Slider

അഗ്നി

0

അഗ്നി
ഓഫീസിൽ നിന്നുള്ള മടക്കയാത്രയിൽ താനിരുന്ന സീറ്റിനു എതിർ വശത്തിരിക്കുന്ന പെൺകുട്ടി പെട്ടെന്നാണു ശ്രദ്ധയിൽ പെട്ടത്‌. മകൾ ആതിരയുടെ അതേ മുഖച്ഛായ. ഏതാണ്ട്‌ അതേ പ്രായവും. കുറെ നേരം ആ കുട്ടിയെ തന്നെ അയാൾ
നോക്കിയിരുന്നു.
മകളുടെ ഓർമ്മകളും ബസിന്റെ ജനാലയിലൂടെ വീശിയടിച്ച കാറ്റും ഒരുമിച്ച്‌ ചേർന്ന് അയാളെ ശ്വാസം മുട്ടിച്ചു. അതിന്റെ കുളിരിൽ അയാളുടെ ചുണ്ടിൽ നേർത്ത ഒരു ചിരി വിരിഞ്ഞു.
തന്നെ ആദ്യമായി അച്ഛനെന്ന് വിളിച്ച സ്വപ്ന സായൂജ്യമാണവൾ. പിതൃ സ്നേഹത്തിന്റെ തീക്ഷ്ണത എന്താണെന്ന് പിതാവിനെക്കാൾ നന്നായി തന്നെ പഠിപ്പിച്ചവൾ. അയാൾ തന്റെ നോട്ടം പുറത്ത്‌ വേഗത്തിൽ മറഞ്ഞു പോകുന്ന
കാഴ്ചകളിലേക്ക്‌ തിരിച്ചു. എന്നും കാണാറുള്ളതാണെങ്കിലും അപ്പോൾ കണ്ട കാഴ്ചകളെല്ലാം അതി സുന്ദരങ്ങളാണെന്നു അയാൾക്ക്‌ തോന്നി.
സ്റ്റോപിൽ ബസിറങ്ങിയപ്പോൾ മണി ആറര കഴിഞിരുന്നു. കവലയിലുള്ള കുമാരേട്ടന്റെ കടയിൽ നിന്നും രണ്ട്‌ ചോകളേറ്റു വാങ്ങി. എന്നുമില്ലെങ്കിലും ഇടവിട്ട ദിവസങ്ങളിൽ മകൾക്ക്‌ ചോകളേറ്റ്‌ വാങ്ങിക്കൊടുക്കുന്ന പതിവുണ്ട്‌. അവൾക്ക്‌ മൂന്ന് വയസുള്ളപ്പോൾ തുടങ്ങിയതാണു. ഇന്നും തുടരുന്നു. ഇപ്പോഴും അതെ ഈണത്തിൽ അവൾ ചോദിക്കാറുണ്ട്‌ "ഇന്നൊന്നും കൊണ്ടുവന്നില്ലെ അച്ഛാ?" അത്‌ കേൾകുന്നത്‌ തന്നെ ഒരു സുഖമാണു. കയ്യിലെന്തെങ്കിലും ഉള്ള ദിവസങളിൽ മാത്രമെ ഇപ്പോൾ അവളുടെ ആ ചോദ്യം ഉണ്ടാവാറുള്ളു. അവൾ വളർന്നു.
രണ്ടാഴ്ച മുൻപ്‌ ചെറുവത്തൂരു നിന്നും ഒരു കൂട്ടർ വിവാഹാലോചനയുമായി വന്നപ്പോൾ മാത്രമാണു തന്റെ മകളുടെ വളർച്ചയെ കുറിച്ച്‌ സത്യത്തിൽ അയാൾക്‌ ബോധ്യം വന്നത്‌. അവരുമായി സംസാരിക്കുംബോൾ അതിയായ സന്തോഷവും തോന്നിയിരുന്നു.
'ഇപ്പോൾ എനിക്കു കല്ല്യാണം വേണ്ടച്ചാ' എന്ന് പറഞ്ഞ്‌ ആതിര ഒഴിയുകയായിരുന്നു.
അവരെ തിരിച്ചയച്ച്‌ റൂമിൽ കയറി തനിച്ചായപ്പോഴാണു ഉടനെ തന്നെ മകളെ പിരിയേണ്ടി വരുമല്ലൊ എന്ന നടുക്കം അയാളെ പിടികൂടിയത്‌‌. അന്നു മുതൽ അതോർത്ത്‌ കൊണ്ടുള്ള ആധിയായിരുന്നു അയാളുടെ മനസു നിറയെ‌.
'അച്ഛനില്ലാത്ത ലോകത്ത്‌ എനിക്ക്‌ ജീവിക്കാൻ വയ്യച്ചാ. അത്‌ കൊണ്ട്‌ ഞാൻ മരിച്ചിട്ടെ അച്ചൻ മരിക്കാവൂ' ഒരു ദിവസം കടപ്പുറത്ത്‌ അവളെയും കൂട്ടി നടക്കാൻ പോയപ്പോൾ മകൾ പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ ഒരു മണിനാദം പോലെ മുഴങ്ങി.
ശാരദ ഉമ്മറത്ത്‌ തന്നെ നിൽപുണ്ട്‌.
"മോളിതുവരെ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തിയിട്ടില്ല"
മുറ്റത്ത്‌ കാലെടുത്ത്‌ വെച്ചപ്പൊൾ തന്നെ പരിഭ്രമത്തോടെ അവൾ പറഞ്ഞു.
"അവളിങ്ങു വരും .. കൊച്ചുകുട്ടിയൊന്നുമല്ലല്ലൊ.." അലസമായി മറുപടി പറഞ്ഞ്‌ കൊണ്ട്‌ വീടിനുള്ളിലേക്ക്‌ നടന്നു.
"ന്നാലും ഈ പെണ്ണിതെവിട്യാ ... അത്യാവശ്യത്തിനു വിളിച്ചാ ഈ കുന്തം എപ്പഴും ഓഫായിരിക്കും'
എന്നൊക്കെ അവൾ പുലംബുന്നുണ്ടായിരുന്നു.
ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടി അലസമായി മറുപടി കൊടുത്തെങ്കിലും ഉള്ളിൽ ഒരു വേവലാതിയുടെ അഗ്നി അയാളിൽ പുകഞ്ഞു തുടങ്ങിയിരുന്നു.
തോർത്തുമെടുത്ത്‌ നേരെ ബാത്ത്‌ റൂമിലേക്ക്‌ നടന്നു. വാഷ്‌ ബേസിനിൽ മുഖം കഴുകി നിവർന്നപ്പോൾ കണ്ണാടിയുടെ മൂകളിലെ മൂലയിരുന്ന് ഒരു പല്ലി അയാളെ തുറിച്ച്‌ നോക്കുന്നുണ്ടായിരുന്നു. അതിനെ തൊടാൻ ഓങ്ങിയപ്പോൾ വളരെ വേഗത്തിൽ ചുമരിനു മുകളിലേക്ക്‌ ഓടി രക്ഷപ്പെട്ടു. അതിന്റെ വേഗത്തിലുള്ള ഓട്ടം ഒരു നിമിഷം നോക്കി നിന്നതിനു ശേഷം ഷവറിനടിയിലേക്ക്‌ നിന്നു. നല്ല തണുത്ത വെള്ളം തലയിൽ പതിച്ചപ്പോൾ സുഖം തോന്നി.
മകളെ കുറിച്ചോർത്തപ്പോൾ പെട്ടെന്ന് തന്നെ കുളി കഴിച്ച്‌ പുറത്ത്‌ വന്നു.
'ശാരദേ... ആതിര വന്നോ?' അടുക്കളയിലേക്ക്‌ നോക്കി ഉറക്കെ ചോദിച്ചു.
"ഇല്ല.. ഇനിയുമെത്തീട്ടില്ല" മറുപടി മുറ്റത്തു നിന്നുമായിരുന്നു.
'ഇനിയുമെത്തീല്ലെ.. '
അതിനു മറുപടിയൊന്നും കിട്ടിയില്ല.
മൊബെയിലെടുത്ത്‌ മകളുടെ നംബർ ഡയൽ ചെയ്തു.
ഫോൺ ഓഫാണു. പിന്നെയും രണ്ടു മൂന്നു തവണ റീഡയൽ ചെയ്തു. ഓഫ്‌ തന്നെ.
മണി ഏഴര കഴിഞ്ഞു. സാധാരണ ആറിനു മുൻപെ എത്തുന്നതാണു. മുക്കാൽ മണീക്കൂറിടവിട്ടാണു ആറൂട്ടിൽ ബസോടുന്നത്‌.
ശാരദയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞെങ്കിലും അയാളുടെ മനസിൽ അപ്പോൾ പരിഭ്രമത്തിന്റെയും ഭീതിയുടെയും അഗ്നി കത്തിപ്പടരുവാൻ തുടങ്ങിയിരുന്നു. പുറത്തു കാട്ടിയില്ലെങ്കിലും.
ശാരദയോട്‌ ഒരു ചായ ഉണ്ടാക്കുവാൻ പറഞ്ഞ്‌ ഗെയിറ്റിൽ ശ്രദ്ധിച്ച്‌ കോലായിലിരിക്കുംബോൾ അയാളുടെ ചിന്തകൾ ചിതറിയൊഴുകാൻ തുടങ്ങി. കുറച്ച്‌ കാലമായി ടിവിയിൽ നിറഞ്ഞു നിന്ന എല്ലാ സ്ത്രീ പീഢന വാർത്തകളും ഒരു ടണലിൽ നിന്നും പുറത്ത്‌ വരുന്ന തീവണ്ടി പോലെ കൂകി പാഞ്ഞു വന്നു മനസിൽ നിറഞ്ഞു. ഉള്ളിലെ പിരിമുറുക്കം കൂടിയപ്പോൾ ഇരുന്നിടത്ത്‌ നിന്നും എഴുന്നേറ്റ്‌ കോലായിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
കഴിഞ്ഞയാഴ്ച ഓഫീസിൽ നിന്നും വരുന്നവഴിയിൽ അവൾ ചായക്കടക്കാരൻ സുലൈമാന്റെ മകൻ ബഷീറുമായി കവലയിൽ വെച്ച്‌ സംസാരിച്ച്‌ നിൽകുന്നത്‌ അയാൾ കണ്ടിരുന്നു. ഇനി അങ്ങനെ വല്ലതും.. ബഷീറും ആതിരയും ഒരെ കോളേജിലാണു പഠിച്ചിരുന്നത്‌. അവളുടെ രണ്ടു മൂന്നു വയസ്‌ മൂത്തതാണവൻ. ഇപ്പോൾ ഇലക്ട്രിക്‌ എഞ്ചിനിയറിംഗ്‌ കഴിഞ്ഞ്‌ കെ എസ്‌ ഇ ബി യിൽ ജോലി നോക്കുന്നു. അന്ന് സംസാരിച്ച്‌ നിൽകുംബോൾ ആതിരയുടെ കണ്ണിലെവിടെയെങ്കിലും പ്രണയത്തിന്റെ സ്ഫുലിംഗങ്ങൾ ഉണ്ടായിരുന്നുവൊ എന്ന് ഓർത്തെടുക്കുവാൻ അയാൾ ശ്രമിച്ചു. ബഷീറിനെ പറ്റി നാട്ടിലാർകും മോശം അഭിപ്രായമില്ല. എന്നാലും...
പെട്ടെന്ന് മനസിൽ ആൾക്കാർ കൂടി നിൽകുന്ന റെയിൽവെ ട്രാക്കും മരിച്ച്‌ കിടക്കുന്ന പെൺകുട്ടിയുടെ ശരീരവും തെളിഞ്ഞു വന്നു. ചോര വാർന്ന് കിടക്കുന്ന ആ ശരീരത്തിനു ആതിരയുടെ മുഖം കൈവന്നപ്പോൾ അയാളൊന്നു ഞെട്ടി. കാലുകൾ തളരുന്നത്‌ പോലെ. തൊണ്ട വരളുന്നു.
ശാരദേ...
ന്തോ..
ചായ റെഡിയായോ..? എന്നും ചോദിച്ച്‌ അകത്തേക്ക്‌ നടന്നു.
ചൂട്‌ ചായയുമായ്‌ വീണ്ടും കോലായിലേക്ക്‌ വന്നപോഴാണു ഗെയിറ്റിനു പുറത്ത്‌ രണ്ട്‌ മൂന്ന് പേർ നിൽകുന്നതു കണ്ടത്‌. അവർ ഇടക്കിടെ വീട്ടിലേക്ക്‌ നോക്കുകയും എന്തൊക്കെയൊ പറയുന്നുമുണ്ട്‌. ഇരുട്ടായത്‌ കൊണ്ട്‌ മുഖം വെളിവാകുന്നില്ല.
അയാളുടെ കാലിനടിയിൽ നിന്നും ഒരു തരിപ്പ്‌ മുകളിലോട്ട്‌ കയറി. ഹൃദയം പടപടാന്ന് മിടിക്കുവാനും തുടങ്ങി. അവിടം വരെ പോയി ആരാണെന്ന് നോക്കുവാൻ അയാൾക്കപ്പോൾ ഭയം തോന്നി. അവർ മകളെ പറ്റി അരുതാത്ത വിശേഷം വല്ലതും പറഞ്ഞാലൊ. അയാളുടെ കാലുകൾ തളരുന്നത്‌ പോലെ...
"ഗെയിറ്റിനടുത്ത്‌ ആരൊക്കെയൊ നിക്കുന്നുണ്ട്‌ നിങ്ങളൊന്ന് അവിടം വരെ പോയി നോക്കിയെ." പിറകിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു.
പാവപോലെ പടിയിറങ്ങി അയാൾ ഗെയിറ്റിനു നേർക്ക്‌ നടന്നു..
"നിങ്ങളൊന്ന് വേഗം ചെന്ന് നോക്ക്‌ മനുഷ്യാ.."
അടുത്തെത്തിയപ്പൊഴാണു കണ്ടത്‌. അത്‌ അയൽപക്കത്തെ പാലുകാരൻ പ്രഭാകരനും, ചന്ദ്രനും പിന്നെ അയമുട്ടിയുമായിരുന്നു.
'എന്താ പ്രഭാകരാ ഇവിടെ'?
'ങ്‌ഹാ.. ദാസേട്ടാ .. ഞാനും ചന്ദ്രനും കവലേലോട്ട്‌ പോവുകായിരുന്നു അപ്പോളാണു നമ്മടെ അയ്മുട്ടിയുടെ വരവ്‌..
അടുത്ത ആഴ്ച നമ്മുടെ വായന ശാലയുടെ വാർഷിക ദിനാചരണമല്ലെ .. അയ്മുട്ടിയാണു കമ്മിറ്റി കൺവീനർ.
നമ്മളതിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു."
"ഓ ... അതെയൊ ... എന്നാൽ നിങ്ങൾ സംസാരിക്കൂ .. " എന്നും പറഞ്ഞ്‌ അയാൾ തിരിച്ച്‌ നടന്നു.
"അതാ പ്രഭാകരനും ചന്ദ്രനും അയ്മൂട്ടിയുമാ.."
'നിങ്ങളൊന്ന് പുറത്ത്‌ പോയി അന്വേഷിക്കു മനുഷ്യാ...'
ഞാനിവിടെ തീ തിന്നുവാണു.. ശാരദ കരച്ചിലിന്റെ സ്വരത്തിൽ പറഞ്ഞു.
"അവളിങ്ങു വരും നീയൊന്നു ബേജാറാവാണ്ടിരിക്ക്‌...ശാരദേ" ധൈര്യശാലി ചമഞ്ഞു കൊണ്ട്‌ അയാൾ പറഞ്ഞു.
സത്യത്തിൽ ഉള്ളിലെ ഭയം കൊണ്ടാണു അയാൾക്‌ പുറത്തിറങ്ങാൻ വയ്യാഞ്ഞത്‌.
സമയം എട്ടരയായി. ഉൾഭയം താങ്ങാനാവാതെ തളർന് പോകുമെന്നായപ്പോൾ രണ്ടും കൽപിച്ച്‌ അകത്ത്‌ പോയി ഷർട്‌ മാറി. മുറ്റത്ത്‌ എത്തിയപ്പോഴെക്കും ഗെയിറ്റ്‌ തുറന്നു ആരൊ കടന്നു വരുന്നത്‌ കണ്ടു.
മകളാണു.
സന്തോഷവും ദേഷ്യവും ആശ്വാസവും ഒക്കെ കൂടിക്കലർന്നപ്പോൾ അവളെ ശകാരിക്കാനാണു ആദ്യം തോന്നിയത്‌.
'എന്താ മോളെ ഇത്രേം വൈകിയത്‌? '
എന്ന ചോദ്യത്തിലൊതുക്കി.
"ഇന്ന് തന്നെ ചെയ്ത്‌ തീർക്കേണ്ട ജോലിയുണ്ടായിരുന്നച്ഛാ. അതാ ഇറങ്ങാൻ വൈകിയത്‌. ഓഫീസിൽ നിന്നും ഇറങ്ങി ഫോൺ നോക്കിയപ്പോഴാണു ചാർജ്ജ്‌ തീർന്നതറിഞ്ഞത്‌.... ബസ്റ്റാന്റിലെത്തിയപ്പൊ ഏഴ്‌ മണീടെ ബസ്‌ ജസ്റ്റ്‌ മിസ്സാവൂം ചെയ്തു"
"അച്ചനുമമ്മെം പേടിച്ച്‌ പോയൊ?
"ഏയ്‌ ഇല്ല ... നീ വലുതായില്ലെ.. "
അയാളുടെ കണ്ണുകളിലേക്ക്‌ നോക്കി ചിരിച്ച്‌ കൊണ്ട്‌
"സോറിഅച്ചാ.." എന്നും പറഞ്ഞ്‌ അവൾ ധൃതിയിൽ അകത്തേക്‌ പോയി.
ആശ്വാസത്തിന്റെ മഞ്ഞു വീണു കെട്ടു പോയ തന്റെ ഉള്ളിലെ അഗ്നി ഭാര്യയും മകളും കാണാതിരിക്കാൻ കോലായിൽ പോയിരുന്ന് അയാൾ ഒരു സിഗരറ്റിനു തീ കൊളുത്തി.
***
Abdul Nazer Ramadan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo