അന്ത്യാഭിലാഷം
തങ്ങള്‍ വൃദ്ധസദനത്തിലാക്കിയ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്നറിഞ്ഞു വളരെ ഉയര്‍ന്ന ജോലിയിലിരിക്കുന്ന മകനും മകളും അവരെ കാണാന്‍ എത്തി. ജോലിത്തിരക്ക് കാരണം വളരെ ചുരുക്കമായേ അവര്‍ക്ക് കാണാന്‍ വരാന്‍ സാധിക്കാറുള്ളൂ. പക്ഷെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കാറുണ്ട്. പെട്ടെന്നുള്ള ഈ വരവ് സാധിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടി. വരേണ്ട അത്ര ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് വൃദ്ധസദനത്തിള്‍നീന്നും ലഭിച്ച മറുപടി “ഇപ്പോള്‍ വന്നിലെങ്കില്‍ ഇനിയൊരിക്കലും അമ്മയെ കാണാന്‍ പറ്റി എന്ന് വരില്ല” എന്നായിരുന്നു. അതുകൊണ്ടാണ് രണ്ടാളും ഒരാഴ്ച അവധി ഒപ്പിച്ചു വന്നത്, അല്പം ആശ്വാസവുമുണ്ട് – ‘ഇനി വരേണ്ടിവരില്ലല്ലോ’
രണ്ടാളും അമ്മയുടെ ഇരുവശവും ചേര്‍ന്നിരുന്നു. അവര്‍ക്ക് നേരിയ ബോധമുണ്ട്. കഷ്ടിച്ച് സംസാരിക്കാനും സാധിക്കും. രണ്ടാളെയും അവര്‍ക്ക് മനസ്സിലായി. കൈകള്‍ കൊണ്ട് രണ്ടാളേയും പിടിച്ചിരുന്നു കുറെ നേരം. മക്കള്‍ രണ്ടു പേരും അവരുടെ കവിളിലും നെറ്റിയിലും തലോടി. മകന്‍ ചോദിച്ചു ‘വേദനയുണ്ടോ അമ്മേ? അവര്‍ അതുകേട്ടു മറുപടി ഒന്നും പറഞ്ഞില്ല. അടുത്തു നിള്‍ക്കുന്ന സ്ത്രീയോട് മകള്‍ അമ്മ കേള്‍ക്കാതെ ചോദിച്ചു “ഡോക്ടര്‍ എന്താണ് പറഞ്ഞത്?"
ആ സ്ത്രീ വ്യസനത്തോടെ പറഞ്ഞു “ഇനി രണ്ടോ മൂന്നോ ദിവസം മാത്രമേ ജീവനുണ്ടാകൂ അത്രേ. ഓരോ ദിവസവും ചെല്ലുന്തോറും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളെ രണ്ടുപേരെയും കാണണമെന്ന് പറഞ്ഞതുകൊണ്ടാണ് വിളിപ്പിച്ചത്.” ഇക്കാര്യം അമ്മക്കറിയാമോ? മകള്‍ ചോദിച്ചു. ‘ഉവ്വ്. അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അവര്‍ അതിനു തെയ്യാറെടുത്തു കഴിഞ്ഞു. അതുകൊണ്ടാണവര്‍ നിങ്ങളെ കാണണമെന്ന് പറഞ്ഞത്.'
മകള്‍ അമ്മയോട ചോദിച്ചു “അമ്മേ അമ്മക്ക് എന്താഗ്രഹമാണ് ഉള്ളത്? എന്തായാലും ഞങ്ങള്‍ സാധിച്ചു തരാം, ഞങ്ങള്‍ക്കതിനുള്ള കഴിവുണ്ട്.”
‘ഓ ഇനി എനിക്കെന്താഗ്രഹം’ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. 'എങ്കിലും എന്തെങ്കിലും?' മകള്‍ വീണ്ടും ചോദിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞു. ‘മോളെ ഞാനീ താമസിക്കുന്ന വീട് വളരെ പഴക്കം ചെന്നതാണ്. ഇവിടെയുള്ളവര്‍ക്ക് കിടക്കാന്‍ നല്ല കട്ടിലുകളില്ല, കിടക്കയില്ല, കിടക്കുന്ന സ്ഥലത്ത് നല്ല ഫാനുകള്‍ പോലുമില്ല. അവര്‍ക്ക് കാണാന്‍ TV യില്ല, ഭക്ഷണം സൂക്ഷിക്കാന്‍ നല്ല ഫ്രിഡ്ജും ഇല്ല. അതൊന്നും ഇനി ഇവിടെയുള്ളവര്‍ക്ക് മേടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മക്കള്‍ രണ്ടുപേരും കൂടി അവയൊക്കെ ഒന്ന് മേടിച്ചുകൊടുത്താല്‍ നന്നായിരുന്നു.’
“ഇനിയിപ്പോ എന്തിനാ അമ്മേ അവര്‍ക്കിതൊക്കെ മേടിച്ചുകൊടുക്കുന്നത്?" അല്പം നീരസത്തോടെ മകള്‍ ചോദിച്ചു
“ഇല്ല എനിക്കിതുകൊണ്ടോന്നും ഒരാവശ്യവുമില്ല കുട്ടീ. പക്ഷെ എന്റെ കാലം കഴിഞ്ഞാലും ഇവിടെയുള്ളവര്‍ കഷ്ടപ്പെടരുതല്ലോ? മാത്രമല്ല കുറച്ചുകാലം കഴിഞ്ഞാല്‍ നിങ്ങള്ക്കും ഇതുപോലെ സ്ഥലത്ത്, ചിലപ്പോള്‍ ഇവിടെത്തന്നെ, കഴിയെണ്ടിവരില്ലേ? അപ്പോള്‍ കഷ്ടപ്പെടെണ്ടല്ലോ?”
ശിവദാസ് കേ വി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക