Slider

#ഗൗരി

0
ഇഴഞ്ഞു നീങ്ങുന്ന ബസ്സിന്റെ വിൻഡോയിലൂടെ ഗൗരി അലസമായി ആകാശത്തേക്കു നോക്കി.
നഗരത്തിന്റെ ആകാശക്കാഴ്ച്ച പലപ്പോഴും തല ഉയർത്തി നിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാൽ ഭാഗീകമായി പോകുന്നു.
ട്രാഫിക്ക് ബ്ലോക്ക് കാരണം ബസ്സിന്റെ ചലനം വീണ്ടും പതുക്കെയായി. 30 മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂറോളം എടുക്കാറുണ്ട്.
ചിലപ്പോൾ തോന്നും കാഴ്ച്ചകൾ കണ്ട് ഇറങ്ങി നടക്കാമെന്ന്. നഗരത്തിലെ ഈ സായാഹ്നങ്ങളെല്ലാം പുതിയ കാഴ്ച്ചകളാണ് എന്നും സമ്മാനിക്കുക.
പുതിയ മുഖങ്ങൾ , പുതിയ കാഴ്ച്ചകൾ..!!
ബസ്സിന്റെ വേഗം വീണ്ടും കുറഞ്ഞപ്പോൾ ഗൗരി അക്ഷമയോടെ വാച്ചിലേക്ക് നോക്കി. ആറര കഴിഞ്ഞു.
വലത്തേ തോളിൽ ഒരു മൃദു സ്പർശം. അടുത്തിരിക്കുന്ന സ്ത്രീയുടെ കുഞ്ഞാണ്.
ഗൗരി നോക്കിയപ്പോൾ അവൾ മുൻവരിയിലെ
രണ്ടു പാൽപല്ല് കാണിച്ചു പുഞ്ചിരിച്ചു .
ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ആ പുഞ്ചിരിയിൽ ഒതുങ്ങിയ പോലെ...!! വാത്സല്ല്യത്തോടെ ഗൗരി അവളുടെ കവിളിൽ
തലോടി.
നഗരത്തിരക്കുകളിൽ നിന്നും മാറി അൽപ്പം അകലെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റായിട്ടാണ് അവളുടെ താമസം. ഈ നഗരത്തിലെ പ്രശസ്തമായ സ്ഥാപനത്തിൽ ജോലി ലഭിച്ചിട്ട്
ഒരു മാസത്തോളമാകുന്നു.
കൂടണയാനുള്ള വെമ്പൽ കാണാം നിരത്തിലെ ഓരോ മുഖങ്ങളിലും ....!!
ബസ്സിന്റെ ചലനം നിലച്ചു. മുന്നിൽ ഏതോ പാർട്ടിയുടെ പ്രകടനം പോകുന്നത് കാണാം. ബസ്സ് നിർത്തിയതിനു സമീപത്ത്
നിൽക്കുന്ന വലിയ മരത്തിന്റെ താഴെയുള്ള
തറയിലിരുന്നൊരാൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു.
മുഷിഞ്ഞ വസ്ത്രങ്ങളും , നീണ്ടു
വളർന്ന തലമുടിയും..പ്രജ്ഞയിൽ ഇരുൾ വീണൊരാളാണെന്ന് അടയാളപ്പെടുത്തുന്നു.
ഏത് അബോധാവസ്ഥയിലും തിരിച്ചറിയപ്പെടുന്ന ഒരേയൊരു വികാരം വിശപ്പ് മാത്രമാണെന്ന് ഗൗരിയോർത്തു.
ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ തന്റെ മുന്നിലെ ഭക്ഷണ പൊതിയിൽ മാത്രം ശ്രദ്ധ
ചെലുത്തിയിരുന്നയാൾ ഒരു വേള മുഖമുയർത്തിയപ്പോൾ ഗൗരി നടുങ്ങി പോയി.
കണ്ണിലിരുട്ട് കയറും പോലെ...!!
ബസ്സ് പതുക്കെ ചലിച്ചു തുടങ്ങിയിരുന്നപ്പോൾ,
അവൾ പിടഞ്ഞെണീറ്റ് ഡോറിനടുത്തേക്ക് ചെന്നു.
'' ഇവിടെ സ്റ്റോപ്പില്ല പെങ്ങളെ ''
ബസ്സ് ക്ലീളനറുടെ വാക്കുകളിൽ നീരസം. കുറച്ചു ദൂരം കൂടി പോയ ശേഷം ബസ്സ് നിന്നു. അയാളെ കണ്ട ഭാഗത്തേക്ക് ഓടുകയായിരുന്നു.
അവിടെയെത്തുമ്പോഴേക്കും അവൾ കിതക്കുന്നുണ്ടായിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ആ മരച്ചുവട്ടിൽ അയാൾ ഉണ്ടായിരുന്നില്ല.
'' ഒരു കവിത കൂടി ഞാനെഴുതി വെക്കാം
എന്റെ കനവിൽ നീയെത്തുമ്പോളോമനിക്കാൻ
ഒരു മധുരമായെന്നുമോർമ്മ വെക്കാൻ, ചാരു-
ഹൃദയാഭിലാഷമായി കരുതി വെക്കാൻ''
ശൂന്യമായ മനസ്സോടെ തിരികെ നടക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് ഇമ്പമുള്ള ശബ്ദത്തിൽ കേട്ടൊരു കവിത വീണ്ടും കാതിൽ മുഴങ്ങും പോലെ .....!!
ഒരുപാടാരാധനയോടെ നോക്കി കണ്ടിരുന്നൊരു വദനം കൺമുൻപിൽ വീണ്ടും
തെളിഞ്ഞ പോലെ....!!
കലാലയത്തിന്റെ ഇടനാഴികളെ മുഖരിതമാക്കിയ മുദ്രവാക്യം വിളി അവിടമാകെ പ്രതിധ്വനിക്കും പോലെ....!!
ചില കാഴ്ച്ചകൾ സന്തോഷം നൽകും, ചിലത് ദുഃഖവും... മറ്റ് ചിലതോ..? ഒരു തരം നിർവ്വികാരതയും......!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo