Slider

ബലിച്ചോറ്

0
Image may contain: 1 person

ബലിച്ചോറുണ്ണാൻ വരുന്ന കാക്കയെ നോക്കി കൈയ്യടിച്ചു കൊണ്ടേ ഇരുന്നു മഹേഷ് .10 വയസ്സുകാരന്റെ കണ്ണിൽ നിന്നും ധാരയായായി ഒഴുകുന്ന കണ്ണുനീരിനു അച്ഛന്റെ ഓർമകളുടെ മധുരം ഉണ്ടായിരുന്നു .
ഇതു ആറാമത്തെ വർഷം, ഇതു പോലൊരു കർക്കിടക വാവിന്റെ അന്നാണ് അച്ഛൻ ഈ ലോകത്തു നിന്നും യാത്ര ആയത് . അന്ന് മരണമെന്ന വാക്കിന്റെ അർഥം പൂർണമായും ഉൾക്കൊണ്ടില്ലെങ്കിലും ഇന്നു അവനു അറിയാം, കാരണം അച്ഛനെന്ന സ്നേഹത്തിന്റെ , കരുതലിന്റെ അഭാവം അവനിൽ വരുത്തിയ മാറ്റങ്ങൾ ഓരോ ദിവസവും തൊട്ടറിഞ്ഞു ഈ 6 വർഷങ്ങൾക്കിടയിൽ……..
.മുത്തശ്ശി പറയാറുള്ള പോലെ ഒരു ബലികാക്കയായി അച്ഛൻ വരുമെന്നും ,താൻ കൊടുക്കുന്ന ബലിച്ചോർ ഉണ്ണുമെന്നും അവൻ അത്രയ്ക്ക് വിശ്വസിക്കുന്നു . പണ്ട് ചോറുണ്ണുമ്പോൾ അച്ഛൻ മടിയിലിരുത്തി ആ നാല് വയസ്സുകാരന് ചോറ് ചെറിയ ഉരുളകളായി തന്റെ പാത്രത്തിൽ ഉരുട്ടി വെക്കുമായിരുന്നു അമ്മ വാരി കൊടുക്കുന്നതിനേക്കാൾ അച്ഛന്റെ പാത്രത്തിൽ നിന്നും എടുത്തു കഴിക്കുന്ന ആ ഉരുളകൾ തന്നെ ആയിരുന്നു അവനും ഇഷ്ടം…
കുറെ നേരമായി കൈ കൊട്ടുന്നു....... ഒരു ബാലികാക്ക പോലും വരുന്നില്ല . കണ്ണടച്ച് നിന്നു അച്ഛനെ വിചാരിച്ചു നിറ കണ്ണുകളോടെ അവൻ കൈ കൊട്ടി കൊണ്ടേ ഇരുന്നു . അമ്മയുടെ നേർത്ത കൈത്തലം അവന്റെ ചുമലിൽ സ്പർശിച്ചപ്പോളാണ് കണ്ണു തുറന്നു നോക്കിയത് .
ഒരു കാക്ക മാത്രം ആ ഇലയുടെ അടുത്തേക്ക് വരുന്നു . മുത്തശ്ശി പറഞ്ഞ പോലെ അതവന്റെ അച്ഛൻ ആവുമോ? മഹേഷിന്റെ മനസ്സിൽ എന്തോ അങ്ങിനെ ഒരു ചോദ്യം ഉയർന്നു. ഇലയുടെ അടുത്തെത്തി ചാഞ്ഞും ചെരിഞ്ഞും നോക്കി ആദ്യം കൊത്തിയ വറ്റു ഇലയുടെ ഒരു അറ്റത്തേക്ക് വച്ചു ,പിന്നെയും 3,4 വറ്റു കൊത്തി ഇലയുടെ അറ്റത്തേക്ക് വച്ചു മഹേഷിനെ നോക്കിയ ശേഷം ഉരുട്ടി വച്ച ചോറുരുള മുഴുവൻ കൊത്തി തിന്നു ആ ബലികാക്ക പറന്നു പോയി .
മഹേഷ് ഇലയുടെ അടുത്തേക്ക് പോയി ആ വറ്റുകൾ എടുത്തു കഴിക്കാൻ നോക്കിയെങ്കിലും മുതിർന്നവർ തടഞ്ഞു പക്ഷെ അതവൻ കഴിച്ചു…ആ വറ്റുകൾക്കു പണ്ട് അച്ഛൻ അവനായി ഉരുട്ടി വയ്ക്കുന്ന ഉരുളകളുടെ സ്വാദു ഉണ്ടായിരുന്നു .
എല്ലാം മനസ്സിന്റെ വെറും തോന്നലുകളാവാം ,യുക്തിക്കു നിരക്കാത്തതാവാം എങ്കിലും ചില സമയത്തു ചിലരുടെ ആത്മാക്കളാവാം നമ്മുടെ കൂടെ ഒരു താങ്ങായി, തണലായി ഉണ്ടാവുന്നത്.
By
സുബീഷ് ഗോപി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo