
രാജീവ് വളരെ തിരക്കുള്ള ഉദ്യോഗസ്ഥനാണ്.. ഒരു വിദേശകമ്പനിയില്‍ ഉയര്‍ന്ന പദവിയിലാണ്. പലപ്പോഴും യാത്രയിലായിരിക്കും ഭാര്യ ദീപ സര്ക്കാര്‍ ഉദ്യോഗസ്ഥ. വീട്ടിനടുത്തു തന്നെയാണെങ്കിലും ജോലിഭാരം ഉള്ളത് കാരണം വൈകിയേ വീടിലെത്താന്‍ പറ്റുകയുള്ളൂ. സ്വന്തം അച്ഛനമ്മമാരുടെ കൂടെയാണ് ദീപയുടെ താമസം
ഒരു മകനുണ്ട് അവര്‍ക്ക് . പേര് ഗോവിന്ദ്. മൂന്നു വയസ്സായി. അവന്‍ ജനിച്ചു മൂന്നു മാസമേ ദീപക്ക് അവനെ പരിപാലിക്കാന്‍ അവസരം കിട്ടിയുള്ളൂ. അപ്പോഴേക്കും ഓഫീസില്‍ നിന്ന് വിളി വന്നു. രാജീവ് ആണെങ്കില്‍ ദീപയുടെ പ്രസവസമയത്ത് ഒരാഴ്ച വന്നു നിന്നിരുന്നു. അത്രയും ദിവസമെങ്കിലും കിട്ടിയത് ഭാഗ്യം.
കുട്ടിക്കാലം മുതലെ ഗോവിന്ദിന്‍റെ എല്ലാ കാര്യങ്ങളും ദീപയുടെ അച്ഛനമ്മമാര്‍ ആണ് നോക്കിയിരുന്നത്. രാവിലെ എട്ടു മണിക്ക് തന്നെ അവള്‍ ഓഫീസില്‍ പോകും. വൈകീട്ട് വരുന്നതും ഏഴു മണിക്ക് ശേഷം. അപ്പോഴേക്കും അവന്‍ കിടക്കാനുള്ള ഒരുക്കതിലായിരിക്കും. രാവിലെ പോകുമ്പോഴോ അവനുണര്‍ന്നു വരുന്നതേ ഉണ്ടാകുകയുള്ളൂ. അത്കൊണ്ട് അവര്‍ തമ്മില്‍ കാണുന്നത് മുടക്കദിവസങ്ങളില്‍ മാത്രം.
ദീപയുടെ അനുജന്‍ ദിനേശാനാണ് ഗോവിന്ദിന്‍റെകൂട്ട്. കോളേജില്‍ പഠിക്കുകയാണ് . രാവിലെയും വൈകീട്ടുമെല്ലാം അവന്‍റെ പിന്നാലെ നടക്കും ഗോവിന്ദ്. അവന്‍ വിളിക്കുന്ന പോലെ അവന്‍റെ അച്ഛനെ ഗോവിന്ദും അച്ഛനെന്നാണ് വിളിച്ചിരുന്നത്. അമ്മയെ അമ്മയെന്നും. ദീപ മമ്മിയാണ് – അങ്ങിനെ വിളിക്കാനാണ് ദീപക്കും ഇഷ്ടം.
അങ്ങിനെയിരിക്കെ അവിചാരിതമായി രാജീവിന് രണ്ടാഴ്ചത്തെ ഒഴിവു കിട്ടി. വീട്ടുകാരോടൊപ്പം കഴിയാന്‍ അവന്‍ തീരുമാനിച്ച് വീട്ടില്‍ വിവരം അറിയിച്ചു. ഗോവിന്ദിനോട് പ്രത്യേകം പറയണമെന്നും പറഞ്ഞു. കുറേക്കാലം കൂടി കിട്ടുന്ന അവസരമല്ലേ അവനെ ലാളിക്കാന്‍!
ദിനേശ് ഗോവിന്ദിനോദ് പറഞ്ഞു. “എടാ നിന്റെ അച്ഛന്‍ നാളെ വരുന്നുണ്ട്. കുറച്ചു കാലം നിനക്കടിച്ചുപോളിക്കാം.”
ഉടനെ ഗോവിന്ദിന്റെ നിഷ്കളങ്കമായ ചോദ്യം “ഏതച്ഛന്‍”?
ശിവദാസ് കെ വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക