Slider

ഓർമ്മകൾ പെയുന്ന അപരാഹ്നം.

0

ചേക്കേറാന്‍ വെമ്പുന്ന പക്ഷികളെ പോലെ ഇരുട്ടുന്നതിനു മുന്‍പ് കൂടണയാനുള്ള തിടുക്കത്തിലാണെല്ലാവരും.
ആ സായാഹ്നത്തില്‍ നഗരത്തിരക്കിലലിഞ്ഞ് അവരിലൊരാളായി എന്റെ അമ്മൂട്ടിയും വരുന്നതു ഞാന്‍ കണ്ടു.
രണ്ടു വര്‍ഷമായി അവള്‍ നഗരത്തിലെ സ്കൂളില്‍ ടീച്ചറായി ജോലി നോക്കുന്നു.എന്താണെന്നറിയില്ല അമ്മൂട്ടിയുടെ മുഖത്തിനു ഒരു പ്രസരിപ്പ് കുറഞ്ഞ പോലെ ഒരു തോന്നല്‍.
ഒരു ശ്രദ്ധയുമില്ലാതെയാണ് അവള്‍ നിരത്ത് മുറിച്ചു കടക്കുന്നതെന്നു കണ്ടപ്പോള്‍ ഉള്ളില്‍ എന്തോ ഒരു ഭയം തോന്നി.
''അമ്മൂട്ടി''
എന്റെ ആ വിളി അവള്‍ കേട്ടില്ല.
സമീപത്തു കൂടി പോയിട്ടും എന്നെ അവള്‍
ശ്രദ്ധിച്ചില്ല.ബസ്സ്റ്റാന്‍ഡിലേക്കാണവള്‍ നടന്നു നീങ്ങിയത്.ഞാനും അവളെ അനുഗമിച്ച് അവള്‍ കയറിയ ബസ്സില്‍ കയറി.
''അമ്മൂട്ടി'' എന്റെ കാമുകിയല്ലാട്ടോ .ഒരു വയറ്റില്‍ പിറന്നതല്ലെങ്കിലും എന്റെ
പുന്നാരപെങ്ങളാണ്.അടുത്തടുത്താണ് ഞങ്ങളുടെ വീടുകള്‍.
അവള്‍ക്ക് ഒരു ചേച്ചിയാണുള്ളത്.എനിക്ക് കൂടപ്പിറപ്പുകളായി ആരുമില്ല,ഞാനും അമ്മയും മാത്രം.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അമ്മു എന്റെ കൂടെ എപ്പോഴുമുണ്ട്.
ഒരു ''ഷിമ്മി''യുമിട്ട് എന്റെ വിരലില്‍ തൂങ്ങി നടക്കുന്ന അവളുടെ ബാല്ല്യത്തിന്റെ
നിഷ്കളങ്കത മായാത്ത ചിത്രം മനസ്സില്‍ ഇപ്പോഴുമുണ്ട്.
പഠിച്ചു ടീച്ചറായി ജോലി കിട്ടി നാട്ടില്‍
വന്നപ്പോള്‍ ഞാന്‍ ''അമ്മൂട്ടി എന്ന വിളി
മാറ്റി പകരം ഞാന്‍ ഇനി ''ടീച്ചര്‍''എന്നെ
വിളിക്കൂ എന്നുപറഞ്ഞപ്പോള്‍ സ്വതവേ ഉരുണ്ട ആ മുഖം പിന്നെയും വീര്‍ത്തു.
ചെറിയൊരു സങ്കടത്തോടെ അവള്‍
പറഞ്ഞു ''വേണ്ട വേണ്ട ന്റെ ഏട്ടന്‍ എന്നെ അമ്മൂട്ടിന്നു വിളിച്ചാല്‍ മതി,വേറൊന്നും
വിളിക്കേണ്ടാ'' ഒരു ചെറു ചിരിയോടെ ഞാനത് സമ്മതിച്ചപ്പോഴാണ് അവള്‍ക്ക് ആശ്വാസമായത്.
ഞങ്ങളുടെ ബന്ധത്തിനു പ്രണയത്തിന്റെ നിറം ചേര്‍ക്കാന്‍ അവളുടെ
കൂട്ടുകാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇതായിരുന്നു.
''പ്രണയിക്കാന്‍ നമുക്ക് ഒരുപാടു പേരേ കിട്ടും പക്ഷെ സ്വന്തം കൂടപ്പിറപ്പിന്റെ കരുതലോടെ എന്നെ ഇങ്ങനെ സ്നേഹിക്കാന്‍ എന്റേട്ടനു മാത്രമേ കഴിയു.നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല.''അതോടെ അവര്‍ വായടച്ചു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമെത്തി മുന്‍വശത്തെ വാതിലിലൂടെ അമ്മൂട്ടി ഇറങ്ങുമ്പോള്‍ ക്ലീനര്‍ കുമാരേട്ടന്‍ അവളോട് എന്തോ കുശലം ചോദിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ നാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ''സിറാജിക്കാന്റെ''കടത്തുതോണിയാണ്. പുഴക്കക്കരെയാണ് ഞങ്ങളുടെ വീടുകള്‍.
തോണിയില്‍ കയറുമ്പോഴും അമ്മു എന്നെ കണ്ടില്ലാ എന്നു തോന്നി.സിറാജിക്ക ഒരു രസികനാണ്.ഇടക്ക് ആളു നല്ല സന്തോഷത്തിലാണെങ്കില്‍ യാത്രക്കാരെ
രസിപ്പിക്കാനായി പാട്ടൊക്കെ പാടും.
'' എന്താ സിറാജേ ഇന്ന് പാട്ടൊന്നുമില്ലേ...''
രാമേട്ടനാണ് ചോദിച്ചത്.മൂപ്പരു ടൗണില്‍ പോയിട്ടുള്ള വരവാണ്.എല്ലാരോടും വായിട്ടലക്കുന്ന അമ്മു മൗനമായിരുന്നു അപ്പോഴും.
കടത്തിറങ്ങി ഞങ്ങള്‍ നടന്നു.ഇരുട്ടുവീഴാന്‍ തുടങ്ങുന്ന ആ നാട്ടുവഴിയിലൂടെ.എന്റെ് വീട്ടിലേക്കാണവള്‍ ആദ്യം പോയത്.
അവളെ പ്രതീക്ഷിച്ചെന്നവണ്ണം എന്റെ അമ്മ വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്നു.അമ്മയുടെ മുഖവും മ്ലാനമായിരുന്നു.
''എന്താ അമ്മു ഇന്നു പോന്നെ നാളെ അവധിയാണോ..?''അമ്മ ചോദിക്കുന്നു.
''ഇന്നത്തെ ദിവസം എനിക്കു വരാതിരിക്കാന്‍ കഴിയുമോ അമ്മേ..? ഞാന്‍ ഇപ്പോള്‍ വരാട്ടോ..'''
അവള്‍ അതു പറഞ്ഞ് വീടിന്റെ തെക്കു ഭാഗത്തേ തൊടിയിലേക്കു പോയി.കലങ്ങിയ മിഴികളോടെ അമ്മ ആ പോക്കു നോക്കി നിന്നു.
ഞാനും അമ്മൂന്റെ പുറകേ നടന്നു.അവിടെ ആ മണ്‍കൂനക്കു മുന്നില്‍ കണ്ണീരണിഞ്ഞ മുഖത്തോടെ എന്റെ അമ്മു നില്‍ക്കുന്നുണ്ടായിരുന്നു.ഏതോ ഓര്‍മ്മയിലലിഞ്ഞ്.
ആ മിഴിതുമ്പില്‍ പൊടിയുന്ന അശ്രുക്കള്‍ വിരല്‍ തുമ്പാല്‍ തുടച്ചു മാറ്റണമെന്നുണ്ടായിരുന്നെനിക്ക് ,പക്ഷെ....!!
'''അമ്മൂട്ടി''എന്നു ഞാന്‍ ഉറക്കെ വിളിച്ചെങ്കിലും ഞങ്ങളെ തഴുകി കടന്നു പോയ ഇളം കാറ്റില്‍ ലയിച്ചില്ലാതായി പോയി എന്റെ വിളി..!!
ശരത് മംഗലത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo