ന്.
തിരുജടയിൽ ഗംഗയും, വാമഭാഗത്ത് ഗൗരിയുമായി വസിക്കുന്ന കാശി വിശ്വനാഥന്റെ
പുണ്യഭൂമി.
ഗംഗയുടെ ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പതുക്കെ അകന്നകന്നു പോകുന്നത്
കാണാം.
തെരുവീഥികളിൽ ജനസഞ്ചയമാണ്. പല
ദേശക്കാർ, പല ഭാഷക്കാർ. റോഡിനിരുവശവും
തൊട്ടുതൊട്ടുള്ള കെട്ടിടങ്ങൾ...!!
ഇവിടെ എത്തിചേരുന്നവരിൽഅധികവും മരണത്തെ പുൽകാനായി വരുന്നവരാണ്. ഇവിടുന്നുള്ള മരണം പരമേശ്വരസന്നിധിയിൽ എത്തുമെന്ന വിശ്വാസമാവാം കാരണം.
ഗംഗയുടെ ഓരോ ഘാട്ടുകൾക്കും മൃത്യുവിന്റെ തണുപ്പാണ്!!
ക്ഷേത്രത്തിൽ നിന്നുമുള്ള ഒരു ശംഖുനാദം വായുവിൽ അലിഞ്ഞ് ഇല്ലാതായി.
കുറച്ചകലെയുള്ള ശ്മശാനത്തിൽ അൽപ്പം മുൻപ് കൊളുത്തിയ ചിതയിൽ നിന്ന് കനലുകൾ ജ്വലിക്കുന്നുണ്ട്.
|| ശിവായ ഗൗരി വദനാരവിന്ദ
സൂര്യായ ദക്ഷധ്വരനാശനായ
ശ്രീ നീലകണ്ഠായ വൃക്ഷദ്വജയാ
തസ്മൈ ശികാരായ നമഃശിവായ ||
മന്ത്രമുരുവിടുന്ന അധരങ്ങളോടെ ഭസ്മമണിഞ്ഞ നെറ്റിയോടെ . തനുവും മനവും കാലഭൈരവനിൽ ലയിച്ച് ഒരു കൂട്ടം അഘോരികൾ. അവരുടെ ആവാസസ്ഥലമാണ് ആ ശ്മശാനം.
സന്ധ്യ, നിശയുടെ കരങ്ങളിലേക്ക് പരിരംഭണ നിർവൃതിയോടെ ലയിച്ചു ചേർന്നു !
പ്രകാശത്തിനായി കൊളുത്തിയ അഗ്നികുണ്ഡങ്ങളിൽ നിന്നും ഒരു മഞ്ഞ വെളിച്ചം അവിടെമാകെ പരന്നിരുന്നു.
ശ്മശാനത്തിനു ഒത്ത നടുക്കായി ഒരു കാളി
വിഗ്രഹം.അതിന്റെ പുറത്തേക്കു തള്ളിയ നാവിൽ
രുധിരമുറ്റും പോലെ.
പൗർണ്ണമിയാണിന്ന്.
അഘോരികൾക്കിടയിലെ താന്ത്രിക സാധനയുടെ സാമൂഹിക മൈഥുനം നടക്കുന്ന
ദിവസം. അവിടെയുള്ളവരെല്ലാം ഭാംഗിന്റെ
ലഹരിയിലാണ്. സ്ത്രീകളുമുണ്ട് ആ കൂട്ടത്തിൽ.
കൂടിയിരിക്കുന്നവരിൽ നിന്നും മാറി ഏകനായി ഒരാളെ അവിടെ കാണാമായിരുന്നു. എന്തോ ചിന്തിച്ചു കൊണ്ട്. ആ കാതുകളിൽ ഗുരുവിന്റെ വാക്കുകൾ മുഴങ്ങുകയായിരുന്നപ്പോൾ.
''അഘോരികൾ നശ്വരമായ കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ ചുറ്റപ്പെട്ടവരല്ല.
നമുക്കായി നിയോഗങ്ങളുമില്ല.പരമമായ മോക്ഷം
തേടിയുള്ള യാത്രയിലാണ് നാം. നാളത്തെ ദിവസം
നിനക്ക് നിർണ്ണായകമാണ്.....!!

''എന്റെ ദേഹി ഈ ദേഹത്തെ വെടിയാൻ
സമയമായി. ഇനി നീയാണ് എന്റെ പിൻഗാമി.
അതിനു മുൻപ് നിനക്ക് ചെയ്തു തീർക്കാൻ
ഒരു കർമ്മം ബാക്കിയുണ്ട്.അതിന് നാളത്തെ
പുലരി സാക്ഷ്യം വഹിക്കും''
ആ ചിന്തകളെ മുറിച്ചു കൊണ്ട് അവിടെ
നാഗരി വാദ്യത്തിന്റെ ശബ്ദം മാറ്റൊലി കൊണ്ടു. മുഖ്യപൂജാരിയുടെ മന്ത്രോച്ചരണങ്ങൾ മുഴങ്ങി.
നാഗരി വാദ്യത്തിന്റെയും, വീണയുടെയും ശബ്ദത്തിൽ അവിടെയുള്ളവർ താളം ചവിട്ടാൻ
തുടങ്ങി.
ഭാംഗിന്റെ ലഹരി ബാധിച്ച ശിരസ്സോടെ ആ അഘോരിയും മറ്റുള്ളവരോടൊപ്പം ചേർന്നു.
ആണും പെണ്ണും സ്വയം മറന്ന് നൃത്തം ചവിട്ടാൻ
തുടങ്ങി. അയാൾ മാത്രം ഇണയെ തിരഞ്ഞെടുത്തില്ല.
സമയം കടന്നു പോകെ അവർ വിവസ്ത്രരായി. ഉന്മാദത്തിന്റെ അത്യുന്നതമായ
അവസ്ഥയിൽ അവരുടെ ശരീരത്തിലെ വികാര
കേന്ദ്രങ്ങൾ തുടിച്ചു നിന്നു. തങ്ങളുടെ ശരീരങ്ങൾ
പരസ്പരം സ്പർശിക്കാതെ അവർ രതി
മൂർച്ഛയിലെക്കെത്തി തുടങ്ങി.
മുഖ്യപൂജാരിയുടേയും സഹായികളുടേയും
മന്ത്രധ്വനികൾ ഉച്ഛസ്ഥായിലായി. കാളിദേവിയുടെ
കൽപ്രതിമക്കു മുൻപിൽ സ്ഥാപിച്ച പന്തങ്ങളിലേക്ക് ഭസ്മം വാരിയെറിഞ്ഞപ്പോൾ
അത് ഒന്നു കൂടി ആളിക്കത്തി.
താന്ത്രിക മൈഥുനത്തിന്റെ പരമമായ ആനന്ദ
മൂർച്ഛയിൽ അവരെല്ലാം സംതൃപ്തരായി ഒടുവിൽ
നിലത്തേക്കു വീണു. സ്വേദകണങ്ങൾ മുത്തുകളായി തിളങ്ങി ആ ദേഹങ്ങളിലെല്ലാം.
അയാളും സംതൃപ്തിയോടെ നിദ്രയെ പുൽകി. വെൺനിലാവിന്റെ നേർത്ത കരങ്ങൾ
ഒരു ചാമരം പോലെ തലോടുന്നുണ്ടായിരുന്നപ്പോൾ
പുലർച്ച, ഗംഗയുടെ തീരം. ഉദിച്ചുയരുന്ന കതിരോനെ സാക്ഷിയാക്കി സൂര്യ നമസ്ക്കാരം നടത്തുകയായിരുന്നു അയാൾ.
ഷഡാഗധ്യാനം ചെയ്ത് ഇടതു കൈയ്യിൽ
ജലമെടുത്ത് വലതു കൈയ്യാൽ മൂടി, പിന്നെ ഹം
യം രം ലം വം എന്ന ബീജാക്ഷര മന്ത്രങ്ങൾ ജപിച്ച്.
കൈകുമ്പിളിലെ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴു പ്രാവിശ്യം തളിച്ച്
ശേഷിച്ച ജലം കൊണ്ട് ആദിത്യനെ ധ്യാനിച്ചു.
തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് ആ
അമ്മയും മകനും അയാളുടെ ശ്രദ്ധയിൽ പെട്ടത്.
തന്റെ മടിയിൽ കിടക്കുന്ന മകനെ ചേർത്തു പിടിച്ച്
എന്തോ ചിന്തയിലാണവർ.
കണ്ണുകളിൽ ഈ ലോകത്തിലെ മുഴുവൻ വിഷാദവും ആവാഹിച്ചിരിക്കുന്നു. അതിനു പുറകിലെ കാരണം മനക്കണ്ണിൽ കാണാൻ കഴിയുമായിരുന്നയാൾക്ക്.
ആ സ്ത്രിയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. അർബുദം അവരുടെ ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പ്രണയിച്ചവനോടൊപ്പം ജീവിക്കാനായി
ഇറങ്ങി തിരിച്ചപ്പോൾ ഉറ്റവരെല്ലാം വെറുത്തു. പക്ഷെ ഒരു മകനെ തന്നതിനു ശേഷം അയാളും അവളെ തനിച്ചാക്കി ഈ ലോകത്തു നിന്നും യാത്രയായി.
ആ കുട്ടിയുടെ രണ്ടു കാലുകൾക്കും സ്വാധീനകുറവുണ്ട്. അതോടൊപ്പം, തന്നെ
ബാധിച്ച രോഗവും കൂടി ആയപ്പോൾ അവൾ
തളർന്നു. നാളുകൾ എണ്ണപ്പെട്ടു
എന്നറിഞ്ഞപ്പോൾ അവളാലോചിച്ചത് മകനെ
കുറിച്ചാണ്.
തന്റെ മരണശേഷം മകൻ പര- സഹായമില്ലാതെ എങ്ങനെ ജീവിക്കും എന്ന
ചിന്ത അവളെ കൊണ്ടെത്തിച്ചത് അവനേയും
കൊണ്ട് ഈ ലോകത്തോട് വിട പറയാം എന്ന
തീരുമാനത്തിലേക്കാണ്.
ആ സ്ത്രിയുടെ സമീപത്തേക്കു ചെന്ന ശേഷം അയാൾ മൊഴിഞ്ഞു.
''ജീവനെടുക്കാനുള്ള അവകാശം സാക്ഷാൽ കാലഭൈരവന് മാത്രമാണ്. പിന്നെ നീയെന്തിനാണ് അതേ പറ്റി ചിന്തിച്ചത?''
തന്റെ മനസ്സു വായിച്ചതു പോലെ മുൻപിൽ
നിൽക്കുന്ന ആൾ പറഞ്ഞപ്പോൾ ആ സ്ത്രീ
നടുങ്ങി. ''സ്വാമീ'' എന്ന് വിളിച്ച് അവൾ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്ക്കരിച്ചു.
''കരയല്ലേ അമ്മേ...!!'' മകൻ അവളെ
ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അവളുടെ
മൂർദ്ധാവിൽ കൈ വെച്ചു.
|| ''ഓം ജുംസഃ ഈം
സൗഃ ഹംസഃ സഞ്ജീവനി-
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥിസ്ഥം
പ്രാണാം കുരു - കുരുസോഹം
സൗഃ ഈസ
ജും ഓം ഓം ജുംസ അമൃ ഠോ
നമഃ ശ്ശിവായ'' ||
ആ ചുണ്ടുകളിൽ സഞ്ജീവനിമന്ത്രത്തിന്റെ
ശീലുകളുതിർന്നു.
അതിനു ശേഷം തോളിലെ ഭാണ്ഡത്തിൽ നിന്നും ഒരു ചൂർണ്ണം അവൾക്കു കൊടുത്തിട്ട്
പറഞ്ഞു.
''പൂർണ്ണ ആരോഗ്യവതിയായി നീ ഇനിയും
ജീവിക്കും. നിന്റെ കാലശേഷം മകനോടൊപ്പം
കാലഭൈരവന്റെ അനുഗ്രഹമുണ്ടാവും.
ഇപ്പോൾ മനസ്സമാധാനത്തോടെ പോകൂ.''
അതു പറഞ്ഞതിനു ശേഷം അയാൾ
ഗുരു സവിധത്തിലേക്ക് ഉറച്ച കാലടികളോടെ
നടന്നു തുടങ്ങി.
ഈ ജന്മത്തിന്റെ മോക്ഷത്തിലേക്കുള്ള
പ്രയണമായിരുന്നത്.

രചനഃ ശരത് മംഗലത്ത്.
★★★★ ★★★★★★
(അഘോരികളെ കുറിച്ചറിയാത്തവർക്കായി രണ്ടു
വാക്ക്.)
ഭഗവാൻ ശിവനെ ഭൈരവ രൂപത്തിലാരാധിക്കുന്ന ഒരു പറ്റം സന്ന്യാസിമാരാണ് അഘോരികൾ എന്നറിയപ്പെടുന്നത്. വർഷങ്ങൾ നീണ്ട
സാധനയുടെ ഫലമായി ഏകാഗ്രമായ
മനസ്സ് സ്വായത്തമാക്കിയ ഇവർക്ക് പല
വിശേഷ സിദ്ധികളുണ്ട്. പരകായ പ്രവേശം,
ഘടികാരം സ്തംഭിപ്പിക്കുക, ആളി കത്തുന്ന
അഗ്നിയിൽ കിടക്കുക, വസ്ത്രം തനിയെ കീറുക,
മറ്റുള്ളവരുടെ മനസ്സ് ഗ്രഹിക്കാനുള്ള കഴിവ്,
ഒരാളുടെ ധമനികൾ പൊട്ടിച്ച് രക്തമൊഴുക്കുക
അങ്ങനെ ഒരുപാട്.
ശ്മശാനത്തിലാണ് ഇവരുടെ വാസം.
കൈയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കും.മനുഷ്യ
മാംസം പോലും . നഗ്നതയെ ക്കുറിച്ച് ചിന്തയില്ല.
സർവ്വം ബ്രഹ്മം. അതാണവരുടെ കാഴ്ച്ചപ്പാട്.
ക്യാൻസറിനേയും എയ്ഡ്സിനേയും പോലും
സുഖപ്പെടുത്താനുള്ള മരുന്ന് അവരുടെ കൈവശ
മുണ്ടെന്ന് അവകാശപ്പെടുന്നു. താന്ത്രിക ലൈംഗീകതയാണവർ പുലർത്തുന്നത്. പരസ്പരം
ലൈംഗീക അവയവങ്ങൾ സ്പർശിക്കാതെ
അവർ ആനന്ദം കണ്ടെത്തുന്നു. സ്ത്രീകളുമുണ്ട്
ഇവരിൽ.
ഭാംഗ് - കഞ്ചാവിന്റെ ഇലയും പൂമൊട്ടും
ചേർത്തരച്ച് പാലും, നെയ്യും സുഗന്ധ ദ്രവ്യ
ങ്ങളും ചേർത്ത ലഹരി വസ്തു.
ഘാട്ട് - ഗംഗയിലെ സ്നാന ഘട്ടങ്ങൾ
നാഗരി വാദ്യം- കിന്നരി വീണയുടെ വക ഭേദമായ
മറ്റൊരു വാദ്യ ഉപകരണം.
സഞ്ജീവനി മന്ത്രം - അകാലമൃത്യു തടയുന്നതിനുള്ള മന്ത്രം.
എന്റെ പരിമിതമായ അറിവുകൾക്കുള്ളിൽ
നിന്നു നടത്തിയ ഒരു ശ്രമമാണിത്. തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് സവിനയം
അപേക്ഷിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്.

ദേവു എന്ന പെൺകുട്ടി


ദേവു എന്ന പെൺകുട്ടി
*******************
ജീവിതം നമ്മളില്‍ നിന്നും പ്രിയപ്പെട്ടതെല്ലാം
അടര്‍ത്തി മാറ്റുമ്പോഴും ഒരു പുഞ്ചിരിയോടെ, കൂടുതല്‍ കരുത്തോടെ ജീവിതമെന്ന മഹാ സമസ്യയേ നേരിടുന്ന ചിലരേയെങ്കിലും പിന്നിട്ട വഴിത്താരയില്‍ എവിടെയെങ്കിലും വെച്ച് നാമൊരോരുത്തരും കണ്ടു മുട്ടിയിട്ടുണ്ടാകും.
അതു പോലൊരാളാണ് എനിക്ക് ദേവു.
അവളെ പറ്റി എന്നോട് ആദ്യമായി പറയുന്നത് എന്റെ പ്രിയ കൂട്ടുകാരന്‍ ശ്യാമാണ്.
അവന്റെ സഹപാഠിയാണവള്‍.
അവര്‍ രണ്ടു പേരും എംഎസ്സി സൈക്കോളജി
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
പറയാതെ പോയ പ്രണയത്തിന്റെ
നോവുള്ളിലൊതുക്കി ഈ ലോകത്തു നിന്നും
യാത്രയായ ശ്രീഹരിയുടെയും, ജീവിതം തിരിച്ചടി
കള്‍ മാത്രം നല്‍കിയ രേണുവിന്റെയും കഥ
കുറച്ചു നാളുകള്‍ക്കു മുന്‍പു ഞാന്‍
എഴുതിയിരുന്നു.
ആ രേണുവിന്റെ ജീവിക്കുന്ന പ്രതിരൂപമാണ് ദേവു എന്ന് ശ്യാം പറഞ്ഞപ്പോള്‍ എനിക്ക് ആകാംക്ഷയും സന്തോഷവും ഒരു പോലെ ഉണ്ടായി.
കാരണം ഒരു എഴുത്തുകാരനല്ലാത്ത ഞാന്‍ എപ്പോഴോ കുത്തികുറിച്ച വരികള്‍ മറ്റൊരാളുടെ യഥാര്‍ത്ഥ ജീവിതമാണെന്നറിഞ്ഞപ്പോള്‍ അയാളെ പരിചയപ്പെടണം, കൂടുതലറിയണം
എന്നു ഞാന്‍ തിരുമാനിച്ചു.
ശ്യാമില്‍ നിന്നും ദേവുവിനെ പറ്റി കൂടുതല്‍ ഞാന്‍ അറിഞ്ഞു.
അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ അവളെ തനിച്ചാക്കി ഈ ലോകത്തു നിന്നും യാത്രയായി.പിന്നീട് അച്ഛന്റെ
സ്നേഹത്തണലില്‍ ആയി ആ ജീവിതം.
പക്ഷെ പതിനാറാം വയസ്സില്‍ അതും
അവസാനിച്ചു.അമിത മദ്യപാനത്താല്‍
കരള്‍ രോഗത്തിനടിമപ്പെട്ട് ആ ജീവിതം മരണത്തിനു കീഴടങ്ങി.
നേവിയില്‍ ഒരു ഉയര്‍ന്ന പദവിയിലായിരുന്നു അദ്ദേഹം.പിന്നീട് ദേവുവിന്റെ ജീവിതം അമ്മാവന്റെയും അമ്മായിയുടേയും കൂടെ ആയിരുന്നു.
അവളുടെ അച്ഛന്റെ സുഹൃത്തും അദ്ദേഹ
ത്തിന്റെ കുടുംബവും ദേവുവിന് ഒരുപാട്
ആശ്വാസമായിരുന്നു.
അവരുടെ മകന്‍ ദേവുവിന്റെ കളി കൂട്ടുകാരനായിരുന്നു.ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍.
ബാല്ല്യവും കൗമാരവും പിന്നിട്ട് യൗവ്വനത്തിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍ അവരുടെ സൗഹൃദത്തിന് അവര്‍പോലുമറിയാതെ മറ്റൊരു നിറം കൈവന്നിരുന്നു.
പ്രണയത്തിന്റെ ഏഴഴകുള്ള മഴവില്‍ വര്‍ണ്ണം!!
പക്ഷെ ഒരിക്കലും രണ്ടാളുമത്‌ തുറന്നു പറഞ്ഞിരുന്നില്ല.ഉള്ളിലെ ഇഷ്ടം മറച്ചു വെച്ച് അവര്‍ സുഹൃത്തുക്കളായി തന്നെ തുടര്‍ന്നു.
ദേവുവിന്റെ ഏകാന്തമായ ജീവിത
ത്തില്‍ അക്ഷയ് ഒരു ആശ്വാസമായിരുന്നു.
അവളെ സംരക്ഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം അവളുടെ പേരിലുള്ള സ്വത്തിലും, അച്ഛന്‍ സര്‍വിസിലിരിക്കുമ്പോള്‍ മരിച്ചതു കൊണ്ട് അവള്‍ക്കു ലഭിക്കാന്‍ പോകുന്ന
ജോലിയില്‍ നിന്നുമുള്ള വരുമാനത്തിലും
ആയിരുന്നു.
അതു കൊണ്ടു തന്നെയാണ്
അവളെ അവര്‍ സംരക്ഷിച്ചത്.അതൊരു
തരത്തില്‍ അവള്‍ക്ക് ആശ്വാസവുമായിരുന്നു.
അല്ലെങ്കില്‍ പറക്കുമുറ്റും മുന്‍പേ താങ്ങും
തണലുമാവേണ്ടിയിരുന്ന മാതാപിതാക്കള്‍
നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെന്തു
ചെയ്യാന്‍.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ദേവുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു
വിധി വീണ്ടും അവള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.
രാവിലെ ക്ഷേത്രദര്‍ശനത്തിനായി പോകുകയായിരുന്നു ,അക്ഷയ്നോടൊപ്പം അവന്റെ ബൈക്കില്‍.
ഏകദേശം അമ്പലത്തിനടുത്ത് എത്താറായപ്പോഴാണ് അമിത വേഗതയില്‍
വളവു തിരിഞ്ഞു വന്ന ആ ലോറി അവരുടെ
ബൈക്കിലിടിച്ചത്.
ഒരു നിമിഷാര്‍ദ്ധം കൊണ്ട് എല്ലാം അവസാനിച്ചു!!!
കണ്ണിലേക്കു ഒലിച്ചിറങ്ങുന്ന ചുടുനിണം കാഴ്ച്ച മറക്കും മുന്‍പ് ദേവു കണ്ടു അവസാന പിടച്ചില്‍
പിടയുന്ന അക്ഷയിന്റെ ശരീരം.
പിന്നെ ബോധം തെളിയുമ്പോള്‍
അവള്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.
കാലിന് സാരമായ ഒടിവുണ്ടായിരുന്നു.
തനിക്കു പ്രിയപ്പെട്ട ഒരാള്‍ കൂടി ഈ ലോകത്തു നിന്നും ഇല്ലാതായി എന്ന യാഥാര്‍ത്ഥ്യം അവള്‍ മനസാ അംഗീകരിച്ചു.ആറു മാസത്തോളം അവള്‍ ബെഡ്റെസ്റ്റില്‍ തന്നെയായിരുന്നു.
പിന്നെ പതുക്കെ നടന്നു തുടങ്ങി.
പഠിത്തം പുനരാംരഭിച്ചു.സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനോടൊപ്പം ലേണിംഗ് ആന്‍ഡ് ഡിസെബിലിറ്റി,കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി എന്നീ കോഴ്സുകളും ചെയ്യുന്നു.
വീടിനടുത്തുള്ള കുറേ കുട്ടികള്‍ക്ക്
സൗജന്യമായി ട്യൂഷനെടുത്തും,ഗ്ലാസ് പെയ്ന്റിംഗ്,കരകൗശല വസ്തു നിര്‍മ്മാണം
എന്നിങ്ങനെ ഒരു നിമിഷം പോലും വെറുതെ
കളയാതെ ഓരോ കാര്യങ്ങള്‍ ചെയ്ത് അവള്‍
സ്വന്തം ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.
കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിയില്‍ ദേവുവിന്
സ്വന്തമായി ക്ലൈന്‍സ് ഉള്ളതു കൊണ്ട്
അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍
വലിയൊരു ഭാഗം അവളുടെ കോളേജിനു
സമീപത്തുള്ള അനാഥാലയത്തിലെ
കുട്ടികള്‍ക്കായി കൊടുക്കുന്നു.
സ്വന്തം ജീവിതത്തിലെ പ്രകാശം വിധി
തല്ലികെടുത്തിയിട്ടും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു നിലവിളക്കായി പ്രകാശിക്കാന്‍ അവള്‍ കാണിക്കുന്ന താല്‍പ്പര്യം എന്നെ ഒരുപാടാകര്‍ഷിച്ചു.
ശ്യാം മുഖേന ഞാനവളെ പരിചയപ്പട്ടു.
എന്റെ നല്ല സുഹൃത്തായി മാറി.ഒരിക്കല്‍ അവളുടെ മുഖപുസ്തകതാളിലെ സ്റ്റാറ്റസില്‍ feeling Proud എന്നു കണ്ടു. അത് എന്താണെന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കാര്യം ഇതായിരുന്നു.
അവളുടെ കോളേജില്‍ പോകുന്ന വഴിക്ക് എന്നും കാണുന്ന അന്യസംസംസ്ഥാനക്കാരായ
കുട്ടികള്‍ ഉണ്ടായിരുന്നു.ഏകദേശം ആറു
പേരോളം.
സ്കൂളില്‍ പോകാതെ അവിടെയും
ഇവിടേയും അലഞ്ഞു നടക്കുന്നവര്‍. അവരെ
അവള്‍ ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ചു. പഠിപ്പിച്ചു
തുടങ്ങുമ്പോള്‍ അവള്‍ പോലും കരുതിയിരുന്നില്ല അവര്‍ അതു പഠിക്കുമെന്ന്, കുറച്ചു നാളുകള്‍ കൊണ്ട് അവള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തില്‍ ഇട്ടതായിരുന്നതെന്ന്.
എനിക്കും ഒരുപാടു സന്തോഷവും അഭിമാനവും തോന്നി.ഇങ്ങനൊരാള്‍ എന്റെ
സുഹൃത്തായതില്‍.
പിന്നീടൊരിക്കല്‍ ഞാന്‍ ദേവുവിനോടു
അവളുടെ വിവാഹ കാര്യത്തേ പറ്റി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു , ഞാന്‍ വര്‍ഷങ്ങളായി ഒരാളുമായി പ്രണയത്തിലാണെന്ന്.
അതാരാണെന്ന് ചോദിച്ചപ്പോള്‍ അവള്‍
പറഞ്ഞു ഞാന്‍ ഒരു ഫേസ്ബുക്ക് എെഡി
പറഞ്ഞു തരാം അതില്‍ നോക്കു,എന്നിട്ട്
ഞാന്‍ ബാക്കി പറയാമെന്ന്. ഞാന്‍ സമ്മതിച്ചു.
''സച്ചിന്‍ ദേവൂട്ടി നിലാമഴ''എന്നായിരുന്നു ആ
പ്രൊഫൈല്‍.സുന്ദരനായ ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടാ കണ്ടു ഞാനതില്‍.
ദേവുവിനെ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആ ചെറുപ്പക്കാരൻ ഭാഗ്യവാനാണെന്ന് ഞാനൊര്‍ത്തു. കാരണം അവളെ പോലെ
ഒരാള്‍ കൂടെയുണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗ
മായി തീരും.
അപ്പോഴാണ് അപ്പോള്‍ ശ്യാം പറഞ്ഞ
ഒരു കാര്യം എനിക്കോര്‍മ്മ വന്നത്.അക്ഷയിനെ
അവള്‍ക്കിഷ്ടമായിരുന്നെന്നും ആ ഇഷ്ടം തുറന്നു പറയും മുന്‍പാണല്ലൊ അയാള്‍ ഈ ലോകത്തു നിന്നും വിട പറഞ്ഞതെന്നും.പിന്നെ
ഈ സച്ചിനുമായി അവള്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നു പറഞ്ഞതൊ..? ശ്യാമിനു
തെറ്റിയതാണോ....?
എന്റെ മനസ്സിലെ ആ സംശയം ഞാന്‍
ചോദിച്ചില്ല പകരം അവളോട് അയാള്‍ എന്തു ചെയ്യുന്നു ''എന്ന എന്റെ ചോദ്യത്തിന് ഉത്തരമായി അവൾ പറഞ്ഞു.
''പഠിക്കുകയായിരുന്നു എന്‍ജിനീയറിംഗ്.
മൂന്നു വര്‍ഷം മുന്‍പ് വരെ'' ഇപ്പോള്‍ എന്തു
ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ചിരിയോടെ പറഞ്ഞു;
''ആള്‍ ഇപ്പോള്‍ ജീവനോടെയില്ല.മൂന്നു
വര്‍ഷം മുന്‍പുണ്ടായ ബൈക്കപകത്തില്‍
ഈ ലോകത്തു നിന്നും പോയി.'''
അപ്പോള്‍ അത് അക്ഷയിയുടെ അക്കൗണ്ട് ആയിരുന്നോ..?''ഒരു നടുക്കത്തോടെ
ഞാന്‍ ചോദിച്ചു.
''അതേ,ഒരിക്കലും എന്റെ ഇഷ്ടം ഞാനോ അവന്റെ ഇഷ്ടം അവനോ തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും ഈ ജന്‍മം
അവന്റെ ഓര്‍മ്മള്‍ മാത്രം മതി എനിക്ക്
കൂട്ടിനായിട്ട്''. അവള്‍ പറഞ്ഞു നിര്‍ത്തി.
ജീവിതത്തിലെ ചെറിയ വിഷമങ്ങളില്‍
പോലും തളര്‍ന്നു പോകുന്ന, മരണത്തെ
കുറച്ചു ചിന്തിക്കുന്ന ഒരോരുത്തര്‍ക്കും
ദേവുവിന്റെ ജീവിതം ഒരു പാഠമാണെന്നെ
നിക്കു തോന്നുന്നു.
പ്രിയപ്പെട്ടതെല്ലാം കാലം
അവള്‍ക്കായി നല്‍കാതെ കവര്‍ന്നെടുത്ത
പ്പോഴും ഒരു ചെറുപുഞ്ചിരിയോടെ അവള്‍
ജീവിക്കുന്നു, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച
ജിവിതത്തെ അവള്‍ ജെയിച്ചു കയറുകയാണ്..
ജീവിതയാത്രയില്‍ തനിച്ചു മതി എന്നു നീ തീരുമാനിച്ചെങ്കിലും നിന്നെ പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും നീ ചെയ്യുന്ന നന്‍മകള്‍ എന്നും നിനക്ക് കൂട്ടായി ഉണ്ടാകുമെന്ന്........!!!
(കുറച്ചു മാസങ്ങൾ മുൻപെഴുതിയ ഒരു രചനയാണ്)

അപൂർവ്വം ചിലരിലൊരാൾ.....!!


രണ്ടു വർഷമാകുന്നു ഞാനീ മലയോര
ഗ്രാമത്തിലെത്തിയിട്ട്.പലപ്പോഴും ഞാൻ ചിന്തി
ക്കാറുണ്ട് ,ജനിച്ചു വളർന്ന നാടിനേക്കാളൊരു
ആത്മബന്ധം അന്നം തരുന്ന ഈ നാടിനോട്
എനിക്കുണ്ടെന്ന്.
ഇനിയും നൻമ കൈമോശം വന്നിട്ടില്ലാത്ത
ഒരുപാടു മനുഷ്യരിവിടെയുണ്ട്.ബാലേട്ടന്റെ ചായ
ക്കടയിലെ നാടൻപശുവിൻ പാൽ കൊണ്ടെടുക്കു
ന്ന നല്ല രുചിയുള്ള ചായയിലാണ് എന്റെ പ്രഭാതം
തുടങ്ങുന്നത്.ബഷീർക്കയുടെ ബാർബർ ഷോപ്പും,
അഗസ്തി ചേട്ടന്റെ പലചരക്കു കടയും,മനോജി
ന്റെ മൊബൈൽ റീച്ചാർജ്ജ് കടയുമൊക്കെയാണ്
ഈ ഗ്രാമത്തിലെ പ്രധാന കച്ചവട സ്ഥാപനങ്ങൾ.
''നഗരം ഗ്രാമത്തിനെ ബലാൽക്കാരം
ചെയ്യാനൊരുങ്ങുന്ന''എന്നൊരു പ്രയോഗം എവി
ടെയോ വായിച്ചതോർമ്മയുണ്ട്.പക്ഷെ ഇവിടെ
ബലാൽക്കാരം പോയിട്ട് ഒന്നു തൊട്ടു നോക്കാൻ
പോലും താൽപ്പര്യമില്ല നഗരത്തിന് എന്നാണ്
എനിക്കു തോന്നുന്നത്.ഞാനിവിടെ എത്തിയതിന്
ശേഷം ആകെ വന്നൊരു പുതിയ കട മനോജിന്റേ
താണ്.
എന്നും കാണുന്ന കുറേ പരിചിത മുഖങ്ങൾ.
ലോട്ടറി വിൽക്കുന്ന മറിയ ചേടത്തി.മീൻകാരൻ
കരുണേട്ടൻ.ഞാൻ ചായ കുടിക്കാൻ പോകു
മ്പോൾ അവിടെ കാണാറുള്ള ജോസഫേട്ടനും,
ദാമോദരേട്ടനും.ദാമോദരേട്ടനെ പറ്റി പറയുമ്പോൾ
ഒരു കാര്യം പറയാതെ വയ്യാ...!!ആ നാട്ടിൽ ഒരു
കല്ല്യാണത്തിന്റെ ആലോചനയുമായി ആരെയെ
ങ്കിലും പറ്റി അന്വേഷിക്കാൻ വന്നാൽ മിക്കവാറും
കറങ്ങിത്തിരിഞ്ഞ് ചായക്കടയിൽ വെറുതെ
സൊറപറഞ്ഞിരിക്കുന്ന ദാമോദരേട്ടന്റെ അരികി
ലെത്തും.
ദോഷം പറയരുതല്ലോ പുള്ളി ആരെയും
കുറ്റം പറയില്ല.ആകെ പറയുന്ന കാര്യം '' നിങ്ങൾ
ആലോചിച്ചു വന്നയാൾ കുഴപ്പമൊന്നുമില്ല,
എങ്കിലും .....ഒന്നു ആലോചിച്ചിട്ട് മതിയേ....''!!
മൂപ്പരുടെ ആ ഒരു പറച്ചിൽ കൊണ്ട് മുടങ്ങി
പോയ ഒരുപാടു കല്ല്യാണങ്ങൾ ആ നാട്ടിലുണ്ട്
എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
ഇവിടെ വന്നു കുറച്ചു നാളുകൾക്കുള്ളിൽ
ഞാൻ ശ്രദ്ധിച്ച ഒരാളാണ് കുട്ടൻ.അങ്ങാടിയിലെ
ആൽത്തറയിൽ നേരം വെളുക്കുമ്പോൾ മുതൽ
ഇരുട്ടു വീഴുന്നതു വരെ അയാളെ ഞാൻ കാണാറുണ്ട്.വിദൂരതയിലെ ഏതോ ഒരു ബിന്ദു
വിലേക്ക് മിഴികൾ പായിച്ചങ്ങനെ ഇരിക്കുന്നത്.
തലക്കു സ്ഥിരതയില്ലെന്ന് ആളെ കണ്ടാൽ
പറയില്ല.സുമുഖനായൊരു ചെറുപ്പക്കാരൻ.
ബാലേട്ടനിൽ നിന്നുമാണ് കുട്ടനെപറ്റി
യുള്ള വിവരങ്ങൾ ഞാനറിഞ്ഞത്.നാടിനെ
ഇളക്കി മറിച്ച ഒരു പ്രണയകഥയിലെ ദുരന്ത
നായകൻ.ഞാൻ ഇവിടെ എത്തുന്നതിനു
മൂന്നു വർഷം മുൻപാണ് ആ സംഭവം നടക്കു
ന്നത്.
ആ നാട്ടിലെ പ്രമുഖനായ ശ്രീധരൻ നായരുടെ
മകളാണ് ദേവി.കുട്ടനും ദേവിയും സമ പ്രായ
ക്കാരാണ്.ഒരേ കോളേജിലായിരുന്നു പഠനം.
കുട്ടനു സ്വന്തമെന്നു പറയാൻ അമ്മ മാത്രമേയുള്ളു.ദേവിയുടെ വീട്ടിലും ആ നാട്ടിലെ
മറ്റു ചില വീടുകളിലും അടുക്കള ജോലി ചെയ്താണ് അവർ കുട്ടനെ വളർത്തിയതും
പഠിപ്പിച്ചതും.
പി.ജി.ക്ക് ഒരുമിച്ചു പഠിക്കുമ്പോഴാണ്
അവരുടെ പ്രണയം തീവ്രമായത്.ആ ബന്ധത്തിനു മുൻകൈയ്യെടുത്തതും ദേവി തന്നെയാണത്രേ.
ഒരുപാടൊഴിഞ്ഞു മാറിയ കുട്ടൻ ഒടുവിൽ ദേവി
യുടെ ആത്മാർത്ഥ സ്നേഹത്തിനു മുൻപിൽ
കീഴടങ്ങി.പഠിത്തം കഴിഞ്ഞ് കുട്ടൻ ജോലിക്കുള്ള
അന്വേഷണമാരംഭിച്ചു.ദേവിയുടെ അച്ഛന്റെ
സമ്മതത്തോടെ ആ കല്ല്യാണം നടക്കില്ലായെന്ന്
കുട്ടനറിയാമായിരുന്നു.
അവരുടെ ബന്ധമറിഞ്ഞ ശ്രീധരൻ നായർ
കുട്ടനെ ആളെ വിട്ടു ഭീഷണിപ്പെടുത്തി.അപ്പോഴും
ദേവി അവനു ധൈര്യം പകർന്നു.കുട്ടൻ വിളിച്ചാൽ
എവിടേക്കു വേണമെങ്കിലും ഇറങ്ങി ചെല്ലാമെന്ന്
അവൾ ഉറപ്പു കൊടുത്തിരുന്നു.അങ്ങിനെ ഒരു
ജോലി സമ്പാദിച്ച് ദേവിയുമൊത്തൊരു ജീവിതം
ആഗ്രഹിച്ചു വന്ന കുട്ടനു കേൾക്കേണ്ടി വന്നത്
ദേവിയുടെ കല്ല്യാണക്കാര്യമായിരുന്നു.
കുട്ടനത് താങ്ങാവുന്നതിലും അപ്പുറമായി
രുന്നു.അവളുടെ സമ്മതത്തോടെയാവില്ല
എന്ന വിശ്വാസത്തിൽ ചെന്ന കുട്ടന് ദേവിയുടെ
മാറ്റം കണ്ടപ്പോൾ ഉൾക്കൊള്ളാനായില്ല''എന്താ
കുട്ടായിത്..?പഠിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ
പല തമാശകളും കാണിക്കില്ലേ?എന്നു കരുതി
എന്റെ വീട്ടിലെ വേലക്കാരിയുടെ മകനെ എനിക്ക്
കെട്ടാനാകുമോ?ആ ചോദ്യം കേട്ട് അവളുടെ
ചുറ്റും കൂടി നിന്ന കൂട്ടുകാരികൾ ഉച്ചത്തിൽ
ചിരിച്ചു.മറുത്തൊരക്ഷരം പറയാതെ കുട്ടൻ
തിരികേ പോന്നു.
പക്ഷെ കാര്യങ്ങൾ അവിടം കൊണ്ടവസാനി
ച്ചില്ല.ദേവിയുടെ കല്ല്യാണം കുട്ടൻ മുടക്കുമെന്ന
പേടി കൊണ്ടാവണം ശ്രീധരൻ നായർ അന്നു
രാത്രി അവനെ ആളേ വിട്ടു മർദ്ധിച്ചവശനാക്കി.
ആ സംഭവത്തിനു ശേഷം കുട്ടനെ കുറേ നാള
ത്തേക്കു ഈ നാട്ടുകാർ ആരും കണ്ടിട്ടില്ല.ഏക
മകനേ കാണാതെ അവന്റെയമ്മ ഈ ലോകത്തു
നിന്നും യാത്രയായി.അപ്പോഴും കുട്ടൻ ഇവിടേക്കു
വന്നില്ല.എവിടെയാണെന്നു വെച്ചാണ് അറിയി
ക്കുക.
ഞാനീ നാട്ടിൽ എത്തുന്നതിനു കുറച്ചു
നാൾ മുൻപാണ് കുട്ടൻ വീണ്ടും നാട്ടിലെത്തു
ന്നത്.വിശേഷങ്ങൾ ചോദിച്ചവരോടൊന്നും
അവൻ മിണ്ടിയില്ല.പിന്നീട് ആരോ പറഞ്ഞ
റിഞ്ഞു ടൗണിലെ മാനസിക രോഗാശുപത്രിയിൽ
ചികിത്സയിലായിരുന്നെന്ന്.ദേവി കല്ല്യാണം കഴിഞ്ഞ് ടൗണിൽ ഭർത്താവുമൊത്ത് സുഖമായി ജീവിക്കുന്നത്രേ.ഒരു പെൺകുഞ്ഞുമുണ്ട്.ഇട
ക്കൊക്കെ ഇവിടെ വരാറുണ്ടെന്ന് ബാലേട്ടൻ
പറഞ്ഞെങ്കിലും ആളിനെ ഞാൻ കണ്ടിട്ടില്ല
ഇതു വരെ.
*************
ഇന്നും പതിവു പോലെ ജോലി കഴിഞ്ഞ്
വൈകിട്ട് ബാലേട്ടന്റെ കടയിൽ നിന്നും ചായ
കുടിച്ച് താമസ സ്ഥലത്തേക്കു പോകാനൊരുങ്ങു
മ്പോഴാണ് ''മേരി മാത''ബസ്സ് ആൽത്തറയെ
ചുറ്റി കിതച്ചു വന്നു നിന്നത്.അതിൽ നിന്നും ഒരു
പെൺകുട്ടിയുടെ കൈ പിടിച്ചിറങ്ങിയ യുവതിയേ
നോക്കി ബാലേട്ടൻ പറഞ്ഞു.
''എടാ അതാ നീ കാണാണമെന്നു പറഞ്ഞില്ലേ ദേവിയേ അതവരാണ്''.ഞാൻ സാകൂതം അവരെ നോക്കി.
സുന്ദരിയായൊരു യുവതി.അവരെ പോലെതന്നെ
ഒരു കൗതുകമുള്ളൊരു പെൺകുട്ടിയും.പക്ഷെ
അവർ കാരണം തകർന്ന ഒരു ജീവിതത്തെ പറ്റി
ഓർത്തപ്പോൾ വെറുപ്പാണ് ആ സ്ത്രീയോട് തോന്നിയത്‌.ലോകം കാൽകീഴിലാണെന്ന ഭാവത്തിൽ
നടന്നു നീങ്ങുകയാണവർ.എന്റെ മിഴികൾ ആൽ
ത്തറയിലേക്കു പാഞ്ഞു.കുട്ടനവിടെയുണ്ട്,കാല
ത്തിന്റെ അക്ഷരതെറ്റു പോലെ....!!ഏതോ ദിശ
യിൽ മിഴികൾ നട്ട്.
ആൽത്തറയെ കടന്നു വേണം ദേവിക്കും
മകൾക്കും മുൻപോട്ടു പോകാൻ.അവർ കുട്ടനെ
ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ നോക്കു
ന്നുണ്ടായിരുന്നു.പക്ഷെ അവൾ പരിസരം നോക്കാതെ നടന്നു
നീങ്ങുകയായിരുന്നു.ദേവിയുടെ കൈ
പിടിച്ചു നടന്ന കുട്ടി കൗതുകമുണർത്തുന്ന
എന്തെങ്കിലും കാഴ്ച്ച കണ്ടിട്ടാകണം,റോഡിനെ
തിർ വശത്തേക്ക് അപ്രതീക്ഷിതമായി ഓടി.ആ
സമയം തന്നെയാണ് ദൂരെ നിന്നും അതി വേഗ
തയിൽ ഒരു ജീപ്പ് പാഞ്ഞു വന്നത്.ഞാൻ കരുതി
കുട്ടിയെ ജീപ്പ് തട്ടി തെറിപ്പിക്കുമെന്ന്,പക്ഷെ
സംഭവിച്ചതു മറ്റൊന്നാണ്.
ആൽത്തറയിൽ നിന്നും ചാടിയിറങ്ങിയ
കുട്ടൻ ആ കുഞ്ഞിനേയും കൊണ്ട് റോഡിനപ്പു
റത്തേക്കു മറിഞ്ഞു വീണു.അവന്റെ ശരീരത്തി
ലുരസ്സിയാണ് ജീപ്പവിടെ നിന്നത്.കണ്ടു നിന്നവ
രെല്ലാം പകച്ചു പോയ നിമിഷം.ദേവിയുടെ കരച്ചി
ൽ മുഴങ്ങിയവിടെ.പക്ഷെ കുഞ്ഞിനൊന്നും പറ്റി
യില്ല.കരഞ്ഞു കൊണ്ട് ദേവിയുടെ ചാരത്തേക്കു
കുഞ്ഞോടി ചെന്നു.ദേഹത്തെ പൊടി തട്ടി കൊണ്ട്
കുട്ടൻ അവിടെ നിന്നും എഴുന്നേറ്റ് നടന്നു നീങ്ങി.
ആ കാഴ്ച്ച നോക്കി നിന്ന ദേവിയുടെ കണ്ണുകളിൽ
പ്രതിഫലിച്ച ഭാവം ഏതെന്നു എനിക്കു വ്യക്തമാ
യില്ല.
കൈ കൊണ്ട് കണ്ണു തുടച്ച് നടന്നു നീങ്ങുന്ന
കുട്ടനെ കണ്ടപ്പോൾ എനിക്കു തോന്നിയത്,ഈ
ലോകത്തേക്കാൾ വിശാലമായ മനസ്സിനുടമാ
യാണ് കുട്ടനെന്ന്.അപൂർവ്വം ചിലരിൽ ഒരാൾ..!!

കിരാതം (ഭാഗം -2)


ഇന്ന് ഉദയപ്പൂരിന് പോകാനുള്ള ദിവസമാണല്ലോ എന്ന് രേണു അപ്പോഴാണ്
ഓർത്തത്. മാസത്തിലൊരിക്കലുള്ളതാണ്
ഈ ഔദ്യോഗിക യാത്ര. കേന്ദ്ര ഗവൺമെന്റെിന്റെ ഗ്രാമവികസന വകുപ്പിലാണ് രേണു ഇവിടെ ജോലി ചെയ്യുന്നത്.
വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് രേണുവിന്റെ വീട്. ജോലിയുടെ
ആവശ്യാർത്ഥം ഇവിടെ എത്തി ചേർന്നിട്ടിപ്പോൾ
രണ്ടു വർഷം കഴിഞ്ഞു.
മുഖം കഴുകാനായി വെള്ളമെടുത്തപ്പോൾ
എെസ് കട്ടയിൽ തൊട്ടപോലുള്ള തണുപ്പ്. പ്രഭാതകൃത്യങ്ങളെല്ലാം വളരെ പെട്ടന്നായിരുന്നു.
ഉച്ചക്കു കഴിക്കാനുള്ള ഭക്ഷണം ഇങ്ങനെ പോകുന്ന സന്ദർഭങ്ങളിൽ കൊണ്ടു പോകാറാണ്
പതിവ്. ഒപ്പം ഒരു പൊതി ഭക്ഷണം കൂടി അധികം കരുതും.
അത് ഉദയപ്പുരിലെ തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരു അമ്മക്കാണ്. എല്ലാ പ്രാവശ്യവും അതൊരു പതിവാണ്. ഭക്ഷണപ്പൊതി കൊടുക്കുമ്പോൾ മുറുക്കാൻ കറ പിടിച്ച പല്ലു കാണിച്ച് അവർ ചിരിക്കും.
എട്ടരയുടെ ബസ്സിനു പോകാൻ സ്റ്റോപ്പിൽ
എത്തിയപ്പോഴേക്കും അത് പോയിരുന്നു. പിന്നീട് വന്ന ബൊലേറോയിൽ അവൾ കയറി.
അവിടങ്ങളിൽ ബസ്സുകളെക്കാൾ കൂടുതൽ ജീപ്പുകളും ബൊലേറോയുമൊക്കെയാണ് ആളുകൾ ആശ്രയിക്കുന്നത്. ജാക്കറ്റിട്ടിട്ടും തണുപ്പിന്റെ കാഠിന്യം അലസോരപ്പെടുത്തുന്നുണ്ടായിരുന്നു.
വിൻഡോ സൈഡിലായിരുന്നു അവൾ ഇരുന്നത്. മുന്നിൽ അധികം തിരക്കില്ലാത്ത ഹൈവേ മഞ്ഞിന്റെ ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നു.
അടുത്തിരിക്കുന്നയാൾ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൾ ഷാൾ കൊണ്ട് മുഖം മറച്ചു. ഒരു അദ്ഭുത ജീവിയെ പോലെ മറ്റുള്ളവരുടെ തുറിച്ചു നോട്ടമേറ്റുള്ള
ഈ ജീവിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ചു വർഷത്തോളമാകുന്നു എന്നവൾ വേദനയോടെയോർത്തു.
വിവാഹത്തിന് നാല് മാസങ്ങൾ ശേഷിക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്.
ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് വരാൻ
വൈകിപോയി. ഇരുൾ വീഴാൻ തുടങ്ങുന്ന നാട്ടു വഴിയിലൂടെ വേഗത്തിൽ നടക്കുമ്പോൾ മനസ്സ്
ഭയത്താൽ തുടി കൊട്ടുന്നുണ്ടായിരുന്നു.
ഏട്ടൻമാർ രണ്ടാളും അവിടെ
ഇല്ലെങ്കിലും അച്ഛന്റെ വഴക്കു കേൾക്കേണ്ടി വരും.
ആ ചിന്തയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് പെട്ടന്ന് പൊട്ടിമുളച്ചതു പോലെ അയാൾ മുന്നിൽ
പ്രത്യക്ഷപ്പെട്ടത്.
''എന്താ ഇത്ര നേരം വൈകിയേ? ഒറ്റക്ക് പോകാൻ പേടിയുണ്ടോ..? ഞാൻ കൂട്ടുവരണോ..? ഒരു വിടലച്ചിരിയോടെ അയാൾ ചോദിച്ചപ്പോൾ തനിക്ക് ദേഷ്യം ഇരച്ചു കയറി. ഇടതു കൈയ്യാൽ തല ചൊറിഞ്ഞപ്പോൾ നാട്ടു വെളിച്ചത്തിൽ കണ്ടു വലിയൊരു മുറിവുണങ്ങിയ പാട്. ചുവന്ന കണ്ണുകളിലെ ക്രൗര്യം.
ഇതിനും മുൻപും ഇയാളെ മൂന്നാലു തവണ കണ്ടിട്ടുണ്ട്. പുറകെ വന്ന് ശല്ല്യം ചെയ്തപ്പോൾ താക്കീത് കൊടുത്തതാണ്. പിന്നെ
കുറച്ചു നാളായി കാണാറില്ലാരുന്നു. ഇവിടെ എന്തോ പണിക്കായി വന്നതാണ്. ഈ നാട്ടുകാരനല്ല,അതുറപ്പാണ്.
''മാറി നിൽക്ക് എനിക്ക് പോണം'' എന്നു പറഞ്ഞ് മുന്നോട്ടു നടന്ന തന്റെ കൈയ്യിൽ പെട്ടന്നാണ് അയാളുടെ പിടി വീണത്. ഒരു നടുക്കത്തോടെ രേണു ചുറ്റും നോക്കി. വഴിയിൽ ആരുമില്ല. അയാൾ തന്നെ ശരീരത്തിലേക്ക്
ചേർക്കാനുള്ള ശ്രമമാണ്.
പെട്ടന്നുണ്ടായ ധൈര്യത്തിൽ അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിയതിനു ശേഷം ഓടി. അവൾ പോകുന്നത് നോക്കി അയാൾ അവിടെ തന്നെ നിന്നു. കരഞ്ഞു കൊണ്ടാണന്ന് വീട്ടിലെത്തിയത്.
അച്ഛനോടെല്ലാം പറഞ്ഞപ്പോൾ ദേഷ്യത്തോടെ വിറച്ചു കൊണ്ട് ഏട്ടൻമാരെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്നാണറിഞ്ഞത്
അയാളെ കണ്ടു പിടിച്ച് ഏട്ടൻമാരും കൂട്ടുകാരും കൈകാര്യം ചെയ്തത്. ''മേലിൽ ഈ നാട്ടിൽ കണ്ടുപോകരുതെന്ന്'' താക്കീത് ചെയ്യുകയും
ചെയ്തത്രേ...!!
ദിവസങ്ങൾ കടന്നു പോയി. ആ കാര്യം
പതുക്കെ മറന്നു തുടങ്ങി. വല്ല്യേട്ടന്റെ കുട്ടിയുടെ
ചോറൂണിന് വീട്ടിൽ നിന്നെല്ലാരും പോയ ദിവസം.
അമ്പലത്തിൽ പ്രവേശിക്കാനാവാത്ത ദിവസമായതിനാൽ താൻ പോയില്ല.
മഴ പെയ്തു തോർന്നൊരു സന്ധ്യ ആയിരുന്നത്. വീട്ടിലുള്ളവർ വരാൻ വൈകുന്നത്
കൊണ്ട് അടുത്ത വീട്ടിലെ ലക്ഷ്മി ചേച്ചി കൂട്ടിരിക്കാൻ വന്നിരുന്നു. പെട്ടന്ന് കറന്റ് പോയപ്പോൾ വിളക്കെടുക്കാനായി അടുക്കളയിൽ വന്നപ്പോഴാണ് പുറകു വശത്തെ വാതിലിന്റെ അവിടെ ഒരു അനക്കം കണ്ടത്.
അവിടെ ഒരാൾരൂപം. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി.''എന്നെ ആളെ വിട്ട് തല്ലിച്ച നീ മര്യാദക്ക് ഈ ഭൂമിയിൽ ജീവിക്കേണ്ടടി'' എന്നു
പറയലും മുഖത്തേക്ക് എന്തോ ഒഴിക്കലും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. തിളച്ച എണ്ണ മുഖത്തു വീണ പോലെ
അലറി കരഞ്ഞു താൻ. ശബ്ദം കേട്ട് ലക്ഷ്മി ചേച്ചി ഓടി വരുമ്പോഴേക്കും ബോധരഹിതയായി കഴിഞ്ഞിരുന്നു.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
കൂറേ ദിവസങ്ങൾ. ബോധം വന്നപ്പോഴാണ്
അറിഞ്ഞത് അന്ന് അയാൾ തന്റെ മുഖത്തൊഴിച്ചത് അസിഡായിരുന്നു എന്ന്. സ്വന്തം മുഖം അപകടത്തിനു ശേഷം കണ്ണാടിയിൽ ആദ്യമായി കണ്ടപ്പോൾ അലറി കരഞ്ഞു.
മുഖത്തിന്റെ ഒരു വശം പൊള്ളലേറ്റ് ഒരു കണ്ണിന്റെ ഭാഗത്ത് ഒരു കുഴി മാത്രം.
ജീവിതം മരവിച്ച ദിവസങ്ങളായിരുന്നു പിന്നീട്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന്
വരന്റെ വീട്ടുകാർ പിൻവാങ്ങി. അതു പ്രതീക്ഷിച്ചതായിരുന്നിട്ടും താങ്ങാനായില്ല. എല്ലാം അവസാനിപ്പിച്ചാലോ എന്നു പോലും കരുതിയ സമയങ്ങൾ. വീടിനു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.
പിന്നീടെപ്പോഴോ ജീവിക്കണമെന്നൊരു
മോഹം മനസ്സിൽ തോന്നി. തന്റെ ജീവിതം ഇല്ലാതാക്കിയവനെ പറ്റി പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല. ജോലി കിട്ടി ഇവിടെ വന്നതിനു ശേഷം ആകെ രണ്ടു തവണയാണ് നാട്ടിൽ പോയത്.
ഇവിടെ ജോലി ആയതിനു ശേഷം ഒരുപാട്
ജീവിതങ്ങൾ കണ്ടു. പലരുടേയും പ്രശ്നങ്ങൾ അറിഞ്ഞു. ഒരിക്കൽ തനിക്കു സംഭവിച്ച ദുരിതമോർത്ത് ജീവിതം അവസാനിപ്പിക്കാൻ
തോന്നിയ നിമിഷമോർത്ത് ഒരുപാടു പശ്ചാത്തപിച്ചു.
അന്തരീക്ഷത്തിലെ തണുപ്പ് മാറി തുടങ്ങി.
ദൂരെ കാണുന്ന മൊട്ട കുന്നുകളിൽ അർക്കന്റെ കരങ്ങൾ തലോടുന്നുണ്ടായിരുന്നു. ഉദയപ്പുർ
എത്താനായിരുന്നു. ബൊലീറോ സാമാന്യം വേഗത്തിലായിരുന്നു പൊയ്കൊണ്ടിരുന്നത്.
നഗരമടുക്കാനായപ്പോൾ ഇടതു വശത്തായി ആശ്രമത്തിന്റെ ഗോപുരം കണ്ടു തുടങ്ങി .
പുരാതന മാതൃകയിലുള്ള അതിന്റെ നിർമ്മാണ രീതി ഒരു കാണേണ്ട കാഴ്ച്ച തന്നെയാണ്. ആശ്രമത്തോട് ചേർന്നൊരു തടാകം. ഉദയപ്പൂർ തടാകങ്ങളുടെ നഗരമെന്നാണല്ലൊ അറിയപ്പെടുന്നതെന്നവളോർത്തു.
വാഹനത്തിൽ നിന്നുമിറങ്ങി ഒരു പത്ത് മിനിട്ട് നടക്കാനുണ്ട് രേണുവിന് പോകേണ്ടിടത്തേക്ക്. സമയം പന്ത്രണ്ടുമണിയായി. ഫുട്പാത്തിലൂടെ നടക്കുമ്പോൾ പതിവായി കാണാറുള്ള അമ്മയെ
കണ്ടില്ലല്ലോന്ന് മനസ്സിലോർത്തു. അവർക്കായി കരുതിയ ഭക്ഷണം വേറെ ആർക്കെങ്കിലും കൊടുക്കണമിനി.
നിരത്തിൽ കൂടി മുന്നോട്ടു പോകുമ്പോഴാണ് അവൾ ഒരു കാഴ്ച്ച കണ്ടത്. റോഡിൽ നിന്നും കുറച്ചു മാറി മാലിന്യങ്ങൾ കളയുന്ന സ്ഥലത്ത്
ഒരു യാചകൻ എച്ചിലിൽ കൈയ്യിട്ട് വാരുന്നു. ദയനീയമായ ആ കാഴ്ച്ച കണ്ട് രേണു വേഗം അടുത്തേക്ക് ചെന്നു.
അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് രണ്ടു കാലും നഷ്ടമായ ഒരാളാണ് അതെന്ന് അവൾ സമീപമെത്തിയപ്പോൾ അയാൾ മുഖമുയർത്തി നോക്കി. രേണു ബാഗിൽ നിന്നും ഭക്ഷണ പൊതി കൈയ്യിലെുത്തു.
അത് വാങ്ങാനായി അയാൾ ആർത്തിയോടെ
രണ്ടു കൈയ്യും ഒരുമിച്ച് നീട്ടിയപ്പോഴാണ് ഇടതു കൈത്തണ്ടയിലെ മുറിവുണങ്ങിയ പാട് അവൾ കണ്ടത്. താടിയും മുടിയും നീണ്ട ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞ പ്രതീതി.
ഈ ജന്മം ഒരിക്കലും തനിക്ക് മറക്കാൻ പറ്റാത്ത മുഖം. അപ്പോൾ മനസ്സിലലയടിക്കുന്ന
വികാരം എന്താണെന്ന് അവൾക്ക് പോലും മനസ്സിലാകുന്നില്ലായിരുന്നു.
അയാളുടെ മുഖത്ത് വിശപ്പിന്റെ ദൈന്യത മാത്രം. അസ്പഷ്ടമായി എന്തൊക്കെയോ പറഞ്ഞ് ജഢ കെട്ടിയ തലമുടിയിൽ ചൊറിയുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ഇയാൾ കാരണം താൻ അനുഭവിച്ച ദുരിതങ്ങൾ ഒരു തിരശ്ശീലയെലെന്നവണ്ണം അവളുടെ മനസ്സിൽ തെളിഞ്ഞു.
നീട്ടിയ പൊതി കൊടുക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ രേണു ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ അതയാൾക്ക് തന്നെ കൊടുത്തിട്ട് നടക്കാൻ തുടങ്ങി.
തന്റെ ജീവിതം തകർത്തവനോടുള്ള ദേഷ്യമില്ലായിരുന്നു അവളുടെ മനസ്സിലപ്പോൾ വിശക്കുന്നവന്റെ ദീനത നിറഞ്ഞ മുഖം മാത്രമായിരുന്നു. കൈയ്യിൽ കിട്ടിയ ഭക്ഷണ പൊതി തുറന്ന് ആർത്തിയോടെ ഭക്ഷിക്കാൻ തുടങ്ങിയിരുന്നു അയാളപ്പോൾ....!!
(അവസാനിച്ചു.)

കഥ - കിരാതം (ഭാഗം-1)


ഉദയ്‌പൂർ റെയിവേ സ്റ്റേഷൻസമയം വൈകുന്നേരം ആറു മണി.
കുറച്ചു സമയം മുൻപ് വന്ന വണ്ടിയിലാണ് അയാൾ ആ സ്റ്റേഷനിൽ ഇറങ്ങിയത്. പ്ലാറ്റ് ഫോമിലെ ചാരു ബെഞ്ചിൽ ഇരുന്നതിനു ശേഷം
ചുറ്റുമൊന്ന് കണ്ണോടിച്ചയാൾ.
നല്ല ഉയരമുള്ള ശരീരത്തിനുടമയായ അയാളുടെ കണ്ണുകൾ ഉപ്പന്റെ പോലെ നന്നായി ചുവന്നിരുന്നു.ഇടത്തെ കൈത്തണ്ടയിൽ ഒരു വലിയ മുറിവുണങ്ങിയ പാട്. കാഴ്ച്ചയിൽ ഒരു മുപ്പത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കും.
കുറച്ചു സമയം അവിടെ ഇരുന്നതിനു ശേഷം
അയാൾ പതുക്കെ പുറത്തേക്കു നടന്നു. പകലിനു ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിൽ ഒന്നായിരുന്നത്. നഗരം വൈദ്യുതി വിളക്കിന്റെ ഭംഗിയിൽ ഒരു നവോഢയെ പോലേ ശോഭിച്ചു.
മുന്നിൽ തിരക്കേറിയ ദേശിയ പാത. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു.
ഒരു ലക്ഷ്യമില്ലാത്തവനെ പോലെ അയാൾ ആ തെരുവോരത്തങ്ങനെ നിന്നു.
ദൂരെ ദീപാലംകൃതമായ ഉദയ്പൂർ കൊട്ടാരം കാണാം. മനോഹരമായൊരു കാഴ്ച്ചയായിരുന്നത്.
കുറച്ചു സമയങ്ങൾക്കു ശേഷം പാതയോരം ചേർന്ന് അയാൾ നടക്കാൻ തുടങ്ങി.
പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാത്ത സഞ്ചാരമാണ് അതെന്ന് ഊഹിക്കാനാവും.
നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ചു മാറിയൊരു സ്ഥലത്തേക്ക് അയാൾ എത്തി ചേർന്നു. ഇപ്പോൾ കൊട്ടാരം കുറേക്കൂടി വ്യക്തമായി കാണാം.
പാതയോരത്തായി വഴിവാണിഭക്കാർ കൂട്ടമായി താമസിക്കുന്ന ടെന്റുകൾ
കാണാമായിരുന്നു.അത്തരത്തിൽ പെട്ട ഒരുപാടു കുടുംബങ്ങൾ അങ്ങനെ വഴിയോരത്ത് ടെന്റെ് കെട്ടി താമസിക്കുന്നുണ്ട്.പെട്ടന്നാണ് അതിലൊന്നിൽ നിന്നും ഒരു അഞ്ച് വയസ്സു പ്രായം തോന്നുന്ന പെൺകുട്ടി ഓടിയിറങ്ങി അയാളുടെ സമീപത്തു കൂടി പോയത്.
അവൾ നടക്കുമ്പോൾ കാലിലെ കൊലുസിൽ നിന്നും ശബ്ദമുയരുന്നുണ്ടായിരുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തേക്ക് വീണു കിടക്കുന്ന
എണ്ണമയം കലരാത്ത മുടി അവളുടെ മാറ്റ്
 കൂട്ടിയിരുന്നു.
ആ പെൺകുട്ടി പോകുന്നതു നോക്കി അയാൾ നിന്നു. കുറച്ചപ്പുറത്തുള്ള കടയുടെ മുൻപിൽ എത്തിയ അവൾ അവിടെ നിന്നും എന്തോ വാങ്ങുന്നത് കണ്ട് , ഒന്നാലോചിച്ച ശേഷം അയാൾ പെൺകുട്ടി നിൽക്കുന്ന ദിശയിലേക്ക് തിരിച്ചു നടന്നു.
സാധനം വാങ്ങി ആ കുട്ടി തിരികെ വരുന്നത് കണ്ട് വഴിയിൽ വെളിച്ചം കുറഞ്ഞ ഭാഗത്തയാൾ നിന്നു. രണ്ടു കെട്ടിടങ്ങൾക്കിടയിലൂടെ പുറകിലേക്ക് ഒരു വഴിയുണ്ടായിരുന്നു അയാൾ നിന്നതിനു സമീപം. അവിടേക്ക് ഇരുട്ട് ഘനീഭവിച്ചു കിടക്കുകയായിരുന്നു.

ആ പെൺകുട്ടി സമീപത്തേക്കെത്തും തോറും
അയാളുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി.
അടുത്തെത്തിയതും ,സമീപത്താരുമില്ലെന്ന് ഉറപ്പുവരുത്തിയ അയാൾ ഒരു നിമിഷാർദ്ധം കൊണ്ട് അവളെ വാരിയെടുത്ത് കെട്ടിടത്തിന്റെ
പുറകിലേക്കോടി.
ശബ്ദമുണ്ടാക്കാതിരിക്കാൻ അവളുടെ വായും മൂക്കും കൂടി അയാൾ അടച്ചുപിടിച്ചിരുന്നു.
കൈ ചുരുട്ടി അവൾ അയാളുടെ പുറത്തിടിക്കുന്നുണ്ടായിരുന്നു. പാദസരത്തിന്റെ കിലുക്കം വല്ലാതെ ഉയർന്നു.
ആ കെട്ടിടത്തിന്റെ പുറകു വശം വിജനമായിരുന്നു.വെറും മണ്ണിൽ അയാൾ അവളെ കിടത്തി. ഒരു കൈകൊണ്ട് ആ പിഞ്ചു ദേഹം മറച്ചിരുന്ന ഫ്രോക്ക് വലിച്ചു കീറി. ശ്വാസം
മുട്ടി അവൾ കിതക്കുന്നുണ്ടായിരുന്നു. ഭീമാകാര-
മായ ആ ശരീരം പിഞ്ചു മേനിയിലേക്കമർന്നു.
കുറച്ചു സമയങ്ങൾക്കു ശേഷം ആ കുട്ടിയുടെ ചലനം നിലച്ചു. ക്രൂരമായ സംതൃപ്തിയോടെ അയാൾ പതുക്കെ ആ ദേഹത്തു നിന്നെണിറ്റു. വസ്ത്രം നേരെ ആക്കിയതിനു ശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.
തിളങ്ങുന്ന സിഗരറ്റിന്റെ ചുവന്ന അഗ്രം അയാൾ ആ പെൺകുട്ടിയുടെ നഗ്നമായ വയറിൽ ഒരു തരം ക്രൂരതയോടെ കുത്തി രസിച്ചു. ചേതനയറ്റ ആ ശരീരത്തിൽ വൃത്താകൃതിയിൽ പൊള്ളിയ പാടുകൾ നിറഞ്ഞു.
നാലുപാടും നോക്കിയ ശേഷം അയാൾ അവിടെ നിന്നെണീറ്റ് റോഡരികിലേക്ക് വന്നു.
റോഡു മുറിച്ചു കടക്കാൻ വേണ്ടി നിരത്തിലേക്ക്
ഇറങ്ങി,കാൽഭാഗത്തോളം പിന്നിട്ടിപ്പോഴാണ് ഒരു
ട്രക്ക് അമിതവേഗതയിൽ വരുന്നത് കണ്ടത്.
ഒഴിഞ്ഞു മാറാൻ സമയം കിട്ടും മുൻപേ ട്രക്ക്
അയാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നിലെ ടയർ
അയാളുടെ കാലുകളിൽ കൂടി കയറിയിറങ്ങി.ഒരു നിലവിളി അവിടെ മുഴങ്ങി. ചോരയിൽ കുളിച്ച അയാൾ പിടക്കുന്നുണ്ടായിരുന്നു. ആളുകൾ
ഓടി കൂടുമ്പോഴേക്കും ആ ചലനം നിലച്ചു.
★★★★★★★ ★★★★★★★
അഞ്ച് വർഷങ്ങൾക്കു ശേഷം.
ഉദയപ്പൂർ നഗരത്തിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ അകലെയുള്ള 'പാട്യ'എന്ന ഗ്രാമം.
സമയം പുലർച്ച അഞ്ചു മണി.
അന്തരീക്ഷത്തിന് നല്ല തണുപ്പ്.
താഴ്വാരങ്ങളിലെ കൃഷിയിടത്തിൽ പീത വർണ്ണത്തിൽ പൂത്ത് നിൽക്കുന്ന കടുകപാടങ്ങളിലേക്ക് നീഹാര ബിന്ദുക്കൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
മുഖത്തേക്ക് ഒരു തീഗോളം വന്നു വീണതു
പോലെ അനുഭവപ്പെട്ടപ്പോഴാണ് രേണു കിടക്കയിൽ നിന്നും ഞെട്ടിയുണർന്നത്. കട്ടിലിനു
എതിർ വശത്തുള്ള കണ്ണാടിയിൽ തന്റെ മുഖം പ്രതിബിംബിക്കുന്നത് കണ്ടപ്പോൾ ഒരു തരം
മരവിപ്പു തോന്നി.
കഴിഞ്ഞ അഞ്ചു വർഷമായി തന്റെ മുഖം കാണുമ്പോൾ തനിക്കു തന്നെ ഭയം തോന്നുന്നു.
ഒരിക്കൽ നോക്കുന്ന ഒരാൾ പിന്നീടൊരിക്കലും ഈ മുഖത്തേക്ക് നോക്കില്ല.മുഖത്തിന്റെ ഒരു
വശം പൊള്ളലേറ്റ് ഉണങ്ങിയ പാട്.ഇടതു കണ്ണിന്റെ ഭാഗത്ത് ഒരു കുഴി മാത്രം..!!
(തുടരും)

By: 
ശരത് മംഗലത്ത്

ഓർമ്മകൾ പെയുന്ന അപരാഹ്നം.


ചേക്കേറാന്‍ വെമ്പുന്ന പക്ഷികളെ പോലെ ഇരുട്ടുന്നതിനു മുന്‍പ് കൂടണയാനുള്ള തിടുക്കത്തിലാണെല്ലാവരും.
ആ സായാഹ്നത്തില്‍ നഗരത്തിരക്കിലലിഞ്ഞ് അവരിലൊരാളായി എന്റെ അമ്മൂട്ടിയും വരുന്നതു ഞാന്‍ കണ്ടു.
രണ്ടു വര്‍ഷമായി അവള്‍ നഗരത്തിലെ സ്കൂളില്‍ ടീച്ചറായി ജോലി നോക്കുന്നു.എന്താണെന്നറിയില്ല അമ്മൂട്ടിയുടെ മുഖത്തിനു ഒരു പ്രസരിപ്പ് കുറഞ്ഞ പോലെ ഒരു തോന്നല്‍.
ഒരു ശ്രദ്ധയുമില്ലാതെയാണ് അവള്‍ നിരത്ത് മുറിച്ചു കടക്കുന്നതെന്നു കണ്ടപ്പോള്‍ ഉള്ളില്‍ എന്തോ ഒരു ഭയം തോന്നി.
''അമ്മൂട്ടി''
എന്റെ ആ വിളി അവള്‍ കേട്ടില്ല.
സമീപത്തു കൂടി പോയിട്ടും എന്നെ അവള്‍
ശ്രദ്ധിച്ചില്ല.ബസ്സ്റ്റാന്‍ഡിലേക്കാണവള്‍ നടന്നു നീങ്ങിയത്.ഞാനും അവളെ അനുഗമിച്ച് അവള്‍ കയറിയ ബസ്സില്‍ കയറി.
''അമ്മൂട്ടി'' എന്റെ കാമുകിയല്ലാട്ടോ .ഒരു വയറ്റില്‍ പിറന്നതല്ലെങ്കിലും എന്റെ
പുന്നാരപെങ്ങളാണ്.അടുത്തടുത്താണ് ഞങ്ങളുടെ വീടുകള്‍.
അവള്‍ക്ക് ഒരു ചേച്ചിയാണുള്ളത്.എനിക്ക് കൂടപ്പിറപ്പുകളായി ആരുമില്ല,ഞാനും അമ്മയും മാത്രം.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അമ്മു എന്റെ കൂടെ എപ്പോഴുമുണ്ട്.
ഒരു ''ഷിമ്മി''യുമിട്ട് എന്റെ വിരലില്‍ തൂങ്ങി നടക്കുന്ന അവളുടെ ബാല്ല്യത്തിന്റെ
നിഷ്കളങ്കത മായാത്ത ചിത്രം മനസ്സില്‍ ഇപ്പോഴുമുണ്ട്.
പഠിച്ചു ടീച്ചറായി ജോലി കിട്ടി നാട്ടില്‍
വന്നപ്പോള്‍ ഞാന്‍ ''അമ്മൂട്ടി എന്ന വിളി
മാറ്റി പകരം ഞാന്‍ ഇനി ''ടീച്ചര്‍''എന്നെ
വിളിക്കൂ എന്നുപറഞ്ഞപ്പോള്‍ സ്വതവേ ഉരുണ്ട ആ മുഖം പിന്നെയും വീര്‍ത്തു.
ചെറിയൊരു സങ്കടത്തോടെ അവള്‍
പറഞ്ഞു ''വേണ്ട വേണ്ട ന്റെ ഏട്ടന്‍ എന്നെ അമ്മൂട്ടിന്നു വിളിച്ചാല്‍ മതി,വേറൊന്നും
വിളിക്കേണ്ടാ'' ഒരു ചെറു ചിരിയോടെ ഞാനത് സമ്മതിച്ചപ്പോഴാണ് അവള്‍ക്ക് ആശ്വാസമായത്.
ഞങ്ങളുടെ ബന്ധത്തിനു പ്രണയത്തിന്റെ നിറം ചേര്‍ക്കാന്‍ അവളുടെ
കൂട്ടുകാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇതായിരുന്നു.
''പ്രണയിക്കാന്‍ നമുക്ക് ഒരുപാടു പേരേ കിട്ടും പക്ഷെ സ്വന്തം കൂടപ്പിറപ്പിന്റെ കരുതലോടെ എന്നെ ഇങ്ങനെ സ്നേഹിക്കാന്‍ എന്റേട്ടനു മാത്രമേ കഴിയു.നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല.''അതോടെ അവര്‍ വായടച്ചു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമെത്തി മുന്‍വശത്തെ വാതിലിലൂടെ അമ്മൂട്ടി ഇറങ്ങുമ്പോള്‍ ക്ലീനര്‍ കുമാരേട്ടന്‍ അവളോട് എന്തോ കുശലം ചോദിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ നാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ''സിറാജിക്കാന്റെ''കടത്തുതോണിയാണ്. പുഴക്കക്കരെയാണ് ഞങ്ങളുടെ വീടുകള്‍.
തോണിയില്‍ കയറുമ്പോഴും അമ്മു എന്നെ കണ്ടില്ലാ എന്നു തോന്നി.സിറാജിക്ക ഒരു രസികനാണ്.ഇടക്ക് ആളു നല്ല സന്തോഷത്തിലാണെങ്കില്‍ യാത്രക്കാരെ
രസിപ്പിക്കാനായി പാട്ടൊക്കെ പാടും.
'' എന്താ സിറാജേ ഇന്ന് പാട്ടൊന്നുമില്ലേ...''
രാമേട്ടനാണ് ചോദിച്ചത്.മൂപ്പരു ടൗണില്‍ പോയിട്ടുള്ള വരവാണ്.എല്ലാരോടും വായിട്ടലക്കുന്ന അമ്മു മൗനമായിരുന്നു അപ്പോഴും.
കടത്തിറങ്ങി ഞങ്ങള്‍ നടന്നു.ഇരുട്ടുവീഴാന്‍ തുടങ്ങുന്ന ആ നാട്ടുവഴിയിലൂടെ.എന്റെ് വീട്ടിലേക്കാണവള്‍ ആദ്യം പോയത്.
അവളെ പ്രതീക്ഷിച്ചെന്നവണ്ണം എന്റെ അമ്മ വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്നു.അമ്മയുടെ മുഖവും മ്ലാനമായിരുന്നു.
''എന്താ അമ്മു ഇന്നു പോന്നെ നാളെ അവധിയാണോ..?''അമ്മ ചോദിക്കുന്നു.
''ഇന്നത്തെ ദിവസം എനിക്കു വരാതിരിക്കാന്‍ കഴിയുമോ അമ്മേ..? ഞാന്‍ ഇപ്പോള്‍ വരാട്ടോ..'''
അവള്‍ അതു പറഞ്ഞ് വീടിന്റെ തെക്കു ഭാഗത്തേ തൊടിയിലേക്കു പോയി.കലങ്ങിയ മിഴികളോടെ അമ്മ ആ പോക്കു നോക്കി നിന്നു.
ഞാനും അമ്മൂന്റെ പുറകേ നടന്നു.അവിടെ ആ മണ്‍കൂനക്കു മുന്നില്‍ കണ്ണീരണിഞ്ഞ മുഖത്തോടെ എന്റെ അമ്മു നില്‍ക്കുന്നുണ്ടായിരുന്നു.ഏതോ ഓര്‍മ്മയിലലിഞ്ഞ്.
ആ മിഴിതുമ്പില്‍ പൊടിയുന്ന അശ്രുക്കള്‍ വിരല്‍ തുമ്പാല്‍ തുടച്ചു മാറ്റണമെന്നുണ്ടായിരുന്നെനിക്ക് ,പക്ഷെ....!!
'''അമ്മൂട്ടി''എന്നു ഞാന്‍ ഉറക്കെ വിളിച്ചെങ്കിലും ഞങ്ങളെ തഴുകി കടന്നു പോയ ഇളം കാറ്റില്‍ ലയിച്ചില്ലാതായി പോയി എന്റെ വിളി..!!
ശരത് മംഗലത്ത്

കഥ-ഒരു പടകാളി പെണ്ണിന്റെ ചരിതം


കാഴ്ചകൾ അതി വേഗത്തിൽ പുറകോട്ടോടി മറയുകയാണ്,ഓർമ്മകളിൽ ഇടം നേടാതെ.ബസ്സിന്റെ വിൻഡോ സീറ്റിലായിരുന്നു അമൃത.സായാഹ്നത്തിന്റെ ശോണിമ നിശയുടെ കറുപ്പിന് വഴിമാറി തുടങ്ങിയിരുന്നു.
ഇന്ന് പതിവിലും വൈകിയിരിക്കുന്നു.അപ്പുവിന്റെ പിറന്നാളാണ് നാളെ.അവന് ഒരു സമ്മാനം വാങ്ങി പോരാൻ നോക്കുമ്പോഴാണ് ശ്യാമിനെ കണ്ടത്.
''താങ്കളുടെ ജീവിതത്തിലേക്ക് വരാൻ എനിക്കൊരിക്കലും സാധിക്കില്ല.ഇതിൽ കൂടുതൽ
എനിക്കിനി ഒന്നും പറയാനില്ല''.അതു പറഞ്ഞ് തിരികെ നടക്കുമ്പോൾ ദുഃഖം കൊണ്ട് ശിരസ്സു
താഴ്ന്ന ശ്യാമിന്റെ മുഖം മനസ്സിൽ കാണാമായിരുന്നു .
കണ്ണു നിറയുന്നുണ്ടോ തന്റെ !!. ഹേ, ഇല്ല
ഒരിക്കലുമില്ല.നാട്ടുകാർ മൊത്തം ''പടകാളി'' പെണ്ണെന്നു വിളിക്കുന്ന അമൃതയുടെ കണ്ണു നിറയാനോ...? താൻ കരയുന്നത് ദേവി ചെറിയമ്മ
ഒഴികെ മറ്റാരും കണ്ടിട്ടുണ്ടാവില്ലാ.
ജന്മം തന്നവർ രണ്ടു വഴിക്ക് അവരുടെ സുഖം മാത്രം നോക്കി പോയപ്പോൾ
അനാഥമായി പോയ രണ്ടു പെൺകുട്ടികൾ.
താനും ചേച്ചിയും.അന്ന് ഒരു നിയോഗം പോലെ
തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നവരാണ്
ദേവി ചെറിയമ്മ.
സ്വന്തം ജീവിതത്തിലെ സുഖം പോലും
അവർ തനിക്കും ചേച്ചിക്കും വേണ്ടി മാറ്റിവെച്ചു.
ആശ്രയിക്കാൻ നമുക്കാരുമില്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ മനസ്സ് സ്വയം ആർജ്ജിച്ചെടുക്കുന്നൊരു ധൈര്യമുണ്ട്.അതു
മതി ഈ ജീവിതം ജീവിച്ചു തീർക്കാൻ.
പഠിച്ചൊരു ജോലി നേടണം അത് മാത്രമായിരുന്നു മനസ്സിലെ ലക്ഷ്യം.പത്താം സ്റ്റാൻഡിൽ പഠിക്കുമ്പോഴാണ് അടുത്ത വീട്ടിലെ
ജോബിൻ ചേട്ടൻ തന്നോട് ഇഷ്ടമാണെന്ന്
പറയുന്നത്.
ഉള്ളിൽ ഇഷ്ടമുണ്ടായിരുന്നെങ്കിലും ഒന്നും
തിരിച്ചു പറയാതെ ദേഷ്യഭാവത്തിൽ നടന്നു.അതിനു മുൻപേ തന്നെ ''നിഷേധി''എന്നൊരു പേര് താൻ സമ്പാദിച്ചിരുന്നു.
അതു കൊണ്ടു തന്നെ പിന്നീടാരും തന്റെ പുറകെ നടന്നിട്ടില്ല.ബിരുദപഠനം കഴിഞ്ഞ്
ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു തുടങ്ങി.
അവിടേയും ആരോടും അധികം അടുത്തിടപഴകിയിരുന്നില്ല.ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം കണ്ടാൽ പ്രതികരിക്കുന്ന
സ്വഭാവം കൊണ്ട് അവിടെയും പേരു വീണു ,
നിഷേധി,പടകാളി എന്നെല്ലാം.
അതിനെല്ലാം ആക്കം കൂട്ടുന്ന ഒരു സംഭവം കൂടി ഉണ്ടായി ആയിടക്ക്.വൈകുന്നേരം പതിവായി പോകാറുള്ള ബസ്സിൽ നല്ല തിരക്കാണ്.
താനിറങ്ങുന്ന സ്റ്റൊപ്പിന് തൊട്ടു മുൻപ് ഇറങ്ങുന്ന
ഒരു പയ്യനുണ്ട്.കണ്ടാൽ മാന്യൻ.
അന്നു കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടിയില്ല.അവൻ തൊട്ടു പുറകിൽ തന്നെ നിൽക്കുന്നത് കണ്ടിരുന്നു.ഇടക്കിടക്ക് തന്റെ മേൽ അവൻ സ്പർശിക്കുന്നത് അറിഞ്ഞിരുന്നു.
അറിയാതെ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്.
അപ്രതീക്ഷിതമായാണ് അവന്റെ കൈ തന്റെ നിതംബത്തിൽ സ്പർശിച്ചത്.കലി കയറി
അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു.ദേഷ്യം തീരാതെ വീണ്ടുമെന്തൊക്കെയോ ചെയ്തു.ആ ബസ്സിൽ ഓഫീസ്സിലെ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു .
അയാൾ ബസ്സിൽ നടന്ന സംഭവങ്ങളെല്ലാം
ഒാഫീസിൽ അറിയിച്ചു.അതോടെ തനിക്ക് ഒരു
തന്റേടിയുടെ പട്ടം ഒന്നു കൂടി ചാർത്തി കിട്ടി.ആ സംഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ
നീണ്ട നഖത്തിനിടയിൽ അവന്റെ തൊലി പറ്റിയിരുന്നത് ശ്രദ്ധിച്ചത്.
അത്രക്കും ദേഷ്യത്തോടെ ആയിരുന്നു തന്റെ
ആക്രമണം.അതിനു ശേഷം താൻ നഖം നീട്ടി വളർത്താറില്ല.ആ ഓർമ്മ വരുമ്പോൾ മനം പിരട്ടും പോലെ തോന്നും.
റോഡിൽ എന്തോ ബ്ലോക്ക് ഉണ്ടെന്നു തോന്നുന്നു ബസ്സിന്റെ വേഗം കുറഞ്ഞു മന്ദഗതിയിലായി.
രഞ്ജിത്തിന്റെ ആലോചന വരുമ്പോൾ
ഇരുപത്തിരണ്ടു വയസ്സാരുന്നു പ്രായം.ഒരു ചീത്ത
ബന്ധത്തിലും പെടാതെ അത്രയും നാൾ നിന്നത്
തന്നെ ബന്ധുക്കളോടും നാട്ടുകാരോടുമുള്ള വാശിയായിരുന്നു.
സ്വന്തം സുഖം തേടി പോയ അച്ഛന്റെയും അമ്മയുടേയും മക്കൾ നേർവഴിയിൽ പോകില്ലാ
എന്ന ജല്പനങ്ങളോടുള്ള വാശി.തന്റെയും ചേച്ചിയുടേയും കല്ല്യാണം നല്ല രീതിയിൽ കഴിഞ്ഞപ്പോൾ നാട്ടുകാർക്കെല്ലാം അദ്ഭുതമായിരുന്നു.
എല്ലാത്തിനും മുൻകൈയ്യെടുത്തത് ദേവിചെറിയമ്മ ആയിരുന്നു.ചേച്ചി ചെറുപ്പം മുതലെ സ്വന്തം കാര്യം എന്ന സ്വഭാവമായിരുന്നു.
കല്ല്യാണം കഴിഞ്ഞപ്പോഴും അതിന് മാറ്റമുണ്ടായില്ല.
രഞ്ജിത്തിനോടൊത്തുള്ള ജീവിതം ആദ്യ നാളുകളിൽ കുഴപ്പമില്ലായിരുന്നു.പിന്നീട് അയാളുടെ സ്വഭാവം മാറി തുടങ്ങി.കുടിച്ചിട്ട്
വന്നിട്ടുള്ള ഉപദ്രവം കുറേ സഹിച്ചു.എല്ലാ കാര്യത്തിലും സംശയം.
അപ്പുവിന്റെ ജനനത്തോടെ തനിക്കൊരു ആശ്വാസമായി.സ്വന്തമെന്ന് പറയാൻ ഭൂമിയിലൊരാൾ.രഞ്ജിത്ത് ജോലിക്കു പോലും
പോകാതെ ആയി തുടങ്ങി.
അമ്മുവിനെ വയറ്റിലുള്ള സമയത്താണ്
ആ സംഭവം ഉണ്ടായത്.ലഹരി തലക്കു പിടിച്ച്
തന്റെ ആരോഗ്യം പോലും നോക്കാതെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ അന്നാദ്യമായി ഭർത്താവിനു നേരെ ഒച്ചയെടുത്തു.
കൈയ്യിൽ കിട്ടിയത് കത്തിയായിരുന്നു.''ഇനി
എന്നെ ഉപദ്രവിച്ചാൽ താൻ വിവരമറിയും''എന്ന്
പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ആദ്യമായി കണ്ടു
ഭയത്തിന്റെ ലാഞ്ജന.
തന്നിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവിശ്യപ്പെട്ട് അയാൾ കത്തയച്ചപ്പോൾ ആദ്യം അമ്പരപ്പായിരുന്നു.പിന്നെ
അതുമായി പൊരുത്തപ്പെട്ടു.ഇപ്പോൾ തമ്മിൽ പിരിഞ്ഞിട്ട് ഒരു വർഷമാകുന്നു.
അമ്മുവും അപ്പുവും താനും മാത്രമുള്ളൊരു ലോകം.ഒറ്റക്കു ജീവിക്കുന്ന പെണ്ണിനു നേരെ നീളുന്ന കഴുകൻ കണ്ണുകളെ അതി ജീവിക്കാൻ തന്റെ മൂർച്ചയുള്ള നോട്ടത്തിനു കഴിയുന്നുണ്ട്.
വഴിയരികിലെ ബേക്കറിയിലെ ചില്ലുക്കൂട്ടിൽ ജിലേബിയും,ഗുലാബ് ജാമും കണ്ടപ്പോൾ കുട്ടികളെയോർത്തു.അവർക്കും തനിക്കും അത്
ഇഷ്ടമാണ്.ഇടക്ക് അവർ പറഞ്ഞിട്ട് വീട്ടിൽ ഗുലാബ് ജാം ഉണ്ടാക്കാറുണ്ട്.
ഫോണിൽ മെസ്സജ് ടോൺ മുഴങ്ങി.ശ്യാമിന്റെതാണ്.''അമ്മു ദയവായി എന്നെ ഒന്നു മനസ്സിലാക്കു.''
ശ്യാം തന്റെ ഓഫീസിനു സമീപത്തുള്ള ഒരു പബ്ലിക്കേഷനിലാണ് വർക്ക് ചെയ്യുന്നത്.സൗമ്യനായൊരു ചെറുപ്പക്കാരൻ.
ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും എഴുതാറുണ്ടെന്ന് കൂടെ വർക്കു
ചെയ്യുന്ന മീരയാണ് പറഞ്ഞത്.
മുഖപുസ്തകത്തിൽ അയാളുടെ എഴുത്തുകൾ കണ്ടപ്പോൾ അദ്ഭുതം തോന്നി.
അതു കൊണ്ട് മുഖാമുഖം കാണുമ്പോൾ തമ്മിൽ ചിരിക്കാറുണ്ട്.ഭാര്യ മരിച്ചു പോയതാണ് എന്ന്
മീര പറഞ്ഞറിഞ്ഞു.തന്നെ പറ്റിയെല്ലാം അയാൾ
അവളോട് ചോദിക്കാറുണ്ടത്രേ...
പിന്നീടൊരിക്കൽ ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ ഇത്തിരി നേരം സംസാരിച്ചു.പിന്നെ
പതുക്കെ പതുക്കെ ആ ബന്ധം നല്ലൊരു സൗഹൃദത്തിൽ എത്തി.പക്ഷെ സൗഹൃദത്തിന്റെ
അതിരുകൾ ഭേദിക്കുന്നോ എന്നൊരു തോന്നലുണ്ടായപ്പോൾ പതുക്കെ താൻ അകലാൻ
തുടങ്ങി.
ഒരാഴ്ച്ച മുൻപ് ശ്യാം പറഞ്ഞു ഒന്ന് സംസാരിക്കണമെന്ന്.അവന് പറയാനുള്ളത്
എന്താണെന്ന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു .അതു കൊണ്ടു തന്നെ പോകാൻ
ആദ്യം മടിച്ചതാണ്.പിന്നെ കരുതി എന്തായാലും
പോകാമെന്ന്.
ഇഷ്ടമാണെന്നല്ലാ ശ്യാം പറഞ്ഞത് ''നിന്നെയും മക്കളേയും ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കട്ടെയെന്നാണ്''.ആലോചിച്ച് ഒരു
മറുപടി പറഞ്ഞാൽ മതി എന്നു പറഞ്ഞ് ശ്യാം
പോയി.
മനസ്സാകെ കലുഷിതമായിരുന്നു.ഒരുപാടാ ലോചിച്ചു താൻ.രണ്ടു ദിവസങ്ങൾക്കു ശേഷം ഇന്നു വൈകുന്നേരമാണ് അവനെ കണ്ടത്.പ്രതീക്ഷയോടെ കാത്തു നിന്ന ശ്യാമിന്റെ
മുഖം മാറുന്നതു പോലും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് പോരുമ്പോൾ ഉള്ളിൽ
ഒരു സങ്കടകടൽ ഇരമ്പുന്നുണ്ടായിരുന്നു.

''ഇനി ഒരിക്കലും എന്നെ ശല്ല്യം ചെയ്യരുത്''
എന്ന് ശ്യാമിനു മെസ്സേജ് ചെയ്ത ശേഷം ആ നമ്പർ ബ്ലോക്ക് ചെയ്തു.
''അമൃതക്ക് ഇങ്ങനെയാവാനേ കഴിയു. ഈ ലോകത്ത മറ്റേന്തിനേക്കാളും സ്നേഹിക്കുന്നത് എന്റെ കുട്ടികളെയാണ്.ഞാൻ
എന്റെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്താൽ നാളെ ഒരിക്കൽ അത് അവരെ ബാധിച്ചാൽ എനിക്ക് സഹിക്കില്ല.''
മക്കളെ മറന്ന് സ്വന്തം സുഖം തേടി പോയ
ഒരു അച്ഛന്റെയും അമ്മയുടേയും മകളാണ് ഞാൻ.അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.അതൊരിക്കലും എന്റെ മക്കൾ
അനുഭവിക്കാനിടവരരുത്.ശ്യാം ഒരു നല്ല മനസ്സിനുടമയാണെന്ന് എനിക്കറിയാം.എന്നോട്
ക്ഷമിക്കു....!!
മനസ്സിൽ ശ്യാമിനോട് ക്ഷമ ചോദിക്കുമ്പോഴുംഅപ്പുവിന്റേയും ,അമ്മുവിന്റയും പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു അവളുടെ
ചിന്തകളിൽ.
വിണ്ണിലും മണ്ണിലും താരങ്ങൾ തെളിയുന്ന ഡിസംബറിന്റെ, കുളിരുള്ള നിശയിലൂടെ ബസ്സ്
മുന്നോട്ട് കുതിച്ചു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo