ഓര്‍മ്മകള്‍
ധാരാളം ആളുകളുള്ള ഒരു തറവാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു മാധവന്‍. മുത്തച്ഛന്‍, മുത്തശ്ശി, അവരുടെ മക്കള്‍ - മാധവന്റെ അച്ഛനും അവരിലൊരാളാണ് – അവരുടെ മക്കള്‍, വിവാഹം കഴിച്ചു വന്നവര്‍ അങ്ങിനെ ഏകദേശം നാല്പതോളം പേരുണ്ടാകും സ്ഥിരമായി. പോരാതെ കാര്യസ്ഥന്മാര്‍, പുറംപണിക്കാര്‍ തുടങ്ങിയവര്‍ വേറെ. നിത്യേന വിരുന്നുകാരും ഉണ്ടാകും. ആകപ്പാടെ ഒരു കൊലാഹലമാണ്.
രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ ആണുങ്ങളെല്ലാം കൂടി ഉമ്മറത്തിരുന്നു വെടിവട്ടം തുടങ്ങുകയായി, സൂര്യന് കീഴെയുള്ള എന്ത് കാര്യവും ചര്‍ച്ചക്ക് വരും. സ്ത്രീകളാണെങ്കില്‍ അടുക്കളയിലും മിക്ക സമയവും – ഇത്രയും പേര്‍ക്ക് ഭക്ഷണം പാകമാക്കണ്ടേ?
കുട്ടികളുടെ കാര്യത്തില്‍ ആര്ക്കും ഒരു ശ്രദ്ധയോ വേവലാതിയോ ഇല്ല. രാവിലെ ഉണരുന്ന സമയത്ത് മാത്രമേ അവര്‍ അമ്മമാരെ കാണുകയുള്ളൂ. കുളിപ്പിക്കലും വേഷം കെട്ടിക്കലുമെല്ലാം ജോലിക്കാരുടെ പണിയാണ്. ഭക്ഷണം കഴിക്കുന്നത് കുട്ടികള്‍ ഒരുമിച്ചാണ്. അതിലും ആര്‍ക്കും ശ്രദ്ധയൊന്നുമില്ല. സ്കൂളിലേക്ക് പോകുന്നതും – അന്നൊക്കെ ഒരു സ്കൂള്‍ മാത്രമേയുള്ളൂ – ജോലിക്കാരുടെ അകമ്പടിയോടെ കൂട്ടത്തോടെയാണ്. തിരിച്ചു വരുന്നതും അങ്ങിനെ തന്നെ.
എല്ലാ കുട്ടികളും സ്കൂളില്‍ പോയികഴിഞ്ഞാല്‍ മാധവന്‍ ഒറ്റക്കായി. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ അഞ്ചു വയസ്സ്കാകഴിയും. അതു കഴിഞ്ഞാല്‍ പോകാമെന്നാണ് അറിഞ്ഞത്. അത്രയും ദിവസം കൂടി വെറുതേ ഇരിക്കണം, കളിക്കാന്‍ ആരും കൂട്ടില്ലാതെ ഒറ്റക്ക്.
അടുക്കളയില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അമ്മയുടെ അടുത്ത് പോകാന്‍ പറ്റില്ല. അച്ഛന്റെ അടുത്തും അങ്ങിനെ തന്നെ. മുതിര്ന്നവര്‍ സംസാരിക്കുന്നിടത്ത് കുട്ടികളെ കണ്ടാല്‍ ഓടിച്ചുവിടും കാര്‍ന്നോമ്മാര്.
മാധവന് അതൊക്കെ കാരണം പകല്‍ മുഴുവന്‍ ബോറടിയാണ്. കുറേ നേരം തോടിയിലിറങ്ങി നടക്കാം ധാരാളം പണിക്കാരുണ്ടവിടെ എന്നാല്‍ ഒറ്റക്ക് നടക്കാന്‍ പേടിയാണ് സര്‍പ്പക്കാവും കുളങ്ങളും ഒക്കെയുണ്ട്. മാത്രമല്ല ആരെങ്കിലും കണ്ടാല്‍ ചീത്ത പറയും – ചിലപ്പോള്‍ ചെറിയ അടിയും കിട്ടും.
പിന്നെ അകത്തു ജോലിക്കാരികള്‍ ഒരുമിച്ചുരുന്നു ഉച്ചയൂണിനുള്ള പച്ചക്കറികളും മറ്റും തയ്യാറാക്കുന്ന പുറത്തെ തളമാണ്. അവിടെയാകുമ്പോള്‍ ഒരു പ്രശ്നവുമില്ല. അഞ്ചാറു പേരുണ്ടാകും എല്ലാവരും ഒരുമിച്ചുരുന്നാണ് കഷണം നുറുക്ക്ന്നത്. ധാരാളം ആളുകളുള്ളത് കൊണ്ട് കുറച്ചൊന്നും പോരല്ലോ? എന്തെങ്കിലും നാട്ടുവര്‍ത്ത മാനം പറഞ്ഞുകൊണ്ടാകും ജോലി ചെയ്യുന്നത്. ചിലപ്പോള്‍ വീട്ടില്‍നിന്നും വരുമ്പോള്‍ കൊണ്ടുവന്ന മിട്ടായിയും എള്ളുണ്ടയും മറ്റും ആരും കാണാതെ ചിലര്‍ മാധവന് കൊടുക്കും. അതുകൊണ്ടെല്ലാം അവരുടെയിടയില്‍ പോയിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. അവന്‍ ഒന്നും മിണ്ടാതെ എല്ലാവരുടെയും വര്ത്ത മാനവും പ്രവൃത്തികളും ശ്രദ്ധിച്ചുകൊണ്ടിരിക്കും.
ഇങ്ങിനെ ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. മാധവനെ സ്കൂളില്‍ ചേര്‍ക്കാനുള്ള സമയമായി. മൂത്ത കുട്ടികളെ ട്യുഷന്‍ പഠിപ്പിക്കുന്ന പ്രായമായ അമ്മുടീച്ചറെ അവനെയും കുറച്ചു നേരം പഠിപ്പിക്കാന്‍ ഏര്പ്പാടാക്കി.. അവരെല്ലാം സ്കൂളില്‍ പോയികഴിഞ്ഞാല്‍ ആണ് സമയം.
ആദ്യത്തെ ദിവസം. അമ്മുടീച്ചര്‍ മാധവനെ പഠിപ്പിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ നല്ല ശ്രദ്ധയോടെ എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്‍ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമൊന്നും ടീച്ചര്‍ അത് കണ്ടില്ല. എന്തോ ചോദ്യത്തിന് മറുപടി കിട്ടാതെ വന്നപ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ അപ്പോഴും ആലോചനയിലാണ്. ടീച്ചര്‍ വിളിച്ചിട്ടും കേള്ക്കുയന്നില്ല. കുലുക്കി വിളിച്ച് അവര്‍ കാര്യം അന്വേഷിച്ചു.
മാധവന്‍റെ മറുപടി ഇങ്ങിനെ: “ഇപ്പോള്‍ പണിക്കാരികള്‍ ഊണിനുള്ള കഷണം നുറുക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ആരെങ്കിലും അവയില്നിുന്നും കട്ടുകൊണ്ടുപോകുമോ എന്നാലോചിച്ചിരുന്നതാണ്. ആ ജാനകിയില്ലേ അവര്‍ ഭയങ്കര കള്ളിയാണ്. ഞാന്‍ അവരെ ശ്രദ്ധിക്കാറുണ്ട്. ഇനി അത് പറ്റില്ലല്ലോ?”
ശിവദാസ് കെ വീ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക