നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചക്രവ്യൂഹം

Image may contain: 1 person

ഹിരണ്വതി നദിയുടെ മീതെയുള്ള നഭസ്സിന്റെ , നിടിലത്തിലണിഞ്ഞ സിന്ദൂരം പതിയെ മാഞ്ഞു പോയി.
തമസ്സിന്റെ പുതപ്പെടുത്ത് മേലാകെ മൂടിയതു കൊണ്ടാവാമത്..
ചുടലയിൽ കത്തിത്തീർന്നതിന്റെ ശേഷിപ്പായി കാണുന്ന അസ്ഥിച്ചീളു പോലെ ചന്ദ്രക്കല മാനത്തു തെളിഞ്ഞു .
തമ്പേറടിയുടെ ശബ്ദം ഘനീഭവിച്ചു കിടക്കുന്ന നിശബ്ദതയെ ഭേദിച്ചു.
ശിബിരങ്ങളിലേക്ക് അണഞ്ഞു
കൊണ്ടിരുന്ന കൗരവപടയാളികളുടെ വദനങ്ങളിൽ താത്കാലിക ജയത്തിന്റെ സന്തോഷം പ്രകടമാണ്.
അങ്ങനെയെങ്കിലും ഹിരണ്വതി നദിക്കു സമാന്തരമായി കെട്ടിയുണ്ടാക്കിയ ശിബിരങ്ങളിലൊന്നിൽ മ്ലാനവദനനായി ഒരാളുണ്ടായിരുന്നു .
ചിന്തകൾ ചിലന്തിവലയിലകപ്പെട്ട ചെറുപ്രാണിയെന്ന പോൽ പുറത്തു കടക്കാനാകാതെ ഉഴറുന്നത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
വേദനകളും, പരിഹാസങ്ങളും , അപമാനങ്ങളും ഈ സൂര്യപുത്രനു പുതുമയല്ല, പക്ഷെ ഇതങ്ങനെയല്ലല്ലോ..!!
കുറ്റബോധത്തിന്റെ ശൽക്കങ്ങൾ എത്ര തൂത്തു കളഞ്ഞിട്ടും മാഞ്ഞു പോകാതെ ഹൃദയ ഭിത്തിയിൽ അള്ളിപ്പിടിച്ച് നിൽക്കുന്നു.
യുദ്ധനിയമങ്ങൾ കാറ്റിൽ പാറിയ ദിനം. അതിനും നിദാനമായത് സൂതപുത്രനായ ഈ
ഹതഭാഗ്യൻ.
കേവലം പതിനാറു വയസ്സുള്ള സഹോദര
പുത്രനായ അഭിമന്യുവിന്റെ വില്ല് പുറകിൽ നിന്നും എയ്തു തകർത്തത് ഗുരു ദ്രോണരുടെ വാക്കുകൾ കാരണമാണെങ്കിലും അതിനും മുൻപേ ആ യുദ്ധ നിപുണതയിൽ അടി പതറിയതിന്റെ നീരസ്സം മനസ്സിൽ അല
തല്ലിയിരുന്നുവോ..?
ഇപ്പോഴും വ്യക്തമാകുന്നില്ല ഒന്നും. പക്ഷെ
ഒന്നറിയാം. കുറ്റബോധത്താൽ തപിക്കുന്നുണ്ട് ഉള്ളം.
വേണമെങ്കിൽ ചിന്തിക്കാം ഗർഭാവസ്ഥയിലെ കുറിക്കപ്പെട്ടു കഴിഞ്ഞതായിരുന്നു അർജ്ജുന പുത്രനായ അഭിമന്യുവിന്റെ മരണം.
അതു കൊണ്ടല്ലെ സുഭദ്രാ സമേതനായ അർജ്ജുനനോട് ചക്രവ്യൂഹത്തെ പറ്റി പരാമർശിച്ചു കൊണ്ടിരുന്ന ഭഗവാൻ കൃഷ്ണൻ, അവർ ഉറക്കമായപ്പോൾ ആ സംഭാഷണം അവസാനിപ്പിച്ചത്.
ഗർഭാവസ്ഥയിലായിരുന്ന അഭിമന്യു അത് ഹൃദിസ്ഥമാക്കിയെന്ന് സകല ചരാചരങ്ങളുടേയും
കാരണഭൂതനായവന് അറിയാതിരിക്കില്ലല്ലോ..?
യുദ്ധ തന്ത്രങ്ങൾ മെനയുമ്പോൾ പതിമൂന്നാം ദിനം കൊണ്ട് ഇത് അവസാനിപ്പിച്ച് രാജ്യഭരണം
സ്വന്തമാക്കണമെന്നുള്ള ദൃഢമായ തീരുമാനത്തിലായിരുന്നു ദുര്യോധനനും, ശകുനിയും, ജയദ്രഥനും, ദ്രോണരും.
അതിനു വേണ്ടി അന്നേ ദിവസം ചക്രവ്യൂഹം തീർക്കാൻ നിർദ്ദേശം കൊടുത്തു. അതോടൊപ്പം
തന്നെ അർജ്ജുനനേയും കൃഷ്ണനേയും അടർക്കളത്തിലെ മറ്റൊരു ഭാഗത്തേക്ക്
 മാറ്റാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു.
അർജ്ജുനൻ ഒഴികെയുള്ള പാണ്ഡവരെ ഒരു ദിവസത്തേക്ക് തടഞ്ഞു നിർത്താനുള്ള വരം പരമശിവനിൽ നിന്നും സ്വായത്തമാക്കിയത് പ്രയോഗിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ജയദ്രഥൻ.
അതിനു പുറകിൽ മറ്റൊരു കഥയുണ്ട് . അടങ്ങാത്ത പ്രതികാരത്തിന്റെ അഗ്നിയെരിയുന്ന കഥ.
വനവാസകാലത്ത് പാഞ്ചാലിയെ ദ്രോഹിച്ച ജയദ്രഥനെ പാണ്ഡവർ മുച്ചൂടും നാണം കെടുത്തിയാണ് വിട്ടയച്ചത്. നൂറ്റവരുടെ
ഒരേയൊരു സഹോദരിയായ ദുശ്ശളയുടെ
ഭർത്താവായ ജയദ്രഥൻ, തനിക്കേറ്റ അപമാനത്തിന്
പകരം ചോദിക്കാൻ ഒരു അവസരം വന്ന സന്തോഷത്തിലായിരുന്നു.
രാവേറെ ചെന്നിരുന്നു അന്നത്തെ ഗൂഢാലോചനകൾ അവസാനിക്കുമ്പോൾ..!!
യുദ്ധത്തിന്റെ പതിമൂന്നാം ദിനം.
പൂർവ്വാംബരത്തിന്റെ യോനിയിൽ നിന്നും പിറവി കൊണ്ട ബാലാർക്കൻ പതിയെ വളർന്നു കരുത്തനായി.
യുദ്ധകാഹളം മുഴങ്ങി. അവിടമാകെ ഖഡ്ഗങ്ങളുടെ ശീൽക്കാരങ്ങളുതിർന്നു. മുറിവേറ്റവന്റേയും, പ്രാണൻ പോകുന്നവന്റെയും ആർത്തനാദങ്ങളും മുഴങ്ങി.
ദ്രോണരുടെ നേതൃത്വത്തിൽ കൗരവർ പാണ്ഡവ പക്ഷത്തെ പതിനായിരങ്ങളെ കൊന്നൊടുക്കി. യുദ്ധം തങ്ങളുടെ വരുതിയിലാക്കാൻ പാർത്ഥൻ അശ്രാന്തം പരിശ്രമിച്ചു.
ഒരു പത്മം കൂമ്പി അടയുന്നതു പോലെ സേനയെ വിന്യസിച്ച് (ചക്രവ്യൂഹം ) ധർമ്മപുത്രരെ ബന്ധിതനാക്കി വിജയം തങ്ങളുടേതാക്കാൻ
ദ്രോണർ നിർദ്ദേശിച്ചു.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു, ചക്രവ്യൂഹത്തിലേക്ക് കടന്നു വന്നത് അർജ്ജുന പുത്രനായ അഭിമന്യുവായിരുന്നു. കൂട്ടിന് തേരാളിയായ സുമിത്രനും.
ധീരനായ ആ യുവാവിന്റെ അസാമന്യമായ മെയ്വഴക്കത്തിന് മുന്നിൽ കൗരവ പ്രമുഖൻമാർ അടിപതറുന്ന കാഴ്ച്ച കൺമുന്നിൽ കണ്ടുതുടങ്ങി.
ശകുനിയുടെ സഹോദരൻമാരേയും, ബൃഹൽബലനേയും നിഷ്പ്രയാസം വധിച്ച അഭിമന്യു മറ്റ് കൗരവരുടെ നേരെ തിരിഞ്ഞു. ഒരു വേള ആ യുദ്ധ നിപുണതയിൽ താനും അടി പതറിയപ്പോഴാണ്, ദ്രോണർ കൽപ്പിച്ചത് ഒളിയമ്പെയ്ത് ആ വില്ലു തകർക്കാൻ.
ധർമ്മ യുദ്ധത്തിൽ അധർമ്മം പ്രവർത്തിക്കാൻ ഗുരു മുഖത്തു നിന്നു തന്നെയുര ചെയ്തപ്പോൾ അന്തരംഗം വ്രണിതമായി.
ധീരനായ കർണ്ണൻ എന്ന പുകൾപെറ്റ താൻ അധർമ്മം പ്രവർത്തിച്ചു. അഭിമന്യുവിന്റെ വില്ലിന്റെ ഞാൺ തകർത്തു. കുരുക്ഷേത്ര യുദ്ധത്തിലെ നീതിക്ക് ആദ്യമേറ്റ കളങ്കം.
തെളിഞ്ഞു നിന്ന ഗഗനം കാർമേഘാ-
വൃതമായി . ദുന്ദുഭികൾ മുഴങ്ങി. പ്രകൃതി പോലും
അധർമ്മം കണ്ടു പിണങ്ങിയ പോലെ.
അതേ സമയം ശല്ല്യർ തേരാളിയായ സുമിത്രനെ ഗദ കൊണ്ട് വധിച്ചു. നിരായുധനായങ്കിലും അഭിമന്യുവിന്റെ മുഖത്ത് ഇരമ്പിയാർക്കുന്നു- ണ്ടായിരുന്നു ധൈര്യത്തിന്റെ അലകടൽ.
തേരും , തേരാളിയും നഷ്ടമായിട്ടും അഭിമന്യുവിനോടെതിർത്തു നിൽക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു കൗരവ പ്രമുഖർ.
നിലത്തു നിന്ന് വാളും പരിചയുമായി തനിക്കു
നേരെ വന്നവരെയെല്ലാം കാലപുരിക്ക് അയക്കുകയായിരുന്നു ആ കൊച്ചു ധീരൻ.
പെട്ടന്നാണതുണ്ടായത് ഒളിയമ്പിനാൽ
ദ്രോണർ അഭിമന്യുവിന്റെ വാളും , പരിചയും
തെറിപ്പിച്ചു കളഞ്ഞു .
നിരായുധനായ ആളോട് യുദ്ധം പാടില്ല എന്ന
തന്റെ അഭ്യർത്ഥന കേൾക്കാതെ ദ്രോണരും മറ്റ്
കൗരവരും അഭിമന്യുവിനെ വളഞ്ഞു. ദുശ്ശാസ്സനന്റെ വാൾ കരഹസ്തമാക്കി തേർചക്രം
പരിചയാക്കി അഭിമന്യു അവരെ എതിരിടുന്നത്
താൻ സാകൂതം കണ്ടു.
ജയദ്രഥന്റെ പിന്നിൽ കൂടിയുള്ള ആക്രമണത്തിൽ ഒരു നിമിഷം അടിപതറിയ അഭിമന്യു തന്റെ അരികിലുണ്ടായിരുന്ന ദുശ്ശാസ്സന പുത്രൻ ഭരതനെ മൃതപ്രായനാക്കിയിരുന്നു. പക്ഷെ അപ്പോഴേക്കും ജയദ്രഥന്റെ ഖഡ്ഗം ആ ശരീരത്തെ നിണപങ്കിലമാക്കി. ചേതനയറ്റ ആ ദേഹം പതിയെ നിലത്തേക്ക് വീണു.
ഘനശ്യാമ വാരിധത്തിൽ നിന്നും ഉയിർ കൊണ്ട മഴമുത്തുകൾ ഭൂമിയിൽ നിപതിച്ചു.
പ്രകൃതിയുടെ അശ്രുകണം പോലെ.
ശിബിരത്തിലെ താത്ക്കാലിക ശയ്യയ്യിൽ
നിദ്രയെ കാത്തു കിടക്കുമ്പോഴും കർണ്ണ ചിത്തത്തിൽ നിന്നും ആ ധീര മരണം മാഞ്ഞു
പോയിരുന്നില്ല, ഒപ്പം കുരുക്ഷേത്ര യുദ്ധത്തിൽ അധർമ്മത്തിന്റെ കാവൽക്കാരനാകേണ്ടി വന്നല്ലൊ എന്ന വ്യഥയും...!!
അപ്പോൾ കുരുക്ഷേത്രയുദ്ധ ഭൂമിക്ക് മുകളിലായി കാണുന്ന നിശാംബരത്തിൽ ഒരു നക്ഷത്രം തെളിഞ്ഞു , തേജോമയമാർന്നൊരു നക്ഷത്രം!!!
രചന - ശരത് മംഗലത്ത്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot