Slider

കൊടുംകാറ്റു വരുന്ന വഴികൾ

0
കൊടുംകാറ്റു വരുന്ന വഴികൾ
"Pappa how this hurricane happens?"
മൂത്ത മോളുടെ ചോദ്യമാണ് ..
ഞാൻ പതിയെ അടുക്കള ഭാഗത്തോട്ടു തല തിരിച്ചു നോക്കി. നോട്ടം ഏറ്റുമുട്ടിയതും ഞങ്ങൾ രണ്ടുപേരും രണ്ടു ദിശയിലോട്ടു തല വെട്ടിച്ചു. ആ തല വെട്ടീരിൽ അവളുടെ മുഖം ചൂട് കൂടി ഇരുണ്ടു വരുകയും, എന്റെ ഹ്രദയം ഉത്തരം കിട്ടാതെ കാർമേഘ പൂരിതമാകുകയും ചെയ്തു.അടുക്കളയുടെയും ഊണ് മേശയുടെയും ഉപരിതലത്തിൽ കുട്ടികൾക്ക് മനസിലാകാത്ത മൗനം എന്ന ന്യുന മർദ്ദം രൂപപ്പെടുകയും, രോഷം എന്ന
ചൂട് വായു അന്തരീക്ഷത്തെ മദീഭവിച്ചു കൊണ്ടുമിരുന്നു.
ഇടയ്ക്കു ഇടക്ക് മക്കളുടെ കിന്നാരം പറച്ചിലുകൾ സംഭവം തണുപ്പിക്കുമെന്നു തോന്നിയപ്പോഴേക്കും അവളുടെ അരിശം അതുങ്ങളോടും തീർത്തു ആ കുഞ്ഞു മോളിക്യൂൾസിനെയും ഹീലിയം പോലെ ചൂടാക്കി പറപ്പിച്ചു.
മക്കൾ ഉറങ്ങി എന്നുറപ്പായപ്പോൾ ഈ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠിക്കാനായി ഞാൻ പമ്മി പമ്മി ബെഡ് റൂമിലെത്തി.
"എന്താണ് നിനക്കിന്നിത്ര അരിശം?"
ഞാൻ വളരെ സാധുവായി ..
പിന്നെ അവിടെ നടന്നത്;
ആദ്യം വേലിയിറക്കം ( കടുപ്പിച്ച നോട്ടവും തിരിഞ്ഞൊരു കിടത്തവും)
കൂടുതൽ കുഴപ്പങ്ങൾ സംഭവിക്കാത്തിരിക്കാൻ ഞാൻ
തല യിണക്കുള്ളിൽ ഒളിച്ചു.
പിന്നെ ഞാൻ കൂടുതൽ ചികയില്ല എന്നവൾക്കു തോന്നിയതും അവൾ പുതപ്പും എടുത്തു പുറത്തോട്ടു....
എന്നാൽ ഇതിനൊരു തിരുമാനമുണ്ടാക്കണം
എന്ന വാശിയിൽ എന്റെ പ്രതലം തിളക്കാൻ തുടങ്ങി.
"എനിക്കിപ്പം അറിയണം നിനക്കെന്തിന്റെ കുഴപ്പമാണെന്നു"
ഞാൻ ഒരു അലറിച്ചയോടെ ഉപരിതലത്തിൽ നിന്നും പൊങ്ങി നിവർന്നു.
അത് കേൾക്കാൻ കാത്തിരുന്ന പോലെ അവൾ ചകിരിനാര്‌ പോലെയുള്ള കാർകൂന്തൽ വട്ടത്തിൽ ചുഴറ്റി തിരിഞ്ഞു നിന്നു . ബെഡ്‌റൂമിൽ കാറ്റഗറി അഞ്ചായി അവൾ തകർന്നാടി ..തലയിണകൾ, ബെഡ് ഷീറ്റുകൾ പല വഴി പറന്നു. ആ കാറ്റിൽ പറന്നു പോകാതെ പിടിച്ചു നില്ക്കാൻ ഞാൻ എനിക്ക് ഷട്ടർ ഇടാൻ ശ്രമിച്ചപ്പോൾ കല്യാണം മുതൽ ഇതു വരെ ഞാൻ ചെയ്ത കുറ്റക്രത്യങ്ങൾ ഒരു വൻവ്രക്ഷമാക്കി പറിച്ചെറിഞ്ഞു എന്റെ നടുവൊടിച്ചിട്ടു. സ്‌ഥിരമായിട്ടുള്ള വൈകിട്ടത്തെ മിനുങ്ങലും കമ്പനി കൂടലുമൊക്കെ ഒരു മാസത്തോളം നീണ്ട പവർ കട്ടിലവസാനിപ്പിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...
പിറ്റേന്ന് ശക്തി കുറഞ്ഞ കാറ്റായിരുന്നെങ്കിലും മൂടലിനും മുരളലിനും കുറവൊന്നും ഇല്ലായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു. ഓടി രക്ഷപെടാൻ പല തവണ ശ്രമിച്ചുവെങ്കിലും ഇതു എന്നെ ഇടിച്ചു നിന്നില്ലെങ്കിൽ വഴി മാറി അവളുടെ വീട്ടിലേക്കു തിരിയാൻ ഉള്ള സാധ്യത കണ്ടു ഞാൻ എന്റെ ക്ഷമയുടെ ക്ലോസെറ്റിൽ കയറി പതുങ്ങി ഇരുന്നു.
മരച്ച കോഴിയും മീനും അരപ്പിൽ കുളിക്കാതെ കുറെകാലത്തിനു ശേഷം ഫ്രീസറിൽ ചുമ്മാ എന്തിനോ വേണ്ടിയോ വിശ്രമിച്ചു. പുളിച്ച തൈരും
പൂപ്പൽ മാറ്റിയ അച്ചാറും ഊണുമേശയിൽ പിന്നെയും ഞെളിഞ്ഞു നിന്നു.
ഈ കൊടുങ്കാറ്റിന്റീടെയിൽ നെഞ്ചിലും വയറ്റിലും അശാന്തിയുമായി ബെഡ്‌റൂമിൽ കയറിചെന്നപ്പോൾ കാറ്റൊക്കെ ശമിച്ചു മുഴുവൻ വെള്ളപൊക്കം.
"നീ ഈ വഴക്കെടുക്കുന്നതിന്റെ കാരണം ഒന്ന് പറഞ്ഞു തുലക്കാമോ?"
കാറ്റഗറി അജ്ജയാൽ ഓടാനും, ഇടിവെട്ടിയാൽ ഷോക്ക് കിട്ടാതിരിക്കാനും വാതിലിന്റെ ലോക്കിൽ പിടിച്ചാണ് ചോദ്യം.
ഒരു മിന്നൽ പിണരും ഇടി വെട്ടിയുള്ള മഴയും എന്നെ നനച്ചു നാശമാക്കി കളഞ്ഞു. ആ ഒരു നോട്ടവും ഏങ്ങലടിച്ചുള്ള കരച്ചിലും പതിവില്ലാത്തതാണല്ലോ.
"എന്താടീ പറ്റിയത്? നീ കാര്യം പറ. എന്നാലല്ലേ എനിക്ക് മനസിലാകൂ."
ഞാൻ ആ വെള്ളപ്പൊക്കത്തിൽ കാല് നിലത്തുറക്കാതെ ഒന്ന് ഉഴറി.
പിന്നെയും ചന്നം പിന്നം മഴ പെയ്തു. ഇടയ്ക്ക് ഇടക്ക് ഓരോ ഇടിവെട്ടലോടെ ആ രാത്രിയും
വെളുത്തു. വിശപ്പിന്റെയും മനഃസമാധാന കുറവിന്റെയും ക്ഷീണത്തിൽ രാവിലെ നന്നായി ഒന്ന് മയങ്ങി . എണീറ്റപ്പോൾ ശ്രീമതി കുറുകി പിടിച്ച ഒരു ടീ ഷർട്ടും മുക്കാച്ചി പാന്റും ഇട്ടു നിന്ന് കിതക്കുന്നു.
"എന്നാതാടീ, രാവിലെ?"
ഉത്തരം തരാതെ അവൾ നിലത്തോട്ടു ഒരു കിടത്തം. പിന്നെ തല പൊക്കുന്നു ശേഷം കാല് പൊക്കുന്നു, അവസാനം ശ്യാസം കിട്ടാതെ പിടയുന്നു.
ഒചെം ബഹളോം കേട്ട് പിള്ളേരും എഴുന്നേറ്റു വന്നു.
"പപ്പാ അറിഞ്ഞില്ലേ, മമ്മ വണ്ണം കുറയ്ക്കാൻ എക്സ്സൈസ് ചെയ്യാൻ തുടങ്ങിയതാ..."
"എന്തിനു?" എനിക്ക് തല കറങ്ങി. ഒന്ന് നടക്കാൻ വരാൻ പോലും മടി പിടിച്ചിരിക്കുന്ന സാധനമാണ്.
കിതപ്പിന്റിടക്കു രണ്ടു ഗ്ലാസ്സ് വെള്ളം ഒറ്റയടിക്ക് വിഴുങ്ങുന്നതിന്റിടയിൽ അവൾ വിക്കി കൊണ്ട് പറഞ്ഞു,
"നിങ്ങളെല്ലേ കഴിഞ്ഞ ദിവസം ആ സിന്ധുന്റെ വീട്ടിൽ വച്ച് എന്നെ കളിയാക്കിത്"
"എപ്പോ? ഞാനോ, നിന്നെ കളിയാക്കിയെന്നോ?"
അവരുടെ കൊച്ചിന്റെ ബർത്ത്ഡേയ്ക്ക് പോയപ്പോൾ വെള്ളപുറത്തു വല്ല കൈ അബദ്ധവും!
എന്റെ തല പുകഞ്ഞു.
"ഇല്ല, നിങ്ങളെന്റെ കഴിപ്പിനെ ഒന്ന് പുകഴ്ത്തി അത്രയേ ഉള്ളു."
അവളൊരു ചുഴലിക്കാറ്റായി എന്നെ ഒന്ന് കറക്കി എറിഞ്ഞു കാട്ടു തീ പോലെ കുളിക്കാൻ പോയി.
ഇതികര്തവ്യ മൂഢനായി ഞാൻ സംഭവങ്ങൾ റീവൈൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന്റ്യടെ ചായക്കൊപ്പം എന്നും
കിട്ടുന്ന അപ്പത്തിനും പുട്ടിനും പകരം കരിഞ്ഞു മൊരിഞ്ഞ ഗോതമ്പു ബ്രെഡും മൊട്ടടെ വളുവളാന്നുള്ള വെള്ളയും മേശപ്പുറത്തു കേറി.
"ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ, ഫോട്ടോ എടുക്കുമ്പോൾ വട്ടം പിടിച്ചാൽ എത്തില്ല എന്നു തമാശ പറഞ്ഞതിന് എന്നെ നീ ഇങ്ങനെ ക്രൂശിക്കല്ലേടീ..."
ഞാൻ കരം കൂപ്പി..എന്റെ വയറു കൂടത്തിൽ വാവിട്ടു കരഞ്ഞു .
"ഇനി മേലാൽ എന്നെ കളിയാക്കുമോ?"
"ഇല്ല, ദെവത്തിനാലെ ഇല്ല"
"അങ്ങനെ വഴിക്കു വാ."
"പിന്നെ വട്ടം പിടിക്കാൻ കൈ എത്താതിരിക്കാനുള്ള കാരണങ്ങൾക്ക് രണ്ടിനും നിങ്ങടെ അതേ വലിപ്പം തന്നെ
ആണല്ലോ?"
"ആണേ .."
ഞാൻ എന്ന മത്തൻ കുത്തിയിട്ടു വന്ന ഹോർമോൺ അടിച്ചു കേറ്റിയ പോലത്തെ മത്തങ്ങകൾ രണ്ടും എന്നെ നോക്കി വാ പൊത്തി ചിരിച്ചു.
"ആന ആനയെ പോലെ ഇരുന്നാലേ ഒരു ചന്തമുള്ളു, ശരിയല്ലേ?"
"വളെരെ ശരിയാണ്"
"കുതിര വണ്ണം വച്ച് ആന ആയതൊന്നു അല്ലല്ലോ?"
"അല്ല, നീ പണ്ടും ഇങ്ങനെ തന്നെ .."
ഞാൻ വീണ്ടും കൈ കൂപ്പി.
"എന്നാൽ മോൻ വേറെ കുതിരകളെ കണ്ടു എന്റടുത്തു മെടയണ്ട .."
"ഇല്ലേയില്ല .."
"എന്നാൽ കൈ കഴുകി വാ"
അവൾ ഒളിപ്പിച്ചു വച്ച വെള്ളയപ്പവും സ്‌റ്റൂവും എന്നെ നോക്കി കളിയാക്കി ചിരിച്ചു.
അങ്ങനെ ആ കൊടുങ്കാറ്റു ജീവിതത്തിലെ ഒരു വലിയ പാഠം പഠിപ്പിച്ചു. കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം വീട്ടിലെയോ അപ്രത്തെ വീട്ടിലെയോ പെണ്ണുങ്ങളുടെ വയറിനെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത്.
Pappa answer me, how hurricane comes?
ഓഹ് ആ ചോദ്യം ഇപ്പഴും അവശേഷിയ്ക്കുന്നുണ്ടല്ലോ ..
"അതിനു പ്രത്യെകിച്ചു കാരണം വേണ്ട മോളെ.
കഷ്ടകാലാമാണാങിൽ ചുമ്മാ ഇരിന്നാലും ഓരോന്നും പറഞ്ഞു വരും. ഒരേ രീതിയിൽ വീശിയില്ലെങ്കിൽ തമ്മിലടിച്ചു പിരിയും. പിന്നെ ചൂടും കൂടി ശക്തീ കൂടി കറങ്ങി അടിച്ചു ജീവിതം നശിപ്പിക്കും."
"What Pappa, what you are talking about?"
കൊച്ചു ഇനീം ചോദിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കി എന്നെ വെറുതെ വിട്ടു.
ഞാൻ ഇനി ഭാവിയിൽ വീശാൻ സാധ്യതയുള്ള കൊടുങ്കാറ്റുകൾ വഴിമാറി വീശാൻ ഒടെതമ്പുരാനോട്‌ മനസ്സിൽ പ്രാർഥിച്ചു.....

Jisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo