Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 18)

0

ഇത് ഞങ്ങളുടെ കഥ(ഭാഗം 18)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഒരു ദിവസം സേതുലക്ഷ്മി തന്റെ മകനോട് മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹത്തെപ്പറ്റി പറഞ്ഞു.
ആദ്യം അമ്മയുടെ ആഗ്രഹം കേട്ട് ചിരിച്ചുവെങ്കിലും അമ്മയുടെ മനസ്സിനെ ആ ചിന്തകൾ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നറിഞ്ഞപ്പോൾ നീരജ് അമ്മയെ ആശ്വസിപ്പിച്ചു....
നീരജ് പറഞ്ഞു...
'അമ്മ കരുതും പോലെ തൽക്കാലം കുട്ടികൾ വേണ്ടെന്നൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. .അതുകൊണ്ട് എന്റെ അമ്മച്ചി അതോർത്ത് ടെൻഷൻ അടിക്കേണ്ട..'
നീരജ് അമ്മയെ ആശ്വസിപ്പിച്ചു പറഞ്ഞു. .
സേതുലക്ഷ്മിക്ക് അത് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു..
എങ്കിലും അവർ മകനോട് പറഞ്ഞു ...
'അമ്മ ഇങ്ങനെ പറഞ്ഞത് മോൻ രമയോട് പറയേണ്ടട്ടോ... ആ കുട്ടി എന്താ കരുതുക...'
'അതിനെന്താ അമ്മേ... ഇത് അമ്മയുടെ അവകാശമല്ലെ....?'
നീരജ് അമ്മയുടെ ആടിക്ക് നുള്ളിക്കൊണ്ട് പറഞ്ഞു...
'ഉം... മതി മതി.. നിന്റെ ഒരു പുന്നാരം...'
'വേണ്ടെങ്കിൽ വേണ്ട...'
'മോൻ അവളെയും വിളിച്ചു വാ... ഊണ് കഴിക്കാൻ.... അതിന് ഇന്ന് ജോലി കഴിഞ്ഞ് വന്നപ്പോൾ മുതൽ തലവേദനയാണെന്നു പറഞ്ഞു കിടപ്പാണ്... ഡോക്ടറുടെ അരികിൽ പോകണോ എന്ന് ചോദിച്ചപ്പോൾ അത് സമ്മതിച്ചില്ല... കുറച്ചു നേരം കിടന്നാ മാറും എന്ന് പറഞ്ഞു... മോനോട് വിളിച്ചു പറയട്ടെ എന്ന് ചോദിച്ചപ്പോൾ ആ കൊച്ച് സമ്മതിച്ചില്ല... മോൻ അങ്ങോട്ട് ചെല്ല്. '
'ഉം.... ഞാൻ നോക്കട്ടെ...'
നീരജ് നേരെ മുറിയിലേക്ക് പോയി.
രമ കട്ടിലിൽ കമഴ്ന്ന് കിടക്കുകയാണ്..
അയാൾ മെല്ലെ അവളെ ഉണർത്താതെ മുഖത്തേക്ക് വീണു കിടക്കുന്ന രമയുടെ മുടിയിഴകൾ മാടിയൊതുക്കി..
കൈത്തലം കൊണ്ടു നെറ്റിയിൽ തൊട്ടു നോക്കി..
നേരിയ ചൂടു മാത്രമേ അനുഭവപ്പെട്ടുള്ളൂ..
നേരിയ ആശ്വാസത്തോടെ അവളുടെ നെറ്റിയിൽ തഴുകിക്കൊണ്ട് അയാൾ രമയെ വിളിച്ചു...
'രമെ.. എഴുന്നേൽക്ക്..'
അവൾ മെല്ലെ തിരിഞ്ഞു കിടന്ന് കണ്ണുകൾ തുറന്നു.
നീരജിനെ അടുത്തു കണ്ടപ്പോൾ എഴുന്നേൽക്കുവാൻ ശ്രമിച്ചു...
അയാൾ അവളുടെ കരം പിടിച്ച് എഴുന്നേൽപ്പിച്ച് തന്നോട് ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു...
'എന്തുപറ്റിയെടോ... തലവേദനയാണോ. .?'
ശരീരത്തിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രതിഫലിച്ചു കണ്ടു..
'ഉം.... എന്താന്ന് അറിയില്ല.. ഉച്ചയ്ക്ക് തുടങ്ങിയതാ.. ചിലപ്പോൾ ചൂടിന്റെ ആയിരിക്കും.... '
'സുഖമില്ലെങ്കിൽ തനിക്ക് എന്നെ വിളിക്കാമായിരുന്നില്ലെ... എണീക്ക്... നമുക്ക് ഹോസ്പിറ്റലിൽ പോകാം...'
'ഏയ്... അതിനുമാത്രം ഒന്നുമില്ല... ഇത് കുറച്ചു കഴിയുമ്പോൾ മാറും. ഇപ്പോൾ തന്നെ നേരത്തേക്കാളും കുറവുണ്ട്. ..'
'എന്നാലും ഒന്നു പോയി നോക്കാം.. താൻ യാത്രയാവ്...'
'വേണ്ട കുട്ടേട്ടാ... ഇപ്പോൾ കുറവായി...'
അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാളുടെ മാറിലേക്ക് ചാഞ്ഞു കിടന്നു..
ആശ്വസിപ്പിക്കാനെന്നവണ്ണം അയാളും അവളെ ചേർത്തു പിടിച്ചു..
അല്പം കഴിഞ്ഞ് നീരജ് അമ്മ പറഞ്ഞ കാര്യം രമയോട് പറഞ്ഞു...
അതു കേട്ടതോടെ അവൾ വേഗം അയാളുടെ മാറിൽ നിന്ന് വിട്ടകന്നു... ഉള്ളിൽ എവിടെയോ ഒരു തീനാളം ആളിക്കത്തുംപോലെ...
'താനെന്താടോ അതിന് പേടിക്കുന്നത്..? ഇതൊക്കെ ഇ വിവാഹ ജീവിതത്തിന്റെ ഭാഗങ്ങളാണ്... അമ്മയ്ക്ക് കുറച്ചു തിടുക്കം കൂടുതലാണ്... അത്രേയുള്ളൂ..'
'രണ്ടു മൂന്നു വർഷം കഴിഞ്ഞു പോരേന്നാ എനിക്ക്...'
രമ അയാളുടെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കി പറഞ്ഞു...
'ഞാനും അങ്ങനെയാ കരുതിയിരുന്നത്... എന്നാലും എപ്പോഴാ ഇതൊക്കെ സംഭവിക്കുകയും എന്ന് പറയാനാവില്ലല്ലോ... തനിക്കാണെങ്കിൽ പിരീഡ് തെറ്റിയോ എന്ന് എനിക്ക് സംശയമുണ്ട്...'
അവൾ വേഗം മറുപടി പറഞ്ഞു..
'ഏയ്.. അതല്ല... എനിക്ക് സാധാരണ ഇങ്ങനെ ഓർഡറായി ഇത് സംഭവിക്കാറില്ല... പലപ്പോഴും സമയം തെറ്റാറുണ്ട്... അല്ലാതെ വേറോന്നുമല്ല..'
'അത് ശരിയായിരിക്കാം... പക്ഷേ ഇപ്പോൾ താൻ വിവാഹിതയാണ്.... ഇപ്പോഴത്തെ കാരണം അതാണെങ്കിലോ...?'
'ഏയ്... അതല്ല.. എനിക്കറിയാം....'
'ആ.. ഏതായാലും അടുത്തയാഴ്ച നമുക്ക് ഒരു ഡോക്ടറെ കാണാം.... ഇനി അഥവാ എന്തെങ്കിലും ഉണ്ടെങ്കിലും എന്തെങ്കിലും പ്രോബ്ളംസ് ഉണ്ടെങ്കിലും അറിഞ്ഞു വെക്കുന്നതിൽ തെറ്റില്ലല്ലോ.....'
രമ മറുപടി ഒന്നും പറഞ്ഞില്ല..
അവളുടെ മനസ്സിലെ സംഘർഷങ്ങൾ അവൾക്കു മാത്രമേ അറിയൂ...
* **** * * ;*
ഇതിനിടയിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു ഷോറും മസ്ക്കറ്റിൽ ഓപ്പൺ ചെയ്യുവാൻ നീരജിന്റെ അച്ഛൻ തീരുമാനിച്ചു.
നീരജിനെയാണ് അതിന്റെ എല്ലാ ചുമതലകളും ഏല്പിച്ചിരിക്കുന്നത് .. അടുത്ത മാസമാണ് ഉത്ഘാടനം. ..
പുതിയ ചുമതലകൾ നിർവ്വഹിക്കുന്നതിനായി അടുത്തമാസം നീരജും രമയും മസ്ക്കറ്റിലേക്ക് പുറപ്പെടുകയാണ്...
അവിടെ അവർക്കു രണ്ടു പേർക്കും താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്...
രമയ്ക്ക് പക്ഷേ അങ്ങോട്ടേക്കുള്ള മാറ്റം താല്പര്യമില്ലായിരുന്നു.. കാരണം അവളുടെ ജീവനായ നൃത്തം ഉപേക്ഷിക്കേണ്ടതായി വരുമോ എന്ന ഭയം..!
അതിന് നീരജ് പറഞ്ഞു....
'താൻ ഒന്നുകൊണ്ടും പേടിക്കേണ്ട. അവിടെ തനിക്ക് ബിസിനസ്സിൽ എന്നെ സഹായിക്കാം അതല്ലെങ്കിൽ അവിടെതന്നെ ഏതെങ്കിലും ഇൻഡ്യൻ സ്കൂളിൽ ഡാൻസ് ടീച്ചറായി വർക്ക് ചെയ്യാനുള്ള അവസരം ശരിയാക്കാം.. ഏതാണ് വേണ്ടതെന്ന് താൻ തീരുമാനിക്ക്...'
'കുട്ടേട്ടന് എന്താ ഇഷ്ടം...? അതുപോലെ ചെയ്യാം..'
'എന്റെ താല്പര്യം താൻ എന്റെ കൂടെതന്നെ എപ്പോഴും ഉണ്ടാകണം എന്നാണെങ്കിലും അതു വേണ്ട... താൻ തന്റെ പ്രൊഫഷൻ വേണ്ടെന്നു വെക്കേണ്ട. .. തന്റെ പാഷൻ അതാണല്ലോ... നമുക്ക് അവിടെ പോയി സൗകര്യം പോലെ ഏതാണ് നല്ലതെന്നു നോക്കി തീരുമാനിക്കാം. ... പോരെ...'
'ഉം...'
* ** * * 
ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.
ഇനി ഒരാഴ്ച മാത്രമേ ഉള്ളൂ... മസ്ക്കറ്റിലെ ഷോറും ഓപ്പൺ ചെയ്യുവാൻ...
മസ്ക്കറ്റിലേക്ക് പുറപ്പെടുവാനുള്ള തയ്യാറെടുപ്പിനിടയിൽ ഒരു ദിവസം സേതുലക്ഷ്മി മോനോട് പറഞ്ഞു. ..
'മോനെ... നിങ്ങൾ ഏതായാലും മസ്ക്കറ്റിലേക്ക് പോവുകയല്ലെ... അതിനു മുമ്പായി ആ രേഷ്മയെ ഒന്നു പോയി കാണ്... ആ കുട്ടി നല്ലൊരു ഗൈനക്കോളജിസ്റ്റാണ്... പിന്നെ നമ്മൾ അറിയുന്ന കുട്ടിയല്ലെ... എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാമല്ലോ.. അവിടെ പോയാൽ ഇതൊക്കെ എങ്ങനെ ശ്രദ്ധിക്കാനാണ്..?'
'അമ്മെ.... അവിടേയും ഡോക്ടേഴ്സുണ്ട്... ഹോസ്പിറ്റലുകളും..'
'അതല്ല...മോനെ... ഇപ്പോഴത്തെ കാലത്ത് മിക്കവാറും എല്ലാവർക്കും പ്രശ്നങ്ങളാണ്.. അതാണ് നേരത്തെ ഒന്നു കാണാൻ പറഞ്ഞത് ..'
എന്നാൽ അമ്മയുടെ ഇഷ്ടം പോലെ ആവട്ടെ... നാളെ തന്നെ പോയാക്കാം..'
സേതുലക്ഷ്മിക്ക് ആ വാക്കുകൾ വല്ലാത്തൊരാശ്വാസമായി...
നീരജ് ഇക്കാര്യം രമയെ അറിയിച്ചു...
അതോടെ രമയുടെ മുഖം വല്ലാതായി...
'എന്തു പറ്റിയെടോ തനിക്ക്... എന്തിനാ ഇത്ര വിഷമം....?'
'അതല്ല കുട്ടേട്ടാ...'
'താൻ വിഷമിക്കേണ്ട. .നമ്മൾ ജസ്റ്റ് ഒന്നു ഹോസ്പിറ്റലിൽ പോകുന്നു ഡോക്ടറെ കാണുന്നു തിരിച്ചു വരുന്നു... അത്രേയുള്ളൂ... അമ്മയ്ക്ക് ഒരാശ്വാസമായിക്കൊള്ളട്ടെ..'
'ഉം...'
ആത്മസംഘർഷങ്ങളുടെ വേലിയേറ്റമായിരുന്നു രമയുടെ ഉള്ളിൽ...
ഇതുവരെ താൻ കെട്ടിയുയർത്തിയ പളുങ്കു കൊട്ടാരം തകർന്നടിയുവാൻ ഇനി അധികം താമസമില്ലെന്ന് അവളുടെ അന്തരംഗം മന്ത്രിച്ചു...
താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന തന്റെ കുട്ടേട്ടൻ തനിക്ക് നഷ്ടപ്പെടുമോ എന്നവൾ ഭയപ്പെടുവാൻ തുടങ്ങി..
എന്നെങ്കിലും ഒരിക്കൽ തന്റെ ഈ സ്വപ്നതുല്ല്യമായ ജീവിതം തനിക്ക് നഷ്ടപ്പെടുമെന്ന് അവൾ കരുതിയിരുന്നു. പക്ഷേ അത് ഇത്രവേഗം വരുമെന്ന് കരുതിയില്ല..
എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി രാത്രിയുടെ നിശ്ശബ്ദതയിൽ ആരുമറിയാതെ അവൾ തേങ്ങിക്കരഞ്ഞു...
"കരുണാ ചെയ്വാനെന്തൂ താമസം കൃഷ്ണാ. ..
കഴലിണ കൈ തൊഴുന്നേൻ......."
* * * *
ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നീരജിനു രമയ്ക്കും രേഷ്മയെ കാണുവാനുള്ള അപ്പോയിന്റ്മെന്റ് കിട്ടിയത്...
രേഷ്മ ബിസിയായിരുന്നെങ്കിലും നീരജ് ആണെന്നതിനാൽ സ്പെഷൽ അപ്പോയിന്റ്മെന്റ് കൊടുക്കുകയായിരുന്നു.
രേഷ്മയുടെ കൺസൾട്ടിംഗ് റൂമിനു വെളിയിൽ അവർ കാത്തിരുന്നു.
അല്പം കഴിഞ്ഞ് ഒരു നേഴ്സുവന്ന് അവരെ അകത്തേക്ക് വിളിച്ചു...
വിറയാർന്ന പാദങ്ങളോടെ രമ നീരജിനെ അനുഗമിച്ചു.
ഡോർ തുറന്നു അകത്തേക്ക് വന്നപ്പോൾ തന്നെ രേഷ്മ അവരെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു.
'വരൂ നീരജ്.... ഇരിക്കൂ രണ്ടുപേരും..'
തന്റെ അരികിലുള്ള ടേബിളിന്റെ ഇരു വശങ്ങളിലായി കിടക്കുന്ന കസേരകൾ കാണിച്ച് രേഷ്മ പറഞ്ഞു.
രണ്ടുപേരും ഇരുന്നു...
'എന്താ രണ്ടുപേരും ഈ വഴിക്കൊക്കെ... ഇത്ര വേഗം തന്നെ എന്നെ കാണുവാൻ തീരുമാനിച്ചോ...?'
രമ ഒന്നും പറഞ്ഞില്ല....
നീരജ് പറഞ്ഞു. ... അതല്ല രേഷ്മ... ഞങ്ങൾ ഒരു ചെക്കപ്പിനായി മാത്രം വന്നതാണ്. പ്രത്യേകിച്ച് ഒന്നും ആയിട്ടില്ല ഇതുവരെ... അമ്മയുടെ നിർബന്ധം കൊണ്ട് വന്നതാണ്. '
'അതേതായാലും നന്നായി..
ഒരു കാര്യം ചെയ്യൂ.. നീരജ് അല്പം സമയം പുറത്ത് വെയ്റ്റ് ചെയ്യൂ... ഞാൻ വിളിക്കാം. .
'ശരി.... രേഷ്മ.. ഞാൻ പുറത്തുണ്ടാവും...'
നീരജ് രമയോടു പറഞ്ഞ് പുറത്ത് പോയി...
എന്നാൽ രമയുടെ ഹൃദയത്തിൽ കാറും കോളും നിറയുകയായിരുന്നു...
(തുടരും.. അടുത്ത രണ്ട് അദ്ധ്യായങ്ങളോടെ ഈ കഥ പൂർണ്ണമാവുകയാണ്... എല്ലാവരും അഭിപ്രായം പറയണം.... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo