സേവനം
മാളവികാമേനോന്‍ - പൂക്കോട്ടു തറവാട്ടിലെ ഗോപാലമേനോന്റെയും ദാക്ഷായണിഅമ്മയുടെയും ഏകമകള്‍. ലോകം മുഴുവന്‍ അറിയുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക. വിദ്യാഭ്യാസം കഴിഞ്ഞു വിവാഹം കഴിച്ച് ഒരു നല്ല കുടുംബിനിയായി ജീവിക്കുന്നത് കാണണമെന്നായിരുന്നു അച്ഛനമ്മമാരുടെ മോഹം. പക്ഷെ മാളവികക്ക് ഒരു സാമൂഹ്യപ്രവര്‍ത്തക ആകാനായിരുന്നു താല്‍പ്പര്യം. അതറിഞ്ഞപ്പോള്‍ മേനോനും ഭാര്യയും എതിരൊന്നും പറഞ്ഞില്ല. മോള് നല്ല നിലയില്‍ വരണം എന്നെ അവര്‍ ആഗ്രഹിച്ചുള്ളൂ.
ഡിഗ്രി എടുത്തശേഷം മാളവിക സ്വയം കണ്ടുപിടിച്ച ഒരു കോഴ്സ് ചെയ്യുവാന്‍ ബോംബയ്ക്ക് വണ്ടി കയറി. മേനോനും ദാക്ഷായണിഅമ്മയും സന്തോഷത്തോടെ അവളെ യാത്രയാക്കി. എല്ലാ വര്‍ഷവും വന്നുകൊള്ളാം എന്ന് ഉറപ്പു കൊടുത്താണ് അവള്‍ പോയത്. വിവാഹത്തെപ്പറ്റി സൂചിപ്പിക്കുമ്പോഴെല്ലാം അവള്‍ ഒഴിഞ്ഞുമാറുന്നത് കണ്ട് പിന്നീടവര്‍ നിര്ബ്ന്ധിക്കാതായി.
ബോംബയിലെ പഠനം നല്ല നിലയില്‍ പൂര്‍ത്തിയാക്കി മാളവിക സാമൂഹ്യപ്രവര്‍ത്തനത്തില്‍ മുഴുകി. ജീവിതം തന്നെ അതിനു ഉഴിഞ്ഞുവച്ചുവെന്നു പറയാം. പല നാടുകളിലും അവള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവിടത്തെ ദുഖങ്ങളും ദുരിതങ്ങളും കണ്ടു മനസ്സിലാക്കി പല തരത്തില്‍ അവരെയൊക്കെ സഹായിച്ചു. അങ്ങിനെ നല്ലൊരു പേരും ലഭിച്ചു. പല പല അവാര്‍ഡുകളും കിട്ടി. ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണില്‍ വിളിക്കാറുണ്ടെങ്കിലും തിരക്ക് പിടിച്ച പ്രവര്‍ത്തനത്തിനിടയില്‍ അതെപ്പോഴോ മുറിഞ്ഞുപോയി. അതിനിടയില്‍ അമ്മക്ക് അസുഖമായതും മരിച്ചുപൊയതൊന്നും അവരറിഞ്ഞില്ല.
അനാഥരും നിരാലംബരുമായ ധാരാളം പേരെ സഹായിക്കാന്‍ അവര്‍ ധാരാളം വീടുകളും സദനങ്ങളും ലോകത്തിന്റെ പല ഭാഗത്തും തുടങ്ങി. ധാരാളം പേര്‍ക്ക് അതെല്ലാം വളരെ സഹായമായി. എല്ലാവരും മാളുവിനെ ജീവിച്ചിരിക്കുന്ന മാലാഖയായി കരുതാന്‍ തുടങ്ങി. അവരെ ഒരു നോക്ക് കാണാനായി ധാരാളം ആളുകള്‍, ലോകനേതാക്കന്മാര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയായി.
അതിനിടയില്‍ നാട്ടിലുള്ള ചില ആളുകള്‍ കൂടി പട്ടണത്തില്‍ ഒരു അനാഥാലയം തുടങ്ങാന്‍ വേണ്ടി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരു സ്ഥലമൊക്കെ കണ്ടുവച്ചു ഉല്‍ഘാടനത്തിനായി മാളവികയെ ക്ഷണിച്ചു. സമയമില്ലെങ്കിലും സ്വന്തം നാടായതുകൊണ്ട് അല്പസമയം ചിലവഴിക്കാന്‍ അവര്‍ വരാമെന്നേറ്റു.
പറഞ്ഞപോലെ കൃത്യസമയം തന്നെ അവര്‍ വന്നെത്തി. വരുമ്പോള്‍ തന്നെ സമയക്കുറവിനെപ്പറ്റി അവര്‍ പറഞ്ഞു മനസ്സിലാകി. ഉല്‍ഘാടനം കഴിഞ്ഞുഅന്തേവാസികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു, വെറുമൊരു ചടങ്ങ് പോലെ
ആദ്യത്തെ ആളുടെ പേര് കണ്ടപ്പോള്‍ മാളവിക ഒന്ന് ഞെട്ടി. തല കറങ്ങുന്ന പോലെ. കുറെ നേരം മിണ്ടാതെ മൂകമായി ഇരുന്നു, ഒന്നും ചെയ്യാന്‍ വയ്യാതെ. സമയം പോകുന്നത് കൂടെയുള്ളവര്‍ സൂചിപ്പിച്ചെങ്കിലും അവര്ക്ക് അനങ്ങാന്‍ കഴിഞ്ഞില്ല
ആദ്യത്തെ ആളുടെ പേര്: "ശ്രീ ഗോപാലമേനോന്‍, പൂക്കോട്ടുവീട്"
ശിവദാസ് കെ വി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക