അച്ഛനും മക്കളും
രോഗശയ്യയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. മരണം അടുത്തു. മക്കളും മരുമക്കളും ചുറ്റും കൂടി നില്ക്കുന്നുണ്ട്. അദ്ദേഹം അധികവും മയക്കത്തിലാണ്. എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. ഓര്‍മ പോയിട്ടില്ല. ഇടയ്ക്കു എന്തൊക്കെയോ പുലമ്പും. പക്ഷെ സംസാരിക്കുന്നതിനു അല്പം പ്രയാസമുണ്ട്. പഴയ കാര്യങ്ങളാണ് അധികവും പറയുന്നത്.
ഇടയ്ക്കു മയക്കത്തില്‍നിന്ന്‍ ഉണര്‍ന്നപ്പോള്‍ മക്കളെ എല്ലാവരെയും അടുത്ത് വിളിച്ചിട്ട് പറഞ്ഞു: “മക്കളെ, അച്ഛന്‍ വിഷമത്തിലായിരുന്നപ്പോള്‍ കുറച്ചു പേരുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിച്ചിട്ടുണ്ട്. അതെല്ലാം എഴുതി വെച്ചിട്ടുണ്ട് പുസ്തകത്തില്‍. എന്റെ പൊന്നു മക്കള്‍ അതെല്ലാം വീട്ടണം കേട്ടോ.”
മൂത്ത മകന്‍ പറഞ്ഞു “ഈ അച്ഛന് ഒരു ഓര്‍മയും ഇല്ല. എന്തൊക്കെയോ പുലമ്പുകയാണ്.”
കുറച്ചു കഴിഞ്ഞു വൃദ്ധന്‍ വീണ്ടും മയക്കത്തില്‍ നിന്നുണര്‍ന്നു . മക്കളോട് പറഞ്ഞു “എന്റെ കയ്യില്‍ നിന്ന് കുറച്ചു പേര്‍ കടം വാങ്ങിച്ചിട്ടുണ്ട്. അതെല്ലാം പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. മക്കള്‍ മറക്കാതെ അതെല്ലാം ചോദിച്ചു വാങ്ങണം”
അത് കേട്ടു മകള്‍ പറഞ്ഞു “അച്ഛന് മുഴുവന്‍ ബോധം പോയിട്ടില്ല. ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് കേട്ടോ”
ശിവദാസ് കെ വീ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക